(രചന: Jk)
“”” എവിടെ ആ ഒരുമ്പേട്ടോൾ?? കുടുംബത്തിന്റെ മാനം കളയാൻ വേണ്ടി ഉണ്ടായവൾ.. ഇത്രയും ആയിട്ടും അവൾക്ക് മതിയായില്ലേ?? “”
അമ്മാവനാണ് അമ്മയുടെ മൂത്ത ആങ്ങള രാവിലെ തന്നെ വീട്ടിൽ നിന്ന് ഉറഞ്ഞുതുള്ളുകയാണ്,
കേൾക്കാത്തതുപോലെ ചെവിയും പൂട്ടി ഇരുന്നു ഭദ്ര.. അമ്മ എന്തൊക്കെയോ പറഞ്ഞ് ആളെ സമാധാനിപ്പിക്കുന്നുണ്ട് പക്ഷേ അപ്പോഴും ഉറഞ്ഞുതുള്ളുകയാണ്..
ഒടുവിൽ സഹിക്കാൻ വയ്യാതായപ്പോഴാണ് മുറിയിൽ നിന്ന് എണീറ്റ് അങ്ങോട്ടേക്ക് ചെന്നത്..
“”” എടി നീ ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്ന് പറഞ്ഞോ??? “എന്നെ ജ്യൂസ് അടിച്ചു കൊടുത്താൽ ഇപ്പോൾ ഒറ്റ വലിക്ക് കുടിക്കും എന്ന രീതിയിലായിരുന്നു ആളിന്റെ ചോദ്യം..
“”പറഞ്ഞു!!””
ഒട്ടും പതർച്ചയില്ലാതെ ഞാനും മറുപടി പറഞ്ഞു…
‘”” എന്ത് കണ്ടിട്ടാടീ ഈ അഹങ്കാരം!! ആരുടെയോ എച്ചിൽ ആണെന്ന് കാര്യം മറക്കണ്ട എന്നിട്ട് ഒരു ജീവിതം ഉണ്ടാകാൻ പോകുമ്പോൾ അവൾ അഹങ്കാരം കാണിക്കുന്നു!!””
അയാൾ പറഞ്ഞതും ശരിക്കും അരിച്ചുകയറുന്നുണ്ടായിരുന്നു എനിക്ക്..”””ഞാൻ ആരുടെ എച്ചിലാണെന്നാണ് നിങ്ങൾ പറയുന്നത്??””
“”” പിന്നെ കണ്ടവര് കൈവെച്ചതല്ലെടീ നിന്റെ ദേഹത്ത്?? ആരും അറിയാതെ നോക്കാൻ പറഞ്ഞപ്പോൾ അവർക്കത് പോലീസ് കേസ് ആക്കണം!! പ്രതികളെ ശിക്ഷിക്കണം!! എന്നിട്ട് ഇപ്പോൾ അവൻ ഒരു മാനസാന്തരം തോന്നി വീട്ടുകാരുമായി വിവാഹം അന്വേഷിച്ചു വന്നതാണ് അതിനു സമ്മതിക്കാതെ അവൾ ഇപ്പോ വലിയ ന്യായം പറയുന്നു.. “”””
“””‘ അയാൾ നട്ടപ്പാതിരയ്ക്ക് കുടിച്ച് വെളിവില്ലാതെ ബലാൽക്കാരൻ ചെയ്തതിൽ ഞാൻ എങ്ങനെയാണ് എച്ചിൽ ആകുന്നത് ഇപ്പോഴും എന്റെ ശുദ്ധി ഞാൻ കാത്തുസൂക്ഷിക്കുന്നുണ്ട്…
നമ്മുടെ അനുവാദം ഉണ്ടായിട്ടല്ലല്ലോ മൃഗങ്ങൾ നമ്മളെ ഉപദ്രവിക്കുന്നത് ഒരു പട്ടി നമ്മളെ കടിച്ചാൽ നമ്മളാണോ അതിന് കുറ്റക്കാരൻ… ഇതും അത്രയേ ഉള്ളൂ..
എന്റെ അനുവാദമില്ലാതെ എന്നേ കേറി ഉപദ്രവിച്ചതാണ്!!!… സമ്മതമില്ലാതെ ദേഹത്ത് തൊട്ടവനെ കാണുന്നതോ കേൾക്കുന്നതോ അറപ്പാണ് ആ അവനെയും വിവാഹം കഴിച്ച് ഈ ജന്മം മുഴുവൻ അവന്റെ കൂടെ കഴിയണം എന്ന് എന്റെ നന്മയ്ക്ക് വേണ്ടി നിങ്ങൾ തീരുമാനിച്ചല്ലോ വലിയ കാര്യം!!!
ഇരുട്ട് വീണാൽ പിന്നെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ വഴിയിലൂടെ വരുന്ന ഏതൊരു പെണ്ണിനേയും പ്രാപിക്കാൻ ഒരു മടിയും ഇല്ലാത്തവൻ ഏതൊക്കെ പെണ്ണുങ്ങളുടെ എടുത്ത് ഈ സ്വഭാവം കാണിച്ചിട്ടുണ്ടെന്ന് ആർക്കറിയാം!!
നാളെ സ്വന്തം കുഞ്ഞിനോട് പോലും അയാൾ ഇത് ചെയ്യാൻ മടിക്കില്ല!! അതുകൊണ്ട് എനിക്ക് വിവാഹത്തിന് തയ്യാറല്ല ഇനി ആരൊക്കെ എന്തൊക്കെ വന്നു പറഞ്ഞാലും ശരി ഞാൻ ഈ വിവാഹത്തിന് സമ്മതിക്കാനും പോകുന്നില്ല നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കി പോകാം!!! .”””
ഇത്രയും പറഞ്ഞതും കിതച്ചു പോയിരുന്നു വേഗം മുറിയിലേക്ക് കയറിപ്പോയി അവിടെ ചുമരിൽ തൂങ്ങിയ അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി ഒരുപക്ഷേ അച്ഛൻ ജീവിച്ചിരുന്നെങ്കിൽ എന്റെ കൂടെ നിൽക്കുമായിരുന്നുവോ??? അറിയില്ല അതോ അമ്മാവനെ പോലെ ആ ആഭാസനെ കല്യാണം കഴിച്ച് ഈ പ്രശ്നം എല്ലാം ഒതുക്കി തീർക്കാൻ പറയുമായിരുന്നോ….
അറിയില്ല!!! കാരണം കൂടെ നിൽക്കും എന്ന് വിചാരിച്ചവരെല്ലാം ഇപ്പോൾ തനിക്കെതിരാണ്…
ഭദ്രയെ ആ പഴയ ഓർമ്മകൾ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങി അച്ഛൻ കുടുംബത്തിന്റെ വിളക്കായിരുന്നു തങ്ങൾക്ക് ഒരു കുറവും വരാതെ അച്ഛൻ നോക്കി…. താനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം വളരെ സന്തോഷപൂർവ്വം തന്നെയാണ് കഴിഞ്ഞുപോയിരുന്നത്, പക്ഷേ അച്ഛന്റെ ആകസ്മികമായ മരണം താളം തെറ്റിച്ചത് ഈ കുടുംബത്തെ തന്നെയായിരുന്നു…
രണ്ടു പെൺകുട്ടികൾ ഉള്ള കുടുംബത്തെ ഏറ്റെടുത്താൽ ബാധ്യതയാകും എന്ന് കരുതി അന്നേ സ്വന്തം കാര്യം നോക്കി പോയവരാണ് ഇന്നീ പറയുന്ന ബന്ധുക്കൾ!!! അതൊന്നും പക്ഷേ തളർത്തിയില്ല പഠനം പാതിക്ക് വെച്ച് നിർത്തി, അമ്മയെയും അനിയത്തിയും നോക്കാൻ വേണ്ടിയാണ് ടെക്സ്റ്റൈൽസിലെ ജോലിയിൽ കയറിയത്..
ആറുമണി വരെയാണ് സാധാരണ ജോലി ഉണ്ടാവുകയുള്ളൂ. പക്ഷേ
ഓണം, പെരുന്നാൾ അങ്ങനെയുള്ള സീസണുകൾ വരുമ്പോൾ രാത്രി 8 മണി ചിലപ്പോൾ അത് 9 മണി വരെയാകും…
എക്സ്ട്രാ പൈസ കിട്ടും എന്നതുകൊണ്ട് തന്നെ എല്ലാവരും അതിന് മെനക്കെട്ട് നിൽക്കും.. ഇതിപ്പോൾ അനിയത്തിയുടെ ഫീസ് അടയ്ക്കാനുള്ള സമയമായിരുന്നു അതുകൊണ്ടാണ് സീസണിൽ ഫുൾ അവിടെ നിൽക്കാം എന്ന് തീരുമാനിച്ചത്..
അവിടെ ടെക്സ്റ്റൈൽസിൽ ഉള്ള വണ്ടിയിൽ എല്ലാവരുടെയും വീടിനരികിൽ കൊണ്ടുവന്ന വിടും.. ഇവിടെ വീടിന് അരികിൽ വരെ വണ്ടി പോകാത്തത് കൊണ്ട് റോഡ് സൈഡിൽ നിർത്തി തരാറാണ് പതിവ്..
പിന്നെ ഒരു ഊടു വഴിയിലൂടെ വീട്ടിലേക്ക് നടക്കണമായിരുന്നു.. അന്നും അതുപോലെ നേരം വൈകിയ ഒരു ദിവസമായിരുന്നു അവിടെ റോഡ് സൈഡിൽ നിർത്തി തന്നു.
അവിടെ നിന്ന് വീട്ടിലേക്ക് നടക്കുകയായിരുന്നു, അങ്ങനെ നടക്കുമ്പോഴാണ് അവിടെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ ചെറിയ മെഴുകുതിരി വെട്ടം കണ്ടത് അവിടെ തെമ്മാടികളുടെ വിഹാരകേന്ദ്രമാണ് എന്നറിയാം ഇത്തിരി പേടിയുണ്ടായിരുന്നു എങ്കിലും വീട്ടിലേക്ക് നടന്നു പെട്ടെന്നാണ് ആരോ വായപൊത്തി ആ കാട്ടിനുള്ളിലേക്ക് വലിച്ചു കൊണ്ടു പോയത്..
എന്താണ് നടക്കുന്നത് എന്ന് അറിയുന്നതിന് മുമ്പ് തന്നെ അയാൾ എന്നെ, ബലാൽക്കാരമായി കീഴ്പെടുത്തിയിരുന്നു..
രാത്രി വീട്ടിലേക്ക് ഒറ്റയ്ക്ക് നടക്കാനുള്ള ഭീതി ഒപ്പം പെട്ടെന്ന് സംഭവിക്കുന്നതിന്റെ ഷോക്ക് എല്ലാം കൂടി ആകെ ഒരു മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ എന്നിട്ട് പോലും കുറെ പൊരുതി നിന്നു പക്ഷേ അയാളുടെ കൈകരുത്തിന് മുന്നിൽ എനിക്ക് പിടിച്ചുനിൽക്കാൻ ആയില്ല ഒരു വേട്ട മൃഗത്തെ പോലെ അയാൾ എന്നെ കീഴ്പെടുത്തി…
ചെറുതായി ഇടിമിന്നൽ ഉണ്ടായിരുന്നു ഓരോ മിന്നലിലും അയാളുടെ മുഖം വ്യക്തമായി കണ്ടിരുന്നു..
എല്ലാം കഴിഞ്ഞ് അയാൾ എന്നെ അവിടെ ഉപേക്ഷിച്ചിട്ട് പോയി പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ അവിടെ ഇരുന്നു ആദ്യം ചാവാൻ ആണ് തോന്നിയത് പിന്നെയോർത്തു. അയാൾ എന്നെ ഉപദ്രവിച്ചതിന് ഞാൻ എന്തിനാണ് ചാവുന്നത്!!! മനസ്സുകൊണ്ടോ ശരീരം കൊണ്ടോ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല!!
അതുകൊണ്ടുതന്നെ അവിടെനിന്ന് എണീറ്റ് വീട്ടിലേക്ക് മുടന്തി മുടന്തി നടന്നു അപ്പോഴേക്കും എന്നെ കാണാതായത്
കൊണ്ട് പരിഭ്രമിച്ച് അമ്മ ആരെയൊക്കെയോ വിളിച്ചു പറഞ്ഞിരുന്നു അവർ എന്നെ തിരഞ്ഞു
വന്നു എന്റെ അവസ്ഥ കണ്ടതും അവർക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി ആരാണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ ഞാൻ അവന്റെ പേരും പറഞ്ഞു അവിടെ എല്ലാവർക്കും പരിചിതമായ ഒരു തെമ്മാടി തന്നെയായിരുന്നു അത് ചെയ്തത്..
എന്നോട് ചെയ്തതിന് അവനെ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ അവരെല്ലാം ശ്രമിച്ചത് അവനെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാനാണ് അതായിരുന്നത്രെ ഈ പ്രശ്നത്തിനുള്ള പരിഹാരം..
തെമ്മാടിയായി നടക്കുന്ന അവനെ പെണ്ണ് കെട്ടിച്ചാൽ നേരെയാകും എന്ന് കരുതി അവന്റെ വീട്ടുകാർക്ക് നൂറുവട്ടം സമ്മതമായിരുന്നു ഈ ബന്ധത്തിന്,
അവനും കെട്ടിക്കോളാം എന്ന് പറഞ്ഞത്രേ..
എതിർത്തതു മുഴുവൻ ഞാനാണ് എല്ലാവരും അതെ ന്റെ അഹങ്കാരം ആയി കണക്കാക്കി അവനാൽ ജീവിതം നഷ്ടപ്പെട്ടവൾക്ക് അവൻ തന്നെ ഒരു ജീവിതം വെച്ചു നീട്ടുമ്പോൾ ഇടം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച ഞാൻ തന്നിഷ്ടകാരിയായി….
ഒരുവേള എന്റെ അമ്മ പോലും എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി അനിയത്തിയുടെ ഭാവി അതായിരുന്നു അമ്മയ്ക്ക് മുന്നിലുള്ള ഏക പ്രശ്നം..
ഇതിനുശേഷം അവൾ എന്നോട് മിണ്ടിയിട്ടെ ഇല്ലായിരുന്നു…
ടെക്സ്റ്റൈൽസിൽ ഉള്ള എന്റെ ജോലി പോലും, നഷ്ടപ്പെട്ട അവസ്ഥയായിരുന്നു..
എന്നിട്ടും എനിക്ക് തുണയായത്, ആ വക്കീലാന്റിയായിരുന്നു..
അവർക്ക് ഞാൻ പറയുന്നതെല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു കൂടെ നിന്നു അവനെ തക്കതായ ശിക്ഷയും മേടിച്ചു കൊടുത്തു അവരുടെ തന്നെ കാരുണ്യത്തിൽ എനിക്കൊരു ജോലിയും കിട്ടി..
വീട്ടിലേക്ക് ഇപ്പോൾ ഞാൻ പോകാറില്ല ഞാൻ കാരണം ഇനി ആരുടെയും ഭാവി നശിക്കേണ്ടല്ലോ എന്ന് കരുതി!!!
ഇത്രയും നാൾ ഞാൻ അവർക്ക് വേണ്ടി കഷ്ടപ്പെട്ടു എന്നിട്ടും ഒരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിൽക്കാതെ കുറ്റപ്പെടുത്തിയവരോട് ഇനിയും നന്ദി കാണിച്ച് അവരെ തലയിൽ എടുത്തു വയ്ക്കേണ്ട ആവശ്യമില്ല എന്ന് ഞാൻ തീരുമാനിച്ചു..
ഇപ്പോൾ അമ്മയുടെ സ്ഥാനത്ത് വക്കീൽ ആന്റി ഉണ്ട്.. എങ്ങനെ എന്റെ മനസ്സിൽ മനസ്സിലാക്കാൻ കഴിയുന്നു എന്നൊരിക്കൽ ഞാൻ അവരോട് വെറുതെ ചോദിച്ചു..
“” ആന്റിയുടെ ഉള്ളിലും ഒരു ഭദ്രയുണ്ട്!! അനുഭവത്തിന്റെ തിളച്ച എണ്ണയിൽ വീണു പരുവപ്പെട്ട് വന്ന ഒരു ഭദ്ര!!!””എന്നവർ മറുപടി നൽകി അതിന് ഒരുപാട് അർത്ഥങ്ങളുണ്ടായിരുന്നു…..