ആരോ ബലമായി എന്നെ പിടിച്ചു വലിച്ചു വണ്ടിക്കകത്തേക്ക് ഇട്ടു… മഴയല്ലേ അതുകൊണ്ട് തന്നെ ഞാൻ ഒച്ച വച്ചത് ആരും അറിഞ്ഞില്ല

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” മോളെ.. ദേ ഇതാണ് പയ്യൻ.. നല്ലോണം നോക്കിക്കോ കേട്ടോ പിന്നീട് ഇഷ്ടം ആയില്ല ന്ന് പറയരുത്..”

ബ്രോക്കർ പറഞ്ഞത് കേട്ട് എല്ലാവരും ചിരിക്കവേ ചെറിയൊരു നാണത്തോടെ അനീഷിന്റെ മുഖത്തേക്ക് നോക്കി പാർവതി.

ഒറ്റ നോട്ടത്തിൽ തന്നെ രണ്ടാൾക്കും പരസ്പരം ഇഷ്ടപ്പെട്ടിരുന്നു.”നോട്ടം കണ്ടിട്ട് ഇന്ന് തന്നെ കെട്ട് നടത്താൻ രണ്ടാളും റെഡിയാണെന്ന് തോന്നുന്നു കേട്ടോ ”

ബ്രോക്കർ വീണ്ടും ഒരു കൗണ്ടർ കൂടി അടിച്ചു.” ഞാൻ ഒരു പോലീസ് കോൺസ്റ്റബിൾ ആയി റിട്ടയർ ചെയ്ത ആളല്ലേ അതുകൊണ്ടുള്ള ഇഷ്ടമാണ് എന്റെ മോള് ഒരു പോലീസുകാരനെ മാത്രേ കെട്ടു ന്ന് വാശിയിൽ ആയിരുന്നു… ഇപ്പൊ ഈ ആലോചന വന്നപ്പോൾ ഞാൻ താത്പര്യം കാട്ടിയതും അതുകൊണ്ടാണ്.”

ബാലചന്ദ്രൻ അത് പറഞ്ഞ നിമിഷം അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി പാർവതി. എന്നാൽ അത് കണ്ടിട്ടും കാണാത്ത പോലെ നടിച്ചു അയാൾ.

ആ നിമിഷം മുതൽ പാർവതിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു. അത് പെണ്ണുകാണാൻ വന്നവർ ശ്രദ്ധിക്കാതിരിക്കുവാൻ പരമാവധി ശ്രമിച്ചു അവളുടെ അമ്മ ശ്രീദേവിയും. എന്നാൽ പോലീസ് ആയതു കൊണ്ടാകാം ആ ഭാവമാറ്റം കൃത്യമായി അനീഷിന്റെ ശ്രദ്ധയിൽ പെട്ടു.

” ഇനീപ്പോ പെണ്ണിനും ചെറുക്കനും എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആകാം കേട്ടോ ഇപ്പോ അതൊക്കെ ഒരു പതിവ് ആണല്ലോ.. ”

ബ്രോക്കർ ഇടയിലേക്ക് കയറി പറഞ്ഞത് കേട്ട് തെല്ലൊന്ന് പരുങ്ങി ബാലചന്ദ്രൻ. എന്നാൽ അത് പുറത്തറിയാതിരിക്കുവാൻ ഏറെ ശ്രദ്ധിച്ചു അയാൾ..

” ആ.. ആ. സംസാരിക്കാൻ ഉണ്ടേൽ ആകാം.. ല്ലേ.. ആവശ്യം ഉണ്ടോ അത് “ശ്രീദേവിയെ ഒളികണ്ണിട്ട് ഒന്ന് നോക്കി അയാൾ. എന്നാൽ അപ്പോഴേക്കും പാർവതി മുന്നിലേക്ക് വന്നു.

” സംസാരിക്കണം.. അച്ഛാ എനിക്ക് സംസാരിക്കാൻ ഉണ്ട്.. “അവളുടെ കടുപ്പമേറിയ വാക്കുകൾ കേട്ട് അനീഷും ഒരു നിമിഷം ഒന്ന് നെറ്റി ചുളിച്ചു.

