മുത്ത്
രചന- Deva Shiju
മുറിക്കകത്തു നിന്ന് എന്തോ ഒരു ശബ്ദം കേട്ടതു പോലെ മുത്തിനു തോന്നി. അടുക്കളയിൽ നിന്നു കൊണ്ടു തന്നെ അവൾ എത്തിവലിഞ്ഞു നോക്കി.
വരാന്തയിൽ നിന്നും കയറിവരുന്ന മുറിയിൽ ഒരു നിഴലാട്ടം!”അച്ചാച്ചാ…. “ദിവാകരൻ അല്ലാതെ ആ സമയത്തു കേറി വരാൻ ആരുമില്ലെന്നറിയാവുന്നതുകൊണ്ട് അവൾ അടുക്കളയിൽ നിന്നു തന്നെ വിളിച്ചു നോക്കി.
സമയം ഉച്ചതിരിഞ്ഞു മൂന്നുമണി ആയതേ ഉള്ളൂ. പുറത്തു മഴക്കോളുള്ളതിനാൽ പുരയ്ക്കകത്ത് അത്ര വെളിച്ചം പോരാ. വാവ നല്ല ഉറക്കമാണ്. അവൾ ഉണരുമ്പോൾ കൊടുക്കാൻ വേണ്ടി അല്പം കുറുമ്പുല്ലിന്റെ പൊടി ശർക്കരയും ചേർത്തു കുറുക്കിയെടുക്കുകയായിരുന്നു അവൾ.
തന്റെ വിളിയ്ക്ക് മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ അവൾ അടുക്കളയിൽ നിന്ന് മുറിയിലേക്കു വന്നു. പെട്ടെന്ന് അവളുടെ തൊട്ടു മുന്നിലേക്ക് ഒരാൾ രൂപം കടന്നു വന്നു.
നടുങ്ങിപ്പോയി!! ഇരുട്ടിനു കട്ടപിടിച്ചതുപോലെ സജി! ഓട്ടോക്കാരൻ സജി! ദിവാകരന്റെ സന്തത സഹചാരി.
(കഥാപാത്രങ്ങൾ പരിചയം ഇല്ലെങ്കിൽ കഥയ്ക്ക് താഴെയുള്ള ലിങ്കിൽ ‘സന്തോഷത്തിന്റെ താക്കോൽ ‘ ഒരു വട്ടം വായിക്കുക )
“ഓ… ഹ്… പേടിപ്പിച്ചു കളഞ്ഞല്ലോ…. സജിയേട്ടനായിരുന്നോ?…..അച്ചാച്ചൻ പുറത്തു പോയതാ…”ശബ്ദത്തിലെ വിറയൽ ഒരുവിധം ഒളിപ്പിച്ച് ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞൊപ്പിച്ചു.
“ഉം…. എനിക്കറിയാം.. ” അയാളുടെ പരുപരുത്ത ശബ്ദത്തിനൊപ്പം ഏതാനും തുപ്പൽ തുള്ളികളും കൂടി മുത്തിന്റെ മുഖത്തേക്കു വീണു.
“അജയേട്ടൻ ഇവിടില്ല, ജോലിക്കു പോയതാ ഇനി ശനിയാഴ്ച വൈകിട്ടേ വരൂ…””അതുമറിയാം…. അവനു ജോലി ശരിയാക്കിക്കൊടുത്തത് ഞാനല്ലേ….?”
അപ്പോൾ ഇയാൾ വന്നത്……? മുത്തിന് അപകടം മണത്തു. അവൾ പതിയെ പിന്നോട്ടു നടന്ന് അടുക്കളയിലേക്ക് വലിയാൻ നോക്കി.
മൂക്കിൽ നിന്നു മാത്രം ശബ്ദം വെളിയിൽ വരുന്ന രീതിയിൽ ഒരു പ്രത്യേക ചിരി ചിരിച്ചു കൊണ്ട് സജി അവളുടെ വെപ്രാളം കണ്ടു നിന്നു.
“ഞാൻ നിന്നെയൊന്നു കാണാൻ തന്നെ വന്നതാ…. കൊല്ലം രണ്ടു കഴിഞ്ഞു എന്നു വച്ച് നമുക്ക് എല്ലാം അങ്ങനെ അങ്ങു മറക്കാൻ പറ്റുമോ മുത്തേ?”
“സജിയേട്ടൻ പോയേ….. ഞാൻ അച്ചാച്ചനെ വിളിക്കും…””ആഹാ….. വിളിക്ക്… കോന്ത്രമ്പല്ലൻ ദിവാകരൻ കഞ്ചാവു ബീഡിയും വലിച്ച് ദാ.. ആ ഒതുക്കു കല്ലിൽ ഇരിപ്പുണ്ട്.. ” അയാൾ വെളിയിലേക്ക് വിരൽ ചൂണ്ടി.
പണ്ട് സന്തോഷിന്റെ കാലുമടക്കിയുള്ള ഒരടിയിൽ അണപ്പല്ലുകൾക്കൊപ്പം മുൻവശത്തെ ഒരു പല്ലിന്റെ പാതിയും തെറിച്ചു പോയതാണ്. അതിൽപിന്നെ നാട്ടുകാർക്ക് ഓട്ടോക്കാരൻ ദിവാകരൻ കോന്ത്രമ്പല്ലൻ ദിവാകരൻ ആണ്.
നേരിൽ കാണുമ്പോഴെല്ലാം സജിയുടെ വൃത്തികെട്ട കണ്ണുകൾ തന്നെ കൊത്തിവലിക്കുന്നത് മുത്ത് അറിയാറുണ്ട്. അപ്പോഴെല്ലാം ഓടിയൊളിക്കാൻ ഒരിടം തേടി തന്റെ നെഞ്ച് ഉച്ചത്തിൽ ഇടിക്കുന്നത് അവൾക്കറിയാം.
പക്ഷേ സജിയെ പിണക്കാൻ വയ്യ! വലിയൊരു രഹസ്യം സൂക്ഷിപ്പുകാരിൽ താനും അജയനും ദിവാകരനും കഴിഞ്ഞാൽ നാലാമത്തെ ആളാണ് അയാൾ.
പിന്നോട്ടു നീങ്ങി ഭിത്തിയോടമർന്നു നിന്നിരുന്ന മുത്തിന്റെ മുടിയിഴകളെ തൊട്ടുരുമ്മിക്കൊണ്ട് ഒരു കൈ ഭിത്തിയേൽ കുത്തി മുഖം അവളുടെ മുഖത്തോടു മുഖം ചേർത്തു വച്ചു അയാൾ!
“ഇനിയുള്ള നാളുകൾ നിന്റെ അജയൻ പണിക്കു പോകും….. ദിവാകരൻ നമുക്ക് കാവലിരിക്കും.. സജി ഇങ്ങനെ ഈ മുത്തിനേക്കാണാൻ കയറിയിറങ്ങും….. എന്റെ കൊതി തീരുവോളം…”
ചുറ്റും വീടുകളുണ്ട് സജിയേട്ടാ…… ഞാൻ ഉച്ചത്തിൽ ഒന്നു കരഞ്ഞാൽ മതി, അവരെല്ലാം ഓടിയെത്തും… നിങ്ങൾ പോകുന്നോ അതോ…. ” അയാളുടെ ഉച്ചാസവായു വായു മുഖത്തു പതിക്കാതിരിക്കാൻ മുഖം തിരിച്ച് ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
“വിളിക്ക്….. നീ വിളിക്കടീ….. ഞാൻ പറയാം നിന്റെ ചരിത്രം നാട്ടുകാരോട്….”ഇന്നത്തെ കൊണ്ട് എല്ലാം തീരുകയാണെന്ന് മുത്തിനു മനസ്സിലായി. തന്നെ രക്ഷിക്കാൻ ആരും വരില്ല. ഒന്നുകിൽ ഇയാൾക്കു കീഴടങ്ങുക, അല്ലെങ്കിൽ ഒരു പറ്റം പാവങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിക്കൊണ്ട് താൻ മുറുകെപ്പിടിച്ചിരുന്ന ജീവന്റെ താക്കോൽ വലിച്ചെറിയുക.
“സജിയേട്ടാ…… ദയവുചെയ്ത് എന്നെ ഉപദ്രവിക്കരുത്….. ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.. പ്ലീസ്….. എന്റെ കുഞ്ഞിനെയോർത്തു…. പ്ലീസ്…..” രണ്ടു കൈകളും കൂപ്പിക്കൊണ്ട് അവൾ നിലത്തേക്കിരുന്നു.
“നിന്നെ ഉപദ്രവിക്കാൻ അല്ല മുത്തേ ഈ സജി ഇത്രയും കാലം കാത്തിരുന്നത്…… ഉപദ്രവിക്കാൻ ആയിരുന്നെങ്കിൽ അന്ന് നിന്റെ അമ്മാവൻ ആ തെണ്ടി ഇടിച്ച് എന്റെ താടിയെല്ലു തകർത്തപ്പോൾ ഞാൻ എല്ലാവരോടും വിളിച്ചു പറയില്ലായിരുന്നോ നിനക്ക് എന്താ സംഭവിച്ചത് എന്ന്……”
“…..പക്ഷേ ഇപ്പൊ…. ഇപ്പൊ നീ തീരുമാനിക്കണം എല്ലാം നാട്ടുകാർ അറിയണോ വേണ്ടയോ എന്ന്…”
മുത്തിന്റെ നട്ടില്ലിലൂടെ ഒരു വിറയൽ കടന്നു പോയി! ഒരിക്കലും മറക്കാനാവാത്ത…. ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ നശിച്ച ദിവസം….മുത്തിന് എല്ലാം നഷ്ടമായ ദിവസം…. അതിനെക്കുറിച്ചാണ് അയാൾ ഓർമിപ്പിക്കുന്നത്.
അപ്പയുടെയും അമ്മയുടെയും മുത്ത്! ചിരിയും സന്തോഷവും മാത്രം നിറഞ്ഞ നാളുകൾ. കൂട്ടുകാരികളോടൊത്തു ഉല്ലസിച്ചു കോളേജിൽ പൊയ്ക്കൊണ്ടിരുന്നപ്പോൾ മനസ്സിൽ കയറിക്കൂടിയ ഒരു പ്രണയം.പ്രവീൺ!
സുമുഖനും മാന്യനുമായ ചെറുപ്പക്കാരൻ! ഇഷ്ടമായിരുന്നു അവനെ, അവനും. ആ ഇഷ്ടങ്ങൾ പങ്കുവയ്ക്കാൻ കോളേജിൽ ഇടം കിട്ടാതെ വന്നപ്പോൾ വെറുതെ പറഞ്ഞതാണ് വീട്ടിലേക്കു വരാൻ. അമ്മ വീട്ടിൽ ഇല്ലാത്തതു കൊണ്ട് അപ്പ ഉണരുന്നതിനു മുൻപ്…..
അവൻ വന്നു. ഒരു ദിവസം അല്ല, എല്ലാ ദിവസവും. രാവിലെ നാലര മണിക്ക് വീടിനു പിന്നിലുള്ള പ്ലാവിന്റെ ചുവട്ടിൽ….. ഒരു ചെറുവിരൽസ്പർശം കൊണ്ടു പോലും അവൻ ശല്യപ്പെടുത്തിയില്ല…..സ്നേഹത്തോടെ വർത്തമാനം പറഞ്ഞും ശബ്ദമുണ്ടാക്കാതെ ചിരിച്ചും അപ്പാ ഉണരും വരെ എത്രയെത്ര പുലരികൾ.l
“മുത്തേ…. നിന്റെ അപ്പയിൽ നിന്ന് നിന്നെ വേർപെടുത്തിക്കൊണ്ട് പോകാൻ എനിക്കിഷ്ടമില്ല…. വിവാഹം കഴിഞ്ഞാലും നമ്മൾ ഇവിടെ താമസിക്കും…..” അതായിരുന്നു അവന്റെ വാക്ക്.
എന്നത്തേയും പോലെ അന്നും പ്രവീണിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. അരണ്ട പുലരി വെളിച്ചത്തിൽ നടന്നു വന്ന രൂപം അവനാണെന്നാണ് കരുതിയത്! പക്ഷേ തൊട്ടടുത്തെത്തിയപ്പോൾ തികച്ചും അപരിചിതനായ മറ്റൊരാൾ!
ആരാണ് എന്ന് ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും പിന്നിൽ നിന്ന് ആരോ വായപൊത്തി. മൂക്കിനു മുകളിൽ പിടിച്ചിരുന്ന പഞ്ഞിയുടെ നനവ് ശിരസ്സിനുള്ളിലേക്കു പടരുമ്പോഴും രക്ഷപ്പെടാൻ വേണ്ടി അവരുടെ കൈകളിൽ കിടന്നു കുതറിപ്പിടയുകയായിരുന്നു.
പതിയെപ്പതിയെ ബോധം മറയുമ്പോൾ, ശരീരം ബലഹീനമാകുമ്പോൾ അവരുടെ തമിഴ് ഭാഷയിലുള്ള സംസാരത്തിന്റെ ശകലങ്ങൾ മാത്രം ചെവികളിലേക്ക് തുളച്ചു കയറി. പിന്നീടെപ്പോഴോ ബോധം തെളിയുന്നതും ശബ്ദം താഴ്ത്തി തമിഴിലുള്ള സംസാരം കേട്ടുകൊണ്ടായിരുന്നു.
പതിയെപ്പതിയെ കണ്ണിലേക്കു വെളിച്ചം വീണപ്പോൾ ഞെട്ടിപ്പിടഞ്ഞു പോയി. ഏതോ പഴയൊരു കെട്ടിടത്തിന്റെ വെറും തറയിൽ കയ്യും കാലും തൂണോടു ചേർത്തു കെട്ടി പൂർണ്ണ നഗ്നയായി…….
അലറിക്കൂവിക്കരഞ്ഞു…. പക്ഷേ വായിൽ കുത്തിത്തിരുകിയിരുന്ന തുണിക്കഷണങ്ങളെ കടന്നു വെളിയിലേക്കു വരാൻ ആ ശബ്ദത്തിനു ശക്തിയില്ലായിരുന്നു.
പിച്ചിച്ചീന്തപ്പെട്ട ശരീരത്തിലേക്ക് വീണ്ടും ആർത്തിയോടെ നോക്കി അവർ സംസാരിക്കുന്നതിനിടക്ക് പുറത്തു നിന്ന് എന്തോ ശബ്ദം കേട്ടു…. ആരോ ആരെയോ വിളിക്കുന്ന പോലെ….
ശക്തിയായി കുതറി നോക്കി കെട്ടുകൾ പൊട്ടിക്കാൻ ശ്രമിക്കുമ്പോൾ കാൽ തട്ടി എന്തോ ഒന്നു മറിഞ്ഞു വീണു. ഒച്ച കേട്ട സ്ഥലം നോക്കി പാളികൾ ഇല്ലാത്ത വാതിലിലൂടെ ഒരാൾ അകത്തേക്കു വന്നു.
അതായിരുന്നു അജയൻ!എപ്പോഴോ എവിടെയൊക്കെയോ വെച്ച് കണ്ടിട്ടുണ്ട് ആ മുഖം, അതിൽക്കൂടുതൽ പരിചയം ഒന്നുമില്ല. പെട്ടന്ന് അവനെ കണ്ടപ്പോൾ തമിഴന്മാർ എന്തുചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു…. പിന്നെ ഒരാക്രമണത്തിന് മുതിരാതെ പിൻവശത്തുകൂടി പുറത്തേക്ക് ഓടി.
പെട്ടെന്നുള്ള അമ്പരപ്പ് മാറിയപ്പോൾ ഉടുത്തിരുന്ന കൈലി മുണ്ടുരിഞ്ഞു തന്നെ പുതപ്പിച്ചു കയ്യിലെയും കാലിലെയും കെട്ടുകൾ അഴിച്ച് വായിൽത്തിരുകിയ തുണിയും എടുത്തു മാറ്റിയിട്ട് അയാൾ ചോദിച്ചു.
“ഷാജിയേട്ടന്റെ മോളല്ലേ നീ..?”വിതുമ്പി വിതുമ്പിക്കരഞ്ഞുകൊണ്ട് അവൾ തലയാട്ടി…..അതേയെന്ന്.
ഇരുന്നിടത്തുന്ന് അജയൻ അവളെ താങ്ങിയെഴുന്നേൽപ്പിക്കുമ്പോഴേക്കും ദിവാകരൻ അങ്ങോട്ടേക്ക് ഓടിയെത്തി. മകനെയും മുത്തിനെയും അങ്ങനെയൊരാവസ്ഥയിൽ കണ്ട് അയാൾ നടുങ്ങിപ്പോയി.
“അജയാ…. നീയെന്താ ഇവിടെ?””അച്ചാച്ചാ….. ഇതു കണ്ടോ… ഈ പെങ്കൊച്ചിനെ രണ്ടു തമിഴൻമാരു കൂടി…… ” അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ ദിവാകരൻ വീണ്ടും അലറി.
“നീയെന്തിനിവിടെ വന്നു….?””ഇതു നല്ലകൂത്ത്…. ഇന്നലെ എവിടെ ആയിരുന്നു? രാത്രി വരാത്തത്കൊണ്ട് അച്ചാച്ചനെ തപ്പി ഇറങ്ങീതാ…. അപ്പോഴാ ഓട്ടോ തീയേറ്ററിന്റെ വാതുക്കൽ കിടക്കുന്ന കണ്ടത്…..”
അപ്പോഴേക്കും ദിവാകരന്റെ പിന്നാലെ സജിയും കയറി വന്നു.മുത്ത് പുതച്ചിരുന്ന കൈലി ഇറുക്കിപ്പിടിച്ചു പരമാവധി അജയന്റെ പിന്നിലേക്ക് ഒളിച്ചു..
“അല്ലാ…. അച്ചാച്ചനും സജിയേട്ടനും എന്നാടുക്കുവാ ഇവിടെ?””അത്…… ഞാനും സജിയും നൈറ്റ് ഒരോട്ടം പോയി വരുന്ന വഴിയാ….. ഇവിടെത്തിയപ്പഴാ ഈ ഇടിഞ്ഞു വീഴാറായ തീയേറ്റർ കെട്ടിടത്തിൽ ആരോ ഒള്ള പോലെ തോന്നിയെ…. നോക്കാമെന്നു വച്ചു കയറിയതാ….” ദിവാകരൻ വാക്കുകൾക്ക് വേണ്ടി വിഷമിച്ചു.
“എടാ….ഇതാ…. ഇതു നീയാ പെണ്ണിനു കൊടുക്ക്….” സജി ഷർട്ടിനു മുകളിൽ ഇട്ടിരുന്ന കാക്കി ഊരി അജയന് നേരെ എറിഞ്ഞു കൊടുത്തു.
അവർ രണ്ടാളും വെളിയിൽ എത്തുമ്പോൾ സജിയും ദിവാകരനും ഓട്ടോയിൽ ഉണ്ടായിരുന്നു.
“വാ…. പെങ്കൊച്ചിനെ ഷാജിയെ ഏല്പിക്കാം….” ദിവാകരൻ പറഞ്ഞു.മുത്ത് ഒന്നു നടുങ്ങി! ഇതുവരെ എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്നു മാത്രമേ കരുതിയുള്ളൂ.
അപ്പയിതറിഞ്ഞാൽ….?നാട്ടുകാരറിഞ്ഞാൽ…? സ്വന്തം മകളെ സംരക്ഷിക്കാൻ പറ്റാത്ത അപ്പൻ എന്ന് ആ മുഖത്തു കാർക്കിച്ചു തുപ്പും. അപ്പ പിന്നെ ജീവിച്ചിരിക്കുമോ..?
ഒരു പിഴച്ച പെണ്ണായി അപ്പയുടെ മുത്ത്..,…? അവളുടെ തലച്ചോറിനുള്ളിൽ ഒരു കടന്നൽ കൂടിളകി. ഇനി ഈ ജീവിതം വേണ്ട!
“നിങ്ങളു പൊയ്ക്കോ…ഞാൻ വരില്ല .. എനിക്കിനി ജീവിക്കണ്ട….”‘ കരഞ്ഞു കൊണ്ട് അവൾ നിലത്തേക്കിരുന്നു. അവർ മൂന്നുപേരും എത്ര പറഞ്ഞിട്ടും അവൾ ഇരുന്നിടത്തുനിന്നും അനങ്ങാൻ കൂട്ടാക്കിയില്ല.
“ഒരു കാര്യം ചെയ്യാം….. ഞാൻ പോയി ഷാജിയെ വിളിച്ചുകൊണ്ടുവരാം…. നിങ്ങളിവൾക്ക് കാവൽ നിക്ക്..” ദിവാകരൻ ഒരു പോംവഴി കണ്ടു പിടിച്ചു. അയാൾ പോകാൻ തയ്യാറായി ഓട്ടോയിൽ കയറുമ്പോൾ അജയൻ പിന്നിൽ നിന്ന് വിളിച്ചു.
“അച്ചാച്ചൻ ഒന്നു നിന്നേ…. “എന്നിട്ട് അവൻ പതിയെ മുത്തിന്റെ അടുത്ത് ഇരുന്നു. “…. ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ?”ഞെട്ടിപ്പിടഞ്ഞുപോയി മുത്ത്!”നീയെന്തു ഭ്രാന്താ അജയാ ഈ പറയുന്നത്….?” ദിവാകരൻ ഒച്ചയിട്ടു.
“ഇവളെന്തു തെറ്റു ചെയ്തു അച്ചാച്ചാ…..? നമ്മൾ ഉപേക്ഷിച്ചാൽ ഇവൾ പിന്നെ ജീവിച്ചിരിക്കില്ല. ഇപ്പൊ ഇക്കാര്യം അറിയാവുന്നത് നമ്മൾ നാലുപേർ മാത്രം അല്ലേ….. ഞാൻ ഇവളെ കല്യാണം കഴിച്ചു കൊള്ളാം….”
സജി ദിവാകരനെ വിളിച്ചുകൊണ്ട് അപ്പുറത്തേക്ക് പോയി എന്തൊക്കെയോ ആലോചിച്ച ശേഷം തിരിച്ചു വന്നു.
“ഞാൻ സമ്മതിക്കാം പക്ഷേ ഒരു കണ്ടീഷൻ…. ഇനിയൊരിക്കലും ഈ കൊച്ചിന് ഷാജിയുമായിട്ടോ ആ കുടുംബവുമായിട്ടോ ഒരു ബന്ധവും ഉണ്ടാകാൻ പാടില്ല…”
അജയൻ പതിയെ മുത്തിന്റെ താടിയിൽ പിടിച്ചുയർത്തി.”നോക്ക്…. എനിക്ക് നിന്റെ പേരു പോലും അറിയില്ല….. പക്ഷേ ഷാജിയേട്ടനെ നന്നായറിയാം.. നിനക്ക് എന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞാൽ ആ മനുഷ്യൻ പിന്നെ ജീവിച്ചിരിക്കും എന്നു തോന്നുന്നുണ്ടോ…..?”
അവൾ ആദ്യമായി അജയന്റെ കണ്ണുകളിലേക്കു നോക്കി. കറുത്തു മെലിഞ്ഞ ആ ശരീരത്തിനുള്ളിലെ സ്നേഹത്തിന്റെ ആഴം അവൾ അറിഞ്ഞു.
“….. നീയായിട്ട് ബന്ധം ഇല്ലാതാക്കേണ്ടി വരില്ല…. എന്നെപ്പോലൊരുത്തന്റൊപ്പം ജീവിക്കാൻ നീ തീരുമാനിച്ചു എന്നറിഞ്ഞാൽ അവർ താനേ മുറിച്ചു കൊള്ളും എല്ലാ ബന്ധങ്ങളും…… പിന്നെ ഇന്നിവിടെ നടന്ന സംഭവങ്ങൾ ഇനിയൊരാൾ അറിയില്ലെന്നത് അജയന്റെ വാക്കാണ്…”
മുത്തിന് ആ കൈ പിടിക്കാൻ തോന്നി…. അങ്ങനെ തന്നെ ചെയ്തു അവൾ.അപ്പയുടെയും അമ്മയുടെയും മുന്നിൽ പിടിച്ചു നിക്കാൻ കഴിയില്ല എന്ന് അറിയാമായിരുന്നു. ആ കണ്ണീരും സങ്കടവും രണ്ടു വട്ടം കണ്ടാൽ മുത്ത് മനസ്സിനു ചുറ്റും കെട്ടിയ ഏതു കോട്ടയും പൊളിഞ്ഞു വീഴുമെന്ന് ഉറപ്പായിരുന്നു.
അതുകൊണ്ടു തന്നെ വെറുപ്പാണ് എന്ന ഒറ്റവാക്കിൽ പ്രതിരോധം തീർത്തു.പൊട്ടിത്തകർന്ന ഹൃദയത്തോടെ വാതിൽ കൊട്ടിയടച്ചു.
അന്നു മുതൽ അപ്പയുടെയും അമ്മയുടെയും ജീവിതം ദൂരെ നിന്നു കണ്ടു സമാധാനിച്ചിട്ടേ ഉള്ളു….. ജീവിക്കാനുള്ള അവരുടെ വാശി കൂട്ടാൻ ആണ് സ്വത്തിനു വേണ്ടി പോലിസ് സ്റ്റേഷൻ വരെ പോയത്….
കഷ്ടപ്പാടും ദുരിതവും എന്താണെന്നു അറിയുമ്പോഴും അജയേട്ടൻ പറയും….. സാരമില്ല മുത്തേ നമ്മൾ ജീവിക്കുന്നുണ്ടല്ലോ….. നിന്റെ അപ്പയും അമ്മയും നമ്മളെക്കാൾ നന്നായി ജീവിക്കുണ്ടായിരിക്കും.
“എന്താടീ ഇതിലിത്ര ആലോചിക്കാൻ ഇരിക്കുന്നത്……? “അവളുടെ ചിന്തകളെ നടുക്കിക്കൊണ്ട് സജി അവൾക്കരുകിലേക്ക് ഇരുന്നു.
“സജിയേട്ടാ….. അന്ന് ഞാനറിയാതെ സംഭവിച്ച ഒരു തെറ്റ്….. പക്ഷേ നിങ്ങൾ എന്റെ ശരീരത്തിൽ തൊട്ടാൽപ്പിന്നെ ഞാൻ ജീവിച്ചിരിക്കില്ല….”
“എന്നാപ്പിന്നെ നീ എപ്പോഴേ ചാകണ്ടീതായിരുന്നെടീ….?”അവളുടെ കണ്ണുകൾ ഒന്നു പിടഞ്ഞുണർന്നു.
“നീ എന്താ ഓർത്തോണ്ടിരിക്കുന്നേ…? അന്നു നിന്നെ കടിച്ചു തുപ്പിയത് തമിഴന്മാർ ആണെന്നോ…??
അവർ വെറും കൂലിക്കാർ അല്ലേടീ…. ആയിരമോ രണ്ടായിരമോ കൊടുത്താൽ ഏതു പണിയും ചെയ്യുന്ന കൂലിക്കാർ…… നിന്റെ ശരീരത്തിന്റെ രുചിയറിഞ്ഞ ആദ്യത്തെ പുരുഷൻ ഈ സജി തന്നെയാടീ……”
ഞെട്ടിത്തരിച്ചു പോയി അവൾ!”അച്ചാച്ചാ…… ” അവൾ അലറി വിളിച്ചു. വാവ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് ഉറക്കെ കരയാൻ തുടങ്ങി.
“ആഹ്…. ദാണ്ടേ കിടക്കുന്നു വീണ്ടും കോന്ത്രമ്പല്ലൻ…… എടീ നിനക്കറിയാമോ, ദിവസങ്ങളോളം ഉറക്കമിളച്ചു നിന്റെ വീടിന്റെ ചുറ്റും നടന്നതും നിനക്ക് സ്‌കെച്ച് ഇട്ടതും എന്തിന്….. അന്നു നിന്നെ പൊക്കി പഴയ അഹല്യ ടാകീസിന്റെ അകത്തു കൊണ്ടിടാൻ എന്റെ തമിഴൻ പിള്ളേർക്ക് കൂട്ടു നിന്നതും നിന്റെ അമ്മായയച്ഛൻ ദിവാകരൻ തന്നെയാ…….”
