കെട്ടികഴിഞ്ഞിട്ട് കാമുകനൊപ്പം ഒളിച്ചോടുന്നത് അണല്ലോ ഇപ്പോഴത്തെ ട്രെന്റ് ഇനിയിപ്പോ ഇവളുടെ മനസ്സിൽ അതേങ്ങാനും ആണോ ആവൊ എന്നായിരുന്നു എന്റെ ബാലമായ സംശയം..

 

പ്രതികാരം.
രചന: ശ്യാം കല്ലുകുഴിയില്‍

കല്യാണം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും കെട്ടികൊണ്ട് വന്ന പെണ്ണിന് ഇപ്പോഴും നമ്മളോട് ചെകുത്താൻ കുരിശു കണ്ട മുഖഭാവം മാറാതെ ഇരുന്നപ്പോൾ മനസ്സിൽ നൂറ് സംശയങ്ങൾ കടന്ന്

പൊയിക്കൊണ്ടിരുന്നു. കെട്ടികഴിഞ്ഞിട്ട് കാമുകനൊപ്പം ഒളിച്ചോടുന്നത് അണല്ലോ ഇപ്പോഴത്തെ ട്രെന്റ് ഇനിയിപ്പോ ഇവളുടെ മനസ്സിൽ അതേങ്ങാനും ആണോ ആവൊ എന്നായിരുന്നു എന്റെ ബാലമായ സംശയം..

ഈ ലീവിന് എന്തായാലും കല്യാണം നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടിലേക്ക് ഫ്ലൈറ്റ് കയറിയത്. അമ്മ കണ്ടു വച്ചിരുന്ന പെണ്ണിനെ പോയി കണ്ടപ്പോൾ എന്തോ ഇഷ്ടമായില്ല,അത് അമ്മയോട് പറയുമ്പോൾ ഈ ലീവിനും കല്യാണം നടക്കാതെ പോകുമോ എന്നായിരുന്നു അമ്മയുടെ പേടി…

ഒരു ദിവസം അടുക്കളയിൽ ജോലി ചെയ്യുന്ന അമ്മയുടെ കൂടെ സൊറയും പറഞ്ഞിരിക്കുമ്പോൾ ആണ് നമ്മുടെ ബ്രോക്കർ ചേട്ടൻ ഓടി കിതച്ചു വരുന്നത്…

” ടാ വിനു നല്ലൊരു പെണ്ണ് ഉണ്ട്.. കണ്ട് ഇഷ്ടപ്പെട്ടാൽ നി തിരികെ പോകും മുൻപേ കല്യാണം നടത്താം…”

പുള്ളി അത് വന്ന് പറഞ്ഞപ്പോൾ വേറെ ഒന്നും ആലോചിച്ചില്ല അമ്മയെയും കൂട്ടി പെണ്ണ് കാണാൻ പോയി. നല്ല വൃത്തിയുള്ള ചെറിയ വീട് കണ്ടപ്പോഴേ ഇഷ്ടമായി. അച്ഛൻ അകത്തേക്ക് ക്ഷണിച്ചു

ഇരുത്തുമ്പോൾ ചിരിക്കുന്ന മുഖവുമായി പെണ്ണിന്റെ അമ്മയും പുറത്തേക്ക് വന്നു. പെണ്ണ് ചായ കൊണ്ട് വന്ന് തന്നിട്ട് അവളുടെ അമ്മയുടെ പിന്നിൽ പോയി നിൽക്കുമ്പോൾ ഇടങ്കണ്ണിട്ട് അവളെ നോക്കി ഞാൻ…

” ഇനി പിള്ളേർക്ക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആകാം,, അതാണല്ലോ നാട്ടു നടപ്പ്….”

ബ്രോക്കർ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ പെണ്ണിനെ നോക്കി അവൾ മുഖം താഴ്ത്തി ഉള്ളിലേക്ക് ചുവടുകൾ വച്ചിരുന്നു..” അകത്തേക്ക് ചെല്ല് മോനെ…”

അവളുടെ അച്ഛൻ അകത്തേക്ക് കൈ ചൂണ്ടി കാണിച്ചു പറഞ്ഞപ്പോൾ ഞാൻ മെല്ലെ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു. സ്വന്തം വീട് സ്വന്തം മുറി എന്നിട്ടും പുതിയതായി കാണുന്ന ആളിനെ പോലെ അവൾ ജന്നലിന്റെ ഓരം നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയാണ്…

കല്യാണം നടക്കുമോ ഇല്ലയോ എന്ന് പെട്ടെന്ന് തീരുമാനം ആക്കാനായി മടിച്ചു നിൽക്കാതെ ഞാൻ കാര്യത്തിലേക്ക് കടന്നു..

” അതേ എന്റെ പേര് വിനു. ദുബായിൽ ആണ് ജോലി, വീട്ടിൽ അമ്മ മാത്രമേ ഉള്ളു, എന്തായാലും കല്യാണം നടത്തണം എന്ന ഒറ്റതീരുമാനത്തിൽ അറബിയുടെ കയ്യും കാലും പിടിച്ച് ആറു മാസം ലീവും വാങ്ങി വന്നത്… ഇഷ്ടം ആണേലും അല്ലേലും പെട്ടെന്ന് തീരുമാനം പറയണം ഇത് ഇല്ലേൽ അടുത്ത ആളിനെ നോക്കാൻ ആണ്….”

എന്റെ സംസാരം കേട്ട് ജന്നൽ കമ്പിയും പിടിച്ച് പുറത്തേക്ക് നോക്കി നിന്നവൾ അതൊക്കെ വിട്ട് എന്റെ മുഖത്ത് തന്നെ അൽപ്പനേരം നോക്കി നിന്നു…” ഇനിയിപ്പോ വേറെ ഒന്നിനെയും നോക്കണ്ട….”

അവളുടെ വായിൽ നിന്ന് അത് കേട്ടപ്പോൾ തുള്ളി ചാടാൻ ഉള്ള സന്തോഷം ഉണ്ടായിരുന്നു എങ്കിലും അത് പുറത്ത് കാണിക്കാതെ ഇരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചിരുന്നു…

” എന്താ ഇയ്യാളുടെ പേര്…”മുറിയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ എന്തോ മറന്ന രീതിയിൽ തിരിഞ്ഞു നിന്ന് അവളോട്‌ ചോദിച്ചു…”പ്രീയ…”

അത് പറയുമ്പോൾ അവളുടെ മുഖത്ത് ചെറിയ നാണം ഉണ്ടായിരുന്നു…തിരികെ വീട്ടിലേക്ക് പോകുമ്പോൾ മനസ്സ് നിറയെ പ്രീയയും, നമ്മുടെ കല്യാണവും ആയിരുന്നു.. ഒരുപാട് ദിവസം ലീവ് ഇല്ലാത്തത് കൊണ്ട് വളരെ പെട്ടെന്ന്

തന്നെ കല്യാണം നടന്നു. എല്ലാം ഞാൻ തന്നെ ഓടി നടന്ന് ചെയ്യാനുള്ളത് കൊണ്ട് ഇടയ്ക്ക് പ്രീയയെ വിളിച്ചു സംസാരിക്കാൻ സമയം കിട്ടിയിരുന്നില്ല എന്നതാണ് സത്യം..

ആദ്യരാത്രി മുറിയിലേക്ക് ചെല്ലുമ്പോൾ തലവേദന ആണെന്നും പറഞ്ഞ് അവൾ കിടന്നത് കല്യാണത്തിന്റെ തിരക്കും യാത്രാ ക്ഷീണവും കൊണ്ടാണെന്ന് ഞാൻ കരുതി, പിറ്റേന്നും ഇതു തന്നെ ആവർത്തിച്ചപ്പോൾ മനസ്സിലെന്തോ സംശയം തോന്നി തുടങ്ങി. പകൽ

സമയങ്ങളിൽ അവൾ കൺ മുന്നിൽ വരാതെ ഒഴിഞ്ഞു മാറി നടക്കുന്നതും,രാത്രി ആകുമ്പോൾ ഉള്ള തലവേദനയും സംശയങ്ങൾ വർദ്ധിപ്പിച്ചു…

” അളിയാ എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് നെറ്റ്…”പുറത്തേക്ക് ഇറങ്ങുമ്പോൾ അപ്പൊ തുടങ്ങും കൂട്ടുകാരുടെ ചോദ്യം, ഇവിടെ എന്നും തലവേദന കാരണം പുറം തിരിഞ്ഞു കിടപ്പാണെന്ന് അവരോട് പറയാൻ പറ്റില്ലല്ലോ… ഉറ്റ സുഹൃത്തായ മനുവിനെ വിളിച്ചു മാറ്റി നിർത്തി എന്റെ മനസ്സിൽ ഉള്ള സംശയങ്ങൾ അവനോട് പറഞ്ഞു..