“എന്നാൽ പിന്നെ പുറത്തേക്ക് ഒക്കെ ഒന്നിറങ്ങി കാറ്റൊക്കെ കൊണ്ട് ഒന്ന് സംസാരിച്ചു വാ രണ്ടാളും “ബ്രോക്കർ വീണ്ടും ഇടപെട്ടത്തോടെ പതിയെ എഴുന്നേറ്റു അനീഷും.

രണ്ടാളും പുറത്തേക്ക് പോകുമ്പോൾ നടുക്കത്തോടെ മുഖാമുഖം നോക്കി ബാലചന്ദ്രനും ശ്രീദേവിയും. നിരാശയിൽ അവരുടെ മുഖം ഒരേപോലെ വാടി..

പുറത്തേക്കിറങ്ങി ചുറ്റുപാടുമൊക്കെ ഒന്ന് നോക്കി അനീഷ്” ഇവിടം അടിപൊളിയാണല്ലോ.. തനി നാട്ടിൻപുറം.. ഇങ്ങനുള്ള സ്ഥലം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ”

അവന്റെ വാക്കുകൾ കേട്ട് ഒന്ന് പുഞ്ചിരിച്ചു പാർവതി.” നാട്ടിൻപുറം എപ്പോഴും ശാന്തമാണ് തിരക്കുകൾ ഇല്ല.. അത് പോലെ തന്നെ അപകടങ്ങളും പതിയിരിക്കും ..”

അവളുടെ വാക്കുകളിൽ ദ്വയാർത്ഥം നിറഞ്ഞിരുന്നു. അത് വേഗത്തിൽ അനീഷ് മനസിലാക്കുകയും ചെയ്തു.” തനിക്കു എന്നെ ഇഷ്ടമായോ.. “ആ ചോദ്യം കേട്ട് തലകുമ്പിട്ടു പാർവതി.” ഇഷ്ടമാണ്.. പക്ഷെ. ”

ആ ഒരു ‘പക്ഷെ ‘ അനീഷിന്റെയും നെറ്റി ചുളിച്ചു.”എന്താടോ എന്തേലും പ്രശ്നം ഉണ്ടോ.. തനിക്കു എന്നോട് എന്തേലും പറയാൻ ഉണ്ടോ… ”

അവളുടെ ഉള്ള് കൃത്യമായി വായിച്ചെടുത്തു അവൻ. ആ മൗനം അനീഷിനെ കൂടുതൽ അസ്വസ്ഥനാക്കി.

” അതെ പാർവതി ഞാൻ സ്ട്രൈറ്റ് ഫോർവെർഡ് ആണ്. അതോണ്ട് തന്നെ ചോദിക്കുവാ.. ചിരിച്ചു നിന്ന തന്റെ മുഖം പെട്ടെന്ന് വാടിയത് ശ്രദ്ധിച്ചു ഞാൻ. അത് പോലെ തന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് ഒരു പരുങ്ങലും.

ഇതൊക്കെ ശ്രദ്ധയിൽ പെട്ടത് പോലീസുകാരോടുള്ള നിന്റെ ഇഷ്ടത്തെ പറ്റി അച്ഛൻ പറഞ്ഞതിന് ശേഷം ആണ്.. അതെന്താ അങ്ങിനെ.മാത്രമല്ല തനിക്കിപ്പോ എന്നോട് എന്തോ പറയാനും ഉണ്ട്.. ”

ആ ചോദ്യം പാർവതി പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഉള്ളിൽ വ്യക്തമായ മറുപടിയും മുന്നേ തന്നെ അവൾ തയ്യാറാക്കി വച്ചിരുന്നു.

” ചേട്ടാ.. സത്യമാണ് എനിക്ക് സംസാരിക്കാൻ ഉണ്ട്.. ഒരു പോലീസുകാരനെ മാത്രമേ ഞാൻ വിവാഹം കഴിക്കുള്ളു എന്ന് വാശി പിടിച്ചിരുന്നു. പക്ഷെ പോലീസുകാരോട് അങ്ങനൊരു ഇഷ്ടം തോന്നാനുള്ള കാരണം അച്ഛൻ പറഞ്ഞതല്ല.. അതിനു മറ്റൊരു കാരണം ഉണ്ട്. അച്ഛൻ നിങ്ങളോട് മറച്ചു വച്ച ഒരു കാരണം ”

അത് കേൾക്കെ കൂടുതൽ ശ്രദ്ധാലുവായി അനീഷ്. ഒപ്പം അവനിൽ ആകാംഷയുമേറി.” എന്താ പാർവതി.. എന്താ ആ കാരണം. താൻ തുറന്ന് പറയ് ”

അവന്റെ ചോദ്യം കേട്ട് അല്പം മുന്നിലേക്ക് നടന്ന ശേഷം മറുപടി പറയാനായി തിരിഞ്ഞു അവൾ .

” ചേട്ടാ.. ഞങ്ങൾ ഈ നാട്ടുകാരല്ലായിരുന്നു പക്ഷെ പതിനഞ്ചു കൊല്ലത്തോളമാകുന്നു ഇവിടെ വന്നു താമസമായിട്ട്. മുൻപ് ഇടുക്കിയിൽ ആയിരുന്നു.. അവിടുന്ന് ഇവിടേക്ക് വരാനുണ്ടായ കാരണം. ആ കാരണമാണ് അച്ഛൻ നിങ്ങളിൽ നിന്നും മറച്ചത്. അതെ കാരണത്താൽ ആണ് പോലീസുകാരോട് എനിക്ക് ഇഷ്ടം കൂടിയതും”

പാർവതി പറഞ്ഞു നിർത്തുമ്പോൾ ഒന്നും മനസിലാകാതെ നോക്കി നിന്നും അനീഷ് അത് കണ്ട് പുഞ്ചിരിയോടെ അവൾ തുടർന്നു.

“പണ്ട്..അതായത് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ..ആ സമയത്ത് ദിവസങ്ങളായി നല്ല പെരുമഴയായിരുന്നു . അന്നും രാവിലെ മുതൽ തോരാതെ മഴ തുടങ്ങിയപ്പോ ഞങ്ങടെ ക്ലാസ്സ് മുറിയൊക്കെ ചോർച്ച ആയി. അങ്ങിനെ ഉച്ചയ്ക്ക് മുന്നേ തന്നെ സ്കൂളിന് അവധി കിട്ടി.

സ്കൂളിൽ നിന്ന് വീട്ടിലേക്ക് രണ്ടര കിലോമീറ്ററോളം നടക്കാൻ ഉണ്ട്. ഇതുപോലൊരു ഗ്രാമമായിരുന്നു അതും. അന്ന് ആ പെരുമഴയത്ത് ഒറ്റയ്ക്ക് നടന്ന് വന്ന ഞാൻ സമയത്ത് വീടെത്തിയില്ല. എന്റെ ജീവിതത്തിൽ നടക്കാൻ പാടില്ലാത്ത ഒരു സംഭവം അന്ന് നടന്നു.. ”

ഇത്തവണ അവളുടെ വാക്കുകൾ അനീഷിൽ കൂടുതൽ ആകാംഷ ജനിപ്പിച്ചു. ഒപ്പം ചെറിയൊരു സംശയവും അവന്റെ മുഖത്തേക്ക് നിഴലിച്ചു. അത് നോക്കി തന്നെ തുടർന്നു പാർവതി.

” ഞങ്ങടെ നാട്ടിൽ ഒരു ബസ് മുതലാളി ഉണ്ടായിരുന്നു. അവർക്ക് അന്ന് മൂന്ന് ബസുകളും. ചിലപ്പോഴൊക്കെ ഈ ബസുകൾ റോഡ് വക്കിൽ ഒതുക്കി ഇട്ടേക്കുന്നത് കാണാം. അന്ന് പെരുമഴ ആയതിനാൽ ഒരു ബസ് ഓടിയില്ല. ഞാൻ കുടയൊക്കെ പിടിച്ചു നടന്നു വരുമ്പോൾ ആ വണ്ടി റോഡരുകിൽ കണ്ടിരുന്നു.