കണ്ണുകൾ രണ്ടും മിഴിഞ്ഞു വിറങ്ങലിച്ച് ഒരു ശിലപോലെയായിപ്പോരുന്നു മുത്ത്!”സജിക്ക് പെണ്ണ് ഒരു ലഹരിയാണെങ്കിൽ ദിവാകരന് കള്ളും കഞ്ചാവും ലഹരിയാണെടീ….. അതിനു വേണ്ടി അയാൾ എന്തും ചെയ്യും…..ദാ ഇന്ന്…. ഇപ്പോൾ പോലും ഞാൻ കൊടുത്ത രണ്ടു കഞ്ചാവു ബീഡിയുടെ വിലയ്ക്ക് നിന്നെ എനിക്കു തീറെഴുതിത്തന്നിട്ടു കാവലിരിക്കുവാ നിന്റെ…. ‘അച്ചാച്ചൻ ‘. ”
സജിയുടെ മുരൾച്ച നിന്നപ്പോൾ വാവയുടെ കരച്ചിൽ വീണ്ടും ഉയർന്നു.”സജി ഇനിയും വെയിറ്റ് ചെയ്യാൻ തയ്യാറായിരുന്നെടീ…. ഈ കൊച്ചിന്റെ മുലകുടി ഒക്കെ ഒന്നു മാറി നീ ഒന്നുകൂടി തുടുത്തു മിനിങ്ങുന്നതുവരെ…..
പക്ഷേ നിന്റെ അപ്പനും അമ്മേം തിരിച്ചു വന്ന് ആ ചത്തുപോയ സന്തോഷ് ഇല്ലേ അവന്റെ വീട്ടിൽ താമസമാക്കി എന്നു കേട്ടു……. ഷാജിയുടെ അടുത്തെങ്ങാനും നീ എത്തിയാൽപ്പിന്നെ നിന്നെ ദൂരെ നിന്നു കാണാൻ പോലും എനിക്ക് വിറക്കും……..”
ഒരു നിമിഷം കൊണ്ട് മുത്തിന്റെ കണ്ണിൽ വല്ലാത്തൊരു തിളക്കം നിറഞ്ഞു…… അപ്പയും അമ്മയും തിരിച്ചെത്തിയിരിക്കുന്നു…….”
“….. ആഹ് പിന്നെ… ഒരു കാര്യം വിട്ടുപോയി…. നിന്റെ അമ്മാവൻ ഇല്ലായിരുന്നോ…. ക്വിന്റൽ സന്തോഷ്… ബൈക്കിൽ ലോറിയിടിച്ചു ചത്തില്ലിയോ…. ആ ലോറി ഓടിച്ചിരുന്നത് എന്റെ ഒരു തമിഴൻ ചെക്കൻ ആയിരുന്നു……അവന്റെ ഇടി കിട്ടിയ എന്റെ താടിയെല്ലിന്റെ പൊട്ടൽ കരിഞ്ഞു തീരും മുൻപേ അവനെ ഞാൻ തീർത്തു മോളേ……”
തന്നെ സ്വന്തം അനിയത്തിയെപ്പോലെ തോളിലിട്ടു വളർത്തി ഒടുവിൽ ‘റൗഡി ‘ എന്നു വിളിച്ച് ആക്ഷേപിച്ചു താൻ ഇറക്കി വിട്ട തന്റെ സന്തോഷ് മാമൻ!!
സജി ഇടതു കൈ കൊണ്ട് അവളുടെ കവിളിൽ ഞെക്കിപ്പിടിച്ചുകൊണ്ട് അരണ്ട വെളിച്ചത്തിൽ ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി…..
“ഇതെല്ലാം ഉറക്കെ വിളിച്ചു പറഞ്ഞ് എന്നെയങ്ങു ഒലത്തിയേക്കാം എന്നായിരിക്കും അല്ലേ നീയിപ്പോ വിചാരിക്കുന്നത്…….. പറയടീ ധൈര്യമുണ്ടെൽ…. സജി പെഴപ്പിച്ച പെണ്ണിനെയാ അജയൻ തലേൽ ചുമക്കുന്നത് എന്നു കൂടി നാട്ടുകാർ അറിയട്ടെ…..അപ്പൊ കാണാം ഇവിടെ ആരൊക്കെ ചത്തു തുലയുമെന്ന്…”
മുത്ത് ഇടതു കൈ കൊണ്ട് തന്റെ കവിളിൽ പിടിച്ചിരുന്ന സജിയുടെ കയ്യിൽ പിടിച്ചു. അവളുടെ വലതു കൈ തറയിൽ അവൾക്കു പിന്നിലുള്ള തടിയലമാരയുടെ പിറകിൽ രാകി മൂർപ്പിച്ചു വച്ചിരുന്ന റബ്ബർ ടാപ്പിങ് കത്തിയുടെ പിടിയിൽ മുറുകി.
പുറത്ത് ഒതുക്കുകല്ലിൽ പടിഞ്ഞിരുന്ന കഞ്ചാവിന്റെ പുക ആസ്വദിക്കുകയായിരുന്നു ദിവാകരൻ. പെട്ടെന്നുള്ള ഒരലർച്ച അയാളെ നടുക്കിക്കളഞ്ഞു!
“പോയി ചാകടാ നായേ…. ” മുത്തിന്റെ ആക്രോശത്തിനൊപ്പം തുറന്നിട്ട വാതിലിലൂടെ സജി വേച്ചു വേച്ചു വെളിയിലേക്കു വന്നു. അയാളുടെ തൊണ്ണക്കുഴിയിൽ തറഞ്ഞിരുന്ന ടാപ്പിങ് കത്തിയിലൂടെ ചോര ചീറ്റിയൊഴുകുന്നുണ്ടായിരുന്നു.
തൊട്ടു പിന്നാലെ ഉറക്കെ കരയുന്ന വാവയെ ഒക്കെത്തെടുത്തു കൊണ്ട് മുത്ത്! അവളുടെ ദേഹം മുഴുവൻ ചോര ചീറ്റിത്തെറിച്ചിരുന്നു.
ഒരു നിമിഷം കൊണ്ട് ദിവാകരന്റെ കഞ്ചാവിന്റെ കെട്ടിറങ്ങിപ്പോയി. മുത്തിന്റെ കണ്ണിലേക്കു നോക്കിയപ്പോൾ ഒരു വിറയൽ അയാളുടെ ശരീരത്തു പടർന്നു. അറിയാതെ തന്നെ രണ്ടുതുള്ളി മൂത്രം ഇറ്റു വീണു.
കാലുകൾ പിന്നോട്ട് എടുത്തുവച്ച അയാൾ ഒതുക്കുകല്ലിൽ തട്ടി താഴേക്ക് വീണുരുണ്ട് റോഡിൽ വീണു. അവിടുന്നു ചാടി എഴുന്നേറ്റു അഴിഞ്ഞു വീണ ഉടുമുണ്ട് പോലും എടുത്തുടുക്കാതെ വെടികൊണ്ട പന്നിയെപ്പോലെ ഓടി.
പിറ്റേന്നു വെളുപ്പിന് പോലിസ് സ്റ്റേഷനിലെ ലോക്അപ്പ് മുറിയുടെ അഴികളിൽ തട്ടിക്കൊണ്ട് എസ് ഐ മുത്തിനോട് ചോദിച്ചു.
“നിനക്ക് നിന്റെ കെട്ട്യോനോട് സംസാരിക്കണോ…?”അവൾ പതിയെ കണ്ണുകൾ ഉയർത്തി. രണ്ടു പോലീസുകാർ വിലങ്ങണിയിച്ചു കൊണ്ടു വരുന്ന അജയനെക്കണ്ട് മുത്ത് ചാടി എഴുന്നേറ്റു.
“മുത്തേ…..””അജയേട്ടാ…… ഏട്ടനിതെന്തു പറ്റി…” അവൾക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
“കുറേ നാളുകളായി മനസ്സിൽ വിങ്ങി വിങ്ങി നിന്നിരുന്ന ഒരു തെറ്റു ഞാനങ്ങു തിരുത്തി മുത്തേ….. ആ പഴയ തീയേറ്ററിൽ ഒളിച്ചിരുന്ന അപ്പനെ ഞാൻ കൊന്നു..”
“ഏട്ടാ….. ” കമ്പിയഴികളിൽ തെരുപ്പിടിച്ച അജയന്റെ കൈകളിൽ മുറുകെപ്പിടിച്ചു കൊണ്ട് മുത്തു ചോദിച്ചു “….. ഏട്ടനെങ്ങനെ അറിഞ്ഞു എല്ലാം…?”
“അന്ന് അച്ചാച്ചന്റെ ഓട്ടോ പഴയ തീയേറ്ററിന്റെ മുറ്റത്തു കിടക്കുന്നതു കണ്ട് അപ്പനെത്തേടി വന്ന എനിക്ക് ആദ്യം കിട്ടിയത് നിന്റെ ഒരു പാദസ്വരമാണ്…… അച്ചാച്ചന്റെ ഓട്ടോയുടെ സീറ്റിൽ നിന്ന്, അതിന്റെ ജോഡി നിന്റെ കാലിൽ കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാണ് മുത്തേ……””ഏട്ടാ…. അപ്പോ എല്ലാം അറിഞ്ഞുകൊണ്ട്…..”
“എല്ലാം അറിഞ്ഞിട്ടും ഞാൻ ക്ഷമിച്ചില്ലേ….. ഭൂമിയോളം താഴ്ന്നില്ലേ….എന്നിട്ട് നീ ഇപ്പൊ എവിടെയാ..? ഇനി വയ്യ… നമുക്കും ഒരു മോളില്ലേ….?”
“അയ്യോ ഏട്ടാ….. വാവ….?””ഒന്നും പേടിക്കണ്ട മുത്തേ….. അവൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് ഇപ്പൊ ഉള്ളത്. നമുക്ക് സമാധാനത്തോടെ പോയി തിരിച്ചു വരാം മുത്തേ….. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ അവിടെ സുരക്ഷിതമാണ്.”
അപ്പോൾ ഒരു കൊച്ചുവീടിന്റെ വരാന്തയിലെ ചാരുകസേരയിൽ ഷാജിയുടെ നെഞ്ചത്തു ഒന്നുമറിയാതെ കമിഴ്ന്നുകിടന്ന് ഉറങ്ങുകയായിരുന്നു ആ താക്കോൽ.