” അളിയാ നി സൂക്ഷിക്കണം, നി തിരികെ ഗൾഫിൽ പോകുമ്പോൾ പഴയ കാമുകനുമൊത്ത് ഒളിച്ചോടാൻ ആകും അവളുടെ പ്ലാൻ….”എരുതീയിൽ എണ്ണ ഒഴിക്കുന്നപോലെ ലവൻ എന്റെ സംശയങ്ങളെ വർദ്ധിപ്പിച്ചു..

” ഏയ്‌ അതൊന്നും ആകില്ല പെട്ടെന്ന് കല്യാണം നടന്നത് കൊണ്ട് ചിലപ്പോൾ അവൾക്ക് എന്നെ ഉൾക്കൊള്ളാൻ സമയം എടുക്കുമായിരിക്കും, അതാണ് ഈ അകൽച്ച എന്നാണ് എനിക്ക് തോന്നുന്നത്….”

ഞാൻ സ്വയം സമദാനിപ്പിച്ചു കൊണ്ട് അവനോട് പറഞ്ഞു…” അങ്ങനെ ആണേൽ ആദ്യം അവളുടെ മനസ്സിൽ കയറിപ്പറ്റി, അവളുടെ ഇഷ്ടം പിടിച്ചു പറ്റണം…”

മനു അത് പറഞ്ഞപ്പോൾ എനിക്കും അത് ശരിയാണ് എന്ന് തോന്നി…” അളിയാ നി ഒരു ഐഡിയ പറഞ്ഞതാ…”

” ഒരു കാര്യം ചെയ്യാം വീട്ടിലേക്ക് രാത്രി ഒന്ന് രണ്ട് ഗുണ്ടകൾ വരുന്നു നി അവരെ തല്ലി ഓടിക്കുന്നു, എന്നിട്ട് ഇതൊക്കെ പുല്ല് ആണെന്ന് പറഞ്ഞുകൊണ്ട് അവളുടെ മുന്നിലൂടെ നെഞ്ചും വിരിച്ചു നടക്കുന്നു, എങ്ങനെ ഉണ്ട് ഐഡിയ…”

അൽപ്പനേരം ആലോചിച്ചുരുന്ന ശേഷം എന്തോ വല്യ സംഗതി കണ്ടുപിടിച്ചത് പോലെ അവൻ പറഞ്ഞു…

” എന്റെ പൊന്നാളിയാ, നീ ഒന്ന് എടുത്തോണ്ട് പോയേ, അവന്റെ ഒരു ഐഡിയ, ബഹളം കേട്ട് നാട്ടുകാർ കൂടണം പോലീസ് വരണം,കേസ് ആകണം, അതൊന്നും പോരാഞ്ഞിട്ട് അവന്മാർ എവിടേലും വച്ച് ഇടിച്ചു തന്നാൽ പിന്നെ അതോടെ തീരും എന്റെ ജീവിതം അതൊന്നും നടക്കൂല…..”

ഞാൻ അത് പറഞ്ഞപ്പോൾ ശരിയാണ് എന്ന് മനുവിനും തോന്നി, അവൻ പിന്നെയും താടിക്ക് കയ്യും കൊടുത്തിരുന്ന് ആലോചന തുടങ്ങി…

” അളിയാ ഈ പെണ്ണുങ്ങൾക്ക് പൊതുവെ പേടി ഉള്ള സാധനം, പല്ലി, പാറ്റ, പഴുതാര,പാമ്പ് അതൊക്കെ ആണ്, ഞാൻ നമ്മുടെ പാമ്പ് പിടുത്തക്കാരൻ രാജൻ ചേട്ടനോട് വിഷം കുറഞ്ഞ പാമ്പിനെ ഒപ്പിച്ചു തരാൻ പറയാം അത് വീട്ടിൽ കാണുമ്പോൾ അവൾ കിടന്ന് വിളിക്കും അപ്പൊ അളിയൻ ചെല്ലുന്നു തല്ലി കൊല്ലുന്നു എങ്ങനെ ഉണ്ട്….”

” ഐഡിയയൊക്കെ കൊള്ളാം പക്ഷെ ഈ പാമ്പ് എന്ന് എഴുതി കാണിക്കുമ്പോൾ ഞാൻ ജീവനും കൊണ്ട് ഓടും….”

ഞാൻ എന്റെ നിസ്സഹായാവസ്ഥ മനുവിനോട് പറഞ്ഞു…” ന്റെ പൊന്നളിയാ കുറച്ച് റിസ്ക് ഒന്നും എടുക്കാതെ കാര്യം നടക്കില്ല….,”

അവൻ കൈ മലർത്തിയപ്പോൾ എന്തായാലും ആ ഐഡിയയുമായി മുന്നോട്ട് പോകാൻ ഞാനും തീരുമാനിച്ചു, ലീവ് കഴിയും മുൻപേ ഒരു തീരുമാനം ഉണ്ടാക്കണം അത് മാത്രമായിരുന്നു മനസ്സിൽ…അവനോട് യാത്രയും പറഞ്ഞ് വീട്ടിലേക്ക് പോയി..

രാത്രി ബാത്റൂമിലേക്ക് പോകാൻ വാതിൽ തുറന്ന് അകത്ത് കയറിപ്പോൾ ആണ് ഒരു മൂലയിൽ ചുരുണ്ട് കിടക്കുന്ന കറുത്ത സാധനത്തെ കാണുന്നത്, ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി

പാമ്പ് ആണെന്ന്, പൊതുവെ പാമ്പിനെ പേടിയുള്ള ഞാൻ പെട്ടെന്ന് പാമ്പിനെ കണ്ടപ്പോൾ “അമ്മേ…” എന്ന് വിളിച്ചുകൊണ്ട് അടുക്കള വഴി അകത്തേക്ക് ഓടി…

” എന്താടാ എന്തുപറ്റി….”
എന്റെ വിളിയും കേട്ട് അതും ചോദിച്ചു കൊണ്ട് അമ്മയും പ്രീയയും അടുക്കളയിലേക്ക് ഓടിയെത്തി…”അവിടെ…. ഒരു പാമ്പ്….”

ഞാൻ വിക്കി വിക്കി പറഞ്ഞപ്പോൾ അമ്മ പുറത്തേക്ക് ഇറങ്ങി ബാത്റൂമിന്റ അടുക്കലേക്ക് നടന്നു, പുറത്തെ ചായ്പ്പിൽ നിന്ന് വല്യ വിറക് കൊള്ളിയും എടുത്ത് കൊണ്ടാണ് പ്രീയ അവിടേക്ക് നടന്ന്. ബാത്റൂമിന്റെ വാതിൽ തുറന്ന് പ്രീയ പാമ്പിനെ തല്ലി കൊല്ലുമ്പോൾ ഞാൻ അപ്പോഴും അടുക്കളവതിലിൽ വിറച്ചു വിറച്ചു നിൽക്കുകയായിരുന്നു..

ചത്ത പാമ്പിനെ വിറക് കൊള്ളിയുടെ തുമ്പിൽ തൂക്കി ഇട്ടുകൊണ്ടു അവൾ പുറത്തേക്ക് വരുമ്പോൾ ഇതൊക്കെ എത്ര കണ്ടേക്കുന്നു എന്ന മുഖഭാവം ആയിരുന്നു പ്രീയയ്ക്ക്. പറമ്പിൽ ഒരു കുഴി കുത്തി അതിനെ കുഴിച്ചു മൂടിയതും അവൾ ആയിരുന്നു…

” അളിയാ പണി പാളി നി കൊണ്ട് വന്ന പാമ്പിനെ ലവൾ തല്ലി കൊന്നു..”മുറിയിൽ കയറി ഞാൻ മനുവിന് മെസ്സേജ് വിട്ടു….

