സ്നേഹനൊമ്പരങ്ങൾ
രചന : ശാലിനി
ജനൽ കർട്ടൻ വകഞ്ഞു മാറ്റി അമ്മ കസേരയിലേക്ക് ഒന്നമർന്നിരുന്നു..
കണ്ണടയുടെ ചില്ല് നേര്യതിന്റെ തുമ്പു കൊണ്ട് ഒന്ന് തുടച്ചു..
ശോഭ മെല്ലെ ചുവരിലെ നാഴികമണിയിലേക്കൊന്നു കണ്ണോടിച്ചു.. സമയമായിരിക്കുന്നു..
ഉള്ളിൽ തികട്ടി വന്ന ചിരി അവൾ അടക്കിപ്പിടിച്ചു..
ഒരു പ്രൊഫെഷണൽ കോളേജിന്റെ സമീപത്തായിരുന്നു അവരുടെ വീട്.. വൈകുന്നേരങ്ങളിൽ ബസ് കാത്തുനിൽക്കാൻ എത്തുന്ന, ചാരക്കളർ ഷർട്ടും കറുത്ത പാന്റ്സും ഇട്ട ആൺകുട്ടികളും പെൺകുട്ടികളും കൂട്ടമായി നിൽക്കുന്നത് ആ സ്റ്റോപ്പിലായിരുന്നു..
ചിലർ എല്ലാവരിൽ നിന്നും മാറി അടുത്തുള്ള കടകളുടെ മറവിലേക്ക് തെന്നി മാറുന്നതും, ചില കുസൃതിത്തരങ്ങൾ ഒപ്പിക്കുന്നതും ജനൽ കമ്പികളിൽ പിടിച്ചു ആകാംഷയോടെ അമ്മ നോക്കിയിരിക്കും..
അമ്മയുടെയും ശോഭയുടെയും പരിചിത മുഖങ്ങളായി അവരിൽ ചിലരൊക്കെ മാറിക്കഴിഞ്ഞിരുന്നു..!
നേരം എത്ര വൈകിയാലും ചില ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വീട്ടിലെത്തണമെന്ന് ഒരു നിർബന്ധവും ഇല്ലെന്ന് തോന്നുമായിരുന്നു അവരുടെ ഭാവങ്ങളിലും പ്രകടനങ്ങളിലും.!
“ഈ പെങ്കുട്ടിയോളുമാരുടെ ഒരഹമ്മതിയേ..”ചില അരുതാത്ത കാഴ്ചകൾ കാണുമ്പോൾ അമ്മ ആരോടെന്നില്ലാതെ വല്ലാതെ രോഷം കൊള്ളും..
“ഇവറ്റോൾക്കു വീട്ടിൽ ചോദിക്കാനും പറയാനും ഒന്നും ആരൂല്ല്യേ..ഈ തോന്ന്യാസം കാണിക്കാനാണോ ഇതുങ്ങളെ വീട്ടുകാര് ഇല്ലാത്ത കാശുണ്ടാക്കി പഠിപ്പിക്കാൻ വിടുന്നത്..”
“അമ്മേ.. മക്കളെ പഠിക്കാൻ വിടുന്ന അച്ഛനും അമ്മയും ഇത് എന്തെങ്കിലും അറിയുന്നുണ്ടോ.. അവരുടെ വിചാരം
എന്റെ മക്കൾ അങ്ങനെ ഒന്നും പോകില്ല, അവരാണ് മറ്റു കുട്ടികളെക്കാൾ ഏറ്റവും ഡീസന്റ് എന്നൊക്കെയല്ലേ.. ”
“അതെയതെ..
എന്നാലും പറയാതിരിക്കാൻ വയ്യാ..
നീ ഇങ്ങോട്ടൊന്നു നോക്കിയേ..
ഒരു കാഴ്ച കാണിക്കാം.. ”
അമ്മ അവളെ കൈകാട്ടി വിളിച്ചു.
അമ്മയുടെ പിന്നിലായി ചേർന്ന് നിന്ന് പുറത്തേക്കു നോക്കിയതും വല്ലാത്ത നാണക്കേടാണ് തോന്നിയത്.
കറുത്ത് മെലിഞ്ഞ ഒരു ഞരന്ത് പയ്യനും അവനെക്കാൾ ചേലുള്ള ഒരു
പെൺകുട്ടിയും കടയുടെ പിന്നിലെ ഭിത്തിയിലോട്ട് ചേർന്ന് നിൽക്കുന്നു..
അവളുടെ കൈവിരലുകൾ എത്ര വേഗത്തിലാണ് അവന്റെ നെഞ്ചിലും തോളിലും മുഖത്തും സഞ്ചരിക്കുന്നത് !
ശേ! ഈ കുട്ടികൾക്ക് നാണവും മാനവും ഇല്ലേ.
ഒരു ന്യൂസ് പേപ്പർ എടുത്താലോ, ടീവി ഓണാക്കിയാലോ പീഡനം മാത്രമേയുള്ളൂ എവിടെയും കേൾക്കാനും കാണാനും..
എന്നിട്ടും സ്വന്തം മാനം നോക്കാതെ വില കെട്ട പ്രവർത്തികൾ ചെയ്യാൻ ഇവർക്ക്
ഇപ്പോഴും ഇത്രയും ധൈര്യമോ!!
വരുന്ന ബസുകളൊന്നും ആരും ശ്രദ്ധിക്കുന്ന മട്ടേയില്ല..
ആർക്കും വീട്ടിൽ എത്തണമെന്ന ഒരു നിർബന്ധവും ഇല്ലാത്ത പോലെയുണ്ട്.
കയ്യിലൊരു മൊബൈൽ ഫോൺ ഉള്ളപ്പോൾ കള്ളങ്ങൾ പറയാൻ പെടാപാട് പെടുകയും വേണ്ടല്ലോ ..
“ഇവിടെയും ഒരെണ്ണം വളർന്നു വരുന്നുണ്ട്.. ഇപ്പോഴേ ഒരു കണ്ണ് ഉള്ളത് നല്ലതാ കേട്ടോ..”
അമ്മ ഒരു മുന്നറിയിപ്പ് പോലെ മുരടനക്കി മുറിയിലേക്ക് നടന്നു..”അല്ല.. എത്ര കണ്ണിലെണ്ണ ഒഴിച്ച് നോക്കിയാലും പോകാനുള്ളത് പോകും.. എങ്കിലും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ..”
നെഞ്ചിലേക്ക് തീ കോരിയിടുന്ന പോലുള്ള അമ്മയുടെ വാക്കുകൾ കേട്ട് അവളുടെ മാതൃഹൃദയം ഒന്ന് പിടച്ചു.. പ്ലസ് ടു വിന് പഠിക്കുന്ന മകൾ ഇതുവരെ കുഴപ്പം ഒന്നും ഉണ്ടാക്കിയിട്ടില്ല.. പക്ഷേ അമ്മ പറഞ്ഞത് പോലെ കാലം വല്ലാത്തതാണ്.. നിരസിച്ചാൽ പെട്രോൾ ഒഴിച്ച് കത്തിക്കുന്ന പ്രണയമാണ് ഇന്നത്തെ യുവതലമുറയുടേത്..!
എത്ര അടുക്കിപ്പിടിച്ചാലും തട്ടിപ്പറിച്ചു കൊണ്ട് ഓടുന്ന കാട്ടാള കൂട്ടങ്ങൾ. സമാധാനം ഇല്ലാത്ത ജീവിതം ആയിരിക്കുന്നു ഇന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾക്ക്..
ഇന്നത്തെ കാലത്ത് ഒരു പെണ്ണിനെ കേടു പാടുകൾ കൂടാതെ വളർത്തിക്കൊണ്ട് വരാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ്.
എങ്കിലും ഒരു പെണ്ണില്ലാത്ത വീട് വീടെയല്ല..
ശോഭ പുറത്തേക്കൊന്നു പാളി നോക്കി.. രണ്ടു യുവ മിഥുനങ്ങളെ പോലെ അവർ രണ്ടുപേരും കൈകൾ കോർത്തു നിൽക്കുന്നു..
ഓരോന്നും കാണുമ്പോൾ പിന്നെയും മോളുടെ മുഖമാണ് ഉള്ളിൽ തെളിഞ്ഞു വരുന്നത്..
ആ പെൺകുട്ടികളെ ഒക്കെയും സ്വന്തം മകളുടെ സ്ഥാനത്തു സങ്കല്പിച്ചു പോകും..
പെണ്മക്കളുള്ള ഏതൊരമ്മയുടെയും സ്ഥിതി ഇങ്ങനെ ഒക്കെത്തന്നെ ആവും.
ശോഭ അസ്വസ്ഥതയോടെ ജനൽ പാളി വലിയൊരു ശബ്ദത്തോടെ വലിച്ചടച്ചു..അമ്മയുടെ വാക്കുകൾ നെഞ്ചിലിരുന്നു ഞെരുങ്ങുന്നു..
അമ്മ അല്ലെങ്കിലും പണ്ടേ അങ്ങനെ ആണ്. ആരുടെയും മുഖവും സാഹചര്യവും നോക്കാതെ സംസാരിച്ചു കളയും..
എന്തായാലും ഫോൺ എടുത്തു…
ഒന്നു വിളിച്ചു നോക്കാം..
സ്കൂൾ സമയങ്ങളിൽ മകൾ ഫോൺ ഓഫാക്കി വെയ്ക്കും..
ഒറ്റയ്ക്കുള്ള യാത്രയിൽ പെൺകുട്ടികൾക്ക് കയ്യിൽ ഒരു മൊബൈൽ ഫോൺ ആവശ്യമാണെന്ന് സേതുവേട്ടനും എപ്പോഴും പറയും..
അതുകൊണ്ട് മാത്രമാണ് ഫോൺ കൊടുത്തു വിടുന്നത്.
മോൾ വരുന്ന നേരം ആകുന്നതേയുള്ളൂ.. എങ്കിലും ഒരു പെടപെടപ്പ്!
“ഹലോ.. അമ്മ ഞാൻ എത്തിക്കൊണ്ടിരിക്കുവാ, ഇന്നെന്താ പതിവില്ലാതെ.. ”
“വെറുതെ വിളിച്ചതാ മോളേ..
പുറത്ത് ഒരു മഴക്കാറ് പോലെ.. കുടയെടുത്തിട്ടുണ്ടോ നീയ്..?”
മറുപടിക്കു കാത്തുനിൽക്കാതെ ശോഭ പെട്ടെന്ന് ഫോൺ കട്ടാക്കി..
ആശ്വാസം.. അവൾ സേഫ് ആണ്.
വെളിയിൽ അപ്പോഴേക്കും ആരവങ്ങൾ ഏതാണ്ട് നിലച്ചിരുന്നു..
എല്ലാവരും പോയിക്കാണും.
മകളോട് ഇത്തരം കാര്യങ്ങൾ സംസാരിച്ചാൽ അവൾ ഒരു നീണ്ട ക്ലാസ്സ് എടുത്തു വായടപ്പിക്കും.
“അമ്മേ.. ഇന്നത്തെ കാലത്ത് ഇതൊന്നും അത്ര വലിയ പാതകമൊന്നും അല്ല.
ഒന്നിച്ചു പഠിക്കുന്ന ആണും പെണ്ണും ഒന്ന് മിണ്ടിയാലോ, തൊട്ടാലോ ഒന്നും സംഭവിക്കാൻ പോകുന്നില്ല..
അവരെല്ലാവരും പ്രേമവും അല്ല.
നല്ല ഫ്രണ്ട്ലി ആകുന്നതിൽ എന്താ കുഴപ്പം. പെട്ടെന്ന് ഒരു ആവശ്യമോ, അപകടമോ സംഭവിച്ചാലും ആദ്യം ഓടിയെത്തുന്നതും അവരാണ്, അറിയാമോ..
നിങ്ങൾ രണ്ടു പേരും പഴയ തലമുറയെ സ്നേഹിക്കുന്നവരായത് കൊണ്ടാണ് ഇങ്ങനെ ഉള്ള കാഴ്ചകളൊക്കെ പിടിക്കാതെ വരുന്നത്..
അവളുടെ ഇളം പ്രായത്തിൽ ചിന്തിക്കുമ്പോൾ ഇതൊക്കെ വെറും
നിസ്സാരം മാത്രം.
പക്ഷെ, അമ്മയെ പോലുള്ളവർക്ക് അത്ര പെട്ടെന്ന് ഒന്നും ദഹിക്കില്ല. അതിന്റെ ദേഷ്യം മുഴുവൻ തീർക്കുന്നത് തന്റെ നേർക്കും. എന്ത് ചെയ്യാനാണ്..!
അമ്മ പോയി കിടന്നോ ആവോ??
അവൾ അടുക്കളയിലേക്കു നടന്നു.. മോൾക്കിഷ്ടമുള്ളത് എന്തെങ്കിലും ഉണ്ടാക്കി വെയ്ക്കാം..
ശർക്കരയും നാളികേരവും ചേർത്തു വാഴയിലയിൽ ചുട്ടെടുക്കുന്ന അട വലിയ ഇഷ്ടമാണ് അവൾക്ക്..
ഷുഗർ ഉണ്ടെങ്കിലും അമ്മയ്ക്കും അത് ഏറെ പ്രിയം തന്നെ!
ഇന്ന് എന്തോ സേതുവേട്ടന്റെ വിളിയും കണ്ടില്ല..
തിരക്കായിരിക്കും..
നീ പറയുന്നത് പോലെ ഞങ്ങൾ എപ്പോഴും ഫോണും കയ്യിൽ പിടിച്ച് ഇരിക്കുവാണോ? തന്റെ പരിഭവത്തിനുള്ള മറുപടി അത് ആണ്..
മിലിട്ടറിയിലുള്ള മറ്റുള്ളവർക്കും ഭാര്യയും കുടുംബവും ഒക്കെ ഉള്ളത് തന്നെ അല്ലേ,അല്ലാതെ സേതുവേട്ടൻ മാത്രമല്ലല്ലോ കല്യാണം കഴിച്ചയാൽ
എന്ന മറുചോദ്യം കേൾക്കുമ്പോൾ
എങ്കിൽ ഞാൻ ജോലി കളഞ്ഞിട്ടു നിന്റെ അടുക്കൽ വന്നിരിക്കാം എന്ന് കപട ഗൗരവത്തോടെ പറയുന്ന ആളിന്റെ മുഖം മനസ്സിലപ്പോൾ സങ്കൽപ്പിക്കും..
ഒരു പട്ടാളക്കാരന്റെ ആലോചന വന്നപ്പോൾ ലേശം പേടിയുണ്ടായിരുന്നു..
അനിയത്തി ആകട്ടെ തന്നെ ഒന്നുണർത്താൻ ചെറിയ പൊടിക്കൈകൾ ഒക്കെ പരീക്ഷിച്ചു കൊണ്ടിരുന്നു..
“ചേച്ചീ.. മനുഷ്യനായാൽ കുറച്ചൊക്കെ
രാജ്യ സ്നേഹം വേണം..
എനിക്കായിരുന്നു ഈ ആലോചന വന്നിരുന്നതെങ്കിൽ ഞാൻ അങ്ങോട്ട്
പോയി കെട്ടിയേനെ.. അറിയുമോ..”
കൂടുതൽ ഒന്നും പറയാൻ സമ്മതിക്കാതെ അമ്മ അവളെ വഴക്ക് പറഞ്ഞു ഓടിച്ചു..”മുല കുടി മാറാത്ത പെണ്ണാണ്..അവള് കല്യാണം കഴിക്കാൻ വന്നിരിക്കുന്നു..”
ചിരി അടക്കിപ്പിടിച്ചു..
കല്യാണം കഴിഞ്ഞ് സേതുവേട്ടൻ അവധിയും കഴിഞ്ഞു തിരിച്ചു പോയതോടെ വല്ലാത്ത ശൂന്യത ആയിരുന്നു..
ഭാര്യയെ കൂടെ കൊണ്ട് പോകാൻ പറ്റാത്ത പ്രയാസം ആളിന്റെ മുഖത്ത് നിന്ന് അമ്മ എങ്ങനെയോ വായിച്ചെടുത്തു..
“എടാ.. നീ എന്തിനാ എന്നെ നോക്കുന്നെ.. താലി കെട്ടിയ പെണ്ണ് ഭർത്താവിന്റെ കൂടെ ആണ് കഴിയേണ്ടത്.. അവളെ കൂടെ കൊണ്ട് പോകുന്നതിന് എനിക്ക് ഒരു വിരോധവും ഇല്ല. പോരെങ്കിൽ പുതുപ്പെണ്ണും.അവൾക്കും മോഹം കാണില്ലേ നിന്റെ ഒപ്പം ജീവിക്കണമെന്ന്..”
“പക്ഷേ,എനിക്ക് വിരോധം ഉണ്ട്.. “സേതുവേട്ടൻ വളരെ കടുപ്പത്തിൽ തന്നെയാണ് അത് പറഞ്ഞത്..അത് കേട്ട് ഞെട്ടിപ്പോയത് താനാണ്!
“പ്രായമായ അമ്മയെ ഒറ്റയ്ക്കാക്കി സുഖിക്കാൻ പോകുന്ന മക്കൾ ഉണ്ടാവും.. പക്ഷേ ഞാൻ അത്തരക്കാരനല്ല.അമ്മയെ ഇവിടെ ഒറ്റയ്ക്ക് വിട്ടിട്ട് ഞങ്ങളെങ്ങനെ അവിടെ സമാധാനത്തോടെ കഴിയും. തത്കാലം ഇങ്ങനെ ഒക്കെ പോകട്ടെ. എന്താടോ തനിക്ക് വല്ല വിരോധവും ഉണ്ടോ..?”
ചോദ്യം തന്നോടായിരുന്നു..
പക്ഷെ മുഖത്ത് ആവുന്നത്ര പ്രസന്നത വരുത്തി ഒന്നും മിണ്ടാതെ നിന്നു.. എല്ലാ പെൺകുട്ടികൾക്കും വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഭർത്താവ് എവിടെ ആയിരിക്കുന്നുവോ അവിടെ കഴിയാനായിരിക്കും ഇഷ്ടം.
പക്ഷെ, അദ്ദേഹം തന്റെ ഭർത്താവ് മാത്രമല്ലല്ലോ, ഒരു മകൻ കൂടിയാണ്.മകന്റെ വാക്കുകൾ കേട്ട് അമ്മയുടെ കണ്ണുകൾ നിറയുന്നത് നിറഞ്ഞ കണ്ണിലൂടെ അവളും കണ്ടു..!
അന്ന് പക്ഷേ, സേതുവേട്ടനോട് ബഹുമാനം ആണ് തോന്നിയത്.. വിവാഹം കഴിച്ചുവെന്ന കാരണത്താൽ ഉപേക്ഷിക്കപ്പെടേണ്ട ഒരു ബന്ധം അല്ലല്ലോ അമ്മയും മകനും എന്നത്.. നാളെ തന്റെ അമ്മയ്ക്കും ഇതേപോലെ ഒരവസ്ഥ വരില്ലെന്നുണ്ടോ ..
അമ്മയും, മരുമകൾ ആയിട്ടല്ല മകളായിട്ട് തന്നെയാണ് അവർ അവളെ കണ്ടത്..
വർഷം ഒന്ന് കഴിഞ്ഞപ്പോൾ ഒരു കുട്ടി കൂടി ആയതോടെ സ്വർഗ്ഗ തുല്യമായി അവരുടെ ജീവിതം!
എല്ലാ വർഷവും മുടങ്ങാതെ എത്താറുണ്ട് സേതുവേട്ടൻ. വന്നു കഴിഞ്ഞാൽ പിന്നെ
വീട് ആകെ ഒരു ബഹളമാണ്. എപ്പോഴും എന്തെങ്കിലും ഒക്കെ പണികൾ വീടിനുള്ളിലും പുറത്തും ചെയ്തു കൊണ്ടേയിരിക്കും..
വൈകുന്നേരങ്ങളിൽ കുളി കഴിഞ്ഞു രണ്ട് പേരും അടുത്തുള്ള ക്ഷേത്രത്തിലേയ്ക്ക് നടന്നു പോകും.
ആ യാത്ര അവൾക്ക് വലിയ ഇഷ്ടമാണ്. ഒരുപാട് സംസാരിക്കാൻ നേരം കിട്ടുന്നതും അപ്പോഴാണ്. ചിലപ്പോൾ തിരികെ വരുമ്പോൾ അമ്പലമുറ്റത്തെ ആലിൻ ചുവട്ടിൽ ഒരല്പം നേരം മുട്ടിയിരുമ്മി ഇരിക്കും.. പരിചയക്കാർ പലരും വിശേഷങ്ങൾ തിരക്കാൻ അടുത്ത് വരും അപ്പോൾ.
സേതുവേട്ടൻ എപ്പോഴും ഇതുപോലെ തന്റെയൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്ന നേരങ്ങളാണ് അതൊക്കെ..
ആള് അവധി കഴിഞ്ഞു പോകുമ്പോൾ ഹൃദയം ശൂന്യമായി പോകുന്നത് പോലെയാണ്.. ഉള്ളിൽ ഒരു വലിയ മുറിവ്
വിങ്ങി പഴുക്കുന്ന പോലൊരു വേദനയാണ്.
ഒന്ന് വന്നിരുന്നെങ്കിൽ ഒറ്റയ്ക്ക് ഇങ്ങനെ തീ തിന്നണ്ടായിരുന്നു.”ശോഭേ, നീയിവിടെ എങ്ങുമല്ലേ..വെള്ളം തിളച്ചു മറിയണത് നീ കണ്ടില്ലേ..?”
അമ്മ എഴുന്നേറ്റോ..?
ഓരോ ഓർമ്മകൾ വന്നു കൂട്ട് വിളിച്ചപ്പോൾ കുറച്ചു നേരം അവരുടെ കൂടെയങ്ങു കൂടിപ്പോയി..
“നീ ആ അടെല് ഒരെണ്ണം ഇങ്ങോട്ട് എടുക്ക്..””അമ്മയ്ക്ക് ഈയിടെയായിട്ട് മധുരത്തിനോട് കുറച്ചു ഇഷ്ടം കൂടുതൽ ആണ് കേട്ടോ.. സേതുവേട്ടൻ വിളിക്കുമ്പോൾ ഞാൻ പറയുന്നുണ്ട്..”
ഒരു കള്ളച്ചിരി ചിരിച്ച് അമ്മ പ്ലേറ്റിൽ
ചൂട് അടയുമായി സ്വീകരണ മുറിയിലേക്ക് പോയി.. ക്ലോക്കിൽ നാലര മണി ശബ്ദം.. മോള് ഇപ്പോൾ എത്തും..
വാതിൽ തുറന്നിട്ട് ചൂട് ചായ അമ്മയ്ക്ക് പകർന്നു കൊടുത്തു..
മകൾ വന്നു കയറിയത് ആ നേരത്തായിരുന്നു. പക്ഷെ,
പതിവ് കുശലം പറച്ചിലുകൾ ഒന്നുമില്ലാതെ അവൾ മുറിക്കുള്ളിലേക്ക് പോകുന്നത് കണ്ടപ്പോൾ ഒരു വല്ലായ്മ പോലെ..
മുത്തശ്ശികുഞ്ഞേ എന്നൊക്കെ വിളിച്ചു കുറച്ചു നേരം അമ്മയുടെ ചുളിഞ്ഞ കവിളുകൾ പിടിച്ചു വലിക്കുകയും,
ബസിലെ ആന്റിയുടെ നീണ്ടു ചുരുണ്ട മുടിയുടെ ഭംഗിയെ കുറിച്ച് വർണ്ണിക്കുകയും, ഇന്ന് ക്ലാസ്സ് ടീച്ചർ ഉടുത്ത സാരിയെക്കുറിച്ചും ഒക്കെ തോരാതെ വായിട്ടലയ്ക്കുന്നവളാണ്..
അമ്മ ശോഭയെ തറച്ചൊന്നു നോക്കി..
അവൾ ഒരു പതർച്ചയോടെ മകൾക്ക് പിന്നാലെ ചെന്നു.
മുറിയിൽ യൂണിഫോം പോലും മാറാതെ കട്ടിലിൽ കമഴ്ന്നു കിടക്കുന്ന ലച്ചൂനെ കണ്ടതും ഉള്ളിൽ ഒരാന്തൽ…!
“എന്ത് പറ്റി മോളേ സുഖമില്ലേ..
വയറു വേദനിക്കുന്നുണ്ടോ..? “അവൾ ഒന്നും മിണ്ടിയില്ല.. ചോദിച്ചത് പോലും കേട്ടെന്നു തോന്നിയില്ല…
അടുത്തിരുന്നു അവളുടെ തലമുടിയിൽ മെല്ലെ തലോടി..”അമ്മേ.. പ്ലീസ് ലീവ് മി എലോൺ..ഞാൻ കുറച്ചു നേരം ഒന്ന് കിടന്നോട്ടെ.”
അവൾ ഞെട്ടി എഴുന്നേറ്റു പിറകോട്ടു മാറി.. തിരിഞ്ഞു നടക്കുമ്പോൾ അമ്മ വാതിൽക്കൽ!!
ലെച്ചു പറഞ്ഞത് അമ്മ കേട്ടുവെന്ന് മുഖം കണ്ടപ്പോൾ തോന്നി..
രണ്ടു പേരും ഒന്നും മിണ്ടാതെ അവിടെയും ഇവിടെയും ചാരിയിരുന്നു..
ഒരുപാട് നേരം കഴിഞ്ഞു ബാത്‌റൂമിൽ വെള്ളം വീഴുന്ന ഒച്ച കേട്ടപ്പോൾ ശോഭ എഴുന്നേറ്റു അടുക്കളയിലേക്കു നടന്നു..
മകൾക്ക് ഇഷ്ടമുള്ള അടയും, ഹോർലിക്സ് ഇട്ട ചൂട് പാലും എടുത്തു വെച്ചു.
ഡൈനിങ് ടേബിളിനരികിൽ മുഖം കുനിച്ചിരിക്കുന്ന ലെച്ചുവിന്റെ മൗനം അവളെ വല്ലാതെ ആശങ്കപ്പെടുത്തി..
“എന്താ എന്റെ ലെച്ചൂട്ടിക്ക് പറ്റിയത്.
വയറു വേദനയോ മറ്റോ ഉണ്ടോ.. അതോ സ്കൂളിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വഴക്കിട്ടോ..?”
അവൾക്ക് പീരിയഡ് ആണെങ്കിൽ പിന്നെ ആരോടും മിണ്ടുന്നത് പോലും ഇഷ്ടമല്ല.
അമ്മൂമ്മ കൊച്ചു മോളെ പുന്നരിക്കാൻ അടുത്ത് കൂടി..
ചായക്കപ്പിൽ നഖം കോറിയിരുന്നതല്ലാതെ ഒരക്ഷരം പോലും അവൾ മിണ്ടാൻ കൂട്ടാക്കിയില്ല.. കണ്ണിൽ നിന്ന് കുടുകുടാന്ന് കണ്ണുനീർ
മാത്രം ഒഴുകിയിറങ്ങി..
അമ്മയോടിതുവരെ ഒന്നും മറച്ചു വെച്ചിട്ടില്ല.. പറഞ്ഞാൽ അമ്മ എന്ത് കരുതും..
അമ്മൂമ്മ വഴക്ക് പറയില്ലേ..
ലെച്ചുവിന്റെ മനസ്സിലൂടെ ഒരായിരം ചിന്തകൾ കടന്നു പോയി..
“കുഞ്ഞേ ആരെങ്കിലും നിന്നോട് പ്രേമമാണെന്ന് വല്ലതും പറഞ്ഞോ.”അമ്മൂമ്മയുടെ ചോദ്യം കേട്ട് ഇത്തവണ ലെച്ചുവും, ശോഭയും ഒരുപോലെ അമ്പരന്നു..
ഈ അമ്മ ഇതെന്തൊക്കെയാണ് മോളോട് ചോദിക്കുന്നത് ..?ശോഭയ്ക്ക് ഈർഷ്യ തോന്നി.
പക്ഷെ, പെട്ടന്ന് അവരെ ഞെട്ടിച്ചുകൊണ്ട് ലെച്ചു ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി..
ഒന്നും പിടികിട്ടാതെ അമ്മയെ നോക്കി ശോഭ മിഴിച്ചിരുന്നു..
“അതേയ് നിങ്ങൾ എന്താ വിചാരിച്ചത് എന്നെ കുറിച്ച്.. ഞാൻ സാധാരണ നാട്ടിൻ പുറത്തെ പീക്കിരി പെണ്ണാണെന്നോ..?
ഞാൻ ആരാണെന്ന് ദേ ഇപ്പൊ കാണിച്ചു തരാം..”
എന്നിട്ട് കയ്യ്ക്കുള്ളിൽ അതുവരെ മറച്ചു പിടിച്ചിരുന്ന ഒരു കൊച്ചു സമ്മാനപ്പൊതി അവരുടെ മുന്നിലേയ്ക്ക് നീട്ടി പിടിച്ചു !
“ദാ.. ഇതെന്താണെന്ന് ഒന്ന് നോക്കിയേ..”ആകാംക്ഷ അടക്കാനാവാതെ ശോഭ അത് വാങ്ങി തുറന്നു നോക്കി..
കൊച്ചു ഗിഫ്റ്റ് പൊതിക്കുള്ളിൽ ഒരു ഗോൾഡ് കോയിൻ !!
ചോദ്യഭാവത്തിൽ നോക്കിയ അമ്മയോട് അവൾ ആവേശത്തോടെയാണ് പറഞ്ഞത്.
“സ്കൂളിലെ ബെസ്റ്റ് സ്റ്റുഡന്റിനുള്ള സമ്മാനമാണ് അത്..അറിയ്യോ?”ഹോ!!രണ്ടുപേരും അപ്പോഴാണ് ഒന്ന് ദീർഘ ശ്വാസം വിട്ടത്.
“കള്ളീ.. എന്നിട്ട് ഇത്രയും നേരം നീ ഞങ്ങളെയിട്ട് തീ തീറ്റിക്കുവല്ലേ ചെയ്തത്..?”
“അതേയ് .. ഈ അമ്മ ഇന്ന് പതിവില്ലാതെ എന്നെ ഫോൺ വിളിച്ചപ്പോഴേ ഞാൻ വിചാരിച്ചതാ ഒരു പണി കൊടുക്കണമെന്ന്..പോരെങ്കിൽ ഈ
കുശുമ്പി മുത്തശ്ശി എന്നെ കുറിച്ച് എന്തെങ്കിലും ഒക്കെ പറഞ്ഞു കൊടുത്തു എരി കേറ്റിയുണ്ടെന്നും എനിക്കറിയാം. എന്തായാലും രണ്ടുപേരും പോയി മുഖമൊക്കെ ഒന്ന് കഴുകിയിട്ടു വാ.. ചമ്മലൊക്കെ മാറട്ടെ..”
പൊട്ടിച്ചിരിക്കുന്ന മകളെ ചേർത്തു പിടിച്ചു ഒരനുമോദനം പോലെ ആ കവിളുകളിൽ മുത്തം കൊടുക്കുമ്പോൾ അവൾ നിറഞ്ഞ കണ്ണുകൾ മകൾ കാണാതെ തുടച്ചു കളഞ്ഞു..
ഏതൊരമ്മയും കൊതിക്കുന്ന ഒരു നിമിഷം..
മകൾക്ക് വേണ്ടി ഈ നേരമത്രയും തപിച്ചു കൊണ്ടിരുന്ന രണ്ട് മാതൃഹൃദയങ്ങളിൽ പനിനീര് പെയ്തത് പോലെ..
സന്തോഷം നിറഞ്ഞ ആ നിമിഷത്തിൽ ശോഭയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി..
അവൾ അടക്കാനാവാത്ത സന്തോഷത്തോടെ ഫോണെടുത്തു.
സേതുവേട്ടൻ..!
“ഹലോ ഏട്ടാ ഇന്ന് ഒരു വിശേഷം ഉണ്ട് കേട്ടോ..”
അവൾ ആവേശത്തോടെ ഫോണിൽ സംസാരിക്കുന്നതും നോക്കി അമ്മൂമ്മയും കൊച്ചു മോളും ചിരിയോടെ നിന്നു.