മറ്റൊരു വിവാഹം. ‘ അത് മാത്രമാണ് ആവശ്യം. അരുൺ തന്റെ കൂടെയില്ല എന്ന സത്യം തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല പിന്നെങ്ങനെയാണ് അരുണിന്റെ സ്ഥാനത്ത് മറ്റൊരാളെ സ്വീകരിക്കാൻ കഴിയുന്നത്? അവളുടെ നെഞ്ചു പിടഞ്ഞു

രചന: അംബിക ശിവശങ്കരൻ

“മോളെ… ഉണ്ണി മാമൻ വീണ്ടും വിളിച്ചിരുന്നു മോളുടെ തീരുമാനം എന്തായെന്ന് അറിയാൻ.”

മുറിക്കുള്ളിൽ ഇരുട്ടിനെ കൂട്ടുപിടിച്ച് ഓർമ്മകളുമായി മല്ലടിക്കുന്ന ശാലിനിയുടെ അരികിലേക്ക് അമ്മ വന്നതും അവൾ നിർവികാരയായി അവരെ നോക്കി.

“മോൾ എന്താ ഒന്നും പറയാത്തത്? എത്ര നാൾ എന്ന് കരുതിയാണ് നീ മുറിക്കുള്ളിൽ അടച്ചിട്ടിരിക്കുന്നത്? വർഷം ഒന്ന് ആയില്ലേ മോളെ….ആർക്കും താല്പര്യം ഇല്ലാതിരുന്നിട്ടും നീ തന്നെ തെരഞ്ഞെടുത്ത ഒരു ബന്ധം.

അതിനിത്ര മാത്രമേ ദൈവം ആയുസ്സ് തന്നിരുന്നുള്ളൂ എന്ന് കരുതി സമാധാനിക്കുക…. മറ്റൊരു വിവാഹം കഴിച്ചു കുട്ടികളും ഒക്കെയായി ജീവിക്കുമ്പോൾ പതിയെ എല്ലാം നീ മറന്നുകൊള്ളും. കാലം മായിക്കാത്ത മുറിവുകൾ ഇല്ലല്ലോ മോളെ…”

അമ്മയുടെ വാക്കുകൾ കേട്ട് കഴിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു.ഒരാഴ്ചയായി അമ്മ വിടാതെ പിന്തുടർന്നിരിക്കുകയാണ്.
‘ മറ്റൊരു വിവാഹം. ‘ അത് മാത്രമാണ് ആവശ്യം. അരുൺ തന്റെ കൂടെയില്ല എന്ന

സത്യം തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല പിന്നെങ്ങനെയാണ് അരുണിന്റെ സ്ഥാനത്ത് മറ്റൊരാളെ സ്വീകരിക്കാൻ കഴിയുന്നത്?
അവളുടെ നെഞ്ചു പിടഞ്ഞു

“അമ്മയ്ക്ക് എങ്ങനെയാണ് എന്നോട് ഇത് പറയാൻ കഴിയുന്നത്? ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾക്ക് പകരമാകാൻ എങ്ങനെയാണ് മറ്റൊരാൾക്ക് കഴിയുക?അരുണിന്റെ ശരീരം മാത്രമേ എന്നെ വിട്ടു പോയിട്ടുള്ളൂ ദാ അവന്റെ പ്രസൻസ് എനിക്കിപ്പോഴും അറിയാൻ കഴിയുന്നുണ്ട്.

എന്റെ മരണത്തോട് കൂടി മാത്രമേ അതില്ലാതാകുകയുള്ളൂ… ദയവുചെയ്ത് ഈ ഒരാവശ്യം പറഞ്ഞു ഇനി ആരും എന്റെ മുന്നിൽ വരരുത് പ്ലീസ്…”

തൊഴുതു പിടിച്ചു കൊണ്ട് തന്റെ മുന്നിലിരുന്ന് കരയുന്ന മകളെ കണ്ടതും അവർക്ക് എന്തെന്നില്ലാത്ത വേദന തോന്നി.

“ഞാൻ നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല ശാലു… ഒരു അമ്മയാകുമ്പോൾ മാത്രമേ നിനക്ക് എന്റെ മനസ്സിലെ വേദന മനസ്സിലാവുകയുള്ളൂ.”

“അന്ന് എല്ലാവരെയും മറന്ന് നീ അവന്റെ കൈപിടിച്ച് ഈ പടിയിറങ്ങിയ നിമിഷം നെഞ്ച് പൊട്ടി ഞാൻ കരഞ്ഞിട്ടുണ്ട്. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ അപമാനിതയായി നിൽക്കേണ്ടി വന്നപ്പോൾ കൂടി മനസ്സുകൊണ്ട് പോലും ഞാൻ നിന്നെ ശപിച്ചിട്ടില്ല.

എന്നും നീയവന്റെ കൂടെ സന്തോഷമായി ജീവിക്കണമേ എന്ന് മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളൂ… എനിക്ക് എന്നല്ല ലോകത്ത് ഒരു അമ്മയ്ക്കും മക്കളെ ശപിക്കാൻ കഴിയില്ല.”

“സ്വന്തം മക്കൾ സന്തോഷത്തോടെ കഴിയുന്നതല്ലേ ഏതൊരു അച്ഛനും അമ്മയ്ക്കും സന്തോഷം.. ഈയൊരു അവസ്ഥയിൽ മക്കളെ കാണാൻ ഏതു മാതാപിതാക്കളാണ് ആഗ്രഹിക്കുക? പിന്നെ.. അത് മാത്രമല്ല എന്റെ പേടി..”

അവർ ഒന്ന് നിർത്തിയ ശേഷം വീണ്ടും തുടർന്നു.”ഞങ്ങൾക്ക് പ്രായമായി വരികയാണ് ഇനി എത്ര നാൾ എന്ന് അറിയില്ല.നിനക്ക് ഒരാങ്ങളയാണ്. നാളെ അവൻ വിവാഹം കഴിച്ചു ഒരു പെൺകുട്ടി ഇവിടെ കയറി വരേണ്ടത് ആണ്. ഞങ്ങൾക്ക് ആരോഗ്യമുള്ളിടത്തോളം നിനക്ക് ഇവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. പക്ഷേ അത് കഴിഞ്ഞാൽ…”

അത്രമാത്രം പറഞ്ഞുകൊണ്ട് അവർ തന്റെ വാക്കുകൾ അവസാനിപ്പിച്ചു. അമ്മ പറയാതെ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് മനസ്സിലായിരുന്നു. താൻ ഒരു ഭാരമായി പോകുമോ എന്നുള്ള ഭയം അമ്മയുടെ വാക്കുകളിൽ ഉടനീളം വ്യാപിച്ചു കിടന്നിരുന്നു.

“അത് മാത്രമല്ല താൻ തന്റെ കൂടെപ്പിറപ്പിനെ കുറിച്ചും താൻ ചിന്തിക്കേണ്ടിയിരിക്കുന്നു. വിവാഹം കഴിഞ്ഞ പെങ്ങൾ സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നത്, അത് എന്ത് കാരണം കൊണ്ട് ആയാൽ കൂടിയും എല്ലാവർക്കും അംഗീകരിക്കാൻ കഴിയണമെന്നില്ല..

പ്രത്യേകിച്ചും പെൺകുട്ടികളുടെ മാതാപിതാക്കൾക്ക്. അവരുടെ ഉത്തരവാദിത്വം കൂടി തന്റെ മകളുടെ ഭർത്താവിന്റെ തലയിൽ ആകുമോ എന്ന ഭയം അവിടെ ഉടലെടുക്കുന്നത് സ്വാഭാവികം.

താൻ ഇവിടെ നിൽക്കുന്നത് തന്നെ നല്ല പല ബന്ധങ്ങളും അവന് വന്നുചേരുന്നതിനുള്ള തടസ്സമാകാം.ഒരു പക്ഷേ അവന്റെ ഉള്ളിലും ഇത്തരം വ്യാകുലതകൾ ഉണ്ടായേക്കാം.തന്നെ വിഷമിപ്പിക്കേണ്ടത് എന്ന് കരുതി അവൻ ഒന്നും പ്രകടിപ്പിക്കാത്തത് ആകാം.”

അവൾ കുറച്ച് സമയത്തേക്ക് ഒന്നും തന്നെ മിണ്ടിയില്ല തികഞ്ഞ നിശബ്ദത അവർക്കിടയിൽ തളം കെട്ടിക്കിടന്നു.

“എനിക്കൊന്ന് ആലോചിക്കണം അമ്മേ ഞാൻ ഒരു തീരുമാനം നാളെ പറയാം..” അത്രയും പറഞ്ഞവൾ അമ്മയെ അവിടെ നിന്ന് പറഞ്ഞു വിട്ടു.

“അമ്മ തങ്ങളെ ശപിച്ചിട്ടില്ല ത്രേ…എങ്കിൽ പിന്നെ ആരുടെ മനസ്സറിഞ്ഞുള്ള ശാപമായിരിക്കും തങ്ങളുടെ ജീവിതത്തെ ഇത്രമേൽ തച്ചുടച്ചത്? രണ്ടു മതങ്ങൾ… അതായിരുന്നു ഇരുവരും ഒന്നിക്കുന്നതിന് എല്ലാവരും കണ്ടെത്തിയ കാരണം.

പക്ഷേ മതങ്ങൾക്കും മീതെയാണ് സ്നേഹം എന്ന് വിശ്വാസമുള്ളത് കൊണ്ട് തന്നെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. മരിക്കുവോളം ഓർത്തുവയ്ക്കാൻ കുറച്ചു നല്ല ഓർമ്മകൾ മാത്രം ബാക്കി സമ്മാനിച്ചുകൊണ്ട് അരുൺ തന്നെ തനിച്ചാക്കി പോയി.

‘ഒരു ബൈക്ക് ആക്സിഡന്റ്.'”ജന്മം നൽകിയവരെ പോലും ഉപേക്ഷിച്ച് കൂടെയിറങ്ങി വന്ന പെണ്ണിനെ കുറിച്ച് അരുൺ മറന്നതാകുമോ? അല്ലെങ്കിൽ ഇത്രയും സ്നേഹത്തോടെ നിങ്ങൾ ഇനി ജീവിക്കേണ്ട എന്ന് അസൂയ തോന്നിയ ദൈവം അവന്റെ ജീവൻ എടുത്തതാണോ? അതെ… അത് തന്നെ… അവന്റെ സ്നേഹത്തിന് മുന്നിൽ ആർക്കാണ് അസൂയ തോന്നാതിരുന്നിട്ടുള്ളത്?”

“മകന്റെ ജീവൻ എടുത്തവൾ എന്ന് അരുണിന്റെ വീട്ടുകാർ പഴിചാരിയപ്പോഴും കരഞ്ഞില്ല. കരഞ്ഞത് തങ്ങളുടെ സ്വർഗ്ഗമായ ആ വാടകവീട്ടിൽ നിന്നും അവർ അരുണിന്റെ ജീവനെറ്റ ശരീരം മാത്രം പറിച്ചെടുത്ത് കൊണ്ടുപോയപ്പോഴാണ്.

ഒരു ഭ്രാന്തിയെ പോലെ ആ വീട്ടിൽ തലതല്ലി കരയുന്ന മകളെ കണ്ട് സഹതാപം തോന്നിയിട്ട് ആകണം, ചെയ്ത തെറ്റുകൾ എല്ലാം മറന്ന് ഇവർ തന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്. പക്ഷേ…. പക്ഷേ തങ്ങളുടെ ലോകം ആ ചെറിയ വീട് ആയിരുന്നില്ലേ…..? ഇന്ന് ഇവിടെ ഞാനും അവിടെ അരുണും ഗതിയില്ലാതെ അലയുകയാണ്.”

കുറച്ചു മുന്നേ അമ്മ പറഞ്ഞ ഒരു വാചകം അവളുടെ മനസ്സിനെ വീണ്ടും വീണ്ടും അലട്ടിക്കൊണ്ടിരുന്നു.

“ഒരു അമ്മയാകുമ്പോൾ മാത്രമേ നിനക്കെന്റെ മനസ്സിലെ വേദന മനസ്സിലാക്കുകയുള്ളൂ..”

” അതെ… അരുണിന്റെ കുഞ്ഞിന്റെ അമ്മയാകാൻ താനും ഒരുപാട് കൊതിച്ചതാണ്. രണ്ടുപേർക്കും ഒരു നല്ല ജോലിയാകുന്നതുവരെ തൽക്കാലം കുഞ്ഞു വേണ്ടെന്ന് രണ്ടുപേരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു. പക്ഷേ അത് തെറ്റായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.

അരുണിന്റെ രക്തത്തിൽ പിറന്ന ഒരു കുഞ്ഞു എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അരുൺ തന്റെ കൂടെ തന്നെയുണ്ടെന്ന വിശ്വാസം തനിക്ക് അല്പം എങ്കിലും ആശ്വാസം നൽകിയേനെ…ആ കുഞ്ഞിന്

വേണ്ടിയെങ്കിലും ഇനിയുള്ള കാലം ജീവിച്ചു തീർക്കാമായിരുന്നു. പക്ഷേ ഇനി ആർക്കുവേണ്ടിയാണ് കാത്തിരിക്കേണ്ടത്? അമ്മ പറഞ്ഞപോലെ തന്നെ ജീവിതത്തിൽ ഇനി ഒരു മാറ്റം അനിവാര്യമാണ്. ”

അവൾ തന്റെ മുഖം തലയിണിലേക്ക് അമർത്തി.പിറ്റേന്ന് അവർ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് അവൾ അങ്ങോട്ട്‌ ചെന്നത്.മുഖം എന്നത്തേക്കാളും പ്രസന്നമായിരുന്നു എന്നവർ ശ്രദ്ധിച്ചു.

” അമ്മ പറഞ്ഞത് ശരിയാണ് മാറ്റം അനിവാര്യമാണ്. കാലം മായിക്കാത്ത ഒരു മുറിവുകളുമില്ല അത് സത്യമാണ് നമ്മൾ അത് അംഗീകരിച്ചേ പറ്റൂ. ഞാൻ മാറിയില്ലെങ്കിൽ ഒരുപക്ഷേ അത് അവന്റെ ജീവിതത്തെ കൂടി ആയിരിക്കും ബാധിക്കുക.. ”

അവളത് പറഞ്ഞതും അവരുടെ കണ്ണുകളിൽ ഒരു നക്ഷത്രത്തിളക്കം രൂപപ്പെട്ടു.

” എന്നാൽ ഞാൻ ഉണ്ണി മാമനെ വിളിച്ച് അവരോട് നാളെത്തന്നെ വരാൻ പറയട്ടെ മോളെ… നല്ല കുടുംബക്കാരാണെന്ന ഉണ്ണി മാമൻ പറഞ്ഞത്. നിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് തന്നെയാണ് അവര് ഈ വിവാഹാലോചന സ്വീകരിച്ചത്. ഇത് കഴിയുന്നതോടെ എന്റെ മോളുടെ എല്ലാ സങ്കടങ്ങളും തീരും. ഭഗവാൻ ആയിട്ടാ ഇപ്പോൾ എന്റെ കുഞ്ഞിന്റെ മനസ്സ് മാറ്റിയത്. ”

കണ്ണുകൾ തുടച്ചു കൊണ്ട് അവർ ദൈവത്തിനോട് നന്ദി പറഞ്ഞു.” ഉണ്ണി മാമനെ രണ്ടുദിവസം കഴിഞ്ഞ് വിളിച്ചാൽ മതി അമ്മേ… രണ്ട് ദിവസത്തിനുള്ളിൽ ഞാനെന്റെ മനസ്സിനെ ഒന്ന് പാകപ്പെടുത്തി എടുക്കട്ടെ. അതുകഴിഞ്ഞ് അമ്മ വിളിച്ചു പറഞ്ഞോളൂ.. ”

“എങ്കിൽ മോളു വാ ഭക്ഷണം കഴിക്ക്… രാവിലെയും ഒന്നും കഴിച്ചില്ലല്ലോ അതും പറഞ്ഞുകൊണ്ട് അവർ അവൾക്കുള്ള ഭക്ഷണം എടുത്തു വെച്ചു…അപ്പോഴും അവളുടെ മനസ് എന്തിലൊക്കെയോ ഉടക്കി നിന്നു.

” അമ്മേ ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം എത്ര നാളായി പുറത്തൊക്കെ ഒന്ന് പോയിട്ട്… ഇവിടെ തന്നെ ഇങ്ങനെ കുത്തിയിരുന്നാൽ മൈൻഡ് ശരിയാകും എന്ന് തോന്നുന്നില്ല. ”

അത് ശരിയാണെന്ന് അവർക്കും തോന്നി. എത്ര നാളുകളായി അവൾ ഇതിനുള്ളിൽ തന്നെ ഒരേ ഇരിപ്പാണ്. പുറത്തൊക്കെ ഒന്ന് പോയി എല്ലാവരെയും കാണുമ്പോൾ മനസ്സ് ഏറെ കുറെ ശരിയാകും.

“മോള് തനിച്ചു പോകുമോ? ഞാൻ കൂടെ വരട്ടെ..””വേണ്ട അമ്മേ… എനിക്ക് ഒന്ന് രണ്ട് ഫ്രണ്ട്സിനെ കൂടി കാണാനുണ്ട്. കുറെ നാളായി അവരോടൊന്നും ഒരു കോൺടാക്ട് ഉണ്ടായിരുന്നില്ല.അമ്മയ്ക്ക് വെറുതെ ബോറടിക്കും ഞാൻ പോയി വേഗം തന്നെ മടങ്ങി വരാം.”

അതും പറഞ്ഞ് അവൾ അവിടെ നിന്ന് ഇറങ്ങി. രണ്ടുമൂന്നു സുഹൃത്തുക്കളെ കണ്ടു നേരെ അവൾ പോയത് ബീച്ചിലേക്കാണ്. തിങ്കളാഴ്ച ആയതുകൊണ്ട് തന്നെ അവിടെ തിരക്ക് കുറവായിരുന്നു. തിരകൾ വന്ന് അടിഞ്ഞുകൂടിയ മൺ കൂനയ്ക്ക് അടുത്തായി അവൾ വെറുതെ തിരമാലകൾ നോക്കിയിരുന്നു.

” എത്രയോവട്ടം താൻ ഇവിടെ വന്ന് കടലിന്റെ ഭംഗി ആസ്വദിച്ചതാണ്.. പക്ഷേ അന്നെല്ലാം തന്നോട് ഒപ്പം അരുണും ഉണ്ടായിരുന്നു.അന്നത്തെ മനോഹാരിത ഇന്ന് ഈ കടലിന് ഇല്ലെന്നോ? ”

അവൾ ഇമ വെട്ടാതെ അനന്തമായ ആ കടൽപ്പരപ്പിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഫോണിലേക്ക് അമ്മയുടെ കോൾ വന്നത്.

“ഹലോ.”
അവൾ ഫോൺ എടുത്ത് തന്റെ ചെവിയോട് അടുപ്പിച്ചു.”ഹലോ മോളെ.. നീ എവിടെയാണ്? നീ ഇപ്പോൾ എത്തില്ലേ?”

“ഞാനിപ്പോൾ മടങ്ങും അമ്മേ…” അതും പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു.

കുറച്ചു സമയങ്ങൾക്കപ്പുറം ആളുകൾ പരസ്പരം എന്തെല്ലാമോ പറഞ്ഞു പരിഭ്രാന്തിയോടെ ഓടുന്നതിനിടയ്ക്കാണ് ആരോ കാര്യം തിരക്കിയത്.

“ഒരു പെണ്ണ് കടലിൽ ചാടിയത്രെ…. രക്ഷിക്കാൻ നോക്കിയെങ്കിലും ആളെ കടലമ്മ കൊണ്ടുപോയെന്ന്…ശവം തിരഞ്ഞു വള്ളക്കാർ പോയിട്ടുണ്ട്.”

അല്പസമയത്തിനകം തന്നെ അവിടമാകെ ആളുകൾ നിറഞ്ഞു പോലീസ് അന്വേഷണത്തിൽ തീരത്ത് അഴിച്ചുവെച്ച രണ്ട് ചെരുപ്പുകൾക്കൊപ്പം ഒരു കുറിപ്പും മണ്ണിനടിയിൽ പതിഞ്ഞുകിടന്നിരുന്നു. അതിൽ കുറിച്ച അവസാന വരികൾ ഇങ്ങനെയായിരുന്നു.

“കാലം എല്ലാം മുറിവുകളും മായ്ക്കുമെങ്കിൽ എന്റെ വേർപാടിന്റെ വേദനയും അതു മായ്ച്ചു കളയട്ടെ…”

Leave a Reply

Your email address will not be published. Required fields are marked *