ചില വെന്തുരുകലുകൾ
(രചന: Jolly Shaji)
ഒരു കൊച്ച് ആലസ്യമോടവൾ
മുറിയിലൂടെ ചുറ്റിതിരിഞ്ഞു
എന്തിനെന്നറിയാത്തൊരു വെപ്രാളം അവളിൽ കടന്നു വന്നു കാലുകളിൽ കടച്ചില് തോന്നുന്നു
നടുവിലൊരു കൊളുത്തിപ്പിടിത്തം
മനസ്സിൽ അറിയാത്തൊരു തേങ്ങൽ
തുടകൾക്കിടയിലെ നനവ് അവളിൽ
പരിഭ്രാന്തി പടർത്തി അടിവയർ പൊത്തിയവൾ കൂനിക്കൂടി..
അവളിലെ വിലക്കുകൾക്ക് തുടക്കമായി… പിന്നീടങ്ങോടു നിഷേധങ്ങളുടെ ദിനങ്ങൾ ആയിരുന്നു..
പെണ്ണിന് പ്രായപൂർത്തിയായി ഉമ്മറത്ത് വന്നിരുന്നു കൂടാ, ഓടിക്കളിക്കേണ്ട പ്രായം കഴിഞ്ഞു, ആൺകൂട്ടുകാർ ഇനി നിനക്ക് വേണ്ട,
മൂവന്തിക്കു വെളിയിലിറങ്ങാൻ പാടില്ല,
സന്ധ്യാദീപം തെളിയിക്കാൻ പാടില്ല,
അങ്ങനെ അവളിൽ അരുതുകൾ വന്നു..
പിന്നീടുള്ള മാസങ്ങളിലെ ആ ദിനങ്ങൾ അവൾക്കു വേദനയുടെയും ദേഷ്യത്തിന്റെയും മൗനത്തിന്റെയും ആയിരുന്നു..
അധികം താമസിയാതെ
ചായക്കപ്പുമായി വിലപേശലുകൾക്കും
അംഗലാവണ്യമളന്നു മാർക്കിടാനും
വേണ്ടി പ്രദർശനവസ്തു ആവുകയാവുകയായിരുന്നു അവളുടെ അടുത്തപടി…
ചൊവ്വയെന്നൊരു ദോഷം കൂടിയുണ്ടെങ്കിൽ മാർക്കറ്റിൽ ഡിമാറ്റുകൾ കൂടുന്നു അവൾക്കു..
പിന്നെയൊരു പറിച്ചുനടീൽ ആണ് അവളെ ഇന്നലെ വരെ ആരുതുകൾക്കിടയിലും സ്വാതന്ത്ര്യം ഉണ്ടായിരുന്നവളെ മറ്റൊരു ലോകത്തേക്ക് പറഞ്ഞു വിട്ടു വീട്ടുകാർ തങ്ങളുടെ കടമ നിറവേറ്റി..
കിടപ്പറയിൽ പുരുഷന്റെ ഇഗിതങ്ങൾക്കു തയ്യാറാവാൻ ചിലപ്പോളൊക്കെ മടിക്കുന്നവളെ അവൻ കുത്തുവാക്കുകൾ കൊണ്ട് മൂടുമ്പോൾ
തന്റെ ശരീര ഘടനയുടെ മാറ്റങ്ങൾ മനസ്സിലാക്കാത്ത ഭർത്താവിനോട് പലപ്പോളും അവൾക്കു വെറുപ്പ് തോന്നിപ്പോകും..
പിന്നീടവളിൽ അവൾ തന്നെ മാറ്റങ്ങൾ
സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു
ചിലപ്പോളൊക്കെ പരാജയം അവളെ
തോൽപ്പിക്കാൻ ശ്രമിക്കും
അപ്പോളൊക്കെ കൊച്ച് കൊച്ച് പിണക്കങ്ങളും ശാസനകളും അവളിലൂടെ കടന്നുപോയി
പക്ഷെ പലപ്പോളും അവൾ മൗനിയായി
അവളുടെ സങ്കടങ്ങൾക്ക് പലപ്പോഴും
ഇരയായി മാറുന്നത് അടുക്കളയിലെ
പാത്രങ്ങൾ ആയിരുന്നു..
ഒരുനാൾ അവളുടെ നാവിൽ ഭക്ഷണത്തോട് ആരുചികൾ തോന്നി തുടങ്ങി..
പതിവായി പുലർച്ചെ എണീക്കുന്നവൾ
കട്ടിൽ വിട്ടെണീക്കാൻ മടിക്കുന്നു..
