(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” ആ മോഹനൻ സാറേ..സ്റ്റേഷനിൽ ന്ന് ബാക്കി ഉള്ളോരു പുറപ്പെട്ടിട്ടുണ്ട്.. ഉടനെ അങ്ങെത്തും….. സാർ കോൾ കട്ട് ആക്കിയേക്ക്. ഇപ്പോ സി ഐ സാറിന്റെ വീട്ടിലെത്തി ഞാൻ .. ”
അത്രയും പറഞ്ഞു ഫോൺ പോക്കറ്റിലേക്കിട്ട് കോളിങ്ങ് ബെല്ലിലേക്ക് പതിയെ വിരൽ അമർത്തി രാജേഷ്.
അതി രാവിലെ ആയതിനാൽ രണ്ട് മൂന്ന് വട്ടം ബെൽ മുഴങ്ങിയപ്പോൾ ആണ് സി ഐ അഭിലാഷ് മുൻ വശത്തെ ഡോർ തുറന്നത്. പുറത്ത് രാജേഷിനെ കണ്ട പാടെ സംശയത്തോടെ നോക്കി അവൻ.
” സർ സോറി.. ഒരു ചെറിയ പ്രശ്നം ഉണ്ട്. അതാ ഞാൻ രാവിലെ തന്നെ വന്നേ സാറിനെ ഫോണിൽ കുറേ വിളിച്ചു കിട്ടിയില്ല.. ”
“അയ്യോ.. ഫോൺ ഇന്നലെ രാത്രി സ്വിച്ച് ഓഫ് ആയതാണ് ചാർജ് ചെയ്യാൻ മറന്നു.. എന്താണ്.. എന്താണ് രാജേഷ് എന്താണ് പ്രശ്നം.. ”
രാജേഷിനെ മുഖഭാവം കണ്ടപ്പോഴേക്കും അഭിലാഷിന്റെ ഉറക്കച്ചടവ് പൂർണ്ണമായും മാറിയിരുന്നു.
” സർ.. ഒരാഴ്ച മുന്നേ വന്ന ആ മിസ്സിംഗ് കേസ്. വൈഗ.. ആ കുട്ടിയുടെ ബോഡി കിട്ടിയിട്ടുണ്ട്. ഇവിടെ കുരിശ് പള്ളി കഴിഞ്ഞു ഉള്ളിലേക്ക് കേറുമ്പോഴുള്ള ആ പൂട്ടികിടക്കുന്ന ഫാക്ടറിയിലെ കിണറ്റിൽ നിന്ന് . ”
” ഓ മൈ ഗോഡ്.. “രാജേഷിന്റെ വാക്കുകൾ അഭിലാഷിനെ നടുക്കിയിരുന്നു.” രാജേഷ് ആ കുട്ടി തന്നെയാണോ ”
” അതേ സാർ.. ബോഡി കിണറ്റിലാണ് മുകളിലേക്ക് എടുത്തിട്ടില്ല. കിണറ്റിന്റെ പരിസരത്തു ഒരു ബാഗ് കത്തിച്ച അവശിഷ്ടങ്ങൾ ഉണ്ട്. അതിൽ നിന്നും പാതി കരിഞ്ഞ ഒരു ഐഡി കാർഡ് കിട്ടിയിട്ടുണ്ട്. അത് ഈ വൈഗയുടേത് ആണ്”
അത്രയും കേട്ട് ഒരു നിമിഷം മൗനമായി നിന്നു അഭിലാഷ്. ശേഷം പെട്ടെന്നു വീടിനുള്ളിലേക്ക് പാഞ്ഞു
” രാജേഷ് ഒന്ന് കേറിയിരിക്ക് ഞാൻ വേഗത്തിൽ റെഡിയായി വരാം നമുക്കിപ്പോ തന്നെ പോകാം..”
ഉള്ളിൽ നിന്നും അവൻ വിളിച്ചു പറയുമ്പോൾ പതിയെ സിറ്റ് ഔട്ടിലേക്ക് കയറിയിരുന്നു രാജേഷ്. വല്ലാത്തൊരു ടെൻഷൻ അവനെയും അസ്വസ്ഥനാക്കി..
വളരെ വേഗത്തിൽ തന്നെ അഭിലാഷ് റെഡിയായി ഇറങ്ങി ഫോൺ ഓൺ ആക്കി പവർ ബാങ്കിൽ കണക്ട് ചെയ്ത് വീട് പൂട്ടി പുറത്തേക്കിറങ്ങുമ്പോൾ ജീപ്പ് സ്റ്റാർ ചെയ്തിരുന്നു രാജേഷ്.
” രാജേഷേ.. വൈഫ് കുട്ടികളെയും കൊണ്ട് അവളുടെ വീട്ടിൽ പോയേക്കുവാ അതാ ഒരു ചായപോലും ഇട്ട് തരാൻ പറ്റാത്തത് കേട്ടോ.. പിന്നെ ഇപ്പോ ചായ കുടിച്ചിരിക്കാൻ ഉള്ള സിറ്റുവേഷനും അല്ലല്ലോ.. ”
ഔപചാരികതയുടെ വാക്കുകളോടെ ജീപ്പിലേക്ക് വേഗത്തിൽ കേറി അവൻ.” ഏയ്.. സാരമില്ല സർ.. ”
രാജേഷ് ചെറുതായൊന്നു പുഞ്ചിരിച്ചു. വേഗത്തിൽ ആ ജീപ്പ് നീങ്ങി സംഭവസ്ഥലത്തേക്ക്.
“രാജേഷ്.. ഇതെന്തുവാ സംഭവം.. ആരാ ബോഡി കണ്ടേ അതും ഇത്രേം രാവിലെ തന്നെ.. താൻ ഒന്ന് എക്സ്പ്ലൈൻ ചെയ്തേ.. ”
അഭിലാഷ് കൂടുതൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ രാവിലെ നടന്ന സംഭവങ്ങൾ വിവരിച്ചു രാജേഷ്
” സാർ.. ബോഡി കണ്ടത് യാദൃശ്ചികമായാണ്. അവിടെ കുറച്ചു അപ്പുറം താമസിക്കുന്ന ഒരു സുരേഷ്. പുള്ളിക്കാരൻ ആളിച്ചിരി വെള്ളം ആണ്. ഇടക്കിടക്ക് പെണ്ണുമ്പിള്ളയുമായി രാത്രിയിൽ അടിപിടി കൂടി നേരെ ഇറങ്ങി ഈ ഫാക്ടറിയിൽ വന്ന് കിടക്കാറുണ്ട്.
അത് പതിവാണ്.അങ്ങിനെ വന്ന് കിടന്നതാണ് ഇന്നലെ. രാവിലെ കെട്ട് വിട്ടു എണീറ്റപ്പോ സ്മെല്ല് അടിച്ചിട്ട് ആണ് കിണറ്റിലേക്ക് നോക്കിയത്. ബോഡി കണ്ട് ആള് ആകെ പാനിക്ക് ആയി കിടന്ന് വിളിച്ചു ബഹളം ആയി. അവിടെ അടുത്തെങ്ങും ഒരു വീട് പോലും ഇല്ല.
പിന്നെ ആരെയൊക്കെയോ ഇയാള് വിളിച്ചു വരുത്തി അവരൊക്കെ വന്ന് നോക്കിയിട്ട് ആണ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. സാറിനെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ ഞങ്ങൾ ഞാനും രതീഷും മോഹനൻ സാറും കൂടി സ്ഥലത്ത് ഒന്ന് പോയി നോക്കി അവിടുന്നാണ് ഞാൻ ഇപ്പോ വന്നത്.”
ഒക്കെയും കേട്ട് ഒരു നിമിഷം ചിന്തയിലാണ്ടു അഭിലാഷ്.” കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും തിരികെ ഹോസ്റ്റലിലേക്ക് പോയ വഴിക്ക് മിസ്സിംഗ് ആയി എന്നല്ലേ പരാതിയിൽ പറയുന്നേ.. ഇന്നിപ്പോ ബോഡിയും കിട്ടി അതും ഇത്രേം ദൂരത്തു നിന്നും. ഇതിപ്പോ ആകെ കുഴഞ്ഞു മറിഞ്ഞല്ലോ രാജേഷേ.. ”
ടെൻഷനിൽ ഫോൺ കയ്യിലേക്കെടുത്തു അവൻ ശേഷം ഡി വൈ എസ് പി അൻവറിന്റെ ഫോണിലേക്ക് വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. അപ്പോഴേക്കും അവർ ഫാക്ടറിക്കരികിൽ എത്തിയിരുന്നു. വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചു കൂടിയിരുന്നു. അവരെ നിയന്ത്രിച്ചു ആവശ്യത്തിന് പോലീസുകാരും.
” രാജേഷ് ഈ കുട്ടിയുടെ വീട്ടിൽ അറിയിച്ചോ.. “” ഉവ്വ് സാർ.. അറിയിച്ചിട്ടുണ്ട്. അവർ ഇപ്പോൾ എത്തും.. ”
രാജേഷിന്റെ മറുപടി കേട്ട് പതിയെ ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി അഭിലാഷ്. അവനെ കണ്ടതും എസ് ഐ മോഹനൻ ഓടി അരികിലേക്കെത്തി.
” സാറേ.. ബോഡി ഇറങ്ങി എടുക്കാൻ രണ്ട് പേര് തയ്യാറായിട്ടുണ്ട്. സാർ ഒന്ന് വരാൻ വേണ്ടി വെയിറ്റ് ചെയ്തതാണ്. ”
” ഓക്കേ അവരെ സെറ്റ് ആക്കിക്കോ.. ഡി വൈ എസ് പി സർ വരുന്നുണ്ട്. ഞാൻ ഒന്ന് ബോഡി കണ്ടോട്ടെ ആദ്യം. ”
മറുപടി പറഞ്ഞു കൊണ്ട് അഭിലാഷ് നേരെ പോയത് ആ കിണറ്റിനരികിലേക്ക് ആണ്. അധികം ആഴം ഇല്ലാത്തതിനാൽ തന്നെ ബോഡി കിടക്കുന്നത് നല്ല വ്യക്തമായി മുകളിൽ നിന്ന് നോക്കിയാൽ കാണാമായിരുന്നു. കാലപ്പഴക്കം ഉള്ളതിനാൽ നല്ല ദുർഗന്ധവും ഉണ്ടായിരുന്നു.
” മോഹനേട്ടാ.. എന്ത് തോന്നുന്നു.. ആ കുടിയൻ ഉണ്ടല്ലോ അയാളുടെ പേരെന്താ… സന്തോഷോ.. സുരേഷോ … അയാൾ പറഞ്ഞത് വിശ്വസിക്കാമോ.. തൂക്കി അകത്തിട്ട് രണ്ട് പൊട്ടിച്ചാലോ ”
അഭിലാഷിന്റെ ചോദ്യം കേട്ട് എസ് ഐ മോഹനൻ പതിയെ അവന് അരികിലേക്ക് ചെന്നു
” സാറേ.. അയാളെ വിശ്വസിക്കാം അതൊരു കഥയില്ലാത്ത കേസാണ്. വീട്ടിൽ അടിയുണ്ടാക്കി ഇടക്കിടക്ക് ഇവിടെ വന്ന് കിടക്കും.. പണ്ട് ഈ ഫാക്ടറി വർക്കിംഗ് ആയിരുന്നപ്പോൾ ഇവിടുത്തെ സെക്യൂരിറ്റി ആയിരുന്നു കക്ഷി. ഞാൻ ഈ കൂടിയ ആൾക്കാർക്കിടയിൽ ചെറുതായി ഒന്ന് അന്യോഷിച്ചിരുന്നു.
ഇത് സംഭവം വെള്ളത്തിന്റെയോ കഞ്ചാവിന്റെയോ മറ്റേ പൊടിയുടെയോ പുറത്ത് നടന്നതാകാൻ ആണ് സാധ്യത. പിൻ ഭാഗത്ത് നിറയെ മദ്യക്കുപ്പികൾ ഉണ്ട് പിന്നെ കുറച്ചു പൊട്ടിച്ച പാക്കറ്റുകൾ ഒന്നുകിൽ കഞ്ചാവ് അല്ലെ എം ഡി എം എ പോലുള്ള എന്തോ..
ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞേക്കുന്നത് ആണ്. ഫോറെൻസിക് ടീം വന്നാൽ കറക്ട് അറിയാം ഒരു കാര്യം ഉറപ്പ് രാത്രി സമയങ്ങളിൽ ഇവിടെ ഏതോ ഒരു ടീം സ്ഥിരം വന്നു പോകാറുണ്ട് അത് ഉറപ്പ്… അവര് തന്നെയാകും സാറേ…. കൊച്ച് അവരുടെ കയ്യിൽ പെട്ട് പോയതാ. ”
മോഹനന്റെ മറുപടിയിൽ നിന്നും സംഭവസ്ഥലത്ത് വന്നപാടെ തന്നെ വ്യക്തമായ ഒരു വീഷണം അയാൾ നടത്തിയിട്ടുള്ളതായി അഭിലാഷ് മനസ്സിലാക്കി.
കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കിയെടുക്കാവുന്ന അയാളുടെ ആ എക്സ്പീരിയൻസിനെ മാനിച്ചു തന്നെയാണ് തന്നെക്കാൾ താഴ്ന്ന റാങ്കായിട്ടും ഒരു മടിയും കൂടാതെ അഭിലാഷ് അയാളെ മോഹനേട്ടാ ന്ന് വിളിക്കുന്നത്.
” ആ ടീം ഏതാണെന്ന് എന്തേലും സംശയം ഉണ്ടോ ” ആ ചോദ്യത്തിനുള്ള മറുപടി മോഹനന്റെ കയ്യിലും ഇല്ലായിരുന്നു
” ഈ ഫാക്ടറി ഇങ്ങ് ഉള്ളിൽ ആയോണ്ട് അടുത്തെങ്ങും വീടുകളും ഇല്ലല്ലോ സാറേ.. രാത്രിയൊന്നും വല്യ ഒച്ചയും ബഹളവും ആരും കേട്ടിട്ടും ഇല്ല സൊ വരുന്ന ടീം ഏതാണെന്ന് നോ ഐഡിയ.. ”
” മ്… ചുമ്മാ നമുക്ക് പണിയുണ്ടാക്കാൻ കാട്ടിനിടക്ക് ഇതുപോലെ ഓരോ പ്രേതാലയങ്ങൾ… പണ്ട് ഇത് എന്തായിരുന്നു കശുവണ്ടി ഫാക്ടറിയോ.. ”
“ഉവ്വ് സാർ.. പൂട്ടിപ്പോയ ശേഷം ഇങ്ങട് ആരും വരാറില്ല ഉടമസ്ഥൻ നാട്ടിലും ഇല്ല ഇപ്പോ ലണ്ടനിലോ മറ്റോ ആണ്.. ”
മോഹനന്റെ മറുപടി കേട്ട്
അല്പസമയം മൗനമായി അഭിലാഷ്. ശേഷം രാജേഷിന് നേരെ തിരിഞ്ഞു
” രാജേഷ്.. ഫോറെൻസിക് ടീം ഇപ്പോൾ എത്തും അതിനു മുന്നേ ബോഡി പുറത്തെടുക്കാനുള്ളത് ചെയ്തേക്ക്. ”
അത്രയും പറഞ്ഞു കൊണ്ടവൻ പതിയെ തിരിഞ്ഞു നടന്നു ഒപ്പം മോഹനനും.അധികം വൈകാതെ തന്നെ ഫോറെൻസിക് ടീം എത്തി പിന്നെ കാര്യങ്ങൾ വേഗത്തിൽ നടന്നു. അഭിലാഷ് ശാന്തനായി തന്നെ എല്ലാം വീക്ഷിച്ചു.
അവന്റെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് നടപടികളോ അന്യോഷണമോ ഉണ്ടാകാത്തത് എസ് ഐ മോഹനനെ അതിശയിപ്പിച്ചു. ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്നതിനാൽ ബോഡിയിൽ നിന്നും കാര്യമായി ഒന്നും തന്നെ അവർക്ക് കിട്ടിയില്ല.
അപ്പോഴേക്കും ഡി വൈ എസ് പി അൻവറും എത്തി കാര്യങ്ങൾ വ്യക്തമായി ചോദിച്ചറിഞ്ഞു മനസ്സിലാക്കി മീഡിയാസിനു വിവരങ്ങൾ കൈമാറിയതും അൻവർ തന്നെയാണ് ആണ്.
” സാറേ ഒന്ന് വന്നേ.. “രാജേഷ് പിന്നാലെ വന്ന് വിളിച്ചപ്പോൾ അവനരികിലേക്ക് ചെന്നു അഭിലാഷ്.” എന്താ രാജേഷ് “.
“സാർ ഈ ഫാക്ടറിക്ക് പിൻഭാഗത്ത് ഒരു ചെറിയ റൂം ഉണ്ട് പഴേ സ്റ്റോർ ആയിരുന്നു അതിനകത്ത് ഒരു ചെറിയ പിടി വലിയുടെ ലക്ഷണങ്ങൾ ഉണ്ട്. ”
രാജേഷ് കൈമാറിയ വിവരങ്ങൾ കേട്ടിട്ട് കൂടുതൽ ജാകരൂകനായി അഭിലാഷ്.” രാജേഷ് അവിടേക്ക് ഇനി ആരെയും കയറ്റേണ്ട.. ഫോറെൻസിക് ടീമിനെ വിളിച്ചു അവിടം മൊത്തത്തിൽ ഒന്ന് പരത്.. എന്തേലും കിട്ടാതിരിക്കില്ല. ”
പരിശോധനകൾ പിന്നെയും നീണ്ടു. അതിനിടയിൽ ബോഡി പുറത്തേക്കെടുത്തു. വൈഗയുടെ വീട്ടുകാരെത്തി ബോഡി തിരിച്ചറിഞ്ഞു. അവരെ ശാന്തരാക്കാൻ പോലീസും അല്പം പണിപ്പെട്ടു. ഫോറെൻസിക് ടീം വ്യക്തമായി പരിശോധിച്ച് ഒടുവിൽ അഭിലാഷിനരികിൽ എത്തി.
” സർ.. ഞങ്ങടെ പരിശോധന കഴിഞ്ഞു.. കാര്യമായി ഒന്നും തന്നെ കിട്ടിയിട്ടില്ല. ബോഡിക്ക് ഏകദേശം ഒരാഴ്ചയോളം പഴക്കം ഉണ്ട്. പിന്നെ കഴുത്തിൽ എന്തോ കൊണ്ട് ഇറുക്കിയ പോലൊരു പാട് കാണുന്നുണ്ട് കഴുത്തിൽ ഏതോ ചുറ്റി ശ്വാസം മുട്ടിച്ചതാകാം.
മരണ കാരണവും അതാകാം. കുട്ടി ധരിച്ചിരിക്കുന്നത് ചുരിദാർ ആണ് സൊ.. ചിലപ്പോൾ അതിന്റെ ഷോൾ ആകാം. ബട്ട് ക്രൈം സീനിൽ നിന്ന് അത് കിട്ടിയിട്ടില്ല. പിന്നെ മറ്റൊരു കാര്യം ബോഡിയിൽ അടി വസ്ത്രങ്ങൾ ഒന്നും ഇല്ല.
