അങ്ങേരെന്നെ കെട്ടിപിടിച്ചു വീടിന്റെ പുറകു വശത്തേക്ക് കൊണ്ടോയി…ഇയാക്കെന്താ തലയ്ക്കു വട്ടായ…..

ഒരേട്ടന്റെ ജനനം

(രചന: അച്ചു വിപിൻ)

 

കോളേജ് പടുത്തോo കഴിഞ്ഞു ജോലിയും കൂലിയും ഇല്ലാതെ ഒറ്റാംതടിയായി തിന്നും കുടിച്ചും തെണ്ടി നടക്കണ ടൈം….

 

അന്നും പതിവുപോലെ ചങ്കു സുമേഷിന്റെ കൂടെ കവലയിലെ ആൽമരച്ചോട്ടിൽ ശരണ്യ ബസിൽ വരുന്ന നാട്ടിലെ പ്രധാന സുന്ദരികളെ നോക്കി ഇരിക്കുവാരുന്നു…. ആ ഇരിപ്പിന്റെ സുഖം കളഞ്ഞോണ്ടു ഒരു കോൾ വന്നു..അത് വേറെ ആരും അല്ല വീട്ടിൽ നിന്ന് എന്റെ അച്ഛൻ ആണ് ….

 

ഡാ അമ്മ ഒന്ന് തല കറങ്ങി വീണു… കണ്ടിടത്തൊക്കെ കറങ്ങി നടക്കാതെ പറ്റുങ്കി ഇവിടം വരെ ഒന്ന് വാ…

 

അമ്മക്ക് വല്ല ബിപിയും കുറഞ്ഞതാവും ഞാൻ ചിന്തിച്ചു ….

 

ബസും നോക്കി ഇരിക്കുന്ന ചങ്ക്സുമേഷിനെ ഞാൻ അസൂയയോടെ നോക്കി…ഡാ ആ വെളുത്തു കൊലുന്നനെയുള്ള പെണ്ണിനെ ഞാൻ നോക്കി വെച്ചേക്കണതാ അവളെ എങ്ങാൻ നോക്കിയാ…. ഇത്രേം പറഞ്ഞു അവന്റെ തോളിൽ ഒരു ചിമിട്ടൻ ഇടീം കൊടുത്തു ഞാൻ വീട്ടിലേക്കു വിട്ടു….

 

വീട്ടിൽ ചെന്നപ്പോ ഒരു പൂരത്തിനുള്ള ആളുണ്ട്.. ദൈവമേ അമ്മക്കെന്തേലും …ഏയ് അതൊന്നും ആവില്ല….

 

അമ്മാവനും അമ്മായീം എന്തോ പാതകം ചെയ്ത മട്ടിൽ എന്നെ തുറിച്ചു നോക്കണ്ടു….അവരുടെ ആ നോട്ടം കണ്ടു ഞാൻ അവിടെ നിന്ന് പരുങ്ങി…..

 

അമ്മേടെ ഇളയ ആങ്ങള കളസം കൈമൾ(ഈ കളസം കൈമൾ എന്ന് ഞാൻ പുള്ളിക്കിട്ട പേരാണ്….ആൾ ഭൂലോക പിശുക്കൻ ആണ്…6 വർഷം മുൻപ് വാങ്ങിയ കളസത്തിനു ഓട്ട വന്നിട്ട് അത് മാറ്റാതെ ഇപ്പഴും അത് തുന്നി ഇട്ടോണ്ട നടക്കുന്നത്…) ഒരു വളിച്ച ചിരിയോടെ എന്റെ അടുത്തേക്ക് വന്നു…

 

അങ്ങേരെന്നെ കെട്ടിപിടിച്ചു വീടിന്റെ പുറകു വശത്തേക്ക് കൊണ്ടോയി…ഇയാക്കെന്താ തലയ്ക്കു വട്ടായ…..

 

‘കാശ്’എന്ന വാക്കു കേട്ട മാത്രം പ്രത്യക്ഷപ്പെടാറുള്ള ഇങ്ങേരു ഇവിടെ എന്തിനു വന്നു എന്ന് ഞാൻ അപ്പൊ ചിന്തിക്കായ്കയില്ല….

 

അടുക്കള പുറത്തെത്തീതും പുള്ളി പറഞ്ഞു തുടങ്ങി… മോനെ ബാലു നീ വിഷമിക്കണ്ട കാര്യമൊന്നുമില്ല ദൈവം നിശ്ചയിക്കുന്നതെ നടക്കൂ…. ഓരോന്നിനും അതിന്റെതായ സമയം ഉണ്ട്…

 

എന്ത് സമയം ഇയാളിത് എന്ത് തേങ്ങയ ഈ പറേണത് എന്താ അമ്മാവാ കാര്യം? ഞാൻ ചോദിച്ചു…

 

മോനെ സാവിത്രിക്കു വിശേഷം ഉണ്ട്…

 

വിശേഷോ എന്ത് വിശേഷം?അമ്മാവൻ ഒന്ന് തെളിച്ചു പറ..

 

ഡാ മോനെ നിന്റെ അമ്മ ഗർഭിണി ആണ്….ഇതിൽ കൂടുതൽ തെളിച്ചു പറയാൻ എനിക്കറിഞ്ഞൂടാ…. ആ ഇടിത്തീ പോലുള്ള വാർത്ത എന്റെ മേൽ വർഷിച്ചു കൊണ്ട് അങ്ങേര് അവിടെ നിന്നും സ്കൂട്ടായി…

 

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുറേനേരം അവിടെ തന്നെ നിന്നു……. വെറുതെ ആലോചിച്ചു നിന്നതല്ല നാണക്കേട് കൊണ്ട് ഒളിച്ചു നിന്നത… എല്ലാ പടകളും വീട്ടിൽ നിന്നും പോകണ്ടേ…എന്നിട്ടു വേണം ഒന്നകത്തു കേറാൻ…

 

വീടിനകത്തു കൊണ്ട്പിടിച്ച ചർച്ചകൾ നടന്നു… കുഞ്ഞിനെ കളയാൻ എല്ലാരും അമ്മയോട് ആവശ്യപ്പെട്ടു… അമ്മ അതു കേട്ടില്ല എന്ന് മാത്രല്ല അതിനെ പ്രസവിക്കും എന്ന് തീർത്തു പറഞ്ഞു… അപ്പൊ ആ കാര്യത്തിൽ ഒരു തീരുമാനമായി….

 

അങ്ങനെ ആ ഗർഭ സഭ പിരിഞ്ഞു…. എല്ലാരും പോയെന്നു ഉറപ്പു വരുത്തി ഞാൻ അകത്തേക്ക് ചെന്നു…

 

എന്റെ അച്ഛൻ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ അകത്തു ടീവിയും കണ്ടു കസേരയിൽ മലർന്നു കിടക്കണ്ട്…

 

എന്നെ കണ്ടതും അച്ഛൻ ഉറങ്ങുന്ന പോലെ അങ്ങ് കിടന്നു…അയ്യട ഒക്കെ ഒപ്പിച്ചു വച്ചിട്ട് കള്ള കാമദേവൻ കിടക്കണ കിടപ്പു കണ്ട…

 

അച്ഛൻ ആണത്രേ അച്ഛൻ …ഇവർക്കിത് കുറച്ചു നേരത്തെ ആയിക്കൂടാർന്നോ ഇതിപ്പ എന്നെ കെട്ടിക്കാറായി മാത്രല്ല എനിക്കൊരു കൊച്ചാകണ്ട ടൈം ആയി അപ്പഴാ..അതൊക്കെ ഓർത്തപ്പോ എനിക്ക് ദേഷ്യം വന്നു…

 

വന്ന ദേഷ്യം അങ്ങ് വിഴുങ്ങികൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി…. അല്ലാതെ ഇതിൽ ഇപ്പൊ ഞാനെന്ത് ചെയ്യാനാ….

 

പിറ്റേ ദിവസം റോക്കറ്റിനേക്കാൾ വേഗത്തിൽ എന്റെ അമ്മേടെ ഗർഭവാർത്ത നാട്ടിൽ പരന്നു….. അതങ്ങനെയാണല്ലോ ഇങ്ങനെ ഉള്ളതൊക്കെ പറഞ്ഞു നടക്കാൻ ആളുകൾക്ക് ഒരു ഹരം ആണ്..വർക്കത്തില്ലാത്ത തെണ്ടികൾ ത്ഫൂ…..

 

ഞാൻ നാണക്കേട് കൊണ്ട്പുറത്തൊന്നും ഇറങ്ങാതായി…ചങ്ക് സുമേഷ് ഇടയ്ക്കു എന്നെ ആശ്വസിപ്പിക്കാൻ വീട്ടിൽ വരും.. പക്ഷെ ഇടയ്ക്കു ആ നാറിയുടെ ആക്കിയുള്ള ഒരു ചിരി ഉണ്ട് അതാണ് സഹിക്കാൻ മേലാത്തത്….

 

അമ്മക്ക് അഞ്ചുമാസം ആയെ പിന്നെ ഒരു പണിയും ചെയ്യാൻ മേലാണ്ടായി….

 

എന്റെ കാര്യം ആണേൽ ആകെ ശോകമാണ്… ഇടാനും ഊരാനും അല്ലാതെ ഒരു ഷഡി പോലും കൈ കൊണ്ട് തൊടാത്ത ഞാനാ അലക്ക് കല്ലിന്റെ അവിടെ പോയി തിത്തെയ് പാടുന്നത്…

 

അലക്കി അലക്കി ഷഡ്ജം കീറിപോയി പൊന്നോ… ഹാ അലക്കണത് പോട്ടെ ഇപ്പൊ അടുക്കള പണി കൂടി ഒറ്റക്ക ചെയ്യണേ… അതിന്റെ കഷ്ടപാട് വേറെ…

 

അന്നും പതിവ് പോലെ ചങ്ക് സുമേഷ് വീട്ടിൽ വന്നു… ഞാൻ അവനോട് പറഞ്ഞു ഡാ ശരിക്കും ഈ വീട്ടുപണി എന്ന് പറയണത് ആകെ കബൂറാണ്…ഈ വക കാര്യങ്ങളിൽ പെണ്ണുങ്ങൾ വേറെ ലെവൽ ആണ് ഭായ് …ഇവർ ഇത്രയൊക്കെ കഷ്ടപെടേണ്ടെന്നു ഇപ്പഴാ മനസ്സിലായെ….

 

നമ്മൾ കയ്യും കഴുകി തിന്നാൻ വന്നിരുന്നിട്ടു ഉള്ളത് മുഴുവൻ നക്കി തിന്നിട്ടു കുറ്റോം പറഞ്ഞു എണീറ്റ് പോകും..അതിന്റെ ഒക്കെ പിറകിൽ ഒരു പാട് അധ്വാനം ഉണ്ടളിയാ അതെനിക്ക് മനസ്സിലായി..എന്റമ്മോ വീട്ടുപണി ചെയ്യുന്ന സ്ത്രീജനങ്ങൾക്കു എന്റെ കൂപ്പുകൈ…

 

പ്രസവം അടുക്കാറായപ്പഴേക്കും അമ്മക്കു തീരെ വയ്യാതായി… കാലിൽ ഒക്കെ നീര് വന്നു ഇടയ്ക്കു എന്റെ നേരെ സങ്കടത്തോടെയുള്ള ഒരു നോട്ടം ഉണ്ട് അതാണ് സഹിക്കാൻ മേലാത്തെ…..ഒക്കെ തന്നത്താൻ വരുത്തി വച്ചതല്ലേ എന്ന അർത്ഥത്തിൽ ഞാനും നോക്കും അല്ല പിന്നെ…

 

അങ്ങനെ മാസം തികഞ്ഞു അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി ഇത്രേം പ്രായം ആയത് കൊണ്ട് നോർമൽ ഡെലിവറി ഉണ്ടാകില്ല എന്ന് നേരത്തെ ഡോക്ടർ പറഞ്ഞിരുന്നു…

 

ഹോസ്പിറ്റലിൽ അമ്മയെ അഡ്മിറ്റാക്കിയ അന്ന് മുതൽ അവിടേം തുടങ്ങി കളിയാക്കിയുള്ള നോട്ടങ്ങൾ…ചില നഴ്സുമാരുടെ ഒക്കെ നോട്ടം കണ്ടാൽ ഞാൻ അവരുടെ മുന്നിൽ തുണിയില്ലാതെ നിക്കുവാണെന്നു തോന്നും…ഈ പിശാശുക്കൾ ഗർഭിണികളെ കണ്ടിട്ടില്ലേ….

 

അങ്ങനെ ഡോക്ടർ പറഞ്ഞ ദിവസം തന്നെ അമ്മയെ ഓപ്പറേഷന് കയറ്റി…വല്ലാത്തൊരു ശ്വാസംമുട്ടൽ ആർന്നു എനിക്ക്….ലേബർ റൂമിലേക്ക് കൊണ്ടുപോകാൻ നേരം അമ്മ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു ..

 

അമ്മക്ക് എന്നോട് എന്തൊക്കെയോ പറയാൻ ഉള്ള പോലെ എനിക്ക് തോന്നി….എനിക്കെന്തോ അന്നേരം വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു അപ്പിയിടാനോ മൂത്രമൊഴിക്കാനോ ഒക്കെ മുട്ടുന്ന പോലെ…

 

അമ്മയേ കൊണ്ടുപോകുന്നത് കാണാൻ വയ്യാതെ അച്ഛൻ വിഷമിച്ചു ഒരു മൂലയിൽ പോയി നിന്നു…അച്ഛന് അമ്മയെ അത്രക്ക് ജീവനായിരുന്നു….

 

കുറച്ചു കഴിഞ്ഞു ഒരു നേഴ്സ് പുറത്തേക്കു വന്നു അകത്തേക്ക് ഉള്ള എന്തോ ആവശ്യത്തിന് പഴയ ഒരു മുണ്ടു വേണം എന്ന് പറഞ്ഞു…അച്ഛൻ മുണ്ടും തപ്പി റൂമിലേക്ക് പോയി…

 

അൽപ സമയം കഴിഞ്ഞു ആ നേഴ്സ് പിന്നെയും പുറത്തേക്കു വന്നു…അപ്പോൾ അവരുടെ കയ്യിൽ ഒരു തുണിയിൽ പൊതിഞ്ഞു ഒരു കുഞ്ഞും ഉണ്ടായിരുന്നു…അതേയ് ഇയാളുടെ അമ്മ പ്രസവിച്ചുട്ടോ പെൺകുഞ്ഞാണ് …

 

നിങ്ങടെ കൂടെ സ്ത്രീകൾ ആരുമില്ലേ അവർ ചോദിച്ചു…ഞാൻ അടുത്ത് നിന്ന ചങ്ക് സുമേഷിനെ നോക്കി…അവനും ഏതാണ്ട് അതുപോലൊക്കെത്തന്നെ എന്നെയും തിരിച്ചു നോക്കി…

 

അവർ കുഞ്ഞിനെ എന്റെ നേരെ നീട്ടി..പൊട്ടന് ലോട്ടറി അടിച്ച പോലെ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു…

 

കുഞ്ഞിനെ വാങ്ങളിയാ ചങ്ക് എന്നോട് പറഞ്ഞു….മടിച്ചു മടിച്ചു ഞാൻ കൈകൾ നീട്ടി…അവർ മെല്ലെ അതിനെ എന്റെ കയ്യിൽ വെച്ച് തന്നു…പേടി കൊണ്ട് എന്റെ കൈകൾ വിറച്ചു….

എടൊ വെപ്രാളം കൊണ്ട് കുഞ്ഞിനെ നിലത്തിടരുതെട്ടോ നേഴ്സ് ചിരിച്ചോണ്ട് പറഞ്ഞു….

 

എന്റെ ലൈഫിൽ ആദ്യമായിട്ടാ അത്രേം ചെറിയ ഒരു കുഞ്ഞിനെ എടുക്കുന്നത്..ഹോ വല്ലാത്ത ഒരു ഫീലിംഗ് എന്റെ കൈക്കുള്ളിൽ എന്റെ പെങ്ങൾ… എന്റെ കണ്ണ് നിറഞ്ഞു പോയി അതോണ്ട് അവളെ ശരിക്കൊന്നു കാണാൻ കഴിഞ്ഞില്ല…

 

അവൾ കണ്ണ് തുറന്നു എന്റെ നേരെ തന്നെ നോക്കുന്നുണ്ടായിരുന്നു…നല്ല വെളുത്തു തുടുത്ത ഒരു ചക്കക്കുട്ടി…ആർക്കും ലഭിക്കാത്ത ഭാഗ്യം ആണ് അന്നെനിക്ക് കിട്ടിയത് എന്ന് തോന്നി പോയി…എന്റെ അനിയത്തിയെ എന്റെ കൈകളിൽ ഏറ്റു വാങ്ങിയ ആ നിമിഷം ഹോ!! ആ സന്തോഷം എനിക്ക് പറയാൻ വയ്യ…ഞാൻ ഒരു ഏട്ടൻ ആയിരിക്കുന്നു…

 

എങ്ങനെ ഉണ്ടെടാ ചങ്കെ…

 

ഓഹ് തരക്കേടില്ല… പൊക്കം ഇച്ചിരി കുറവല്ലേ എന്നൊരു സംശയം…

 

ഡാ വധൂരി ഞാൻ നഴ്സിന്റെ കാര്യം അല്ല ഇവളുടെ കാര്യാ ചോദിച്ചത്…

 

ഓ അതാണോ ഇവള് നിന്നെ പോലെ തന്നെ.. ചിമിട്ടൻ ആയിട്ടുണ്ട്… ചങ്ക് ചിരിച്ചോണ്ട് പറഞ്ഞു…

 

കുറച്ചു കഴിഞ്ഞപ്പോൾ ബന്ധുക്കൾ ഒക്കെ എത്തി..കൊച്ചിനെ കളയാൻ പറഞ്ഞ ടീമ്സ് ഒക്കെ എന്റെ കുഞ്ഞു പെങ്ങളെ മാറി മാറി എടുക്കുന്നുണ്ടായിരുന്നു …

 

അമ്മയെ പിറ്റേ ദിവസം റൂമിലേക്കു കൊണ്ട് വന്നു…ബന്ധുക്കൾ ഒക്കെ ഒന്ന് വന്നു മുഖം കാണിച്ചിട്ട് പിരിഞ്ഞു പോയിരുന്നു…

 

അമ്മേടെ ഒരു അനിയത്തി ഇടയ്ക്കു സഹായത്തിനു വരുമായിരുന്നു അതൊരു വലിയ ആശ്വാസം ആരുന്നു…എന്നാലും

വീട്ടിൽ പോരുന്ന വരെ ഞാനും അച്ഛനും ഒരുപാടു കഷ്ടപ്പെട്ടു പോയി…

 

ഒരു വശത്തു ഓപ്പറേഷൻ കഴിഞ്ഞു എണീക്കാൻ വയ്യാതെ കിടക്കുന്ന എന്റെ അമ്മ. മറുവശത്തു കിടന്നു കാറി കൂവുന്ന എന്റെ കുഞ്ഞു പെങ്ങൾ…

 

ഒടുക്കം എല്ലാം കഴിഞ്ഞു ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തി…രാത്രി അവൾ ഞങ്ങളെ ഉറക്കാറില്ലായിരുന്നു ആശാത്തി എപ്പഴും കരച്ചിൽ ആണ്…

 

ആ വീടാകെ അവളുടെ കരച്ചിൽ കൊണ്ട് നിറഞ്ഞു…അത് പക്ഷെ കേൾക്കാൻ സുഖമുള്ള ഒന്നായിരുന്നുട്ടോ …അവൾ കുറച്ചൂടെ നേരത്തെ ജനിക്കേണ്ടതായിരുന്നു എന്നെനിക്കു തോന്നിപ്പോയി….

 

അന്ന് വരെ ഒറ്റാം തടിയായി നടന്ന എനിക്ക് ഒരു കൂടപ്പിറപ്പ് ഉണ്ടായിരിക്കുന്നു…ദൈവംഎത്ര വലിയവൻ ആണ്…

 

ബാലു ഇങ്ങനെ ഒക്കെ നടന്ന മതിയോ? ഒരു പെങ്ങളൊക്കെ ആയില്ലേ? ഉത്തരവാദിത്തങ്ങൾ ഒക്കെ ആയിട്ടോ……അയലത്തെ ദേവുഅമ്മ ഇടയ്ക്കു എന്നെ കാണുമ്പോ പറയും…അത് കേൾക്കുന്നത് തന്നെ ഒരു സുഖാണ്…

 

ശരിക്കും പെങ്ങളില്ലായ്മ ഒരു ദാരിദ്ര്യം ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.അത് ശരിയാണെന്ന് എനിക്ക് ഇടയ്ക്കു തോന്നാറുമുണ്ടു….

 

എന്നാലെ എന്റെ ദാരിദ്ര്യം തീർന്നു… ഇപ്പൊ ഞാൻ ചെറിയ ഒരു സമ്പന്നൻ ആണ്…അതെ എന്റെ പെങ്ങൾ എന്ന സമ്പത്തിന്റെ ഉടമ….

 

എന്റെ പെങ്ങൾക്ക് ഇന്ന് 8 മാസം കഴിഞ്ഞു…. അവൾക്കു എന്നെ ജീവനാണ് എന്നെ കാണാതിരുന്നാൽ വീടിന്റെ എല്ലാ ഭാഗത്തും അവൾ മുട്ടുകുത്തി ചെന്ന് അവിടെ ഞാൻ ഉണ്ടോ എന്നു നോക്കും…

 

അവളെയും കൊണ്ട് എപ്പഴും ഞാൻ പുറത്തൊക്കെ പോകും… അതിൽ എനിക്കിപ്പോ ഒരു നാണക്കേടുമില്ല… കാരണം മറ്റാർക്കും കിട്ടാത്ത ഭാഗ്യം ആണ് എന്റെ കൈകളിൽ ഇരിക്കുന്നത്…. എന്റെ സുന്ദരിയായ പെങ്ങളെ കണ്ടു ചിലർക്കൊക്കെ കുറച്ചു അസൂയയും കുശുമ്പും ഇല്ലാതില്ല…….

 

ഇപ്പോൾ എല്ലാ വൈകുന്നേരങ്ങളിലും കവലയിലെ ആൽമരച്ചോട്ടിൽ ശരണ്യ ബസിൽ വരുന്ന സുന്ദരികളെ നോക്കി എന്റെ മടിയിൽ തെല്ലു ഗർവും കാട്ടി അവളും ഉണ്ട്… കൂടെ ചങ്ക് സുമേഷും….

Leave a Reply

Your email address will not be published. Required fields are marked *