ഞാൻ… ഞാനത്രയ്ക്ക് ഭംഗിയില്ലാത്തവളാണോ?”” അല്ല നന്ദൂ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭംഗിയുള്ളവളാണ് നീ… അത് പക്ഷേ

മായാജാലം
(രചന: അഭിരാമി അഭി)

“ദേവേട്ടാ എന്താ ഒന്നും പറയാത്തത്?” മറുവശത്ത് നിന്നും നിശ്വാസത്തിന്റെ സ്വരം പോലും കേൾക്കാതെ വന്നപ്പോഴായിരുന്നു അവളത് ചോദിച്ചത്.

“കേൾക്കുന്നുണ്ട് നന്ദൂ … പക്ഷേ നിന്നെ ആശ്വസിപ്പിക്കാൻ പോന്ന വാക്കുകളൊന്നും തന്നെ എന്റെ കയ്യിലില്ല. ഞാൻ പറഞ്ഞല്ലോ എനിക്കിത് സമ്മതിച്ചുതരാൻ കഴിയില്ല. ”

“അതെന്താ ദേവേട്ടാ? ഞാൻ… ഞാനത്രയ്ക്ക് ഭംഗിയില്ലാത്തവളാണോ?”” അല്ല നന്ദൂ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭംഗിയുള്ളവളാണ് നീ… അത് പക്ഷേ ഉടലഴക് കൊണ്ടോ നിറം കൊണ്ടോ അല്ല… മനസ്സ് കൊണ്ട് ഏതൊരാണും കൊതിക്കുന്ന പെണ്ണ് തന്നെയാണ് നീ… ”

” എന്നിട്ടും എന്റെയിഷ്ടമറിഞ്ഞിട്ടും ദേവേട്ടനെന്താ എന്നേ വേണ്ടാത്തത്? “ചോദിക്കുമ്പോൾ നൊമ്പരത്താൽ വാക്കുകളവളുടെ തൊണ്ടക്കുഴിയിൽ കുടുങ്ങിക്കിടന്നിരുന്നു. അത്രമേൽ അവൾ തകർന്നിരുന്നു.

” മോളെ ഞാൻ പറയുന്നതൊന്ന് മനസ്സിലാക്ക്… “” സാരമില്ല ദേവേട്ടാ എനിക്ക് മനസ്സിലാകും….. അല്ലെങ്കിലും എനിക്ക് തോന്നുന്ന ഇഷ്ടം എന്നോടും തോന്നണമെന്ന് വാശി പിടിക്കാൻ കഴിയില്ലല്ലോ…

സാരമില്ല ഞാൻ പറഞ്ഞതൊക്കെ ദേവേട്ടൻ മറന്നേക്ക് ഒരു പൊട്ടിപ്പെണ്ണിന്റെ വിഡ്ഢിത്തരങ്ങളായി കരുതിയാൽ മതി എല്ലാം…. ”

പറഞ്ഞതും ഒന്നുമില്ലെന്ന് സ്വയം ബോധിപ്പിക്കാനെന്ന പോലൊരു ചിരിയോടെ അവൾ കാതോട് ചേർന്നിരുന്ന ഫോൺ കട്ട് ചെയ്തു.

എന്നിട്ട് പതിയെ എണീറ്റ് ജനലരികിലേക്ക് നടന്നു. പെയിന്റിളകി തുരുമ്പ് വിഴുങ്ങിത്തുടങ്ങിയ അഴികളിൽ പിടിമുറുക്കുമ്പോൾ അവളുടെ മിഴികൾ പൊട്ടിയൊഴുകിത്തുടങ്ങിയിരുന്നു.

” എന്തിനാ ദേവേട്ടാ ആവശ്യമില്ലാത്ത കോംപ്ലക്സുകൾ മനസ്സിൽ വച്ചുകൊണ്ട് എന്നെയിങ്ങനെ നോവിക്കുന്നത്? ദേവേട്ടൻ പറയുന്ന നമ്മളൊന്നിക്കാൻ തടസ്സമായ കുറവുകൾ എനിക്കൊരു വിഷയമല്ലാത്ത സ്ഥിതിക്ക് എന്തിനാ അതൊക്കെ പറഞ്ഞ് എന്നേയിങ്ങനെ….

അക്ഷരങ്ങളിലൂടെ….. ശബ്ദത്തിലൂടെ മാത്രം നിങ്ങളെ ഹൃദയത്തോട് ചേർത്തവളോടാണോ ദേവേട്ടാ നിങ്ങൾ കുറവുകൾ പറയുന്നത്?

നിങ്ങൾക്കുമെന്നെ ഇഷ്ടമായിരുന്നില്ലേ അല്ല…. ഇപ്പോഴുമല്ലേ? അല്ലെങ്കിൽ പിന്നെന്തിനാണ് എന്റെ കണ്ണീര് നിങ്ങളെ വേദനിപ്പിക്കുന്നത്? ”

അവനോട് ചോദിക്കാനുള്ളതൊക്കെ സ്വയം ചോദിച്ചുകൊണ്ട് നെഞ്ചുപൊട്ടിയാ പെണ്ണ് കരഞ്ഞു. ഒടുവിൽ കരഞ്ഞ് തളർന്ന് ചുമരിലൂടൂർന്ന് നിലത്തേക്കവൾ കുഴഞ്ഞുവീണു.

മുഖപുസ്തകത്തിലെ കഥകൾ വായിക്കുന്നതിനിടയിലായിരുന്നു ഒരു പ്രത്യേകരീതിയിലുള്ള , ആരെയും പിടിച്ചുലയ്ക്കത്തക്ക ആത്മാവുള്ള ചില കഥകൾ അവളുടെ കണ്ണിൽ പെട്ടത്.

