(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“അനൂപേട്ടാ … നമ്മടെ കല്യാണത്തിന് സദ്യ കഴിക്കുമ്പോൾ നമുക്ക് രണ്ടാൾക്കും ഒരു ഇലയിൽ നിന്ന് കഴിക്കാം കേട്ടോ.. എന്നിട്ട് അതിന്റെ ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് വയ്ക്കണം ഒരു വെറൈറ്റി ക്ക് ”
അശ്വതിയുടെ ആ ആഗ്രഹം കേട്ട് അനൂപ് പൊട്ടിച്ചിരിച്ചു പോയി.” എന്റെ ദൈവമേ.. ഇതൊക്കെ എന്ത് തരം വട്ട് ആണോ എന്തോ.. ”
“വട്ടോ.. ദേ മനുഷ്യാ ചുമ്മാ കളിയാക്കിയാൽ ഉണ്ടല്ലോ
“കലി കയറി അവൾ അവനെ തലങ്ങും വിലങ്ങും തല്ലി.” ചേട്ടാ.. ചേട്ടോ… കൂയ് ”
ആ ഒച്ച കേൾക്കവേ ആണ് അനൂപ് ഓർമകളിൽ നിന്നും ഞെട്ടിയുണർന്നത്.”ചേട്ടാ… ഇതെന്ത് ഓർത്തിരിക്കുവാ ചോറിൽ നിന്ന് ആ കൈ ഒന്ന് മാറ്റാവോ പരിപ്പ് കറി വിളമ്പട്ടെ ”
കാറ്ററിംഗ് പയ്യന്റെ കമന്റ് കേട്ട് അല്പം ജാള്യതയോടെ കൈ മാറ്റി അനൂപ്.” ചേട്ടൻ വേറെ ലോകത്താണ് അല്ലെ.. ”
ഒരു പരിഹാസ ചിരിയുമായി അവൻ മുന്നിലേക്ക് വിളമ്പി പോകുമ്പോൾ മറുപടിയൊന്നും പറയാതെ മൗനമായിരുന്നു അനൂപ്. അവന്റെ ഉള്ളിലെ നീറ്റൽ അത് മനസ്സിലാക്കുവാൻ മറ്റാർക്കും കഴിയുമായിരുന്നില്ല..
“ബ്രോ.. ബ്രോ.. ഒരു പപ്പടം കൂടി തരോ പ്ലീസ്.. പിന്നെ ദേ ഈ മാങ്ങ അച്ചാറും ഇച്ചിരി കൂടി വേണം”
സദ്യയ്ക്ക് തൊട്ടരികിൽ ഇരുന്ന പെൺകുട്ടിയെ അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്. അവളുടെ ആ പെരുമാറ്റം അനൂപിനെ ഏറെ അതിശയിപ്പിച്ചു
” എന്റെ പൊന്ന് ചേച്ചി.. ഇതൊക്കെ ഒരു വട്ടമേ വിളമ്പാൻ പറ്റു.. ഒരു ഓർഡർ അനുസരിച്ച് ഞങ്ങൾ വിളമ്പാൻ കേറി നിൽക്കുവാ.. ഇനീപ്പോ വീണ്ടും ഇടക്ക് കേറിയാൽ സീൻ ആകും.. ചേച്ചി ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ”
കേറ്ററിംഗ് പയ്യന്റെ മറുപടി അവളെ ചൊടിപ്പിച്ചു.” അതെന്താ വീണ്ടും വിളമ്പിയാല്.. ദേ ഞാൻ വലിഞ്ഞു കേറി വന്നതല്ല ഗസ്റ്റ് ആണ് കേട്ടോ.. പ്രത്യേകം ക്ഷണിച്ചിട്ടാ ഈ മേരേജിന് വന്നേക്കുന്നെ.. എനിക്ക് ഇഷ്ടത്തിന് വിളമ്പീലേൽ ഞാൻ നിനക്കെതിരെ കംപ്ലെന്റ് ചെയ്യും. ജോലി കഴിയുമ്പോ കാശ് കിട്ടൂല ചെക്കാ ”
” എന്റെ പൊന്നോ .. ഇതൊക്കെ എവിടുന്നെടെ.. ദേ ഈ ഗസ്റ്റിന് വേണ്ടത് ആരേലും എടുത്ത് കൊടുക്കടെ.. ”
അല്പം പുച്ഛത്തോടെ ആ പയ്യൻ പോകുമ്പോൾ അവനെ നോക്കി കോപ്രായം കാണിച്ചു അവൾ.’ ദൈവമേ… ഇതിനെ രാവിലേ തന്നെ കയറൂരി വിട്ടേക്കുവാണൊ മേയാൻ.. ‘
എല്ലാം കണ്ടും കേട്ടും ആത്മഗതത്തോടെ തിരിയുമ്പോ അവൾ തന്നെ തന്നെ നോക്കിയിരിക്കുന്നതാണ് അനൂപ് കണ്ടത്
