പെൺവീട്ടുകാരെ അലിയിക്കാൻ ഉള്ള ഏക വഴി ആണല്ലോ അത്.നിന്റെ വീട്ടുകാർ ഇതിലെങ്കിലും അലിയോടി “” യദു ചോദിച്ചു.

(രചന: പുഷ്യാ. V. S)

അത്യാവശ്യം വേഗതയിൽ പൊയ്ക്കൊണ്ട് ഇരുന്ന ബൈക്കിലേക്ക് തികച്ചും അപ്രതീക്ഷിതമായി ആണ് ആ വാൻ വന്നു ഇടിച്ചത്.

ആ പാലത്തിൽ നിന്ന് ബൈക്ക് ഓടിച്ചയാൾ തെറിച്ചു വീണത് ആറ്റിലേക്ക് ആയിരുന്നു. പിന്നിൽ ഇരുന്ന യുവാവ് റോഡിന്റെ നടുവിലേക്കും വീണു. അതേ നിമിഷം തന്നെ മറ്റൊരു വണ്ടി അയാളുടെ ശരീരത്തിൽ കൂടെ കയറി ഇറങ്ങി.

നടുങ്ങിക്കൊണ്ട് ആണ് ജിഷ്ണു സ്വപ്നത്തിൽ നിന്ന് എഴുന്നേറ്റത്. അവൻ അടുത്ത് കിടന്ന ഭാര്യയെയും രണ്ട് വയസുള്ള മകളെയും നോക്കി. ഇരുവരും സുഖമായി ഉറങ്ങുന്നു.

അവൻ കുറച്ചു കാലം മുന്നോട്ട് പോയി. ഒരു ഏഴ് വർഷങ്ങൾ പിന്നിലോട്ട്.സ്കൂളിലും കോളേജിലും ജിഷ്ണുവിന്റെ ഒപ്പം ഉണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്തായിരുന്നു യദുനന്ദൻ. എന്തിനും ഏതിനും ഒരുമിച്ചു തന്നെ. ഇരു മെയ്യും ഒരു മനവും എന്നൊക്കെ പറയില്ലേ. അക്ഷരർത്ഥത്തിൽ അവർ അങ്ങനെ തന്നെ ആയിരുന്നു.

പഠിച്ചിറങ്ങി ആദ്യം ഒരു തൊഴിൽ നേടിയത് യദു ആയിരുന്നു. അവന് ജോലി അത്രയേറെ അത്യാവശ്യം ആയിരുന്നു. എന്തെന്നാൽ കോളേജിൽ ഒപ്പം പഠിച്ച സമപ്രായക്കാരിയെ തന്നെ ജീവിതം സഖി ആയി കൊണ്ട് വരാൻ ആഗ്രഹിക്കുന്ന ഏതൊരു യുവാവും ഒട്ടും വൈകാതെ ജോലി നേടേണ്ടിയിരിക്കണമല്ലോ.

ഇവിടെയും അത് തന്നെ ആയിരുന്നു അവസ്ഥ. കോളേജ് കഴിഞ്ഞതും വൃന്ദയുടെ വീട്ടിൽ വിവാഹലോചനകൾ തുടങ്ങി. ഭാഗ്യം കൊണ്ട് തന്നെ അപ്പോഴേക്കും യദുവിന് അപ്പോഴേക്കും ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ കയറിക്കൂടാൻ കഴിഞ്ഞു.

പക്ഷേ അവളുടെ വീട്ടിൽ ചെന്ന് ആലോചിക്കുന്നത് വെറുതെ ആണ്. ഒരു തരത്തിലും അംഗീകരിക്കപ്പെടാൻ സാധ്യത ഇല്ലാത്ത ബന്ധം ആണെന്ന് അവർക്ക് അറിയാമായിരുന്നു.

ഒടുവിൽ ഏതൊരു പ്രണയത്തിന്റെയും ഈയൊരു ഘട്ടത്തിൽ വന്നു ചേരുന്ന പോംവഴി തന്നെ അവരും സ്വീകരിച്ചു. ഒളിച്ചോടി രജിസ്റ്റർ മാര്യേജ് ചെയ്യുക. ജിഷ്ണു തന്നെ ആണ് അതിന് സഹായവുമായി മുന്നിൽ നിന്നതും.

വൃന്ദ ജിഷ്ണുവിന്റെ അടുത്ത സുഹൃത്ത് എന്നതിൽ ഉപരി അവന് ഒരു അനുജത്തിയുടെ സ്ഥാനത്തു ആയിരുന്നു അവൾ.

അത്രയേറെ സ്നേഹം ആയിരുന്നു അവന് അവളോട്. യദു ചെറുപ്പം മുതലേ അവന്റെയൊരു കൂടപ്പിറപ്പായി മാറിയവൻ ആയതുകൊണ്ട് അവൻ സ്നേഹിക്കുന്ന പെൺകുട്ടി എന്ന് അറിഞ്ഞപ്പോൾ മുതൽ അവൾക്കും ജിഷ്ണുവിന്റെ മനസ്സിൽ ഒരു കൂടപ്പിറപ്പിന്റെ സ്ഥാനം നൽകിയിരുന്നു.

എല്ലാവരുടെയും എതിർപ്പോടെ നടന്ന ആ വിവാഹത്തിൽ മനസുകൊണ്ട് സന്തോഷിച്ചതും ഒരുപക്ഷെ ജിഷ്ണു മാത്രം ആയിരിക്കും

മാസങ്ങൾ കഴിഞ്ഞു. ജിഷ്ണുവും ജോലിക്ക് കയറി. യദുവിന്റെ വീട്ടിലെ പരിഭവങ്ങൾ പോകെ പോകെ കുറഞ്ഞു വരുന്നുണ്ട്. വൃന്ദയുടെ വീട്ടുകാർ വാശിയിൽ തന്നെയാണ്. മകളെ മറന്ന കണക്കിന് ആണ് പെരുമാറ്റം.

ഉടനെയൊന്നും അവരുടെ സഹകരണം അവർ പ്രതീക്ഷിക്കുന്നില്ല. വൃന്ദയും യദുവും ആ നാട്ടിൽ നിന്ന് കുറച്ചു മാറി ഒരു കുഞ്ഞ് വാടക വീട്ടിൽ ആയിരുന്നു താമസം.

അങ്ങനെയിരിക്കെ ജിഷ്ണു സ്വന്തമായി ഒരു ബൈക്ക് എടുത്തു. അത് വരെ യദുവിന്റെ വണ്ടി ആയിരുന്നു രണ്ടാളും ഉപയോഗിച്ചിരുന്നത് .

ഇടയ്ക്ക് ജിഷ്ണു അച്ഛന്റെ സ്കൂട്ടറും അത്യാവശ്യത്തിനു എടുക്കാറുണ്ട്. എന്നിരുന്നാലും ജോലി കിട്ടിയപ്പോൾ ഉള്ള അവന്റെ ആദ്യ സ്വപ്‌നം തന്നെ സ്വന്തമായി ഒരു ബൈക്ക് ആയിരുന്നു.

കോളേജ് കാലം മുതൽ അവൻ ആഗ്രഹിച്ചിരുന്നതാണ്. വീട്ടിലെ ദാരിദ്ര്യം നല്ലോണം അറിഞ്ഞു വളർന്ന കാലഘട്ടം ആയിരുന്നതുകൊണ്ട് അന്ന് അത് ആഗ്രഹം ആയിത്തന്നെ ഉള്ളിലൊതുക്കി. ഇന്നാണ് അവൻ ആ സ്വപ്നം നേടിയെടുത്തത്.

ബൈക്ക് കിട്ടി ജിഷ്ണു ആദ്യം പോയത് യദുവിന്റെ അരികിലേക്ക് ആണ്. അവിടെ എത്തിയപ്പോൾ നല്ല വാർത്തകൾ കേട്ട് വീണ്ടും സന്തോഷം ഇരട്ടി ആയി. എന്തെന്നാൽ യദുവിന്റെ വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു. അച്ഛന്റെ വാശി ഒക്കെ ഒന്ന് തണുത്ത മട്ടാണ്.

അതുകൊണ്ട് രണ്ടാളും വാടക വീട്ടിലെ താമസം ഒക്കെ മതിയാക്കി ഉടനെ തന്നെ സ്വന്തം വീട്ടിലേക്ക് ചെല്ലാൻ. അതിന്റെ സന്തോഷം രണ്ടാളുടെയും മുഖത്ത് തെളിഞ്ഞിരുന്നു. എങ്കിലും വൃന്ദയുടെ മുഖത്ത് ഒരു വാട്ടം കണ്ട് ജിഷ്ണു കാര്യം തിരക്കി.

“” അത്.. അമ്മയ്ക്കും അച്ഛനും എന്നെ… “” അവൾ തെല്ല് സംശയത്തോടെ പറഞ്ഞു നിർത്തി.

“” ഇവളെ പെട്ടന്ന് അംഗീകരിക്കോ എന്നാ പേടി . മകൻ മാറി നിൽക്കുന്ന വിഷമം കൊണ്ട് തിരികെ വിളിച്ചെങ്കിലും പെട്ടന്ന് ഇവളെ മരുമകൾ ആയി ഉൾക്കൊള്ളാൻ പറ്റുമോ എന്ന് ഒരു പേടി ഉണ്ട്. ഫോൺ ചെയ്തപ്പോഴും ഇവളെപ്പറ്റി ഒന്നും അറിയാൻ താല്പര്യം കാണിച്ചില്ല. അതാ ഒരു ടെൻഷൻ ” യദു പറഞ്ഞു.

“” അത് വഴിയേ ശെരിയാകും. നീ പറഞ്ഞ പോലെ ആദ്യം ഇത്തിരി അടുപ്പക്കുറവ് കാണും. എന്നിരുന്നാലും നിന്റെ വീട്ടുകാർ അത്ര പ്രശ്നക്കാർ ഒന്നും അല്ല.

അമ്മ ഒക്കെ ഒരു പഞ്ച പാവമാ. ഒരു നാലഞ്ചു ദിവസം കൊണ്ട് കുപ്പിയിൽ ഇറക്കാവുന്നതേ ഉള്ളു. പിന്നെ ആൾക്കാരെ സോപ്പ് ഇടാനുള്ള കഴിവ് ഇവൾക്ക് പണ്ടേ ഉണ്ടല്ലോ “” ജിഷ്ണു വൃന്ദയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

“” പിന്നെ വീട്ടിലെ കാര്യങ്ങൾ പറയുന്നതിനിടെ വേറൊരു സന്തോഷവാർത്ത വിട്ടു പോയി. അതാണ് ഏറ്റവും മെയിൻ. എന്റെ കൊച്ച് ഒരു അമ്മ ആവാൻ പോകുവാണ് കേട്ടോ “” യദു വൃന്ദയെ ചേർത്തു പിടിച്ചു പറഞ്ഞു.

“” ഏഹ്ഹ്…. എന്താ. ഇതാണോ നീ പറയാൻ വിട്ടു പോയെന്ന് പറഞ്ഞത്. നിന്റെയൊരു കാര്യം. ഇതല്ലായിരുന്നോ ആദ്യം പറയേണ്ടത്. അപ്പൊ ഇനി ഉടനെ ഒരു കുഞ്ഞുവാവ കൂടെ വന്നു ഈ കുടുംബം ഒന്നൂടെ ഒന്ന് സ്ട്രോങ്ങ്‌ ആവാൻ പോകുവാണ്.

നീ കണ്ടോ മോനേ ഇവളുടെ ഹിറ്റ്ലർ തന്ത ഇതിൽ അലിയും. എല്ലാം ശെരിയാകാൻ പോകുവാ. അതിന്റെ സൂചനയാ നിന്റെ അമ്മ ഇന്ന് വിളിച്ചത് “” ജിഷ്ണു പറഞ്ഞു.അവന്റെ വാക്കുകളിൽ ഒത്തിരി സന്തോഷം നിറഞ്ഞിരുന്നു

“” ആഹ് അല്ലേലും വീട്ടുകാരെ വെറുപ്പിച്ചു കല്യാണം കഴിക്കുന്ന മിക്കവരെയും അടുത്ത പ്രതീക്ഷ കുഞ്ഞിക്കാൽ ആണല്ലോ.പെൺവീട്ടുകാരെ അലിയിക്കാൻ ഉള്ള ഏക വഴി ആണല്ലോ അത്.നിന്റെ വീട്ടുകാർ ഇതിലെങ്കിലും അലിയോടി “” യദു ചോദിച്ചു.

അതിന് വൃന്ദയുടെ മുഖം ഒന്ന് മങ്ങുകയാണ് ചെയ്തത്.വീട്ടുകാർ അകൽച്ച കാണിക്കുന്നതിലുള്ള വിഷമം അവൾക്ക് നന്നേ ഉണ്ടായിരുന്നു.

“” ഏയ്‌ അതൊക്കെ ശെരിയാകും.വൃന്ദയുടെ അച്ഛനും പുറമെ കാണിക്കുന്ന ബലം പിടുത്തം മാത്രമേ ഉള്ളു.ആള് പാവം ആണ്.അമ്മ ആണേൽ അച്ഛൻ ഒന്ന് അയഞ്ഞാൽ ആ നിമിഷം ഇവിടെ ഓടി എത്തും.നിങ്ങൾ നോക്കിക്കോ “” ജിഷ്ണു അത് പറഞ്ഞു ഇരുവരെയും സമാധാനിപ്പിച്ചു.

“” അല്ല ഈ വിശേഷം നീ നിന്റെ അമ്മ വിളിച്ചപ്പോൾ പറഞ്ഞോ “” ജിഷ്ണു ചോദിച്ചു.

“”ഇല്ല. വീട്ടിൽ എത്തട്ടെ ആദ്യം. എന്നിട്ട് പറയാം എന്ന് കരുതി “” യദു മറുപടി പറഞ്ഞു.

“” അത് നന്നായി.പിന്നെ ഞാൻ വന്നതേ. എനിക്ക് ഒരിടത്തു പോകാൻ ഉണ്ട്. നിന്നെ കൂടെ കൂട്ടാം എന്ന് ഓർത്താ വന്നെ. പിന്നെ ബൈക്ക് മേടിച്ചിട്ട് ആദ്യത്തെ യാത്ര അല്ലെ. നീ ഇല്ലാണ്ട് ഞാൻ എങ്ങോട്ട് പോകാനാ. വൃന്ദയ്ക്ക് അറിയോ എന്നെ ഡ്രൈവിങ് പഠിപ്പിച്ചതെ ഇവനാ “” ജിഷ്ണു പറഞ്ഞു.

“” ആഹ് ഗുരുത്തം ഉണ്ടല്ലോ. പുതിയ വണ്ടി മേടിച്ചപ്പോൾ ആദ്യം എന്റടുത്തേക്ക് തന്നെ വന്നില്ലേ. നീ നന്നായി വരും “” യദു കളിയാക്കി പറഞ്ഞു.

“” കളിയാക്കാതെ വന്നു കയറേടാ. വൃന്ദേ ഞങ്ങൾ ഒന്ന് ചുറ്റിയിട്ട് വരാമേ “” അതും പറഞ്ഞു അവർ ഇറങ്ങി.

കണ്ണുതുറന്നു അൽപനേരം കഴിഞ്ഞാണ് ജിഷ്ണുവിന് താൻ ഹോസ്പിറ്റലിൽ ആണെന്ന് മനസിലായത്. ശരീരത്തിലെ വേദനകൾ തിരിച്ചറിയാൻ പോലും നിമിഷങ്ങൾ എടുത്തു. എന്താണ് ഉണ്ടായത് എന്ന് ഓർത്തെടുക്കാൻ അവൻ ശ്രമിച്ചു.

ബൈക്കിൽ ഇരുന്ന് രണ്ടാളും ഒത്തിരി സംസാരിച്ചത് ഓർമയിൽ വരുന്നുണ്ട്. യദുവിന് പറയാൻ ഉണ്ടായിരുന്നത് മുഴുവനും വൃന്ദയെയും കുഞ്ഞിനേയും പറ്റിയാണ്.

വീട്ടിലേക്ക് പോകാനിരിക്കുന്നതിന്റെ സന്തോഷവും ഉണ്ടായിരുന്നു അവന്റെ മനസ് നിറയെ. കൊച്ചു കുട്ടികളെ പോലെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്ന അവനിലെ സന്തോഷം എത്രത്തോളം ആണെന്ന് ജിഷ്ണുവിന് ഊഹിക്കാമായിരുന്നു.

ബൈക്ക് ഒരു പാലത്തിലൂടെ കയറിയതും തന്റെ ശ്രദ്ധ ഒന്ന് പാളിയത് ഓർമയിൽ വന്നതും ജിഷ്ണു ഞെട്ടിപ്പിടഞ്ഞു.

അവൻ ചുറ്റിലും യദുവിനെ ആണ് തേടിയത്. എഴുന്നേൽക്കാൻ ആവുന്നില്ല. വേദന സഹിച്ചു ചുറ്റിനും തല ചരിച്ചു നോക്കി. ഇല്ല അവൻ തന്റെ അടുത്ത് ഇല്ല.

ഒരു പക്ഷേ അവൻ പുറത്തു താൻ ഉണരുന്നതും നോക്കി ടെൻഷൻ അടിച്ചു ഇരിക്കുന്നുണ്ടാവും. അതോ ഇനി അവന് തന്നെക്കാൾ കൂടുതൽ മുറിവ് പറ്റിയിട്ട് വേറെ എവിടെയെങ്കിലും കിടക്കുകയാണോ. ജിഷ്ണുവിന്റെ നെഞ്ചം നിയന്ത്രണം വിട്ട് മിടിക്കുന്നുണ്ടായിരുന്നു. അതിനിടെ എപ്പോഴോ തെളിഞ്ഞ ഇത്തിരി ബോധം വീണ്ടും മറഞ്ഞു.

കുറച്ചു ദിവസങ്ങൾക്കു ശേഷം ICU വിൽ നിന്ന് അവനെ റൂമിലേക്ക് മാറ്റി. യദുവിന് ചെറിയ പരിക്കുകൾ ഉള്ളതുകൊണ്ട് വേറെ റൂമിൽ ആണ് എന്ന് ആയിരുന്നു ICU വിൽ ആയിരുന്ന സമയം അവനെ അറിയിച്ചിരുന്നത്.

റൂമിൽ എത്തിയപ്പോൾ ആണ് അവന്റെ വീട്ടുകാർ അവനോട് അത് തുറന്നു പറഞ്ഞത്. തന്റെ കൈപ്പിഴ കാരണം തന്റെ കൂട്ടുകാരൻ ഈ ലോകത്ത് നിന്ന് പോയിരിക്കുന്നു എന്ന്.

അത് അറിഞ്ഞപ്പോൾ ജിഷ്ണു നല്ല രീതിയിൽ വയലന്റ് ആയിട്ട് ആണ് പെരുമാറിയത്.സ്വന്തം ശിരസിൽ ശക്തമായി അടിച്ചു നിലവിളിച്ചാണ് അവൻ പ്രതികരിച്ചത്.

വളരെ പണിപ്പെട്ടാണ് ഏവരും അവനെ ശാന്തമാക്കിയത്. പക്ഷേ ആ ദുഃഖത്തിന്റെ കണ്ണീർ വറ്റുന്നതിനു മുൻപ് തന്നെ മറ്റൊരു വാർത്ത കൂടെ അവനെ തളർത്താൻ എത്തിയിരുന്നു. വൃന്ദയുടെ ആത്മഹത്യ

അതേ സ്വപ്നങ്ങൾ നെയ്തുകൂട്ടി ജീവിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു അവർ. അതിന് മുമ്പേ തന്നെ എല്ലാം അവസാനിച്ചിരിക്കുന്നു. അവന്റെ പെണ്ണും ഒപ്പം ലോകം കാണാൻ കൊതിച്ചു കാത്തിരുന്ന അവന്റെ കുഞ്ഞും യദുവിന്റെ പിന്നാലെ പോയിക്കഴിഞ്ഞു.

അതും കൂടെ അറിഞ്ഞ ശേഷം ജിഷ്ണു വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. ശരീരത്തിലെ പരിക്കുകൾ ഒന്നും അല്ലായിരുന്നു അവന്റെ മനസിന്റെ ക്ഷീണവസ്ഥയ്ക്ക് മുന്നിൽ. വളരെ വേഗം വിഷാദരോഗത്തിലേക്ക് എത്തിയ അവനെ ഒത്തിരി നാളത്തെ മരുന്നും ചികിത്സയും കൊണ്ട് ആണ് തിരികെ കൊണ്ട് വന്നത്.

ഇപ്പോൾ അവനും വിവാഹിതൻ ആണ്. ഒരു മകളുണ്ട്. സന്തുഷ്ട കുടുംബ ജീവിതത്തിലേക്ക് മെല്ലെ അവനും തിരികെ വന്നിരിക്കുന്നു. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന് പറയുന്നത് ഇവിടെയും സംഭവിച്ചു.

എന്നിരുന്നാലും ചില മുറിവുകൾ ഉറങ്ങിയാലും അതിന്റെ മുറിപ്പാടുകൾ ശേഷിക്കും. മനസിലേറ്റ മുറിവാണെങ്കിൽ തീർച്ചയായും. താൻ കാരണം ആണ് അന്ന് ആ ദുരന്തം സംഭവിച്ചതെന്ന ചിന്തയാവാം അതിന് കാരണം.

അതിനാൽ തന്നെ പല രാത്രികളിലും സ്വപ്നങ്ങളുടെ രൂപത്തിൽ ആ ബൈക്ക് ആക്സിഡന്റ്റും വൃന്ദയുടെ ആത്മഹത്യാ ചിത്രവും ഒരു കുഞ്ഞിന്റെ രോദനവും ഒക്കെ അവന്റെ ഉറക്കം നഷ്ടപ്പെടുത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *