എന്റെ അമ്മയുടെ പ്രേമബന്ധം ഞാൻ അറിയുന്നത്.അമ്മച്ഛൻ ഇതെന്ത് തേങ്ങയാണ് പറയുന്നേ..?’

(രചന: ശ്രീജിത്ത് ഇരവിൽ)

പ്രാണനായി സ്നേഹിച്ച കാമുകിയുമായി വേർപിരിഞ്ഞ നാളിലാണ് എന്റെ അമ്മയുടെ പ്രേമബന്ധം ഞാൻ അറിയുന്നത്.അമ്മച്ഛൻ ഇതെന്ത് തേങ്ങയാണ് പറയുന്നേ..?’

“അതേടാ… റേഷൻ കടയിലെ രാജപ്പനുമായി… നാട്ടിലിനി ഈ വീട്ടിലുള്ളോരേ അറിയാനുള്ളൂ..”

കോളേജ് ബാഗ് ഹാളിലെ സോഫയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അമ്മേയെന്ന് വിളിച്ച് ഞാൻ അലറി. അനിയത്തിയാണ് ആദ്യം ഓടി വന്നത്. പിറകിലൂടെ ചക്കയുടെ വെളനീര് ഒട്ടിപ്പിടിച്ച രണ്ടുകൈകളുമായി അമ്മയും വന്നു.

ഞാൻ കണ്ണുകൾ ഉരുട്ടി. അമ്മ പേടിച്ചില്ല. പകരം എന്താടാ ഇങ്ങനെ കൂവുന്നതെന്നും നിന്റെ അമ്മ ചത്തില്ലെന്നും പറഞ്ഞു. ഞാൻ ആകെ ചൂളിപ്പോയി. അതുമറച്ചുകൊണ്ടാണ് പ്രായാകുമ്പോൾ അമ്മക്കിത് എന്തിന്റെ സൂക്കേടായെന്ന് ഞാൻ ചോദിച്ചത്.

‘എന്തിന്റെ…?'”എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കെണ്ടാ… ” എന്റെ ശബ്ദം വിറച്ചു.നീ പറയെടാ…’ അമ്മയുടെ ശബ്ദം കനത്തു.”റേഷൻ കടയിലെ രാജപ്പനുമായുള്ള സൂക്കേട്…”

അമ്മ മറുപടിയെന്നോണം രണ്ടടി മുന്നോട്ട് കയറി വന്ന് പോടീയെന്ന് അനിയത്തിയോട് കൽപ്പിച്ചു. കേട്ടതും അമ്മച്ഛനും അനിയത്തിയുടെ പിറകിലൂടെ അകത്തേക്ക് പോയി. പിന്നീട് രൂപം കൊണ്ട ശാന്തതയിൽ അമ്മ എന്റെ

അടുത്തേക്ക് വന്നതും ചെറുതല്ലാത്തയൊരു അടി കവിളിൽ തന്നതും പൊട്ടാസ് പൊട്ടുന്നത് പോലെയായിരുന്നു.’നീയെന്റെ അച്ഛനാകല്ലെടാ…’

എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോകുന്നത് കവിളിൽ പറ്റിയ ചക്കയുടെ വെളനീർ തൊട്ടുകൊണ്ട് ഞാൻ നോക്കി നിന്നു. കാമുകി പോയതിന്റെ പിന്നാലെ അമ്മയുടെ കയ്യിൽ നിന്ന് കണക്കിന് കിട്ടുകയും ചെയ്തപ്പോൾ എന്റെ തലക്ക് ഭ്രാന്ത് പിടിച്ചു.

ആ ദേഷ്യത്തിന്റെ ഭ്രാന്ത് തൊട്ടടുത്തുണ്ടായ പതിനെട്ട് ഇഞ്ചിന്റെ ടീവിയിൽ എന്റെ വലതുകൈ കൊണ്ട് കുത്തിപ്പിച്ചു. ടീവിയും കൈയും ഒരുപോലെ തകർന്നു. മൂന്നുപേരും വീണ്ടും ഹാളിലേക്ക് എത്തിയിട്ടും ആരുമൊന്നും മിണ്ടിയില്ല. എനിക്ക് മാത്രം വേദനിച്ചത് ഞാൻ കാട്ടിയതുമില്ല.

നാളുകൾ കഴിഞ്ഞിട്ടും വീട്ടിലുള്ള ആരോടും സംസാരിക്കാൻ എനിക്ക് തോന്നിയില്ല. അമ്മയെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ദേഷ്യം പടപടാന്ന് നെഞ്ചിൽ നിന്ന് ഇടിക്കുന്നു. കാമുകിയെ കല്ലെടുത്ത് എറിയാൻ തോന്നുന്നു.

ലോകം അതിന്റെ എല്ലാ പരിഹാസങ്ങളോടും കൂടി എന്റെ ജീവിതത്തോട് ഇളിച്ചപ്പോൾ താമസം ഞാൻ ഹോസ്റ്റലിലേക്ക് മാറ്റി. പിന്നീട് വർഷമൊന്നായിട്ടും വീട്ടിലേക്ക് ഞാൻ പോയതേയില്ല. ആരും എന്നെ തിരക്കിയതുമില്ല..

അങ്ങനെയൊരു വെറുപ്പിന്റെ ലോകം എന്നിൽ നിർമ്മിക്കപ്പെടുമ്പോഴാണ് കോളേജിൽ നിന്നൊരു ജൂനിയർ പെണ്ണ് എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.. കുങ്കുരു വാവേയെന്ന് വിളിച്ച് മടിയിൽ വെക്കാൻ തോന്നുന്നയൊരു മുയൽക്കുട്ടിയുടെ ഭാവമായിരുന്നു അവൾക്ക്.

എന്റെ ജീവിതത്തിന്റെ പാടത്ത് ആ മുയൽക്കുട്ടിക്കുള്ള ക്യാരറ്റ് കൃഷി ചെയ്യാൻ ഞാൻ അങ്ങനെ തീരുമാനിച്ചു. പ്രതീക്ഷിച്ചത് പോലെ അവൾ വരുകയും അതൊക്കെ തിന്നുകയും ചെയ്തു. തുടർന്ന് ഞങ്ങൾ പ്രേമത്തിന്റെ ആലിംഗനങ്ങളിൽ ഏർപ്പെടുകയായിരുന്നു..

ഒരിക്കൽ എന്റെ വീട്ടുകാരെ കുറിച്ച് അവൾ ചോദിച്ചു. എന്തുകൊണ്ടാണ് വീട്ടിലേക്ക് പോകാത്തതെന്നും എത്ര കാലം കൂട്ടുകാരെ ആശ്രയിച്ച് ഇങ്ങനെ ജീവിക്കുമെന്നും ചോദിച്ചു. മൂന്ന് ചോദ്യങ്ങൾക്കും എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.

അവൾ നിർബന്ധിച്ചുമില്ല. അതുകൊണ്ടായിരിക്കും പതിയേ എനിക്ക് എല്ലാം പറയാൻ തോന്നിയത്…’കണക്കായിപ്പോയി…’

ചക്കയുടെ വെളനീർ കവിളിൽ പറ്റിയ അടിയുടെ കാര്യത്തിലായിരുന്നു അവളുടെ ഭാക്ഷ്യം. കൂടെ നിങ്ങളെന്തൊരു ക്രൂരനാണെന്നും മൊഴിഞ്ഞു. കൂടുതലൊന്നും പറയാനും കേൾക്കാനും

നിൽക്കാതെ ഞാൻ ഹോസ്റ്റലിലേക്ക് പോകുകയായിരുന്നു. ഞാൻ എങ്ങനെയാണ് ക്രൂരനായതെന്ന ചോദ്യമായിരുന്നു മനസ്സ് മുഴുവൻ പിന്നീട്‌ ചർച്ച ചെയ്തത്.

ഒന്നോർത്താൽ കാമുകി നഷ്ടപ്പെട്ട എന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണിനെ ക്ഷണിക്കാൻ സാധിക്കുമെങ്കിൽ അമ്മയ്ക്ക് എന്തുകൊണ്ട് ആയിക്കൂടാ..

എന്റെയൊക്കെ കുരുന്ന് പ്രായത്തിലേ അച്ഛൻ വേറെ ആരുടെ കൂടെയോ പൊറുതി തുടങ്ങിയതാണ്. വാശിയോടെയാണ് ഞാൻ പഠിച്ചതും കോളേജ് വരെ എത്തിയതും. അതിലും വാശിയോടെ രണ്ട് പിള്ളേരേയും ചേർത്ത് പിടിച്ച് ജീവിച്ച അമ്മയുടെ ജീവിതം ഞാൻ അറിയാതെ പോയി.

ഞങ്ങളുടെ ഭാവിയോർത്തായിരിക്കണം അമ്മ മറ്റൊരു ജീവിതത്തെക്കുറിച്ച് അന്നൊന്നും ചിന്തിക്കാതെയിരുന്നത്.. ഇനിയെങ്കിലുമൊന്ന് ജീവിക്കണമെന്ന ചിന്ത വന്നപ്പോൾ വളർത്തി വലുതാക്കിയ മകൻ തന്നെ തടസ്സമായി നിൽക്കുന്നു. ശരിയാണ്.. ഞാൻ ക്രൂരൻ തന്നെയായിരുന്നു…

അടിച്ച കൈകൊണ്ട് തന്നെ അമ്മയെക്കൊണ്ട് എന്റെ കവിളിൽ തലോടിക്കുമെന്ന തീരുമാനത്തിൽ പിറ്റേന്ന് കാലത്ത് തന്നെ ഞാൻ നാട്ടിലേക്ക് തിരിച്ചു. ആദ്യം പോയത് റേഷൻ കടയിലേക്കായിരുന്നു… രാജപ്പനെ കണ്ട് വിശദമായി സംസാരിച്ചു.

അയാളുടെ സന്തോഷം എന്റെ കണ്ണുകൾ നിറച്ചെന്ന് പറഞ്ഞാൽ മതിയല്ലോ.. വൈകുന്നേരത്തിനുള്ളിൽ ടൗണിലേക്ക് പോയി കാര്യങ്ങളൊക്കെ തയ്യാറാക്കി ഞാൻ വീട്ടിലേക്ക് ചെന്നു. അനിയത്തിയും അമ്മച്ഛനും ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. എന്റെ കണ്ണുകൾ പിന്നേയും നിറഞ്ഞുപോയി..

ഞാൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അമ്മ എന്റെ അടുത്തേക്ക് വന്നില്ല. അത്രയ്ക്കും സങ്കടമുണ്ടാകുമെന്ന് മനസിലാക്കിയ ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു.

ക്ഷമിക്ക് അമ്മേയെന്ന് പറഞ്ഞ് പിറകിൽ നിന്ന് കെട്ടിപിടിച്ചപ്പോഴേക്കും അമ്മ വിങ്ങി വിങ്ങി കരയാൻ തുടങ്ങിയിരുന്നു. അന്ന് തല്ലിയ കവിളിൽ തലോടിയും ഉമ്മവെച്ചും സങ്കടങ്ങളെ ഞങ്ങൾ പരസ്പരം ഉണക്കി. ഒടുവിലാണ് നഗരത്തിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന പൊതി ഞാൻ പുറത്തേക്ക് എടുത്തത്.

തുറക്കുമ്പോൾ അനിയത്തിയും അമ്മച്ഛനും അക്ഷമരായി എനിക്കരികിൽ നിന്നു. അമ്മയും ശ്രദ്ധിക്കുന്നുണ്ട്.

പുറത്തെടുത്ത കെട്ട് തുറന്നപ്പോൾ സ്വർണ്ണ ലിപികളിൽ എഴുതിയ ആ കല്ല്യാണക്കത്തിൽ നിന്ന് രാജപ്പന്റെ കൂടെ അമ്മയുടെ പേര് കൂടി അനിയത്തി ഉറക്കെ വായിച്ചു. വായിച്ചവളും കേട്ടവരും ഒരുപോലെ ഞെട്ടി. ആ നേരം അമ്മയൊരു കുഞ്ഞിനെ പോലെ എന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു….!!!

Leave a Reply

Your email address will not be published. Required fields are marked *