സ്വാതന്ത്ര്യമില്ലാത്തവർക്ക് സ്നേഹിക്കാൻ പോലും അർഹതയില്ലായെന്ന് അയാൾ കാതുകളിൽ പറയുന്നത് പോലെ.. തഴച്ച് വളരാനായി താൻ തനിച്ച്

(രചന: ശ്രീജിത്ത് ഇരവിൽ)

പിള്ളേരേയും പൊതിഞ്ഞ് രാത്രിയിൽ കിടക്കുമ്പോഴും നിർമ്മല അസ്വസ്ഥമായിരുന്നു. യാഥാർഥ്യത്തിൽ സ്വാതന്ത്ര്യമില്ലാത്തവർക്ക് സ്നേഹിക്കാൻ പോലും അർഹതയില്ലായെന്ന് അയാൾ കാതുകളിൽ പറയുന്നത് പോലെ..

തഴച്ച് വളരാനായി താൻ തനിച്ച് താമസിക്കുന്ന വീട്ടിലേക്ക് ഇങ്ങനെ ഇടക്കിടേ വരരുതെന്ന് അയാൾ നിർമ്മലയോട് പറഞ്ഞതാണ്.

എന്നാലും കുസൃതിയുടെ മൂക്കുത്തിയിൽ ചിരി തെളിയിച്ച് അവൾ ഇങ്ങനെ വരും. അങ്ങനെ ഏതോയൊരു മയക്കത്തിൽ അയാൾ അവളിലേക്ക് പതിയേ മറിഞ്ഞ് വീഴുകയായിരുന്നു …

അയാൾക്ക് ഒരുപദ്രവും ഉണ്ടാക്കാതെ വീടുമുഴുവൻ നിർമ്മല നടക്കും. അയാൾ വരച്ചുകൂട്ടിയ ചിത്രങ്ങളിൽ കണ്ണെടുക്കാതെ നോക്കിനിൽക്കും. പൊടിയും പഞ്ചാരയുമുണ്ടെങ്കിൽ അടുക്കളയിലേക്ക് കയറി അയാൾക്ക് കാപ്പിയിട്ട് കൊടുക്കും.

അവളുടെ മട്ട് കണ്ടാൽ താനാണ് അഥിതിയെന്ന് വരെ അയാൾക്ക് ഇടക്ക് തോന്നിപ്പോകാറുണ്ട്. എന്തോ.. ഒന്നിനും നിർമ്മലയെ വിലക്കാൻ അയാൾക്ക് തോന്നാറില്ല…

പിറ്റേന്നും അവൾ അയാളുടെ അടുത്തേക്ക് വന്നു. തലേന്ന് പോകുമ്പോൾ തന്നെ ഇഷ്ട്ടമാണോയെന്ന അവളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയതായിരുന്നു അയാൾ. ഉള്ളിലിരുപ്പ് പരസ്പരം അറിയാമെങ്കിലും തുറന്ന് പറയാൻ രണ്ടുപേരും മടിച്ചു. ഇത്തവണ അയാളുടെ മനസ്സ് തുറപ്പിച്ചിട്ടേ അവൾ പോകൂവെന്നത് തീർച്ചയാണ്.

‘നിങ്ങക്കൊരു പേസ്റ്റ് വാങ്ങിച്ചൂടെ..?’കാലത്ത് ഉമിക്കരിയിൽ മുക്കിയ വിരലുകൊണ്ട് അയാൾ പല്ലുതേക്കുമ്പോൾ കയറി വന്നതാണ് നിർമ്മല . ചിരിച്ചുകൊണ്ട് കരിനീര് ഇറങ്ങിയ പല്ലും മോണയും കഴുകി അവളോട് അയാൾ ഇരിക്കാൻ പറഞ്ഞു. അവൾ ഇരുന്നില്ല. ഇഷ്ട്ടമാണെങ്കിൽ മാത്രമേ അകത്തേക്കുള്ളൂവെന്ന് കണിശമായി അവൾ പറഞ്ഞു.