അന്ന് വണ്ടി ഓടാത്തതിനാൽ സ്റ്റാഫുകൾ സൈഡ് ഷട്ടറുകൾ ഒക്കെ പിടിച്ചിട്ട് അകത്തിരുന്നു മദ്യപിക്കുകയായിരുന്നു. അവരുടെ മുന്നിലേക്ക് ആണ് ഞാൻ.. അതും പെരുമഴയത് ഒറ്റയ്ക്ക്”

ഒന്ന് നിർത്തുമ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു നടുക്കം തെളിയുന്നത് ശ്രദ്ധിച്ചു അനീഷ്. പാർവതി വീണ്ടും തുടർന്നു.

” ബസിന്റെ അടുത്തെത്തിയത് മാത്രമേ ഓർമയുണ്ടായിരുന്നുള്ളു എനിക്ക്.. ആരോ ബലമായി എന്നെ പിടിച്ചു വലിച്ചു വണ്ടിക്കകത്തേക്ക് ഇട്ടു… മഴയല്ലേ അതുകൊണ്ട് തന്നെ ഞാൻ ഒച്ച വച്ചത് ആരും അറിഞ്ഞില്ല. ശരീരത്തിന് വല്ലാത്ത വേദന തോന്നി എടുത്ത് എറിഞ്ഞ പോലെയാണ് അവർ എന്നെ ബസ്സിനുള്ളിൽ വലിച്ചു കയറിയത്. എ..

എന്താണ് സംഭവിച്ചത് എന്ന് ഇന്നും എനിക്ക് ഓർമയില്ല. ആരൊക്കെയോ ബലമായി എന്റെ സ്കൂൾ യൂണിഫോം ഒക്കെ വലിച്ചു കീറി… ഒന്നും ചെയ്യരുതേയെന്ന് കെഞ്ചി ഞാൻ പക്ഷെ അപ്പോഴേക്കും ഒരുവൻ എന്റെ ദേഹത്തേക്ക്…. എന്നെ അവർ.. ”

വാക്കുകൾ പാതി മുറിഞ്ഞുൻ. അവളുടെ തൊണ്ടയിടറി. മിഴികളിൽ നനവ് പടർന്നു. ഒരു നടുക്കം ആ മുഖത്തേക്ക് തെളിഞ്ഞു. അത്രത്തോളം കേട്ടാൽ മതിയായിരുന്നു അനീഷിനും സംഭവം എന്താണെന്ന് മനസിലാക്കിയ അവൻ അന്ധാളിച്ചു നിന്നു.

” പാർവതി.. എന്താ.. എന്താ താൻ ഈ പറയണേ.. “ആ നടുക്കം കണ്ട് പതിയെ ഒന്ന് പുഞ്ചിരിച്ചു പാർവതി .

” ആർക്കും വിശ്വസിക്കാൻ കഴിയില്ല ചേട്ടാ… പക്ഷെ ഇതെന്റെ ലൈഫിൽ നടന്നതാ.. ഞാൻ അനുഭവിച്ചതാ.. “”എന്നിട്ട്.. എന്നിട്ട് എങ്ങിനാ താൻ രക്ഷപ്പെട്ടെ.. “അനീഷ് അക്ഷമനായി ചോദിക്കവേ ബാക്കി കൂടി പറഞ്ഞു അവൾ.

“അന്ന് എന്റെ കയ്യിൽ ഒരു വാട്ടർ ബോട്ടിൽ ഉണ്ടായിരുന്നു. പിന്നെ കുടയും. ഇത് രണ്ടും റോഡിൽ വീണു കിടന്നിരുന്നു. മദ്യലഹരിയിൽ ആയിരുന്ന അവർ അത് ശ്രദ്ധിച്ചില്ല. എന്നാൽ ആ വഴി വന്ന പോലീസ് ജീപ്പിൽ ഇരുന്ന എസ് ഐ ചന്ദ്രമോഹൻ സാർ അത് ശ്രദ്ധിച്ചു.

