ശലഭങ്ങൾ
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
ബൈക്കിനു ചിറകുകൾ മുളച്ച കണക്കേ, അതു നിരത്തിലൂടെ പറന്നുപാഞ്ഞു.
വിവേകിൻ്റെ നീളൻ മുടിയിഴകൾ, ചേർന്നുപതിഞ്ഞു പുറകിലോട്ടു ചിതറിയുലഞ്ഞു.
കാതുകളിൽ, കാറ്റിൻ്റെ രൗദ്രഹുങ്കാരം.
മിന്നൽ കണക്കേ മാഞ്ഞകലുന്ന ഓരക്കാഴ്ച്ചകൾ.
പ്രഭാതത്തിൽ, റോഡിൽ തിരക്കു തീരെ കുറവായിരുന്നു.
വിവേകിൻ്റെ കർണ്ണപുടങ്ങളിൽ, ലിമയുടെ സ്നേഹിത, നിഖിതയുടെ വേപഥു പൂണ്ട വാക്കുകൾ അനേകമാവർത്തി വന്നെത്തിക്കൊണ്ടിരുന്നു.
കാതുകളിൽ ഈയമുരുക്കി വീഴ്ത്തിയപോലെ നൊമ്പരം പെരുക്കിയ വാചകങ്ങൾ.
“വിവേക്,
നമ്മുടെ ലിമ,
കിടപ്പുമുറിയിലെ ഫാനിൽ, എല്ലാമവസാനിപ്പിച്ചു.
പുലർച്ചേ, ലിമയുടെ അമ്മയാണ് അതാദ്യം കണ്ടത്”
നിഖിത, പിന്നേയുമെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
ഒന്നും കാതുകളിൽ കയറിയില്ല.
ആദ്യസമാചാരം തന്ന പ്രഹരം തന്നേ, കേൾവിയേ കെടുത്തിക്കളഞ്ഞിരുന്നു.
വസ്ത്രങ്ങൾ, ധൃതിയിൽ മാറ്റിയുടുത്ത്
ബൈക്കിൽ കയറുമ്പോൾ, അമ്മ ചോദിച്ചു.
“എങ്ങോട്ടാ മോനേ,രാവിലേത്തന്നേ?”അതിനു മറുപടി കൊടുത്തില്ല.മുറ്റത്തെ ചെഞ്ചരലുകളേ ചിതറിപ്പിച്ച്, ഇരുചക്രവാഹനം ഗേറ്റു കടന്നിരുന്നു.
ബൈക്ക് മുന്നോട്ടും,
മനസ്സ് ഒരു ദിവസം പുറകിലേക്കും സഞ്ചരിച്ചു.
ഇന്നലേ, ഉച്ചതിരിഞ്ഞ് ഇതേ ബൈക്കിലാണ് ലിമയ്ക്കൊപ്പം,
ആ ശലഭോദ്യാനത്തിലെത്തിയത്.
കുട്ടികളുടെ പാർക്കും,
പുഴയ്ക്കു കുറുകേയുള്ള തൂക്കുപാലവും കടന്നുചെന്നാൽ പൂമ്പാറ്റകളുടെ പൂന്തോട്ടമായി.
അവൾക്ക് ചിത്രശലഭങ്ങളേ പ്രാണനായിരുന്നു.
തോട്ടത്തിലെ,
പ്രത്യേകയിനം ചെടികളിൽ ആർത്തുല്ലസിച്ചു പറക്കുന്ന പൂമ്പാറ്റകൾ.
വലിയ ചിറകുകളിൽ വിശ്വകർമ്മാവിൻ്റെ കരവിരുതു തെളിയുന്നു.
കറുത്ത, ചുവന്ന, കരിനീലപ്പുള്ളികളുള്ള പതംഗങ്ങൾ.
അവയങ്ങനേ ചിതറിപ്പറക്കുകയാണ്.
“വരും ജന്മം, ഒരു ശലഭമായാൽ മതിയായിരുന്നു.
ഇതുപോലൊരുദ്യാനത്തിൽ, ആയുസ്സെത്തും വരേ പറന്നാർത്ത്,
അല്‌പ്പായുസ്സായാലെന്ത്,
ഇനിയൊരു മനുഷ്യജന്മം വേണ്ട.
ശലഭമായാൽ, അമ്മയുടെ രണ്ടാം ഭർത്താവിനെ ഭയപ്പെടാതെ കഴിയാമല്ലോ”
പാതി പറഞ്ഞുനിർത്തി, അവളൊന്നു ചിരിച്ചു.
നിറം തീരെ മങ്ങിയ ചിരി.
വീണ്ടും തുടർന്നു.
“വിവേക്,
നമ്മുടെ തീരുമാനങ്ങൾ ഈയാഴ്ച്ച തന്നേ നടപ്പിലാക്കണം.
പത്തുദിവസം കൂടി കഴിഞ്ഞാൽ,
എൻ്റെ ‘ഡേറ്റ്’ ആകും.
നിനക്കറിഞ്ഞു കൂടെ, മൂന്നാലു ദിവസത്തേ എൻ്റെ കഷ്ടപ്പാടുകൾ.
മറ്റന്നാൾ, അതിരാവിലെ ഞാൻ വീട്ടിൽ നിന്നിറങ്ങാം.
നീ, ബൈക്കുമായി വന്നാൽ മതി.
അങ്ങനെയെങ്കിൽ, എനിക്കയാളുടെ വലയത്തിൽ നിന്നും എന്നെന്നേക്കുമായി വിടുതൽ നേടാമല്ലോ.