” ചേട്ടാ.. ചേട്ടൻ ഇപ്പോ എന്നെ പറ്റിയല്ലേ ഓർത്തെ.. സത്യം പറയ് ”
” അ… അതേ.. എങ്ങിനെ മനസ്സിലായി.. “അവളുടെ ചോദ്യം അനൂപിൽ അതിശയം ഉളവാക്കി
” ഹാ.. ഇത് സ്ഥിരം ക്ളീഷേ അല്ലെ ചേട്ടാ.. ആണുങ്ങള് ഇത്പോലെ എന്ത് ചോദിച്ചു വാങ്ങിയാലും അത് പ്രശ്നം ഇല്ല .. ഞങ്ങള് പെൺകുട്ടിയോള് ഇത്പോലെ എന്തേലും ചോദിച്ചാൽ അന്നേരം കാണുന്നോരു ചിന്തിക്കുന്നത് ഇതിനെ എവിടുന്ന് കയറൂരി വിട്ടേക്കുന്നെന്ന്.. ബ്ലഡി ഗ്രാമവാസീസ് ”
ആ മറുപടി കേട്ട് അനൂപ് ഒന്ന് ചൂളി പോയി.” അ.. അതേ.. ഞാൻ അങ്ങനൊന്നും കരുതീല കേട്ടോ.. ”
അവന്റെ പതർച്ച കണ്ട് പൊട്ടിച്ചിരിച്ചു പോയി അവൾ..” ങും.. ങും.. ചേട്ടൻ കഴിച്ചോ.. ചുമ്മാ ഇരുന്ന് വിയർക്കേണ്ട.. ”
പിന്നെ മറുപടിയൊന്നും പറഞ്ഞില്ല അനൂപ് പതിയെ തല കുമ്പിട്ടിരുന്നു കഴിച്ചു തുടങ്ങി. ഇടക്കിടക്ക് ഒന്ന് പാളി ആ പെൺകുട്ടിയെ നോക്കുവാൻ മറന്നില്ല അവൻ.
അവൾ ആസ്വദിച്ചു കഴിക്കുകയാണ് ആവശ്യമുള്ളതൊക്കെ ചോദിച്ചു വാങ്ങി.. ഇങ്ങനൊരു പെൺകുട്ടിയെ ഒരു പക്ഷെ അവന്റെ ജീവിതത്തിൽ ആദ്യമായിട്ട് ആകും കണ്ടിട്ടുണ്ടാവുക. എന്തോ ഒരു പ്രത്യേക ഇഷ്ടം അപ്പോൾ അവളോട് മനസിൽ തോന്നി അനൂപിന്.
” ഏട്ടാ.. എനിക്ക് ആൾക്കൂട്ടത്തിനിടയിൽ ഒക്കെ കേറി സംസാരിക്കാനേ പേടിയാണ്… ഞാനെന്നല്ല ഞങ്ങൾ പെൺകുട്ടികൾ പൊതുവെ അങ്ങിനെയാണ്..
നിങ്ങളെ പോലെ എല്ലായിടത്തും ഫ്രീഡത്തോടെ കേറി സംസാരിക്കാൻ ഒന്നും പറ്റില്ല.. ഈ സൊസൈറ്റിയിൽ അതൊക്കെ വലിയ കുറ്റം ആണ്.”
അശ്വതി പണ്ട് പറഞ്ഞ വാക്കുകൾ വീണ്ടും അനൂപിന്റെ ഓർമയിലേക്കെത്തി..” ബ്രോ.. ഈ പായസത്തിനു മധുരം ഇല്ല കേട്ടോ… പായസത്തിൽ ഇടാൻ കൊടുത്ത ശർക്കര പാചകക്കാരൻ മുക്കിയോ… ”
അടുത്തിരുന്ന പെൺകുട്ടിയുടെ അടുത്ത കമന്റ് കേട്ടിട്ടാണ് വീണ്ടും അനൂപ് ഓർമകളിൽ നിന്നും പുറത്ത് വന്നത്..
‘ ദൈവമെ.. അശ്വതിയും ഇവളും ഒരുമിച്ചു എവിടേലും ഒന്ന് യാത്ര ചെയ്താലുള്ള അവസ്ഥ.’
ആത്മഗതത്തോടെ അവൻ പായസം കുടിച്ച് തുടങ്ങി..’ഇവള് പറഞ്ഞത് ശെരിയാ പായസത്തിനു മധുരം അല്പം കുറവ് തന്നാ.. ‘
ഒന്ന് തലയുയർത്തി ആ പെൺകുട്ടിയെ നോക്കിയ ശേഷം പതുക്കെ കഴിച്ചു അനൂപ്.’ ഇവള് ആള് കൊള്ളാലോ വായാടി.. ‘
ഇടയ്ക്കിടക്ക് ഏറു കണ്ണിട്ട് അവളെ നോക്കാൻ മറന്നില്ല അവൻ. അവളാകട്ടെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ സദ്യ കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുവായിരുന്നു.