മാത്രമല്ല ബസിന്റെ മുൻ ഗ്ലാസ്സിലൂടെ സംശയം തോന്നും വിധം എന്തോ ഒന്ന് അദ്ദേഹം കണ്ടു. ഒരുപക്ഷെ ദൈവമായിട്ട് കാണിച്ചു കൊടുത്തതാകാം..”

ജീപ്പ് നിർത്തിച്ചു സാർ നേരെ ബസിലേക്ക് കയറി നോക്കിയത് കൊണ്ട് ഇന്നും ഞാൻ ജീവനോടുണ്ട്… അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ.. ”

ഒക്കെയും കേട്ട് നടുക്കത്തോടെ തന്നെ നിന്നു അനീഷ്. അത് കണ്ടിട്ട് തുടർന്നു പാർവതി

” അവർ മൂന്ന് പേർ ഉണ്ടായിരുന്നു. സാർ നോക്കുമ്പോ എന്റെ ഡ്രസ്സ്‌ ഒക്കെ പിച്ചി ചീന്തി.. ശരീരത്തിൽ ഒരു നുള്ള് വസ്ത്രം പോലും ഇല്ലാതെ… അബോധാവസ്ഥയിലേക്ക് പോയ എന്നെ സ്വന്തം യൂണിഫോം ഷർട്ട്‌ ഊരി അതിൽ

പൊതിഞ്ഞാണ് അദ്ദേഹം അന്ന് ഹോസ്പിറ്റലിൽ എത്തിച്ചത്. എപ്പോഴൊക്കെയോ ബോധം തെളിയുമ്പോൾ ആ ഷർട്ടിനുള്ളിൽ ചുരുണ്ടു കൂടി ഞാൻ.”

പറഞ്ഞു നിർത്തുമ്പോൾ അവളുടെ ഒച്ചയിടറി” ആ കാക്കിയാണ് അന്ന് എന്റെ ജീവൻ രക്ഷിച്ചത്.. എന്റെ മാനത്തിന് സംരക്ഷണം തന്നത്.അന്ന് മുതലാണ് ഞാൻ ഈ കാക്കിയെ സ്നേഹിച്ചു തുടങ്ങിയത്. അതുകൊണ്ട് തന്നെയാണ് കെട്ടുന്നേൽ ഒരു പോലീസുകാരനെ മാത്രമേ ഞാൻ കെട്ടുള്ളു ന്ന് വാശി പിടിച്ചതും ”

ഒക്കെയും കേട്ട് മൗനമായി നിന്നു അനീഷ്. ആ മൗനം പാർവതിയെയും അസ്വസ്ഥയാക്കി.

” ചേട്ടാ.. അച്ഛൻ ഇത് നിങ്ങളോട് പറയാഞ്ഞത് പേടിച്ചിട്ട് ആണ്. പണ്ടെങ്ങോ നടന്നതാണെങ്കിലും ഈ വിവരം അറിഞ്ഞിട്ട് മുടങ്ങിയത് ആറ് ആലോചനകൾ ആണ്… പക്ഷെ ഒന്നും പറയാതെ ഒരു വിവാഹത്തിന് എനിക്കും

താത്പര്യം ഇല്ല. അതുകൊണ്ടാണ് ഞാൻ തന്നെ ചേട്ടനോട് ഇത് തുറന്നുപറഞ്ഞത്. എനിക്കറിയാം ചേട്ടനും പറയാനുള്ള മറുപടി നോ ആയിരിക്കും പക്ഷെ അത് പറയാൻ മടിക്കേണ്ട കാരണം കേട്ട് കേട്ട് ഞങ്ങൾക്ക് ഇപ്പോ അതൊരു വിഷമം അല്ല.”

