എന്റമ്മ ചീത്തയാണ്
(രചന: പുത്തന്‍വീട്ടില്‍ ഹരി)
“ആ ദേവയാനീടെ മോനില്ലേ രാഹുല്‍ , അവന്റെ കൂടെയെങ്ങാനും നീയിനി സ്കൂളില്‍ പോകുന്നതോ വരുന്നതോ കണ്ടാല്‍ അച്ഛനോട് പറഞ്ഞ് ചന്തിയില്‍ ചട്ടുകം പഴുപ്പിച്ച് വെക്കും പറഞ്ഞേക്കാം ”
സ്കൂള്‍ വിട്ട് വന്ന അപ്പുവിനോട് കിണറിനരികില്‍ നിന്ന് തുണിയലക്കിക്കൊണ്ട് നിന്ന അമ്മ സുലോചന കലി തുള്ളിക്കൊണ്ട് പറഞ്ഞു.
“അവന്റെ കൂടെ വരുന്നതിന് അമ്മയ്ക്കെന്താ ഇത്ര പ്രശ്നം? എനിക്ക് കണക്കും ഇംഗ്ലീഷുമൊക്കെ അവനാ പറഞ്ഞ് തരുന്നത് ”
പതിമൂന്ന് വയസ്സുകാരന്റെ നിഷ്കളങ്കതയോടെ അപ്പു അമ്മയെ നോക്കി പറഞ്ഞു.
“അവളുടെ മോന്‍ പറഞ്ഞ് തന്നത് വെച്ച് എന്റെ മോനങ്ങ് കലക്ടറാകണ്ട , തന്തയാരെന്നറിയാത്ത ആ ജ ന്തൂന്റെ കൂടെ നീയിനി വാ, അപ്പോള്‍ കാണിച്ച് തരാം ”
അരയില്‍ കുത്തിവെച്ചിരുന്ന നൈറ്റിയുടെ ഭാഗം നേരെയിട്ടുകൊണ്ട് അപ്പുവിന്റെ അടുത്തെത്തി അവന്റെ ചെവിയില്‍ വേദനിപ്പിക്കും വിധം നുള്ളിക്കൊണ്ട് സുലോചന പല്ലിറുമ്മി.
“അമ്മയെന്തിനാ എപ്പോഴും രാഹുലിന്റമ്മയെ കുറ്റം പറയുന്നത് ? അല്ല വേറൊരു സംശയം കൂടിയുണ്ട് ഇനീപ്പോ രാഹുലിന്റെ അമ്മയെന്തേലും തെറ്റ് ചെയ്താലും അതിനും രാഹുല്‍ കുറ്റക്കാരനാണോ ”
ചെവി നല്ലവണ്ണം വേദനച്ചതിനാല്‍ അവിടെ കൈകൊണ്ട് പൊത്തിപ്പിടിച്ച് അപ്പു ദേഷ്യത്തോടെ അമ്മയെ നോക്കി.
“അവള്‍ പിഴച്ചവളാണ് , വരുന്നവനെയും പോകുന്നവനെയും വീട്ടില്‍ വിളിച്ച് കയറ്റുന്ന വൃത്തികെട്ട സ്ത്രീ , അതില്‍ കൂടുതലൊന്നും എന്റെ മോനറിയണ്ട , അച്ഛന്‍ വരുമ്പോള്‍ കണക്കിനും ഇംഗ്ലീഷിനും ട്യൂഷന് വിടാനുള്ള ഏര്‍പ്പാട് ഞാനുണ്ടാക്കി തരും , ഇപ്പോള്‍ നീ പോ ”
സുലോചന അപ്പുവിനെ തുറിച്ച് നോക്കി പറഞ്ഞിട്ട് അവനെ അവിടെ നിന്നും തള്ളി വിട്ടതിന് ശേഷം തുണിയലക്കാനായി പോയി.
“ഇന്നെന്താടാ രാവിലെ നിന്നെ കണ്ടില്ലായിരുന്നല്ലോ? കുറേ നേരം നിന്നെ നോക്കി അതാ ഞാന്‍ വൈകിയത് ”
പിറ്റേദിവസം ക്ലാസ്സില്‍ പതിവിലും വൈകിയെത്തിയ രാഹുല്‍ അപ്പുവിന്റെയരികില്‍ ചെന്നിരുന്നിട്ട് ഒച്ച താഴ്ത്തി ചോദിച്ചു.
“എന്റമ്മ പറഞ്ഞു ഇനി മുതല്‍ നിന്റെ കൂടെയുള്ള കൂട്ട് വേണ്ടെന്ന് , നമ്മളെ ഒരുമിച്ച് കണ്ടാല്‍ എനിക്ക് തല്ലുറപ്പാ അതുകൊണ്ട് ഞാനിനി മുതല്‍ അനന്തൂനോടൊപ്പം വന്നോളാം ”
ചെറിയ അനിഷ്ടം ഭാവിച്ചുകൊണ്ട് രാഹുലിന്റെയരികില്‍ നിന്നും കുറച്ച് മാറിയിരുന്നിട്ട് അപ്പു മറുപടി പറഞ്ഞു.
” എന്റെ കൂടെ വരരുതെന്ന് പറഞ്ഞോ ? അതിന് ഞാനൊന്നും ചെയ്തില്ലല്ലോ ”രാഹുല്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ അപ്പുവിനെ നോക്കി.
“നിന്റമ്മ ചീത്ത സ്ത്രീയാണെന്നാ അമ്മ പറഞ്ഞത് , ആണുങ്ങളെയൊക്കെ വീട്ടില്‍ വിളിച്ച് കേറ്റാറുണ്ടത്രേ , അത് കേട്ടപ്പോള്‍ എനിക്കും വിഷമമായി ”
രാഹുലിന്റെ മുഖത്ത് നോക്കാതെ ദൂരേക്ക് നോക്കിക്കൊണ്ട് അപ്പു മറുപടി നല്കി.“കുഴപ്പമില്ലെടാ നീ വിഷമിക്കണ്ട , ഞാനിനി മുതല്‍ ഒറ്റയ്ക്ക് വന്നോളാം”
നിറഞ്ഞൊഴുകിയ കണ്ണുകള്‍ മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ തുടച്ചുകൊണ്ട് അപ്പുവിന്റെ ചുമലില്‍ തട്ടിയിട്ട് രാഹുല്‍ അവിടെ നിന്നും എഴുന്നേറ്റ് പുറകിലത്തെ ബഞ്ചില്‍ പോയിരുന്നു .
അന്നത്തെ ദിവസം തലവേദനയാണെന്ന് അദ്ധ്യാപകരോട് കളവ് പറഞ്ഞ് രാഹുല്‍ ഡെസ്കില്‍ തലചായ്ച്ച് മുഴുവന്‍ സമയവും പലവിധങ്ങളായ ചിന്തകളുമായി കിടപ്പ് തന്നെയായിരുന്നു .
വൈകുന്നേരം സ്കൂള് വിട്ട് വീട്ടിലെത്തിയ രാഹുല്‍ അമ്മയെവിടാണെന്ന് പോലും നോക്കാതെ സ്കൂള്‍ ബാഗും വലിച്ചെറിഞ്ഞ് കട്ടിലില്‍ ചെന്ന് കിടന്ന് മുഖം പൂഴ്ത്തി വെച്ച് കരച്ചിലായിരുന്നു.
ദേവയാനി അടുക്കളയില്‍ രാഹുലിന് വേണ്ടിയുള്ള നാലുമണി പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
തൊട്ടടുത്ത വീട്ടിലെ കുട്ടികളൊക്കെ സ്കൂള് വിട്ട് വീട്ടിലെത്തി കലപില കൂട്ടുന്ന ശബ്ദം വീക്ഷിച്ചുകൊണ്ട് ദേവയാനി അടുക്കളയില്‍ നിന്നും ഉമ്മറത്തേക്കെത്തി.
ഉമ്മറത്തെ കസേരയില്‍ രാഹുലിന്റെ ബാഗിരിക്കുന്നത് കണ്ട് ദേവയാനി സംശയത്തോടെ മുറിയിലെത്തി.” എന്തുപറ്റി മോനെ , സുഖമില്ലേ ? വന്നിട്ടെന്താ അമ്മയെ വിളിക്കാതിരുന്നത് ”
ദേവയാനി കട്ടിലില്‍ ഇരുന്നിട്ട് വാത്സല്യത്തോടെ മകന്റെ ശരീരത്തില്‍ കൈവെച്ച് നോക്കി.” തൊട്ടുപോകരുതെന്നെ , അമ്മ ചീത്തയാണ് ചീത്ത ”
രാഹുല്‍ ദേഷ്യത്തോടെ പിടഞ്ഞെണീറ്റ് കട്ടിലിന്റെ ഒരു മൂലയില്‍ ചുരുണ്ടുകൂടിയിരുന്നു.
” മോനേ .. , മോനെന്തൊക്കെയാ ഈ പറയുന്നത് ”ദേവയാനി ഹൃദയവേദനയോടെ രാഹുലിനോട് ചോദിച്ചു.
” അമ്മ ചീത്തയാണെന്ന് അപ്പുവിന്റെ അമ്മ അപ്പുവിനോട് പറഞ്ഞു , അവനെന്നോട് ഇനി മുതല്‍ കൂട്ടുകൂടില്ലെന്നും ,
അമ്മ ചീത്തയായതുകൊണ്ടാണല്ലേ ഞാനില്ലാത്ത സമയം ചില അങ്കിളുമാര്‍ ഇവിടെ വരുന്നത്? ഞാനുറങ്ങിയതിന് ശേഷം രാത്രിയും ചിലര്‍ വന്ന് പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ”രാഹുലിന് ദേഷ്യവും സങ്കടവും അടക്കാന്‍ പറ്റാതെ വാക്കുകള്‍ പതറി.
“അവര്‍ പറഞ്ഞത് ശരിയാണ് മോനെ , മോന്റമ്മ ചീത്ത സ്ത്രീയാണ് , മോന്‍ കുറച്ചുകൂടി വളര്‍ന്നിട്ട് പറയാമെന്ന് കരുതിയ കാര്യം ഇപ്പോള്‍ പറയാം , എന്നിട്ട് മോനമ്മയെ എന്ത് വേണമെങ്കിലും പറഞ്ഞോ ”
ദേവയാനി സാരിയുടെ മുന്താണിയെടുത്ത് കണ്ണ് തുടച്ചിട്ട് രാഹുലിനെ നോക്കി.അമ്മയെന്താണ് പറയാന്‍ പോകുന്നതെന്നറിയാന്‍ രാഹുല്‍ ആകാംഷയോടെ കാത്തിരുന്നു.
” എനിക്ക് ഇരുപത്തിരണ്ട് വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു മോന്റച്ഛനെ പരിചയപ്പെടുന്നത് , പരിചയം പ്രണയമായി ,
രണ്ട് വീട്ടുകാര്‍ക്കും ഞങ്ങളുടെ വിവാഹം നടത്താന്‍ പൂര്‍ണ്ണ സമ്മതമായിരുന്നു , ആ സമ്മതത്തിന്റെ ധൈര്യത്തില്‍ അമ്മയ്ക്കൊരു തെറ്റുപറ്റി , ആ തെറ്റാണ് മോനെ നീ ,
നീ അമ്മയുടെ വയറ്റിലായപ്പോള്‍ അച്ഛന്റെ സ്വഭാവം മാറിത്തുടങ്ങി , പാവപ്പെട്ടവളായ അമ്മയെ ഉപേക്ഷിച്ച് അച്ഛന്‍ പണക്കാരിയായ മറ്റൊരാളെ വിവാഹം ചെയ്തു ,
നീ ജനിച്ചതിന് ശേഷം കുറേക്കാലം അയാള്‍ ചിലവിന് തരുമായിരുന്നെങ്കിലും പിന്നീടതുണ്ടായില്ല ,
അതിനെ ഞാന്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അയാളുടെ കൂട്ടുകാരുമായി വന്ന് അമ്മയെ നശിപ്പിക്കുകയും കുറേ പണം വലിച്ചെറിയുകയും ചെയ്തു ,
ആ ദിവസമായിരുന്നു മോന്റമ്മ ആദ്യമായി ചീത്തയായത് , പിന്നീടത് സ്ഥിരം ആവര്‍ത്തിക്കുകയും അമ്മയെ വെച്ച് അയാള്‍ കാശുണ്ടാക്കുകയും ചെയ്തു , അങ്ങനെ നാട്ടുകാര്‍ അമ്മയെ ചീത്ത സ്ത്രീയായി മുദ്ര കുത്തുകയും ചെയ്തു..
അയാളുടെ ശല്യം തീരെ സഹിക്കാനാകാതെ വന്നപ്പോള്‍ അമ്മ പോലീസില്‍ പരാതിപ്പെട്ടു , പക്ഷേ അയാള്‍ സ്വാധീനമുപയോഗിച്ച് ആ കേസില്‍ നിന്നും രക്ഷപ്പെട്ടു ,
പിന്നീടൊരു ദിവസം ഈ വീടിന്റെ വാതിലില്‍ ഒരു മുട്ടുകേട്ടു , എനിക്ക് നീതി നിഷേധിച്ച അതേ സ്റ്റേഷനിലെ പോലീസുകാരന്‍ തന്നെ അമ്മയുടെ ശരീരം തേടിയെത്തി , അവിടെ അമ്മ തോറ്റുപോയി മോനെ..
പലയിടത്തും ജോലിയന്വേഷിച്ചു , ചീത്ത സ്ത്രീയായ ഒരുവള്‍ക്ക് ജോലി നല്കാന്‍ സമൂഹത്തിന്റെ അന്തസ്സനുവദിച്ചില്ല , ജോലി തരാന്‍ തയ്യാറായവര്‍ക്കും അമ്മയുടെ ശരീരം മാത്രം മതിയായിരുന്നു .
എന്നാല്‍ നല്ല മനസ്സിനുടമകളായ ചിലര്‍ ജോലി നല്കി , എന്നാല്‍ അവിടെയെല്ലാം മോന്റച്ഛന്‍ വന്ന് പ്രശ്നങ്ങളുണ്ടാക്കി അതും ഇല്ലാതാക്കി.
പലപ്പോഴും ആ ത്മ ഹത്യ ചെയ്യണമെന്ന് ചിന്തിച്ചെങ്കിലും മോനെ ഓര്‍ത്ത് അമ്മ അതില്‍ നിന്നും പിന്മാറി , പിന്നെ അമ്മയുടെ മനസ്സില്‍ ഒറ്റ ചിന്ത മാത്രമേയുണ്ടായിരുന്നുള്ളൂ , എങ്ങനെയും മോനെ വളര്‍ത്തിയാല്‍ മാത്രം മതിയെന്ന് ..
മോന്റെ അച്ഛന്‍ കാണിച്ച് തന്ന അതേ വഴിയിലൂടെ തന്നെ പിന്നീടമ്മ സഞ്ചരിച്ചു , അതെ മോനെ മോന്റമ്മ ചീത്തയാണ് ”പറഞ്ഞ് തീര്‍ന്നതും ദേവയാനി പൊട്ടിക്കരഞ്ഞുപോയി.
” അമ്മയെന്നോട് ക്ഷമിക്കമ്മേ , എനിക്കറിയില്ലായിരുന്നു , ഇനി മുതല്‍ ഞാന്‍ നോക്കിക്കോളാം അമ്മയെ ”
രാഹുല്‍ ദേവയാനിയുടെ അടുത്ത് ചെന്നിരുന്ന് തോളില്‍ കൂടെ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചുകൊണ്ട് വിങ്ങിപ്പൊട്ടി.
“ഇപ്പോള്‍ ഞാന്‍ പറഞ്ഞത് വെറുമൊരു കഥയല്ല , എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടറിഞ്ഞ സത്യമാണ് , അരവിന്ദന്‍ എന്ന , അല്ലെങ്കില്‍ ഈ നാട്ടുകാരുടെ അപ്പുവായ ഞാനിന്ന് ഈ നിലയിലെത്താന്‍ കാരണം എന്റെ ഉറ്റ സുഹൃത്തും സഹപാഠിയുമായ രാഹുലാണ്..
അന്ന് അവന്റെ അമ്മ ചീത്തയാണെന്നും പറഞ്ഞ് അവനെ ഞാന്‍ അവഗണിച്ചതിന്റെ പിറ്റേ ദിവസം അവനെന്നോട് പറഞ്ഞ വാക്കുകള്‍ ,
” അപ്പൂ , എന്റമ്മ ചീത്തയാണെന്ന് എല്ലാവരും പറയുന്നല്ലോ , ഒരു പെണ്ണ് ചീത്തയാകുന്നെങ്കില്‍ അതിന്റെ ഭൂരിഭാഗം പങ്കും സമൂഹത്തിനാണ് ,
എന്തുകൊണ്ട് അവളങ്ങനായെന്ന് ആരും ചിന്തിക്കില്ല , പകരം അവളെയും കുടുംബത്തെയുമടക്കം പുച്ഛിച്ച് അവരെ പരമാവധി ഇല്ലായ്മ ചെയ്യാനേ എല്ലാവരും നോക്കൂ ,
എന്റെ അമ്മയെന്നല്ല ചീത്തയായി ജീവിക്കുന്ന ഏതൊരു പെണ്ണിനും തെറ്റിന്റെ വഴിയില്‍ നിന്നും മാറി മാന്യമായി ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
അങ്ങനെ കഴിഞ്ഞാല്‍ ആരും ചീത്തയാകില്ല , അപ്പുവിന്റെ അമ്മയോടൊന്ന് ചോദിച്ച് നോക്കുമോ എന്റമ്മയ്ക്ക് മാന്യമായി ജീവിക്കാനുള്ള എന്തെങ്കിലും ഒരു വഴി പറഞ്ഞ് കൊടുക്കാമോയെന്ന് ”
വളരെ പക്വതയാര്‍ന്ന അവന്റെ വാക്കുകള്‍ കേട്ടിട്ട് അവന് മറുപടി നല്കാതെ അന്ന് വൈകുന്നേരം ഞാനെന്റെ അമ്മയോട് രാഹുലിന്റെ അമ്മയ്ക്ക് മാന്യമായി ജീവിക്കാനുള്ള എന്തെങ്കിലും വഴി പറഞ്ഞ് കൊടുക്കാമോയെന്ന് ചോദിച്ചു ,പൊതിരെ തല്ലും ശകാരവുമായിരുന്നു മറുപടിയായി എനിക്ക് കിട്ടിയത് ..
പിറ്റേ ദിവസം മുതല്‍ ഞാന്‍ കണ്ടത് എന്റമ്മ ചീത്തയായത് എനിക്ക് വേണ്ടിയാണ് അതുകൊണ്ട് തന്നെ അതിനുള്ള പ്രതിഫലം എന്റമ്മയ്ക്ക് ഞാന്‍ നല്കുമെന്ന് സകലരോടും പറഞ്ഞുകൊണ്ട് പുറത്ത് ചെറിയ ജോലിക്ക് പോയും ഉറക്കിളച്ചിരുന്ന് പഠിച്ചും വാശിയോടെ മുന്നേറുന്ന രാഹുലിനെയായിരുന്നു ,
അവിടെ നിന്നാണ് യഥാര്‍ത്ഥ മോട്ടിവേഷന്‍ എന്താണെന്ന് ഞാന്‍ പഠിച്ച് തുടങ്ങിയത് , തുടര്‍ന്നങ്ങോട്ട് അവനോടൊപ്പം ഞാനും ഉണ്ടായിരുന്നു , അവനറിയുന്നതെല്ലാം അവനെന്നെ പഠിപ്പിച്ചു ,
എനിക്കും വാശി വല്ലാതെ തോന്നിയിരുന്നു ആ സമയം , എന്റെ അമ്മ പറഞ്ഞ വാക്കുകള്‍ , അവന്‍ പഠിപ്പിച്ചിട്ട് എന്റെ മോന്‍ കലക്ടറാകണ്ടെന്ന്..
എസ് ,ഇന്ന് സ്വന്തം നാട്ടില്‍ ഞാന്‍ കലക്ടറായി ചുമതലയേറ്റെടുത്ത ദിവസമാണ് , അതും എന്റെ പ്രിയപ്പെട്ട സ്നേഹിതന്‍ രാഹുല്‍ പഠിപ്പിച്ചിട്ട് തന്നെ..
ഈ വേദിയില്‍ അവനെന്നോടൊപ്പം ഇല്ലെന്നത് മാത്രമാണ് ഇപ്പോഴുള്ള എന്റെ സങ്കടം .. , അവനാണ് എനിക്ക് മുന്നേ കലക്ടറായതും എന്നും കൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം..സത്യത്തില്‍ ആരായിരുന്നു ചീത്ത ?നമ്മളല്ലേ? ഞാനും നിങ്ങളുമടങ്ങിയ സമൂഹമല്ലേ?
എന്റെ ജീവിതത്തിലെ അനുഭവം വെച്ച് രാഹുലിന്റെ അമ്മയായിരുന്നില്ല ചീത്ത..മറിച്ച് എന്റമ്മയായിരുന്നു ചീത്ത ”
ജില്ലാ കലക്ടറായി ചാര്‍ജ്ജെടുത്തിട്ട് അന്നേ ദിവസം വൈകുന്നേരം സ്വന്തം നാട്ടിലേര്‍പ്പെടുത്തിയ സ്വീകരണ ചടങ്ങിലെ പ്രസംഗത്തിന്റെ അവസാന വാചകവും പറഞ്ഞിട്ട് അപ്പുവെന്ന അരവിന്ദന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചു.
നിശ്ചലമായിരുന്ന ആള്‍ക്കാര്‍ക്കിടയില്‍ നിന്നും ആദ്യത്തെ കൈയ്യടി ശബ്ദം ഉയര്‍ന്നു.. അത് അരവിന്ദന്റെ സ്വന്തം അമ്മയുടേത് തന്നെയായിരുന്നു…