കണ്ണ് നനയിക്കുന്ന ആദ്യ കഥയോടെ തന്നെ ആ എഴുത്തുകാരനോട് എന്തെന്നില്ലാത്ത ഒരാരാധന തോന്നിയവൾക്ക്. പിന്നീട് ഒരുതരം ആർത്തിയോടെയായിരുന്നു അയാളുടെ കഥകളൊക്കെ തേടിപ്പിടിച്ച് വായിച്ചത്.

പിന്നീട് ആ കഥകളുടെ കമന്റ് ബോക്സുകളിൽ നിന്നും ആ ബന്ധം ചാറ്റ്ബോക്സുകളിലേക്ക് വളർന്നു.

പിന്നീടെപ്പോഴോ അയാളുടെ കഥകളിലൂടെ തന്നെ മുഖമില്ലാത്ത ശബ്ദം മാത്രമുള്ള ആ കഥാകാരനോടും എന്തോ ഒരടുപ്പമവളിൽ ഉടലെടുത്തുതുടങ്ങി. ആ അടുപ്പത്തിനെന്ത്‌ പേരുവിളിക്കുമെന്ന് പോലുമറിയാതെ അവൾ കുഴങ്ങി.

ഒടുവിലെപ്പോഴോ അവളാ സത്യം തിരിച്ചറിഞ്ഞു അതേ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്താ ഏതാ എന്നൊന്നുമറിയാത്ത ഒരു മുഖം പോലുമില്ലാത്ത അക്ഷരങ്ങൾ കൊണ്ട് മായാജാലം സൃഷ്ടിക്കുന്ന അയാളോട് തനിക്ക് പ്രണയമാണ്.

അങ്ങനെ സ്വയമറിയാതെ അവളവന്റെ പെണ്ണായി മാറിത്തുടങ്ങി.ബുദ്ധിയും വിവരവുമുണ്ടായിരുന്നിട്ടും , ഒരിക്കൽ ഇങ്ങനെയുള്ള വാർത്തകളെ പുച്ഛിച്ചുതള്ളിയിരുന്ന അവൾതന്റെ പ്രണയത്തിൽ ഉറച്ചുനിന്നു. അവൻ പോലുമറിയാതെ അവനെ പ്രണയിച്ചുകൊണ്ടേയിരുന്നു.

ബാലിശമായ മോഹങ്ങളേതുമില്ലാതെ തന്റേത് മാത്രമായ ലോകത്തൊതുങ്ങി നിന്നുകൊണ്ട് അവന്റെ പ്രണയിനിയായി സ്വയം പരിവർത്തനപ്പെട്ടുകൊണ്ടവൾ ജീവിച്ചുതുടങ്ങി.

അവൻ തനിക്ക് വെറുമൊരപരിചിതൻ മാത്രമാണെന്ന് ബുദ്ധി അലമുറയിട്ട് പറയുമ്പോഴും അവനോടുള്ള പ്രണയത്താൽ അവളുടെ ഹൃദയം തുളുമ്പിയൊഴുകി. പക്ഷേ ഉള്ളിലെ മോഹങ്ങൾ തകർന്നുടയാൻ അധികം തമാസമുണ്ടായിരുന്നില്ല.

എവിടെയോ ഇരിക്കുന്ന അക്ഷരങ്ങളിലൂടെ മാത്രമറിഞ്ഞ താനവളുടെ മനസ്സിൽ പ്രണയമായി വളർന്നുവെന്ന് അവൻ തിരിച്ചറിയും വരെ മാത്രമായിരുന്നു അവളുടെ സന്തോഷങ്ങളുടെ ആയുസ്.

“നിനക്കെന്നേക്കുറിച്ചെന്തറിയാം നന്ദൂ…. എന്റെ ശബ്ദമല്ലാതെ നീയെന്നെയൊന്ന് കണ്ടിട്ടെങ്കിലുമുണ്ടോ? ഇങ്ങനെ എന്താ ഏതാന്നറിയുക പോലുമില്ലാത്ത ഒരാളെ പ്രണയിക്കാൻ മാത്രം വിഡ്ഢിയാണോ എന്റെ നന്ദു ?? ”

” എനിക്ക്… എനിക്കൊന്നുമറിയില്ല ദേവേട്ടാ ഒന്ന് മാത്രേ അറിയൂ ഞാൻ…. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു… ”

അത് മാത്രമായിരുന്നു എല്ലാ ചോദ്യങ്ങൾക്കുമുള്ള അവളുടെ മറുപടി.” നന്ദൂ വീണ്ടും വീണ്ടും വിഡ്ഢിത്തരം തന്നെ പറയരുത്. ഞാൻ…. ഞാനാരാണെന്ന് നിനക്കറിയോ? ഒരിക്കലും നിനക്ക് ചേർന്നൊരാളല്ല ഞാൻ… നീയീ പ്രണയിക്കുന്ന ശബ്ദത്തിനുമപ്പുറം ഒരു മുഖമെനിക്കുണ്ട്.

ജീവിതസാഹചര്യങ്ങളുണ്ട്. അത്… അതൊന്നും നിന്നേയെന്നോട് ചേർത്ത് പിടിക്കാൻ എന്നേയനുവദിക്കില്ല. ”

പറയുമ്പോൾ അവന്റെ സ്വരമൊന്നിടറിയിരുന്നോ അറിയില്ല. ആ ദിവസത്തോടെ ദേവ് എന്ന ഐഡി മരവിച്ചുതുടങ്ങി. അക്ഷരങ്ങളുടെ മാന്ത്രികന്റെ മായാജാലങ്ങളൊന്നും മുഖപുസ്തകത്തിലെവിടെയും കാണാതെയായി.

ഇടയ്ക്കെപ്പോഴെങ്കിലും പച്ച കത്തിയാലുടൻ കാത്തിരുന്നവളോടിയെത്തുമായിരുന്നുവെങ്കിലും അവനിൽ നിന്നും നിരാശ മാത്രമായിരുന്നു പകരം കിട്ടിയിരുന്നത്.

കണ്ണീരിനിടയിലും ചിന്തകൾ കാട്കയറിയപ്പോൾ തളർച്ചയോടവളാ വെറും നിലത്തേക്ക് തന്നെ ചാഞ്ഞുകിടന്നു.

” അവൻ പറഞ്ഞത് പോലെ തന്നെ നീയൊരു വിഡ്ഢിയാണ് നന്ദൂ…. അല്ലെങ്കിൽ വെറുമൊരു ശബ്ദത്തെ ഇത്രയേറെ പ്രാണനിൽ ചേർത്ത് സ്നേഹിക്കുമോ ???

കടൽത്തീരത്തെ പൂഴിമണ്ണിൽ തകർന്നുടഞ്ഞിരുന്നിരുന്ന അവളുടെ മുന്നിലേക്ക് വന്നുകൊണ്ട് ശുഭ്രവസ്ത്രധാരിയായ തേജോമയമായ ആ രൂപം ചോദിച്ചു.” പ്രണയമാണ്…. ”

” നീ വിഡ്ഢിയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് നീ വീണ്ടും. നീ പ്രണയിക്കുന്ന അവനൊരുപക്ഷേ നീ കരുതുന്നത് പോലൊരാളല്ലെങ്കിലോ ?? ഒരുപക്ഷേ ഒരു ഭർത്താവിന്റെയും അച്ഛന്റെയും ഉത്തരവാദിത്വങ്ങൾ പേറുന്നവനാണെങ്കിലോ ??? ”

“നോ…”ഒരലർച്ചയോടെ അവൾ ഉണർന്നെണീറ്റ് ചുറ്റും നോക്കി. മുന്നിൽ നിന്ന് സംസാരിച്ചിരുന്ന അപരിചിതൻ ഇല്ല , ഇളകിമറിയുന്ന കടലില്ല… അല്പം മുൻപ് വരെ തഴുകിത്തലോടിയ ഉപ്പ് രസമുള്ള കടൽക്കാറ്റില്ല…. അതേ എല്ലാമൊരു സ്വപ്നമായിരുന്നു വെറും സ്വപ്നം.

” ദേവേട്ടൻ…. ദേവേട്ടൻ അങ്ങനെയൊന്നുമല്ല…. എല്ലാം നുണയാണ്. ഇത്…. ഇതുവെറുമൊരു സ്വപ്നമല്ലേ… ”

” സ്വപ്നങ്ങൾ വരാൻ പോകുന്ന സംഭവങ്ങളുടെ സൂചനകളാണ് നന്ദൂട്ടാ… വെളുപ്പിന് കാണുന്ന സ്വപ്നങ്ങൾ നമ്മുടെ തൊട്ടടുത്തെത്തിയ യഥാർദ്യത്തിന്റെ നേർക്കാഴ്ച്ചയാണ്. ”

പെട്ടന്നായിരുന്നു പണ്ടെങ്ങോ പറഞ്ഞ മുത്തശ്ശിയുടെ വാക്കുകൾ അവളുടെ ഓർമ്മയിലേക്കോടിയെത്തിയത്.

ആ നിമിഷം തന്നെയായിരുന്നു ചുവരിൽ തൂക്കിയിരുന്ന ക്ലോക്കിൽ നിന്നുമൊരു മണിയൊച്ചയുതിർന്നത്. ഒരു ഞെട്ടലോടെ അതിലേക്ക് നോട്ടമെറിഞ്ഞ അവളൊന്ന്കൂടി തളർന്നു.

“അഞ്ചുമണി”ഉണർന്നയുടൻ തന്നെ അവളാദ്യം നോക്കിയത് ഫോണിൽ അവന്റെ മെസ്സേജ് വന്നിട്ടുണ്ടോ എന്നായിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. ദിവസങ്ങൾ കടന്നുപോയി.

ഇതിനിടയിൽ ഒരിക്കൽപ്പോലും ദേവ് എന്ന ഐഡിയിൽ പച്ചവെളിച്ചം കത്തിക്കണ്ടിരുന്നില്ല. അത് പക്ഷേ നന്ദിതയെ വല്ലാതെ തളർത്തിക്കളഞ്ഞിരുന്നു.

എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നെങ്കിലും ദേവേട്ടനെന്ന എന്ന ദേവ് ആയിരുന്നു അവളുടെ ചിന്തകളെ അടക്കി വാണിരുന്നത്.

ഓരോ നിമിഷവും ആ ചിന്തയവളെ ഭ്രാന്ത് പിടിപ്പിച്ചുകൊണ്ടിരുന്നു. കോളേജിലെ ഏറ്റവും സമർഥയും മിടുക്കിയുമായ വിദ്യാർത്ഥിനിയിലെ മാറ്റങ്ങൾ അധ്യാപകരും ശ്രദ്ധിച്ചുതുടങ്ങിയിരുന്നു.

രണ്ടാഴ്ച ഒരേപോലെ തന്നെ കടന്നുപോയി. ആ കുറഞ്ഞ ദിവസങ്ങൾ കൊണ്ട്തന്നെ നന്ദു വല്ലാതെ മാറിപ്പോയിരുന്നു. എപ്പോഴും വളകിലുങ്ങുംപോലെ പൊട്ടിച്ചിരിച്ചിരുന്ന അവളിൽ മൗനം തളം കെട്ടിത്തുടങ്ങി. പരസപരം പോലും മറന്നുള്ള ചിന്തകൾ അവളെ ഭ്രാന്തിന്റെ വക്കോളമെത്തിച്ചു.

രാത്രികളിൽ അവന്റെയോർമകളിൽ അവൾ ഉറക്കം ഞെട്ടിയുണർന്നു. ഒരു ഭ്രാന്തിയേപ്പോലെ കണ്ട സ്വപ്നം വിശ്വസിച്ച് ഫോണിൽ തിരഞ്ഞൊടുവിൽ പ്രതീക്ഷകൾ നശിച്ചുവെന്നറിയുമ്പോൾ നിലവിട്ടലറിക്കരഞ്ഞു. ചിന്തകൾ പോലും താളം തെറ്റിത്തുടങ്ങി.

അങ്ങനെയൊരു വൈകുന്നേരം പതിവില്ലാതെ ഒരു മെസ്സേജ് ടോൺ കേട്ടാണ് അവൾ ഫോൺ കയ്യിലെടുത്തത്.

ഫോൺ ഓൺ ചെയ്തതും ചാറ്റ് ഹെഡ്‌സിൽ ആക്റ്റീവ് ആയിക്കിടക്കുന്നത് ദേവിന്റെ സന്ദേശമാണെന്ന് കണ്ടതും അവളുടെ സിരകൾക്ക് ജീവൻ വച്ചു. ക്രമാതീതമായ നെഞ്ചിടിപ്പോടെ അവളാ മെസ്സേജ് ഓപ്പൺ ചെയ്തു.

” നന്ദൂ….നീ കരുതുന്നത് പോലെ ഒരാളേയല്ല ഞാൻ. “” ഒരുപക്ഷെ എന്നേ കാണുമ്പോൾ തന്നെ നിന്റെ പ്രതീക്ഷകൾ തകിടമറിയും. എങ്കിലും ഇനിയും നിന്നിൽ നിന്നോടിയൊളിക്കുന്നില്ല ഞാൻ. നാളെ നമുക്ക് നേരിൽ കാണണം. നാളെ രാവിലെ പത്തുമണിക്ക് നിന്റെ കോളേജിനടുത്ത് തന്നെയുള്ള പാർക്കിൽ ഞാനുണ്ടാകും. ”

” ദേവേട്ടാ… അതിന് എട്ടൻ ഇവിടെ എങ്ങനെ?? “” അപ്പൊ ദേവേട്ടന്റെ വീട് ഇവിടെത്തന്നെയാണോ ?? “” സത്യമായും ഏട്ടൻ വരുമല്ലോ അല്ലേ?? “” അതോ എന്നേ പറ്റിക്കാൻ ആണോ?? ”

ആ മെസ്സേജ് വായിച്ചതും പുതുജീവൻ വന്നത് പോലെ ചോദ്യശരങ്ങളുമായി ഒരുപാട് മെസ്സേജുകൾ അവളയച്ചുവെങ്കിലും അതിനും മുന്നേ അവനാ പച്ചവെളിച്ചവും അയച്ച് പോയ്‌ക്കഴിഞ്ഞിരുന്നു.

എങ്കിലും നിരാശയുടെ പടുകുഴിയിൽ അകപ്പെട്ടിരുന്ന ആ പെണ്ണിനാ മെസ്സേജുകൾ പ്രതീക്ഷയുടെ കൈത്തിരി നാളം തന്നെയായിരുന്നു. ആ രാത്രിയും ഉറക്കമില്ലായ്‌മയിൽ കടന്നുപോയി.

അവൻ എങ്ങനെ ആയിരിക്കും എന്തിനായിരിക്കും വരുന്നത് താനുമായുള്ള എല്ലാബന്ധവും എന്നന്നേക്കുമായി പറഞ്ഞവസാനിപ്പിക്കാനാകുമോ അവന്റെ വരവ് അങ്ങനെയങ്ങനെ ഒരായിരം ചോദ്യങ്ങൾ വണ്ടുകളെപ്പോലെ അവളുടെ തലയ്ക്ക് ചുറ്റും മൂളിപ്പറന്നുകൊണ്ടിരുന്നു.

എങ്ങനെയൊക്കെയോ രാത്രിയേ തള്ളിനീക്കി. പതിവിലും നേരത്തെ തന്നെ കുളിച്ചൊരുങ്ങി കോളേജിലേക്കിറങ്ങി.

കോളേജ് സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ മണി ഒൻപതേ ആയിരുന്നുള്ളു. എങ്കിലും അവൾ പാർക്കിലേക്ക് തന്നെ ചെന്നു. അവിടം തുറന്നിട്ടേ ഉണ്ടായിരുന്നുള്ളു.

അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു പാർക്കിലെ ചെമ്പകമരച്ചുവട്ടിലെ ബെഞ്ചിൽ ഏതോ പുസ്തകവും വായിച്ചിരിക്കുന്ന സുമുഖനായ പുരുഷനെ. ദേവേട്ടൻ ആയിരിക്കുമോ അവൾ സ്വയം ചോദിച്ചുകൊണ്ട് പതിയെ അങ്ങോട്ട് ചെന്നു.

അടുത്ത് ചെന്ന് ആളെ കണ്ടതും അതുവരെ ആകാംഷയും വെപ്രാളവും പിന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ വികാരങ്ങൾ നിറഞ്ഞിരുന്ന അവളുടെ മുഖത്ത് നിരാശ പടർന്നു.

അരികിലേക്ക് ചെന്നതും അവിടെയിരുന്ന ആളിനെ കണ്ട് അവളൊന്ന് തറഞ്ഞുനിന്നു.

” ശ്രീദേവ് സാറോ… ഇങ്ങേരെന്താ ഈ നേരതിവിടെ ??? “അവൾ സ്വയം ചോദിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു.

താൻ കോളേജിൽ ജോയിൻ ചെയ്ത് ഒന്നരയാഴ്ചക്ക് ശേഷമായിരുന്നു ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അരവിന്ദ് സാറിന് പകരമായി ശ്രീദേവ് ശിവദാസ് എന്ന സാർ ഇവിടേക്ക് വന്നത്.

മുപ്പത്താറിനോടടുത്ത് പ്രായമുള്ള സുമുഖനായ ചെറുപ്പക്കാരൻ. വന്ന് ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ ക്ലാസുകളുടെ മികവ് കൊണ്ട് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മനസ്സിൽ ഒരുപോലെ ഇടം നേടിയ ആൾ.

പക്ഷേ ഒരിക്കൽ പോലും ആരോടും അതിരുവിട്ട് ഒരടുപ്പം അദ്ദേഹത്തിനുള്ളതായി തോന്നിയിട്ടില്ല. സഹഅധ്യാപകരോട് പോലും ഒരടുപ്പമൊ സൗഹൃദമോ സൂക്ഷിച്ചിരുന്നില്ല.

ആളെപ്പറ്റി അധികമാർക്കും ഒന്നും അറിയുകയുമില്ലായിരുന്നു. ക്ലാസ്സിൽ ആള് ഭയങ്കര എനർജറ്റിക്കായിരുന്നു എങ്കിലും പുറത്തെവിടെ വച്ച് കണ്ടാലും ആളിന്റെ കണ്ണെപ്പോഴും ഏതെങ്കിലും പുസ്തകത്തിൽ മുങ്ങിയിരിക്കുകയാവും. ഇപ്പോഴും അങ്ങനെ തന്നെയാണല്ലോ… ”

” താനെന്താടോ അവിടെത്തന്നെ നിന്നുകളഞ്ഞത് ?? “ബുക്കിൽ നിന്നും തല ഉയർത്തികൊണ്ടുള്ള ശ്രീദേവിന്റെ ചോദ്യമായിരുന്നു അവളെ ഓർമകളിൽ നിന്നുമുണർത്തിയത്.

” ആഹ്… അത്… അതുപിന്നെ സാർ ഞാൻ വെറുതെ… ഇങ്ങോട്ട്…. “എന്തുപറയണമെന്നറിയാതെ അവൾ വിക്കി.

” ഈശ്വരാ ഇയാളിവിടിരിക്കുമ്പോഴെങ്ങാനും ദേവേട്ടൻ വന്നാൽ ഞാനെന്ത് ചെയ്യും ഈശ്വരാ… ഇങ്ങേരെന്നേപ്പറ്റി എന്താവും കരുതുക ?? “ആകെപ്പാടെ വെപ്രാളത്തോടെ ചുറ്റും നോക്കിക്കൊണ്ട് അവൾ മനസ്സിലോർത്തു.

പക്ഷേ അപ്പോഴേക്കും ശ്രീദേവ് വീണ്ടും കയ്യിലിരുന്ന പുസ്തകത്തിലേക്ക് മിഴിയൂന്നിയിരുന്നു. സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. ഒപ്പം നന്ദിതയുടെ ഹൃദയമിടിപ്പും ഉയർന്നുകൊണ്ടിരുന്നു.

എങ്കിലും അവനെ ബോധിപ്പിക്കാൻ വേണ്ടി മാത്രം അവിടെയിരുന്നുകൊണ്ടേതൊ ബുക്കുകൾ മറിച്ചുനോക്കിക്കൊണ്ടിരുന്നു. എങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ അകത്തേക്ക് വരുന്ന ഓരോരുത്തരിലുമായിരുന്നു.

” തനിക്കെന്താ ഇപ്പൊ ക്ലാസ്സ്‌ ഇല്ലേ പോണില്ലേ ??? “പത്തുമണിയായിട്ടും അവൾ പോകുന്നില്ലെന്ന് കണ്ടപ്പോൾ ശ്രീദേവ് ഗൗരവത്തിൽ തന്നെ ചോദിച്ചത്.” അത് പിന്നെ സാർ…. ഞാൻ ഒരു… ഒരാളെ കാണാൻ… “” മ്മ്ഹ്ഹ്… ”

വിക്കിവിക്കിയുള്ള അവളുടെ പറച്ചിൽ കേട്ട് അവൻ കനപ്പിച്ചൊന്ന് മൂളി. സമയം വീണ്ടും കടന്നുപോയിക്കൊണ്ടിരുന്നു. പത്തരകഴിഞ്ഞിട്ടും ആരെയും കാണാതെ വന്നപ്പോൾ അവളുടെ നെഞ്ചം വിങ്ങി.

കണ്ണുകൾ നിറഞ്ഞുതുടങ്ങി. ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോഴാവാം അവൾ പതിയെ എണീറ്റ് പുറത്തേക്ക് നടക്കാനൊരുങ്ങി.

” എന്തിനാ ദേവേട്ടാ ഈ പൊട്ടിപ്പെണ്ണിനെ വീണ്ടും… “നടക്കുന്നതിനിടയിൽ നിറമിഴികളൊപ്പി മൗനമായി അവൾ ചോദിച്ചുകൊണ്ടിരുന്നു.