അടുപ്പിൽ തിളച്ചുതൂവുന്ന ചോറിൻ മണം അവളെ അലോസരപ്പെടുത്തുന്നു…
മഞ്ഞവെള്ളം ശർദ്ദിച്ചു അവശയായി കിടക്കുമ്പോൾ കേൾക്കാം അമ്മായിഅമ്മയുടെ മുറുമുറുക്കൽ..
“ഞാനും പെറ്റതാണ് നാലഞ്ചെണ്ണത്തിനെ, എനിക്കൊന്നും താങ്ങാൻ ആരും ഉണ്ടായിരുന്നുമില്ല,”
ഈ വാക്ക് കേൾക്കുമ്പോൾ അവളിലെ എല്ലാ ഷീണവും എവിടേക്കോ ഓടി മറയും…
ഓരോദിവസവും വീർത്തു വരുന്ന വയർ… മുറ്റമടിക്കാനും തുണികഴുകാനുമൊക്ക കുനിയുമ്പോൾ പലപ്പോളും വളരെ ബുദ്ധിമുട്ട് തോന്നും…
ഇടയ്ക്കു ഭർത്താവ് സഹായിക്കാൻ വരും… എങ്ങാനും അമ്മ കണ്ടുപോയാൽ മകൻ അന്ന് അച്ചികോന്തൻ…
വയറ്റിൽ കിടന്ന് ഇടയ്ക്കു വില്ലന്റെ കുത്തലും മറിയലും പറയുകയേ വേണ്ടാ…
അല്പം മധുരം കൂടുതൽ കഴിച്ചുപോയാൽ ആള് അന്ന് ഭയങ്കര സന്തോഷം ആണ്… ഒരുവിധം അടുക്കളയൊക്ക ഒതുക്കി ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ ചെന്നാലോ….
അവിടൊരാൾ നോക്കിയിരുപ്പാണ്…. വയ്യെന്നോ ഷീണമെന്നോ കുഞ്ഞു വയറ്റിൽ ഉണ്ടെന്നോ ഒന്നും ആൾക്ക് അറിയേണ്ട…
ഏഴാം മാസം വീട്ടുകാര് കൂട്ടികൊണ്ട് പോവാൻ വരുന്നു എന്ന് കേൾക്കുമ്പോൾ എന്താ ഒരു സന്തോഷം…. പോകാൻ റെഡിയാകുമ്പോൾ കെട്ടിയോൻ ഇത്തിരി സങ്കടം കൂടുതൽ ആവും..
“രണ്ടീസം കഴിഞ്ഞു ഞാൻ വരാം അപ്പൊ നീയിങ്ങു പോന്നേക്കണം… നീയില്ലാതെ എനിക്ക് പറ്റില്ല “..
എവിടുന്നോ രണ്ടുത്തുള്ളി കണ്ണുനീരും.. ഇല്ലായ്മയുടെ സങ്കടം എന്തെന്ന് തനിക്കു അറിയാവുന്നതു കൊണ്ട് ഉള്ളിൽ ചിരി പൊട്ടിവരും.. പിന്നെ അമ്മയുടെ വകയാണ്..
“നീ പോയാൽ പിന്നെ ഈ വീട് ഉറങ്ങിപ്പോകും.. അന്തിക്ക് ഒന്ന് രണ്ടു വർത്താനം പറഞ്ഞിരിക്കാൻ ആരുമില്ലാതെ ഞാൻ വിഷമിക്കും..
അതോണ്ട് നീ ഇങ്ങ് പോന്നേക്കണം… അമ്മ ഇവിടുന്നു ആശുപത്രിയിൽ കൊണ്ടുപോകാം നിന്നെ “..
സന്ധ്യമയങ്ങും മുന്നേ വിളക്കും വെച്ച് സീരിയലിനു മുന്നിലിരുന്നു കരയുകയും ചിരിക്കുകയും ചെയ്യുന്ന അമ്മ…
അത് കഴിയും വരെ വീട്ടിലൊരാളു മിണ്ടാൻ പോലും സമ്മതിക്കാറില്ല…. അവൾ അത് തലകുനുക്കി സമ്മതിച്ചു..
അങ്ങനെ വീണ്ടും അവൾ തന്റെ വസന്തം പൂത്ത വാടിയിലെത്തി…
അമ്മ പച്ചമരുന്നുകൾ ഇട്ടു കാച്ചിയ എണ്ണ തലയിലാകെ പുരട്ടികൊടുത്തു…
“ഇവിടുന്നു പോകുമ്പോൾ എന്തോരും മുടിയുണ്ടായിരുന്ന കൊച്ചാണ്… ഇപ്പൊ ദേ എലിവാല് പോലെ അവിടേം ഇവിടേം തൂങ്ങി…
മുടി സൂക്ഷിക്കാൻ എവിടെ നേരം… ഏതുനേരോം തീറ്റയും ഉറക്കവും അല്ലേ… പക്ഷേ ഈ തിന്നതൊന്നും ശരീരത്തിൽ കാണുന്നെ ഇല്ല “…
പാവം അമ്മ…. ഇതുവരെ താൻ അമ്മയോട് ഒന്നും പറഞ്ഞിട്ടില്ല.. അവിടെ അമ്മയാണ് എല്ലാം ചെയ്യുന്നേ താൻ അമ്മയെ സഹായിക്കുകയെ ഉള്ളു എന്നല്ലേ പറഞ്ഞേക്കുന്നെ… പിന്നെ അമ്മയെ കുറ്റപ്പെടുത്തിട്ടു കാര്യമുണ്ടോ…
മൂന്നാം ദിവസം ആള് കൃത്യമായി എത്തി.. അന്നവിടെ തങ്ങി… പിറ്റേന്ന് പോവാൻ ഇറങ്ങിയപ്പോൾ താനും കൂടെ പോയി..
ഓരോദിവസം പോകും തോറും ഷീണം കൂടി വന്നു…
ഒരു ദിവസം രാവിലെ എണീറ്റപ്പോൾ മുതൽ വയറിനൊരു വേദന പോലെ… ഇടയ്ക്കു നാടുവിനും ഒരു കൊളുത്തിപ്പിടുത്തം… ജോലികൾ ഒന്നും കഴിഞ്ഞിട്ടില്ല…
വയ്യെന്ന് പറഞ്ഞാൽ അമ്മയുടെ മുഖം മാറും… ഏട്ടൻ ജോലിക്ക് പോവുകയും ചെയ്തു.. വേദന മെല്ലെ കാൽ കടച്ചിൽ ഉഷ്ണം ഒക്കെ ആയി മാറുന്നു..
“അമ്മേ എനിക്ക് വല്ലാത്ത ഒരു ഷീണം പോലെ കാലും നടുവുമൊക്കെ പൊട്ടിപോകും വേദനയും ഉണ്ട് “..
അമ്മ തറപ്പിച്ചൊന്നു നോക്കി..
“പേറിനു ദിവസം ഇനിയും പത്തുപന്ത്രണ്ടു ഉണ്ടല്ലോ… ആ ഇതുപോലെ വേദന ഒക്കെ ഉണ്ടാവും… ഞാൻ പെറാൻ പോണേനു തൊട്ടുമുൻപ് ഒരു ബക്കറ്റ് തുണി കഴുകി ഇട്ടു..
വീട്ടിലെ സർവ്വ ജോലിയും തീർത്താണ് പോയത്… അതോണ്ട് എന്താ കണ്ണടച്ച് തുറക്കും മുന്നേ ഞാൻ പ്രസവിച്ചു “…
ഇനിയും മിണ്ടിയാൽ ശെരിയാവില്ല… അവൾ വീണ്ടും അടുക്കളയിലേക്കു പോയി…
ഒരുവിധം പണികൾ ഒതുക്കി… പെട്ടെന്നാണ് അടിവസ്ത്രത്തിൽ നനവ് പോലെ തോന്നിയത്…. അവൾ ആകെ പരിഭ്രാന്തി ആയി… ഈശ്വരാ ഇതെന്താ.. അവൾ നോക്കി കൊഴുത്ത വെള്ളം പോലെ…
“അമ്മേ എനിക്ക് വെള്ളം പോലെ എന്തോ പോകുന്നു “… ഇതുകേട്ട അമ്മ പെട്ടെന്ന് ഞെട്ടി..
