പ്രണയദീപം
(രചന: Sarath Lourd Mount)
മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയിരുന്നു എന്നും ,അവളെ ഒരിക്കലും മറക്കാൻ കഴിയില്ല എന്നും പെണ്ണ് കാണലിന്റെ അന്ന് തന്നെ തന്നോട് വിനുവേട്ടൻ തുറന്ന് പറഞ്ഞിരുന്നു.
എന്നാൽ താൻ അടക്കം മൂന്ന് പെണ്മക്കളെ കെട്ടിച്ചുവിടാൻ കഷ്ടപ്പെടുന്ന അച്ഛന്റെ മുഖം ഓർത്തപ്പോൾ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും സമ്മതിക്കുകയായിരുന്നു ഈ ബന്ധത്തിന്.
എന്നെങ്കിലും ഒരിക്കൽ ആ ഉള്ളിലെ സ്നേഹം തനിക്കും കിട്ടും എന്നവൾ പ്രതീക്ഷിച്ചു.
എന്നാൽ കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും തന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്നു എന്നതല്ലാതെ മറ്റൊരർതത്തിലും ഭാര്യാ ഭർത്താക്കന്മാരായി അവർ ജീവിച്ചിട്ടില്ലാ.
മനസ്സിൽ മറ്റൊരു പെൺകുട്ടിയെ പ്രതിഷ്ഠിച്ച് ഒരേ മുറിയിൽ ദൂരെ മാറി കിടക്കുന്ന വിനോദിനെ അവൾ എന്നോ ഒത്തിരി ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.
ഉള്ളിൽ സൂക്ഷിക്കുന്ന പ്രണയം ഇത്രമേൽ തീവ്രമാകുമ്പോൾ ആ ഉള്ളിലെ സ്നേഹം എത്ര വലുതാകും എന്നവൾക്ക് ഊഹിക്കാമായിരുന്നു.
എന്നെങ്കിലും തനിക്ക് ആ സ്നേഹം അനുഭവിക്കാൻ കഴിയും എന്നവൾ വിശ്വസിച്ചു.
തന്റെ അച്ഛനും അമ്മയ്ക്കും നല്ലൊരു മകനും തന്റെ അനിയത്തിമാർക്ക് നല്ലൊരു എട്ടനായും വിനോദ് മാറുന്നത് അവൾ പതിയെ അനുഭവിച്ചറിഞ്ഞു.
ശാരീരികമായ ബന്ധം ഒഴിച്ച് എല്ലാ അർത്ഥത്തിലും അവൻ അവൾക്ക് നല്ലൊരു ഭർത്താവ് തന്നെ ആയിരുന്നു.
നാട്ടിലെ കല്യാണങ്ങൾക്കും മറ്റും പോകുമ്പോൾ നാട്ടുകാരുടെ ഓരോ ചോദ്യങ്ങൾക്ക് മുന്നിൽ അവൾ നിസ്സഹായയായി പലപ്പോഴും വിനോദിന്റെ കണ്ണുകളിലേക്ക് നോക്കും. എന്നാൽ അവൾക്ക് മുന്നിൽ തല കുനിച്ച് നിക്കാൻ മാത്രമേ അവന് അപ്പോഴെല്ലാം കഴിഞ്ഞിരുന്നുള്ളൂ.
അങ്ങനെയിരിക്കെ ഒരു രാത്രിയിൽ നിശ്ശബ്ദയായി കരയുന്ന അവളോട് അവൻ അവന്റെ കഥ പറഞ്ഞു തുടങ്ങി.
ജീവനായി സ്നേഹിച്ചവൾ ഒരു വാക്ക് മിണ്ടാതെ വിട്ടുപോയ കഥ, അന്ന് മുതൽ പേടിയായിരുന്നു അവന് സ്നേഹിക്കാൻ. സ്നേഹം എന്ന വാക്കിനെ തന്നെ അവൻ വെറുത്ത് പോയിരുന്നു.
എനിക്ക് കഴിയുന്നില്ലെടോ അവളെ മറക്കാൻ…
നിറകണ്ണുകളോടെ അവളെ നോക്കി അത് പറയുന്ന വിനോദിനെ കണ്ടപ്പോൾ അവളുടെ കണ്ണുകളും അറിയാതെ നിറഞ്ഞു.
ഞാൻ കാത്തിരുന്നോളാ എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരുന്നോളാ പുഞ്ചിരിയിക്ക് പിന്നിൽ ഉള്ളിൽ സങ്കടകടൽ ഒളിപ്പിച്ച് അവൾ അത് പറയുമ്പോൾ ആദ്യമായി അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു.
ആ ചുംബനത്തിന്റെ മധുരത്തിൽ അവളൊന്നു പിടഞ്ഞു.പിന്നെയും അവൾ കാത്തിരുന്നു . ആ ഇടനെഞ്ചിലെ സ്നേഹം തനിക്കായി ഒഴുകുന്ന ആ നിമിഷത്തിനായി.
ഇന്നേക്ക് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു.
ഇടക്കിടെ കിട്ടുന്ന ചുംബനങ്ങൾക്കപ്പുറം മനസ്സുകൾ മാത്രം വല്ലാതെ അടുത്ത് പോയവർ.
ഇന്ന് അവരുടെ ഒന്നാം വിവാഹ വാർഷികമാണ് .
ഇന്ന് അവന്റെ മനസ്സിൽ അവൾ മാത്രമേയുള്ളൂ.. പുതിയൊരു ജീവിതത്തിനായി അവർ ഒന്ന് ചേർന്ന ഈ ദിവസം തന്നെ അവൻ കാത്ത് വച്ചത് ഒരു പക്ഷെ വിധിയായിരിക്കും.
അന്ന് ആ രാത്രിയിൽ ആദ്യരാത്രിയുടെ സൗരഭ്യം പേറി ഒന്നായി അലിഞ്ഞ് ചേർന്ന ശരീരങ്ങൾ കിതപ്പോടെ പരസ്പരം കെട്ടി പുണർന്നു കിടക്കുമ്പോൾ അവൻ ഓർത്തു.
സ്നേഹം നൽകുന്ന ചില മുറിവുകൾ ഉണക്കാൻ സ്നേഹത്തിന് മാത്രമേ കഴിയൂ.അവളുടെ നെറ്റിയിൽ അമർത്തി ചുംബിക്കുമ്പോൾ പ്രണയനഷ്ടത്തിനപ്പുറം ജീവിതമുണ്ടെന്ന സത്യം അവനും അറിയുകയായിരുന്നു…..