പെയ്തൊഴിയാതെ
(രചന: Vandana M Jithesh)
മഴ പെയ്തു കൊണ്ടിരിക്കുകയാണ്… എഴുതിക്കൊണ്ടിരിക്കുന്നതിൽ നിന്നും ഒരു കാൽപ്പെരുമാറ്റം കേട്ട് അവൾ മുഖമുയർത്തി
“വരൂ ആര്യ… തീർച്ചയായും ഈ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു.. ” കട്ടിക്കണ്ണടയ്ക്കിടയിലൂടെ നോക്കി നന്ദ അവളോട് പറഞ്ഞു…
” ഈ ഭംഗിവാക്ക് കേൾക്കാനല്ല ഞാൻ വന്നത്.. നീ കളിപ്പാട്ടം പോലെ വലിച്ചെറിഞ്ഞു പോയ വേണുവേട്ടന്റെ ജീവിതത്തിലേക്ക് ഞാനിന്ന് വലതുകാലു വെച്ച് കയറിയെന്നു ഒന്നറിയിക്കാൻ വന്നതാണ്… ”
“അതുമറിയാമായിരുന്നു ആര്യ… ഒരിക്കലും വേണുവിനെ നീ ഒറ്റയ്ക്കാക്കില്ലെന്ന്… ”
” കൊള്ളാം.. ആളുകളെ മനസ്സിലാക്കാനുള്ള നന്ദയുടെ കഴിവിനെ പറ്റി ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്… പിന്നെന്തേ വേണുവേട്ടനെ മാത്രം മനസ്സിലാക്കിയില്ല…?? ”
നേർത്ത ഒരു പുഞ്ചിരി മാത്രമായിരുന്നു അപ്പോഴും മറുപടി..ആര്യ തുടർന്നു.”ഒന്നു ചോദിച്ചോട്ടെ.. നന്ദയെ നേടാനുള്ള യോഗ്യത വേണുവേട്ടനില്ല എന്നല്ലേ നീ പറഞ്ഞത്.. എന്ന് തൊട്ടാണ് അങ്ങനെയായത്…?
നീ വലിയ എഴുത്തുകാരിയായപ്പോഴാണോ ആ മനുഷ്യന്റെ യോഗ്യത കുറഞ്ഞു പോയത്? ”
നന്ദയുടെ നേർത്ത പുഞ്ചിരി പതിയെ മാഞ്ഞു… കണ്ണടയ്ക്കുള്ളിൽ മിഴികൾ പെയ്യാൻ വെമ്പി നിന്നു..
“ആര്യ….. “പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു..” എനിയ്ക്കറിയാമായിരുന്നു വെളിപ്പെടുത്തലുകളുടെ ഒരു ദിവസം വരുമെന്ന്…”
നന്ദ ഒരു നിമിഷം നിർത്തി” ആര്യയ്ക്കറിയാമോ.. വേണുവിന് ഏറ്റവും ഇഷ്ടം കുഞ്ഞുങ്ങളെയാണ്… അവരുടെ കൂടെ കളിക്കാൻ… ചിരിക്കാൻ… കൂട്ടു കൂടാൻ….
അങ്ങനെയുള്ള വേണുവിന് ഒരു കുഞ്ഞിനെ നൽകാൻ കഴിയില്ല എന്നറിഞ്ഞാൽ ഞാൻ പിന്നെ എന്തു ചെയ്യണം? ആര്യ പറയൂ.. ”
” വളരെ വൈകിയാണ് ഞാൻ ഈ കാര്യം അറിഞ്ഞത്.. ഇതറിഞ്ഞാൽ വേണു ഒരിക്കലും എന്നെ തനിച്ചാക്കില്ല എന്നെനിക്കറിയാം.. അതുകൊണ്ടാണ് ഞാൻ…. വേണുവിനെ…. ”
അവൾക്ക് വാക്കുകൾ മുറിഞ്ഞു…”ആര്യ.. ആര്യ പറഞ്ഞല്ലോ നന്ദയുടെ ആളുകളെ മനസ്സിലാക്കാനുള്ള കഴിവിനെപ്പറ്റി… മനസ്സിലാക്കിയിട്ടുണ്ട്… വേണുവിനെ മാത്രമല്ല… ആര്യയേയും…. ആര്യയുടെ പ്രണയത്തേയും….
തടസ്സങ്ങളില്ലാതെ ഒഴുകി ഒന്നാകേണ്ടിയിരുന്ന നിങ്ങളുടെ ജീവിതത്തിൽ ക്ഷണിക്കാതെ വന്ന അതിഥിയാണ് ഞാൻ… ഇപ്പോൾ ഞാൻ വഴി മാറുന്നു…”
നന്ദ തളർന്നിരുന്നു…”നന്ദ…… “ആര്യ അവളുടെ കൈകളിൽ പിടിച്ചു…” വേണ്ട ആര്യ… ഇതാണ് ശരി… വേണുവിന് ആര്യയെ വേണം… ഒരു താങ്ങായി… പൊയ്ക്കോളൂ… ഭാരങ്ങളെല്ലാമൊഴിഞ്ഞ് ശാന്തമായ മനസ്സുമായി ഞാൻ ഒന്നുറങ്ങട്ടെ… ”
ആര്യയുടെ കണ്ണുകൾ നിറഞ്ഞു…” നന്ദ ഒറ്റയ്ക്ക്…. “” ഒറ്റയ്ക്കല്ല ആര്യ…മസ്തിഷ്കത്തിൽ ഗർഭം ധരിച്ച്, തൂലിക കൊണ്ട് ജന്മം നൽകിയ ഒരുപാട് കഥകളും കഥാപാത്രങ്ങളുമുണ്ട്… പിന്നെ ഒരുപാട് ഓർമകളും… ആര്യ മടങ്ങിക്കോളൂ… ”
നന്ദ അകത്തേക്ക് തിരിഞ്ഞു നടന്നു….
രണ്ടു നിമിഷങ്ങൾക്ക് ശേഷം ആര്യയും മടങ്ങി…”ആര്യ… ഒരു നിമിഷം.. “ആര്യ നിന്നു
“രണ്ടു കാര്യങ്ങൾ ആര്യ എനിക്കു സത്യം ചെയ്തു തരണം”
“പറയൂ നന്ദ… ”
“ഒന്ന്, ഞാൻ വേണുവിനെ മാറ്റി നിർത്തിയത് എന്തുകൊണ്ടാണെന്ന് വേണു ഒരിക്കലും അറിയരുത്… ആ പാവത്തിനെ കുറ്റബോധം വേട്ടയാടും…
രണ്ട്, ഞാനീ ലോകത്ത് നിന്നും യാത്രയാകുന്ന ദിവസം ആര്യയിൽ വേണുവിന് ജനിക്കുന്ന കുഞ്ഞിനെ കൊണ്ട് എനിക്കു ശേഷക്രിയ ചെയ്യിക്കണം…
കാരണം ഒരുപാട് സ്വപ്നങ്ങളിൽ ഞാനവനെ പാലൂട്ടിയിട്ടുണ്ട്… “അവിടെ നിശബ്ദത തളം കെട്ടി നിന്നു… നന്ദയുടെ കൈകളിൽ അമർത്തി പിടിച്ചു ആര്യ ഒരു തേങ്ങലോടെ പുറത്തേക്കോടി….
നന്ദ പതിയെ പുഞ്ചിരിച്ചു… നനുത്ത ആ പുഞ്ചിരി ഒരു പൊട്ടിക്കരച്ചിലായി…
അവളുടെ മുഴുവൻ ദുഃഖവും ഏറ്റുവാങ്ങിയെന്നോണം മഴയ
പ്പോളും പെയ്തുകൊണ്ടിരുന്നു..