‘നിനക്ക് എന്താണ് അറിയേണ്ടത്…?'”ഇഷ്ട്ടമാണോയെന്ന്…? “‘നിനക്കെന്ത് തോന്നുന്നു….?’നിർമ്മല നിശബ്ദയായി. ഇത്രേം നാൾ ഇടപഴകിയിട്ടും നിനക്കത് മനസ്സിലാകുന്നില്ലെങ്കിൽ നീ കരുതുന്നത് പോലെ ഒരിഷ്ട്ടം തന്നിൽ ഉണ്ടായിരിക്കില്ലെന്നും കൂടി അയാൾ ചേർത്തു. അതുകേട്ടപ്പോൾ അവൾ അകത്തേക്ക് പോയി കടുപ്പത്തിലൊരു കാപ്പിയിട്ട് കൊണ്ടുവന്നു.

‘ഞാനൊരു കാര്യം ചോദിക്കട്ടെ…’ചോദിച്ചോളൂവെന്ന അർത്ഥത്തിൽ അയാൾ മൂളി. തന്നെയൊന്ന് വരച്ചുതരുമോയെന്ന് പതിയേ അവൾ ചോദിച്ചു. എന്നോ വരച്ച് തീർത്ത അവളുടെ ചിത്രത്തിൽ

ചിലപ്പോഴൊക്കെ വെറുതേ തലോടി ഉറങ്ങുന്ന തന്നെ അയാൾ വെളിപ്പെടുത്തിയില്ല. പകരം തനിക്കെന്ത് തരുമെന്ന് ചോദിച്ച് അയാൾ അവളുടെ വിടർന്ന ചുണ്ടുകളിലേക്ക് നോക്കി.

‘എന്തുവേണമെങ്കിലും തരാം….’അതുപറയുമ്പോൾ അവളുടെ മൂക്കുത്തി പതിവിലും തെളിച്ചത്തോടെ മിന്നി. കണ്ണുകൾ പലതവണ ചിമ്മി. ഇന്നൊരു നാൾ തന്റെ കൂടെ ഇവിടെ തങ്ങുമോയെന്ന് അയാൾ അവളോട് ചോദിച്ചു.

നിർമ്മലയ്ക്ക് പിന്നീട് ശബ്ദമുണ്ടായിരുന്നില്ല. തനിക്കതിന് സാധ്യമല്ലെന്ന് പറഞ്ഞ് അവൾ തലകുനിച്ചു. അതിന്റെ പ്രധാന കാരണം ആ കഴുത്തിൽ കിടക്കുന്ന ഒന്നര പവന്റെ കെട്ടുതാലിയാണെന്ന് രണ്ടുപേർക്കും അറിയാമായിരുന്നു.

താൻ നേരിടുന്ന വിലക്കുകളിൽ നിന്ന് അയാളുടെ അടുത്തേക്ക് ഇതുപോലെ ചില മണിക്കൂറുകൾ മാത്രമായി ഓടിയെത്താൻ തന്നെ അവൾക്ക് ഒന്നിൽ കൂടുതൽ കള്ളങ്ങൾ പറയേണ്ടതുണ്ട്.
ജീവിതത്തിന്റെ ഒരുനാൾ പോലും ഇഷ്ടപ്പെടുന്നവർക്കായി തരാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് നീ ഇങ്ങോട്ട് വരുന്നതെന്ന് അയാൾ നിർമ്മലയോട് ചോദിച്ചു.

‘എനിക്ക് നിങ്ങളൊരു ആശ്വാസമാണ്..?’ബീഡി കത്തിച്ച ശേഷം താടി ചൊറിഞ്ഞുകൊണ്ട് ചുരുളുകളായി പുക മേലോട്ടേക്ക് അയാൾ ഊതി. നിന്റെ ആശ്വാസത്തിനായി നിന്ന് തരേണ്ടി വരുന്ന തന്റെ വേഷമെന്താണെന്ന് അയാൾ

അവളെ നോക്കാതെ ചോദിച്ചു. തന്റെ കുഞ്ഞുങ്ങൾ ഇല്ലായിരുന്നുവെങ്കിൽ തന്നെ തീർത്തും വേണ്ടാത്തയൊരു വീട്ടിൽ നിന്ന് എപ്പോഴേ താൻ ഇറങ്ങി വരുമായിരുന്നുവെന്ന് നിർമ്മല തേങ്ങി..

അവളുടെ കണ്ണുകൾ തുടക്കണമെന്നും മാറോട് ചേർത്ത് നെറ്റിയിൽ ചുംബിക്കണമെന്നും അയാൾക്കപ്പോൾ തോന്നിയിരുന്നു. പക്ഷേ, പൂർണ്ണമായി പങ്കിടാൻ പറ്റാത്തയൊരു ബന്ധത്തിന്റെ തുടക്കം കുറിക്കാൻ അയാൾക്ക് ആഗ്രഹമുണ്ടായിരുന്നില്ല.

തനിയേ ജീവിക്കുന്ന ചിലരുടെ സന്തോഷമെന്നത് സ്വതന്ത്രമായ വികാര വിചാരങ്ങളിൽ പാറാൻ സാധിക്കുമെന്നതാണ്. അതുകൊണ്ട് തന്നെ പങ്കുവെക്കാൻ പറ്റാത്ത സ്നേഹം കൊണ്ട് ആ ചിറകുകളെ അരിഞ്ഞിടാൻ അയാൾക്ക് സാധിക്കുമായിരുന്നില്ല.

പാറാൻ ശേഷിയില്ലാതെ വെറുതേ നിരാശഗീതവും പാടി വെയിലിന്റെ പാറമേൽ ഇരിക്കുന്നത് അയാൾക്ക് ചിന്തിക്കാനേ പറ്റുമായിരുന്നില്ല..

‘നിങ്ങൾക്ക് എന്നെ വരക്കാൻ പറ്റുമോ.. ഇല്ലയോ..?’നിർമ്മലയുടെ ആ ശബ്ദത്തിന് അവസാനമായി ചോദിക്കുന്നതാണെന്ന സ്വരമായിരുന്നു. തീർത്തും ഇല്ലെന്ന് പറഞ്ഞ് അയാൾ തലകുനിച്ചു. കണ്ണുകൾ നിറയുന്നതിന് മുമ്പേ അവൾ പടിയിറങ്ങി. അയാൾക്ക് തന്നെ മനസിലാക്കാൻ പറ്റുന്നില്ലല്ലോയെന്ന് ഓർത്ത് നടത്തത്തിൽ അവൾ കൂടുതൽ വിതുമ്പി.

അയാൾ പകർത്തിയാൽ മാത്രമേ താൻ പൂർണ്ണമാകൂവെന്നായിരുന്നു നിർമ്മലയുടെ മനസ്സിൽ…. തിരിഞ്ഞുനോക്കാതെയുള്ള നടത്തമായത് കൊണ്ട് എന്നോ തന്റെ ഉള്ളിൽ പൂശിയ അവളുടെ നിറങ്ങളേയും ഓർത്ത് അയാൾ പുഞ്ചിരിക്കുന്നത് നിർമ്മല കണ്ടതേയില്ല.

അല്ലെങ്കിലും, ഒരാളുടെ തീരുമാനത്തിൽ മാത്രം ചലിക്കേണ്ടി വരുന്ന ബന്ധങ്ങളിൽ നിലനിൽക്കുന്ന പങ്കാളിയുടെ ഹൃദയം ആര് കാണാനാണല്ലേ…!

നിർമ്മലയുടെ ജീവനിൽ പൂർണ്ണമായും അമർന്ന് ചേരാൻ തനിക്ക് യോഗമില്ലെന്ന അർത്ഥത്തിൽ അവൾ അകലുന്നത് വരെ അയാൾ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.

ആ നേരങ്ങളിൽ തന്റെ കണ്ണുകളിൽ നനവ് തളം കെട്ടിയത് പോലും അയാൾ അറിഞ്ഞിരുന്നില്ല. ആ ചിത്രകാരന്റെ തലയിൽ മുഴുവൻ ഒലിച്ചുപോകാൻ തുടങ്ങിയ നിർമ്മലയുടെ നിറങ്ങൾ മാത്രമായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *