അവളെ ഒഴിവാക്കും പോലെ … പല രാത്രികളിലും മഹേഷ് വീട്ടിൽ വരാതെ ആയി… ബിസ്നെസ്സിന്റെ തിരക്ക് കാരണം ആകും

അവൾ
(രചന: ദേവാംശി ദേവ)

ഫാനിലെ കുടുക്ക് നന്നായി മുറുക്കിയ ശേഷം അനു കസേരയിൽ നിന്നും ഇറങ്ങി മേശക്കരികിൽ വന്നിരുന്നു.. ഇടറുന്ന കൈകളാൽ മേശപ്പുറത്തിരുന്ന പേപ്പറിൽ അവൾ എഴുതി തുടങ്ങി..

മഹിയേട്ടന്… മഹിയേട്ടനോളം ഈ ഭൂമിയിൽ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.. അതുകൊണ്ട് തന്നെ ഏട്ടൻ ഇല്ലാത്ത ജീവിതം എനിക്ക് വേണ്ട..
ഞാൻ പോകുവാണ്..
അനുപമ…

എഴുതി കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുനീർ വീണ് അക്ഷരങ്ങളിൽ മഷി പടർന്നിരുന്നു..

തിരിഞ്ഞ് കട്ടിലിലേക്ക് നോക്കുമ്പോൾ സുഖമായി ഉറങ്ങുകയാണ് മഹേഷ്. കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീരിന്റെ വേഗതയിൽ ഓർമ്മകൾ പിന്നിലേക്ക് പാഞ്ഞു..

അത്യാവശ്യം സമ്പത്തും സൗകര്യവും ഉള്ള കുടുംബത്തിലെ രണ്ട് പെണ്മക്കളിൽ മൂത്തവളായിരുന്നു അനുപമ എന്ന അനു..

ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് അനു മഹേഷിനെ കാണുന്നത്.. തന്റെ കോളേജിലെ പുതിയ കെട്ടിടത്തിന്റെ പണിക്ക് വന്ന പണിക്കാരിൽ ഒരാൾ ആയിരുന്നു മഹേഷ്..

ആദ്യം വെറും പരിചയം മാത്രമായിരുന്നെങ്കിൽ പിന്നെ അത് പ്രണയത്തിലേക്ക് വളർന്നു..
പ്രാണനുതുല്യം രണ്ടുപേരും പ്രണയിച്ചു. അതിനിടയിൽ അനു ഡിഗ്രിയും പിജിയും കഴിഞ്ഞ് ജോലിക്ക് കയറി..അതോടെ വീട്ടിൽ അവൾക്ക് വിവാഹാലോചനകൾ വന്ന് തുടങ്ങി.

അനു,മഹേഷിന്റെ കാര്യം തുറന്ന് പറഞ്ഞെങ്കിലും അവളുടെ വീട്ടുകാരോ ബന്ധുക്കളോ അവളുടെ ഇഷ്ടം അംഗീകരിച്ചില്ല.. ആരെകാളും വലുത് മഹേഷ് ആണ് എന്ന ഉറച്ച തീരുമാനത്തിൽ അനു, മഹേഷിനോടൊപ്പം ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടു..

ഒരു കുഞ്ഞ് വീടായിരുന്നു മഹേഷിന്റേത്. അവിടെ അവന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും ഒപ്പം ഒരു പരാതിയും ഇല്ലാതെ അവൾ ജീവിച്ചു…

മഹേഷിന് എന്നും ജോലി ഉണ്ടാകാറില്ല.. അനു തന്റെ ശമ്പളം മുഴുവൻ ആ വീടിനു വേണ്ടി ചിലവഴിച്ചു..

എങ്ങനെയും ജീവിതത്തിൽ ജയിച്ചു കാണിക്കണം എന്ന് അവൾക്ക് വാശി ആയിരുന്നു.. അതിന് അവൾ ആദ്യം എടുത്ത തീരുമാനം ഉടനെ ഒരു കുഞ്ഞ് വേണ്ട എന്നായിരുന്നു..

അവളുടെ വീട്ടിൽ നിന്നും അവളുടെ അവകാശം അവൾ ചോദിച്ചു വാങ്ങി..അവൾ പ്രതീക്ഷിച്ചത് ഒന്നും കിട്ടിയില്ലെങ്കിലും കിട്ടിയത് കൊണ്ട് മഹേഷിന്റെ പെങ്ങളുടെ വിവാഹം നന്നായി നടത്തി..

സുഹൃത്തുക്കളുടെ സഹായത്തോടെ പലയിടത്തും മഹേഷിന് ജോലി വാങ്ങികൊടുത്തെങ്കിലും ഒരിടത്തും മഹേഷ് ഉറച്ചു നിന്നില്ല.. ഒടുവിൽ തന്റെ സാലറി സർട്ടിഫിക്കറ്റ് വെച്ച് ബാങ്ക് ലോൺ എടുത്ത് അനു, മഹേഷിന് ബിസിനെസ്സ് തുടങ്ങാൻ കൊടുത്തു…

അവളുടെ പ്രാരർത്ഥനയുടെയോ കഷ്ടപ്പാടിന്റെയോ ഫലം എന്ന പോലെ മഹേഷ് ബിസ്നെസ്സിൽ വിജയിച്ചു..

