ചെക്കന്റെ നിലക്കും വിലക്കും ചേരുന്ന സ്ത്രീധനം നമ്മൾ കൊടുത്തല്ലേ പറ്റൂ. അതുകൊണ്ടല്ലേ നിന്റെയച്ഛൻ നൂറ്റമ്പതുപവനും കാറും കൊടുക്കാമെന്ന് സമ്മതിച്ചത്”

വിവേകം
(രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ)

“രാഘവേട്ടാ നല്ല കൊമ്പത്തൊന്നുള്ള ബന്ധമല്ലേ നിങ്ങടെ മകൾക്ക് വന്നു ചേർന്നിരിക്കുന്നത്.

നിങ്ങൾക്ക് ഒരുമാസം കിട്ടുന്നതിന്റെ ഇരട്ടി അവന് ഒരുമാസം കിമ്പളം കിട്ടും. പിന്നെ കുട്ടീനെ കണ്ട് ഇഷ്ടപെട്ടത് കൊണ്ടു മാത്രമാ അവര് ഇതില് താത്പര്യം പറഞ്ഞത് ”

വായിൽ നിറഞ്ഞ മുറുക്കാൻ മുറ്റത്തെ തെങ്ങിൻ ചുവട്ടിലേക്ക് ആഞ്ഞു തുപ്പിക്കൊണ്ട് മൂന്നാൻ സുധാകരൻ രാഘവന്റെ മുഖത്തേക്ക് നോക്കി.

“സുധാകരാ എന്നാലും പെട്ടെന്ന് ഇത്രയുമൊക്കെ ഒപ്പിക്കാമെന്ന് വച്ചാൽ അത്രയ്‌ക്കെളുപ്പമാണോ”

“അതിനെന്താ അവര് ആറുമാസം കാത്തിരിക്കാൻ തയ്യാറാണെന്നെ.
നിങ്ങൾക്കാ തെക്കേപ്പുറത്തെ പറമ്പുവിറ്റാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ. മോള് നല്ല നിലയ്ക്കാവൂല്ലോ”

രാഘവന്റെ മകൾ രേഷ്മയെ പെണ്ണുകാണാൻ വന്ന ചെറുക്കനേയും കൂട്ടരെയും പറഞ്ഞയച്ചിട്ട്
തിരിച്ചുവന്നതായിരുന്നു സുധാകരൻ.

“അതു ശരിയാ . തികഞ്ഞില്ലേല് ഈ വീടും പറമ്പും ഈട് വയ്ക്കാം”രാഘവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

“അച്ഛനെന്തൊക്കെ പറഞ്ഞാലും ഈ വിവാഹാലോചനയോട് എനിക്ക് താത്പര്യമില്ല”

അവരുടെ സംസാരം കേട്ടു നിന്ന രേഷ്മയുടെ വാക്കുകൾ രാഘവന്റെ മനസ്സിനെ തീ പിടിപ്പിക്കുന്നതായിരുന്നു.

“നിന്റെ പുന്നാരമോള് പറയുന്നത് കേട്ടില്ലേ”വല്ലാത്തൊരു ഭാവത്തോടെ അയാൾ ഭാര്യ വത്സലയുടെ മുഖത്തേക്ക് നോക്കി.

“മോളെ നിന്റെ നന്മയ്ക്കുവേണ്ടിയല്ലേ അച്ഛൻ പറയുന്നത്. ചെറുക്കൻ വില്ലേജ് ഓഫീസറാ. നമുക്ക് സ്വപ്നം കാണാൻ പറ്റാത്ത ബന്ധമാ”

തന്നോട് ചേർന്നു നിന്നിരുന്ന രേഷ്മയുടെ മുടിയിഴകളിൽ തഴുകിക്കൊണ്ട് വത്സല പറഞ്ഞു.

“നമുക്ക് സ്വപ്നം കാണാൻ പറ്റാത്തത് കൊണ്ടാണമ്മെ ഞാൻ ഇത് വേണ്ടെന്നു പറഞ്ഞത്. നമുക്ക് നമ്മുടെ സ്വപ്നങ്ങൾക്ക് ചേരുന്ന ഒരു ബന്ധം പോരെ”

“അതിന് അവർക്ക് നിന്നെ കണ്ടിഷ്ടപ്പെട്ടത് കൊണ്ടല്ലേ അവർ പ്രത്യേകിച്ചൊന്നും ആവശ്യപ്പെടാതെ കല്യാണം നടത്താമെന്നു പറഞ്ഞത് ”

“അവർ അവശ്യപ്പെട്ടില്ലെന്നല്ലേയുള്ളൂ മൂത്തയാൾ വിവാഹം ചെയ്തിരിക്കുന്നത് ഏതോ വലിയ മുതലാളിയുടെ മകളെയാണെന്നും ഇരുന്നൂറു പവനും ഇന്നോവക്കാറുമൊക്കെ കിട്ടിയെന്നും അവര് തന്നെയല്ലേ പറഞ്ഞത്”

“അതു പിന്നെ ചെക്കന്റെ നിലക്കും വിലക്കും ചേരുന്ന സ്ത്രീധനം നമ്മൾ കൊടുത്തല്ലേ പറ്റൂ. അതുകൊണ്ടല്ലേ നിന്റെയച്ഛൻ നൂറ്റമ്പതുപവനും
കാറും കൊടുക്കാമെന്ന് സമ്മതിച്ചത്”

“അച്ഛൻ അലമാരയിൽ കെട്ടിവച്ച പണമൊന്നുമല്ലല്ലോ കൊടുക്കാമെന്നു പറഞ്ഞത്. തെക്കേ പറമ്പ് വിറ്റിട്ടല്ലേ.

പോരാത്തതിന് ഈ വീടും പറമ്പും ഈടുവച്ചു കിട്ടുന്ന കാശും കൂടിയെടുത്തിട്ടല്ലേ ഇതൊക്കെ നടത്താൻ പോകുന്നത്.

ആ കാശ് തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ സൊസൈറ്റിക്കാർ ഈ വീട് ജപ്തി ചെയ്തു കൊണ്ട് പോകില്ലേ”

“അതൊന്നും നീയന്വേഷിക്കേണ്ട കാര്യമല്ല. അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം. പെണ്മക്കളുള്ള മാതാപിതാക്കളുടെ മനസ്സിലെ തീയ് നിനക്കിപ്പോ മനസ്സിലാവൂല്ല”

രാഘവന്റെ സ്വരം പതറിയിരുന്നു.“ഞാൻ പെണ്ണായി പിറന്നെന്നും പറഞ്ഞ് അച്ഛനുമമ്മയുമെന്തിനാ വിഷമിക്കുന്നത്. നിങ്ങളെന്നെ ഇതുവരെ പഠിപ്പിച്ചില്ലേ.

റിസൽട്ട് വന്നാൽ നല്ലരീതിയിൽ തന്നെ ഞാൻ പാസാകും. ക്യാംപസ് ഇന്റർവ്യൂ കഴിഞ്ഞിരിക്കുന്നതല്ലേ.

ജോലിക്കും പ്രശ്നം ഉണ്ടാവില്ല. നമ്മുടെ ചുറ്റുപാടിന് യോജിക്കുന്ന ബന്ധം വരുമ്പോൾ നോക്കിയാൽ പോരെ അച്ഛാ”

“മോളെ വില്ലേജ് ഓഫീസർ എന്നൊക്കെ പറഞ്ഞാൽ സമൂഹത്തിൽ എന്താ നിലയും വിലയും എന്നു നിനക്കറിയാമോ”

അതുവരെ എല്ലാം കെട്ടുനിന്നിരുന്ന സുധാകരൻ രാഘവനെയും വത്സലയെയും സപ്പോർട്ട് ചെയ്തുകൊണ്ട് പറഞ്ഞു .

“ആരുടെയും നിലയും വിലയുമൊന്നും പറയണ്ട. പത്രങ്ങളിൽ ദിവസവും വരുന്ന വാർത്തകൾ ചേട്ടനും വായിക്കാറുള്ളതല്ലേ.

കല്യാണം കഴിഞ്ഞ് കുറച്ചു നാൾ കഴിയുമ്പോഴേ എല്ലാവരുടെയും തനി സ്വഭാവം പുറത്തുവരൂ.

പിന്നെ കാശു വേണം ഭൂമി വേണം എന്നൊക്കെ പറഞ്ഞ് ഓരോരോ ആവശ്യങ്ങളുമായി വന്നാൽ നമ്മൾക്ക് നടത്തിക്കൊടുക്കാൻ പറ്റുമോ. അവർ അത്തരക്കാരാണ് എന്നല്ല പറയുന്നത്.

എന്നാലും അച്ഛനെയുംഅമ്മയെയും വയസ്സാംകാലത്ത് മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ഭാഗ്യപരീക്ഷണത്തിന് നമ്മൾ മുതിരണോ”

“അതൊക്കെ തീരുമാനിക്കുന്നത് കെട്ടാൻ പോകുന്ന പെണ്ണുങ്ങളല്ല കാർന്നോമാരാണ്. നീയതൊന്നും അന്വേഷിക്കേണ്ട ”

വീണ്ടും രാഘവന്റെ ശബ്ദമുയർന്നു“അച്ഛാ ഞാൻ എതിർത്തു പറയുകയാണെന്നു കരുതരുത്. എന്റെ വിവാഹമല്ലേ നടത്താൻ പോകുന്നത്. അപ്പോൾ കുറച്ചൊക്കെ എന്റെ വാക്കുകൾ കൂടി കേൾക്കുന്നതിൽ എന്താണ് തെറ്റ്.

ലോകം ഇത്രയൊക്കെ പുരോഗമിച്ചെങ്കിലും നിങ്ങളെപോലുള്ളവർ ഇനിയും മാറുന്നില്ലല്ലോ. ഞാൻ നിങ്ങളുടെ മകളല്ലേ. എന്റെ സന്തോഷമല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്.

അങ്ങിനെയാണെങ്കിൽ എന്നെയൊരു ബലിയാടാക്കാതിരിക്കുകയല്ലേ നല്ലത്. അച്ഛനുമമ്മയും ഉള്ളതുമുഴുവൻ വിറ്റുപെറുക്കി എന്റെ കല്യാണം നടത്തുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല എന്നേ പറഞ്ഞുള്ളു.

എനിക്ക് ഒരു ജോലികൂടി ശരിയായാൽ
നമ്മുടെ കൊക്കിലൊതുങ്ങുന്ന ബന്ധം വരും ഇവരെ സംബന്ധിച്ചിടത്തോളം. ഞാനല്ലെങ്കിൽ.

മറ്റൊരുവൾ. മടിശീലയുടെ കനം മാത്രമേ ഇവർ നോക്കുന്നുള്ളൂ”അവളുടെ വാക്കുകളിൽ ആത്മവിശ്വാസം തുളുമ്പിയിരുന്നു.

“അവൾ പറയുന്നതാണ് ശരി രാഘവേട്ടാ. അവൾക്ക് വിദ്യാഭ്യാസമുണ്ട്. സ്വന്തംകാലിൽ നിൽക്കാൻ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്.

പിന്നെന്തിനാണ് ഭാരിച്ച കടബാധ്യതവരുത്തിക്കൊണ്ടുള്ള ഒരു കച്ചവടത്തിന് നമ്മൾ ശ്രമിക്കുന്നത് . ആതും അവൾ പറഞ്ഞതു പോലെ ഇന്നത്തെക്കാലത്ത് എത്രമാത്രം ശരിയാകുമെന്ന് ഉറപ്പില്ലാത്ത ഒരു ബന്ധത്തിന്.

ഇനിയുള്ള കാലം പെൺകുട്ടികൾക്കും അവരുടെ സ്വന്തം കാലിൽ നിൽക്കാനും അവർക്കിഷ്ടപ്പെട്ട ബന്ധം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നതല്ലേ നല്ലത്”

വത്സല പ്രത്യാശയോടെ രാഘവന്റെ നേരെ നോക്കി .“ഒരച്ഛന്റെ ആഗ്രഹം ഞാൻ പറഞ്ഞെന്നെയുള്ളൂ. അവൾക്കിഷ്ടമില്ലെങ്കിൽ വേണ്ട ”

അയാൾ അർദ്ധമനസ്സോടെ തൊടിയിലേക്കിറങ്ങി. രേഷ്മ നിറഞ്ഞ മനസ്സോടെ അമ്മയെ പുണർന്നു.

Leave a Reply

Your email address will not be published. Required fields are marked *