മാത്രമല്ല പുറകിലത്തെ സ്റ്റോർ റൂമിൽ ഒരു പിടിവലിയുടെ ലക്ഷണങ്ങൾ ഉണ്ട്. അവിടെ നിന്നും കുറച്ചു തലമുടി കിട്ടിയിട്ടുണ്ട്. അത് ഈ പെൺകുട്ടിയുടേത് ആകാം പിന്നെ രണ്ട് ഫിംഗർ പ്രിന്റ്സും. ”
അത്രയും പറഞ്ഞു ആ ഉദ്യോഗസ്ഥ ഒന്ന് നിർത്തി.” അപ്പോൾ ഒരു റേപ്പിന് ചാൻസ് ഉണ്ട്. “അഭിലാഷിന്റെ സംശയം ശെരിവച്ചുകൊണ്ടാൻ അവർ മറുപടി നൽകിയത്.
” ഉറപ്പായും സർ.. അതിന്റെ പാടുകൾ കുട്ടിയുടെ ബോഡിയിൽ കാണാം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി അറിയാം.. എന്റെ ഒരു നിഗമനം എന്തെന്നാൽ ഇതൊരു കരുതി കൂട്ടിയുള്ള കൊലപാതകം അല്ല കുട്ടിയെ റേപ്പ് ചെയ്യുന്നതിനിടയിൽ പ്രകോപനം ഉണ്ടായപ്പോൾ ചെയ്തതാകാം.
മരണം നടന്നതറിഞ്ഞപ്പോൾ ഉള്ള വെപ്രാളത്തിൽ കയ്യിൽ കിട്ടിയ ഡ്രെസ് വാരി ഇടീപ്പിച്ചു ബോഡി കിണറ്റിൽ ഇട്ടു. കുട്ടിയുടെ ബാഗ് കത്തിച്ചും കളഞ്ഞു. ചിലപ്പോൾ അടി വസ്ത്രങ്ങളും പിന്നെ കൊലയ്ക്ക് ഉപയോഗിച്ച എന്തേലുമൊക്കെ ഈ കിണറ്റിൽ തന്നെ ഉണ്ടാകും. ”
അവരുടെ നിഗമനങ്ങൾ വ്യക്തമായി കേട്ടു അഭിലാഷ്.” താങ്ക് യൂ മാഡം.. ഞാൻ കോൺടാക്ട് ചെയ്‌തോളാം ”
ഫോറെൻസിക് ഉദ്യോഗസ്ഥയോട് നന്ദി പറഞ്ഞു അവൻ നേരെ ടി വൈ എസ് പി അൻവറിന് നേരെയാണ് പോയത്. വിവരങ്ങൾ അയാളെ ധരിപ്പിച്ച് തിരികെ വേണ്ട നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷം വീണ്ടും തിരികെയെത്തി.
” രതീഷ് .. ആംബുലൻസ് റെഡിയാണെങ്കിൽ ബോഡി പോസ്റ്റുമോർട്ടത്തിന് വിട്ടേക്ക് ”
ഓക്കേ സാർ.. നിമിഷങ്ങൾക്കകം ഒരു ആംബുലൻസ് ആ കോമ്പോണ്ടിലേക്ക് കയറി. മറ്റു നടപടികൾ പൂർത്തിയാക്കി വൈഗയുടെ മൃദദേഹം പോസ്റ്റുമോർട്ടത്തിനായി അതിലേക്ക് കയറ്റി. അപ്പോൾ തന്നെ ജനറൽ. ഹോസ്പിറ്റലിലേക്ക് തിരിച്ചു. ഡി വൈ എസ് പി യും പോകാനായി വാഹനത്തിനരികിലേക്ക് നടന്നു ഒപ്പം തന്നെ അഭിലാഷും.
” സാറേ.. ഇതെന്താ സംഭവം.. കൊന്നതാണോ അതോ പെണ്ണ് ചാടിയതോ.. ”
ആൾക്കൂട്ടത്തിനിടയിൽ നിന്നും പല പല കമന്റുകൾ ഉയരുന്നുണ്ടായിരുന്നു.” അഭിലാഷ്… ഈ കേസ് തലവേദനയാകുമോ. “അൻവറിന്റെ ചോദ്യം കേട്ട് പതിയെ പുഞ്ചിരിച്ചു അഭിലാഷ്
” ഒരിക്കലും ഇല്ല സർ… ഇതുവരെ അറിഞ്ഞിടത്തോളം ഈ കേസ് അത്രക്ക് കോംബ്ലിക്കേറ്റഡ് അല്ല. ഒരു റിസൾട്ട് വേഗത്തിൽ ഉണ്ടാകും. ”
” ഓക്കേ അഭിലാഷ്.. മേക്ക് ഇറ്റ് ഫാസ്റ്റ്.. അല്ലേൽ അറിയാലോ പ്രെഷർ ഇരട്ടിയാകും.. കമ്മീഷ്ണർ വിളിച്ചിരുന്നു തത്കാലം കേസ് തന്നെ എല്പിച്ചാൽ മതി എന്നാണ് പറഞ്ഞത്.
അത്രക്ക് നല്ല ട്രാക്ക് റെക്കോർഡ്സ് ഉള്ള ഓഫീസർ ആണല്ലോ താൻ .. ഞാൻ എസ് പി ഓഫീസിലേക്ക് പോകുവാണ് എന്തേലും ഉണ്ടേൽ എന്നെ കോൺടാക്ട് ചെയ്താൽ മതി ”
” ഓക്കേ സാർ.. ഞാൻ വിളിക്കാം.. “അൻവർ യാത്രയായത്തോടെ പതിയെ തന്റെ ടീമിന് നേരെ തിരിഞ്ഞു. അഭിലാഷ്. അതുവരെ കാര്യമായി ഒന്നും തന്നെ ചെയ്യാതെ മാറി നിന്ന അവൻ പതിയെ അന്യോഷണത്തിന്റെ പാതയിലേക്ക് നടന്നു തുടങ്ങിയിരുന്നു.
“മോഹനേട്ടാ രാജേഷ് രതീഷ്.. “ഒറ്റ വിളിയിൽ മൂന്നുപേരും. അവന്റെ മുന്നിൽ എത്തിയിരുന്നു.” പറയൂ സർ. “മോഹനൻ ജാകരൂകനായി
” ഫോറെൻസിക് ടീമിന്റെ നിഗമനവും എനിക്ക് മനസ്സിൽ തോന്നിയതും കുറച്ചു മുന്നേ മോഹനേട്ടൻ പറഞ്ഞ ഊഹവും വച്ച് നോക്കുമ്പോൾ ഇത് ഒരു കരുതിക്കൂട്ടിയുള്ള കൊലപാതകം അല്ല. ലഹരിക്കിടയിൽ സംഭവിച്ചു പോയതാണ്.
പിന്നീട് വെപ്രാളത്തിൽ ബോഡി കിണറ്റിലേക്കിട്ടു. അതാകണം സംഭവിച്ചത് അങ്ങിനെ ആണെങ്കിൽ ഈ പരിസരം പിന്നെ ആ പിറകിലത്തെ സ്റ്റോർ റൂം. ഇവിടം സൂക്ഷ്മമായി ഒന്ന് പരിശോധിച്ചാൽ ഉറപ്പായും നമുക്കായി എന്തേലും കിട്ടും. ഇപ്പോൾ മുതൽ നമുക്ക് പരിശോധന തുടങ്ങണം. ”
അഭിലാഷിന്റെ നിർദ്ദേശ പ്രകാരം നിമിഷങ്ങൾക്കണം വ്യക്തമായ പരിശോധന ആരംഭിച്ചു. കുറെയേറെ സമയം നീണ്ടു നിന്ന ആ പരിശോധനയിൽ സംശയം തോന്നുന്ന പലതും അവർക്ക് കിട്ടി. പക്ഷെ അതൊക്കെ വെറും സംശയം മാത്രമായിരുന്നു.
” സാർ… ഇവിടെ അധികം നോക്കിയിട്ട് കാര്യമില്ല എന്ന് തോന്നുന്നു സംശയിക്കത്തക്കതായി തന്നെ ഇല്ല. കുറേ മദ്യ കുപ്പികളും പലപ്പോഴായി ഫുഡ് വാങ്ങിയ ബില്ലുകളും. മാത്രം ”
രതീഷിന്റെ കയ്യിൽ ഒന്ന് രണ്ട് പഴയ ബില്ലുകൾ മാത്രം കണ്ടു.” സർ ദേ ഇവിടുന്ന് ഒരു ഷർട്ടിന്റെ കീറിയ പീസ് കിട്ടിയിട്ടുണ്ട്. മേ ബീ ഇത് കൊലപാതകിയുടേത് ആയിക്കൂടെ. പിടിവലിക്കിടയിൽ കീറി പോയതാകും ”
കിട്ടിയ തെളിവുമായി രാജേഷ് ഓടി അഭിലാഷിനരികിലെത്തി.” ഗുഡ്… കിട്ടിയ തെളിവുകൾ കയ്യിൽ തന്നെ സൂക്ഷിക്കു നമുക്ക് കുറച്ചു കൂടി നോക്കിയ ശേഷം തിരച്ചിൽ അവസാനിപ്പിക്കാം..”
വീണ്ടും അല്പസമയം കൂടി തിരച്ചിൽ തുടർന്നെങ്കിലും കാര്യമായി ഒന്നും തന്നെ കിട്ടിയില്ല അവസാനം നിരാശരായി അവർ തിരികെ ജീപ്പിന് അരികിലെത്തി അപ്പോഴേക്കും ആൾക്കൂട്ടമൊക്കെ പിരിഞ്ഞിരുന്നു.
പോലീസ് നിൽക്കുന്നത് കൊണ്ട് മാത്രം എന്താ ചെയ്യുന്നതെന്ന് കാണുവാൻ ഒന്ന് രണ്ട് പേര് വട്ടം കറങ്ങി നിന്നു.
” സാർ.. നിരാശയാണല്ലോ.. ഒരു ഷർട്ടിന്റെ കീറിയ പീസ് വച്ച് എന്ത് കണ്ടെത്താനാണ്. “..മോഹനന്റെ ശബ്ദത്തിൽ നിരാശ നിറയുമ്പോൾ രതീഷ് നൽകിയ ബില്ലുകളികൂടെ അഭിലാഷ് ഒന്ന് കണ്ണോടിച്ചു.
ഹോട്ടലുകളിൽ ന്ന് ഫുഡ് വാങ്ങിയതിന്റെയും ബീവറേജിൽ നിന്ന് ബോട്ടിൽ വാങ്ങിയതിന്റെയുമൊക്കെ ബില്ലുകളായിരുന്നു അവ. പലതും പല ഡേറ്റിൽ എന്നാൽ ചുമ്മാ ഓടിച്ചു നോക്കി നിന്ന അഭിലാഷിന്റെ കണ്ണുകൾ പെട്ടെന്ന് ഒരു ബില്ലിൽ ഉടക്കി. അല്പസമയം ആലോചിച്ച ശേഷം അവൻ മോഹനനു നേരെ തിരിഞ്ഞു.
” മോഹനേട്ടാ.. ഈ വൈഗയെ കാണാനില്ല എന്ന് പറഞ്ഞു എന്നാണ് അവളുടെ വീട്ടുകാർ സ്റ്റേഷനിൽ പരാതി നൽകിയത്. ”
ആ ചോദ്യം കേൾക്കെ ഒരു നിമിഷം ഒന്ന് ചിന്തിച്ചു മോഹനൻ. സർ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അതായത് ഫെബ്രുവരി പത്ത്.. എന്താണ് സർ.. ”
ആ മറുപടി കേൾക്കെ അഭിലാഷിന്റെ മിഴികൾ തിളങ്ങി.” പ്രതീക്ഷക്ക് വകയുണ്ട് മോഹനേട്ടാ… ”
ആവേശത്തോടെ കയ്യിൽ ഇരുന്നതിൽ നിന്നും ഒരു ബില്ല് മോഹനനു നേരെ വച്ചു നീട്ടി അവൻ.
” ഇത് നോക്കിയേ മോഹനേട്ടാ… ഫെബ്രുവരി പത്തിനു വൈകുന്നേരം ഏഴു മണിക്ക് സിറ്റിയിലെ നന്ദൂസ് റെസ്റ്റുറെന്റിൽ നിന്നും ഫുഡ് വാങ്ങിയ ബില്ല് ആണ് ഇത്.
അതായത് കുട്ടി മിസ്സ് ആയ ദിവസം രാത്രി ഇവിടെ ഉണ്ടായിരുന്നവർ തന്നെയാകണം ഈ ഫുഡ് വാങ്ങിയിട്ടുള്ളത്. അങ്ങിനെയെങ്കിൽ ഇപ്പോൾ ഒരു വഴി തെളിഞ്ഞില്ലേ നമുക്ക്.. ”
സംസാരിച്ചു നിർത്തുമ്പിൽ മോഹനന്റെയും രതീഷിന്റെയും രാജേഷിന്റെയും മിഴികൾ ഒരേ പോലെ തെളിയുന്നത് ശ്രദ്ധിച്ചു അഭിലാഷ്.
” സാറേ… വഴി തെളിഞ്ഞു. നന്ദൂസ് റെസ്റ്റുറന്റിൽ സിസിടീവി ക്യാമറ ഉണ്ട് ആ ഫുട്ടേജസ് എടുത്ത് ആളെ തൂക്കാം ഡേറ്റും ടൈമുമൊക്കെ ഈ ബില്ലിൽ തന്നെ ഉണ്ടല്ലോ.. . ”
രാജേഷിന്റെ വാക്കുകളിൽ പ്രതീക്ഷ നിഴലിച്ചു” യെസ്.. രാജേഷ്… നീയും രതീഷും എത്രയും വേഗം അവിടെ എത്തണം ക്യാമറ ചെക്ക് ചെയ്യണം… ആളെ കിട്ടിയാൽ അപ്പോ തന്നെ എന്നെ അറിയിക്കണം. ”
നിർദ്ദേശം നൽകി മോഹനന് നേരെ തിരിഞ്ഞു അഭിലാഷ്.” നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം പോസ്റ്റുമോർട്ട നടപടികൾ വേഗം തീർത്തു ബോഡി ബന്ധുക്കൾക്ക് വിട്ടു കൊടുക്കണം.. പിന്നെ ഡോക്ടറുടെ ഒപ്പീനിയൻ നേരിട്ട് ചോദിച്ചറിയാലോ.. ”
നിമിഷങ്ങൾക്കകം രണ്ട് ജീപ്പുകളും അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പാഞ്ഞു.
മീഡിയകളിലൂടെയും മറ്റും കൊലപാതക വാർത്ത നാട്ടിൽ പരന്നു അതോടെ പോസ്റ്റുമോർട്ട നടപടികൾ വേഗത്തിൽ തീർക്കാൻ നിർദ്ദേശം കിട്ടിയിരുന്നു. പോസ്റ്റുമോർട്ടം കഴിഞ്ഞിറങ്ങുന്ന ഡോക്ടറെ കാത്ത് അഭിലാഷും മോഹനനും വാതുക്കൽ തന്നെയുണ്ടായിരുന്നു
” ഡോക്ടർ എന്താണ് ഫൈൻഡിങ്‌സ്.. “അഭിലാഷിന്റെ ചോദ്യത്തിൽ കാര്യങ്ങൾ വേഗത്തിൽ അറിയാനുള്ള ഒരു വെപ്രാളം തങ്ങി നിന്നിരുന്നു
” ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിട്ടുള്ളത് എന്തോ ഒരു തുണി,ചിലപ്പോ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ ആകാം അത് കൊണ്ട് കഴുത്തിൽ ഇറുക്കിയാണ് കൊല നടത്തിയിട്ടുള്ളത്.. പിന്നെ.. ഗാങ് റേപ്പ്… ഇത്രയുമാണ്. ബോഡിക്ക് ഒരാഴ്ച പഴക്കം ഉണ്ട്.”
ഡോക്ടറുടെ വാക്കുകൾ സസൂക്ഷ്മം കേട്ടു നിന്നു അഭിലാഷ്. അപ്പോഴേക്കും കൂടെ നിന്നിരുന്ന മോഹനന്റെ ഫോൺ ശബ്ദിച്ചു.
സ്‌ക്രീനിൽ രാജേഷിന്റെ നമ്പർ കണ്ട് പ്രതീക്ഷയോടെ അയാൾ കോൾ അറ്റന്റ് ചെയ്ത് ഫോൺ ചെവിയിലേക്ക് വച്ചു. ഡോക്ടറോട് സംസാരിച്ചു തിരിഞ്ഞ അഭിലാഷ് കണ്ടത് മോഹനന്റെ മുഖത്തെ തെളിച്ചം ആണ്.
” എന്താണ് മോഹനേട്ടാ ആരാ വിളിച്ചേ. “അഭിലാഷിന്റെ ചോദ്യം കേട്ട് ഫോൺ പതിയെ അവന്റെ കയ്യിലേക്ക് കൊടുത്തു അയാൾ.” സർ. രാജേഷ് ആണ്…. ”
അത്രയും കേട്ടപ്പോൾ തന്നെ അഭിലാഷിന്റെ മുഖത്തെ പേശികൾ മുറുകി . പിന്നെ രാജേഷ് പറഞ്ഞ വാക്കുകൾ അവനിലും ഒരു തരിപ്പ് ഉളവാക്കി.
” രാജേഷ്.. കാമോൻ.. അവനെ എത്രയും പെട്ടെന്ന് തൂക്കണം.. പിന്നെ റെസ്റ്റുറന്റിൽ കണ്ട ആ വണ്ടി ഈ ഫാക്ടറിയിലേക്ക് വരുന്ന റോഡിൽ എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടോ എന്നുള്ളത് കൂടി നോക്കണം.
എനിക്ക് തോന്നുന്നു അവിടങ്ങളിൽ സിസിടീവി ഉള്ളത് ആ അടുത്തുള്ള ക്ഷേത്രത്തിൽ ആണ്.അവിടുത്തെ ക്യാമറ സേർച്ച് ചെയ്യണം ആ റോഡ് വഴി ഈ വണ്ടി കടന്നു പോയിട്ടുണ്ടോ എന്ന്. ”
ഫോൺ കട്ട് ചെയ്ത് തിരിയുമ്പോൾ മോർച്ചറിയിൽ നിന്നും പുറത്തേക്ക് കൊണ്ട് വന്ന വൈഗയുടെ ബോഡിയാണ് അവൻ ആദ്യം കണ്ടത്. ഒരു നിമിഷം ആ ഉള്ളൊന്ന് നീറി. അലമുറിയിട്ടു കരയുന്ന വൈഗയുടെ ബന്ധുക്കളെയും പുഞ്ചിരി മാഞ്ഞ അവളുടെ മുഖത്തേക്കും മാറി മാറി നോക്കി അഭിലാഷ്.’മരണം അത് ഒരു വല്ലാത്ത നോവ് തന്നെ.. … ‘
മനസ്സിൽ. ഓർത്തു പോയി അഭിലാഷ്.’ നിനക്ക് നീതി ലഭിക്കും മോളെ.. നീ എരിഞ്ഞടങ്ങും മുന്നേ നിന്റെ ജീവനെടുത്തവർ കുടുങ്ങും.. കുടുക്കും ഞാൻ ‘
ഉള്ളിൽ ഉറപ്പിച്ചു കോടൻ അവൻ മോഹനന് നേരെ തിരിഞ്ഞു” മോഹനേട്ടാ.. അവനെ പൊക്കണം ഞാനിപ്പോൾ എസ്പി ഓഫീസിലേക്ക് ആണ് പോകുന്നത് അവിടെയെത്തുമ്പോൾ അവന്റെ കുറ്റസമ്മതം കേൾക്കണം ഒപ്പം ആരൊക്കെ ഉണ്ടെന്നും.”
” ഉറപ്പായും സാർ.. ഞാൻ ദേ പുറപ്പെടുവാ.. “നിമിഷങ്ങൾക്കകം മോഹനൻ പുറത്തേക്ക് പോയി പിന്നാലെ അഭിലാഷും.
” ഇപ്പോൾ കിട്ടിയ വാർത്ത കേരളാ പോലീന്റെ നെറുകയിൽ പൊൻതൂവലായി വൈഗ മർഡർ കേസ്.
കുട്ടിയുടെ ബോഡി എരിഞ്ഞടങ്ങുന്നതിനു മുന്നേ തന്നെ പ്രതികളെ പിടികൂടി സി ഐ അഭിലാഷും സംഘവും. ബോഡി ആദ്യമായി കണ്ടെന്നു പറഞ്ഞു ബഹളം വച്ച് ആളെ കൂട്ടിയ സുരേഷ് തന്നെയാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ ആദ്യം പോലീസ് പിടിയിലായത്.
അയാളുടെ കൂട്ടുപ്രതികൾ അഫ്സൽ, നെൽസൻ, ആദർശ്, അനന്ദു, ജെയ്‌സൺ എന്നിവരെ അല്പം മുൻപ് ഇടുക്കിയിൽ ഒരു ഹോട്ടലിൽ വച്ച് ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു.”
ചാനലുകൾ ആ വാർത്ത ആഘോഷമാക്കി.പൊതുജനം സി ഐ അഭിലാഷിനെയും സംഘത്തെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടി
” സാർ.. ഇത്രയും നാളത്തെ സർവീസ് എക്സ്പീരിയൻസ് വച്ച് തന്നെ ആ നടന്നത് കരുതി കൂട്ടിയുള്ള ഒരു കൊലപാതകം അല്ലെന്നുള്ളത് മനസിലായിരുന്നു.
പെട്ടെന്നുള്ള വെപ്രാളത്തിൽ തെളിവുകൾ നശിപ്പിച്ചു പ്രതികൾ മുങ്ങുകയായിരുന്നു. കുട്ടിയുടെ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ചാണ് കൊല നടത്തിയിട്ടുള്ളത്. ആ ഷാൾ ബോഡി കിടന്ന അതേ കിണത്തിൽ നിന്നും തന്നെ കണ്ടെത്തു.
അത്രയും പറഞ്ഞു ഒന്ന് നിർത്തുമ്പോൾ . ഡി വൈ എസ് പി അൻവർ. എസ് പി. കമ്മീഷണർ എന്നിവർ അവന് മുന്നിൽ കേൾവിക്കാരായി ഉണ്ടായിരുന്നു. പതിയെ വീണ്ടും തുടർന്നു അഭിലാഷ്.
” സർ വർഷങ്ങളായി അടഞ്ഞു കിടന്നിരുന്ന ഈ ഫാക്ടറിയിൽ സ്ഥിരമായി ഈ സംഘം ഒത്തു കൂടുമായിരുന്നു. സംഘത്തിലെ ജൈസന്റെ ബന്ധുവിന്റെയാണ് ഈ ഫാക്ടറി.
ഫാക്ടറിയിലെ പഴയ ജീവനക്കാരൻ എന്ന നിലയിൽ ജൈസനുമായി പരിചയം ഉള്ള സുരേഷ് ആണ് ഇവിടെ അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നത്. ഭാര്യയുമായി മനഃപൂർവം വഴക്കുണ്ടാക്കി വീട്ടിൽ ന്ന് ഇറങ്ങി ഇയാൾ നേരെ ഈ സംഘത്തിനരുകിൽ എത്തും.
അവർക്ക് വേണ്ട കള്ള് കഞ്ചാവ് എന്നിവ സംഘടിപ്പിച്ചു കൊടുക്കുന്നതും ഈ സുരേഷ് ആണ്. ലഹരികടിമപ്പെട്ട് വണ്ടിയോടിച്ചു വരുമ്പോഴാണ് ആളൊഴിഞ്ഞ വഴിയിൽ വച്ച് അഫ്സലിന്റെ സഹപാഠിയായ വൈഗയെ കണ്ടുമുട്ടുന്നത്.
ഉള്ളിലെ കഞ്ചാവോ കള്ളോ ആകണം ആ കുട്ടിയെ ബലമായി വണ്ടിയിൽ കയറ്റുവാൻ അവരെ പ്രേരിപ്പിച്ചത്. പിന്നെ സംഭവിച്ചത് ഊഹിക്കാമല്ലോ. വൈഗയുടെ എതിർപ്പുകളോട് എപ്പോഴോ തോന്നിയ ദേഷ്യം ആണ് അവളുടെ കൊലപാതകം നടത്താൻ അവരെ പ്രേരിപ്പിച്ചത്.
എന്നാൽ അവൾ മരിച്ച ശേഷം ആണ്. ചെയ്ത തെറ്റിന്റെ വ്യാപ്തി അവർ മനസ്സിലാക്കിയത്. പിന്നെ വേഗത്തിൽ ബോഡി മറവ് ചെയ്ത് അവിടെ നിന്നും രക്ഷപ്പെട്ടു. ”
അഭിലാഷ് പറഞ്ഞു നിർത്തുമ്പോൾ ഏവരുടെയും മുഖത്തു ഒരു വലിയ തലവേദന ഒഴിഞ്ഞ ആശ്വാസമായിരുന്നു.
” അഭിലാഷ്… എങ്ങിനെയാണ് നിങ്ങൾ ഈ പ്രതികളിലേക്ക് എത്തിയത്. കൊലപാതകത്തിന് കൂട്ട് നിന്ന സുരേഷ് എന്തിനാണ് ബോഡി കണ്ടതായി പറഞ്ഞു ബഹളം വച്ച് എല്ലാവരെയും അറിയിച്ചത്. ”
കമ്മീഷ്ണറുടെ ചോദ്യം കേട്ട് അതിനും വിശദീകരണം നൽകി അഭിലാഷ്.” സർ.. അതൊരു ഗ്രാമ പ്രദേശം ആണ് വെറും സാധാരണക്കാർ ആണ് അവിടുത്തെ സ്ഥലവാസികൾ.
അതിൽ പെട്ടതാണ് ഈ സുരേഷും. മരണം സംഭവിച്ചു എന്നറിഞ്ഞതോടെ കുറ്റബോധത്താൽ അയാൾ ആകെ സമനില തെറ്റിയ അവസ്ഥയിൽ ആയിരുന്നു. ബാക്കി ടീം നേരെ ഇടുക്കിയിലേക്ക് രക്ഷപ്പെട്ടു.
