നിയോഗം
(രചന: നക്ഷത്ര ബിന്ദു)
കേരളം മൊത്തം പടർന്നു കിടക്കുന്ന ബിസിനസ് ഗ്രൂപ്പുകാരനായ ഭാർഗവൻപിള്ളയുടെ മകന് തന്നെ കൈ പിടിച്ചു കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി നിന്ന അച്ഛന്റെ മുഖം ഇപ്പോഴും ഓർമയുണ്ട്…
ജനിച്ചന്ന് മുതൽ തറയിൽ വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ച പേനരിക്കും ന്ന് ഓർത്ത് പൊന്ന് പോലെ നോക്കി വളർത്തിയ മകളെ
നല്ലൊരു കുടുംബത്തിലേക്ക് കെട്ടിച്ചയക്കാൻ പറ്റിയതിന്റെ സന്തോഷം… നല്ലൊരു ജീവിതം കണ്ടെത്തി തന്നതിലെ സന്തോഷം….
എന്നും വിളിച്ചു സന്താഷത്തോടെ കാര്യങ്ങൾ തിരക്കുന്ന ആ അച്ഛനോട് നെഞ്ചിലൊരു കനൽ പുകയുന്നുണ്ടച്ചാ എന്ന് താനെങ്ങനെ പറയും..
അമ്മ മരിച്ചതിനു ശേഷം വേദനകൾക്കിടയിലും
മറ്റൊരു വിവാഹത്തിന് മുതിരാതെ ഒരു പുഞ്ചിരി കൊണ്ടെല്ലാം മറക്കാൻ പഠിപ്പിച്ച അച്ഛനെ ഇനിയും വേദനിപ്പിക്കാൻ വയ്യാതായിരിക്കുന്നു…
സുധിയേട്ടന് തന്നോട് സ്നേഹമുണ്ടെന്നാലും അച്ഛന്റെ മകനിൽ നിന്ന് ഒരു ഭർത്താവെന്ന നിലയിൽ അദ്ദേഹം എത്തിച്ചേർന്നിട്ടില്ലെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…
അത്രയും വല്യ വീട്ടിലെ ഒരു കളിപ്പാവ പോലെയാണ് എന്നും തന്റെ ജീവിതം…കല്യാണത്തിന് ശേഷം സൂര്യാസ്തമയം കാണാൻ കടൽത്തീരത്തു പോലും ഇന്നേവരെ കൊണ്ട് പോയതായി ഓർമയില്ലെങ്ങുമില്ല…
ആദ്യമൊക്കെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ പറയുമായിരുന്നു..വന്ന് വന്ന് അതും ഇല്ലാതായി… തന്റെ സ്വപ്നങ്ങളൊക്കെയും എവിടെയോ തനിക്ക് കാണാനാവാത്ത വിധം ഒളിച്ചിരിക്കുന്നതായി തോന്നി…
ചിലപ്പോഴൊക്കെ ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും കണക്കാണ് എഴുതിയിരിക്കുന്നതെന്ന് തോന്നും. ഒരു മൊട്ടു സൂചി വാങ്ങിയാൽ പോലും എത്ര രൂപ ആകുമെന്ന കണക്ക്…
അവിടെയുള്ള മനുഷ്യർക്ക് ഒരു ദിനവും എത്ര രൂപ ചിലവ് ആകുന്നുണ്ടെന്ന കണക്ക്… എങ്ങനെയൊക്കെ ചിലവ് വെട്ടി കുറയ്ക്കാമെന്ന് കണക്ക്…
ജീവിതത്തിലൊരിക്കൽ പോലും നാലഞ്ചു ദിവസമായി ഫ്രിഡ്ജിൽ വെച്ച ചോറ് ഇവിടെ നിന്ന് അല്ലാതെ താൻ കഴിച്ചിട്ടില്ല…
അമ്പത് രൂപയ്ക്ക് മത്തി വാങ്ങിയാൽ ഒരു മീൻ എത്ര കുഞ്ഞായി മുറിയ്ക്കാൻ പറ്റുമോ അത്രയും കുഞ്ഞക്കി ആണു വെയ്ക്കാർ..
എത്ര ചൂടാണെങ്കിലും ഉറങ്ങുമ്പോഴല്ലാതെ ഒരു ഫാൻ ഇടാൻ പോലും അനുവാദമില്ല..
ഇങ്ങനെ ജീവിച്ചിട്ട് സ്വരുക്കൂട്ടുന്നതെല്ലാം ആർക്ക് വേണ്ടിയാണ്.. ഇല്ലാത്തവർക്ക് കൊടുക്കുണ്ടോ എന്ന് ചോദിച്ചാൽ അതിനുത്തരം ഇല്ല എന്ന് തന്നെയാണ്..
പഴകി കീറിയ ഉടുപ്പുമിട്ട് ഒരു പാത്രം പഴങ്കഞ്ഞി ചോദിച്ചു വരുന്നവന് പോലും ഈ വീടിന്റെ ഗേറ്റിനു പുറത്താണ് സ്ഥാനം..
ആറടി മണ്ണിൽ ഒതുങ്ങേണ്ട ജീവിതങ്ങൾ പൈസയ്ക്ക് വേണ്ടി ജീവിക്കുന്നു… ഒരുമിച്ചിരുന്നു വർത്തമാനം പറയാനോ പുറത്ത് പോകാനോ ഒന്നിനും ആരും മുതിരാറില്ല…
സ്നേഹം ഇല്ലാതെന്ത് ജീവിതമാണ്… എന്തിനാണ് ഇവർ ഇങ്ങനെ ജീവിക്കുന്നതെന്ന് തനിക്ക് തോന്നിപോകും…
കഴിഞ്ഞ ദിവസം സുധിയേട്ടന്റെ കൂടെ മാർക്കറ്റിൽ പോയപ്പോ ഒരു കുഞ്ഞു കുട്ടി തന്റെ ശരീരത്തിന് താങ്ങാവുന്നതിനേക്കാൾ ഭാരമുള്ള ഒരു കോപ്പ നിറയെ കരിവളയുമായി നിൽക്കുന്നത് കണ്ടപ്പോ വേദന തോന്നി…
തന്നെ നോക്കി പുഞ്ചിരിക്കുമ്പോഴും വിശപ്പ് കൊണ്ടുള്ള ക്ഷീണത്താൽ അതിന്റെ മുഖം വാടുന്നുണ്ടായിരുന്നു…ഞാൻ ആ കുഞ്ഞിന് അടുത്തേക്ക് നടന്നു ചെന്ന് വില ചോദിച്ചു…
പത്ത് രൂപേ ഉള്ളു ചേച്ചി എന്ന് നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് പറയുന്നത് കണ്ടപ്പോൾ നെഞ്ചിലൊരു വിങ്ങലായിരുന്നു… എനിക്ക് അത് കാണുമ്പോഴൊക്കെയും അവളെ ചേർത്ത് പിടിക്കാനായിരുന്നെങ്കിലെന്ന് തോന്നി…
ഒന്നെങ്കിലും വാങ്ങിയേക്കാം എന്നോർത്താണ് സുധിയേട്ടന്റെ അടുത്തേക്ക് ചെന്നത്…
ആ വളകളോട് ഉള്ള ഇഷ്ട്ടം കൊണ്ടല്ല… അതെങ്കിലും ആ കുഞ്ഞിനായല്ലോ എന്നോർത്തു മാത്രം..തന്റെ ഇഷ്ടങ്ങളൊക്കെയും താൻ തന്നെ മറന്നിട്ടു എത്രയോ നാളുകളായി….
നിരത്തി വെച്ചിരിക്കുന്ന പച്ചറിക്കളിൽ നിന്ന് സവാള നല്ലത് നോക്കി എണ്ണിയെടുക്കുന്ന തിരക്കിലായിരുന്നു ഏട്ടൻ…“സുധിയേട്ടാ…”
“മ്മ്..”“ദേ.. എനിക്ക് ആ കുട്ടീടെ കയ്യിന്ന് ഒരു ഡസൻ കരിവള വാങ്ങി തരുവോ…”പറഞ്ഞതും എന്താണെന്ന് പോലും നോക്കാതെ ഒരു പൊട്ടിത്തെറിയായിരുന്നു…
“നിന്റെ തന്ത എനിക്ക് പണമൊന്നും കൊണ്ട് തന്നിട്ടില്ല പറയുന്നതൊക്കെ വാങ്ങി തരാൻ..”
ചുറ്റുമുള്ളവരുടെ നോട്ടം തന്നിലേക്കാണെന്ന് അറിഞ്ഞ നിമിഷം എങ്ങോട്ട് എങ്കിലും ഓടി ഒളിയ്ക്കാൻ ആയിരുന്നെങ്കിലെന്ന് തോന്നി…
ദേഷ്യത്തോടെ നിൽക്കുന്ന അദ്ദേഹത്തെ ഒന്ന് നോക്കി പുറത്തേയ്ക്ക് നടക്കുമ്പോൾ രണ്ട് കുഞ്ഞിക്കണ്ണുകൾ തന്നേ ഓർത്ത് നിറഞ്ഞു ഒഴുകുന്നത് കണ്ടിരുന്നു… കണ്ടെങ്കിലും കാണാത്തതായി ഭാവിക്കാനെ തനിക്കാവൂ….
തിരിച്ചു വരുമ്പോഴൊക്കെയും ഒരു വട്ടമെങ്കിലും അയാൾ തന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് തോന്നി…
വീട്ടിലെത്തി വസ്ത്രം മാറുമ്പോഴേക്കും പിറകിലൂടെ വന്നു തന്റെ നഗ്നമേനിയിൽ മുഖം ചേർത്തപ്പോൾ ആദ്യമായി എനിക്ക് അയാളോട് എന്തോ ദേഷ്യം തോന്നി…
“നിനക്കറിയില്ലേ മാളു..അച്ഛനതൊന്നും ഇഷ്ടമല്ലെന്ന്…അനാവശ്യചിലവുകൾ എന്തെങ്കിലും നടത്തിയാൽ അച്ഛന് പിന്നെ അത് മതി…എനിക്കാ വഴക്ക് കേക്കുന്നത്..പെട്ടെന്ന് ദേഷ്യം വന്നത് കൊണ്ടല്ലേ..സോറി ”“കുഴപ്പമില്ല സുധിയേട്ടാ…”
എന്തൊക്കെ ചെയ്താലും കൂടുതൽ സ്നേഹിക്കാനല്ലാതെ ഇയാളെ തനിക്ക് വെറുക്കാൻ ആവാറേ ഇല്ല.. അതുകൊണ്ട് കൂടി ആണല്ലോ പിന്നെയും താനിവിടെ നിൽക്കുന്നത്…
അന്ത്യയാമങ്ങളിൽ എപ്പോഴോ തന്നിലേക്ക് പടർന്നുകയറിയവന്റെ കണ്ണുകളിൽ തിളങ്ങുന്നത് പ്രണയമാണോയെന്ന് ഞാൻ തിരഞ്ഞു കൊണ്ടേയിരുന്നു…
നാളുകൾക്കു ശേഷം താനൊരു ഭാര്യയിൽ നിന്ന് അമ്മയാകാൻ പോകുന്നെന്ന് അറിഞ്ഞ നിമിഷം സ്വർഗം കിട്ടിയത് മാതിരിയായിരുന്നു…ഒരു സ്ത്രീയിൽ നിന്ന് അമ്മയിലേക്കുള്ള യാത്ര വളരെ വേഗത്തിലായിരുന്നു…
ഇടയ്ക്ക് ഇടയ്ക്ക് അണിവയറിലേക്ക് നീണ്ട് പോകുന്ന തന്റെ കൈകൾ അമ്മയെന്ന് ചൊല്ലി വിളിയ്ക്കാൻ ഒരാളവിടെ കാത്തിരിപ്പുണ്ടെന്ന ചിന്ത വീണ്ടും വീണ്ടും ഓർമിപ്പിച്ചുകൊണ്ടേയിരുന്നു…
തനിക്ക് ആദ്യമായി ഒന്നും വേണ്ട എന്ന് തോന്നി… ആരും വേണ്ടായെന്ന് തോന്നി…. ഞാനും കുഞ്ഞും മാത്രമുള്ള സന്തോഷകരമായ ഒരു ലോകം ഞാൻ സ്വപ്നം കണ്ട് തുടങ്ങിയിരുന്നു…
ഒരു അച്ഛനാകാൻ പോകുന്നെന്ന വാർത്ത സുധിയേട്ടനെയും ഏറെ മാറ്റിയിട്ടുണ്ടെന്ന് തോന്നി…
രാത്രികളിലെന്നും തന്റെ വയറിൽ മുഖം ചേർത്ത് കഥകൾ പറയാനും രാവിലെ ജോലിക്ക് പോകും മുൻപ് സ്നേഹം നിറഞ്ഞ ഒരുമ്മ നൽകാനും അദ്ദേഹം ശീലിച്ചിരിക്കുന്നു…
അന്നും മാറാത്ത ഒരു മനുഷ്യൻ മാത്രം അപ്പോഴും ആ വീട്ടിൽ അവശേഷിച്ചു…അച്ഛൻ…
റിസ്ക്ക് ഉണ്ടെന്ന് അറിഞ്ഞത് മുതൽ പേടിയായിരുന്നു…നാട്ടിലെ വല്യ മൾട്ടി ഹോസ്പിറ്റലിൽ കാണിക്കാമെന്ന തീരുമാനവുമായി അച്ഛന്റെ മുന്നിൽ ചെന്നപ്പോൾ വേണ്ടന്ന് തറപ്പിച്ചു തന്നേ പറഞ്ഞു…
ആദ്യമായി സുധിയേട്ടൻ അച്ഛനോട് ഒരു ആവശ്യത്തിന് വേണ്ടി കെഞ്ചുന്നത് താൻ കണ്ടു…
“റിസ്ക്ക് ഉള്ളസ്ഥിതിക്ക് പ്രൈവറ്റിൽ പോകുന്നതല്ലേ നല്ലതച്ചാ..എന്തെങ്കിലും പ്രശ്നം വന്നാൽ…”
“പ്രശ്നം വന്നാൽ ദൈവം ഇനിയൊരു കുഞ്ഞിനെ തരും.. ഈ കാര്യത്തിൽ ഇനിയൊരു ചർച്ച വേണ്ട ”
കേണ് പറഞ്ഞിട്ടും തന്റെ തീരുമാനം അറിയിച്ചു മുറിയിലേക്ക് എഴുന്നേറ്റ് പോയ അച്ഛനെ നോക്കി വിഷമിച്ചു നിൽക്കുന്ന ഏട്ടനെ കണ്ടപ്പോൾ വേദന തോന്നി.. കുഴപ്പമില്ലെന്ന് പറഞ്ഞു താൻ ആശ്വസിപ്പിച്ചെങ്കിലും എന്തോ മനസ്സിൽ ചെറിയൊരു പേടി തങ്ങി നിന്നു…
പിന്നൊരു ദിവസം ഏറെ ഇഷ്ടത്തോടെ കുഞ്ഞിനൊരു ആട്ടുതൊട്ടിലുമായി വീട്ടിലേക്ക് കയറി വന്ന ഏട്ടനോട് അച്ഛൻ ഒത്തിരി ദേഷ്യപ്പെട്ടു…
“വയറ്റികിടക്കുന്ന കൊച്ചിന് എന്റെ പൈസക്ക് ഓരോന്ന് വാങ്ങികൂട്ടാൻ നിനക്ക് നാണമില്ലേ…. ആദ്യം ആ കൊച്ചിനെ നിന്റെ കെട്ട്യോൾ പെറട്ട്… എന്നിട്ട് മതി ഓരോ പേക്കൂത്ത്..”
നിറഞ്ഞ കണ്ണുമായി നിൽക്കുന്ന സുധിയേട്ടനെ മൗനമായി സമാധാനിപ്പിക്കാനേ തനിക്കായുള്ളൂ…പ്രസവം അടുക്കുന്തോറും ക്ഷീണം കൂടി കൂടി വന്നു..
ഒരു ദിവസം രാവിലെ ഉറക്കമെഴുന്നേറ്റ സുധി കാണുന്നത് അടിവയറ്റിൽ മുറുകെ പിടിച്ചു നിലവിളിക്കുന്നവളെയാണ്…
അടുത്തേക്ക് ഓടി അടുക്കമ്പോഴേക്കും മാക്സിയുടെ തുമ്പിലൂടെ ഒലിച്ചിറങ്ങിയ രക്തം അവിടെയാകെ പടർന്നിരുന്നു…
അവളെയുമെടുത്ത് അവിടെ നിന്ന് ഓടി ഇറങ്ങുമ്പോഴൊക്കെയും തന്റെ ഭാര്യയേം കുഞ്ഞിനേം ജീവനോടെ തിരികെ കിട്ടണം എന്ന പ്രാർഥന മാത്രമായിരുന്നു ആ ചെറുപ്പക്കാരന്റെ ഉള്ളിൽ…
“കോംപ്ലിക്കേഷൻസ് കൂടുതലാണ്…ഇവിടെ അതിനുള്ള ഫെസിലിറ്റീസ് കുറവാണു… വേറെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതാകും നല്ലത് ”
എന്ന ഡോക്ടറിന്റെ വാക്കുകൾ കേട്ടപ്പോൾ അയാൾ അടുത്ത് നിൽക്കുന്ന അച്ഛനെ ദയനീയമായി നോക്കി.