അഞ്ച് വർഷങ്ങൾ കടന്നുപോയി. ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകാൻ തുടങ്ങി…ഇനി ഒരു കുഞ്ഞ് വേണം..മഹേഷും അനുവും കുഞ്ഞും ഒത്തുള്ള ജീവിതം അവൾ സ്വപ്നം കണ്ടുതുടങ്ങി..

അപ്പോഴാണ് അനുവിന് മഹേഷിന്റെ സ്വഭാവത്തിൽ എന്തോ മാറ്റം തോന്നി തുടങ്ങിയത്… അവളെ ഒഴിവാക്കും പോലെ … പല രാത്രികളിലും മഹേഷ് വീട്ടിൽ വരാതെ ആയി… ബിസ്നെസ്സിന്റെ തിരക്ക് കാരണം ആകും എന്ന് കരുതി ആദ്യമൊന്നും അവൾ അത് കാര്യമാക്കിയില്ല..

മഹേഷിന് അവളോടുള്ള അകൽച്ച കൂടിവന്നപ്പോൾ അവൾ അത് തുറന്നു ചോദിച്ചു..

“ഓഫിസിൽ ജോലി ചെയ്യുന്ന പ്രിയയും താനും തമ്മിൽ പ്രണയത്തിൽ ആണെന്നും ഞങ്ങൾക്ക് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ നീ ഒഴിഞ്ഞു തരണമെന്നും പറയുമ്പോൾ മഹേഷിന്റെ മുഖത്ത് കുറ്റബോധമോ ശബ്ദത്തിൽ ഇടർച്ചയോ ഉണ്ടായിരുന്നില്ല..

തന്നെ ഉപേക്ഷിക്കരുതെന്നും മഹിയേട്ടൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നും അനു കരഞ്ഞുകാലുപിടിച്ച് പറഞ്ഞിട്ടും മഹേഷ് അത് കര്യമാക്കിയില്ല..

ഒരു വീട്ടിൽ അന്യരെപോലെ കഴിയുമ്പോഴും എന്നെങ്കിലും അവന്റെ മനസ്സ് മാറും എന്ന് അവക് പ്രതീക്ഷിച്ചു..

ഒടുവിൽ “നാളെ അഡ്വക്കേറ്റിനെ കാണാൻ വരണമെന്നും ഒരുമിച്ച് ഡിവോഴ്സിനുള്ള അപ്ലിക്കേഷൻ കൊടുക്കണമെന്നും പറഞ്ഞപ്പോൾ അനു തകർന്നു പോയി…മരണത്തെ കുറിച്ച് മാത്രം അവൾ ചിന്തിച്ചു..

ഓർമകളിൽ നിന്നുണരുമ്പോഴും വാശിയോടെ കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..

മനസ്സിൽ മഹേഷിനപ്പുറം അവളുടെ അച്ഛനും അമ്മയും അനിയത്തിയും തെളിഞ്ഞു…

“ഈ ലോകത്തിൽ ഏറ്റവും എളുപ്പമുള്ള കാര്യങ്ങൾ തോൽക്കാനും മരിക്കാനും ആണ്..ബുദ്ധിമുട്ടുള്ളത് ജയിക്കാനും ജീവിക്കാനും ആണ്..” എന്നോ അവളുടെ അച്ഛൻ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി..ആ നിമിഷം… ആ ഒരു നിമിഷം അവൾ മറിച്ച് ചിന്തിച്ചു തുടങ്ങി..

“തോൽക്കില്ല ഞാൻ..ജയിക്കണം എനിക്ക്..”അവൾ മഹേഷിനെ നോക്കി മനസ്സിൽ പറഞ്ഞു… പിന്നെ ആ കത്തും കീറി കളഞ്ഞ് ഫാനിലെ കുടുക്കും അഴിച്ചു മാറ്റി കട്ടിലിലേ ഒരുവശത്ത് കിടന്നു..
കുറെ നാളുകൾക്ക് ശേഷം അനു അന്ന് സുഖമായി ഉറങ്ങി…

രാവിലെ മഹേഷ് എഴുന്നേൽക്കുമ്പോൾ അനു വീട്ടിൽ ഉണ്ടായിരുന്നില്ല… അൽപം കഴിഞ്ഞതും അവളൊരു ഓട്ടോയിൽ വന്നിറങ്ങി..

“നീ രാവിലെ തന്നെ എവിടെ പോയതാ..ഞാൻ ഇന്നലെ പറഞ്ഞതല്ലേ അഡ്വക്കേറ്റിനെ കാണാൻ പോകണമെന്ന്.” മഹേഷ് ദേശ്യത്തോടെ ചോദിച്ചു..അനു തന്റെ കയ്യിലിരുന്ന കവർ അവനുനേരെ നീട്ടി..

“ഡിവോഴ്സ് നോട്ടിസ് ആണ്.. ഡിവോഴ്സിന് എനിക്ക് സമ്മതം ആണ്. പക്ഷെ ഡിവോഴ്സ് കഴിഞ്ഞു മാത്രമേ ഞാൻ ഈ വീട്ടിൽ നിന്നും പോകു”

അതും പറഞ്ഞ് അവൾ അകത്തേക്ക് പോകുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..മഹേഷ് അപ്പോൾ തന്നെ പ്രിയയെ വിളിച്ച് കാര്യം പറഞ്ഞു..

കുടുംബകോടതിയിൽ മഹേഷും അനുവും നേർക്കുനേർ നിന്നു.. കാഴ്‌ചകാരുടെ കൂട്ടത്തിൽ പ്രിയയും ഉണ്ടായിരുന്നു..

“മിസ്സിസ്സ് അനുപമ മഹേഷ്…നിങ്ങൾക്ക് വിവാഹമോചനം വേണം എന്ന് പറയാൻ എന്താണ് കാരണം..” വക്കീൽ അവളോട് ചോദിച്ചു..

“എന്റെ ഭർത്താവിന് ലൈംഗികശേഷി ഇല്ല സർ… ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു.. അദ്ദേഹത്തിനൊടുള്ള പ്രണയത്തിന്റെയും നാട്ടുകാർ എന്ത് പറയും എന്നളള ചിന്തയിലും കഴിഞ്ഞ അഞ്ച് വർഷം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു..

എന്നാൽ ഇന്ന് ഏതൊരു പെണ്ണിനേയും പോലെ അമ്മ അകാൻ ഞാനും ആഗ്രഹിക്കുന്നു.”അനുവിന്റെ വാക്കുകൾ ഒരു ഞെട്ടലോടെ ആണ് മഹേഷ് കേട്ടത്..

ചുറ്റുമിരിക്കുന്നവരുടെ മുന്നിൽ ഒരു പുരുഷൻ എന്ന നിലയിൽ തന്റെ ആഭിമാനം നഷ്ടപ്പെട്ട പോലെ..
എല്ലാവരും തന്നെ കളിയാക്കും പോലെ തോന്നി മഹേഷിന്.. പിന്നീട് അവിടെ പറഞ്ഞതോ ചോദിച്ചതോ അവൻ കേട്ടില്ല..

ഡിവോഴ്സിന് ശേഷം സ്വന്തം വീട്ടിലേക്ക് പോകാൻ തന്നെ ആയിരുന്നു അനുവിന്റെ തീരുമാനം… കുറ്റപ്പെടുത്തിയാലും വഴക്ക് പറഞ്ഞാലും ഒരിക്കലും അവർ തന്നെ കൈവിടില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു…

മഹേഷിന് മുന്നിലൂടെ തല ഉയർത്തിപ്പിടിച്ച് നടന്നു നീങ്ങുമ്പോൾ അവനെ നോക്കി ഒന്ന് പുച്ഛിച് ചിരിക്കാനും അവൾ മറന്നില്ല..

“മഹേഷ്…നമ്മുടെ ബന്ധം നമുക്ക് ഇവിടെ അവസാനിപ്പിക്കാം.” പ്രിയയുടെ വാക്കുകൾ കേട്ട് മഹേഷ് ഞെട്ടി.

“നീ എന്താണ് പ്രിയ പറയുന്നത്.. അവൾ പറഞ്ഞതൊക്കെ നീ വിശ്വസിച്ചോ..അത് കളളമാണെന്ന് നിനക്ക് അറിയില്ലേ..”

“അറിയാം മഹേഷ്…പക്ഷെ അഞ്ച് വർഷം നിങ്ങളോടൊത്ത് ജീവിച്ച നിങ്ങളുടെ ഭാര്യ പറയുന്നത് മാത്രമേ നാട്ടുകാർ വിശ്വസിക്കു..നാളെ ഞാൻ ഒരമ്മ

ആകുമ്പോൾ അത് നിങ്ങളുടെ കുഞ്ഞാണെന്ന് നാട്ടുകാർ വിശ്വസിക്കുമോ.
മറ്റുള്ളവരുടെ മുന്നിൽ നാണംകെട്ട് ഒരു ജീവിതം എനിക്ക് വേണ്ട..

തന്നിൽ നിന്നും നടന്നകലുന്ന പ്രിയയെ കണ്ടപ്പോൾ തനിക്ക് തെറ്റ് പറ്റി എന്ന് മഹേഷ് തിരിച്ചറിഞ്ഞു തുടങ്ങി..

“മഹിയേട്ടനില്ലാതെ എനിക്ക് പറ്റില്ല” എന്ന അനുവിന്റെ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു.. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. എന്നാൽ അത് കാണാൻ ആരും ഉണ്ടായിരുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *