വെയിൽ മറന്നവൾ
(രചന: Jolly Shaji)
ജൂലിയറ്റ് ഞാൻ അവളെ അങ്ങനെ വിളിക്കട്ടെ… പതിനേഴു വയസ്സിൽ വിവാഹിത ആയതായിരുന്നു അവൾ…
പുറമെ കാണുന്നവർക്കു വളരെ സൗമ്യനായ ഭർത്താവിനെ ലഭിച്ച അവൾ എത്ര ഭാഗ്യവതിയാണ്.. വിവാഹം കഴിഞ്ഞ് ആ കൈപിടിച്ച് അയാളുടെ വീട്ടിൽ കയറിയത് മുതൽ അവളുടെ കഷ്ടതകൾ തുടങ്ങുകയായിരുന്നു…
എന്തിനും ഏതിനും കുറ്റം മാത്രം കണ്ടെത്തുന്ന ഭർത്താവ്.. അടുക്കളയിൽ കറിക്കരിയുന്ന പച്ചക്കറി വലുപ്പം കൂടിപ്പോയാൽ പോലും ചീത്തവിളിക്കുന്ന അമ്മായിയമ്മ,..
വീടിനകം അടിച്ചു തൂത്തതിന് പിറകെ ഒന്നുകൂടി ക്ലിയർ ആക്കി അടിച്ച് അല്പം പൊടിയും പൊക്കി പിടിച്ച് വന്നു കളിയാക്കുന്ന നാത്തൂൻ…
കറികളുടെ എണ്ണത്തിൽ കുറവ് വന്നാൽ ദേഷ്യത്തോടെ പപ്പടം കുത്തിപൊടിക്കുന്ന അമ്മായിയപ്പൻ… ഇങ്ങനെ ഒരു കുടുംബത്തിൽ ആകെ അവൾക്ക് ആശ്വാസം അദ്ദേഹത്തിന്റെ അനുജൻ മാത്രമായിരുന്നു…
ഗർഭിണിയായ ചേട്ടത്തിക്കു ഇഷ്ടമുള്ള പലഹാരങ്ങളും, പഴുത്തതും പച്ചയുമായ മാങ്ങയും എല്ലാം എത്തിക്കുന്നത് അവനാണ്…
വെള്ളം കോരിക്കൊടുത്തും വിറകു വെട്ടി കൊടുത്തുമൊക്കെ അവളെ സഹായിക്കാൻ ആകെ ആ വീട്ടിൽ മനസ്സ് ഉണ്ടായിരുന്നതും അവനാണ്…
എല്ലാ സങ്കടങ്ങളും അവൾ സ്വന്തം അപ്പച്ചനോടോ അമ്മയോടോ പറഞ്ഞില്ല.. കാരണം തനിക്കു താഴെ രണ്ട് പെൺകുട്ടികൾ കൂടി വളർന്നു വരുവല്ലേ…
ഏഴാം മാസത്തിൽ കൂട്ടികൊണ്ട് പോകാൻ അപ്പച്ചനും അമ്മച്ചിയും വന്നപ്പോൾ ആ വീട്ടിൽ ഉള്ളവരുടെ ആകെ സങ്കടം നാളെ മുതൽ ഒറ്റയ്ക്ക് വീട്ടുജോലികൾ ചെയ്യണമല്ലോ എന്നതായിരുന്നു…
അനിയൻ പക്ഷെ ഒത്തിരി സങ്കടത്തോടെ പറഞ്ഞു.“ഏട്ടത്തി പോകുന്നതിൽ എനിക്ക് നല്ല സങ്കടം ഉണ്ട് പക്ഷെ പൊയ്ക്കോ.. കുറച്ചു ദിവസം എങ്കിലും റസ്റ്റ് കിട്ടുമല്ലോ…”
അങ്ങനെ കാലങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു… ജൂലിയറ്റിന്റെ ഭർത്താവിന് വിയർപ്പിന്റെ അസുഖം ഉള്ളതിനാൽ പലദിവസങ്ങളിലും പണിക്കു പോകാറില്ല…
അമ്മായി അപ്പന്റെയും അമ്മായി അമ്മയുടെയും ചിലവിൽ കഴിയുന്ന ജൂലിയറ്റിനും മക്കൾക്കുമാണ് ക്ളീറ്റസ് ജോലിക്ക് പോകാത്തതിന് ചീത്ത വിളികിട്ടുന്നത്..
ഒരു ദിവസം രണ്ടും കല്പിച്ചവൾ മക്കളെയും കൂട്ടി ദൂരെ തന്റെ അമ്മവീട്ടിലേക്കു പോയി….
ക്ളീറ്റസ് കാര്യമെന്തൊക്കെ പറഞ്ഞാലും അവളെയും മക്കളെയും കാണാതെ ഒരന്തി പോലും ഉറങ്ങില്ല… അത് നന്നായി അറിയാവുന്നതു കൊണ്ടാണ് അവൾ പോയത്…
പണിക്കു പോയ ക്ളീറ്റസു വന്നപ്പോൾ ഭാര്യയും മക്കളും വീട്ടിലില്ല… അമ്മയുമായി ഒന്ന് രണ്ട് പറഞ്ഞ് പിണങ്ങി പോയെന്നു മാത്രം അനിയൻ പറഞ്ഞു…
“എടാ അവൾ എവിടെക്കാ പോയത്..”“ആ എനിക്കറിയില്ല…”“എടാ പറയെടാ നിന്നോട് പറയാതെ അവൾ പോകില്ല…”ഒടുവിൽ അനിയൻ പറഞ്ഞു കാര്യങ്ങൾ…
പിറ്റേന്ന് പുലർന്നപ്പോൾ തന്നെ ക്ളീറ്റസ് അവർക്കരികിലേക്ക് പോയി..അമ്മാച്ചനും അമ്മായിയും മക്കളുമൊക്കെ സ്നേഹത്തോടെ അവനെ ഉപദേശിച്ചു…. അവരുടെ തീരുമാനപ്രകാരം അവിടെ അടുത്തൊരു കമ്പനിയിൽ ക്ളീറ്റസിനു പണി വാങ്ങിക്കൊടുത്തു…
ചെറിയൊരു വീടും വാടകയ്ക്ക് എടുത്തു കൊടുത്തു…. അത്യാവശ്യം പെരുമാറാൻ വീട്ടുസാധനങ്ങളും അമ്മാച്ചൻ അവർക്കു കൊടുത്തു..
വിവാഹം കഴിഞ്ഞ് അഞ്ചാറു വർഷത്തിന് ശേഷമാണ് ജൂലിയറ്റ് സന്തോഷം എന്തെന്ന് അറിഞ്ഞു തുടങ്ങിയത്…
പക്ഷെ ആ സന്തോഷത്തിന് ഇടയിലേക്കാണ് ഒരാക്സിഡന്റ് രൂപത്തിൽ കഷ്ടകാലം കടന്നുവന്നത്….
കൂട്ടുകാരനൊപ്പം ബൈക്കിൽ പോവുകയായിരുന്ന ക്ളീറ്റസിനെ പിന്നിലൂടെ വന്ന ഒരു ലോറി തട്ടിത്തെറിപ്പിച്ചു…
റോഡിൽ തെറിച്ചു വീണ ക്ളീറ്റസിന്റെ നെട്ടെല്ലിന്നാണ് ക്ഷതം സംഭവിച്ചത്… ഒരുപാട് പൈസ ചികിത്സക്കായി ചിലവായി… വീട്ടുകാരും നാട്ടുകാരുമൊക്കെയാണ് ചികിത്സക്ക് പണം കണ്ടെത്തിയത്…
കുറേ ചികിത്സ നടത്തിയെങ്കിലും ക്ളീറ്റസ് പഴയ രീതിയിലേക്ക് തിരിച്ചു് വന്നില്ല….അത്യാവശ്യം വീടിനകത്തു നടക്കുമെന്ന അവസ്ഥ ആയി അയാൾക്ക്…. വീട്ടുചിലവും കുട്ടികളുടെ പഠനവും എല്ലാം കൂടി മുന്നോട്ട് കൊണ്ടുപോകുന്നത് എങ്ങനെ എന്നത് ജൂലിയറ്റിനു മുന്നിൽ ഒരു ചോദ്യച്ചിഹ്നമായി മാറി…
അങ്ങനെയാണ് അവൾ അടുത്തൊരു വീട്ടിൽ അടുക്കളയിൽ സഹായിക്കാൻ പോയിതുടങ്ങിയത്…
അവിടെ ഉണ്ടാക്കുന്ന ഭക്ഷണം അവൾക്ക് കഴിക്കാൻ കൊടുക്കുന്നത് അവൾ ഒരിക്കലും കഴിക്കാറില്ല അത് പൊതിഞ്ഞുകെട്ടി മക്കൾക്കും ഭർത്താവിനും കൊണ്ടുപോയി കൊടുക്കും…
ഒരുപാട് ബുദ്ധിമുട്ട് ഉണ്ടെകിലും കുട്ടികൾ നന്നായി പഠിച്ചു… പ്ലസ്‌ടു പാസ്സായ മൂത്തമോളെ എങ്ങനെ തുടർന്ന് പഠിക്കാൻ വിടും എന്നത് അവളെ ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു…
പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ജൂലിയറ്റിന്റെ ഏറ്റവും വലിയ ആഗ്രഹം മക്കളെ പഠിപ്പിച്ച് ഉന്നത നിലയിൽ എത്തിക്കുക എന്നതായിരുന്നു…
അങ്ങനെ ഇരിക്കയാണ് ഒരു കൂട്ടുകാരി ഗൾഫിൽ വീട്ടുജോലിക്കു പോകുന്നതിനെക്കുറിച്ച് പറഞ്ഞത്.. ക്ളീറ്റസിനോട് സംസാരിച്ചപ്പോൾ പാതി സമ്മതം മൂളി… മക്കൾ രണ്ടുപേരും അമ്മക്ക് സപ്പോർട്ട് കൊടുത്തു…
അങ്ങനെയാണ് ജൂലിയറ്റ് മണലാരണ്യത്തിലേക്കു കടന്നുവന്നത്… വീട്ടിലെ ജോലികൾ ആദ്യമൊക്കെ അവൾക്ക് ഒരുപാട് ബുദ്ധിമുട്ട് ആയി തോന്നി…
ഭക്ഷണം പിടിക്കുന്നില്ല, എ സി പിടിക്കുന്നില്ല… ഭാഷ വശമില്ലായ്മ എല്ലാം കൊണ്ടും അവൾ ആദ്യത്തെ കുറേ മാസങ്ങൾ നന്നായി കഷ്ടപ്പാട് അനുഭവിച്ചു…
പക്ഷെ അവൾക്ക് അവിടെ സമാധാനവും സന്തോഷവും ഉണ്ടായിരുന്നു….അടുക്കളയിൽ പാചകം ചെയ്യുന്ന തമിഴ് സ്ത്രീ ആ വീട്ടിൽ വന്നിട്ട് എഴോ എട്ടോ വർഷം ആയത്രേ…. കുട്ടികളെ നോക്കുന്ന ഫിലിപ്പീനോ പെണ്ണും മൂന്നാല് വർഷം ആയതാണ്…
അടുക്കളയിൽ ചെറിയ സഹായങ്ങൾ ചെയ്യണം മുറികൾ ക്ലീൻ ചെയ്യണം കുട്ടികളുടെ ഡ്രസ്സ് അയൺ ചെയ്യണം ഇങ്ങനെ ഒക്കെ ഉള്ള ജോലി മാത്രമേ അവൾക്ക് ആ വീട്ടിലുള്ളു…
ആരും ജോലി പറഞ്ഞ് ചെയ്യിക്കാറില്ല എല്ലാം നോക്കിയും കണ്ടും ചെയ്താൽ മതി…ശമ്പളം കൃത്യമായും ഒന്നാം തിയതി തരും… അവിടുത്തെ തന്നെ കാറിൽ പുറത്ത് പോകും അവർ… അപ്പോളാണ് പൈസ നാട്ടിലേക്കു അയക്കുന്നത്…
ഇടയ്ക്കു അ റബിയുടെ ബന്ധുക്കൾ ആരെങ്കിലും വന്നാൽ ജോലിക്കാർക്ക് മൂവർക്കും എന്തെങ്കിലുമൊക്കെ കൊടുത്തേ പോകു..
അങ്ങനെ കിട്ടുന്ന പൈസ അവൾ നാട്ടിലേക്കു അയക്കില്ല..നാട്ടിൽ പോകുമ്പോൾ ആ തുക കൊണ്ട് സാധനങ്ങൾ വാങ്ങും..
രണ്ട് വർഷം കൂടുമ്പോൾ അവൾ നാട്ടിൽ പോകും… മൂത്തമോളെ അവളുടെ ആഗ്രഹപ്രകാരം ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിപ്പിച്ചു…
രണ്ടാമത്തെ മോൾക്ക് ഡിഗ്രി എടുക്കണം എന്ന് പറഞ്ഞു.. അവളെയും അവളുടെ ഇഷ്ടത്തിന് പഠിപ്പിച്ചു…
മൂത്തവൾ പഠിത്തം കഴിഞ്ഞ് ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യവേ കൂടെ ജോലി ചെയ്യുന്ന നേഴ്‌സ് ആലോചിച്ചതനുസരിച്ചു അവരുടെ ബന്ധത്തിലുള്ള പയ്യനുമായി അടുത്ത വരവിൽ അവളുടെ വിവാഹം നടത്തി..
രണ്ടാമത്തെ മോൾ പി ജി പഠനം കഴിഞ്ഞ് ഇൻഫോപാർക്കിൽ ജോലിക്ക് കയറി ഉടനെ അവൾക്കും നല്ലൊരാലോചന വന്നു… മൂത്തവളെ കെട്ടിച്ച കടം തീരും മുന്നേ രണ്ടാമത്തെ മോളെയും കെട്ടിച്ചു…
വാടക വീട്ടിൽ വയ്യാത്ത ക്ളീറ്റസിനെ ഒറ്റക്കാക്കി പോകാൻ ജൂലിയറ്റിനു വിഷമം ആയിരുന്നു….പക്ഷെ മക്കളെ കെട്ടിച്ച വകയിൽ വലിയൊരു തുക കടമായി കിടക്കുമ്പോൾ എങ്ങനെ പോകാതിരിക്കും…
കുട്ടികൾ രണ്ടുപേരും മാറി മാറി അപ്പച്ചന്റെ അടുത്ത് വന്നു നിൽക്കും എങ്കിലും ചില ദിവങ്ങളിൽ ക്ളീറ്റസ് ഒറ്റപ്പെടും….
കൊ റോ ണ അതിശക്തമായി നാട്ടിൽ വ്യാപിച്ചു ഫുൾ ലോ ക് ഡൗൺ ആയിരുന്ന ദിവസങ്ങളിൽ കുട്ടികൾക്ക് വരാൻ പറ്റിയില്ല കുറച്ചു ദിവസം വീട്ടിൽ…
പക്ഷെ അവർ അപ്പച്ചനെ വിളിച്ച് വിശേഷം തിരക്കും.. ഫ്രിഡ്ജിൽ ഇരിക്കുന്ന ഭക്ഷണം മെല്ലെ നടന്ന് പോയി ക്ളീറ്റസ് ചൂടാക്കി കഴിക്കും…
അന്ന് പുലർച്ചെ തുടങ്ങിയ മഴയാണ്.. തുള്ളി തോരാതെ പെയ്യുന്നു… വൈകിട്ടു അന്നമോൾ ഫോൺ വിളിച്ചിട്ടു അപ്പച്ചൻ ഫോൺ എടുക്കുന്നില്ല…
കുറച്ചുകഴിഞ്ഞു.. സാറമോളും വിളിച്ച് പക്ഷെ ഫോൺ എടുക്കുന്നില്ല… ജൂലിയറ്റ് പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ മക്കളെ വിളിച്ച് പറഞ്ഞു ..
പെരുമഴയതാണ് കുട്ടികൾ വീട്ടിൽ എത്തുന്നത്… ആ പ്രദേശത്തു ഒരു വീട്ടിലും കറന്റ് ഇല്ല..
അവർ മൊബൈൽ വെട്ടത്തിൽ ഇറയത്തു കയറി വാതിലിൽ മുട്ടി… ചാരിയിട്ടിരുന്ന വാതിൽ മലർക്കേ തുറന്നു… അവർ അപ്പച്ചനെ വിളിച്ച് അകത്തേക്ക് കയറി ചെന്നു…
അനക്കം ഒന്നും കേൾക്കുന്നില്ല… കിടപ്പു മുറിയുടെ വാതിൽ തള്ളിതുറന്ന് അകത്ത് കടന്ന മക്കൾ കണ്ടത് ബെഡിൽ മരിച്ചു കിടക്കുന്ന അപ്പച്ചനെയാണ്…
അവർ അലറിവിളിച്ചു കരഞ്ഞു.. അവരുടെ ഭർത്താക്കന്മാർ എന്ത് വേണം എന്ന അവസ്ഥയിൽ ആയി.. വായിൽ നിന്നും മൂക്കിൽ നിന്നും ചെവിയിൽ നിന്നുമൊക്കെ ര ക്തം ഒഴുകി ഉണങ്ങി പിടിച്ചിരിക്കുന്നു..
എപ്പോൾ മരിച്ചതാണെന്നു അറിയില്ല..
അപ്പോളാണ് അന്നമോളുടെ ഫോണിലേക്കു ജൂലിയറ്റ് വിളിക്കുന്നത്… അവളുടെ ഭർത്താവ് ടോണി ഫോൺ എടുത്തു… ഫോണിലൂടെ ജൂലിയറ്റിന്റെ കാതിൽ ആദ്യം എത്തിയത് മക്കളുടെ അലറിക്കരച്ചിൽ ആണ്…
ടോണി കാര്യങ്ങൾ അവളോട് പറഞ്ഞു… മറുപടി ഒന്നും ഉണ്ടായില്ല… എപ്പോളോ ടോണി ഫോൺ കട്ട് ആക്കി… പിറ്റേന്ന് ക്ളീറ്റസിന്റെ ശവം അടക്കം ചെയ്തു… ജൂലിയറ്റിനു വരാൻ പറ്റിയില്ല…
അതിന് ഒരാഴ്ച്ചക്ക് ശേഷമാണ് അന്നമോൾക്ക് വിശേഷം ഉണ്ടെന്ന് അറിയുന്നത്…. ക്ളീറ്റസിന്റെ മരണത്തിന്റെ ദുഃഖം മറക്കാൻ ഒരു സന്തോഷം ആയിരുന്നു അത്…
അവളുടെ പ്രസവത്തിനും പോകാൻ പറ്റിയില്ല ജൂലിയറ്റിനു… സാറമോൾ ആശുപത്രിയിൽ ചേച്ചിയെ നോക്കി.. പിന്നെ ടോണിയുടെ അമ്മയാണ് നോക്കിയത്…
കുഞ്ഞിന്റെ മാമോദീസയൊക്കെ കടലിനക്കരെ ഇരുന്ന് മൊബൈലിൽ കണ്ട് കണ്ണുനീർ ഒഴുക്കാനെ ജൂലിയറ്റിനു കഴിഞ്ഞൊള്ളൂ…
പ്രസവത്തിനും, മാമോദീസക്കും എല്ലാം പൈസ കൃത്യമായി അവൾ അയച്ചു കൊടുത്തു…
നാളെ കുഞ്ഞ് ജൊഹാന്റെ ഒന്നാം പിറന്നാൾ ആണ്…. ഓർത്തപ്പോൾ ജൂലിയറ്റിന്റെ മിഴികൾ നിറഞ്ഞൊഴുകി… മകളുടെ കുഞ്ഞിനെ ഒന്ന് തൊടാൻ ഭാഗ്യം തനിക്കുണ്ടാവില്ലേ… ആ മാതൃഹൃദയം വിങ്ങിപ്പൊട്ടി…
ഭർത്താവിന്റെ മരണത്തോടെ മൂകത പൂകിയ ജൂലിയറ്റ് ഇപ്പോൾ കൂടുതൽ സമയവും മൗനത്തിൽ ആണ്…. വീട് തുടക്കുന്ന അവൾ ചിലപ്പോൾ അനങ്ങാതെ നിന്ന നില്പു നിന്ന് കളയും…
അവളിലെ പെട്ടെന്നുള്ള മാറ്റം കണ്ടാണ് അ റബിയും ഭാര്യയും അവളെ എന്റടുത്തു എത്തിക്കുന്നത്… അവളുടെ മനസ്സ് തുറക്കാൻ കുറേ ബുദ്ധിമുട്ടി… പക്ഷെ തുറന്നപ്പോൾ ഒരു ജലപ്രവാഹം പോലെ ആയിരുന്നു…
അവളെ എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കണം എന്ന് ഞാൻ അറബിയോട് പറഞ്ഞു…
അപ്പോൾ അവർ പറഞ്ഞു നല്ലൊരു തുക അവൾ അവരോടു അഡ്വാൻസ് ആയി വാങ്ങിയിട്ടുണ്ടെന്നു… ഞാൻ അവളുടെ അവസ്ഥ വിവരിച്ചു പറഞ്ഞപ്പോൾ അവർ സമ്മതിച്ചു നാട്ടിൽ വിടാം എന്ന്…
ഇനി എങ്ങനെ എപ്പോൾ എന്ന് അറിയില്ല…. എങ്കിലും പ്രാർത്ഥന അവൾ എത്രയും പെട്ടെന്ന് നാട്ടിൽ എത്തട്ടെ എന്ന് മാത്രമാണ്…