ആ ബോഡി കിണറ്റിൽ കിടക്കുന്ന ഓരോ നിമിഷവും സുരേഷിന്റെ ഉറക്കം നഷ്ടമായി. ഈ ആത്മാവ്.. മോഷം.. പ്രേതം ഇങ്ങനുള്ള കുറച്ചു കാര്യങ്ങളിൽ ഒക്കെ പുള്ളിക്ക് നല്ല വിശ്വാസം ഉണ്ട്.
ഒടുവിൽ സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആണ് ആ വിവരം പുറം ലോകം അറിയട്ടെ എന്ന് അയാൾ തീരുമാനിച്ചത്. ഇത്രയും ദിവസം ആയതിനാൽ ഒരിക്കലും തങ്ങൾ പിടിക്കപ്പെടില്ല എന്ന് തന്നെ ഉറപ്പിച്ചിരുന്നു അയാൾ. ”
“അതിപ്പോ അയാൾക്ക് തന്നെ വിനയായി അല്ലെ.”ഡിവൈഎസ്പി അൻവറിന്റെ വാക്കുകൾക്ക് പുഞ്ചിരി മറുപടിയായി നൽകി അഭിലാഷ്.
” സാർ സംഭവ സ്ഥലത്ത് ന്ന് പ്രത്യേകിച്ച് തെളിവുകൾ ഒന്നും തന്നെ ഞങ്ങൾക്ക് കിട്ടിയില്ല. ആകെ കിട്ടിയത് കുറച്ചു റെസ്റ്റുറെന്റ് ബില്ല്സും ഒരു ഷർട്ടിന്റെ കീറിയ പീസും ആണ്.
ആ ഷർട്ട് പീസ് ഈ സുരേഷിന്റെയാണ് എന്നത് ബോധ്യപ്പെട്ടിട്ടുണ്ട്.ആ ബില്ലുകൾ പരതിയപ്പോൾ അതിൽ ഒരെണ്ണം കുട്ടിയെ കാണാതായ ദിവസം വാങ്ങിയ ഫുഡിന്റെ ആയിരുന്നു.
ഡേറ്റും ടൈമും ഉൾപ്പെടെ ഉള്ള ബില്ല് ആയതിനാൽ നേരെ അവിടെത്തി ആ ഫുഡ് വാങ്ങിയത് ആരാണെന്നു സിസിടീവിയിൽ ചെക്ക് ചെയ്തപ്പോ ആണ് ഈ സുരേഷ് കുടുങ്ങിയത്. അയാൾ ആണ് അന്ന് ആ റെസ്റ്റുറന്റിൽ ഇറങ്ങി ഫുഡ് വാങ്ങിയത് ഒപ്പം അവരുടെ ഒരു ബ്ലാക്ക് സ്കോർപിയോയും പതിഞ്ഞിരുന്നു.
അതെ വണ്ടി തന്നെ ഈ ഫാക്ടറിക്ക് സമീപമുള്ള ക്ഷേത്രത്തിലെ ക്യാമറയിലും പതിഞ്ഞു അതോടെ ആ വണ്ടി അന്ന് ഈ സ്ഥലത്തേക്ക് വന്നതായി ഉറപ്പായി പിന്നെ സുരേഷിനെ തൂക്കി രണ്ട് പൊട്ടിച്ചപ്പോ തന്നെ ഉള്ള കാര്യം അങ്ങ് തുറന്ന് പറഞ്ഞു. “അത്രയും കേട്ടപ്പോൾ തന്നെ എല്ലാവരും ഹാപ്പി ആയിരുന്നു
” ഗുഡ് ജോബ് അഭിലാഷ്. താൻ എഫീഷ്യന്റ് ആണെന്ന് ഉറപ്പ് ഉള്ളോണ്ട് തന്നെയാണ് ഈ അന്യോഷണം തന്നെ എല്പിച്ചാൽ മതിയെന്ന് ഞങ്ങൾ മുകളിലേക്ക് റിക്വസ്റ്റ് ചെയ്തത്. താൻ ഞങ്ങളുടെയും മാനം കാത്തു . ഇത്രയും ഫാസ്റ്റ് ആയി ഒരു ഇൻവെസ്റ്റിഗേഷൻ കംപ്ലീറ്റ് ആകുന്നത് ഇതാദ്യം. അതും ഒരു മർഡർ കേസിന്റെ.. ”
കമ്മീഷ്ണറുടെ അതേ അഭിപ്രായം തന്നെയായിരുന്നു മറ്റുള്ളവർക്കും.” സർ ഈ കോംപ്ലിമെന്റിനു ഒരുപാട് നന്ദി. സത്യത്തിൽ ഞാൻ മാത്രമല്ല എന്റെ ടീമും ഈ അഭിനന്ദനങ്ങൾക്ക് അർഹർ ആണ്… ഈ അവസരത്തിൽ അവരെ മറക്കരുത്.. ”
ആദ്യം മുതൽ അവസാനം വരെ ഒപ്പം നിന്ന സഹപ്രവർത്തകരെ മറന്നില്ല അഭിലാഷ്.” ഉറപ്പായും അഭിലാഷ് തന്നെയും അവരെയും പ്രത്യേകം അഭിനന്ദിക്കുന്നുണ്ട്… അതും ആഭ്യന്തര മന്ത്രി നേരിട്ട് തന്നെ..!”.
എസ്പിയുടെ വാക്കുകൾ അഭിലാഷിന്റെ മിഴികൾ വിടർത്തി” സത്യമാണോ സർ.. “അവിശ്വസനീയമായുള്ള അവന്റെ ചോദ്യം കേട്ട് ഒരുപോലെ പുഞ്ചിരിച്ചു മേലുദ്യോഗസ്ഥർ.
ഡേറ്റ് അറിയിക്കാമെടോ അപ്പോ വിശ്വസിച്ചാൽ മതി. എന്തായാലും അധികം വൈകില്ല..
അൻവറിന്റെ മറുപടി കേട്ട് സന്തോഷത്തോടെ എല്ലാവർക്കും സല്യൂട്ട് നൽകി പതിയെ പുറത്തേക്ക് പോയി അഭിലാഷ്. അഭിനന്ദനങ്ങൾ അനേകം വന്നു മൂടുന്നുണ്ടെങ്കിലും അവന്റെ ഉള്ളിന്റെ ഉള്ളിൽ അപ്പോഴും വൈഗ ഒരു നോവ് ആയി നിലനിന്നു.’പാവം കുട്ടി… ‘