” അതേ ചേട്ടാ.. ഒരു സംശയം.. ഞങ്ങടവിടൊക്കെ സാധാരണ കെട്ട് കഴിഞ്ഞാലേ സദ്യ കൊടുക്കു.. പക്ഷെ ഇവിടിപ്പോ കെട്ടിന് മുന്നേ തന്നെ കൊടുത്തല്ലോ.. ”
അവളുടെ അടുത്ത സംശയം കേട്ട് അനൂപ് പതിയെ തിരിഞ്ഞു” ഇവിടൊക്കെ ഇങ്ങനാ കുട്ടി.. മുഹൂർത്തം ലേറ്റ് ആയാൽ ഒരു പന്തിയൊക്കെ മുന്നേ വിളമ്പാറുണ്ട്. ”
“ആ എന്നാൽ ഓക്കേ “അനൂപിന്റെ മറുപടിയിൽ അവൾ തൃപ്തയായിരുന്നു. വീണ്ടും അവൾ തന്റെ ജോലിയിലേക്ക് പൂർണ്ണമായും മുഴുകി.
സദ്യയൊക്കെ കഴിച്ച് തിരികെ ഹാളിലേക്ക് കയറിയിരിക്കവേ പതിയെ അനൂപിന്റെ നെഞ്ചിടിപ്പേറി തുടങ്ങിയിരുന്നു.. വിവാഹ മുഹൂർത്തം ഏകദേശം അടുത്തിരുന്നു. കല്യാണ ചെക്കൻ കൂട്ടുകാരുമൊത്ത് കളി തമാശകൾ പറഞ്ഞു കൊണ്ട് മണ്ഡപത്തിനരുകിൽ തന്നെ നിന്നിരുന്നു.
” ഏട്ടാ… നമ്മുടെ കല്യാണത്തിന് മണ്ഡപത്തിൽ ഇരിക്കുമ്പോൾ ഏട്ടന് പേടി ഉണ്ടാകോ.. എത്ര പേടിച്ചാലും താലിമാല കൃത്യമായി കെട്ടണം കേട്ടോ മൂന്ന് കെട്ട്. ”
അവിടിരിക്കുന്ന ഓരോ നിമിഷവും അശ്വതിയുടെ പഴയ ഓർമ്മകൾ അവനെ വേട്ടയാടിക്കൊണ്ടിരുന്നു.
അതിലേറെ അവനെ ആസ്വസ്തമാക്കിയത് മണ്ഡപത്തിന് പിന്നിലേക്ക് അലങ്കാരങ്ങൾക്കിടയിൽ ഭംഗിയിൽ അലങ്കരിച്ചു വച്ചിരുന്ന ആ ബോർഡും അതിലെ വാചകങ്ങളും ആയിരുന്നു. ‘അശ്വതി വെഡ്സ് രാജേഷ്.’ അത് കാണുംതോറും അനൂപിന്റെ ഉള്ളിൽ അസ്വസ്ഥതതകൾ കൂടി കൂടി വന്നു.
” ഏട്ടാ….നമ്മുടെ വിവാഹത്തിന് എന്റെ വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല. സാമ്പത്തിക ശേഷി മാത്രമല്ല ഏട്ടന്റെ ജോലിയും പ്രശ്നമാണ്.
ഒരു മോട്ടോർ ബൈക്ക് മെക്കാനിക്കിന് എന്നെ കെട്ടിച്ചു കൊടുക്കില്ല എന്ന് അച്ഛൻ വാശിയിലാണ്. മാത്രമല്ല ഇപ്പോൾ ഒരു സ്കൂളിൽ അദ്ധ്യാപകന്റെ ആലോചനയും വന്നു.. അച്ഛൻ അത് ഉറപ്പിക്കാനുള്ള മട്ടിലാണ്. എനിക്കിനി ഒന്നും ചെയ്യാൻ കഴിയില്ല ഏട്ടാ.. ഞാൻ നിസ്സഹായയാണ്… ”
അശ്വതിയുടെ അവസാന വാക്കുകൾ മനസ്സിലോർക്കവേ അവന്റെ ഉള്ളിലേക്ക് രോഷം ഇരച്ചു കയറി
‘ പന്ന… %#& മോള് നൈസിനു അങ്ങ് തേച്ച് സർക്കാർ ജോലിക്കാരനെ കിട്ടിയപ്പോൾ…..’
ആത്മഗതത്തോടെ അവൻ തല കുമ്പിട്ടിരുന്നു രോഷം അടക്കി.” ഏട്ടോയ്… ഇതെന്നാ തിന്നത് കൂടീട്ട് തളർന്നിരിക്കുവാണോ ”
പെട്ടെന്നുള്ള ആ ചോദ്യം കേട്ട് ഞെട്ടലോടെ നിവരവേ സദ്യാലയത്തിൽ ഒപ്പമിരുന്ന ആ പെൺകുട്ടിയെയാണ് അവൻ കണ്ടത്.
” ഹാ… താനോ… എപ്പോ എണീറ്റു അവിടുന്ന് ഞാൻ കരുതി തിന്ന് തിന്ന് താൻ നേരെ കലവറയിൽ കേറിക്കാണും ന്ന്. ”
അവളെ കണ്ട മാത്രയിൽ തന്നെ താൻ അല്പം റിലാക്സ് ആയോ എന്ന് തോന്നിപോയി അനൂപിന്.
” ഓ ചേട്ടൻ നമ്മക്കിട്ട് താങ്ങുവാ അല്ലെ.. ആ ഇനീപ്പോ ഇങ്ങൾക്ക് ഒരു കമ്പനി തന്ന് ഇവിടെ തന്നെ ഇരിക്കാം. ചേട്ടൻ ആരുടെ ആളാ പെണ്ണിനെ ആണോ ചെക്കന്റെ ആണോ ”
അടുത്ത ചെയറിലേക്ക് ഇരുന്നു അവൾ.” ഞാൻ പെണ്ണിന്റെ ആളാ.. താനോ “”ഞാൻ ചെക്കൻ കൂട്ടർക്ക് ഒപ്പം ഉള്ളതാ..”ചോദ്യം എത്തിയ പാടെ ഉത്തരവും കിട്ടി.
” ആ മറന്നു. ഞാൻ നിഖില.. ചേട്ടന്റെ പേരോ “ആ ചോദ്യം കേട്ട് അനൂപ് ഒന്ന് പുഞ്ചിരിച്ചു.” ഞാൻ അനൂപ്… ”
“ആ അനൂപ്.. പൊളി പേരാണ്. ഈ കല്യാണചെക്കന്റെ ഊള പേര് അല്ലെ.. രാജേഷ്.. ”
അവളുടെ മറുപടിയിൽ ഒരു പുച്ഛം നിഴലിച്ചിരുന്നു.” രാജേഷ്…. കൊള്ളാലോ. നല്ല പേരാണ്. ദേ പയ്യനും കാണാൻ സുന്ദരൻ അല്ലെ നല്ല പയ്യനാണ് ”
അനൂപ് പറഞ്ഞവസാനിപ്പിക്കുമ്പോൾ നിഖിലയുടെ മുഖം കുറുകുന്നത് ശ്രദ്ധിച്ചിരുന്നു.
” നല്ല പയ്യനോ.. ഈ പര നാറിയോ… വെറും ഊളയാണ്… അഞ്ചു വർഷം എന്നെ പ്രേമിച്ചിട്ട് ഒരു പണച്ചാക്കിന്റെ മോളെ കിട്ടിയപ്പോൾ എന്റെ കുടുംബത്തിന് സാമ്പത്തിക ശേഷി ഇല്ല എന്ന് പറഞ്ഞിട്ട് തേച്ചിട്ട് പോയതാ ഈ നാറി…
എന്നിട്ട് ഉളുപ്പില്ലാതെ വന്ന് കല്യാണം വിളിച്ചേക്കുന്നു… പക്ഷെ അവനെക്കാൾ ഉളുപ്പ് കുറവാ എനിക്ക്.. അതോണ്ട് വന്ന് തിന്നു മുടിപ്പിച്ചു ഒരു ഓൾ ദ് ബെസ്റ്റും പറഞ്ഞിട്ടേ ഞാൻ പോകുന്നുള്ളൂ. അല്ല പിന്നെ…. ”
ആ മറുപടി അനൂപ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.’ ദൈവമേ.. നമ്മള് രണ്ടും ഒരു വഞ്ചിയിലെ യാത്രക്കാരായിരുന്നോ ‘അറിയാതെ മനസ്സിൽ ഓർത്തു പോയി അവൻ.
‘ ഇവള് കൊള്ളാം.. ആവശ്യത്തിന് തന്റേടവും ചുറുചുറുക്കും ആരും ഇഷ്ടപ്പെട്ടു പോകുന്ന പെരുമാറ്റവും. കാണാനും സുന്ദരി…ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് അവളോട് സംസാരിക്കുമ്പോൾ.. ‘
നിഖിലയെ ഒന്ന് അടിമുടി നോക്കി അനൂപ്. അവളോട് ചെറിയൊരു ഇഷ്ടം അന്നേരം അവന്റെയുള്ളിൽ മുള പൊട്ടിയിരുന്നു.
” ചേട്ടൻ പെണ്ണിന്റെ ബന്ധുവാണോ “നിഖിലയുടെ ആ മറുചോദ്യം കേട്ട് അറിയാതെ ചിരിച്ചു പോയി അനൂപ്.
” വെറുമൊരു ബന്ധുവല്ല. ഈ രാജേഷിനു നീ എങ്ങിനെ ആയിരുന്നു അതുപോലായിരുന്നു ഈ അശ്വതിക്ക് ഞാനും.. സംഗതി തേപ്പ് തന്നാ എനിക്കും കിട്ടിയത് ”
അനൂപിന്റെ മറുപടി കേട്ട് അപലസമയം അതിശയത്തോടെ അവനെ നോക്കി ഇരുന്നു നിഖില..
” ഓഹ്.. പൊളി.. രണ്ടാളും കൃത്യമായി തന്നെ വന്ന് പരസ്പരം പരിചയപ്പെട്ട്.. ഇനീപ്പോ ഓരോ ബിയർ അടിച്ച് വിഷമം പങ്കു വച്ചാൽ മാത്രം മതി. കൊട് കൈ ”
തനിക്ക് നേരെ നീണ്ട അവളുടെ വലതു കയ്യിൽ പിടിച്ചു ഷേക്ക് ഹാൻഡ് നൽകി അനൂപ്.