“അയ്യോ എന്നിട്ടു നീയെന്താ പറയാത്തത് അപ്പോൾ ”“ഇപ്പോൾ ആണ് അങ്ങനെ ”പിന്നെ എല്ലാം പെട്ടെന്ന് ആരുന്നു.. അടുത്ത വീട്ടിലെ കാറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും ഏട്ടൻ അവിടെ എത്തിയിരുന്നു…
വേദന കൂടിക്കൂടി വന്നു… തുടകൾ പൊട്ടിപ്പോകുന്ന വേദന… നേരെ ലേബർ റൂമിലേക്ക് കയറ്റി…
നടുവും വയറും പൊട്ടിപോകുന്നത് പോലെ… അവൾ പൊട്ടിവന്ന കരച്ചിൽ തോർത്തുമുണ്ടിൽ കടിച്ചു പിടിച്ച് ഒതുക്കി…. നേഴ്‌സുമാർ തന്റെ കാലുകൾ പൊക്കിവെച്ചു…
“കുട്ടി ഇറങ്ങി വരുന്നുണ്ട് മോള് ശെരിക്കും ബലം പിടിച്ച് മു ക്കിക്കേ ”ഇത്തിരി പ്രായമായ ഡോക്ടർ ആണ്നേഴ്‌സുമാർ മെല്ലെ മെല്ലെ വയറിൽ അമർത്തുന്നുണ്ട്… കരയാൻ പോലും വയ്യാത്ത അവസ്ഥയിൽ ആണ് താൻ..
“ദേ വരുന്നുണ്ട്, ഒന്നൂടെ മുക്ക് ശെരിക്കും”…അവൾ ആവും വിധം മു ക്കി… ഉള്ളിൽ കിടന്ന് വികൃതി കാട്ടിയവൻ പുറമേക്ക് എത്തി….
“ആൺകുട്ടി ആണ്…നേഴ്‌സുമാർ പുക്കിൾകൊടി മുറിച്ചു മാറ്റി…. തന്റെ ഓമനയെ കാണിച്ചു തന്നു… അവളിലെ എല്ലാവേദനയും ഓടിമറഞ്ഞു…
“സ്റ്റിച്ചു ഇടാൻ പോവുകയാണ് ഇത്തിരി വേദന കൂടി സഹിക്കണേ ” …സിസ്റ്റർ ആ പറഞ്ഞതൊന്നും അവൾ കേട്ടെ ഇല്ല.. അവളുടെ ശ്രദ്ധ അടുത്ത ബെഡിൽ കിടത്തി ഒരു സിസ്റ്റർ കുഞ്ഞിനെ തുടക്കുന്നത് ആയിരുന്നു..
പിന്നീടുള്ള ദിവസങ്ങൾ അവൾക്കു കുഞ്ഞിന് വേണ്ടിയായിരുന്നു… കുഞ്ഞ് രാത്രിയൊക്ക ഉണർന്നു കരയുമ്പോൾ അവൾ ചാടി എണീക്കും… അപ്പോളൊക്ക അമ്മ പറയും…
“പെറ്റുകിടക്കുന്ന പെണ്ണാണ്… പതുക്കെ എണീക്കു…. മോള് ഉറങ്ങിക്കോളു അമ്മ കുഞ്ഞിനെ എടുത്തോളാം “…
“എന്റമ്മ എനിക്ക് വേണ്ടി എത്ര ഉറക്കിളച്ചതാണ് ഇനി എന്റെ കുഞ്ഞിന് വേണ്ടിയും അമ്മ ഉറക്കം കളയേണ്ട… കുഞ്ഞിനെ ഞാൻ നോക്കിക്കോളാം അമ്മ ഉറങ്ങിക്കോളൂ.”
പ്രസവം കഴിഞ്ഞതേ അവളിലെ പ്രസരിപ്പ് കുറഞ്ഞു .. മാ റി ട ങ്ങൾ തൂങ്ങി… വയറിലെ പാടുകൾ മറ്റാരും കാണാതിരിക്കാൻ സാരിയുടുക്കുമ്പോൾ അവൾ നന്നേ പാടുപെട്ടു…
കുഞ്ഞിന്റെ ഓരോ വളർച്ചയിലും അവൾ താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്നു… കൂടെ വീടും വീട്ടുജോലിയും..
അവൻ ഓടി നടന്നു തുടങ്ങിയപ്പോളേക്കും അവളിൽ വീണ്ടും ഗർഭാലസ്യം പക്ഷേ ഇക്കുറി അവൾ എല്ലാം സഹിക്കാൻ തയ്യാറായി കാരണം മൂത്തകുട്ടിയും കുടുംബവും അവൾ നോക്കിയേ പറ്റു…
അടുത്ത പ്രസവം, പിന്നെ അവരെ വളർത്തൽ കുട്ടികളെ പഠിപ്പിക്കൽ അങ്ങനെ അവളുടെ ദിവസങ്ങൾ മുന്നോട്ടു ഓടിപ്പോയ്ക്കൊണ്ടിരുന്നു…
ഇതിനിടെ അമ്മായി അമ്മ വീഴ്ച ആയി… അമ്മയുടെ ശുശ്രൂഷ… അമ്മയുടെ മരണം…. മക്കളെ പഠിപ്പിച്ചു ഓരോ ജോലി ആക്കൽ….