” ഡോ താനാരെയോ കാത്തുനിൽക്കുവാണെന്ന് പറഞ്ഞിട്ട് പോവണോ ?? എന്തേ ആള് വരില്ലേ ?? ”

പെട്ടന്ന് പിന്നിൽ നിന്നും ശ്രീദേവ് വിളിച്ചുചോദിച്ചു.” ഇല്ല… ഇനിയൊരിക്കലും വരികയുമില്ല…”

തിരിഞ്ഞൊന്ന് നോക്കുകപോലും ചെയ്യാതെ ഇടറിയ സ്വരത്തിൽ പറഞ്ഞുകൊണ്ട് അവൾ മുന്നോട്ട് തന്നെ നടന്നു. ആ നിമിഷം എന്തുകൊണ്ടൊ അവളുടെ കാലുകൾ ഇടറിയിരുന്നു.

” നന്ദൂ…. “ആ വിളികേട്ടതും കാലുകൾ മണ്ണിലുറച്ചത് പോലെ അവൾ നിന്നു. ഒരു നിമിഷം കേട്ടത് സത്യമാണോ എന്ന് സംശയിച്ചുനിന്നിട്ട് അവൾ വെട്ടിത്തിരിഞ്ഞ് ശ്രീദേവിലേക്ക് നോക്കി. അവൻ അവളെ നോക്കാൻ മടിച്ചിട്ടെന്നപോലെ മുഖം കുനിച്ചിരിക്കുകയായിരുന്നു.

എങ്കിലും ഇതുവരെയുണ്ടായിരുന്ന ഭാവമല്ല ഇപ്പൊഴാ മുഖത്തെന്ന് ഒറ്റനോട്ടത്തിൽ തന്നെയവൾ തിരിച്ചറിഞ്ഞു. അത് മാത്രം മതിയായിരുന്നു താൻ ഇത്രയേറെ കാത്തിരുന്നവൻ തന്നെയാണ് മുന്നിലിരിക്കുന്നതെന്നവൾക്ക് മനസ്സിലാക്കുവാൻ.” ദ്…. ദേവേട്ടൻ… “” മ്മ്ഹ്ഹ്…. ”

സമ്മതിച്ചുകൊണ്ടവൻ മൂളിയതും ഒരു ഞെട്ടലോടവൾ പിന്നിലേക്കൽപ്പം മാറി.ഇന്നലെ വരെ ഒരധ്യാപകനോടുള്ള ബഹുമാനത്തോടെ മാത്രം നോക്കിയിരുന്ന അതേ ആള് തന്നെയാണ് ഈ നിമിഷം വരെ താൻ ഹൃദയത്തിൽ പേറിയിരുന്ന പ്രണയവും എന്ന തിരിച്ചറിവിന് മുന്നിൽ പകച്ചുപോയ അവൾ അടുത്ത് കണ്ട സിമന്റ് ബെഞ്ചിലേക്ക് ഇരുന്നു.

അവളുടെ മാനസികാവസ്ത മനസ്സിലാക്കിയത് പോലെ ശ്രീദേവ് അല്പനേരം മൗനമായിരുന്നു. പിന്നെ പതിയെ പറഞ്ഞുതുടങ്ങി.

” എന്റെ ജീവിതത്തിൽ പറയത്തക്ക പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അമ്മയും അച്ഛനും അനിയത്തിയുമടങ്ങിയ സന്തുഷ്ട കുടുംബം. പഠിക്കാൻ എന്നും മുന്നിലായിരുന്നത് കൊണ്ട് തന്നെ പഠനശേഷം ആഗ്രഹിച്ച ജോലി തന്നെ കിട്ടുന്നതിനും ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

അങ്ങനെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നതിനിടയിലായിരുന്നു ഒരു ബ്രോക്കറുവഴി എനിക്കൊരു വിവാഹാലോചന വന്നത്.

ദേവിക. മുൻപ് കാണുകയോ പരിചയപ്പെടുകയോ ഒന്നും ചെയ്തിട്ടില്ല എങ്കിലും ആദ്യം കണ്ടപ്പോൾ തന്നെ പരസ്പരം ഇഷ്ടമായത് കൊണ്ട് തന്നെ വിവാഹമേതാണ്ട് ഉറപ്പിച്ചു.

നിശ്ചയവും കഴിഞ്ഞു. പിന്നീട് ഉള്ള ആറ് മാസങ്ങൾ ഞങ്ങളുടെ നാളുകളായിരുന്നു. ആ സമയം കൊണ്ട് തന്നെ ഞങ്ങൾ പരസ്പരം ഒരുപാട് അടുത്തു.

ഇണക്കങ്ങളും പിണക്കങ്ങളുമായി ഞങ്ങളൊരുപാടടുത്തു. അങ്ങനെ കത്തിരുപ്പുകൾക്കൊടുവിൽ ആ ദിവസം വന്നെത്തി. ഞങ്ങളുടെ വിവാഹം. ക്ഷേത്രത്തിൽ വച്ച് രണ്ട് കുടുംബങ്ങളുടെയും ആശിർവാദത്തോടെ ഞാനവളുടെ കഴുത്തിൽ താലി ചാർത്തി.

വിവാഹശേഷമുള്ള ഒരാഴ്ച സന്തോഷങ്ങൾ നിറഞ്ഞതായിരുന്നു. ആ കുറഞ്ഞദിവസങ്ങൾ കൊണ്ട് തന്നെ അവൾ എന്റെയും എന്റെ വീട്ടുകാരുടെയും എല്ലാമെല്ലാമായി മാറിയിരുന്നു.”

