പല രീതിയിൽ മക്കളിൽ നിന്ന് പണം പിടിച്ചു വാങ്ങാൻ ആണ് അവർ ശ്രമിച്ചത്. മക്കൾ അതു കൊടുത്തില്ലെങ്കിൽ

(രചന: ശ്രേയ)

” അമ്മയോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഇവിടെ ഇങ്ങനെ വന്നിരിക്കരുതെന്ന്..

വയ്യാത്ത ആൾക്ക് മുറിയിൽ എങ്ങാനും ഇരുന്നാൽ പോരെ..? വെറുതെ ഇങ്ങനെ ഇറങ്ങി നടന്ന് ബാക്കിയുള്ളവരെ കൂടി ബുദ്ധിമുട്ടിക്കരുത്.. അല്ലെങ്കിൽ തന്നെ മനുഷ്യനു പണിയൊഴിഞ്ഞ ഒരു നേരമില്ല..

മൂത്ത മരുമകൾ ആശ പറയുന്നത് കേട്ടപ്പോൾ ഭവാനി അമ്മയുടെ കണ്ണു നിറഞ്ഞു. അവളോട് തർക്കിക്കാൻ നിൽക്കാതെ പതിയെ പതിയെ എഴുന്നേറ്റ് സ്വന്തം മുറിയിലേക്ക് കയറി.

കാല് ഒന്ന് നിവർത്തി വയ്ക്കണം എന്നുണ്ട്.പക്ഷേ കുഴമ്പ് പുരട്ടിയിരിക്കുന്ന കാലെടുത്ത് കട്ടിലിൽ വച്ചാൽ ഇനി അതു മതി അവൾക്ക് ബഹളം ഉണ്ടാക്കാൻ..

കാല് നിലത്തു കുത്തിയിരിക്കുമ്പോൾ വല്ലാത്ത വേദനയാണ്.പക്ഷേ അവളോട് പറയാൻ നിന്നില്ല.പറഞ്ഞിട്ടും കാര്യമൊന്നുമില്ല..!!

എങ്ങനെയൊക്കെയോ കാല് ഒന്ന് നിവർത്തിവെച്ച് ചാഞ്ഞിരിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

തന്റെ പ്രവർത്തി ദോഷങ്ങൾ തന്നെയായിരിക്കണം തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.

അത് ഓർക്കുമ്പോൾ അവർക്ക് തന്റെ സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..!!

തന്റെ ഭർത്താവ് ഉണ്ടായിരുന്നപ്പോൾ തനിക്ക് ഇങ്ങനെ ഒന്നും ഒരവസ്ഥയും വന്നിട്ടുണ്ടായിരുന്നില്ല.

തന്റെ എന്ത് കാര്യവും ചെയ്തു തരാനും തന്റെ സുഖവും ക്ഷേമവും അന്വേഷിക്കാനും അദ്ദേഹത്തിനെ കഴിഞ്ഞു മാത്രമേ ആരും ഉണ്ടായിരുന്നുള്ളൂ..

എന്നോട് വലിയ സ്നേഹമായിരുന്നു.. പക്ഷേ അത് കാണാനും മനസ്സിലാക്കാനോ തനിക്ക് കഴിയാതെ പോയി.

ആ ചിന്ത അവരെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.ഭർത്താവിനോട് ചെയ്തതും പറഞ്ഞതും ഒക്കെ തന്നെ നോക്കി പല്ലിളിക്കുന്നതു പോലെ അവർക്ക് തോന്നി..!

കരുണൻ.. പേരുപോലെ തന്നെ കരുണയും സ്നേഹവും ഒക്കെ ആവോളം ഉള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം.കറ കളഞ്ഞ കുടുംബസ്നേഹി എന്ന് തന്നെ പറയാം.

സ്വന്തം കുടുംബം കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്നൊരു ചിന്തയിൽ ജീവിക്കുന്ന ഒരു സാധു മനുഷ്യനായിരുന്നു അദ്ദേഹം.

വില്ലേജ് ഓഫീസിൽ ക്ലർക്കായി അദ്ദേഹത്തിനു ജോലിയുണ്ടായിരുന്നു. ആ ജോലി കണ്ടിട്ട് തന്നെയാണ് ഭവാനിയമ്മയുടെ വീട്ടുകാർ അയാൾക്ക് അവരെ കെട്ടിച്ചു കൊടുക്കുന്നത്.