” അപ്പോ ഇവളും തേപ്പ് പാർട്ടി ആണല്ലേ.. നന്നായി ആ നാറിക്ക് അങ്ങിനെ തന്നെ വേണം. ഇപോഴാ എനിക്ക് മനസമാധാനം ആയേ. “നിറഞ്ഞ സംതൃപ്തിയിൽ അവൾ ചെയറിലേക്ക് ചാരി ഇരുന്നു.
” ബട്ട് തന്റെ അത്രേം മനക്കട്ടി എനിക്കില്ലെടോ.. അശ്വതിയുടെ ഓർമ്മകൾ എന്നെ വല്ലാതെ വലയ്ക്കുന്നുണ്ട്…. ഇവിടിരിക്കുമ്പോ വല്ലാത്ത അസ്വസ്ഥത ഉണ്ട് എനിക്ക് ”
അനൂപിന്റെ മുഖത്തേക്ക് വിഷാദം നിറയുമ്പോൾ ഒന്ന് പുഞ്ചിരിച്ചു നിഖില.” എന്റെ ചേട്ടാ.. ഇതില് വല്യ മനക്കട്ടി ഒന്നും വേണ്ട. നമ്മളെ വേണ്ടാത്തോരെ നമുക്കും വേണ്ട.. അത്ര തന്നെ ”
” ങും… ”മറുപടി ഒരു മൂളലിൽ ഒതുക്കി വീണ്ടും മണ്ഡപത്തിലേക്ക് നോക്കിയിരുന്നു അവൻ .
” ചേട്ടാ… എന്തായാലും നമ്മൾ രണ്ടാളും ഈ കല്യാണത്തിന് വന്നു. കണ്ടു പരിചയപ്പെട്ടു. ഇനീപ്പോ ഇവരുടെ മുന്നിൽ നമ്മൾ തോറ്റിട്ടില്ല എന്ന് ഒന്ന് അറിയിക്കേണ്ടേ.. ഒരു ഷോ ഇറക്കീട്ട് പോയാലോ.”
നിഖില തന്റെ മുഖത്തേക്ക് തുറിച്ചു നോക്കവേ സംശയത്തോടെ തിരികെ നോക്കി അനൂപ്.
” എന്ത് ഷോ.. എങ്ങിനെ.. “”അതൊക്കെ ഉണ്ട് ചേട്ടാ എന്നോടൊപ്പം ഒന്ന് നിന്ന് തന്നാൽ മതി ”
അവളുടെ ആത്മവിശ്വാസവും പ്രസരിപ്പും കാൺകെ പതിയെ അനൂപും സമ്മതം മൂളി.
താലി കെട്ട് കഴിഞ്ഞശേഷം ബന്ധുക്കളോടും ഗസ്റ്റുകകളോടുമൊക്കെയായി ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു രാജേഷും അശ്വതിയും.
ഓരോരുത്തരായി വന്ന് പോകുമ്പോൾ പുഞ്ചിരിയോടെ നിന്നു രണ്ടാളും. എന്നാൽ പരസ്പരം പറ്റിച്ചേർന്ന് മണ്ഡപത്തിലേക്ക് കൈ കോർത്തു പിടിച്ചു നടന്നു കയറിയ ആ രണ്ട് പേരേ കണ്ട് ഒരേ പോലെ ഞെട്ടി അവർ.
‘ അനൂപേട്ടൻ….”നിഖില…..’രണ്ട് പേരും അറിയാതെ ആത്മഗതം പറഞ്ഞു പോയി.” വാ ഏട്ടാ… ”
നിഖില സ്നേഹത്തോടെ അനൂപിനെ ആനയിച്ചു. വിറളി വെളുത്തു നിന്ന അശ്വതിക്കും രാജേഷിനും മുന്നിലേക്ക് പുഞ്ചിരിയോടെ എത്തി അനൂപും നിഖിലയും.
” രാജേഷേട്ടാ സുഖല്ലേ.. അശ്വതി ഹെലോ… സുഖല്ലേ… എന്നെ അറിയോ.. “ആ ചോദ്യം കേട്ട് ഒരു ചെറു പുഞ്ചിരിയോടെ അറിയില്ല എന്ന് തലയാട്ടി അശ്വതി.
” ആഹാ അറില്ലേ., ഞാൻ ഈ രാജേഷേട്ടന്റെ എക്സ് ആണ്. പറഞ്ഞിട്ടുണ്ടോ എന്നെ തേച്ചു നിന്നെ കെട്ടാൻ തീരുമാനിച്ച കഥ… പറഞ്ഞിട്ടില്ലേ ഇന്ന് നൈറ്റ് ചോദിക്ക് കേട്ടോ.. ഇന്നാകുമ്പോ പറയാനും കേൾക്കാനും സമയം ഏറെ ഉണ്ടാകോലോ.. ”
ഒന്ന് കണ്ണിറുക്കിക്കൊണ്ട് നിഖില പറയുമ്പോൾ അശ്വതി ഒന്ന് നടുങ്ങി അത് കണ്ടിട്ട് രാജേഷ് ഒന്ന് പരുങ്ങി.
