ഇണ
രചന: Navas Amandoor
‘എത്ര സ്‌നേഹം ഉണ്ടങ്കിലും കിടപ്പറയിലെ ഒരാളുടെ അവഗണനയും അനിഷ്ടവും മനസ്സിനെ സങ്കടപെടുത്തും.’
ഒരു പെണ്ണിനെയും ജീവിതത്തിൽ ശരീരകമായി ആസ്വദിക്കാനോ തൃപ്ത്തിപ്പെടുത്താനോ അയാളുടെ ശരീരത്തിന് കഴിയില്ലന്നുള്ള തിരച്ചറിവിൽ സ്വന്തം കുറവിനെ പ്രതിരോധിക്കാൻ അയാൾ ഭാര്യയുടെ മുൻപ്പിൽ സ്വയം മുരടനായ ഭർത്താവായി മാറി.
തൊട്ടതിനും പിടിച്ചതിനും കുറ്റം. ഓരോന്ന് പറഞ്ഞു പറഞ്ഞു ശബ്ദം ഉയർത്തി എല്ലാം അവളുടെ തെറ്റാണെന്ന് സ്ഥാപിക്കാനുള്ള വാക്കുകളുടെ അടവ്. അങ്ങനെ അവളും
അയാളും ഒരു വീട്ടിൽ രണ്ട് മനസായി മാറി. ഉറക്കം പോലും വേറെ വേറെ മുറിയിൽ. അകന്നു പോയ മനസ്സുകളുടെ ചിന്തകൾ കണ്ണീരായി ഒലിച്ച വീട്ടിൽ മൂക സാക്ഷികളായി മക്കൾ.
“ഒരു പെണ്ണ് ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോന്ന് അറിയില്ല… പക്ഷെ പറയാതെ നീ എങ്ങനെ അറിയും. ആരോടെങ്കിലും ഒന്ന് തുറന്നു പറയണ്ടേ മനസ്സിൽ ഉള്ളത്..?”
അവളെയും കേൾക്കണം. അവളുടെ പ്രശ്നങ്ങൾക്കും വേണം സമാധാനം. അതുകൊണ്ട് ആണ് റംസി പ്രിയയോട് മനസ് തുറന്നത്. പ്രിയ അവൾ പറയുന്നത് കേട്ടിരുന്നു.
“എനിക്ക് വല്ലാത്ത ടെൻഷനാണ്. നേരെ ചൊവ്വേ ഉറങ്ങാൻ പോലും പറ്റുന്നില്ല. എല്ലാത്തിനും കാരണം ഒന്ന് മാത്രം. ഞാനും മജ്ജയും മാംസവും രക്തവുമുള്ള ഒരു പെണ്ണാണ്.. ഏറെയായി എന്റെ ഭർത്താവ് എന്നെയൊന്നു ചേർത്ത് പിടിച്ചിട്ട്.. എന്റെ വികാരങ്ങളെ കണ്ടില്ലന്ന് നടിക്കുകയാണ് അയാൾ.”
ഒരു കിതപ്പോടെയാണ് അവൾ പറഞ്ഞു നിർത്തിയത്. രോഷവും സങ്കടവും നിറഞ്ഞ വാക്കുകൾ. ഈ സമയം അവളെ മനസ്സിലാക്കാത്ത ഭർത്താവിനോട് അവൾക്ക് വെറുപ്പ് ഉണ്ടോന്ന് പോലും പ്രിയക്ക് തോന്നിപ്പോയി.
“താൻ ഇതൊന്നും അയാളോട് പറഞ്ഞില്ലേ..?””പറഞ്ഞതാണ് പലവട്ടം.. പുരുഷത്വം നഷ്ടമായതിന്റെ അവഗണന സഹിക്കേണ്ടത് ഞാൻ… അയാൾക്ക് അതിന് പറ്റുന്നങ്കിൽ ഒന്ന് കെട്ടിപിടിച്ചു ചുംബിക്കുകയെങ്കിലും ചെയ്തൂടെ.. ഞാനൊരു പെണ്ണല്ലേ പ്രിയേ.”
“അങ്ങനെ സഹിച്ചു ജീവിക്കുകയും ഒന്നും വേണ്ട… അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലങ്കിൽ പിരിയണം.”
അവിടെ റംസി നിശബ്ദമായി. മറുപടി പറയാൻ കഴിയാതെ തല കുനിച്ചു.നിസ്സഹായതയുടെ അവളുടെ വേദനക്കു മുന്നിൽ മൗനമായി .
“എന്തെ… ഒന്നുമില്ലേ പറയാൻ.””ഇല്ല…. പിരിയാൻ പറ്റില്ല. മക്കൾ അവരുടെ ഭാവി… പിന്നെ എല്ലാത്തിനും മീതെ എനിക്ക് അയാളെ ഭയങ്കര ഇഷ്ടമാണ്.”
