മേഘ
(രചന -ലക്ഷിത)
“വൈശാഖാന്റെ പെണ്ണില്ലേ മേഘ അവൾക്ക് വീണ്ടും ഭ്രാന്തായിന്ന്..”കേട്ട വരൊക്കെ താടിക്ക് കൈ കുത്തി അയ്യൊന്ന് വെച്ചു എനിക്കത് കേട്ടപ്പോൾ തൊണ്ടയിൽ എന്തോ ഉറഞ്ഞു കൂടി ശ്വാസം മുട്ടിയ പോലെയാ തോന്നിയെ. പത്താം ക്ലാസ്സ് കഴിഞ്ഞ അവധി സമയത്താണ് വൈശാഖന് അവളോട് ഇഷ്ടമാണെന്ന് പറയുന്നത്.
അതിനു കൂട്ടായി ഞാൻ ഉണ്ടായിരുന്നു ആദ്യം കേട്ടപകപ്പിൽ അവൾ ഒഴിഞ്ഞു മാറി എങ്കിലും പോകുന്ന വഴിയിലൊക്കെ അവന്റെ മുഖം കണ്ടതോടെ അവളുടെ ഉള്ളിലും ഒരു ഇഷ്ടം മോട്ടിട്ടു തുടങ്ങി.അപ്പോഴും ഞാൻഅവൾക്ക് കൂട്ടായി ഞാനും ഉണ്ടായിരുന്നു.
അവൾക്കു പതിനെട്ട് തികയാൻ കാത്തിരുന്ന പോലെയായിരുന്നു അവരുടെ കല്യാണം കഴിഞ്ഞത്. അതിനായി വൈശാഖന് അവന്റെ വീട്ടുകാരുമായി ഒരു യുദ്ധം തന്നെ നടതേണ്ടി വന്നു.
യുദ്ധം ജയിച്ചു വീര നായകനെ പോലെ തന്റെ രാജകുമാരിയെയും ചേർത്ത് പിടിച്ചു അവൻ കല്യാണപന്തലിൽ നിന്നു അവർ തമ്മിലുള്ള ചേർച്ച കണ്ടു എല്ലാവരുടെയും മുഖം തെളിഞ്ഞപ്പോഴും
അവളുടെ കഴുത്തിലും കൈകളിലും കിടന്ന മഞ്ഞ ലോഹത്തിന്റെ തെളിച്ചക്കുറവ് കാരണം വൈശാഖാന്റെ അമ്മയുടെ മുഖം കരിവാളിച്ചു തന്നെ കിടന്നു ആ കാഴ്ച്ച കാണാനും ഞാൻ ഉണ്ടായിരുന്നു.
ആഗ്രഹിച്ച കളിപ്പാട്ടം കൈക്കലാക്കിയ കുട്ടിയുടെ മനസോടെ ആദ്യമാദ്യം അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു നടന്നുവെങ്കിലും പതിയെ പതിയെ അവൻ പോലും അറിയാതെ അവളോടുള്ള ഇഷ്ടവും താല്പര്യവും കുറഞ്ഞു വന്നു
ജീവിതയഥാർത്യങ്ങളിലേക്ക് ഇറങ്ങിയപ്പോ താല്പര്യമില്ലാത്ത കളിപ്പാട്ടത്തെ വലിച്ചെറിയാൻ പോലും ആകാതെ അവൻ അസ്വസ്തനായി നടന്നു.
വൈശാഖാന്റെ ഉള്ളിലേ പ്രണയം ആറി തണുത്തതറിയാതെ മേഘയുടെ ഉള്ളിലേ പ്രണയം ആളി കത്താൻ തുടങ്ങി.
ദാരിദ്ര്യവാസി പെണ്ണു മോനെ വശീകരിച്ചു പിടിച്ചത് കൊണ്ട് മോന് വന്ന നഷ്ടങ്ങളെ എണ്ണിപ്പറക്കി വൈശാഖ്‌ന്റെ അമ്മ രാവെന്നോ പകലെന്നോ ഇല്ലാതെ പുലമ്പിക്കൊണ്ടിരിക്കുന്നത്
കേട്ടു കേട്ടു വൈശാന്റെ മനസും മാറി മറിഞ്ഞു ഇതൊന്നും അറിയാതെ അവൾ വയറ്റിൽ മൊട്ടിട്ട ആരോമൽ മൊട്ടിനോട് സന്തോഷങ്ങകളും വിഷമങ്ങളും പങ്കുവെച്ചു.
കരഞ്ഞു തളർന്ന് ഉറങ്ങാൻ കിടക്കുന്ന രാത്രികളിൽ ഒക്കെ വാശിയോട് അവൾ കുഞ്ഞിനെ കൊഞ്ചിച്ചു.അതൊന്നും കേൾക്കാതെ ആ കുഞ്ഞുറങ്ങി.
വൈശാഖന്റെയോ അവന്റെ അമ്മയുടെയോ ശാപവാക്കുകൾ ഒന്നും കേൾക്കാൻ മനസില്ല എന്നപോലെ കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാതെ ഉണ്ണിപിറന്നു.
അവളെ ഒഴിവാക്കാൻ ഒരു കാരണം കൂടി ചേർക്കപ്പെട്ടു.വിവാഹം കഴിപ്പിച്ചയച്ച പെങ്ങളെ വീണ്ടും സംരക്ഷിക്കാൻ പറ്റില്ലെന്ന് ഏട്ടനും ഏട്ടത്തിയും കയ്യൊഴിഞ്ഞു. അച്ഛനുമമ്മയും പണ്ടേ ഓർമയായി മാറിയത് കൊണ്ട്.
അവളുടെ അവസ്ഥയെ ഓർത്ത് വിഷമിക്കാൻ വേറെ ആരും ഉണ്ടായിരുന്നില്ല നാളുകൾക്ക് ശേഷം ആണ് അവളുടെ വിവരങ്ങൾ ഞാൻ അറിഞ്ഞത് ഒരു ചെറുവിരൽ അനക്കാൻ പോലും ആകാതെ ഞാനും ബന്ധനത്തിൽ ആണെന്ന് അറിയാതെ അവൾ സങ്കടങ്ങളുടെ കെട്ടഴിച്ചു.
ഞാൻ ഒരു കേൾവിക്കാരിയെ പോലെ നിർവികാരയായി അവളുടെ മുന്നിൽ ഇരുന്നു.
ഒന്നും ചെയ്യാൻ ആകില്ലെന്ന് പൂർണ്ണബോധം ഉള്ളത് കൊണ്ട് അവളെ മറവിയിലേക്ക് മനപ്പൂർവം തള്ളിവിട്ടു.
അവളുടെ അവസ്ഥ കൂടുതൽ കൂടുതൽ മോശം ആയി വരുകയായിരുന്നു അതറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ഞാൻ നടന്നു.
വീട്ടിൽ സംഭവിക്കുന്ന എല്ലാ മോശം കാര്യങ്ങൾക്കും അവളേയും കുഞ്ഞിനെയും കാരണക്കാരാക്കി കുത്തി നോവിക്കുകയും നാവുകൊണ്ട് ഉള്ള ഉപദ്രവം കൈകൾ ഏറ്റെടുത്തപ്പോഴും.
രക്ഷപ്പെടാൻ വഴിയില്ലാതെ അവൾ അവിടെ തന്നെ ഒടുങ്ങാൻ മനസുകൊണ്ട് തീരുമാനം എടുത്തു.
വൈശാഘിന്റെ ഉപദ്രവം കുറഞ്ഞത് അയാൾക്കൊരു അപകടം പറ്റി നട്ടെല്ല് തളർന്നു കിടന്നപ്പോൾ ആണ്. അയാളുടെ ആ തകർച്ച അവളിലേ ഭാര്യയെയും പ്രണയിനിയെയും തളർത്തി.
ഉത്തമ ഭാര്യയായി അവൾ അയാളെ പരിചരിച്ചു. പക്ഷെ അതൊന്നും വിഷം മുറ്റിയ മനസുള്ള അയാൾ കണ്ടില്ല. കഴിവില്ലാത്ത ഭർത്താവിൽ നിന്ന് കിട്ടാത്ത സുഖത്തിനായി അവൾ മറ്റു പുരുഷൻ മാരെ തിരക്കി ഇറങ്ങുന്നുണ്ടോന്ന് അയാൾ സംശയിച്ചു.
നേരത്തെ ഒന്ന് കുളിച്ചാൽ നല്ല വസ്ത്രം ധരിച്ചാൽ മുടി ചീകി കെട്ടിയാൽ കണ്ണാടിയിൽ ഒന്ന് നോക്കി പോയാൽ ഒക്കെ അയാൾ വാക്കുകൾ കൊണ്ട് അവളെ വെഭിചാരിണി ആക്കി. മകന് കൂട്ടായി അമ്മ കൂടി ചേർന്നത്തോടെ.
അവളും തന്റെ മകനെ പോലെ ഒന്നും കേൽക്കാതെ മിണ്ടാതെ ഒതുങ്ങിക്കൂടി നാളുക്കൾക്ക് ശേഷം ഒരു സന്ധ്യക്ക് കിണറ്റിൻകരയിൽ അവൾ മയങ്ങി വീണു
അവിടന്ന് അവളെ കോരി എടുക്കാൻ അവൾക്കായി ഒരു പുരുഷനുണ്ടായി രാത്രികളിൽ അവളെ അയാൾ നെഞ്ചോടു ചേർത്തു പൊതിഞ്ഞു പിടിച്ചു ചുംബിച്ചുറക്കി പകലുകളിൽ അവളോടൊപ്പം ജോലിയിൽ അവളെ സഹായിച്ചും കൊച്ചു വാർത്തമാനങ്ങൾ പറഞ്ഞും അവളെ ചുറ്റിപറ്റി നിന്നു.
അയാളുടെതമാശകളിലും ഇക്കിളിപ്പെടുത്തലുകളിലും അവൾ പൊട്ടിച്ചിരിക്കുന്നത് കണ്ടവർ കണ്ടവർ ഒക്കെ പറഞ്ഞു അവൾക്ക് ഭ്രാന്താണെന്നു.
ഇനി ഈ പടി കേറില്ലെന്ന് വൈശാഖാന്റെ അമ്മയോട് വഴക്കുണ്ടാക്കി ഇറങ്ങി പോയ ഏട്ടനും ഏട്ടത്തിയും അവളെയും കുഞ്ഞിനേയും കൂട്ടാൻ വന്നു കാര്യമില്ലാതെ പൊട്ടിച്ചിരിക്കുകയും നാണിച്ചു മുഖം പൊത്തുകയും ചെയ്യുന്ന അമ്മയുടെ കയ്യും പിടിച്ചു കുഞ്ഞൻ കാറിലേക്ക് കയറി.
ഹോസ്പിറ്റലിൽ വാശി പിടിച്ചു കരഞ്ഞ അവളെ സ്നേഹത്തോടെ ഒതുക്കി നിർത്താൻ കുഞ്ഞനു മാത്രമേ പറ്റിയുള്ളൂ.
ഡോക്ടർമാർ ആഞ്ഞു ശ്രമിച്ചു മരുന്നുകൾ കൊണ്ടും ഷോക്കുകൊണ്ടും അവളുടെ കാമുകനെ അവളിൽ നിന്നും അടർത്തി മാറ്റി.
എന്നെന്നേക്കുമായി അയാളെ പറഞ്ഞയച്ചു വീണ്ടും നരച്ച യാഥാർഥ്യത്തിലേക്ക് നിർബന്ധപ്പൂർവം അവളെ കൊണ്ട് ചെന്ന് നിർത്തി.
യാതൊരു താല്പര്യവും ഇല്ലാതെ ഏട്ടന്റെയും ഏട്ടത്തിയുടെയും നിർബന്ധത്തിൽ അവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോയ അവളെ എതിരെറ്റത്തു വൈശാഘന്റെ മരണമാണ്.
വീണ്ടും അവൾ മനസ് കൈവിട്ട് മുറിയുടെ മൂലക്ക് ഒതുങ്ങിയത് ആർക്ക് മനസിലായില്ലെങ്കിലും കുഞ്ഞന് വ്യക്തമായി മനസിലായിരുന്നു.
അമ്മയെ നിർബന്ധിച്ചു ഊട്ടുകയും മരുന്ന് കൊടുക്കുകയും ചെയ്യുന്ന അഞ്ചു വയസുകാരനെ ഞാൻ അത്ഭുതത്തോടെയും ബഹുമാനത്തോടെയും നോക്കി നിന്നു അവനേ അവളെ മനസിലാകൂ അവനെ പോലെ അവളുടെ മനസും സ്നേഹവും അറിഞ്ഞവർ വേറെ ആരും ഇല്ലല്ലോ.