അനൂപ് തങ്ങളുടെ ബന്ധത്തിന്റെ കാര്യം രാജേഷിനോട് പറയുമോ എന്ന് ഭയന്ന അവൾക്ക് നിഖില പറഞ്ഞ കാര്യങ്ങൾ പുതിയ അറിവ് ആയിരുന്നു. ദഹിക്കുമാറ് ഒരു നോട്ടവുമായി അവൾ രാജേഷിന് നേരെ തിരിയവേ അനൂപ് ഇടയ്ക്ക് കയറി..
” ഏയ്.. ഏയ്.. അശ്വതി.. കൂൾ.. കൂൾ പാവത്തിനെ ഇങ്ങനെ നോക്കി കൊല്ലല്ലേ.. “അതോടെ അടുത്തത് തനിക്കിട്ടുള്ള പണിയാണ് എന്നത് അവൾ ഉറപ്പിച്ചു. ദഹിപ്പിക്കുന്ന നോട്ടം നിമിഷ നേരം കൊണ്ട് ദയനീയ നോട്ടമായി മാറിയപ്പോൾ അറിയാതെ ചിരിച്ചു പോയി അനൂപ്.
” എന്റെ പോന്നോ.. അശ്വതി നീ ഇങ്ങനെ പേടിക്കല്ലേ.. ഞാൻ രാജേഷിനോട് നമ്മുടെ ബന്ധത്തെ പറ്റി ഒന്നും പറയാൻ വന്നതല്ല. അതൊക്കെ കഴിഞ്ഞ കഥകളല്ലേ… പിന്നെ ഒരു കാര്യം.. അന്ന് ഒരു പെരുമഴയത്ത് എന്റെ വീട്ടിൽ വന്ന് കേറിയത് ഓർമ്മയുണ്ടോ.. ആകെ നനഞ്ഞൊട്ടി വിറച്ചു കൊണ്ട് .. ”
ആ ചോദ്യം കേട്ട് അശ്വതി വിറളി വെളുത്തു നിൽക്കവേ വീണ്ടും തുടർന്നു അനൂപ്” ഹാ. മറന്നോ നീ.. ഡീ അന്ന് കെട്ടിപ്പിടിച്ചു കിസ്സടിക്കാൻ നോക്കിയപ്പോ അമ്മ വന്ന് കേറിയത് ഓർമ ഇല്ലേ.. ആ ദിവസത്തെ കാര്യമാ ഞാൻ പറഞ്ഞെ.
അന്ന് അവിടെ കിടന്ന് കുത്തി മറിഞ്ഞിട്ട് ഒടുക്കം നനഞ്ഞ ചുരിദാർ അവിടെ ഊരി ഇട്ടേച്ചു എന്റെ ഒരു ജീൻസും ടീ ഷർട്ടും ഇട്ട് പോയത് ഓർമ ഇല്ലേ..
ആ ചുരിദാർ ഞാൻ എടുത്തു കഴുകി തേച്ചു മടക്കി വീട്ടിൽ വച്ചിട്ടുണ്ട്. അതുവഴിയെങ്ങാൻ പോകുവാണേൽ എടുക്കാൻ ഓർമിക്കണെ. പുതിയതല്ലേ ഒരു വട്ടം മാത്രല്ലേ ഉപയോഗിച്ചുള്ളു പുത്തൻ പോലെ തന്നാ ഇപ്പോഴും.. ”
ആ അവസാന വാചകത്തിലെ കുത്ത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു എന്നത് രാജേഷിന്റെ മുഖഭാവത്തിൽ നിന്നും അനൂപ് മനസ്സിലാക്കി.
തണുപ്പൻ മട്ടിലിരുന്നിട്ട് പെട്ടെന്നുള്ള അനൂപിന്റെ എനെർജിറ്റിക് പെർഫോമൻസ് കണ്ട് നിഖിലയും അമ്പരന്നു പോയി. രാജേഷും അശ്വതിയും വിറളി വെളുത്തു തമ്മിൽ ആരെ കുറ്റം പറയും എന്ന സംശയത്തിൽ പരസ്പരം മുഖാമുഖം നോക്കി നിൽക്കുന്നത് കാൺകെ വല്ലാതെ രസിച്ചു അനൂപിന്.
” ഹലോ.. ഹലോ.. എനി വേ… ഹാപ്പി മേരെഡ് ലൈഫ് ഡിയേർസ്… “ആ വിഷിങ് അപ്പോൾ ഒരു ശവത്തിൽ കുത്തലായിട്ടാണ് രാജേഷിനും അശ്വതിക്കും തോന്നിയത്.
” താ.. താങ്ക്സ്.. “രണ്ടാളുടെയും പതർച്ച അവരുടെ വാക്കുകളിൽ പ്രതിഫലിച്ചു. അത് കണ്ട് ഒന്ന് പുഞ്ചിരിച്ച ശേഷം നിഖിലക്ക് നേരെ തിരിഞ്ഞു അനൂപ്.
” പോകാം ഡിയർ.. “മറുപടിക്ക് കാക്കാതെ അവളുടെ ചുമലിൽ കയ്യിട്ട് പുറത്തേക്ക് നടന്നു അനൂപ്. ഒരു പ്രതിമ കണക്കെ അവനൊപ്പം ചെന്നു നിഖില.രാജേഷും അശ്വതിയും അപ്പോൾ നിന്നുരുകുകയായിരുന്നു.
അനൂപിനൊപ്പം നടക്കുമ്പോൾ സത്യത്തിൽ ഏറെ അതിശയമായിരുന്നു നിഖിലയ്ക്ക്. ഹാളിന് പുറത്തേക്കിറങ്ങിയതും പെട്ടെന്ന് അവളുടെ ചുമലിൽ നിന്നും കയ്യെടുത്തു അനൂപ്.
” സോറി കേട്ടോ.. അന്നേരത്തെ ഒരു പഞ്ചിനു വേണ്ടി കയ്യിട്ടതാ.. “” എന്നാലും എന്റെ ചേട്ടാ…എന്നാ ഒരു പെർഫോമൻസ് ആണ് നിങ്ങൾ.. നിങ്ങളേയും കൊണ്ട് കേറീട്ടു ഞാനൊന്ന് ഷൈൻ ചെയ്യാം ന്ന് കരുതിയതാ..
ഇതിപ്പോ എന്നെ സൈലന്റ് ആക്കി നിങ്ങൾ തകർത്ത് കളഞ്ഞല്ലോ.. പൊളിയായി എന്തായാലും.. ഇത്രേമൊക്കെ കയിൽ വച്ചിട്ടാണോ ഇച്ചിരി മുന്നേ സെന്റി അടിച്ചിരുന്നെ.. ”
നിഖിലയുടെ ചോദ്യം അനൂപിൽ ഒരു പുഞ്ചിരി വിടർത്തി.” ഞാനത്രയ്ക്ക് വലിയ പെർഫോമർ ഒന്നും അല്ലെടോ പക്ഷെ എന്താണ് ന്ന് അറീല്ല തന്നോടൊപ്പം കൂടിയപോ എനിക്കും അല്പം എനർജി കിട്ടിയ പോലെ.
താൻ ഒപ്പം ഉണ്ടേൽ ഞാൻ ഫുൾ ആക്റ്റീവ് ആയിരിക്കും എന്നൊരു തോന്നൽ… എന്തായാലും മനസ്സിലെ ആ വീർപ്പു മുട്ടൽ അങ്ങ് മാറി കിട്ടി.. അതിനു തന്നോടാ താങ്ക്സ് പറയേണ്ടത്. ഇന്ന് തന്നെ കണ്ടില്ലാരുന്നേൽ ഞാൻ ഇവിടിരുന്നു ആകെ വീർപ്പു മുട്ടിപോയേനെ… ”
അനൂപിന്റെ ആ മറുപടിയിൽ എവിടെയോ തന്നോടുള്ള ഒരിഷ്ടം പതിയിരിക്കുന്നതായി തോന്നി നിഖിലയ്ക്ക്.
” ചേട്ടൻ സൂപ്പറാ… എനിക്കൊപ്പം കട്ടയ്ക്ക് ഇടിച്ചിടിച്ചു നിൽക്കും.. എനിക്കും അങ്ങനുള്ളോരേ ആണ് ഇഷ്ടം.. ഈ രാജേഷ് സത്യം പറഞ്ഞാൽ ഒരു ബോറൻ ആയിരുന്നു ഒരു ബുദ്ധിജീവി… പിന്നെ എങ്ങിനെയോ ഇഷ്ടപ്പെട്ടു പോയതാ.. അപ്പോ ശെരി ചേട്ടാ.. ഇനി എവിടെലുമൊക്കെ വച്ച് കാണാം.. എന്നാൽ ഞാൻ പോയേക്കട്ടെ.. ”
‘പോകരുത് ‘എന്ന് പറയുവാനാണ് അനൂപിന്റെ മനസ്സ് വെമ്പിയത് കാരണം അത്രത്തോളം അവന് ആശ്വാസമായിരുന്നു അവളുടെ സാമീപ്യം.
” അതേ ലവൻ എന്തായാലും പോയി.. ആ പോസ്റ്റിലേക്ക് ഇപ്പോ വേറെ അപ്ലിക്കേഷൻ എടുക്കുന്നുണ്ടോ.. ”
നിഖില പ്രതീക്ഷിച്ചിരുന്നു ആ ചോദ്യം. ഒരു പുഞ്ചിരിയോടെ അവൾ അനൂപിന് നേരെ തിരിഞ്ഞു..
” മഴയുള്ള ദിവസം.. നനഞ്ഞൊട്ടി വീട്ടിൽ വന്ന് കേറി… കിസ്സടിക്കാൻ നേരം അമ്മ കണ്ടു…. പിന്നെ അവിടെ കിടന്ന് കുത്തി മറിഞ്ഞു. ഒടുക്കം നനഞ്ഞ ചുരിദാർ ഊരിയിട്ടേച്ച് ജീൻസും ടി ഷർട്ടും ഇട്ട് തിരികെ പോയി…..
സെക്കന്റ് ഹാൻഡ് വണ്ടി എനിക്ക് വേണ്ട മോനെ.. ലവൻ ഒരു കെഴങ്ങൻ ആയോണ്ട് ഞാൻ ഇപ്പോഴും ഫ്രഷാ.. അപ്പോ അതുപോലത്തെ ഒന്ന് മതി എനിക്കും.. ”
” അയ്യോ. അത് ചുമ്മാ തള്ളിയതാ.. ആകെ ആ ഒരു കിസ്സിന് ആണ് ശ്രമിച്ചത്… അത് അമ്മ വന്നോണ്ട് നടന്നതുമില്ല.. പിന്നെ അവളു കുത്തി മറിഞ്ഞു അത് സത്യമാ.
പക്ഷെ എന്നോട് അല്ല. ചേച്ചി ടെ മോനോടാ.. അവന് രണ്ട് വയസേ ഉള്ളു.. രണ്ടാളും കൂടി അവിടെ കിടന്ന് പന്ത് കളിച്ചു കുത്തി മറിഞ്ഞേച്ചാ പോയെ.. പിന്നെ ഡ്രെസ്സ് നനഞ്ഞോണ്ട് ഒന്ന് മാറ്റി ഇട്ടു അത്ര തന്നെ.. ഞാൻ ഇപ്പോഴും സിംഗിൾ ഓണർ വണ്ടിയാ… ”
വെപ്രാളത്തിലുള്ള അനൂപിന്റെ ആ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു പോയി നിഖില.” എന്റെ പൊന്ന് ചേട്ടാ. നിങ്ങളൊരു സംഭവം തന്നെ.. നിങ്ങളുടെ ആ ഡയലോഗ് കേട്ട് ഞാൻ തന്നെ സംശയിച്ചു പോയി അപ്പോ ലവന്റെ കാര്യമോ. അശ്വതി ഇനി എന്ത് ന്യായം പറഞ്ഞാലും അവൻ വിശ്വസിക്കില്ല.. ആൾറെഡി അവൻ ഒരു സൈക്കോ ആണ്.. അത് എനിക്കെ അറിയൂ.. ”
അത് കേട്ട് അനൂപും ചിരിച്ചു പോയി.. ആ ചിരിയ്ക്കൊടുവിൽ പതിയെ അവൻ തന്റെ ഫോൺ കയ്യിലേക്കെടുത്തു..
” അതേ.. തന്റെ നമ്പർ… “മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി അവൾ പതിയെ തിരികെ നടന്നു.
അത് കണ്ട് ഒരു നിമിഷം അനൂപിന്റെ മുഖത്തെ സന്തോഷം മാഞ്ഞു. എന്നാൽ അല്പം മുന്നിലേക്ക് നടന്ന നിഖില ഒന്ന് നിന്നു. ശേഷം പതിയെ തിരിഞ്ഞു.
“ഞാൻ വിളിച്ചേക്കാം ന്നെ… ചേട്ടനേം ചേട്ടന്റെ വർക്ഷോപ്പുമൊക്കെ എനിക്ക് മുന്നേ അറിയാം”
അനൂപിനെ ഏറെ അതിശയിപ്പിച്ചു അവളുടെ ആ വാക്കുകൾ..’ എന്നെ എങ്ങിനെ പരിചയം.. ‘
എന്നാ ചോദ്യം അവന്റെ മുഴത്തേക്ക് നിഴലിച്ചത് കണ്ടത് കൊണ്ട് തന്നെ കൂട്ടിച്ചേർത്തു നിഖില.
“എന്റെ അച്ഛന്റെ വണ്ടി ചേട്ടന്റെ ട്രീറ്റ്‌മെന്റിൽ ആണ്.. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട മെക്കാനിക്ക് ആണ് ചേട്ടൻ…
പിന്നെ ഒരു പാട്ട വണ്ടി എനിക്കും ഉണ്ട് ഏത് സമയവും വഴീലായേക്കും എന്നുള്ളോണ്ട് ചേട്ടന്റെ നമ്പർ അച്ഛൻ മുന്നേ തന്നിട്ടുണ്ട് എനിക്ക്.. നല്ല പയ്യനാ.. ആവശ്യം ഉണ്ടേൽ ധൈര്യമായി വിളിച്ചോ ന്ന് പറഞ്ഞിട്ട്.. ”
ആ വാക്കുകൾ അനൂപിന്റെ ഉള്ളിൽ ഒരു കുളിർകാറ്റായി .. അവളുടെ പുഞ്ചിരി അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു..
ആ നിമിഷം നഷ്ടമായത് എന്തോ തിരികെ കിട്ടിയ സന്തോഷത്തിൽ ഒന്ന് തുള്ളിച്ചാടണമെന്ന് തോന്നിപോയി അവന്. നിഖിലയും ഏറെ സന്തോഷവദിയായിരുന്നു. മുഖത്തെ പുഞ്ചിരി മായാതെ തന്നെ അവൾ പതിയെ നടന്നകന്നു. പുത്തൻ സ്വപ്‌നങ്ങൾ നെയ്‌തുകൊണ്ട്.
ഒരു നഷ്ടപ്രണയത്തിന്റെ ബാക്കിപത്രങ്ങൾ പുതിയൊരു പ്രണയക്കൂട് മേയവേ പ്രകൃതിപോലും ശാന്തമായ തെന്നലാൽ തഴുകി അവരെ..