റംസിക്ക് ഭർത്താവ് ജീവനാണെന്നു പ്രിയക്കും അറിയാം. അതുകൊണ്ടാണ് ഇത്രയും നാളുകളിൽ ഇതൊന്നും ആരോടും പറയാതിരുന്നത്. മിക്കവാറും എല്ലാ സങ്കടങ്ങളും ഇറക്കി വെക്കാനുള്ള അത്താണിയാണ് റംസിക്ക്
പ്രിയ.അയാളെ കുറച്ചു പറയുമ്പോൾ അവൾ എപ്പോഴും വാചാലമാകും.പ്രിയ ആ സമയം ചിന്തിക്കാറുണ്ട് ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടിയ അവൾ ഭാഗ്യവതിയാണെന്ന്..
“എനിക്ക് അറിയാം… നിനക്ക് നിന്റെ ഇക്കയോടുള്ള സ്‌നേഹം.. എപ്പോഴും നിങ്ങളുടെ ജീവിതം അസൂയയോടെയാണ് ഞാൻ നോക്കിട്ടുള്ളത്… പക്ഷെ ഇപ്പോ എന്തൊക്കെയോ നിങ്ങളിൽ നടക്കുന്നു.”
ആ സമയം റംസിയുടെ മനസ്സിൽ ഒരിക്കൽ അയാളോട് പരാതി പറഞ്ഞ ആ ദിവസത്തെ സംസാരം അവളുടെ മനസ്സിലേക്ക് വന്നു.
“ഇക്ക.. ന്താ ഇങ്ങനെ.. ഞാനും ഒരു പെണ്ണല്ലേ.. എനിക്കും വികാരവും വിചാരവും… സെക്സ് നിങ്ങളെ കൊണ്ട് പറ്റില്ലങ്കിൽ എന്നെ ഒന്ന് കെട്ടിപിടിച്ചു ഒന്ന് ചുംബിക്കുകയെങ്കിലും ചെയ്തൂടെ.”
“പേടിച്ചിട്ടാണ്.. ഒരു ചുംബനത്തിൽ നീ ഉണരുകയേ ഉള്ളു .
ഞാൻ എന്തു പറഞ്ഞ് നിന്നെ ആശ്വാസിപ്പിക്കണമെന്നറിയില്ല റംസീ..”
“എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട്.എല്ലാം മറന്ന് ഒന്ന് ഉറങ്ങിയിട്ട് എത്രയൊ നാളുകളായി.”
“നിന്റെ ദേഷ്യവും വിഷമവും എനിക്ക് മനസ്സിലാകുന്നുണ്ട്.. നീ പഴയത് പോലെ ആവണം.. അതിന് ഞാനും മക്കളും ഇല്ലാത്ത നേരം നിനക്ക് പറ്റിയ ഒരാളെ നീ വീട്ടിൽ വിളിച്ചു വരുത്തിക്കോ…”
“ഛെ… എന്നെ ഇങ്ങനെ അപമാനിക്കരുത്.””അപമാനിച്ചതല്ല… ഞാൻ പിന്നെ എന്താ നിന്നോട്പറയാ.. ഈ ജീവിതത്തിൽ നിന്നും നിന്നെ വിട്ട് കളയാൻ എനിക്ക് പറ്റില്ല റംസി.”
വേറെ ഒരാളെ കൊണ്ട് വികാരം ക്ഷമിപ്പിക്കുക.അതൊരു സൗജ്യന്യം പോലെ പറഞ്ഞപ്പോൾ വല്ലാത്ത ദേഷ്യം തോന്നി റംസിക്ക്.
കൂടെ തന്നോടുള്ള അറപ്പും .
“ശരിയാണ്… എല്ലാം ഞാൻ ആഗ്രഹിക്കുന്നുണ്ട്.. എന്ന് കരുതി “അതൊന്നും പ്രിയയോട് പറയാൻ റംസിയുടെ മനസ് അനുവദിക്കുന്നില്ല. പറഞ്ഞു പോയാൽ ഇക്കയെ അവൾ മോശമായി ചിന്തിക്കുമോയെന്ന പേടിയുണ്ട്.
“റംസിയെന്താണ് ആലോചിക്കുന്നത്..?””ഹേയ്… ഒന്നുല്ല.”മനസ്സിലുള്ളതൊക്കേ തുറന്നു പറഞ്ഞപ്പോൾ മനസ്സിന് ഏറെക്കുറെ ആശ്വാസം കിട്ടിയത് പോലെ തോന്നി .റംസി ഇടക്ക് പ്രിയയെ കാണാൻ വരും രണ്ടാളും ഒരുപാട് നേരം സംസാരിച്ചിരിക്കും.പരസ്പരം
സങ്കടങ്ങളുടെ കെട്ടഴിച്ചു പരസ്പരം സമാധാനം പകരുന്ന ഒരു കൂട്ട്.ചെറുപ്പം മുതൽ കൂടെ ഉള്ള കൂട്ടുകാരികളാണ്. ഇപ്പോഴും ആ സ്‌നേഹം രണ്ടാൾക്കും ഉണ്ട്.
“നീ ടെൻഷൻ ആവേണ്ട ടീ.. എല്ലാത്തിനും പ്രതിവിധി ഉണ്ട്. എല്ലാം മനസ്സിന്റെ പ്രശ്നങ്ങൾ തന്നെയാവും.. രണ്ടാളും കൂടി നല്ലൊരു ഡോക്ടറെ കാണു.. എന്തങ്കിലും ഒരു സൊല്യൂഷൻ ഉണ്ടാവാതിരിക്കില്ല..”
“പറഞ്ഞു നോക്കാ ഇക്കയോട് .. എന്തായിരിക്കും പ്രതികരണമെന്ന് അറിയില്ല. വൈദ്യ ശാസ്ത്രം കണ്ടുപിടിക്കുന്ന കാരണമെന്തെന്ന്അറിണം. എന്തായാലും നിന്നോട് എല്ലാം പറഞ്ഞപ്പോൾ കുറച്ചൊരു സമാധാനം..”
“നീ ഈ കലിപ്പ് മോഡോക്കെ ഒന്ന് മാറ്റി വെച്ച് ഫ്രീയായിട്ട് പുള്ളിയോട് സംസാരിക്കു.. കാരണം അറിഞ്ഞു ചികിത്സ തേടുന്നതല്ലേ നല്ലത്. തമ്മിൽ നിറയെ സ്‌നേഹമുള്ളവരല്ലേ രണ്ടാളും.. ഈ കാര്യത്തിലും സ്‌നേഹത്തോടെ തീരുമാനം ഉണ്ടാക്കുക.”
അവളുടെ അടുത്ത് നിന്നും തിരിച്ചു വന്നതിന് ശേഷം റംസിക്ക് കുറച്ചു മാറ്റം വന്നിട്ടുണ്ട്.എത്ര സ്‌നേഹം ഉണ്ടങ്കിലും കിടപ്പറയിലെ ഒരാളുടെ അവഗണനയും അനിഷ്ടവും മനസ്സിനെ സങ്കടപെടുത്തും.. ആ സങ്കടങ്ങൾ ചില സമയം മൗനമായും രോഷ പ്രകടനങ്ങൾ ആയി മാറുകയാണ് പതിവ്.
ഇന്ന് ജോലി കഴിഞ്ഞു വന്ന അയാളെ അവൾ പുഞ്ചിരിയോടെ സ്വീകരിച്ചു. ഏറെ നാളുകൾക്കു ശേഷം അവൾ അയാളുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ടീവിയുടെ മുൻപിൽ അവളുടെ ഇക്കയുടെ അരികിൽ അവൾ ചേർന്ന് ഇരുന്നു.
കുറച്ചു കഴിഞ്ഞു കിടക്കാൻ അയാൾ പോയപ്പോൾ അവളും. അവന്റെ ഒപ്പം മുറിയിലേക്ക് ചെന്ന് അയാളുടെ ഒപ്പം. കിടന്ന് സ്‌നേഹത്തോടെ സംസാരിക്കാൻ തുടങ്ങി.
“കാരണം എന്തായാലും നമ്മുക്ക് നല്ലൊരു ഡോക്ടറെ കാണാ… ഇങ്ങള് വിഷമിക്കണ്ട.. എല്ലാത്തിനും വഴിയുണ്ടാവും.”
“നീ പറയുന്നു കുറച്ചു നാളുകളായി ഞാൻ ഇങ്ങനെയെന്ന്… എന്ത് കൊണ്ടാണ് ഞാൻ ഇങ്ങനെ ആയതെന്ന് എനിക്ക് അറിയില്ല..നീ ഈ കാണിച്ച സ്‌നേഹമൊക്കെ എന്നെ ചികിത്സിക്കാൻ മാത്രമായിരുന്നല്ലേ…?
അയാൾ പിടിച്ചിരുന്ന അവളുടെ കൈ എടുത്തു മാറ്റി.. അവളുടെ സംസാരത്തിലെ മൃതുത്വം അയാളുടെ മനസ്സിനെ തണുപ്പിച്ചങ്കിലും ഡോക്ടറെ കാണാൻ പറഞ്ഞപ്പോൾ വീണ്ടും അയാളുടെ ഉള്ളിലെ അപകർഷത ബോധം ഉണർന്നു.
“നിന്റെ കാമ ഭ്രാന്തിന് കുട പിടിക്കാൻ എന്നെ കിട്ടില്ല.. അതിന് വേറെ ആളെ നോക്കിക്കോ… നിന്നോട് പറഞ്ഞതല്ലേ ഞാൻ.”
“ആ ശരിയാണ്… എനിക്ക് നിങ്ങൾ പറഞ്ഞ ആ പ്രാന്ത് തന്നെയാണ്.. ഇത് വരെ അതിന് വേറെ ആളെ നോക്കാതിരുന്നത്… നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്… ഇത്രയും മാനസികമായി വേദനിപ്പിച്ചിട്ടും അങ്ങനെ പോകാൻ എനിക്ക് കഴിയാത്തത് മാത്രമാണ് എന്റെ തെറ്റ്.”
“ഒന്ന് മിണ്ടാതിരിക്കോ.. എനിക്ക് ഉറങ്ങണം.””നിങ്ങൾ ഉറങ്ങിക്കോ… ഇത്രയൊക്കെ ആയിട്ടും നാട്ടുകാരുടെയും കുടുംബക്കാരുടെയും മുൻപിൽ നിങ്ങളൊരു നല്ല ഭർത്താവാണ്.. അത് എന്റെ ഔദ്യാര്യമാണെന്ന് മറക്കണ്ട .ഞാനൊന്ന് എല്ലാരുടെ മുൻപിൽ എന്റെ സങ്കടങ്ങൾ പറഞ്ഞാൽ ഇല്ലാതാകും ആ സ്ഥാനം.”
“എന്ത് സങ്കടം.. നിനക്ക്… തിന്നാനും കുടിക്കാനും ഉടുക്കാനും.. അങ്ങനെ എല്ലാം ഇല്ലേ… നിന്റെ മറ്റേ സങ്കടത്തിനുള്ള മരുന്ന് എന്നെ അവഹേളിച്ചാൽ കിട്ടോ…?”
ഇനിയും അയാളുടെ അടുത്ത് കിടന്നാൽ കൂടുതൽ പറഞ്ഞു പോകുമെന്ന് തോന്നിയതു കൊണ്ട് റംസി കട്ടിലിൽ നിന്നും എണീറ്റ് മോള് കിടക്കുന്ന മുറിയിലേക്ക് പോയി.
ആ സമയം അയാളുടെ കണ്ണുകളാണ് നിറഞ്ഞത്. കോളേജ് സമയത്ത് കൂടെ കൂടിയ മദ്യപനത്തിൽ നിന്നും രക്ഷപ്പെട്ടത് ഈ അടുത്തക്കാലത്താണ്. ശരീരം ഉണരാതെ ആയപ്പോൾ ഭാര്യ അറിയാതെ അയാൾ പോയതാണ് ഡോക്ടറെ
കാണാൻ. അന്നാണ് അറിഞ്ഞത് മദ്യം തകർത്തകളഞ്ഞത് വികാരങ്ങളിൽ ഉണരാനുള്ള ശരീരത്തിന്റെ കഴിവിനെയാനെന്ന്.
ഇതൊന്നും അവളോടും പോലും പറയാൻ അയാൾക്ക് ആയില്ല. അല്ലങ്കിൽ ഒരു നാണകെട്ട ഒരാണായി ജീവിക്കേണ്ടി വരുന്നത് ഓർത്തപ്പോൾ അയാൾ ഒരു മുഖമൂടിയണിഞ്ഞു… മുരടനായ ഭർത്താവായി…
“ഒരുപക്ഷെ എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമായിരിക്കും… എന്നാലും അതിന്റെ പിന്നാലെ സ്വയം നാണം കെട്ടവനാവാൻ എനിക്ക് കഴിയില്ല… അതു കൊണ്ട് ഇനിയുള്ള ജീവിതം ഇങ്ങനെയാണ്… ”
ഇണക്കങ്ങൾ ഇല്ലാതെ പിണക്കങ്ങൾ മാത്രമായി നല്ലൊരു ക്‌ളൈമാക്സിലേക്ക് അടുക്കാത്ത ഒരു കഥപോലെ ആയിരിക്കും ഇനിയുള്ള കാലം അവരുടെ ജീവിതം..
എന്തൊരു പ്രശ്നങ്ങൾക്കും പ്രതിവിധിയുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മനസ് ഉണ്ടാവണം.അങ്ങനെ മനസ് ഉണ്ടായാൽ ജീവിതത്തിൽ സന്തോഷം തിരികെ വരും.. അറിയില്ലെ, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കാരണം അവനവൻ തന്നെയാണെന്ന്.
നഷ്ടപ്പെടുത്തുന്നതും നേടിയെടുക്കുന്നതും താൻ തന്നെയാവും …