കുറച്ച് സാമ്പത്തിക അടിത്തറയുള്ള കുടുംബത്തിൽ നിന്നുള്ള അംഗമായിരുന്നു ഭവാനി അമ്മ. അതുകൊണ്ടു തന്നെ അതിന്റെതായ തലക്കനം അവർക്ക് ഒരുപാടുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞത് മുതൽ കരുണന് ശമ്പളം കിട്ടുമ്പോൾ കൃത്യമായും അത് മുഴുവൻ അവരെ ഏൽപ്പിക്കണം.അതിൽ നിന്നും അയാൾക്ക് വണ്ടിക്കൂലിക്ക് ഉള്ളത് മാത്രം കൊടുത്തതിനു ശേഷം ബാക്കി പണം മുഴുവൻ ചെലവാക്കുന്നത് അവർ തന്നെയാണ്.

വണ്ടിക്കൂലിക്ക് പുറമേ ഒരു രൂപ പോലും കരുണന് അവർ അധികം കൊടുക്കാറില്ല.എന്തെങ്കിലും ആവശ്യത്തിന് അയാൾ ഒരു പത്തു രൂപ

ചോദിച്ചാൽ അവർ ജോലി എടുത്തു കൊണ്ടു വരുന്ന പണം അയാൾ അനാവശ്യമായി നശിപ്പിച്ചു കളയുന്ന രീതിയിലുള്ള ഭാവങ്ങളാണ് ഭവാനിയമ്മയുടെത്.

മരുമകളുടെ ഈ രീതികളൊന്നും കരുണന്റെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അവർ ഇങ്ങനെ ഓരോന്ന് കാണിക്കുന്നത് കാണുമ്പോൾ കരുണന്റെ അമ്മ പലപ്പോഴും ഭവാനിയമ്മയെ വഴക്കു പറയാറുണ്ട്.

അങ്ങനെ എന്തെങ്കിലും ഉണ്ടാകുന്ന ദിവസം കരുണൻ ജോലി കഴിഞ്ഞു വരുമ്പോൾ അതിന്റെ പ്രതിഷേധങ്ങൾ ആയിരിക്കും ഭവാനിയമ്മ കാണിക്കുക.

വീട്ടിൽ ആരോടും സംസാരിക്കാതെ മുറിയടച്ച് മുറിയിൽ കയറി ഇരിക്കുക, എല്ലാവരെയും ശത്രുക്കളെ പോലെ കാണുക.. അങ്ങനെയൊക്കെ..!!

ഇതൊക്കെ കണ്ടു മടുത്തു കുടുംബത്തെ സമാധാനം വേണം എന്ന ചിന്തയിലാണ് കരുണൻ ഒരു ട്രാൻസ്ഫർ ശരിയാക്കി ഭവാനിയമ്മയെയും കൊണ്ട് മറ്റൊരു സ്ഥലത്തേക്ക് മാറിയത്.

അവിടെ എത്തിയപ്പോൾ പൂർണ്ണമായും ഭരണം ഭവാനിയമ്മയുടെതായി. കരുണൻ അവരുടെ അടിമയാണ് എന്നുള്ള തരത്തിലുള്ള പ്രവർത്തികളാണ് പരപ്പോഴും അവരുടെ ഭാഗത്തു നിന്നുണ്ടാവുക.

ആദ്യമൊക്കെ കരുണന് അത് വലിയ വിഷമമായിരുന്നെങ്കിലും പതിയെ പതിയെ അയാൾ സാഹചര്യത്തോട് പൊരുത്തപ്പെട്ടു.

അതിനിടയിൽ രണ്ടു കുട്ടികളും ജനിച്ചു. രണ്ടുപേരും ആൺകുട്ടികൾ ആയിരുന്നു. അതിന്റെ പേരിലും ഭവാനിയമ്മ കുറച്ചൊന്നുമല്ല അഹങ്കരിച്ചത്..!!

മക്കൾക്ക് ഒരു നേരത്തെ ആഹാരം എടുത്തു കൊടുക്കാനുള്ള മനസ്സ് പോലും ഭവാനി അമ്മ കാണിച്ചിട്ടില്ല. പകരം മക്കളെ ചേർത്തുപിടിച്ചതും അവരെ വളർത്തി വലുതാക്കിയത് അവരുടെ മനസ്സറിഞ്ഞതും ഒക്കെ കരുണൻ തന്നെയായിരുന്നു.

മക്കൾ വളരുന്നതിന് അനുസരിച്ച് ചെലവുകളും കൂടി വരുന്നു എന്നുള്ള കാരണം പറഞ്ഞു വില്ലേജ് ഓഫീസിലെ ജോലി കൂടാതെ പശുവും ആടും കോഴിയും ഒക്കെയായി കരുണ ജോലികൾ ഒരുപാടുണ്ടായിരുന്നു.

ഈ ജോലികളും വരുമാന മാർഗങ്ങളും ഒക്കെ കണ്ടെത്തുന്നത് ഭവാനിയമ്മ ആണെങ്കിലും ഒരു കൈ സഹായം ചെയ്തു കൊടുക്കില്ല.

കുട്ടികൾ രണ്ടാളും അവരുടെ ചെറുപ്പം മുതൽ കണ്ടുവരുന്നത് കഷ്ടപ്പെടുന്ന അച്ഛനെയും സുഖിച്ചു ജീവിക്കുന്ന അമ്മയെയും ആണ്.

പലപ്പോഴും അച്ഛന്റെ ദുഃഖങ്ങളും ദുരിതങ്ങളും കാണുമ്പോൾ മക്കൾക്ക് സഹിക്കാൻ വയ്യാതെ അമ്മയോട് എന്തെങ്കിലും ചോദിക്കുകയോ

പറയുകയോ ചെയ്താൽ, മക്കളെ പോലും എനിക്കെതിരെ തിരിച്ചു വിട്ടിരിക്കുന്നു എന്ന ഭാവത്തിൽ കരുണനു നേരെ അവർ യുദ്ധമുണ്ടാകും.

ഇതൊക്കെ കണ്ടു മടുത്തിട്ടായിരിക്കണം മക്കൾ ആരും പിന്നീട് പ്രതികരിക്കാതായി. അവർ വളർന്നു ജോലിക്കാരായപ്പോൾ അവരുടെയും ശമ്പളം മാസാമാസം അമ്മയെ ഏൽപ്പിക്കണം എന്നായി.

“ഞങ്ങൾക്ക് കിട്ടുന്ന ശമ്പളം മുഴുവൻ അമ്മയെ കൊണ്ടു വന്ന് ഏൽപ്പിക്കാൻ ഒന്നും പറ്റില്ല.. ഞങ്ങൾക്ക് ഞങ്ങളുടെതായ ചെലവുകൾ ഉണ്ടാവും..

വീട്ടിലേക്ക് ഒരു തുക ചെലവാക്കാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ രണ്ടുപേരും കൂടി ഷെയർ ചെയ്തു വീട്ടു ചിലവിനുള്ള പണം തന്നോളാം.. അതിൽ കൂടുതൽ ഒരു രൂപ പോലും നിങ്ങൾ പ്രതീക്ഷിക്കേണ്ട..”

മൂത്തമകൻ അങ്ങനെ പറഞ്ഞതിൽ പ്രതിഷേധിച്ച് ഒരാഴ്ച അവർ നിരാഹാരവും ബഹളങ്ങളും ഒക്കെ നടത്തി. അതൊന്നും വകവയ്ക്കുന്നില്ല എന്ന് കണ്ടപ്പോൾ പല രീതിയിൽ മക്കളിൽ നിന്ന് പണം പിടിച്ചു വാങ്ങാൻ ആണ് അവർ ശ്രമിച്ചത്.

മക്കൾ അതു കൊടുത്തില്ലെങ്കിൽ അതിന്റെ കുറ്റവും അച്ഛൻ കേൾക്കേണ്ടി വരും എന്ന് സാഹചര്യം വന്നപ്പോൾ എന്തെങ്കിലും ആകട്ടെ എന്ന് ചിന്തിച്ചുകൊണ്ട് മക്കളും പണം അമ്മയെ ഏൽപ്പിക്കാൻ തുടങ്ങി.

വരുമാനം വർദ്ധിച്ചതോടെ ഭവാനിയമ്മയുടെ ചെലവുകളും വർദ്ധിച്ചു എന്ന് തന്നെ പറയാം. അവർക്ക് മാസ മാസം വസ്ത്രങ്ങളും ആഭരണങ്ങളും ഓരോന്നും വാങ്ങിക്കൂട്ടി.

അപ്പോഴും കരുണന് ഒരു ഷർട്ട് വാങ്ങണം എന്നൊരു ചിന്ത പോലും അവർക്കുണ്ടായിരുന്നില്ല..!!

കാലങ്ങൾ മുന്നോട്ടു പോയി.മക്കൾ രണ്ടാളും വിവാഹിതരായി.ഭാര്യമാരുടെ കാര്യങ്ങൾ കൂടിയായപ്പോൾ മക്കൾ പതിയെ അമ്മയ്ക്ക് കൊടുത്തിരുന്ന വിഹിതം കുറച്ചു.

അതിന്റെ അമർഷം മുഴുവൻ ഭവാനിയമ്മ മരുമക്കളോട് തീർത്തു തുടങ്ങി. അധികകാലം അവരോട് പിടിച്ചു നിൽക്കാൻ കഴിയാതെ മക്കൾ രണ്ടാളും മറ്റ് വീടുകൾ വച്ച് അവിടേക്ക് താമസം മാറി. വീട്ടിൽ ഭവാനിയമ്മയും കരുണനും മാത്രമായി.

റിട്ടയർമെന്റ് ലൈഫ് സന്തോഷത്തോടു കൂടി വീട്ടിലിരിക്കാൻ എന്ന് ചിന്തിച്ച കരുണന്റെ മുന്നിലേക്ക് ചെലവുകളുടെ നീണ്ട നിര തന്നെ ഭവാനിയമ്മ നിരത്തി വച്ചു.

അതുകൊണ്ട് പാടത്തും പറമ്പിലും ഒക്കെ കരുണന് പണിയെടുക്കേണ്ടി വന്നു. എത്രയൊക്കെ സംരക്ഷിച്ച് കാത്തുസൂക്ഷിച്ചു പോന്നാലും കരുണനു നേരെ പുഞ്ചിരിയോടെ സ്നേഹത്തോടെ ഒരു വാക്കുപോലും ഭവാനിയമ്മ പറഞ്ഞിട്ടില്ല.

അവരുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ പോലും സഹിക്കാതെ അവരെ സംരക്ഷിക്കുന്ന അയാൾക്ക് എത്ര വലിയ പനി വന്നാലും അസുഖങ്ങൾ വന്നാലും അവർ ശ്രദ്ധിക്കാറു പോലുമില്ല..!!

പണികളുടെ കൂടുതൽ കൊണ്ടാണോ പ്രായം കൂടുതൽ കൊണ്ടാണോ എന്നറിയില്ല, ഒരു രാത്രിയിൽ ഉറങ്ങാൻ കിടന്ന കരുണൻ പിന്നീട് ഉറക്കത്തിൽ നിന്നുണർന്നില്ല.. സൈലന്റ് അറ്റാക്ക് ആയിരുന്നു..

അയാളുടെ മരണശേഷം എങ്കിലും അവർക്ക് നല്ല ബുദ്ധി തോന്നും എന്ന് കരുതിയ മക്കൾക്കും മരുമക്കൾക്കും കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു. അയാളുടെ പെൻഷൻ വേണ്ടി മുറവിളി കൂട്ടുന്ന അവർ..!!

ഓരോ മാസവും അച്ഛൻ മരിച്ചതിന്റെ പെൻഷൻ സന്തോഷത്തോടെ എണ്ണി വാങ്ങുന്ന അമ്മയെ വെറുപ്പോടെയാണ് മക്കളും മരുമക്കളും ഒക്കെ നോക്കി കണ്ടത്..!

പക്ഷേ കാലം എല്ലായിപ്പോഴും ഒരുപോലെ അല്ലല്ലോ.. ഒരു ദിവസം മുറ്റത്തേക്ക് ഇറങ്ങിയ ഭവാനിയമ്മ വഴുക്കി വീണു..

പക്ഷേ ആ വീഴ്ചയിൽ അവരുടെ കാലൊടിഞ്ഞു. തറവാട്ടിൽ ഒറ്റയ്ക്ക് നിൽക്കാൻ വയ്യ എന്ന സാഹചര്യം വന്നപ്പോൾ മൂത്തമകൻ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി..

ഇപ്പോൾ കുറച്ചു നാളുകളായി അവർ അവിടെയാണ് താമസം. അച്ഛനോട് ചെയ്തതും പറഞ്ഞതും ഒക്കെ മനസ്സിലുള്ള മക്കളും മരുമക്കളും അവരോട് ഒരു അനുകമ്പയോ കരുണയോ കാണിക്കുന്നില്ല..

ഓരോന്നും ഓർത്തപ്പോൾ കണ്ണ് നിറഞ്ഞൊഴുകി എങ്കിലും, താൻ അർഹിക്കുന്ന ശിക്ഷ തന്നെയാണ് തനിക്ക് ഇപ്പോൾ കിട്ടുന്നത് എന്നൊരു ബോധം അവർക്ക് ഉണ്ടായിരുന്നു..!!

Leave a Reply

Your email address will not be published. Required fields are marked *