അവൾ ഒരു ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോയി ചേച്ചീ….” “സന്തോഷേ നീ വേണ്ടാതീനം പറയല്ലേ…..” മഞ്ജുവിന്റെ ശബ്ദം ഉയർന്നു.

സന്തോഷത്തിന്റെ താക്കോൽ.,…

രചന- Deva Shiju

……………….. (ചെറുകഥ )……………

ഉണങ്ങിയ ബ്രെഡ്‌ പീസിന്റെ മുകളിലേക്ക് അല്പം ചീസ് തേച്ചു പിടിപ്പിച്ചു വായിലേക്കു വയ്ക്കുമ്പോൾ മഞ്ജുവിന് നാട്ടിലെ പ്രഭാതഭക്ഷണം ഓർമ്മ വന്നു.

തേങ്ങയും കാ‍ന്താരിമുളകും ലേശം മഞ്ഞളും കൂടി കല്ലിൽ വച്ചരച്ച്, പാകത്തിന് ഉപ്പും ചേർത്തു വേവിച്ചെടുത്ത കപ്പ അൽപാൽപ്പമായി എടുത്ത് വറുത്തരച്ചുവച്ച നാടൻ അയലക്കറിയുടെ ചാറിൽ മുക്കി വായിലേക്കു വയ്ക്കുമ്പോൾ കിട്ടുന്ന ആ സുഖം….. അതിന്റെ ചെറുചൂടും എരുവും നാവിൽ അങ്ങനെ ഊറിനിന്നപ്പോൾ യാതൊരു രുചിയുമില്ലാത്ത ബ്രെഡും ചീസും അറിയാതെ തന്നെ വയറ്റിലേക്കു പൊയ്ക്കൊണ്ടിരുന്നു.

നാട്ടിലേക്ക് വീഡിയോ കാൾ വിളിച്ച് അല്പനേരം സംസാരിക്കാനും ഷാജിയേട്ടനെയും മോളെയും കാണാനും സമയം കിട്ടുന്നത് ഇപ്പോൾ മാത്രമാണ്. പ്രഭാതഭക്ഷണത്തിനു ശേഷം തുടങ്ങുന്ന ജോലികൾ മിക്കവാറും തീരുമ്പോൾ രാത്രിയാവും. അപ്പോഴേക്കും അവർ ഉറക്കം പിടിച്ചിട്ടുണ്ടാവും.

മൂന്നുനാലു വട്ടം മോളുടെ ഫോണിലേക്ക് വിളിച്ചു നോക്കി. ഫോൺ റിംഗ് ആകാതെ വന്നപ്പോൾ ഷാജിയേട്ടന്റെ നമ്പറിൽ നെറ്റ് കാൾ വിളിച്ചു. ബെൽ ആകുന്നുണ്ട് പക്ഷേ എടുക്കുന്നില്ല. എന്തെങ്കിലും തിരക്കായിരിക്കും അല്ലെങ്കിൽ അപ്പായും മുത്തും തമ്മിലുള്ള ചക്കര വാർത്തമാനത്തിൽ തന്റെ ഫോൺ ബെൽ മുങ്ങിപ്പോയതാവാം.

അക്കാര്യം ഓർത്തപ്പോൾ മഞ്ജുവിന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. മോൾക്ക് പത്തൊൻപതു വയസ്സു കഴിഞ്ഞു. ഇന്നുവരെ ഷാജിയേട്ടന്റെ നാവിൽ നിന്ന് അവളുടെ ശരിക്കുള്ള പേര് വീണു കേട്ടിട്ടില്ല. ‘ മുത്തേ ‘ എന്നുള്ള വിളി ഒരു വട്ടം കേൾക്കുന്നവർ പോലും ആ പേര് നെഞ്ചിൽ വച്ചു താലോലിച്ചു പോകും.

അവൾക്കു തിരിച്ചും അങ്ങനെ തന്നെ. അപ്പാ ആണ് അവളുടെ ഹീറോ, അമ്മയൊക്കെ എത്രയോ പടികൾ താഴെ! പക്ഷേ ഒരിക്കലും അസൂയ തോന്നിയിട്ടില്ല, അഭിമാനം മാത്രം.

കുടുംബസ്വത്തായി ഒന്നും കിട്ടിയിട്ടില്ല ഷാജിയേട്ടന്. തനിയെ അദ്ധ്വാനിച്ചു ഉണ്ടാക്കിയെടുത്തതാണ് ഒന്നരയേക്കർ ഭൂമിയും അതിലൊരു കൊച്ചു വീടും. ആ വീട് ഒന്ന് പുതുക്കിപ്പണിയുക എന്നത് വലിയൊരു ആഗ്രഹം ആയിരുന്നു. ‘എന്നെക്കൊണ്ടു കൂട്ടിയാൽ കൂടുമെന്നു തോന്നുന്നില്ല മഞ്ജു’ എന്നു പലവട്ടം പറയുന്നത് കേട്ടിട്ടുണ്ട്.

മോൾ പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് താൻ വിദേശത്ത് ജോലിക്കു പോകുന്ന കാര്യം ഷാജിയേട്ടനോട് സൂചിപ്പിച്ചത്. പോകുന്നത് വീട്ടുവേലക്കാണെന്ന് അറിയാവുന്നതു കൊണ്ടുതന്നെ ആദ്യമൊക്കെ എതിർത്തുവെങ്കിലും നല്ലൊരു വീട്, മോളുടെ വിവാഹം അങ്ങനെ മുൻപോട്ടു നോക്കുമ്പോൾ ഉണ്ടാകുന്ന ചിലവുകൾ ഒരു സാധാരണ കൃഷിക്കാരന് സ്വസ്ഥമായി താങ്ങാൻ കഴിയില്ല എന്നുറപ്പുള്ളതു കൊണ്ട് അവസാനം സമ്മതിച്ചു.