അവൾ പറഞ്ഞവസാനിപ്പിക്കുമ്പോൾ പതിയെ ആ മുഖത്തേക്കൊന്ന് നോക്കി അനീഷ്. അന്ന് അനുഭവിച്ച യാതനകളുടെ കരിനിഴൽ അപ്പോഴും ആ മുഖത്ത് കണ്ടു അവൻ.

” നോക്ക് പാർവതി.. എന്റെ വീട്ടുകാർ വെറും സാധാരണക്കാർ ആണ്. ഇങ്ങനെയൊരു ഫ്ലാഷ് ബാക്ക് ഒരിക്കലും അവർക്ക് ദഹിച്ചു ന്ന് വരില്ല.. അതുകൊണ്ട് തന്നെ.. ”

സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ പാർവതിയുടെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി കണ്ടിട്ട് പാതി വഴിക്ക് നിർത്തി അനീഷ്.

” എന്താടോ ചിരിക്കുന്നേ..”ആ ചോദ്യം കേട്ട് പതിയെ അവന് മുഖാമുഖം ചെന്നു അവൾ

” ചേട്ടാ മുഖവുര ഒന്നും വേണ്ട.. ഞാൻ പറഞ്ഞില്ലെ.. ഞങ്ങൾക്ക് ഇപ്പോൾ ഇതൊന്നും കേൾക്കുമ്പോ വിഷമം തോന്നാറില്ല.. ചേട്ടനിപ്പോൾ പറയാൻ പോകുന്ന ഈ ഡയലോഗ് ഞാൻ ആദ്യമായിട്ടല്ല കേൾക്കുന്നത്. എന്നെ ഇവിടെ പെണ്ണ് കാണാൻ വന്ന

എല്ലാവരോടും ഈ കഥ പറഞ്ഞെ പിന്നെ അവർ തിരികെ തരുന്ന പതിവ് മറുപടിയാണ് ഇത്.. സാരമില്ല ചേട്ടൻ പൊയ്ക്കോളൂ.. ചേട്ടന് എന്നേക്കാൾ നല്ല കുട്ടിയെ കിട്ടും ”

വാക്കുകളിലെ നോവ് മറച്ചു പിടിച്ചാണ് പാർവതി അത് പറഞ്ഞത്.”ഓഹോ അപ്പോ ഇത് സ്ഥിരമായിരുന്നു അല്ലേ… പക്ഷെ പാർവതി.. ഞാൻ ഈ ഡയലോഗ് ഇച്ചിരി മാറ്റി പിടിക്കുവാ.. പറയാൻ ഉള്ളത് മുഴുവനായി ഒന്ന് കേൾക്ക് താൻ ”

ഇത്തവണ അനീഷിന്റെ മറുപടി കേട്ട് നെറ്റി ചുളിച്ചു അവൾ..” എടോ.. എന്റെ വീട്ടുകാർക്ക് ഇത് ഉൾക്കൊള്ളാൻ പാടായിരിക്കും. പക്ഷെ എനിക്ക് മനസിലാകും തന്നെ.. അതുകൊണ്ട് തന്നെ ഉൾക്കൊള്ളാൻ പറ്റാത്ത ഈ കഥ അവര് അറിയേണ്ട.. നമ്മൾ മാത്രം അറിഞ്ഞാൽ മതി. കെട്ട് കഴിഞ്ഞിട്ടും അത് അങ്ങിനെ തന്നെ മതി ”

ഇത്തവണ ശെരിക്കും ഞെട്ടി പാർവതി. അവളുടെ മിഴികളിൽ നീർക്കണങ്ങൾ തെളിഞ്ഞു.” ചേ.. ചേട്ടാ..”