“ഇവിടെ മതി” എന്ന പിള്ളയുടെ ആജ്ഞക്കുമുന്നിൽ നേഴ്സ് കൊണ്ട് വന്ന സമ്മതപത്രത്തിൽ നിസ്സഹായമായി ഒപ്പിടിപ്പിടുമ്പോൾ അവന്റെ കണ്ണിൽനിന്നും അടർന്ന കണ്ണുനീർത്തുള്ളികൾ വിറയാർന്ന കൈകളിലേക്ക് വീണു.
ലേബർ റൂമിനു മുന്നിൽ അക്ഷമാനായി നിൽക്കുന്നവന്റെ മുന്നിലേക്ക് നടന്നു വന്ന് “ഒന്നും പേടിക്കാനില്ല. നല്ല ഹോസ്പിറ്റലാണ്..”എന്ന് പറഞ്ഞ അച്ഛനെ അയാൾ ഒരു വട്ടം നോക്കി…
മിനുട്ടുകൾ മണിക്കൂറുകളാകുന്നത് പോലെ… ഏറെ നേരത്തിനു ശേഷം പുറത്തേക്ക് വന്ന ഡോക്ടറിന്റെ മുഖത്തെ പ്രകാശം മാഞ്ഞുപോയിരുന്നു…
പ്രതീക്ഷയോടെ നിൽക്കുന്ന ആ മുപ്പത്കാരന്റെ തോളിൽ തട്ടി സമാധാനിപ്പിക്കുമ്പോ അയാളുടെ നെഞ്ചും വേദനിച്ചിരുന്നിരിക്കണം..
പാതി ജീവനോടെ തിരിച്ചു കിട്ടിയവളെയെങ്കിലും രക്ഷിക്കണമെങ്കിൽ അടുത്തുള്ള മൾട്ടി സ്പെഷ്യലിൽ കൊണ്ട് പോകണം എന്ന ഡോക്ടറിന്റെ നിർദ്ദേശപ്രകാരം നെഞ്ച് പൊട്ടുന്ന വേദനയുമായി അവളെയും കൊണ്ട് ആംബുലൻസിലേക്ക് കയറുമ്പോൾ അവൻ കണ്ടു…
ജീവനില്ലാത്ത ആ കു ഞ്ഞു ശരീരം വെള്ളത്തുണിയിൽ പൊതിഞ്ഞു തന്റെ അച്ഛന്റെ കൈകളിലേക്ക് വെച്ചു കൊടുക്കുന്നത്..അയാളുടെ വികാരം അപ്പോ എന്താണെന്ന് അവന് മനസിലായില്ല…
എല്ലാം നഷ്ടപ്പെട്ടവനെപോലെയുള്ള തീഷ്ണമായ നോട്ടത്തിൽ കുഞ്ഞിനൊപ്പം അവന്റെ മനസ്സിൽ താനും മരിച്ചെന്ന് അയാൾക്ക് മനസിലായി…
തന്റെ ഉള്ളംകയ്യിലിരിക്കുന്ന ജീ വ നറ്റ ആ കുഞ്ഞുമുഖം തന്നെ നോക്കി കളിയാക്കി ചിരിക്കുന്നതായി ഭാർഗവൻപിള്ളയ്ക്ക് തോന്നി..
പിന്നെയും സൂക്ഷിച്ചു നോക്കുമ്പോഴേക്കും അയാളുടെ ചെവിക്ക് മുന്നിലായി തെളിഞ്ഞു നിന്ന അതേ മറുക് ആ കുഞ്ഞു ചെവിക്കരികിൽ അയാൾ കണ്ടു..
അതിലേക്ക് വീണ്ടും നോക്കവേ തനിക്ക് ചുറ്റും പാറിപറന്ന നൂറായിരം നോട്ടുകെട്ടുകൾ അയാളെ നോക്കി അട്ടഹസിക്കാൻ തുടങ്ങിയിരുന്നു….