ജോലിക്കു വന്നിട്ടു മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. വീടു പണി പൂർത്തിയായി. ഈ വർഷം നാട്ടിൽ പോകണം. ഇന്ന് പക്ഷേ ഒരിക്കലും ഇല്ലാത്ത പോലെ മനസ്സിന് ഒരു ഭാരം തോന്നി മഞ്ജുവിന്. വീണ്ടും മോളെയും ഷാജിയേട്ടനെയും മാറിമാറി വിളിച്ചു നോക്കി. ഒരു പ്രതികരണവും ഇല്ല.

മനസ്സ് വീട്ടിൽ കടമായി വച്ച് ശരീരം കൊണ്ട് ജോലികൾ ചെയ്യുന്നതിനിടയിൽ ഫോണിൽ സന്തോഷിന്റെ വാട്സാപ്പ് കാൾ വന്നു. മഞ്ജുവിന്റെ ഒരേയൊരു ആങ്ങളയാണ് സന്തോഷ്.

“ചേച്ചി എവിടെയാ?””ഞാൻ ഡ്യൂട്ടിയിലാടാ…… എടാ മോനെ ഞാൻ വീട്ടിലേക്കു വിളിച്ചിട്ട് മുത്തിനെയും അപ്പയെയും കിട്ടുന്നില്ലെടാ… നീയൊന്നു നോക്കിക്കേ….”

മഞ്ജുവിനെക്കാൾ പത്തു വയസ്സിനു ഇളയതാണ് സന്തോഷ്. വീടിന്റെ അടുത്ത് ഒരു കിലോമീറ്റർ മാത്രം അകലത്തിൽ ആണ് മഞ്ജുവിന്റെ തറവാട്.

“ഞാൻ ഇവിടെ ഷാജിയേട്ടന്റെ അടുത്തുണ്ട് ചേച്ചി….””ആഹ് ഹാ…. മുത്ത് എന്തിയേടാ?””ചേച്ചി…. അത്… നമ്മുടെ മുത്ത് ഒരു ചെറിയ അബദ്ധം കാണിച്ചു..”

കാല്പാദത്തിൽ നിന്ന് ഒരു തരിപ്പ് വിറയൽ പോലെ ശരീരം മുഴുവൻ പടർന്നു മഞ്ജുവിനെ ഒന്നു പിടിച്ചു കുലുക്കി.

“എടാ…… എന്തുപറ്റി എന്റെ കൊച്ചിന്……?””അവൾ ഒരു ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോയി ചേച്ചീ….”

“സന്തോഷേ നീ വേണ്ടാതീനം പറയല്ലേ…..” മഞ്ജുവിന്റെ ശബ്ദം ഉയർന്നു. “….. നീ ഷാജിയേട്ടന്റെ കയ്യിലേക്ക് ഫോൺ കൊടുത്തേ…””മഞ്ജു….””ഷാജിയേട്ടാ… അവനെന്തൊക്കെയാ ഈ പറയുന്നത്…. മുത്തെന്തിയെ…..?”

“നമ്മുടെ മുത്തിനു നമ്മളെ വേണ്ടാന്ന്……. ആ ഓട്ടോക്കാരൻ ദിവാകാരന്റെ മകനെ അവളു കല്യാണം കഴിച്ചൂന്ന്…… ” നെഞ്ചു പൊട്ടിയുള്ള ഒരു പിടച്ചിൽ പോലെ ആയിരുന്നു ആ ശബ്ദം “…… നീയിങ്ങോട്ടു വാ മഞ്ജു… നീ വിളിച്ചാൽ നമ്മുടെ മോളു തിരിച്ചു വന്നെങ്കിലോ…..”

അതു ഷാജിയുടെ ശബ്ദം പോലെയായിരുന്നില്ല മഞ്ജുവിന്റെ ചെവികളിൽ പതിച്ചത്. ഇടതു നെഞ്ചിൽ നിന്ന് ഒരു പുകച്ചിൽ…… അതു മുകളിലേക്കു പടർന്ന് തൊണ്ടക്കുഴിയെ ചുട്ടുപൊള്ളിച്ചുകൊണ്ട് നീരാവി പോലെ എന്തോ ഒന്ന് അവളുടെ കണ്ണുകളെ മറച്ചു കളഞ്ഞു.

ശരീരം തളർന്നു താഴേക്കിരിക്കുമ്പോൾ ഷാജിയേട്ടന്റെ നെഞ്ചിൽ പറ്റിക്കൂടിക്കിടന്ന് ഒരേ ശ്വാസ താളത്തിൽ കണ്ണോടു കണ്ണിൽ നോക്കി കൊഞ്ചിക്കൊണ്ട് പരസ്പരം വിളിക്കുന്ന രണ്ടു രൂപങ്ങൾ മുന്നിൽ തെളിഞ്ഞു.

“അപ്പേ…. ” കിലുങ്ങുന്ന കൊലുസിന്റെ മുത്തുമണികൾക്കൊപ്പമുള്ള ചിരി..”അപ്പേടെ മുത്തേ…. ” നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന കൊച്ചു കണ്ണുകളിൽ നോക്കി ഒരു ജന്മത്തിന്റെ മുഴുവൻ വാത്സല്യവും നിറഞ്ഞ മറുചിരി…..

വളർന്നു വലിയ പെൺകുട്ടിയായിട്ടും അപ്പയുടെ നെഞ്ചിന്റെ ചൂടിൽ മുഖം പൂഴ്ത്തിയിരുന്നാൽ എപ്പോൾ വേണമെങ്കിലും ശാന്തമായി ഉറങ്ങുന്ന മകളും, മകളുടെ ഉറക്കത്തിനു ശല്യമാവാതിരിക്കാൻ കൈകാലുകൾ പോലുമനക്കാതെ ചലനമറ്റിരിക്കുന്ന അപ്പയും….. ആ അപ്പയെ ഇട്ടിട്ട് ഇറങ്ങിപ്പോകാൻ തന്റെ മോൾക്ക് കഴിയുമോ.

ജോലി ഉപേക്ഷിച്ച് കയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്ത് നാട്ടിൽ വിമാനമിറങ്ങുമ്പോഴും മഞ്ജുവിനു വിശ്വാസമുണ്ടായിരുന്നു താൻ വിളിച്ചാൽ അവൾ തിരിച്ചു വരുമെന്ന്. അപ്പയുടെ കണ്ണിൽ ഒരു ചെറു കരടു വീണ് നിറഞ്ഞാൽപ്പോലും ഒപ്പം കരയുന്ന മുത്തിന് എങ്ങനെ എല്ലാം ഇട്ടെറിഞ്ഞു പോകാനാവും?

വീട്ടിലെത്തി ഷാജിയെ കണ്ടപ്പോൾ മഞ്ജു അതുവരെ അടക്കി വച്ചിരുന്ന മുഴുവൻ നിയന്ത്രങ്ങളും വിട്ട് എങ്ങലടിച്ചു കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു പോയി.

മുഖവും ഇട്ടിരിക്കുന്ന ഷർട്ടും നിറയെ ചെളിയും മണ്ണും. ചൊടിയുടെ ഒരു വശത്ത് ചോര ഉണങ്ങിപ്പിടിച്ചിരിക്കുന്നു. ചതഞ്ഞു നീലച്ച വലതു കണ്ണ്.

“രണ്ടു ദിവസമായി ചേച്ചീ ഒരേ ഇരുപ്പിരിക്കാൻ തുടങ്ങീട്ട്…… എന്തെങ്കിലും മിണ്ടിയിട്ടില്ല..വെള്ളം പോലും കുടിക്കാൻ കൂട്ടാക്കാതെ…. എന്തിനു?…. ഒന്നു കരഞ്ഞെങ്കിൽ മതിയായിരുന്നു….” സന്തോഷിന്റെ സ്വരം പതറി, കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു.

ഷാജിയെ അളിയാ എന്നല്ല ഏട്ടാ എന്നാണ് അവൻ വിളിച്ചിരുന്നത്. ഷാജി മഞ്ജുവിനെ കല്യാണം കഴിക്കുമ്പോൾ വെറും എട്ടു വയസ്സു പ്രായമുള്ള മൂന്നാം ക്ലാസ്സുകാരൻ ആയിരുന്നു അവൻ.

ഷാജിയുടെ ആ ഇരുപ്പു കണ്ടിട്ട് വീട്ടിനുള്ളിലേക്ക് കയറാൻ മഞ്ജുവിനു തോന്നിയില്ല.

“നിനക്കറിയാമോടാ അവളുടെ വീട്..?” അവൾ സന്തോഷിനെ നോക്കി.ബൈക്ക് ഡ്രൈവ് ചെയ്യുന്നതിനിടയിൽ സന്തോഷ് പറഞ്ഞു കൊണ്ടിരുന്നു.

“എന്റെ കൂട്ടുകാർ പറഞ്ഞറിഞ്ഞു ഞാൻ ഏട്ടനെ വിളിക്കുമ്പോഴും വീടിനു പരിസരത്ത് മുത്തിനെ തിരയുകയായിരുന്നു ചേച്ചീ…. ഷാജിയേട്ടൻ. അവൾ അപ്പയോടു പറയാതെ എങ്ങോട്ടോ പോയി എന്നു വിശ്വസിക്കാൻ പോലും ഏട്ടനു കഴിഞ്ഞിട്ടില്ല.”

“അവൾക്ക് കോളേജിൽ പോകുന്ന വഴിക്ക് കണ്ടുള്ള പരിചയവും ഇഷ്ടവുമാണ് അവനുമായി എന്ന് എല്ലാരും പറയുന്നു.”

വിവരം അറിഞ്ഞ ഉടനേ ഞാൻ എത്തി. എന്റെ ബൈക്കിനു പിന്നിൽ ഉടുത്തിരുന്ന വസ്ത്രങ്ങളുമായി ഷാജിയേട്ടൻ കയറി. ഞങ്ങൾ ഓട്ടോക്കാരൻ ദിവാകാരന്റെ വീട്ടിൽ എത്തുമ്പോൾ അമ്പലത്തിൽ വച്ചു വിവാഹം കഴിച്ച് പെണ്ണും ചെറുക്കനും വീട്ടിലേക്ക് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

ഓടു മേഞ്ഞ ചെറിയ വീടിന്റെ മുറ്റത്തും താഴെ റോഡിലുമായി കുറച്ചു ആളുകൾ നിൽപ്പുണ്ടായിരുന്നു. റോഡിൽ നിന്ന് മുറ്റത്തേക്ക് കെട്ടിയുയർത്തിയ ചെറിയ ഒതുക്കു കല്ലുകൾ കയറി ഷാജിയും സന്തോഷും മുറ്റത്തേക്ക് എത്തുമ്പോൾ ദിവാകാരൻ ആർക്കോ ഉച്ചത്തിൽ വിശദീകരണം നൽകുകയായിരുന്നു.

“ദിവസോം കാണുമ്പോൾ എന്നെ ഉപദേശിച്ചു കൊണ്ടിരുന്നവനാ ഷാജി….. കള്ളുകുടിക്കരുത്, ജീവിതം ഇങ്ങനെ നശിപ്പിക്കാതെ എന്തെങ്കിലും സമ്പാതിക്ക് എന്നൊക്കെ….. എന്നിട്ടിപ്പോ എന്തായി…..?

അവനും അവന്റെ പെമ്പറന്നോരും തുപ്പലു വിഴുങ്ങി ഉണ്ടാക്കിയതു മൊത്തം അനുഭവിക്കാൻ യോഗം ആർക്കാ…… എന്റെ ചെക്കനും എനിക്കും… ” ഒരു വഷളച്ചിരിയോടെ അയാൾ തിരിഞ്ഞു നോക്കിയത് ഷാജിയുടെ കണ്ണുകളിലേക്കായിരുന്നു.

ദിവാകരനെ ദഹിപ്പിക്കാൻ പോന്ന ഒരു നോട്ടം നോക്കിയിട്ട് ഷാജി വീട്ടിനുള്ളിലേക്കു നടന്നു.

ചെറിയ ഹാളിനുള്ളിൽ അയല്പക്കത്തെ കുറച്ചു പെണ്ണുങ്ങളുടെ നടുക്ക് മുത്ത്. ഉടുക്കാനറിയാതെ വാരി വലിച്ചു ചുറ്റിയപോലെ പാട്ടുസാരിയിൽ തന്റെ മോൾ!

ഷാജിയെ കണ്ടതും പെണ്ണുങ്ങൾ ചാടി എഴുന്നേറ്റു. ഒപ്പം മുത്തും! ഒരക്ഷരം പോലും മിണ്ടാതെ മകളുടെ കയ്യിൽ പിടിച്ച് ഷാജി തിരിഞ്ഞു നടന്നു മുൻവാതിൽ കടന്നു വരാന്തയിലേക്ക് വന്നു.

ഒരു നിമിഷം അമ്പരന്നു പോയ ദിവാകരൻ ഓടി വന്ന് അവരുടെ വഴി തടഞ്ഞു നിന്നുകൊണ്ടു പറഞ്ഞു.

“എന്റെ മകൻ കെട്ടിക്കൊണ്ടു വന്ന പെണ്ണാ അവള്…. കൊണ്ടുപോകാൻ ഞാൻ സമ്മതിക്കൂല…”

“മുന്നീന്നു മാറി നിക്കടാ നായേ…..” ഷാജിയുടെ പരുക്കൻ ശബ്ദം പല്ലുകൾക്കിടയിലൂടെ അമർന്ന് ഒരു മുരൾച്ച പോലെ പ്രകമ്പനം കൊണ്ടു. ദിവാകരൻ അറിയാതെ ഒരു സൈഡിലേക്ക്‌ മാറിപ്പോയി!

“ദേ ചേട്ടാ…. ചേട്ടന്റെ ഭരണം അങ്ങു വീട്ടിൽ മതി…. ഇതു ഞങ്ങടെ വീടാ….” ദിവാകരന്റെ അരികിൽ നിന്ന ഒരു ചെറുപ്പക്കാരൻ മുത്തിനെ മുറുക്കിപ്പിടിച്ചിരുന്ന ഷാജിയുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു.

വലതു കൈകൊണ്ട് അവന്റെ കൈ വിടുവിച്ച് ഒറ്റ കൈകൊണ്ട് ഷാജി അവനെ ചുരുട്ടിയെടുത്തു മുറ്റത്തേക്കെറിഞ്ഞു. റോഡരുകിൽ കെട്ടിയുയർത്തിയിരുന്ന മുറ്റത്തിന്റെ അരികുതോറും നാട്ടുവളർത്തിയിരുന്ന ചെടികൾക്കിടയിലൂടെ അവൻ റോഡിലേക്കു തെറിച്ചു വീണു.

ദിവാകരനൊപ്പം വന്നിരുന്ന ഓട്ടോ ഡ്രൈവർമാരിൽ ആജനാബാഹുവായ സജി ഷാജിക്കു നേരെ കുതിച്ചു. ഷാജിക്കൊപ്പം വരാന്തയിൽ നിന്നിറങ്ങി വന്നിരുന്ന സന്തോഷിന്റെ ഒരിടി അവന്റെ താടിയെല്ലു തകർത്തു! ദയനീയമായ ഒരു ഞരങ്ങലോടെ സജി നിലത്തേക്കിരുന്നു!

പുരക്കകത്തു നിന്ന് ദിവാകരന്റെ മകൻ അജയൻ, മുത്തിന്റെ ഭർത്താവ്, ചാടിയിറങ്ങി വന്നു. പക്ഷേ ഷാജിയുടെ പിന്നിൽ നിന്നവർ അവനെ ബലമായി വീടിനുള്ളിലേക്കു വലിച്ചു.

എല്ലാം കൈവിട്ടു പോകുകയാണെന്ന് ദിവാകരനു മനസ്സിലായി! ചെറുപ്പം മുതൽ മണ്ണിനോടു മല്ലടിച്ചു കാരിരുമ്പുപോലെ ഉറച്ച ശരീരമുള്ള ഷാജി… കൂട്ടിന് നാട്ടിലെ വടം വലി ടീമിന്റെ പുറം വടം പിടിക്കുന്ന ക്വിന്റൽ സന്തോഷ്…. തനിക്കൊപ്പമുള്ള ഓട്ടോക്കാരും ചെറുക്കന്റെ കൂട്ടുകാരുമടക്കമുള്ള പത്തു പന്ത്രണ്ടു പേരല്ല ഇനിയുമൊരു പന്ത്രണ്ടു പേരു വന്നാലും എല്ലാവരെയും അടിച്ച് ഒരു വശത്തിട്ടിട്ട് അവർ പെണ്ണിനേയും കൊണ്ടു പോകും!

പെട്ടന്ന് മുത്തിനരുകിലേക്ക് നടന്നുകൊണ്ട് അയാൾ പെണ്ണുങ്ങൾ കരയും പോലെ ഒരു കള്ളക്കരച്ചിൽ കരഞ്ഞു.

“മോളേ… മുത്തേ… പിടിവാശിക്കാരനായ നിന്റെ അപ്പനെക്കൊണ്ട് എന്നേം എന്റെ ചെറുക്കനേം തല്ലിച്ചതപ്പിക്കാൻ വേണ്ടിയാണോടീ മോളേ നീ ഇഷ്ടമാണെന്നു പറഞ്ഞു കല്യാണം കഴിപ്പിച്ചത്……?”

ഷാജിയുടെ കയ്യിൽത്തൂങ്ങി യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്ന മുത്ത് ഒന്നു നിന്നു!”… എന്നാപ്പിന്നെ ഇവനേം കൂടി അങ്ങു കൊന്നേച്ചു പോ മോളെ…..” കരഞ്ഞുകൊണ്ട് അയാൾ മകനെ ഷാജിയുടെ മുന്നിലേക്ക് തള്ളി വിട്ടു.

മുത്ത് ഷാജിയുടെ കൈ കുടഞ്ഞു വിടുവിച്ചു.”മോളെ… ” ഷാജിയുടെ അധരം വിറകൊണ്ടു.

“വിട്…ഇവരെ തല്ലാൻ എന്തധികാരമാണ് നിങ്ങൾക്കുള്ളത്…? ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോന്നതാ…. ഇതാണെന്റെ ഭർത്താവ്… ” അവൾ അജയനെ കൈ പിടിച്ച് അടുത്തേക്ക് ചേർത്തു നിർത്തി.

“മുത്തേ….. നിന്റെ അപ്പയാടീ ഞാൻ….. ” ഷാജി നിയന്ത്രണം വിട്ട് കൈകൾ കൂപ്പി യാചിച്ചു കൊണ്ട് മകൾക്കു മുന്നിലേക്ക് മുട്ടു കുത്തി.

“ഛെ…” ഒരടി പിന്നോട്ടു മാറിക്കളഞ്ഞു അവൾ .”….. ഇറങ്ങിപ്പോകുന്നുണ്ടോ ഇവുടുന്ന്..” ഉച്ചത്തിൽ ആക്രോശിച്ചു കൊണ്ട് ഭർത്താവിന്റെ കയ്യും പിടിച്ച് അവൾ അകത്തേക്ക് കയറി മുൻവാതിൽ വലിച്ചടച്ചു!

തകർന്നു താഴെക്കിരുന്നുപോയി ഷാജി!!ദിവാകരൻ കിട്ടിയ തക്കത്തിന് ചെരുപ്പിട്ട കാലുയർത്തി ഷാജിയുടെ കണ്ണും ചൊടിയും ചേർത്ത് ഒറ്റച്ചവിട്ട്. അയാൾ വരാന്തയിൽ നിന്ന് സ്റ്റെപ്പുകൾക്കു മുകളിലൂടെ ഉരുണ്ട് മുറ്റത്തേക്കു വീണു.

സന്തോഷിന് ഭൂമി കീഴ്മേൽ മറിഞ്ഞതുപോലെ തോന്നി! അവൻ നിന്ന നിൽപ്പിൽ വായുവിൽ ഉയർന്ന് കാലു മടക്കി ദിവാകരന്റെ കരണത്തിന്നിട്ട് ഒന്നു കൊടുത്തു! ദിവാകരൻ വീടിന്റെ ഭിത്തിയിൽ ഇടിച്ച് താഴേക്കു വീണ് കണ്ണറിയാൻ വയ്യാതെ ചുറ്റും പരതിക്കൊണ്ടിരുന്നു. വായിൽ നിന്ന് കട്ടച്ചോരക്കൊപ്പം അടർന്നു പോയ പല്ലുകളും തറയിലേക്ക് വീണു.

സന്തോഷ് മുറ്റത്തിറങ്ങി ഷാജിയെ പിടിച്ചെഴുനേൽപ്പിച്ചു താങ്ങിയെടുത്തു ബൈക്കിൽ കയറ്റിക്കൊണ്ടു പോരുന്നതു കണ്ടിട്ടും ആരും നിന്നിടത്തു നിന്നും അനങ്ങിയില്ല.

ബൈക്ക് റോഡിൽ നിർത്തുമ്പോഴേ മഞ്ജു കണ്ടു മുറ്റത്തു നിൽക്കുന്ന മുത്തിനെ! ഇടനെഞ്ചിനുള്ളിലെ കൊളുത്തിപ്പിടുത്തം കണ്ണീർതുള്ളികളായി പുറത്തേക്കുവരാതിരിക്കാൻ ദീർഘമായി ഒന്നു നിശ്വസിച്ചിട്ട് മഞ്ജു ബൈക്കിൽ നിന്നിറങ്ങി.

മഞ്ജുവിനെ കണ്ടിട്ടും പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവും അവളുടെ മുഖത്തു കണ്ടില്ല. ജീവന്റെ ജീവനായി കരുതിയിരുന്ന തന്റെ മകൾ!! മൂന്നു വർഷങ്ങൾക്കു ശേഷം കാണുമ്പോൾ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുമെന്നു കരുതി! പക്ഷേ…..

“അജയേട്ടാ…..” മുത്ത് അകത്തേക്കു നോക്കി വിളിച്ചു. മഞ്ജുവിന്റെ നെഞ്ച് തുടികൊട്ടി. തന്നെ വിളിച്ചു വീട്ടിലേക്ക് ഇരുത്താൻ വേണ്ടി ഭർത്താവിനെ വിളിക്കുന്നു….

അകത്തു നിന്നും കൈലി മടക്കിക്കുത്തിക്കൊണ്ട് അജയൻ വെളിയിലേക്കു വന്നു.”ദാ..ഇതാണ് എന്റെ അമ്മ…..” അവൾ മഞ്ജുവിനു നേരെ വിരൽ ചൂണ്ടി.

“അമ്മ വന്നു വിളിച്ചാൽ ഞാൻ കൂടെ പോകുമോ എന്നായിരുന്നില്ലേ അജയേട്ടന്റെ സംശയം…? എന്നാൽ കേട്ടോളൂ!”

അവൾ നിന്നിടത്തുനിന്ന് ഒരു പടി മുന്നോട്ടു കടന്നു വന്നു. എന്നിട്ട് മഞ്ജുവിന്റെ കണ്ണുകളിലേക്ക് നോക്കിപ്പറഞ്ഞു.

“ദാ…. ഈ നിൽക്കുന്നതാണ് എന്റെ ഭർത്താവ് അജയൻ! നിങ്ങൾക്ക് നിങ്ങളുടെ ഭർത്താവ് എത്രമാത്രം പ്രിയപ്പെട്ടതാണോ അതുപോലെ എനിക്കും എന്റെ ഭർത്താവ് അത്രമാത്രം പ്രിയപ്പെട്ടതാണ്! ഇതുപോലുള്ള ഗുണ്ടകളെയും കൊണ്ട് ഇനി ഞങ്ങളെ ആക്രമിക്കാൻ വരരുത്….. പ്ലീസ്…. അപേക്ഷയാണ്!”

ബൈക്കിന് മുകളിൽ തന്നെ ഇരിക്കുകയായിരുന്ന സന്തോഷ് മുഖത്തു ചൂടുവെള്ളം വീണപോലെ പിടഞ്ഞു. മഞ്ജു പതിയെ അവന്റെ നേരെ തിരിഞ്ഞു.

“അതേയ്…..വീട്ടിൽ ചെല്ലുമ്പോൾ നിങ്ങളുടെ ഭർത്താവിനു കൂടി ഇക്കാര്യങ്ങൾ ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം…” പിന്നിൽ നിന്ന് മുത്തിന്റെ ശബ്ദം വീണ്ടും കേട്ടു.

ആ മുറ്റത്തേക്കുള്ള സ്റ്റെപ്പുകൾ ഓടിക്കയറി അവൾക്കടുത്തെത്തണമെന്നും കവിൾത്തടങ്ങൾ പൊട്ടുന്ന ഒരടിയെങ്കിലും കൊടുക്കണമെന്നും മഞ്ജുവിനു തോന്നി. പക്ഷേ ബൈക്കിലേക്ക് കയറിയിരുന്ന് തല പിന്നോട്ടു തിരിച്ച് അവൾ ഒരു നോട്ടം മാത്രം നോക്കി! അവൾക്കു പറയാനുള്ളതു മുഴുവൻ ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

ബൈക്ക് വന്നു മുറ്റത്തേക്കു നിന്നപ്പോൾ ഷാജി ചാടിയെഴുന്നേറ്റു. പക്ഷേ മഞ്ജുവിനെയും സന്തോഷിനെയും മാത്രം കണ്ട് നിരാശയോടെ തല വിലങ്ങനെ ആട്ടി.

“വന്നില്ല അല്ലേ…… എന്റെ മുത്തു വന്നില്ല അല്ലേ…? ” പതറിപ്പതറിച്ചോദിച്ചുകൊണ്ട് അയാൾ മഞ്ജുവിന്റെ കയ്യിൽ പിടിച്ചു.

“എന്നാലും ന്റെ മുത്ത് ഒരു വാക്ക് ഈ അപ്പായോട് പറഞ്ഞില്ലല്ലോ മഞ്ജു…..” അയാളുടെ കണ്ണിൽ നിന്നും നീർതുള്ളികൾ ചാലിട്ടൊഴുകി.

“പറഞ്ഞിരുന്നെങ്കിൽ……? ” മഞ്ജു ഉച്ചത്തിൽ ചോദിച്ചു കൊണ്ട് ഷാജിയെ പിടിച്ചു കുലുക്കി.

“…. പറഞ്ഞിരുന്നെങ്കിൽ പത്തൊൻപതു വയസ്സു മാത്രം പ്രായം ഉള്ള എട്ടും പൊട്ടും തിരിയാത്ത നിങ്ങടെ മോളേ അതുപോലൊരു വൃത്തികെട്ട ഫാമിലിയിൽ ആണത്തം എന്തെന്നു പോലും അറിയാത്ത ഒരുത്തനു കെട്ടിച്ചു കൊടുക്കുമോ…?”

“ചേച്ചി…. ” സന്തോഷ് ഇടയ്ക്കു കയറി “….. എന്നാലും അവൾ എന്തു കണ്ടിട്ടാണ് അതുപോലൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയത്…?”

“പലതും….. പലതുമുണ്ടാവാം സന്തോഷേ…… അവളുടെ അപ്പനും അമ്മയ്ക്കും അമ്മാവനുമൊന്നും കൊടുക്കാൻ കഴിയാത്ത പലതും അവൾ അവനിൽ കണ്ടിട്ടുണ്ടാവാം…… ലോകത്തെ ഓരോ പെണ്ണിനും ഓരോ മനസ്സാണ്…. അതിലെ ഇഷ്ടങ്ങൾ കണ്ടുപിടിക്കാൻ അവളെ സൃഷ്ടിച്ച ദൈവത്തിനു പോലും കഴിഞ്ഞെന്നു വരില്ല….”

“എന്നാലും ചേച്ചി…അവൾ ഒരാളുടെ സന്തോഷത്തിനു വേണ്ടി എത്ര പേരുടെ ജീവിതം ആണ് ഇല്ലാതാക്കിയത്?”

“സന്തോഷേ…. മുത്ത് ഉണ്ടായപ്പോൾ മുതൽ ഷാജിയേട്ടൻ പറയുന്ന ഒരു കാര്യം ഉണ്ടായിരുന്നു.മുത്തേ….. നിന്റെ ചിരിയിലാണ് അപ്പയുടെ സന്തോഷത്തിന്റെ താക്കോൽ… എന്ന്.”

“ഷാജിയേട്ടാ…. ആ സന്തോഷത്തിന്റെ താക്കോൽ അവിടെയുണ്ടോ എന്നന്വേഷിച്ചാണ് ഞാൻ ഇന്നു പോയത്. പക്ഷേ കണ്ടില്ല… ഇനിയത് ഉണ്ടാവില്ല …. അപ്പേടെ മുത്തിന്റെ മുഖത്ത് കളങ്കമില്ലാത്ത ആ ചിരി ഇനി

ഉണ്ടാവില്ല…..നിങ്ങടെ സന്തോഷത്തിന്റെ താക്കോൽ എന്നെന്നേക്കുമായി കളഞ്ഞു പോയി….. പക്ഷേ നിങ്ങളുടെ ജീവിതത്തിന്റെ താക്കോൽ…. അത് എനിക്കു വേണം, അതു എന്റെ മാത്രം സ്വന്തമാണ് ഷാജിയേട്ടാ!”

“ജീവിതം…..നമ്മളിനി ആർക്കു വേണ്ടി ജീവിക്കണം മഞ്ജു…?””നിങ്ങളിതുവരെ ജീവിച്ചത് ആർക്കൊക്കെയോ വേണ്ടിയായിരുന്നില്ലേ…? ഇനിയുള്ള നാളുകൾ നിങ്ങൾക്കു വേണ്ടി ജീവിച്ചു കൂടെ?…. ഞാനുമുണ്ടാവും കൂടെ, നിങ്ങൾക്കുവേണ്ടിയല്ല….. എനിക്കും ജീവിക്കണം എനിക്കു വേണ്ടി മാത്രം.”

കണ്ണിലെ തിളക്കം എരിയുന്ന കനൽപ്പോലെ ആളിക്കത്തിച്ചു കൊണ്ട് മഞ്ജു ഷാജിയുടെ കൈപിടിച്ചുകൊണ്ട് അകത്തേക്കു നടന്നു

മൂന്നു മാസങ്ങൾക്കു ശേഷം ഒരു ദിവസം പോലിസ് സ്റ്റേഷനിൽ എസ് ഐ യുടെ മുന്നിൽ ഇരിക്കുകയായിരുന്നു സന്തോഷ്.

“എന്താ സാറേ….? എന്തിനാണ് വിളിപ്പിച്ചത്?””തനിക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ സന്തോഷേ….”

“എനിക്കെതിരെ..?..എന്താണ് പരാതി?””ഈ നിൽക്കുന്ന പെൺകുട്ടിയുടെ അപ്പനെയും അമ്മയെയും താൻ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും അവരെ കണ്ടു പിടിച്ചു തരണമെന്നും അതോടൊപ്പം ഇവൾക്ക് മാതാപിതാക്കളുടെ സ്വത്തുവകകളിലുള്ള അവകാശം സ്ഥാപിച്ചു കിട്ടണം എന്നുമാണ് പരാതി.”

സന്തോഷിന്റെ വലതുവശത്ത് ടേബിളിന്റെ അങ്ങേ അറ്റത്തുള്ള കസേരയിൽ വിളറി വെളുത്തു വല്ലാത്തൊരു കോലമായി മുത്ത് ഇരിപ്പുണ്ടായിരുന്നു. അടുത്ത് അജയനും.

“സാറേ…. ഈ ഇരിക്കുന്ന പെൺകുട്ടിയാണെങ്കിൽ… ഒരു മൂന്നു മാസം മുൻപുവരെ ഞങ്ങടെ കുടുബത്ത് ഉണ്ടായിരുന്നതാ കേട്ടോ….”

“ഇവളുടെ അപ്പനേം അമ്മേം താൻ ഒളിപ്പിച്ചു വച്ചിട്ടുണ്ടോ….?””അയ്യോ സാറേ…… അല്ലെങ്കിൽ വേണ്ട, സാറ് പറഞ്ഞാൽ വിശ്വസിക്കത്തില്ല. ഞാൻ ഫോണിൽ വിളിച്ചു തരട്ടോ?”

സന്തോഷിന്റെ ഫോണിലെ വീഡിയോ കോളിൽ ഷാജിയും മഞ്ജുവും പ്രത്യക്ഷപ്പെട്ടു.”ഷാജിയേട്ടാ…. നിങ്ങളിതിപ്പോ എവിടെയാ…?”

“മോനെ ഞങ്ങൾ പാരീസിൽ ഈഫൽ ടവറിന്റെ അടുത്തിരുന്ന് ഇത്തിരി കിന്നാരം പറയുവാടാ…. അല്ല നീയിതെവിടെയാ… വീട്ടിലല്ലേ?”

“അല്ല ഷാജിയേട്ടാ…. പോലിസ് സ്റ്റേഷൻ വരെ വന്നതാ… എസ് ഐ ക്ക് നിങ്ങളെ ഒന്നു കാണണം എന്ന്…”സന്തോഷ്‌ ഫോൺ എസ് ഐ ക്കു കൊടുത്തു.

“നിങ്ങൾ എന്തിനാ പാരീസിനു പോയത്?””ഞങ്ങൾ ഒരു വേൾഡ് ടൂറിന് ഇറങ്ങിയതാ സാറേ…. ഒരു ആറു മാസം കഴിയും തിരിച്ചെത്താൻ. എന്താ സാറേ…. എന്തെങ്കിലും പ്രശ്നം?”

“ഹേയ് ഒന്നുമില്ല…. എൻജോയ്!”എസ് ഐ ഫോൺ കട്ട് ചെയ്തു തിരിച്ചു കൊടുത്തു.”ഹാ… സാറേ സ്വത്തു വകകളിലുള്ള അവകാശം എന്ന് പരാതിയിൽ കേട്ടു….പിന്നെ എന്റെ അറിവിൽ അവർക്കു രണ്ടുപേർക്കും ഇനി സ്വത്തുവകകൾ ഒന്നും തന്നെയില്ല! ഉള്ളതു മൊത്തം വിറ്റിട്ടല്ലേ ടൂറിനു പോയത്…? ബാക്കിയൊണ്ടാരുന്നത് ശിഷ്ടകാലം സ്വസ്ഥമായി ജീവിക്കാൻ ഏതോ ട്രസ്റ്റിനു കൊടുത്തു എന്നു കേട്ടിരുന്നു…”

“അല്ല എന്തൊക്കെയാണ് സന്തോഷേ ഇത്…?” എസ് ഐ മുന്നോട്ടൊന്നു ആഞ്ഞിരുന്നു.

സന്തോഷ് സംഭവങ്ങൾ ചുരുക്കത്തിൽ പറഞ്ഞു കേൾപ്പിച്ചു.”അളിയൻ തന്റെ സന്തോഷത്തിന്റെ താക്കോൽ ഏതോ ഒരു ചിരിയിൽ ഒളിപ്പിച്ചു വച്ചിരുന്നെന്നോ…. ആ ചിരി മാഞ്ഞപ്പോൾ താക്കോൽ കാണാതെ പോയെന്നോ ഒക്കെ കേട്ടു സാറേ…… പക്ഷേ ഭാഗ്യത്തിന് അവരുടെ ജീവിതത്തിന്റെ താക്കോൽ പെങ്ങടെ കയ്യിൽ ഉണ്ടാരുന്നു….. അല്ലെങ്കിൽ ഇപ്പൊ രണ്ടും…….”

“ഉം…. ” എസ് ഐ ക്കു കാര്യങ്ങൾ മനസ്സിലായി. അയാൾ അജയനെ നോക്കി പറഞ്ഞു.”ഡാ…. പറഞ്ഞത് കേട്ടല്ലോ അല്ലേ….. ആരും ആരേം ഒളിപ്പിച്ചു വച്ചിട്ടൊന്നുമില്ല…”

“അത്…. സാറേ സ്വത്ത്‌….?””ഛീ….എഴുന്നേൽക്കടാ .. നാണമില്ലേടാ…. പോ പോയി അധ്വാനിച്ചു ജീവിക്കാൻ നോക്ക്…”

“എന്നാപ്പിന്നെ സാറേ…. ഞാനങ്ങോട്ട്…. ” സന്തോഷും എഴുന്നേറ്റു.എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ എസ് ഐ അടുത്തുനിന്ന പൊലീസുകാരനോട് ചോദിച്ചു.

“ആന്റണി സാറേ… സാറിന്റെ സന്തോഷത്തിന്റെ താക്കോൽ എവിടെയാ…?””അതു പിന്നെ മക്കടെ ചിരിയിലല്ലിയോ സാറേ….?”

“ഉം…… മിനിമം ജീവിതത്തിന്റെ താക്കോൽ എങ്കിലും ഭാര്യയെ ഏൽപ്പിക്കണം അല്ലെടോ…?””അതെന്തിനാ സാറേ ഒള്ളതെല്ലാം വിറ്റിട്ട് ടൂറു പോകാനാണോ?”

“തന്റെ മക്കൾ ഇങ്ങനെ ആവില്ല എന്നുറപ്പു പറയാൻ തനിക്കു കഴിയുമോടോ?..”

“അതു പറ്റത്തില്ല സാറേ.. “”അപ്പോപ്പിന്നെ ജീവിതത്തിന്റെ താക്കോലും മിനിമം ഇന്ത്യൻ ടൂറിനെങ്കിലും ഉള്ള വകയും കരുതി വക്കുന്നത് നല്ലതാടോ…..മരിക്കുന്നതിന് മുൻപ് കുറച്ചു ദിവസമെങ്കിലും നാം നമുക്കു വേണ്ടി ജീവിച്ചു എന്നോർത്തു സന്തോഷിക്കാമല്ലോ. ”

 

Leave a Reply

Your email address will not be published. Required fields are marked *