” എടാ അതിന് പാമ്പിനെ കിട്ടിയില്ല, അത് എന്റെ പാമ്പ് അല്ല…,”” ആണോ എന്നാ മോൻ ഇനി പാമ്പിനെ നോക്കണ്ട വേറെ എന്തേലും ഐഡിയ കിട്ടുമോ എന്ന് നോക്ക്…”

അത് പറഞ്ഞു നെറ്റ് ഓഫ് ആക്കി കിടന്നു. കുറച്ച് കഴിഞ്ഞാണ് പ്രീയ മുറിയിലേക്ക് വന്നത്, വന്നയുടനെ ബാം എടുത്ത് നെറ്റിയിൽ പുരട്ടി,ഷാൾ എടുത്ത് തലയിൽ വലിച്ചു കെട്ടിക്കൊണ്ട് കിടന്നു…

” ഇന്നും തലവേദന ആണോ…”അവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ കട്ടിലിൽ ചരിഞ്ഞു കിടക്കുന്ന പ്രീയയോട് ഞാൻ ചോദിച്ചു..” ഉം…”പതിവ്പോലെ അവളൊന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ…”പകലൊന്നും ഈ തലവേദന ഇല്ലല്ലോ….”

ഞാൻ അത് പറഞ്ഞെങ്കിലും അവളിൽ നിന്ന് മറുപടി ഒന്നും കിട്ടിയില്ല. എന്തായാലും ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല നാളെ ഒരു തീരുമാനം ഉണ്ടാക്കിയാലെ പറ്റുള്ളൂ,അത് മനസ്സിൽ ഉറപ്പിച്ചുകൊണ്ടാണ് അന്ന് ഞാൻ ഉറങ്ങിയത്…

“അളിയാ പുതിയ ഒരു അടിപൊളി ഐഡിയ കിട്ടിയിട്ടുണ്ട്….”രാവിലെ തന്നെ മനുവിന്റെ മെസ്സേജ് കണ്ടു. എന്തായാലും അവന് ഒരു ചാൻസ് കൊടുക്കാം എന്ന് കരുതി രാവിലെ അവന്റെ അടുക്കലേക്ക് പോയി..

” അളിയാ എന്താ പുതിയ ഐഡിയ..”” അതൊക്കെ പറയാം, അളിയൻ ഇവിടെ ഇരിക്ക് പിന്നെ കുറച്ച് പൈസ ചിലവാകും…”

” ഡെയ് പൈസ ഒരു വിഷയമല്ല രണ്ടായാലും അവളുടെ മനസ്സിലിരിപ്പ് അറിയണം.. നി ഐഡിയ പറ…”

” അളിയൻ രണ്ട് ചെറുതും വീശി നേരെ വീട്ടിലേക്ക് പോകുന്നു, അവളെയും കൂട്ടി മുറിയിൽ കയറി വാതിൽ കുറ്റി ഇടുന്നു, അവളുടെ കഴുത്തിന് കുത്തി പിടിച്ച് എന്താടി നിന്റെ ഉദ്ദേശം എന്ന് അവളുടെ കണ്ണിൽ നോക്കി ചോദിക്കുന്നു, കുറച്ച്

പഞ്ച് കിട്ടാൻ പല്ല് കടിക്കുകയും,ഒന്നോ രണ്ടോ ചെറിയ തെറി വിളിക്കുകയും, വേണേൽ ഒന്ന് അടിക്കാൻ കൈ ഓങ്ങുകയും ചെയ്തോ,,, അതോടെ ഒരു തീരുമാനം ആകും….”

മനു പറഞ്ഞപ്പോൾ ഞാൻ അവനെ ദയനീയമായി നോക്കി…” എടാ ഒന്നാമത്തെ കാര്യം ഒന്ന് അടിച്ചാൽ തന്നെ ഞാൻ എവിടേലും മറിയും,പിന്നെ ഈ തെറിവിളിയും അടിയും ഒക്കെ അൽപ്പം ചീപ്പ് അല്ലെ അളിയാ, ഒന്നുമില്ലേലും അവളും അമ്മയും നല്ല കൂട്ട് ആണ്, അമ്മയ്ക്ക് ആകെ സങ്കടമാകും…”

” എടാ പിന്നെ ദുഃഖിക്കുന്നതിലും നല്ലത് അല്ലെ ഇപ്പോൾ ഒരു തീരുമാനം അറിയുന്നത്…”അത് കേട്ടപ്പോൾ ഞാനും ആകെ ചിന്തകുഴപ്പത്തിൽ ആയി.

” അളിയാ കുപ്പി കയ്യിൽ ഉണ്ടോ…”അല്പനേരത്തെ ആലോചനകൾക്ക് ശേഷം ഞാൻ മനുവിനോട് ചോദിച്ചു..

” നി പൈസ എടുക്ക് വിളിച്ചു പറഞ്ഞാൽ സാധനം ഇപ്പോൾ കിട്ടും…”” ഡെയ് കൂതറ സാധനം ഒന്നും വാങ്ങല്ലേ….”” പിന്നെ നി അമൃതല്ലേ കുടിക്കുന്നത്, രണ്ടായാലും തലയ്ക്ക് പിടിച്ചാൽ പോരെ…”

അത് പറഞ്ഞ് മനു അവന്റെ സുഹൃത്തിനെ വിളിച്ചു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കുപ്പിയുമായി ആളെത്തി..അതിന്റെ പൈസ അവൻ എന്റെ കയ്യിൽ നിന്ന് തന്നെ വാങ്ങി കൊടുത്തു..

” അളിയാ ഇത് ഏതാ സാധനം…”അവൻ മദ്യം ഗ്ലാസ്സിലേക്ക് പകരുമ്പോൾ ഞാൻ ചോദിച്ചു..

” ഇത് വിസ്ക്കി ആണ്, സാവധാനമേ തലയ്ക്ക് പിടിക്കുള്ളൂ. നി രണ്ടെണ്ണം തട്ടിയിട്ട് വീട്ടിലേക്ക് വിട്ടോ…”

അവൻ ഒഴിച്ചു വച്ചിട്ട് എനിക് നേരെ നീട്ടിയ ഗ്ലാസ് വാങ്ങി ഒറ്റവലിക്ക് കുടിച്ചപ്പോൾ അഞ്ചു രൂപയുടെ നാരങ്ങാ അച്ചാർ പൊട്ടിച്ച് അവൻ എനിക്ക് നേരെ നീട്ടി, ചൂണ്ടു വിരൽ കൊണ്ട് അച്ചറിൽ തോണ്ടി ആ വിരൽ വായിലേക്ക് വച്ചപ്പോൾ മദ്യത്തിന്റെ ശവർപ്പ് അതിൽ അലിഞ്ഞു പോയി….

രണ്ടെണ്ണം അടിച്ചിട്ടും എനിക്ക് ഒരു മാറ്റവും തോന്നാത്തത് കൊണ്ട് ഒന്നു കൂടി വീശിയിട്ട് മനുവിന് റ്റാറ്റയും കൊടുത്തുകൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു…വീട്ടിലേക്ക് നടക്കുമ്പോൾ ഉള്ളിലെ മദ്യം എന്റെ ശരീരത്തിൽ പ്രവർത്തിച്ചു

തുടങ്ങിയിരുന്നു.. ഒരു പരിധിവരെ നേരെ നടക്കാൻ ശ്രമിച്ചു കൊണ്ടാണ് ഞാൻ വീട്ടിലേക്ക് നടന്നത് എങ്കിലും ഇടയ്ക്ക് കാലുകളുടെ താളം തെറ്റിയിരുന്നു..

വീട്ടിലേക്ക് ചെല്ലുമ്പോൾ പ്രീയ തുണി അലക്കി അശയിൽ വിരിച്ചിടുകയായിരുന്നു, കിണറ്റിൻ കരയിൽ നിൽക്കുന്നത് അമ്മയാണോ എന്ന് സംശയിച്ചിരുന്നു കാരണം മദ്യത്തിന്റെ പ്രവർത്തനം കണ്ണുകളുടെ

കാഴ്ചകളെ മങ്ങിപ്പിച്ചിരുന്നു.. ആടി ആടിയാണ് വീട്ടിലേക്ക് കയറിയത്, ഭത്തിയിൽ പിടിച്ച് പിടിച്ചാണ് മുറിയിലേക്ക് കയറിയത്…

” പ്രീയെ…പ്രീയേ…”ഞാൻ ഒരുവിധം കട്ടിലിൽ ഇരുന്നു ഉച്ചത്തിൽ പ്രീയയെ വിളിച്ചു. അൽപ്പം കഴിഞ്ഞാണ് പ്രീയ മുറിയിലേക്ക് വന്നത് അവളുടെ പിറകിൽ നിൽക്കുന്ന രൂപം അമ്മയുടേത് ആണെന്ന് മനസ്സിലാക്കാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നില്ല. അമ്മയുടെ മുഖം കൂടി

കണ്ടപ്പോൾ പിന്നെ എന്റെ നാവ് പൊങ്ങിയില്ല നേരെ കട്ടിലിലേക്ക് മലർന്ന് വീണു. ബോധം മറയുമ്പോഴും അമ്മ എന്തൊക്കെയോ പറയുന്നത് അവ്യക്തമായി ഞാൻ കേട്ടിരുന്നു….

പിന്നെ കണ്ണ് തുറക്കുമ്പോൾ മുറിയിലാകെ ഇരുട്ട് പടർന്നിരുന്നു. ബെഡിൽ കൈ തപ്പിയപ്പോൾ മൊബൈൽ കയ്യിൽ തടഞ്ഞു, നോക്കുമ്പോൾ സമയം എട്ടുമണി കഴിഞ്ഞിരിക്കുന്നു. പുറത്ത് നിന്ന് ടിവിയുടെ ശബ്ദം കേൾക്കാം, പുറത്ത് ഇറങ്ങി അമ്മയെയും

പ്രീയയെയും ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഞാൻ കട്ടിലിൽ തന്നെ കിടന്നു.. ഉച്ചയ്ക്ക് ഒന്നും കഴിക്കാത്തത് കൊണ്ട് വയറ്റിൽ നിന്ന് വിശപ്പിന്റെ വിളിയും കൂടി കൂടി വന്നു…

പിന്നെയും കുറെ കഴിഞ്ഞ് മുറിയിൽ വെട്ടം തെളിഞ്ഞപ്പോൾ ഞാൻ ഉറക്കം നടിച്ച് കിടന്നു…” കുടിയന്റെ ബോധം ഇതുവരെ വീണില്ലേ….”

പ്രീയയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ഒന്നും മിണ്ടാതെ തന്നെ കിടന്നു…” വിശക്കുന്നു എങ്കിൽ എഴുന്നേറ്റ് വല്ലതും കഴിക്ക് അമ്മ കിടന്നു….”

അത് കേട്ടപ്പോൾ ധൈര്യത്തോടെ ഞാൻ തലപൊക്കി അവളെ നോക്കി. അവളുടെ മുഖത്ത് ഒരു പുച്ഛഭാവം നിറഞ്ഞു നിന്നു..ഞാൻ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നപ്പോൾ തല പൊട്ടി പോകുന്ന വേദന തുടങ്ങി…” നല്ല തലവേദന ഉണ്ടല്ലേ.. പോയി ഒന്ന് കുളിക്ക് അൽപം ആശ്വാസം കിട്ടും…”

അവൾ അത് പറയുമ്പോൾ സംശയത്തോടെ അവളെ നോക്കി, ഇവൾക്ക് ഇതിനെ കുറിച്ചൊക്കെ നല്ല അറിവ് അണല്ലോ.. പിന്നെ എഴുന്നേറ്റ് ഒന്ന് കുളിച്ചപ്പോഴേക്കും അൽപ്പം ആശ്വാസം കിട്ടി. കുളി കഴിഞ്ഞ് വന്നപ്പോഴേക്കും പ്രീയ ചോറ്‌എടുത്ത് വച്ചു. അതും കഴിച്ച് വന്ന് കിടന്നപ്പോൾ ചെറിയ തലവേദന ഉണ്ടായിരുന്നു…

അൽപ്പം കഴിഞ്ഞാണ് പ്രീയ മുറിയിലേക്ക് വന്നത്, അവൾ എന്റെ അടുക്കൽ വന്നിരുന്നു..

“അമ്മയ്ക്ക് നല്ല വിഷമം ആയി, പാവം ഒരുപാട് കരഞ്ഞു. എന്തിനാ ഇല്ലാത്ത പുതിയ ശീലങ്ങൾ തുടങ്ങുന്നത്…”

അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ ഞാൻ കട്ടിലിൽ ചാരി ഇരുന്നു…

” നി കാരണം തന്നെയാ ഇതൊക്കെ, നിനക്ക് എന്നെ ഇഷ്ടം അല്ലേൽ പിന്നെ എന്തിനാ കല്യാണത്തിന് സമ്മതിച്ചത്….”

” അതിനു ഇഷ്ടം അല്ലെന്ന് ആരാ പറഞ്ഞേ….”” ഇഷ്ടം അല്ലാത്തത് കൊണ്ടല്ലേ രാത്രി ആകുമ്പോൾ എന്നും ഒരു തലവേദന…”

ഞാൻ അത് പറയുമ്പോൾ ചിരി അടക്കാൻ കഴിയാതെ അവൾ വായ് പൊത്തി ചിരിച്ചു…

” നിങ്ങൾക്ക് ഒരു നീലിമയെ അറിയോ ഡിഗ്രിക്ക് ഒപ്പം പഠിച്ച നീലിമ…”ഞാൻ അൽപ്പനേരം ആലോചിച്ചു..”ആ ചുരുണ്ട മുടിയുള്ള പെണ്ണ് ആണോ…”

“ആഹാ അപ്പൊ ആളിനെ മറന്നിട്ടില്ലല്ലേ…”അവൾ ചുരിച്ചുകൊണ്ട് പറഞ്ഞു…” അവളെ നിനക്ക് എങ്ങനെ അറിയം…”” അവളെയും അറിയാം ആ സ്റ്റെഫിയെയും അറിയാം…”

സ്റ്റെഫിയുടെ പേര് കേട്ടപ്പോൾ ഞാൻ ഒന്ന് പരുങ്ങി, അത് കണ്ടപ്പോൾ പ്രീയ വീണ്ടും ചിരിച്ചു…

” എങ്കിലും മനുഷ്യ നിങ്ങൾ നീലിമയെ ഒന്ന് തിരിഞ്ഞു നോക്കാതെ ആ സ്റ്റെഫിയുടെ പുറകെ ആയിരുന്നല്ലോ എന്നിട്ട് അവസാനം അവൾ തേച്ച് ഭിത്തിയിൽ ഒട്ടിക്കുകയും ചെയ്തു….”

” ഇതൊക്കെ നിനക്ക് എങ്ങനെ അറിയം…”പഴയ കാര്യങ്ങൾ അവൾ പറഞ്ഞപ്പോൾ സംശയത്തോടെ ചോദിച്ചു…

” ഈ നീലിമ എന്റെ കസിൻ ആണ്, അവൾ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ പുറകെ കുറെ നടന്നതും നിങ്ങൾ അവളെ മൈൻഡ് ചെയ്യാതെ സ്റ്റെഫിയുടെ പുറകെ പോയതുമൊക്കെ, നിങ്ങളുടെ ഫോട്ടോ

കണ്ടപ്പോഴേ അവൾക്ക് മനസ്സിലായി അവളാണ് പറഞ്ഞത് നിങ്ങളെ ഒന്ന് വട്ടം ചുറ്റിക്കണം എന്ന്, പക്ഷെ ഇന്ന് കൈവിട്ടു പോകുമെന്ന് തോന്നി…”

അത് പറയുമ്പോൾ അവളുടെ മുഖത്ത് അൽപ്പം ദുഃഖം ഉണ്ടായിരുന്നു..

” സോറി ഞാൻ വെറുതെ തമാശയ്ക്ക് കാണിച്ചത് ആണ് അല്ലാതെ എനിക്ക് ഇഷ്ടകുറവ് ഒന്നുമില്ല…”

” ആണോ എന്ന മോള് അവിടെ മാറി കിടന്നോ എനിക്ക് നല്ല തലവേദന ഉണ്ട് ഇന്ന്….”

അത് പറഞ്ഞു ഞാൻ തിരിഞ്ഞു കിടക്കുമ്പോൾ, തലവേദന ഇപ്പോൾ മാറ്റി തരാം എന്നും പറഞ്ഞവൾ എന്റെ നെറ്റിയിൽ ചുണ്ട് അമർത്തികൊണ്ട് എന്റെ മേലേക്ക് കിടന്നു. ഞാൻ ഇരു കൈകളും കൊണ്ട് അവളെ എനിലേക്ക് ചേർത്ത് പിടിച്ചിരുന്നു…..

 

Leave a Reply

Your email address will not be published. Required fields are marked *