ഇടയ്ക്കു കണ്ണാടിയിൽ നോക്കിയപ്പോൾ ആണ് തനിക്കു പ്രായം കൂടി വരുന്നത് അവൾ അറിഞ്ഞത്…. നെറ്റിക്കു മുകളിൽ ഉള്ള മുടികളിൽ വെള്ളി വീണുതുടങ്ങി…
പിന്നെ മോളെ കെട്ടിച്ചു… മോനെകൊണ്ട് വിവാഹം കഴിപ്പിച്ചു.. വിദ്യാഭ്യാസം ഉള്ള മരുമകൾ… അല്പം ഉയർന്ന വീട്ടിലെ കുട്ടി.. പോരാത്തതിന് ജോലിക്കാരി…
തന്റെ വീട്ടിലെ ചിട്ടകൾ ഒരിക്കലും അവളിൽ കുത്തിയേൽപ്പിച്ചില്ല…തന്റെ വീട്ടിൽ ഇന്നലെ വരെ താൻ എങ്ങനെയോ അതുപോലെ ഇന്നും…
മകളെ അന്യവീട്ടിലേക്കു വിവാഹം ചെയ്ത് വിട്ടപ്പോൾ മറ്റൊരു മകൾ വീട്ടിലേക്കു വന്നു…
ഉടനെ തന്നെ മുത്തശ്ശി ആയി… ജോലി ഭാരം കൂടി… മക്കൾ ജോലിക്കുപോകും കൊച്ചുമക്കളെ നോക്കണം… അതിനിടെ അദ്ദേഹം കിടപ്പിലായി…
പെട്ടെന്നൊരു ദിവസം തന്റെ നെറ്റിയിലെ സിന്ദൂരം മായിച്ചു അദ്ദേഹം യാത്രയായി…. ഒറ്റപ്പെടൽ അനുഭവിച്ച ദിനങ്ങൾക്ക് തുടക്കം ആയി…
അങ്ങനെ ഇരിക്കെയാണ് മക്കൾ ജോലിക്കായി വിദേശത്തേക്ക് പോകുന്നു എന്ന തീരുമാനം എടുക്കുന്നത്…
അവർ മക്കളെയും കൊണ്ടുപോയാൽ താൻ ഈ വീട്ടിൽ ഒറ്റക്കാവും… ഇപ്പോൾ തന്നെ വയ്യാതായി… അതിനും മരുമകൾ തീരുമാനം കണ്ടെത്തി….
“അമ്മയെ ഏതേലും നല്ല വൃദ്ധസദനത്തിൽ ആക്കാം… എന്നിട്ടു ഈ വീട് വാടകയ്ക്ക് കൊടുക്കാം… വാടക കാശ് മതി അമ്മയുടെ കാര്യങ്ങൾക്കു അവിടെ കൊടുക്കാൻ ”പിന്നെ കാര്യങ്ങൾ പെട്ടെന്ന് ആയിരുന്നു….
മുരടിച്ചു തുടങ്ങിയ ആ ചെടി വീണ്ടും പറിച്ചു നട്ടു… പക്ഷേ ഈ പ്രാവശ്യം അവൾ സന്തോഷവതി ആയിരുന്നു… തന്റെ അതെ അവസ്ഥയിൽ ഉള്ള കുറേപേർക്കൊപ്പം ആണല്ലോ താനും എത്തിയത്….
അവിടെ എല്ലാരും തുല്യരാണ്… ഒരുമിച്ചു ഒരേമുറിയിൽ ഭക്ഷണം, ഉറക്കം പ്രാർത്ഥന എല്ലാം..
അവർക്കു ആരോടും പരാതികൾ ഇല്ല.. സന്തോഷം മാത്രേ ഉള്ളു… ആ വീട്ടിൽ തന്നെ ഒറ്റക്കാക്കി മക്കൾ പോയില്ലല്ലോ… അപ്പോളും ആ അമ്മ അങ്ങനെ സമാദാനിച്ചു…
അമ്മക്ക് എന്നും പ്രാർത്ഥിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളു… “തന്റെ മക്കൾക്ക് ആപത്തു ഒന്നും വരുത്തല്ലേ അവർക്ക് എന്നും ഉയർച്ചകൾ ഉണ്ടാവണേ..”…