നിൻ്റെ ചെറിയ വരുമാനം കൊണ്ട്, നമ്മൾ അരിഷ്ടിച്ചു ജീവിക്കും.
ഞാനും എന്തെങ്കിലും ജോലിക്കു പോകും.
ജീവിക്കണം നമുക്ക്”
ഒരു ചെറുകാറ്റടിച്ചു.
ചെടിയിലെ ചിത്രശലഭങ്ങൾ ഇളകിത്തുള്ളാൻ തുടങ്ങി.
ആ ചേതോഹാരിതയിലേക്ക് മിഴികൾ പായിച്ച് അവൾ തുടർന്നു.
“എനിക്കു വേണമെങ്കിൽ പരാതി കൊടുക്കാം.
പക്ഷേ,അമ്മയുടെ കാര്യമോർക്കുമ്പോൾ,
എൻ്റെ പതിനഞ്ചാം വയസ്സിൽ,
അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്കൊരു കൂട്ട് ഞാനും ആഗ്രഹിച്ചിരുന്നു.
ചെറുപ്പമായിരുന്നില്ലേ എൻ്റെയമ്മ?
അച്ഛൻ, ആക്സിഡൻ്റിൽ മരിച്ചതിൽ പിന്നേ അമ്മയെത്ര മൂകയായിരുന്നു.
ഈ മനുഷ്യൻ അമ്മയെ വിവാഹം ചെയ്ത്, അച്ഛൻ സമ്പാദിച്ച വീട്ടിൽ താമസിച്ചു.
ആദ്യമൊക്കെ ഒത്തിരി സ്നേഹം ഭാവിച്ചിരുന്നു, അയാൾ.
കാലം ചെല്ലുംതോറും, അമ്മയോടുള്ള കമ്പം എന്നിലേക്കു മാറിവന്നു.
കഴിഞ്ഞ ഏഴു വർഷങ്ങൾ,
ഞാനെത്ര ഭയന്നാണ് തള്ളിനീക്കിയത്.
നമ്മുടെ ഇഷ്ടത്തേക്കുറിച്ച് അയാൾക്കു വ്യക്തമായ അറിവു ലഭിച്ചിട്ടുണ്ട്.
അതിൻ്റെ പക വേണ്ടുവോളമുണ്ട്.
പക്ഷേ,
ഇനിയും രണ്ടു രാപ്പകലുകൾക്കപ്പുറം, ഞാൻ നിൻ്റെ മാത്രം ശലഭമാവുകയാണല്ലോ.”
അവൾ, ഓർത്തു ചിരിച്ചു.
ആ ചിരിയിൽ, ലജ്ജയുടെ തിളക്കമുണ്ടായിരുന്നു.
സായന്തനത്തിൽ, ശലഭോദ്യാനത്തിലൂടെ തിരിച്ചുപോരുമ്പോൾ ലിമ ഒരാവർത്തി കൂടി തിരിഞ്ഞു നോക്കി,
മന്ത്രിച്ചു.”വിവേക്,എനിക്കൊരു ശലഭമാകണം”
ചിന്തകളുടെ താഴ്‌വരകളിലൂടെ മനസ്സു നിരങ്ങി നീങ്ങി.
ബൈക്ക് ചീറിപ്പറന്നു.
ഇന്നലേ രാത്രിയിൽ ലിമയുടെ വീട്ടിൽ എന്താണു സംഭവിച്ചിരിക്കുക?
മനസ്സിലൊരു പരുന്തു ചിറകടിച്ചു പറന്നു.
അതിൻ്റെ കൂർത്ത നഖങ്ങൾക്കിടയിൽ പിടയുന്ന പ്രാവ്.
രക്തപ്രവാഹം.
എന്താണ് കാണുന്നത്?
വഴി നിറയേ ശലഭങ്ങൾ.
ഒരിക്കലും കാണാത്ത തരം മഴവിൽവർണ്ണങ്ങളുള്ള ചിറകുകളുമായി, അവ റോഡു നിറഞ്ഞുകവിഞ്ഞു.
മുന്നിലൊരു ശലഭമതിൽ.
അവ പെരുകിയാർത്തു.
നിരത്തു കാഴ്ച്ചയിൽ നിന്നു മറഞ്ഞു.
ബൈക്ക്, ശലഭവ്യൂഹത്തിലേക്കു ചീറിയടുത്തു.
പൊടുന്നനേ,
ശലഭങ്ങളുടെ തിരശ്ശീല അകന്നുമാറി.
ഒന്നുപോലും ശേഷിക്കാതെ അവ, അപ്രത്യക്ഷമായി.
ഉടലിനു നടുക്കം പകർന്നുകൊണ്ട്,
ഒരു കാഴ്ച്ച കണ്ടു.
ഒരു നാഷണൽ പെർമിറ്റു ലോറിയുടെ ക്രൗര്യം സ്ഫുരിച്ച മുഖം.
കൂട്ടിയിടിയുടെ കഠോരശബ്ദം.
ചിതറിത്തെറിച്ചു താഴെ വീഴുമ്പോൾ,
നിരത്തിൽ പുഷ്പ്പിച്ച ചോരപ്പൂക്കളിൽ,
ശലഭങ്ങൾ വന്നണഞ്ഞു.
ഒന്നല്ല, നൂറല്ല,
സഹസ്രകോടി ശലഭങ്ങൾ.
അവ, ചിറകടിച്ച് ഇളകിയാർത്തുകൊണ്ടിരുന്നു.