സംസാരിക്കുവാൻ വാക്കുകൾ കിട്ടിയില്ല അവൾക്ക്. അത് കണ്ടിട്ട് ഒന്ന് പുഞ്ചിരിച്ചു അനീഷ്

” ബ ബ ബ ബ്ബ.. അടിച്ചു ഓവർ ആക്ട് ചെയ്ത് ചളമാക്കേണ്ട.. താൻ വാ നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം.. അവര് അവിടെ കാത്തിരിക്കുവായിരിക്കും. ”
അത്രയും പറഞ്ഞു അനീഷ് തിരികെ

നടക്കുമ്പോൾ മറുപടി ഇല്ലാതെ നിന്നും പോയി പാർവതി. ഉള്ളിൽ പറഞ്ഞറിയിക്കുവാൻ കഴിയാത്തത്ര സന്തോഷത്താൽ വീർപ്പു മുട്ടി അവൾ.

അനീഷ് തിരികെ വീടിനുള്ളിലേക്ക് കയറുമ്പോൾ ആകെ പരുങ്ങലിൽ ആയിരുന്നു ബാലചന്ദ്രനും ശ്രീദേവിയും. ഉറപ്പായും പാർവതി എല്ലാം തുറന്ന് പറഞ്ഞിട്ടുണ്ടാകും എന്നതിൽ അവർക്ക് സംശയം ഇല്ലായിരുന്നു.

“അപ്പോൾ ശെരി ഞങ്ങൾ ഇറങ്ങുവാ.. ഇനി ഇവിടെ ഇരുന്നാൽ ശെരിയാകില്ല.. “അനീഷ് പറഞ്ഞത് കേട്ട് നിരാശയോടെ എഴുന്നേറ്റു ബാലചന്ദ്രൻ

” മോ.. മോനെ.. “അയാളുടെ ശബ്ദമിടറവേ പതിയെ ആ കരങ്ങൾ കവർന്നു അവൻ.” സമയമായില്ലാഞ്ഞിട്ടാണ്. ഉച്ച കഴിഞ്ഞു ഡ്യൂട്ടിക്ക് കേറണം.. ഇപ്പോ ഇറങ്ങിയാലെ സമയത്ത് അങ്ങ് എത്തുള്ളു.. പിന്നെ.. എനിക്ക് ഇഷ്ടമായി പാർവതിയെ ഇന്ന് തന്നേച്ചാൽ മതി പൊന്ന് പോലെ നോക്കിക്കോളാം ഞാൻ. ”

“ങേ.. “ആ വാക്കുകൾ അവിശ്വസനീയമായി തോന്നി ബാലചന്ദ്രന് ശ്രീദേവിക്കും അത് പോലെ തന്നെയായിരുന്നു.. അനീഷിന് പിന്നാലെ അവിടേക്കെതിയ പാർവതിയും നിറ മിഴികളോടെ ആ വാക്കുകൾ കേട്ടു നിന്നു.

“മോനെ.. “ബാലചന്ദ്രന്റെ ഒച്ചയിടറവേ പതിയെ പുഞ്ചിരിച്ചു അനീഷ്”കൂടുതൽ ഒന്നും പറയുന്നില്ല എല്ലാം അറിഞ്ഞു.. മനസിലാക്കുന്നു ഞാൻ.. അതുകൊണ്ട് തന്നെ എനിക്കതൊരു പ്രശ്നം അല്ല ”

പാർവതിയെ ഒന്ന് നോക്കി കൊണ്ടാണവൻ അത് പറഞ്ഞത്. ആ മിഴികളിലെ ആത്മാർത്ഥത അവൾ തൊട്ടറിഞ്ഞു. ബാലചന്ദ്രനും ശ്രീദേവിയും സന്തോഷത്താൽ മിഴിനീർ പൊഴിച്ചു. ഒന്നും മനസിലാകാതെ ബ്രോക്കർ അതൊക്കെ നോക്കി ഇരുന്നു.

യാത്ര പറഞ്ഞ് അവർ ഇറങ്ങുമ്പോൾ ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട് തുടങ്ങിയിരുന്നു അനീഷും പാർവതിയും.

മകളുടെ ഭാവി സുരക്ഷിതമായ സന്തോഷത്തിൽ അവരെ യാത്രയാക്കി ബാലചന്ദ്രനും ശ്രീദേവിയും

Leave a Reply

Your email address will not be published. Required fields are marked *