മോന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ ഇങ്ങനെ തിരിച്ചു കിട്ടിയല്ലോ.. ഇതോർത്ത് സന്തോഷിക്കുകയല്ലേ വേണ്ടത്.?

(രചന: ശ്രേയ)

ഇന്ന് പതിവിലും ലേറ്റ് ആയിട്ടാണ് ഇറങ്ങിയത്. അല്ലെങ്കിലും ജോലിക്ക് പോകാൻ ഇറങ്ങാൻ നിൽക്കുമ്പോൾ ആയിരിക്കും എന്തെങ്കിലും ഒക്കെ തിരക്കുകൾ വന്നു പെടുന്നത്.

ഇന്ന് തന്നെ ഇറങ്ങാൻ നിന്നപ്പോൾ ആണ് അപ്പുറത്തെ രമണി ചേച്ചി ബാങ്കിൽ കൊടുക്കാനുള്ള ഒരു അപേക്ഷ പൂരിപ്പിക്കാൻ കൊണ്ട് വന്നത്.

ലേറ്റ് ആയി എന്ന് പറഞ്ഞാലൊന്നും അവർക്ക് മനസ്സിലാവില്ല..അഥവാ അങ്ങനെ പറഞ്ഞാൽ അത് തന്റെ അഹങ്കാരം ആയിട്ടാവും വ്യാഖ്യാനിക്കുക..!

അതുകൊണ്ടു തന്നെ അവർ കൊണ്ടു വന്ന ഫോം പൂരിപ്പിച്ചു കൊടുക്കാൻ നിന്നു. എല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും 10 മിനിറ്റിൽ അധികം സമയം പോയി കഴിഞ്ഞിരുന്നു. പെട്ടെന്ന് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി.

അപ്പോഴും ട്രെയിൻ പോയിട്ടുണ്ടാകുമോ എന്നുള്ള കാര്യത്തിൽ തനിക്ക് ഭയം ഉണ്ടായിരുന്നു. വണ്ടിക്ക് സ്പീഡ് ഒരുപാട് കൂട്ടി ഓടിക്കാൻ പറ്റില്ല. അത് പണ്ടേ തനിക്ക് പേടിയാണ്. ഒരുവിധം തട്ടിമുട്ടി വണ്ടിയും കൊണ്ട് പോകാം എന്നല്ലാതെ ഒരുപാട് സ്പീഡിൽ വണ്ടി ഓടിക്കാൻ ഒക്കെ തനിക്ക് പേടിയാണ്.

റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും പതിവുള്ള ആരെയും കാണാതായപ്പോൾ തന്നെ ട്രെയിൻ പോയിട്ടുണ്ടാകും എന്ന് മനസ്സിലായി.

ഇനിയിപ്പോൾ അടുത്ത ട്രെയിൻ പിടിച്ച് ഓഫീസിൽ എത്തുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുണ്ടാകും. ഇന്ന് സാറിന്റെ വായിൽ നിന്ന് നല്ലത് കേൾക്കാം..!

ആ ഒരു ചിന്തയോടെയാണ് അടുത്ത് കണ്ട ബെഞ്ചിലേക്ക് ഇരുന്നത്.” മോളെ.. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ഇനി എപ്പോഴാ ഉള്ളത്..? ”

മടുപ്പോടെ ഫോണും നോക്കിയിരിക്കുമ്പോഴാണ് തൊട്ടടുത്തു നിന്ന് ഒരു ശബ്ദം കേൾക്കുന്നത്. നോക്കുമ്പോൾ മധ്യവയസ്‌കയായ ഒരു സ്ത്രീയാണ്.

” ട്രെയിൻ ഒരെണ്ണം പോയി കഴിഞ്ഞു. ഇനി അടുത്തത് വരാൻ ഇനിയും ഒരു അരമണിക്കൂർ കൂടി സമയമുണ്ട്. എനിക്കും ആ ട്രെയിനിൽ ആണ് പോകേണ്ടത്.”

ചിരിച്ചുകൊണ്ട് തന്നെയാണ് മറുപടി കൊടുത്തത്.അതോടെ ആ അമ്മ തന്റെ തൊട്ടടുത്ത് തന്നെ ഇരിപ്പായി. ഇടയ്ക്കിടയ്ക്ക് അവർ കണ്ണുനീർ ഒപ്പുന്നത് കണ്ടപ്പോഴാണ് അവരെ ശ്രദ്ധിച്ചത്.

” എന്തുപറ്റി അമ്മേ..? എന്തെങ്കിലും പ്രശ്നമുണ്ടോ..? “താൻ ചോദിക്കുന്നത് കേട്ടപ്പോൾ അവർ പെട്ടെന്ന് കണ്ണുനീരൊക്കെ തുടച്ച് തന്റെ മുഖത്തേക്ക് നോക്കി ചിരി വരുത്താൻ ഒരു ശ്രമം നടത്തി.

” ഒന്നുമില്ല മോളെ.. “തന്റെ ഉള്ളിലെ വേദനകൾ മറ്റാരും അറിയരുത് എന്ന് ചിന്തിക്കുന്ന ഒരു ജനത ഇപ്പോഴും ഇവിടെയുണ്ട്. തന്റെ സങ്കടങ്ങൾ തന്നിൽ മാത്രം ഒതുങ്ങണം എന്ന് ചിന്തിക്കുന്ന ചിലർ..!

അവരുടെ മുഖം കണ്ടപ്പോൾ തന്നെ എന്തൊക്കെയോ കാര്യമായ പ്രശ്നങ്ങൾ അവരെ അലട്ടുന്നുണ്ട് എന്നും പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു.

“അമ്മയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തുറന്നു പറയാം.. എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ..”

വീണ്ടും നിർബന്ധിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു തൂവുന്നത് ശ്രദ്ധിച്ചു.” തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ എന്റെ മോൻ അഡ്മിറ്റ് ആണ് മോളെ.. ”

അവർ അത് പറഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്തൊരു സങ്കടം തോന്നി. അല്ലെങ്കിലും പണ്ടുമുതലേ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചു എന്ന് കേൾക്കുന്നത് തനിക്ക് സങ്കടമാണ്.

യാതൊരു പരിചയവുമില്ലാതെ ആളുകൾ മരിക്കുന്നതിനു പോലും വീട്ടിലിരുന്ന് കരയുന്ന എന്നെ അമ്മ പലപ്പോഴും ശാസിച്ചിട്ടുണ്ട്. ചിലപ്പോൾ അടുത്ത ഏതെങ്കിലും വീടുകളിലെ ബന്ധുക്കൾ ആയിരിക്കും.. ആ വാർത്തകളൊക്കെ കേൾക്കുമ്പോൾ അറിയാതെ തന്നെ നെഞ്ചിൽ ഒരു വേദനയാണ്.

ആ നിമിഷം താൻ ഓർക്കുക അവരെ ഇതിനു മുന്നേ കണ്ട സന്ദർഭം ആയിരിക്കും. അന്ന് തന്നോട് ചിരിച്ചു സംസാരിച്ചവർ ആയിരിക്കാം.. അല്ലെങ്കിൽ സുഖമാണോ മോളെ എന്നൊരു വാക്ക് ചോദിച്ചവർ ആയിരിക്കാം.. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വല്ലാതെ തളർന്നു പോകാറുണ്ട് താൻ..!

” മോന് എന്തു പറ്റിയതാ..?”ആശങ്കയോടെ അന്വേഷിച്ചു.”അവന് ഒരു ആക്സിഡന്റ് ആയതാണ്..”അവർ അത് പറയുമ്പോൾ തന്നെ വിതുമ്പുന്നുണ്ടായിരുന്നു.

” ആക്സിഡന്റോ..? എവിടെ വെച്ച്..?എങ്ങനെ പറ്റിയതാ..? “വീണ്ടും വീണ്ടും ചോദ്യങ്ങൾ കൊണ്ട് ഞാൻ അവരെ വീർപ്പുമുട്ടിക്കുകയാണ് എന്ന് നല്ല ബോധമുണ്ട്. പക്ഷേ അറിയാതെ ഒരു സമാധാനവും ഇല്ലാതാവും..

“അവൻ തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. സാധാരണ ആഴ്ചയിലാണ് വീട്ടിലേക്ക് വരുന്നത് പതിവ്.പക്ഷേ കഴിഞ്ഞ ആഴ്ച അവന് എന്തോ ലീവ് കിട്ടിയപ്പോൾ അവൻ വീട്ടിലേക്ക് വന്നിരുന്നു.

അതൊരു വ്യാഴാഴ്ചയായിരുന്നു. വെള്ളിയാഴ്ച കൂടി ലീവ് എടുത്താൽ രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് ജോലിക്ക് പോയാൽ മതിയല്ലോ എന്ന് ഞങ്ങളൊക്കെ നിർബന്ധിച്ചതാണ്.

പക്ഷേ കമ്പനിയിൽ നിന്ന് അങ്ങനെ ലീവ് ഒന്നും കിട്ടില്ല എന്ന് അവൻ എതിർത്തു. അതുകൊണ്ട് വെള്ളിയാഴ്ച രാവിലെ അവൻ വീട്ടിൽ നിന്ന് അവന്റെ ബൈക്കിലാണ് വന്നത്. അത് ആക്സിഡന്റ് ആയി..”

അത് പറഞ്ഞതും അവർ പൊട്ടിക്കരഞ്ഞിരുന്നു.” അന്ന് അവൻ ജോലിക്ക് വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ എന്റെ കുഞ്ഞിന് ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.. ”

പറഞ്ഞുകൊണ്ട് അവർ വീണ്ടും കരയുന്നുണ്ടായിരുന്നു. അപ്പോഴേക്കും തന്റെ കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു.

“അമ്മ വിഷമിക്കാതെ.. മോന്റെ ബുദ്ധിമുട്ടുകൾ ഒക്കെ വേഗം മാറും..”അങ്ങനെയല്ലാതെ എങ്ങനെയാണ് അവരെ ഞാൻ ആശ്വസിപ്പിക്കുക..?

അവർ പിന്നെയും മകനെ കുറിച്ച് ഓരോന്നും പറഞ്ഞു കരയുന്നുണ്ടായിരുന്നു.

“അവൻ ചെറുപ്പകാലത്ത് ഒരുപാട് കുസൃതിയുള്ളവനായിരുന്നു. ചെറുപ്പം മുതൽക്കേ വണ്ടികൾ ഒക്കെ അവന് ഒരു ഭ്രാന്താണ്. ഉത്സവപ്പറമ്പിൽ ഒക്കെ പോയാൽ കളിപ്പാട്ട കടയിൽ നിന്ന് ഏതെങ്കിലും വണ്ടിയും കൊണ്ടല്ലാതെ അവൻ തിരികെ വരില്ല.

കുറച്ചു കൂടി മുതിർന്നപ്പോൾ റോഡ് പോകുന്ന ഏതു വണ്ടിയും ശബ്ദം കേട്ട് തിരിച്ചറിയാൻ അവനെക്കൊണ്ട് പറ്റുമായിരുന്നു. വണ്ടി ഭ്രാന്തൻ എന്ന് തന്നെയാണ് ഞങ്ങളുടെ നാട്ടിലൊക്കെ അവനെ വിളിക്കാറ്..”

മകന്റെ കുറുമ്പിനെ കുറിച്ചും കുസൃതിയെക്കുറിച്ചും ഒക്കെ പറയുമ്പോൾ ആ അമ്മയുടെ മുഖത്ത് തെളിയുന്ന വാത്സല്യം കൗതുകത്തോടെയാണ് നോക്കിയിരുന്നത്.

” വണ്ടിയോടുള്ള അമിതമായ താല്പര്യങ്ങൾ ഉണ്ടായിരിക്കണം 18 വയസ്സുള്ളപ്പോൾ തന്നെ അവൻ ലൈസൻസ് സ്വന്തമാക്കിയത്. പിന്നീട് ഒരു വണ്ടി വേണമെന്ന് അവന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.

പക്ഷേ ഒരിക്കൽ പോലും ആ ആഗ്രഹവും പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ല. പകരം ആ പ്രായത്തിൽ തന്നെ ചെറിയ ചെറിയ ജോലികൾക്ക് പോയി പൈസ കൂട്ടി വെച്ച് അവൻ സ്വന്തമായി ഒരു വണ്ടി എടുത്തു.

അവന്റെ 19 ആം വയസ്സിൽ അവൻ സ്വന്തമാക്കിയ അതേ വണ്ടി തന്നെയാണ് ഇപ്പോഴും അവന്റെ കൂടെയുള്ളത്. വളരെ ശ്രദ്ധിച്ചു മാത്രമേ അവൻ വണ്ടിയോടിക്കാറുള്ളൂ.

ഇന്നേവരെ അവൻ അമിതവേഗതയിൽ പോയി എന്നൊരു പരാതി പോലും അവനെക്കുറിച്ച് ആരും പറഞ്ഞു കേട്ടിട്ടില്ല. അത്രയും ശ്രദ്ധിച്ചാണ് അവൻ വണ്ടിയോടിക്കുന്നത്. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു എന്ന് എത്ര ഓർത്തിട്ടും എനിക്ക് മനസ്സിലാകുന്നില്ല.. ”

അമ്മ സങ്കടം കൊണ്ട് വിതുമ്പി വിതുമ്പി ആണ് ഓരോന്ന് പറയുന്നത്.” മോന് വലിയ അപകടങ്ങൾ ഒന്നുമില്ലല്ലോ അമ്മേ..? “അറിയാതെ ചോദിച്ചു പോയി.

” അവന്റെ കൈയ്ക്കും കാലിനും ഒക്കെ ഒടിവുണ്ട്. എന്നാലും രണ്ടുദിവസം കൂടി ചിലപ്പോൾ അവിടെ കിടക്കേണ്ടി വരും.

അവന്റെ തലയിടിച്ച് വീണതുകൊണ്ട് തലയ്ക്ക് കാര്യമായ എന്തൊക്കെയോ ക്ഷതങ്ങൾ സംഭവിച്ചു കാണും എന്നൊക്കെ പറഞ്ഞു ഡോക്ടർമാർ ഞങ്ങളെ പേടിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.

അങ്ങനെയൊന്നും ആകരുത് എന്ന് ഉള്ളുരുകി പ്രാർത്ഥിക്കാത്ത ദൈവങ്ങൾ ആരും ഈ ഭൂമിയിൽ ഉണ്ടാവില്ല. സകല ദൈവങ്ങളെയും വിളിച്ച് അവന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചിട്ടുണ്ട്.”

അമ്മ പറഞ്ഞപ്പോൾ അറിയാതെ തന്നെ ഞാനും അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചു പോയി.

” മോന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ ഇങ്ങനെ തിരിച്ചു കിട്ടിയല്ലോ.. ഇതോർത്ത് സന്തോഷിക്കുകയല്ലേ വേണ്ടത്.? അമ്മ ഇങ്ങനെ കരയാനും സങ്കടപ്പെടാനും മാത്രം ഒന്നും സംഭവിച്ചിട്ടില്ല.. മോൻ സുഖമായി തന്നെ ഇരിക്കുകയാണല്ലോ.. ”

എന്നെക്കൊണ്ട് കഴിയുന്നതു പോലെ ഓരോന്നും പറഞ്ഞ് അമ്മയെ ആശ്വസിപ്പിച്ചു. അതിനിടയിൽ ട്രെയിൻ വന്നു.

“നമുക്ക് പോകാനുള്ള ട്രെയിൻ ആണമ്മേ..”അത് പറഞ്ഞപ്പോൾ അവർ തിടുക്കപ്പെട്ട് എഴുന്നേൽക്കുന്നുണ്ടായിരുന്നു. എത്രയും വേഗം മകന്റെ അടുത്ത് ഉള്ള ഒരു കൊതിയായിരുന്നു അവരിൽ ഉണ്ടായിരുന്നത്.

ട്രെയിനിൽ കയറിയപ്പോഴും ഞങ്ങൾ അടുത്തടുത്ത് തന്നെയായിരുന്നു. പക്ഷേ ട്രെയിൻ ഇറങ്ങി കഴിഞ്ഞ് ആ ജനപ്രവാഹത്തിനിടയിൽ ആ അമ്മ ഏതോ വഴിക്ക് പോയി.

തിരഞ്ഞെങ്കിലും കണ്ടെത്താൻ തനിക്ക് കഴിഞ്ഞില്ല.പക്ഷേ ഇപ്പോഴും ഓരോ ട്രെയിൻ യാത്രയിലും ആ അമ്മയുടെ മുഖം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. അമ്മയുടെ മകൻ സുഖമായിരിക്കുന്നു എന്നൊരു വാക്ക് കേൾക്കാൻ വേണ്ടി മാത്രം…!!

Leave a Reply

Your email address will not be published. Required fields are marked *