ശ്രീദേവിൽ നിന്നും കേട്ട ഓരോ വാക്കുകളും നന്ദിതയേ കൂടുതൽ കൂടുതൽ തളർത്തി. എങ്കിലും നൊമ്പരം പുറത്തറിയാതിരിക്കാൻ അവൾ കൈകൾ തമ്മിൽ ഇറുക്കിപ്പിടിച്ചുകൊണ്ടിരുന്നു.

” പക്ഷേ ആ സന്തോഷങ്ങളൊന്നും അധികനാൾ നീണ്ടുനിന്നില്ല. ഒരാഴ്ചയ്ക്ക് ശേഷമുള്ളൊരുദിവസം പുറത്തെവിടെയോ പോയിട്ടുവരികയായിരുന്ന ദേവിക കയറിയ ബസ് നദിയിലേക്ക് വീണ് അവളുൾപ്പെടെ ആറ് പേർ മരിച്ചു.

ആ ഷോക്കിൽ നിന്നും മുക്തനാവാൻ ഞാനൊരുപാട് നാളെടുത്തു. കോളേജിൽ നിന്നും ലോങ്ങ്‌ ലീവെടുത്ത് വീട്ടിൽ തന്നെ അടച്ചിരുന്നു ഒരുപാട് നാളുകൾ.

വർഷങ്ങൾക്ക് ശേഷം അമ്മയുടെ കണ്ണീരിനും അച്ഛന്റെ ശാസനയ്ക്കും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് ഞാൻ വീണ്ടും കോളേജിൽ ജോയിൻ ചെയ്തത്.

പക്ഷേ ഓർമ്മകൾ വീണ്ടുമെന്നെ വേട്ടയാടിത്തുടങ്ങിയപ്പോഴാണ് ആ നാട്ടിൽ നിന്നുമൊരു മാറ്റം ആവട്ടെന്ന് കരുതി ട്രാൻസ്ഫർ വാങ്ങി ഞാൻ ഇങ്ങോട്ട് വന്നത്.

ആ ഇടയ്ക്കാണ് ഓൺലൈൻ എഴുത്തിലേക്ക് വരുന്നതും അതിലൂടെ ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നതും.

പ്രായത്തിൽ കവിഞ്ഞ പക്വതയും അറിവും പ്രകടിപ്പിച്ചിരുന്ന എന്തും തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്ന അവളിലേക്ക് എഴുത്തുകളിലൂടെ സന്ദേശമായി ശബ്ദമായി ഞാൻ വളരെ വേഗത്തിൽ അടുത്തു.

പക്ഷേ ആ അടുപ്പം അവളിൽ എന്നോടുള്ള പ്രണയമാണ് വളർത്തിയതെന്ന് അറിയാൻ ഞാൻ വളരെ വൈകിപ്പോയി. അതറിഞ്ഞപ്പോൾ എന്റെ പരിമിതികൾ അറിയാവുന്നത് കൊണ്ടുതന്നെ അവളെയതിൽ നിന്നും പിന്തിരിപ്പിക്കാൻ ഞാനൊരുപാട് ശ്രമിച്ചു.

പക്ഷേ അവളതിനൊന്നും വഴങ്ങിയില്ല. അങ്ങനെയിരിക്കേയാണ് എന്നേ ഞെട്ടിച്ചുകൊണ്ട് ഞാൻ പഠിപ്പിക്കുന്ന എന്റെ ഏറ്റവും പ്രീയപ്പെട്ട വിദ്യാർത്ഥിനി കൂടിയാണവളെന്ന് ഞാനറിഞ്ഞത്.

അതെന്നെ വീണ്ടും ധർമസങ്കടത്തിലാക്കി. അതോടെ ഞാൻ അവളിൽ നിന്നും തീർത്തുമകന്നു. പക്ഷേ എന്റെയാ അകൽച്ചയും അവൾക്ക് തിരിച്ചടിയാണെന്നും അവളുടെ മനസിന്റെ താളം തന്നെ തെറ്റിക്കൊണ്ടിരിക്കുകയാണെന്നും വേദനയോടെ ഞാനറിഞ്ഞു.

പിന്നെ എനിക്കൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല അവളുടെ മുന്നിലേക്ക് വരാൻ അവളുടെ തീരുമാനം തെറ്റായിരുന്നവെന്ന് അവളെ ബോധ്യപ്പെടുത്താൻ തന്നെ ഞാൻ തീരുമാനിച്ചു. ”

ഒരു നെടുവീർപ്പോടെ അവൻ പറഞ്ഞുനിർത്തുമ്പോൾ നിർത്താതെ ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു നന്ദിതയുടെ മിഴികൾ.

” നന്ദൂ…. ഇനിയെങ്കിലും നീ മനസ്സിലാക്കണം ഞാനൊരിക്കലും നിനക്ക് ചേർന്ന ഒരാളല്ല. അത് നിന്നെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് ഞാനൊരുങ്ങിയത്. ഇനിയെങ്കിലും നീ എല്ലാം മറന്ന് നിന്റെ ജീവിതത്തിന് വേണ്ടി പരിശ്രമിക്കണം. ”

പറഞ്ഞിട്ട് മറുപടി കാത്തുനിൽക്കാതെ അവൻ മുന്നോട്ട് നടക്കാനൊരുങ്ങി.”ഒന്ന് ചോദിച്ചോട്ടേ? ഇതുവരെ പറഞ്ഞതെല്ലാം ഞാൻ കേട്ടു നിങ്ങൾ വിവാഹിതനായെന്ന് പറഞ്ഞത് വരെ എനിക്ക് കുറ്റബോധം തോന്നിയിരുന്നു. എന്നാൽ ഇപ്പൊ അതെന്തിനാണെന്നെനിക്കറിയില്ല.

കാരണം ഇപ്പൊ ഞാൻ നിങ്ങളോടാവശ്യപ്പെടുന്നത് മറ്റൊരു പെണ്ണിന്റെ ജീവിതമല്ല പിന്നെന്താണ് എന്നിലേക്കുള്ള ദേവേട്ടന്റെ തടസ്സം?? ”

ഇടറിയതെങ്കിലും ഉറച്ചസ്വരത്തിൽ തന്നെ അവൾ ചോദിച്ചത് കേട്ട് അവനൽപ്പനേരം മൗനമായി നിന്നു.

“പക്ഷേ നന്ദു എന്റെ…. എന്റെ പ്രായം നീ മറക്കരുത്. അത് നിന്നോട് യോജിക്കാൻ കഴിയുന്നതിലും കൂടുതലാണ്. നീയൊരു കൊച്ചുകുട്ടിയാണ്. ഈ പ്രായത്തിന്റെ എടുത്തുചാട്ടമൊക്കെ കഴിയുമ്പോൾ നീ കുറ്റബോധപ്പെടും. പക്ഷേ അപ്പോഴേക്കും ജീവിതമൊരുപാട് മുന്നോട്ട് പോയിരിക്കും. “അവന്റെ മറുപടി കേട്ട് അവളൊന്ന് പുഞ്ചിരിച്ചു..

” ദേവേട്ടാ…. ദേവേട്ടനറിയോ ഒരു പെൺകുട്ടിയുടെ ചിന്തകൾ. ഒരു പെൺകുട്ടി പ്രണയം സ്വപ്നം കണ്ടുതുടങ്ങുമ്പോൾ ലോകത്തിലെ ഏറ്റവും സുന്ദരനും സുമുഖനുമാവണം തന്റെ പാതി എന്നാവും അവളുടെ ചിന്ത.

പിന്നെയും കുറച്ചുകഴിയുമ്പോൾ അവൾക്ക് തൊന്നും സൗന്ദര്യത്തേക്കാൾ ആരോടും മല്ലിട്ട് നിൽക്കുന്ന തന്റെ ഏതാഗ്രഹവും സാധിച്ചുതരാൻ കെൽപ്പുള്ള ഒരു ഹീറോ ആയിരിക്കണമെന്ന്.

കുറച്ചുകൂടി പക്വതയാകുമ്പോൾ അവൾ വീണ്ടും മാറി ചിന്തിക്കും അപ്പോ സൗന്ദര്യത്തിനും ഹീറോയിസത്തിനുമൊക്കെ മുകളിൽ തന്നേ മനസിലാക്കുന്ന ചേർത്ത് പിടിക്കുന്ന ഒരുവനായാൽ മാത്രം മതിയെന്ന തിരിച്ചറിവിലേക്കവളെത്തും.

അപ്പോൾ ഒരു ചോക്ലേറ്റ് പ്രണയത്തിനുമപ്പുറം ഒരു ജീവിതം നെയ്തുതുടങ്ങിയിട്ടുണ്ടാകുമവൾ. ആ മൂന്നാമത്തെ സ്റ്റേജിലാണ് ഇപ്പൊ ഞാൻ ദേവേട്ടന്റെ മുന്നിൽ നിൽക്കുന്നത്.

ഏട്ടന്റെ സൗന്ദര്യമോ പണമോ പ്രായമോ ഒന്നുമല്ല എന്റെ ബലം ഈ കൈകളിൽ ഞാൻ സുരക്ഷിതയായിരിക്കുമെന്നത് മാത്രമാണ്. അത് മാത്രമേ എനിക്കാവശ്യവുമുള്ളു. ഇനിയും എന്നേ ഒപ്പം കൂട്ടാൻ കഴിയില്ല എങ്കിൽ സാർ പൊക്കോളൂ… ”

പറഞ്ഞുകഴിഞ്ഞ് പൊട്ടിക്കരയാൻ വെമ്പി നിൽക്കുന്ന ആ പെണ്ണിനെ അവനൊരൽപനേരം വെറുതെ നോക്കി നിന്നു. പിന്നെ പതിയെ ചേർത്തുപിടിച്ചു. മനസുകൊണ്ട് തന്റെ പാതിക്കുള്ള അംഗീകാരം പോലെ അവളുടെ നെറുകയിൽ അമർത്തി മുകർന്നു.

അപ്പൊഴവളിൽ നിന്നുമൊഴുകിയിറങ്ങിയ കണ്ണുനീർ ഉള്ളിലെ അടങ്ങാത്ത ആഹ്ലാദത്തിന്റേതായിരുന്നു. അവനോടുള്ള അടങ്ങാത്ത പ്രണയത്തിന്റെതായിരുന്നു.

അവസാനമല്ല ഇതൊരു തുടക്കമാണ് എല്ലാം മറന്നുകൊണ്ട് നന്ദിതയുടെയും ശ്രീദേവിന്റെയും പുതിയ ജീവിതത്തിന്റെ തുടക്കം. അവർ ജീവിക്കട്ടെ അന്തരങ്ങളില്ലാതെ അണയാത്ത പ്രണയത്തെ മാത്രം കൂട്ടുപിടിച്ചുകൊണ്ട്. സ്നേഹപൂർവ്വം അഭിരാമി…

Leave a Reply

Your email address will not be published. Required fields are marked *