ഹാപ്പി ഡിവോഴ്സ് ഡേ
രചന: Vijay Lalitwilloli Sathya
ശ്രീമൻ ഷിജു തോമസും അനിറ്റയും തമ്മിലുള്ള വിവാഹ സർട്ടിഫിക്കറ്റ് ഈ കോടതി റദ്ദ് ചെയ്യുന്നു..
പരസ്പര സമ്മതത്തോടെയുള്ള ഇരുകൂട്ടരുടെയും ജോയിന്റ് പെറ്റീഷൻ അടിസ്ഥാനത്തിൽ ഈ ദമ്പതികൾക്ക് വിവാഹമോചനം നൽകുന്നു….
ചെവി കുളിർക്കുന്ന ആ വാർത്ത ഇരുവരും കോടതിയിൽ ബെഞ്ചിലിരുന്ന് ആസ്വദിച്ച് കേട്ടു ..
വളരെ സന്തോഷം നൽകുന്ന കോടതിവിധി ഇരു കൂട്ടർക്കും സ്വീകാര്യമായി .. സന്തോഷമായി.
വീട്ടിലെത്തിയ ഷിജു ആലോചിച്ചു.. ഹാവൂ ശ്വസിക്കുന്ന കാറ്റിനു പോലും എന്തൊരു സൗരഭ്യം സുഗന്ധം… ആ കുഞ്ഞുന്നാൾ മുതൽ 28 വയസ്സുവരെ ആനന്ദിച്ച ആ പരമസുഖം വീണ്ടും തിരിച്ചു കിട്ടിയത്
പോലെ. വീട്ടിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു. ഹായ് എന്തൊരു രുചി. ജോലികഴിഞ്ഞ് വന്നാൽ അനിറ്റയോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചാൽ കിട്ടാൻ എന്തൊരു പാടാ..
ഞാൻ മിക്സിയിൽ നാളത്തെതിന് അരയ്ക്കുകയാണ്….പൊടിക്കുകയാണ് ഷിജു ചെന്ന് ഫ്രിഡ്ജിൽ നിന്നും എടുത്തു കുടിച്ചാട്ടെ.. പക്ഷേ താൻ പോകുമോ കുടിക്കുമോ ഇല്ല.. വൈകിട്ട് ജോലി കഴിഞ്ഞു വന്ന തന്റെ സുഹൃത്തുക്കളുടെ കൂടെ
കൂടി പോയാലോ.. 9 മണിയാകുമ്പോഴേക്കും തിരിച്ചുവരണം എന്നൊരു താക്കീത്..ഹാവൂ ഇപ്പോൾ എത്ര മണി വരെ വേണമെങ്കിലും രാത്രി ടൗണിലും മറ്റും സുഹൃത്തുക്കളുടെ കൂടെ കറങ്ങാം..
കുറച്ച് അധിക സമയം ഫോണിൽ സംസാരിച്ചാലോ ചാറ്റിയാലോ ആരാ എന്ന് ചോദിച്ചു കൊണ്ടുള്ള ഒരു വരവ് ഉണ്ടല്ലോ..അച്ചോടാ അതൊന്നും ഇനി ഉണ്ടാവില്ല.. ഓർക്കുന്തോറും ഷിജുവിനെ ആനന്ദം കൂടിക്കൂടി വന്നു ആവേശവും..
പിറ്റേ വർഷം ആ ഡേറ്റിന്റെ തലേന്നാൾഷിജു സാർ വീട് മൊത്തം അലങ്കരിക്കണമെന്ന് പറഞ്ഞല്ലോ ഞങ്ങളുടെ വണ്ടിയും വർക്കേഴ്‌സും അങ്ങോട്ട് വരുന്നുണ്ട് അവരെ എവിടെയൊക്കെ എന്തൊക്കെ വേണ്ടതെന്ന് പറഞ്ഞു കൊടുത്താൽ വലിയ ഉപകാരമായിരിക്കും
ശരി പോന്നോളാൻ പറഞ്ഞോളൂ അവരോട് ഞാൻ വേണ്ടതൊക്കെ പറഞ്ഞു കൊടുക്കാം ഈ പരിപാടിയുടെ ഭാഗമായി ഞാൻ ഈ ആഴ്ച ലീവ് ആണെന്ന് അറിയാമല്ലോ..
ഷിജു വളരെ ആഹ്ലാദത്തിലാണ്.. ഡൈവേഴ്സ് വാർഷികം അതിഗംഭീരമായിനടത്താനാണ് അയാളുടെ ആഗ്രഹം..
നാട്ടിലുള്ള എല്ലാ സുഹൃത്തുക്കളെയും ഓഫീസിലും മറ്റും പരിചയത്തിലുള്ള സുഹൃത്തുക്കളെയും എല്ലാവരെയും ക്ഷണിച്ചുകൊണ്ട് അതി വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണു തീരുമാനം..
തനിക്ക് ജീവിതത്തിൽ പറ്റി പോയ ഏറ്റവും വലിയ തെറ്റാണ് വിവാഹം എന്ന ഈ സംഭവം.. ഇനി അതില്ല..
നമ്മുടെ നാട്ടിൽ തന്നെ
പലസ്ഥലങ്ങളിലും യുവ സംഘങ്ങൾ ബാച്ചിലർ ടീം രൂപീകരിച്ചു കഴിഞ്ഞു..അവർ ഇനി വിവാഹം കഴിക്കില്ല..
വിവാഹത്തിനായി പെണ്ണിനെ അന്വേഷിച്ചു പോകുമ്പോൾ
പെൺകുട്ടികളുടെ അമ്മമാരുടെയും അച്ഛന്മാരുടെയും ഡിമാൻഡ് കേട്ട് സഹിച്ചു അവർ മടുത്തതുകൊണ്ടാണ് ഇങ്ങനെ ടീമുകൾ പലസ്ഥലങ്ങളിലും രൂപം കൊള്ളുന്നത് എന്നത് സത്യമാണ്.
ഇനി കെട്ടിക്കഴിഞ്ഞാലോ…
അത് ഈ ഷിജു ജീവിതത്തിൽ അനുഭവിച്ചു കഴിഞ്ഞു…
ഇതുപോലുള്ള സംഘടനകൾ നാട്ടിൽ എന്നല്ല കേരളത്തിൽ മുഴുവൻ രൂപീകരിക്കണം. ഒരു ചെറുപ്പക്കാരും ഇനി ദുഃഖിക്കരുത്. അതിന് കാരണമാകുന്ന ഈ വിവാഹം എന്ന ചടങ്ങ് കഴിക്കരുത്.. കേരളത്തിലുള്ള ഇതിന്റെ പല
സംഘടനകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് അഖിലേന്ത്യാതലത്തിൽ ഇതിന്റെ നേതൃത്വം താൻ വഹിക്കും..
നാട്ടിലുള്ള എല്ലാ യുവതികളും മൂത്തു നരച്ച് ആണുങ്ങളുടെ സാമീപ്യം ഇല്ലാതെ അമ്മാ .. അമ്മാ …എന്ന് പറഞ്ഞു നടക്കണം പിച്ച തെണ്ടി നടക്കണം…
ലൈറ്റ് ആൻഡ് സൗണ്ടുകളും പ്രോഗ്രാമിനുള്ള സ്റ്റേജുകളും ഭക്ഷണത്തിനുള്ള ഫുഡ് ഐറ്റംസുകളും ഗംഭീരമായി ഒരുങ്ങി. അല്പസ്വല്പം ഹോട്ട് ഡ്രിങ്ക്സ് വേണമെന്നുള്ളവർക്ക് അതും ഫിറ്റ് ചെയ്യാം.. നാളെ വൈകിട്ടത്തോടുകൂടിയാണ് പരിപാടി…
അങ്ങനെ ആ സുദിനം വന്നെത്തി.. വൈദ്യുത ദ്വീപാലങ്കാരങ്ങൾ കൊണ്ട് വർണശഭളമായി അലങ്കരിച്ച വീടിന്റെ മുറ്റത്ത് വച്ച് പരിപാടി ഗംഭീരമായി ആഘോഷിക്കപ്പെടുകയാണ്.. നാട്ടുകാരും ധാരാളം സുഹൃത്തുക്കളും വന്ന്
മൂക്കുമുട്ടെ തിന്നുകയും കുടിക്കുകയും ചെയ്തു ഹാപ്പി ഡൈവേഴ്സ് ആശംസിച്ചു പോവുകയും ചെയ്തു കൊണ്ടിരിക്കെ
പെട്ടെന്ന് കരണ്ടു പോയി..
ജനറേറ്ററിന് എന്തോ തകരാർ..
ഷിജു ലൈറ്റ് സൗണ്ട് ഓപ്പറേറ്റർ ഉച്ചത്തിൽ വിളിച്ചു.. പക്ഷേ ജനങ്ങളുടെ കലപില ശബ്ദം കാരണം ആരും വിളി കേട്ടില്ല..
ഒടുവിൽ അയാൾ ഒറ്റയ്ക്ക് ഇരുട്ടത്ത് തപ്പി തടഞ്ഞുകൊണ്ട് ജനറേറ്റർ വച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്നു.. അതവിടെ ഓഫ് ആയി കിടക്കുകയാണ്.
കയ്യിലെ മൊബൈലിൽ നിന്നും ടോർച്ച് മിന്നിച്ച് നോക്കി പെട്രോളും ഡീസലും ചെക്ക് ചെയ്തു.. അതൊക്കെ വേണ്ടുവോളം ഉണ്ട്. ഒന്നുകൂടി സ്റ്റാർട്ട് ചെയ്തു നോക്കാം.. ഷിജുജനറേറ്ററിന്റെ ക്രാസിയിൽ അതിന്റെ ഹാൻഡിൽ ഇട്ടു ശക്തിയോടെ വട്ടം കറക്കാൻ തുടങ്ങി.
ദേണ്ട മനുഷ്യ ഒന്ന് ചുമ്മാതിരി ഈ പാതിരാത്രിയിൽ.. എന്നും പറഞ്ഞു മറ്റേ കാലുകൊണ്ട് തന്റെ ഒരു കാല് പിടിച്ച് കറക്കുന്ന ഷിജു ചേട്ടനെ ആഞ്ഞു തൊഴിച്ച് ബെഡിൽ നിന്നും താഴെയിട്ടു..
ഭാര്യ അനിറ്റയോടൊപ്പം ഒന്നിച്ച് അന്ന് രാത്രി
ബോധം കെട്ട് കിടന്നുറങ്ങി സ്വപ്നം കാണുകയായിരുന്ന ഷിജുവിന് ഭാര്യയുടെ മാരക തൊഴിയേറ്റപ്പോൾ മാത്രമാണ് ഡൈവേഴ്സ് ഡേ ആഘോഷിക്കുന്ന ആ സുന്ദര മുഹൂർത്തം വെറും സ്വപ്നമാണെന്നു മനസ്സിലായത്…