(രചന: ആവണി)
” എന്നാലും ആ കൊച്ചിന്റെ ഒരു അവസ്ഥ നോക്കണേ.. വിധി എന്നല്ലാതെ എന്ത് പറയാൻ..!”
ചുറ്റും നിൽക്കുന്ന ആരൊക്കെയോ പിറുപിറുക്കുന്നുണ്ട്. പക്ഷേ അവൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ചുറ്റുമുള്ളത് കേൾക്കാനോ കാണാനോ ഉള്ള മാനസികാവസ്ഥ ആയിരുന്നില്ല അവളുടേത്.
അവളുടെ കണ്ണുകൾ മുഴുവൻ കണ്ണുകൾ അടച്ച് ചുറ്റും നടക്കുന്നതൊന്നും കാണാതെ അറിയാതെ കിടക്കുന്ന ആ കുഞ്ഞ് ശരീരത്തിൽ ആയിരുന്നു.
അമ്മേ എന്ന് വിളിച്ച് കൊഞ്ചി ചിരിച്ചു കൊണ്ട് മണിക്കൂറുകൾക്ക് മുൻപ് തന്റെ പിന്നാലെ ചുറ്റി തിരിഞ്ഞ മകളാണ്.
ഇപ്പോൾ നിശ്ചലമായി കിടക്കുന്ന ആ ശരീരം, അവളുടെ മാനസിക നില തന്നെ തകർത്തു കളയാൻ പോന്നതായിരുന്നു.
10 വർഷത്തെ കാത്തിരിപ്പിന് ശേഷം അവൾക്കും അവളുടെ ഭർത്താവിനും കിട്ടിയ നിധിയായിരുന്നു ആ മകൾ. നിധി എന്ന് തന്നെയായിരുന്നു ആ മകൾക്ക് അവർ പേരിട്ടത്.
കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ അവൾ കേട്ട കുത്തുവാക്കുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.അന്നൊക്കെ അവളുടെ പ്രാർത്ഥന എങ്ങനെയും ഒരു കുട്ടിയെ കിട്ടണേ എന്നായിരുന്നു.
അവളുടെ നിരന്തരമായ പ്രാർത്ഥനകളുടെയും നേർച്ച കാഴ്ചകളുടെയും ചികിത്സകളുടെയും ഫലമായി അവർക്ക് ഒരു ഉണ്ണി പിറന്നു.
സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു അവളും ഭർത്താവും. ആ കുഞ്ഞിനെ താഴത്തും തലയിലും വെയ്ക്കാതെ, കാക്കയ്ക്കും പൂച്ചക്കും കൊടുക്കാതെ അത്രയും കരുതലോടെ ആണ് ആ കുഞ്ഞിനെ അവർ വളർത്തിയത്.
വിവാഹം കഴിഞ്ഞു ആദ്യ കാലത്ത് അവളുടെ ഭർത്താവിന്റെ വീട്ടുകാർക്ക് അവളോട് നല്ല താല്പര്യം ആയിരുന്നു.
പക്ഷെ ഒരു വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഇല്ലാതായപ്പോൾ അവന്റെ വീട്ടുകാർക്ക് അവളോടുള്ള സമീപനവും മാറി തുടങ്ങി.
അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ.. കൊച്ചുങ്ങൾ ഇല്ലെങ്കിൽ അത് എന്നും പെണ്ണിന്റെ കുറ്റം കൊണ്ടാണല്ലോ..!
അന്നുവരെ സ്നേഹത്തോടെ അവളോട് പെരുമാറിയിരുന്ന വീട്ടുകാരുടെയൊക്കെ ഭാവമാറ്റം വളരെയധികം അമ്പരപ്പോടെ ആയിരുന്നു ആ നിമിഷം മുതൽ അവൾ കണ്ടത്.
തങ്ങളുടെ മകന്റെ ജീവിതം നശിപ്പിക്കാൻ വന്നവളാണെന്നും തങ്ങളുടെ കുടുംബം നഷ്ടപ്പെടുത്താൻ വേണ്ടി ശ്രമിക്കുകയാണെന്നും ഒക്കെയാണ് അവളുടെ മേൽ അവർ ആരോപിച്ച കുറ്റം.
ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്ത സ്ത്രീ ലോകത്ത് തന്നെ ഏറ്റവും വെറുക്കപ്പെട്ടവളാണ് എന്ന് അവൾ തിരിച്ചറിയാൻ തുടങ്ങിയ നിമിഷങ്ങളായിരുന്നു അതൊക്കെ.
പലപ്പോഴും കൺമുന്നിൽ കാണുമ്പോൾ പലരും പല ഡോക്ടർമാരുടെയും പേരുകൾ സജസ്റ്റ് ചെയ്യും.
ചിലർ ചില ആയുർവേദ മരുന്നുകളും കൂട്ടുകളും ഒക്കെ പറയുന്നത് കേൾക്കാം. അത് കേൾക്കുമ്പോൾ അവർക്ക് നമ്മളോടുള്ള താല്പര്യം കൊണ്ടാണ് അതൊക്കെ പറയുന്നത് എന്നാവും നാം കരുതുക.
പക്ഷേ ആ പറയുന്നതിന് പിന്നിൽ അവർ ഒളിച്ചു വച്ചിരിക്കുന്ന ഒളിയമ്പുകൾ എന്തൊക്കെയാണ് എന്ന് ആ നിമിഷം നമുക്ക് അറിയാൻ കഴിയില്ല.
പുറമേ സഹതാപം നടിച്ച് പലരും അവളോട് പലതും പറഞ്ഞെങ്കിലും അതിന് പിന്നിൽ മറഞ്ഞിരിക്കുന്ന പല കളിയാക്കലുകളും അവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു.
ആ നാട്ടിലും വീട്ടിലും തുടരുന്ന കാലത്തോളം അവൾ ഇത്തരം അപമാനങ്ങൾ സഹിക്കേണ്ടി വരും എന്ന
ബോധ്യമായപ്പോഴാണ് അവളുടെ ഭർത്താവ് ആ നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് കുടിയേറി താമസിക്കാൻ അവളെ നിർബന്ധിച്ചത്.അവന്റെ ആ തീരുമാനത്തോട് അവൾക്ക് വലിയ യോജിപ്പ് ഒന്നും ഉണ്ടായിരുന്നില്ല.
കാരണം മറ്റൊന്നുമായിരുന്നില്ല,അല്ലെങ്കിൽ തന്നെ അവൾക്കു വേണ്ടി അവൻ ശബ്ദമുയർത്തുമ്പോൾ അവളുടെ വാലിൽ തൂങ്ങിയാണ് അവൻ നടക്കുന്നത് എന്നാണ് പൊതുവേ അവനെപ്പറ്റി ആളുകൾ പറയുന്നത്.
ആ പറയുന്നവരിൽ മുൻപന്തിയിൽ അവന്റെ അമ്മ തന്നെയായിരുന്നു എന്നുള്ളതാണ് അവരെ ഏറ്റവും അധികം വേദനിപ്പിച്ചത്.
മറ്റൊരു നാട്ടിലേക്ക് അവനുമായി മാറി താമസിക്കുമ്പോൾ അതിന്റെ പേരിലും താൻ ഒരുപാട് കുറ്റങ്ങൾ കേൾക്കേണ്ടി വരും എന്ന് അവൾക്ക് അറിയാമായിരുന്നു.
അത് മാത്രവുമല്ല വയസ്സ് കാലത്ത് മാതാപിതാക്കളിൽ നിന്ന് മകനെ അകറ്റി കൊണ്ടുപോയി എന്നൊരു കുറ്റബോധം തന്നെ വേട്ടയാടും എന്നു കൂടി അവൾക്ക് അറിയാമായിരുന്നു.
അവൾ എത്രയൊക്കെ എതിർത്തിട്ടും അവന്റെ തീരുമാനത്തിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. അവന്റെ നിർബന്ധത്തിന് വഴങ്ങി തന്നെയാണ് ഈ നാട്ടിലേക്ക് അവർ ചേക്കേറിയത്.
അവരുടെ ഒരു കുഞ്ഞു എന്ന മോഹം പൂവണിയാൻ 10 വർഷത്തോളം അവർക്ക് കാത്തിരിക്കേണ്ടി വന്നു.അവൾ ഗർഭിണിയാണ് എന്ന വിവരം അറിഞ്ഞപ്പോൾ അവന്റെ വീട്ടുകാർ സന്തോഷത്തോടെ അവരെ തേടി വന്നിരുന്നു.
തിരികെ വീട്ടിലേക്ക് പോകാൻ അവരെ ക്ഷണിക്കുകയും ചെയ്തു. പക്ഷേ സങ്കടങ്ങൾ മാത്രം തന്ന ആ വീട്ടിലേക്ക് ഒരിക്കലും സ്ഥിര താമസത്തിനു വേണ്ടി തങ്ങൾ വരില്ല എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു.
അത് വീട്ടുകാർക്കൊക്കെ മുഷിച്ചിലിന് കാരണമായെങ്കിലും, തങ്ങളുടെ മകന് ഒരു കുഞ്ഞു ഉണ്ടാകുന്നു എന്നൊരു തോന്നൽ അവരുടെ സങ്കടങ്ങളെയൊക്കെ അകറ്റി കളഞ്ഞു.
കുഞ്ഞു ജനിച്ചതിനു ശേഷം അതിന്റെ കൈ വളരുന്നു കാലു വളരുന്നു എന്ന് നോക്കി അത്രയും ശ്രദ്ധയോടെയാണ് മാതാപിതാക്കൾ ആ കുഞ്ഞിനെ വളർത്തിയത്.
അവൾക്ക് ഇപ്പോൾ നാല് വയസ്സ് പ്രായം ഉണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ അച്ഛനോടൊപ്പം ബൈക്കിൽ ഒരു റൗണ്ട് കറങ്ങുന്നത് അവളുടെ ശീലമാണ്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവൾക്ക് അങ്ങനെയൊരു ശീലം അവൻ ഉണ്ടാക്കി കൊടുത്തതാണ് എന്ന് പറയാം.
രാവിലെ ജോലിക്ക് പോകുന്നതിനു മുൻപ് കുഞ്ഞിനെയും കൊണ്ട് അവൻ ജംഗ്ഷനിലേക്ക് ഒന്ന് പോയി വരും . ആ പോക്കിൽ തിരിച്ചു വരുമ്പോൾ അവൾക്ക് ചിലപ്പോൾ മിഠായികൾ എന്തെങ്കിലുമൊക്കെ വാങ്ങി കൊടുത്തിട്ട് ആയിരിക്കും കൊണ്ടുവരിക.
പതിയെ പതിയെ കുഞ്ഞിന് അതൊരു ശീലമായി മാറി. അവൻ കൊണ്ടു പോകാതിരുന്നാൽ അന്നും മുഴുവൻ കാറി കരഞ്ഞ് ആകെ ബഹളം ആയിരിക്കും കുഞ്ഞ്.
അതുകൊണ്ടു തന്നെ, അവളെ ഒരിക്കൽ പോലും സങ്കടപ്പെടുത്താൻ ആ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നില്ല.
അവൾ പറയുന്ന ആഗ്രഹങ്ങൾ തങ്ങളെ കൊണ്ട് കഴിയുന്നതാണെങ്കിൽ, അവർ ഉറപ്പായും അത് നടത്തി കൊടുക്കാറുണ്ടായിരുന്നു.
ഇന്നും പതിവു പോലെ അച്ഛനോടൊപ്പം ജംഗ്ഷനിലേക്ക് കറങ്ങാൻ പോയതായിരുന്നു കുഞ്ഞ്.അവർ പോയി വരുന്ന സമയമാകുമ്പോഴേക്കും, അവന് കൊണ്ടു പോകാനുള്ള ബാഗുമായി അവൾ റോഡിലേക്ക് വന്നു നിൽക്കുകയാണ് പതിവ്.
ഇന്ന് അവർ തിരിച്ചു വരാനുള്ള സമയമായിട്ടും അവർ മടങ്ങിയെത്താത്തത് കൊണ്ട് അവൾക്ക് വല്ലാത്ത ഭയം തോന്നി.
ടെൻഷനോടെ അവൾ റോഡിൽ നിൽക്കുമ്പോൾ പെട്ടെന്ന് അയൽവാസിയായ ഒരു ചേട്ടൻ അവളുടെ അടുത്തേക്ക് വരുന്നത് അവൾ കണ്ടു.
” സതീഷും കുഞ്ഞും കൂടി പോയ ബൈക്ക് ആക്സിഡന്റ് ആയി. ശ്രദ്ധിക്കാതെ വന്ന ഒരു ലോറി കൊണ്ടുവന്ന് ഇടിച്ചതാണ്. രണ്ടാളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ”
അത്രയും കേട്ടപ്പോൾ തന്നെ അവൾടെ പകുതി ബോധം നഷ്ടപ്പെട്ടിരുന്നു.പിന്നീട് സംഭവിച്ചതിനെ കുറിച്ച് ഒന്നും അവൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.
ആരുടെയൊക്കെയോ സഹായത്തോടെ അവൾ ആശുപത്രിയിൽ എത്തിയെങ്കിലും അവൾ അവിടെ എത്തുന്നതിനു മുൻപ് തന്നെ ആ കുഞ്ഞു ദേഹത്തെ വിട്ട് ദേഹി പോയിരുന്നു.
അതൊന്നും അറിയാതെ സതീഷ് അപ്പോഴും അബോധ അവസ്ഥയിൽ ആശുപത്രി ഐസിയുവിനുള്ളിൽ ആയിരുന്നു.
“ബോഡി എടുക്കാൻ സമയമായി..”ആരോ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരുടെയും നോട്ടം എത്തി നിന്നത് അവളുടെ മുഖത്ത് ആയിരുന്നു.
കണ്ണെടുക്കാതെ ആ കുഞ്ഞിന്റെ ശരീരത്തിലേക്ക് നോക്കിയിരിക്കുന്നു എന്നല്ലാതെ ഒരു തുള്ളി കണ്ണുനീർ പോലും അവളുടെ കണ്ണിൽ നിന്ന് വീഴുന്നുണ്ടായിരുന്നില്ല.
ആ കാഴ്ച എല്ലാവരും ഒരു ഭയത്തോടെയാണ് നോക്കി നിന്നത്.”ആ പെൺകൊച്ച് ഒന്ന് കരഞ്ഞിരുന്നെങ്കിൽ.. അതിനെ ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞ് ഒന്ന് കരയിക്കാൻ നോക്ക്.
ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല.. അത്രയും ആഗ്രഹിച്ചു മോഹിച്ച് അവർക്ക് കിട്ടിയ കുട്ടിയല്ലേ..”
കൂട്ടത്തിൽ ആരോ പറഞ്ഞപ്പോൾ അവരിൽ ആരോ അതിനുള്ള ശ്രമങ്ങൾ നടത്തുക തന്നെ ചെയ്തു.
പക്ഷേ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് അവൾ ആ കുഞ്ഞു ദേഹത്തേക്ക് തുറിച്ചു നോക്കിയിരിക്കുകയായിരുന്നു.
ആ ശരീരം മറവ് ചെയ്തതോ ദിവസങ്ങൾ കടന്നു പോയതോ ഒന്നും അവൾ അറിഞ്ഞില്ല.
അവൾ അടുക്കളയിൽ പലപ്പോഴും കുഞ്ഞിനു വേണ്ടിയുള്ള പായസം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു…