ഈ പെണ്ണ് നമ്മുടെ തറവാട്ടിലേക്ക് കയറി വന്നു അന്നു മുതൽ തുടങ്ങിയതാണ് നമ്മുടെ ഓരോരുത്തരുടെയും കഷ്ടകാലം.

(രചന: ശ്രേയ)

“ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. അവന്റെ മനസ്സ് ഇപ്പോൾ ഒന്നും എഴുതാത്ത ഒരു ബുക്ക്‌ പോലെയാണ്..

അതിൽ നമുക്ക് എന്തും എഴുതി ചേർക്കാം.. പക്ഷെ ഒരിക്കലും അവനെ വേദനിപ്പിക്കുന്നത് എഴുതാതിരിക്കാൻ ശ്രദ്ധിക്കണം..”

ഡോക്ടർ പറയുന്നത് കേട്ട് തളർച്ചയോടെ ആ പെണ്ണ് കസേരയിലേക്ക് ചാഞ്ഞു.” നിങ്ങൾ പറഞ്ഞു കൊടുക്കുന്നതൊക്കെ മാത്രമായിരിക്കും ഇനി അവന്റെ ഓർമ.. “ഡോക്ടർ പറഞ്ഞപ്പോൾ അവന്റെ അമ്മ കണ്ണ് തുടച്ചു കൊണ്ട് തലയാട്ടി.

പക്ഷേ അവളെ സംബന്ധിച്ച് അത് ഒരു പരീക്ഷണഘട്ടം തന്നെയായിരുന്നു. ആരെയും ശ്രദ്ധിക്കാതെ അവൾ അടുത്തു കണ്ട കസേരയിൽ തന്നെ അമർന്നിരുന്നു. അവളുടെ തല കുനിഞ്ഞിരുന്നു.

അവളുടെ ഓർമ്മയിൽ മുഴുവൻ പുഞ്ചിരി തൂകി കളി പറയുന്ന ഒരു ചെറുപ്പക്കാരന്റെ മുഖമായിരുന്നു.

“ഇരുന്ന് കണ്ണീർ പൊഴിക്കുന്നത് കണ്ടില്ലേ..? എന്ന് ഈ പെണ്ണ് നമ്മുടെ തറവാട്ടിലേക്ക് കയറി വന്നു അന്നു മുതൽ തുടങ്ങിയതാണ് നമ്മുടെ ഓരോരുത്തരുടെയും കഷ്ടകാലം.

എന്ത് ഉത്സാഹത്തിൽ ഓടി നടന്നിരുന്ന കുട്ടിയാണ് നമ്മുടെ മകൻ..? അവനെ വെട്ടിയിട്ട വാഴത്തണ്ട് പോലെ കിടത്തിയത് ഇവൾ ഒരാൾ തന്നെയല്ലേ..?

ഇപ്പോൾ അവനെ ഒന്നു ഓർമയില്ല എന്നുകൂടി പറയുന്നു.. ഓരോ ദോഷ ജാതകങ്ങളുമായി കുടുംബത്ത് ഓരോന്ന് വന്നു കയറുന്നതിന്റെ ഗുണമാണ്..”

അമ്മായിയുടെ വാക്കുകൾ കേട്ടപ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി.

“ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ അമ്മായി.. “ഇടറുന്ന സ്വരത്തിൽ അവൾ പറഞ്ഞപ്പോൾ അവർ അവളെ പുച്ഛത്തോടെ നോക്കി.

“അതെ അതെ നീ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തിട്ടില്ല.അറിയാതെ നിന്റെ ദോഷ ജാതകം കൊണ്ടാണ് ഞങ്ങളൊക്കെ ഈ അനുഭവിക്കുന്നത്.

ഇനി നീ അറിഞ്ഞു കൊണ്ട് കൂടി വല്ലതും ചെയ്യണം. അപ്പോൾ പിന്നെ എല്ലാവരെയും കൂടി ഒന്നിച്ച് തെക്കോട്ട് എടുക്കാം..”

അവർ പറയുന്നതൊക്കെ കേൾക്കുമ്പോൾ അവളുടെ ഹൃദയം മുറിയുന്നുണ്ടായിരുന്നു. അതിനേക്കാൾ ഏറെ അവളെ വേദനിപ്പിച്ചത് അവന്റെ അമ്മയുടെ മൗനം ആയിരുന്നു.

ഇന്നലെ വരെ എന്ത് കാര്യത്തിനും തനിക്ക് താങ്ങും തണലുമായി നിന്നിട്ടുള്ളത് അമ്മ മാത്രമായിരുന്നു. ഇന്നിപ്പോൾ അമ്മായി ഇത്രയും പറഞ്ഞിട്ടും അമ്മ പ്രതികരിക്കുന്നില്ലെങ്കിൽ ഇതൊക്കെയും അമ്മ അംഗീകരിക്കുന്നു എന്നാണോ..?

ആ ഒരു ചിന്ത തന്നെ അവളെ തളർത്തി കളഞ്ഞു.പിന്നീട് കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൾ അവിടെ നിന്ന് എഴുന്നേറ്റ് കുറച്ചു ദൂരേക്ക് മാറി നിന്നു. കണ്ണുകൾ നിറഞ്ഞു വരുമ്പോഴും അവളുടെ മുന്നിൽ തെളിഞ്ഞത് തങ്ങളുടെ പ്രണയകാലം ആയിരുന്നു.

കോളേജിന്റെ കവാടം കടന്ന് ചെല്ലുമ്പോൾ എല്ലാ കുട്ടികളെയും പോലെ നന്നായി പഠിക്കണമെന്നും അതിനു ശേഷം നല്ലൊരു ജോലി വാങ്ങണമെന്നും കുടുംബം നോക്കണം എന്നുമൊക്കെയുള്ള ചിന്ത തന്നെയായിരുന്നു അവൾക്കും ഉണ്ടായിരുന്നത്.

പക്ഷേ ജീവിതത്തിൽ ആദ്യമായി ആ കോളേജ് കാണുമ്പോൾ അവളുടെ ഉള്ളിൽ വല്ലാത്തൊരു പരിഭ്രമവും തോന്നുന്നുണ്ടായിരുന്നു.

കൂടെ പഠിക്കുന്ന കുട്ടികളിൽ പലരും വലിയ പണക്കാരാണ് എന്ന് ആദ്യദിവസം തന്നെ തോന്നിയിരുന്നു.

തങ്ങളെപ്പോലെ അഷ്ടിക്ക് വകയില്ലാത്തവർക്ക് പഠിക്കാൻ പറ്റുന്ന കോളേജ് ആണ് ഇത് എന്ന് പോലും അവൾക്ക് തോന്നിയിരുന്നില്ല.

കൂടെ പഠിക്കുന്ന കുട്ടികൾ ഓരോരുത്തരും പുതിയ മോഡൽ വസ്ത്രങ്ങളും ബാഗും ഫോണും ചെരുപ്പും ഒക്കെയായി വരുമ്പോൾ അവൾക്കെന്നും വളരെ കുറച്ച് ചുരിദാറുകളും പഴയ ഒരു ഫോണും നിറം മങ്ങിയ ബാഗും പഴയ മോഡൽ ചെരുപ്പും ഒക്കെയാണ് ഉണ്ടായിരുന്നത്.

ആ രൂപ ഭാവങ്ങളിൽ നിന്നുതന്നെ അവളുടെ വീട്ടിലെ അവസ്ഥ എന്തായിരിക്കും എന്ന് മറ്റുള്ളവർക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.

അതുകൊണ്ടു തന്നെ ക്ലാസിലെ മിക്ക കുട്ടികളും അവളോട് സംസാരിക്കാറു പോലും ഉണ്ടായിരുന്നില്ല.പക്ഷേ അവൾ ആരോടും പരിഭവം കാണിച്ചിട്ടില്ല.

എല്ലാവരോടും ഒരുപോലെ പുഞ്ചിരി തൂവുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു അവൾ.ആർക്ക് എന്ത് സഹായം വേണമെങ്കിലും തന്നെ കൊണ്ട് കഴിയുന്നത് അവൾ ചെയ്തു കൊടുക്കാറുണ്ടായിരുന്നു.

അവളുടെ വീട്ടിൽ ദാരിദ്ര്യം ആണെങ്കിൽ പോലും അവൾ നന്നായി പഠിച്ചിരുന്നു. അവളുടെ ആ കഴിവ് തന്നെയായിരുന്നു കോളേജിലെ ടീച്ചർമാരെ അവളിലേക്ക് ആകർഷിച്ചത്.

സഹപാഠികൾ പലരും സംശയം ചോദിക്കുമ്പോഴും അതിനുള്ള ഉത്തരങ്ങൾ പറഞ്ഞു കൊടുക്കാൻ അവൾ ഒരിക്കലും ഒരു മടിയും കാണിച്ചിട്ടില്ല.

പല സാഹചര്യത്തിലും അവർ അവളെ ഒഴിവാക്കി നിർത്തിയിട്ടുണ്ടെങ്കിലും അതൊന്നും അവൾ കാര്യമാക്കിയിട്ടില്ല.

അങ്ങനെയിരിക്കയാണ് മനു എന്ന എല്ലാവരുടെയും പ്രിയപ്പെട്ട അഭിമന്യു ഒരിക്കൽ കോളേജിലേക്ക് വന്ന അവളെ വഴിയിൽ തടഞ്ഞു നിർത്തിയത്. ഭയത്തോടെയാണ് അവൾ അവനെ നോക്കിയത്.

” എടോ എനിക്ക് തന്നെ ഇഷ്ടമാണ്. വെറുതെ തോന്നിയ ഒരു ഇഷ്ടം ഒന്നുമല്ല. ശരിക്കും പറഞ്ഞാൽ ഒന്നൊന്നര വർഷമായി താൻ എന്റെ മനസ്സിൽ കയറിയിരിക്കാൻ തുടങ്ങിയിട്ട്.

താൻ ഈ കോളേജിലേക്ക് വന്നപ്പോൾ മുതൽ..തനിക്ക് എന്നെ അറിയാൻ യാതൊരു വഴിയുമില്ല.

കാരണം നിലത്ത് എത്ര കല്ലുണ്ട് എന്ന് നോക്കി പോകുന്ന സ്വഭാവമാണല്ലോ തന്റേത്. എന്റെ പേര് അഭിമന്യു. സ്നേഹമുള്ളവർ മനു എന്ന് വിളിക്കും. അതായത് താൻ എന്നെ മനുവേട്ടാ എന്ന് വിളിക്കണം..

ഇപ്പോ വേണമെന്നില്ല കല്യാണം കഴിഞ്ഞിട്ട് ആയാലും മതി.. എന്തായാലും വീട്ടിൽ പോയി ആലോചിച്ചിട്ട് സാവധാനം മറുപടി തന്നാൽ മതി എന്നൊന്നും ഞാൻ പറയില്ല.

ഇനി രണ്ടുമൂന്നു മാസം കൂടി കഴിയുമ്പോൾ ഞാൻ ഈ കോളേജിൽ നിന്ന് ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങും. അതിനുള്ളിൽ മറുപടി തന്നാൽ നന്നായിരിക്കും.. ”

അത്രയും പറഞ്ഞു കൊണ്ട് കൂളായി അവൻ നടന്നു പോകുമ്പോൾ അവളുടെ നെഞ്ചിൽ ഭാരം വർദ്ധിച്ചിരുന്നു.

പക്ഷേ തന്റെ വീട്ടിലെ സാഹചര്യങ്ങൾ ആലോചിക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരിക്കലും ഒരു പ്രണയം മൊട്ടിട്ടില്ല എന്ന് അവൾക്ക് തന്നെ ഉറപ്പായിരുന്നു.

പിന്നീട് അവനെ പലയിടത്തും വച്ച് അവൾ കണ്ടുമുട്ടി. അപ്പോഴൊക്കെ അവൻ അവളുടെ തീരുമാനത്തെക്കുറിച്ച് അന്വേഷിക്കും. അവസാനം ഒരു വഴിയും ഇല്ലാതെയായപ്പോഴാണ് തന്റെ വീട്ടിലെ അവസ്ഥകളെക്കുറിച്ച് അവൾ തുറന്നു പറഞ്ഞത്.

എല്ലാം കേട്ട് കഴിഞ്ഞപ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.” ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങൾ അല്ല. ഞാൻ ഇഷ്ടപ്പെട്ടത് തന്നെയാണ്. അല്ലാതെ തന്റെ വീട്ടിൽ എത്ര സാമ്പത്തികം ഉണ്ട് എന്നല്ല ഞാൻ ചോദിച്ചത്.

എടോ തന്നെ ഞാൻ വിവാഹം കഴിക്കുന്നു എന്ന് കരുതി ഒരിക്കലും തന്റെ സ്വപ്നങ്ങൾക്ക് ഞാൻ തടസ്സം നിൽക്കില്ല. തനിക്ക് ജോലിക്ക് പോയി തന്റെ വീട്ടിലേക്ക് എന്തെങ്കിലും കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ തനിക്ക് കൊടുക്കാം.

ഞാൻ സമ്പാദിക്കുന്നതിൽ നിന്ന് ഒരു വിഹിതം എന്തായാലും തനിക്കുള്ളതാണ്. അത് വേണമെങ്കിൽ തന്റെ വീട്ടിലേക്ക് ചെലവഴിക്കാം. ഇതിനൊന്നിനും ഞാൻ തടസ്സമല്ല. പക്ഷേ തന്നെ എനിക്ക് വേണം.. “അത് അവന്റെ ഒരു വാശി തന്നെയായിരുന്നു.

അവന്റെ വീട്ടിൽ അവൻ കാര്യങ്ങൾ അറിയിച്ചപ്പോൾ പല ഭാഗത്തു നിന്നും എതിർപ്പുണ്ടായി. അപ്പോഴും അവന്റെ തീരുമാനത്തിനോടൊപ്പം നിന്നത് അവന്റെ അമ്മയായിരുന്നു.

വിവാഹം കഴിഞ്ഞ് അവനോടൊപ്പം ആ തറവാട്ടിൽ കാലു കുത്തുമ്പോൾ അവൾക്ക് വല്ലാത്ത ഭയം ഉണ്ടായിരുന്നു.

അവൾ പറയുന്നതു പോലെ അവന്റെ അമ്മയും അവനും ഒഴികെയുള്ള എല്ലാവർക്കും അവൾ ശത്രു തന്നെയായിരുന്നു. അവന്റെ അച്ഛൻ ചെറുപ്പത്തിലെ നഷ്ടപ്പെട്ടത് കൊണ്ട് തന്നെ അമ്മയായിരുന്നു അവന്റെ ലോകം.

ഇതിപ്പോൾ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടേ ഉള്ളൂ. അതിനിടയിലാണ് മനുവിന് ഒരു ആക്സിഡന്റ് പറ്റുന്നത്. അതിന്റെ പരിണിത ഫലമായി ഓർമ്മ നശിച്ചു പോവുകയും ചെയ്തു.

മനുവിന് തന്നെ പോലും ഓർമ്മയുണ്ടാകില്ല.. അവന്റെ വീട്ടുകാർ ഇനി ഒരിക്കലും തന്നെക്കുറിച്ച് അവനോട് സംസാരിക്കാനും പോകുന്നില്ല.

അതോർക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പെട്ടെന്ന് അവളുടെ കയ്യിൽ ആരോ പിടിച്ചു വലിക്കുന്നത് പോലെ തോന്നിയിട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്.

എന്നാൽ അവളുടെ നോട്ടം ശ്രദ്ധിക്കാതെ അവളുടെ കൈയും പിടിച്ചു വലിച്ചു അവന്റെ അമ്മ മുന്നോട്ടു നടന്നു.

അവൻ കിടക്കുന്ന മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ അമ്മ അവളെ തിരിഞ്ഞു നോക്കി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമ്മയുടെ പിന്നാലെ തന്നെ അവളും അകത്തേക്ക് കയറി.

അമ്മയെ കണ്ടപ്പോൾ മനു പുഞ്ചിരിക്കുന്നതും അവളെ കണ്ടപ്പോൾ സംശയത്തോടെ നോക്കുന്നതും അവൾ ശ്രദ്ധിച്ചു. അവളുടെ ചങ്ക് പിടയുന്നുണ്ടായിരുന്നു.

” ഇവിടെ ഉണ്ടായിരുന്നവരെയൊക്കെയും മോൻ പരിചയപ്പെട്ടില്ലേ..? ഇനി മോൻ പരിചയപ്പെടേണ്ട പ്രധാനപ്പെട്ട ഒരാളുണ്ട്. അതാണ് ഇത്.. ഇവൾ മോന്റെ ഭാര്യയാണ്..കൃതി.. ”

അവളെ അവന്റെ മുന്നിലേക്ക് നിർത്തിക്കൊണ്ട് അമ്മ പരിചയപ്പെടുത്തിയപ്പോൾ അവൾ കണ്ണ് നിറച്ചു കൊണ്ട് അമ്മയെ നോക്കി. പിന്നെ അവനെയും.

ആ നിമിഷം അവൾ അമ്മയെ കെട്ടിപ്പിടിച്ചു.” ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ എന്റെ മകന്റെ ഭാര്യയാണ്. എന്റെ മകളാണ്. ആ സ്ഥാനത്ത് നീ മാത്രമേ ഉണ്ടാകൂ..”

അവരുടെ വാക്കുകൾ കേട്ട് പുഞ്ചിരിച്ചു കൊണ്ട് അവൾ അവന്റെ തലയിൽ പതിയെ തലോടി.

Leave a Reply

Your email address will not be published. Required fields are marked *