(രചന: J. K)
ചലനമറ്റു കിടക്കുന്നവളെ ഒന്നുകൂടി നോക്കി സഹദേവൻ ഒരിക്കൽ പ്രാണനായി കൊണ്ട് നടന്നവൾ എന്നുതന്നെ കയ്യിൽ നിന്ന് അകന്നു
പോയപ്പോൾ അത്രയും വിഷമം മറ്റേപ്പോഴും താൻ അനുഭവിച്ചിട്ടില്ലായിരുന്നു…
സങ്കടം സഹിക്കുന്നതിനും പരിധിയുണ്ടെന്ന് മനസ്സിലായത് അപ്പോൾ ആയിരുന്നു ആ പരിധിയും വിട്ട് ഒരുപാട് അകലത്തിൽ ആയിരുന്നു അവൾ പോയ സങ്കടം..
“” നീ തനിച്ചാവരുത് എന്ന് കരുതിയല്ലേ ഞാൻ വന്നത് എന്നിട്ട് എന്നെ തനിച്ചാക്കി നീ പോയല്ലോ രാധാമണി “”
എന്ന് പറയുമ്പോൾ ആ വൃദ്ധന്റെ വെള്ളാരം കണ്ണിൽ കണ്ണുനീർ പടർന്നിരുന്നു..
അവളുടെ മരവിച്ച ശരീരത്തിന് അരികിൽ ഒട്ടും താല്പര്യമില്ലാതെ രണ്ടുപേർ ഇരുന്നിരുന്നു, അവളുടെ മരുമക്കൾ രണ്ട് ആൺമക്കളുടെ ഭാര്യമാർ..
വരുന്നവരെല്ലാം അവരെ ആശ്വസിപ്പിക്കുന്നുണ്ട് അവർ കാണാനായി കണ്ണുനീരും അവർ കൃത്രിമമായി വരുത്തുന്നുണ്ട്…
ഒരുതുള്ളി സങ്കടം പോലും മനസ്സിൽ ഇല്ലാത്തവർ.. സങ്കടം മുഴുവൻ അയാൾക്ക് ആയിരുന്നു പ്രാണൻ പോയത് അയാളുടെ ആയിരുന്നു സഹദേവന്റെ…
അവളുടെ സ്വന്തക്കാർ എന്ന് പറയുന്നവരെല്ലാം അവഗണനയോടെ നോക്കുന്നുണ്ട് സഹദേവനെ… അവിടെ ഒരുപാട് ആളുകൾ ഉണ്ടായിപ്പോയി അല്ലെങ്കിൽ അവർ നേരിട്ട് തന്നെ പറഞ്ഞേനെ ഇറങ്ങി പൊയ്ക്കോളാൻ…
ഒരിക്കൽ അങ്ങനെ പറഞ്ഞതാണ് പക്ഷേ അന്ന് അവരെയെല്ലാം മറുപടി പറഞ്ഞു ഒതുക്കിയത് അവളാണ് രാധാമണി..
എന്ന് പക്ഷേ അവൾ ചലനമറ്റു കിടക്കുമ്പോൾ തകർന്നത് ആ ഒരാളാണ്..
അവളുടെ മരവിച്ച ശരീരത്തിനരികിൽ ചുമരും ചാരി അയാൾ ഇരുന്നു ഓർമ്മകൾ ഒരുപാട് വർഷം പുറകിലേക്ക് പോയി….
തെക്കേ പുറത്തുകാരുടെ തൊടിയിൽ നാളികേരം ഇടാൻ വരുന്ന ശങ്കരേട്ടന്റെ മകൻ സഹദേവന്, എന്നാണ് അവിടുത്തെ ചെമ്പക മണമുള്ള രാധാമണിയോട് സ്നേഹം തോന്നിയത് എന്ന് ആണെന്ന് അറിയില്ല..
അത് അവൾ വയസ് അറിയിക്കുന്നതിനും മുമ്പ് തുടങ്ങിയതായിരുന്നു..തുറന്നു പറയാൻ പേടിയായിരുന്നു വലിയ വീട്ടിലെ കുട്ടി.. പറഞ്ഞു അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന പേടി…
പക്ഷേ എന്നോ അവളും മനസ്സ് തുറന്നു എനിക്ക് അവളോടുള്ള പോലത്തെ ഇഷ്ടം അവൾക്ക് തിരിച്ചും ഉണ്ട് എന്ന്.. രണ്ടുപേരും നിസ്സഹായരായിരുന്നു.. പ്രണയം ഉള്ളിൽ മാത്രം ഒളിപ്പിച്ചു വെക്കാൻ വിധിച്ചവർ..
മുതിർന്നവരെ ഭയക്കാൻ മാത്രം പഠിച്ചവർ സ്വന്തം ഇഷ്ടം അവരുടെ മുന്നിൽ പറയാൻ ധൈര്യമില്ലാത്തവർ..
അതുകൊണ്ടാണ് അവൾക്ക് ഒരു നല്ല കല്യാണ ആലോചന വന്നപ്പോൾ ഒന്ന് എതിർക്കാൻ പോലും കഴിയാതെ അനുസരിക്കേണ്ടി വന്നത്…
അവളുടെ അവസ്ഥ അറിയാവുന്നതുകൊണ്ട് എനിക്ക് ഒട്ടും പരിഭവം ഇല്ലായിരുന്നു അവൾ വിവാഹം കഴിഞ്ഞു പോകുന്നത് കാണാനുള്ള ശക്തിയും…
ചെമ്പകമഠം തന്നിൽ നിന്ന് എന്നെന്നേക്കുമായി അകന്നു പോകുന്നത് നെഞ്ചുപൊട്ടി അയാൾ നോക്കി നിന്നു നിസ്സഹായതയോടെ…
പിന്നെ ഒരു ജീവിതത്തെ പറ്റി ചിന്തിക്കാൻ തോന്നിയില്ല അവളുടെ സ്ഥാനത്ത് മറ്റാരെയും കാണാനും.
എന്റെ ഓർമ്മകൾ അവളിൽ മറവി മായ്ച്ചു കളഞ്ഞിട്ടുണ്ടാകും എന്നായിരുന്നു എന്റെ ധാരണ പക്ഷേ അത് തെറ്റാണെന്ന് ഒരിക്കൽ മനസ്സിലായി വാർദ്ധക്യം രണ്ടുപേരിലും പിടിമുറുക്കിയപ്പോൾ…
അന്നവൾ എന്നോട് പറഞ്ഞത് എന്നെ മറന്നുകൊണ്ട് ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നാണ് കാര്യത്തിൽ
താലികെട്ടിയവനോട് പോലും നീതിപുലർത്താൻ ആയിട്ടില്ല എന്നിട്ടും അവൾ ഒരു നല്ല ഭാര്യയായിരിക്കാൻ ശ്രമിച്ചു…
അന്ന് അവളുടെ ഭർത്താവ് ഇഹലോകവാസം കഴിഞ്ഞിട്ടുണ്ടായിരുന്നു ആകെയുണ്ടായിരുന്ന രണ്ടാം ആൺമക്കൾ അവരുടെ മാത്രം കാര്യം
നോക്കി പോയിട്ടുണ്ടായിരുന്നു വലിയ വീട് അവളുടെ പേരിൽ എഴുതി കൊടുത്തു നാട്ടിലേക്ക് തിരിച്ചുവന്ന് ആ വലിയ വീട്ടിൽ അവൾ ഒറ്റയ്ക്ക്…
“”” സഹദേവന് ഇപ്പോഴും എന്നോടാ പഴയ ഇഷ്ടമുണ്ടെങ്കിൽ ഒരു ദിവസമെങ്കിലും നമുക്ക് ഒന്നിച്ചു കഴിയാമോ ഭാര്യാഭർത്താക്കൻ ആയി… “””
വാർദ്ധക്യത്തിൽ ഒരു കൂട്ട്…
മാംസ നിബന്ധമല്ല രാഗം ””” എന്നത് ഞങ്ങൾ രണ്ടുപേരും മാത്രം മനസ്സിലാക്കിയ ഒരു സത്യമാണ് ആളുകൾ അങ്ങനെയല്ല ഞങ്ങളെ കണ്ടത് എങ്കിൽ പോലും..
ഭർത്താവിന് വെച്ച് വിളമ്പിയും അയാളുടെ ഇമ്ഗീതത്തിന് വഴങ്ങിയും ഒരു ജീവിതം അതിൽ കൂടുതലൊന്നും അവളുടെ വിവാഹ ജീവിതം അവൾക്കൊന്നും സമ്മാനിച്ചിരുന്നില്ല…
ഒരു പ്രായം എത്തിയപ്പോൾ പറന്നുപോയ മക്കളും അവളെ കുറിച്ച് ചിന്തിച്ചില്ല.. അവരെല്ലാം അവരുടെ കാര്യങ്ങൾ നോക്കി തിരക്കിലായിരുന്നു അവർക്ക് വേണ്ടി ഒരു ആയുസ്സ് മുഴുവൻ കഷ്ടപ്പെട്ട അവൾക്ക് അവസാനം പറയാനുള്ളത് അവഗണനയുടെ കഥ മാത്രമായിരുന്നു…
ഇതുവരെയ്ക്കും ഞാൻ ജീവിച്ചത് ഒരു വിഡ്ഢിയുടെ കുപ്പായം അണിഞ്ഞാണ് സഹദേവൻ ഇനിയെങ്കിലും എനിക്ക് ജീവിക്കണം എന്റെ ഇഷ്ടത്തിനൊത്ത്.. ചിരിക്കാൻ തോന്നുമ്പോൾ ചിരിക്കാനും കരയാൻ തോന്നുമ്പോൾ കരയാനും പറ്റണം ഒരു ജീവിതം..
മറ്റുള്ളവരെ കാണും എന്നോർത്ത് ഒന്നും മറച്ചു പിടിക്കാതെയുള്ള ഒരു ജീവിതം.അത് കേട്ടപ്പോൾ ഞാനും അവളെ ചേർത്ത് പിടിച്ചു സഹതാപത്തിന്റ പേരിലല്ല സ്നേഹത്തിന്റെ പേരിൽ..
“”” വയസ്സാംകാലത്ത് ഒരു അവിഹിതം ഈ തള്ളക്ക് ഇത് എന്തിന്റെ കേടാ?? “”
എന്ന് ആരൊക്കെയോ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് ചെവിയിൽ വീഴുന്നുണ്ടായിരുന്നു..
അതുകേട്ട് അവൾ എന്റെ മുഖത്ത് നോക്കി ചിരിച്ചു..”” ഈ ആളുകളൊക്കെ എന്ത് പഴഞ്ചൻമാരാണ് അല്ലേ?? വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിച്ച്
ജീവിക്കുന്നവർ.. അവർക്കറിയില്ലല്ലോ മൂടിവച്ചത് പൊട്ടിച്ചു പുറത്തേക്കു വരുന്ന ചിത്രശലഭത്തിന്റെ സന്തോഷത്തെ പറ്റി…
അതെ ഞങ്ങളും ചിത്രശലഭങ്ങൾ ആയിരുന്നു മൂടിവച്ച പ്രണയത്തിന്റെ തോട് പൊട്ടിച്ച് പുറത്തേക്ക് വന്നു പ്രണയത്തിന്റെ ലോകത്ത് പാറിപ്പറക്കുന്ന രണ്ടു ചിത്രശലഭങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ അതിന് നിറം വേറെ യാണെങ്കിൽ കൂടി..
മൂന്നുവർഷം ഞങ്ങളുടെ ജീവിതം സ്വർഗ്ഗതുല്യമായിരുന്നു.. ആകെക്കൂടി അവളെ തേടി വന്നത് രണ്ട് ആൺമകളുടെ ഫോൺവിളികൾ ആയിരുന്നു.. അതും സുഖവിവരം അന്വേഷിക്കാൻ ഒന്നുമായിരുന്നില്ല…
ആരൊക്കെയോ അവരെ വിളിച്ച് അമ്മയെ പറ്റി പറഞ്ഞുകൊടുത്ത പരദൂഷണത്തിന്റെ ബാക്കിപത്രം അറിയാൻ…. ഭീഷണിപ്പെടുത്താൻ…. അവയെ അർഹിക്കുന്ന അവഗണനയോടെ അവൾ തള്ളി കളഞ്ഞു…
അവൾക്കേറെ ഇഷ്ടമുള്ള ചെമ്പകപ്പൂക്കൾ ഞാനൊരിക്കൽ സമ്മാനമായി കൊടുത്തു.. നരവീണ മുടിയിൽ ചൂടിക്കുമ്പോൾ ഇനി ഇതൊക്കെ വേണോ എന്ന് ചോദിച്ചു..
“” ചെമ്പകപ്രാന്തിക്ക് ഇത് എന്നും, ചേരും എന്നു പറഞ്ഞ് അവളുടെ മുടിയിൽ ചൂടി കൊടുക്കുമ്പോൾ മുറ്റത്ത് ഞാൻ പണ്ട് കൊണ്ടുവെച്ച ചെമ്പകത്തയ്യ് പൂക്കാൻ തുടങ്ങിയിരുന്നു…
പണ്ടും ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് നിനക്ക് ചെമ്പകത്തിന്റെ മണമാണ് എന്ന്…ഒരുപക്ഷേ ഭ്രാന്തിയെ പോലെ കുറെ എണ്ണം മുടിയിൽ ചൂടുന്നത് കൊണ്ടാവാം…
എന്റെ വീട്ടിലെ അന്തിച്ചോപ്പ് പോലെ ചുമന്ന ചെമ്പകപ്പൂവ് കൊണ്ട് കൊടുക്കുമ്പോൾ അവൾ പറഞ്ഞിരുന്നു ഇതിന്റെ ഒരു തൈ എന്റെ വീട്ടിലും കൊണ്ടുവന്ന് വച്ചു തരണേ എന്ന്..
അന്ന് കൊണ്ട് കൊടുത്തതാണ് അവൾക്ക്.. ഇന്നീ നിറയെ പൂക്കുന്ന ചെമ്പക തൈ..
ചെമ്പക മണമുള്ളവൾ എന്നെ നെഞ്ചിൽ ചാരിയിരുന്നു പറഞ്ഞു.. ദൈവത്തോട് ഞാനിപ്പോ കുറെ ആയുസ്സ് ചോദിക്കുകയാണ് എനിക്ക് ഈ ജീവിതം എനിക്കൊരു ഭ്രമമായി തീരുകയാണ് എന്ന്…
ചിരിയോടെ പറഞ്ഞിരുന്നു, ഞാനും നീയും ഇപ്പോൾ അടുത്തൊന്നും പോവില്ല എന്ന്…പക്ഷേ പിറ്റേദിവസം എന്നെ ചേർന്ന് കിടന്നവൾ മരവിച്ചിരുന്നു…ഹൃദയം നിലച്ചത് ആണത്രേ…””” ഇനി എടുക്കാം അല്ലേ?? “”
എന്നാരോ പറഞ്ഞത് കേട്ടാണ് ഓർമ്മകളിൽ നിന്ന് തിരിച്ചെത്തിയത് ഒരിക്കൽ പോലും ഒന്ന് അന്വേഷിക്കുക പോലും ചെയ്യാത്ത ആൺമക്കളാണ്
ഇപ്പോൾ അവളുടെ സ്വന്തക്കാരായി അപ്പുറവും ഇപ്പുറവും നിൽക്കുന്നത് എല്ലാമായി തീർന്ന ഞാൻ ആരുമല്ലാതായി..
ഉയരുന്ന അഗ്നിനാളങ്ങൾ അവളെ വിഴുങ്ങുമ്പോൾ എന്റെ ഉള്ളിലും അതിന്റെ നീറ്റൽ പടർന്നിരുന്നു…
“”” ഇനി എല്ലാ ഇത്തിൽ കണ്ണികളും ഇവിടെ നിന്ന് ഇറങ്ങിക്കോ!!!””എന്ന് ആളുകൾ പോയി തുടങ്ങിയപ്പോൾ അവളുടെ ചെറിയ മകൻ ഉറക്കെ പറയുന്നുണ്ടായിരുന്നു…
എന്നിട്ടും അവളുടെ ചിതയിലെ അവസാനതീനാളം വരെ കത്തിയമരുന്നത് വരെ ഞാൻ അവിടെ തന്നെ ഇരുന്നു..
പിന്നെ അവളോട് യാത്ര പറഞ്ഞു ആ പടി ഇറങ്ങി…
ആ പടിയിറങ്ങുമ്പോൾ അവിടുത്തെ ചെമ്പകത്തിന്റെ സുഗന്ധവും എന്റെ കൂടെ പടി ഇറങ്ങിപ്പോരുന്നുണ്ടായിരുന്നു..