(രചന: വരുണിക വരുണി)
“”അവസാനമായി ചോദിക്കുകയാണ് ഞാൻ… നിനക്ക് എന്നെ ഇഷ്ടമാണോ????? സത്യം പറ…””
പാർക്കിലെ ഒരു ബെഞ്ചിൽ ഇരുന്നു ശ്രീജിത്ത് മൃദുലയോട് ചോദിച്ചതും അവൾ ഒന്നും പറയാതെ തന്നെ ദൂരെക്ക് നോക്കി ഇരുന്നു…
“”നിനക്കെന്താ ഞാൻ ചോദിച്ചതിന് മറുപടി ഇല്ലേ??? എന്തെങ്കിലും ഒന്ന് പറ… നിനക്ക് എന്നെ ഇഷ്ടമാണോ??? കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടോ????””
“”ഞാൻ പറയാതെ തന്നെ എന്റെ മനസ് അറിയുന്നവന് എന്തെ ഈ കാര്യം വന്നപ്പോൾ ഇങ്ങനെ ഒരു ചോദ്യം??? അതിന്റെ ഉത്തരം എന്താ എന്ന് നിനക്ക് അറിയില്ലേ????””
“”അറിയാം… അത് കൊണ്ടാണ് നിന്നോട് ഞാൻ ചോദിച്ചത്… നിന്റെ വായിൽ നിന്ന് തന്നെ കേൾക്കണം.
അച്ഛൻ എനിക്ക് നല്ലൊരു പ്രൊപോസൽ കൊണ്ട് വന്നിട്ടുണ്ട്… പെണ്ണ് ഡോക്ടറാണ്. അവളെ കെട്ടിയാൽ എന്റെ ഭാവി സേഫ് ആകും…
പക്ഷെ അതിന് മുൻപ് എനിക്ക് നിന്റെ മറുപടി അറിയണം എന്ന് തോന്നി.. അതിന് വേണ്ടി വന്നതാണ്… പിന്നീട് എനിക്ക് ഒരു കുറ്റബോധം തോന്നരുത്. നിന്നോട് ഞാൻ ഒരു വാക്ക് ചോദിച്ചില്ലല്ലോ എന്ന്…””
തന്റെ മനസ് മനസിലാക്കുന്നവൻ… ഏത് അവസ്ഥയിൽ ചേർത്ത് നിർത്തും എന്ന് പറഞ്ഞു കൂടെ കൂടിയവൻ… ആ ആൾ തന്നെ ഇന്ന് ഇങ്ങനെ പറയുന്നു… തിരിച്ചു എന്ത് പറയണമെന്ന് അവൾക്ക് അറിയില്ലാരുന്നു…
തന്നെ അവഗണിക്കാൻ വേണ്ടി ആണോ മറ്റൊരു പെണ്ണിന്റെ കാര്യം പറഞ്ഞത്??? അതോ താൻ ഒരു ശല്യമായോ????””
ഇങ്ങനെ പല വക ചിന്തകളിൽ അവളുടെ കണ്ണ് നിറഞ്ഞപ്പോഴും അവൻ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവിടെ ഇരുന്നു…
“”പുതിയ പ്രൊപോസൽ നല്ലതാണെങ്കിൽ അത് മുന്നോട്ട് കൊണ്ട് പൊക്കോ.. എനിക്ക് കുഴപ്പം ഒന്നുമില്ല.””
“”അപ്പോൾ നിനക്ക് എന്നെ ഇഷ്ടമല്ലേ????””””ഇനിയും ലേറ്റ് ആയാൽ ഹോസ്റ്റലിൽ കയറാൻ പറ്റില്ല. പിന്നെ അടുത്താഴ്ച ഞാൻ നാട്ടിൽ പോകും. അമ്മ വിളിച്ചിരുന്നു…””
കൂടുതൽ ഒന്നും പറയാതെ അവനിൽ നിന്ന് അകന്നു നടക്കുമ്പോൾ എങ്ങനെയും ഹോസ്റ്റലിൽ എത്തണം എന്ന് മാത്രമായിരുന്നു അവളുടെ ചിന്ത..
ഹോസ്റ്റലിൽ എത്തിയിട്ടും അവൾക്ക് അവന്റെ ഓർമകളിൽ നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞില്ലാ..
ശ്രീജിത്ത്.. തന്റെ ശ്രീയേട്ടൻ…ആദ്യമായി അവനെ കാണുന്നത് കോളേജിലാണ്. എല്ലാ കുട്ടികളെ പോലെ തന്നെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുടെയും ആണ് താനും ആ കോളേജ് കടന്നു കയറിയത്…
ആരെയും അറിയില്ലായിരുന്നു എങ്കിലും പെട്ടെന്ന് തന്നെ കുറെ കൂട്ടുകാർ ആയി…അതിൽ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു ശ്രീവിദ്യ. എന്തും തനിക്ക് തുറന്നു പറയാൻ പറ്റുന്ന ആത്മബന്ധമാകാൻ അധികം സമയം വേണ്ടി വന്നില്ല… ഒരേ ക്ലാസ്സിലും, ഒരേ ഹോസ്റ്റൽ റൂമിലും ആയതു കൊണ്ട് ആ ബന്ധം പെട്ടെന്ന് തന്നെ വളർന്നു….
ഒരിക്കൽ വിദ്യയുടെ ഫോൺ ബെൽ അടിക്കുന്നത് കേട്ടാണു അത് ആരാ എന്ന് നോക്കിയത്…
ഡിസ്പ്ലേയിൽ അവളെ ചേർത്ത് പിടിച്ചു നിൽക്കുന്ന ശ്രീജിത്തിന്റെ മുഖം കണ്ടപ്പോൾ തോന്നി ഇനി ഒരുപക്ഷെ ബോയ് ഫ്രണ്ട് ആയിരിക്കും എന്ന്.
പക്ഷെ ജിത്തേട്ടൻ എന്ന പേര് കണ്ടപ്പോൾ മനസിലായി അത് അവളുടെ ചേട്ടനായിരുന്നു എന്ന്…
ഒരിക്കൽ പോലും ഫോണിലൂടെ സംസാരിച്ചിട്ടില്ല. ആദ്യമായി നേരിൽ കാണുന്നത് ഒരിക്കൽ വിദ്യയുടെ നാട്ടിലെ ഉത്സവത്തിന് പോകാൻ വേണ്ടി ശ്രീ കാറിൽ വന്നപ്പോഴാണ്.
അവൾ തന്നെ വീട്ടുകാരെ വിളിച്ചു സമ്മതം വാങ്ങിയതിനാൽ ഭയങ്കര ത്രില്ലിൽ ആയിരുന്നു താൻ….
കാറിൽ ഉള്ള യാത്രയിൽ ഒന്നും ശ്രീ വിദ്യായോടല്ലാതെ വേറെ ആരോടും ഒന്നും അങ്ങനെ സംസാരിച്ചില്ല…
ജാഡ ആയിരിക്കും എന്ന് കരുതിയെങ്കിലും അതെല്ലാം വെറും തോന്നൽ മാത്രം ആയിരുന്നു എന്ന് അവിടെ എത്തി കഴിഞ്ഞപ്പോൾ മനസിലായി. എന്തിനും ഒരു വിളി അകലെ അവൻ ഉണ്ടാരുന്നു…
തിരിച്ചുള്ള യാത്രയിൽ ആരും തമ്മിൽ ഒന്നും സംസാരിച്ചില്ലെങ്കിലും ശ്രീ എല്ലാവരുടെയും നമ്പർ വാങ്ങിയിരുന്നു..
അങ്ങനെ ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ ആണ് അവിടെ നിന്ന് മെസ്സേജ്..
“”hi…””ആദ്യം റിപ്ലൈ കൊടുക്കണോ എന്ന് സംശയിച്ചിരുന്നു എങ്കിലും അവൾ തിരിച്ചു റിപ്ലൈ കൊടുത്തു..””ഹലോ…””
തികച്ചും ഫോർമൽ ആയി തുടങ്ങിയ സംസാരം പിന്നീട് അടുക്കാൻ അധികം സമയം വേണ്ടി വന്നില്ല….
പിന്നീട് മൃധുവിനു എന്തിനും കൂടെ ശ്രീജിത്തായിരുന്നു… അവളുടെ ശ്രീയേട്ടൻ….
ഇന്ന് കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോഴും കരുതിയത് തന്നെ മിസ്സ് ചെയുന്നത് കൊണ്ട് ആയിരിക്കും എന്നാണ്… പക്ഷെ പറഞ്ഞ വാക്കുകൾ…
തന്റെ മനസ്സിൽ അവനോട് ഉള്ള സ്നേഹം അറിഞ്ഞിട്ടും ഒന്നും അറിയാത്തത് പോലെ ഉള്ള അവന്റെ വാക്കുകൾ അവൾക്ക് വല്ലാത്ത വേദന നൽകി… താൻ ഇഷ്ടമാണെന്ന് പറയണം പോലും….
അങ്ങനെ തോറ്റു കൊടുക്കാൻ അവൾക്കും താല്പര്യം ഇല്ലാരുന്നു….കുറെ നേരം ആഹാരം കഴിക്കാതെ കിടന്നപ്പോൾ ശ്രീവിദ്യ വന്നു വിളിച്ചു…
“”നീ എന്താ മൃദു ഇങ്ങനെ കിടക്കുന്നത്?? വാ.. ആഹാരം കഴിക്കാം..””””എനിക്ക് വേണ്ട.. നീ കഴിച്ചോ…””””അതെന്താ നിനക്ക് വേണ്ടാത്തത്???””
“”ഒരു മൂഡ് ഇല്ല…””””അല്ലാതെ ഇന്ന് ഏട്ടൻ കാണാൻ വന്നത് കൊണ്ട് അല്ല ലെ???””””നിന്നോട് പറഞ്ഞിരുന്നോ ശ്രീയേട്ടൻ വരുമെന്ന്???””
“”പിന്നെ പറയാതെ.. എനിക്ക് വേണ്ട സാധനങ്ങൾ എല്ലാം കൊണ്ട് തരികയും ചെയ്തു.””
“”ശ്രീയേട്ടന്റെ കല്യാണം ആയോ ഡി??””””നിങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് അല്ലെ.. ഏട്ടൻ നിന്നോട് ഒന്നും പറഞ്ഞില്ലേ?? ഏട്ടന് നല്ല ആലോചനകൾ വരുന്നുണ്ട്… കഴിഞ്ഞ ദിവസവും വന്നിരുന്നു നല്ല ഒരു ഡോക്ടർ ചേച്ചി.. എല്ലാവർക്കും ഇഷ്ടായി..
ഈ sunday ഞങ്ങൾ അവരുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്… ചിലപ്പോൾ അത് ഉറപ്പിക്കും.. നല്ല ഫാമിലി ആണ്… ഞാൻ കരുതി നിന്നോട് എല്ലാം പറഞ്ഞു കാണുമെന്നു…””
“”മ്മ്. പറഞ്ഞിരുന്നു…””””ഹാ.. ചേട്ടന്റെ കല്യാണത്തിനെ കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ ആണെന്ന് അറിയുമോ… ആ ദിവസം വേണം ഒന്ന് അടിച്ചു പൊളിക്കാൻ…
എന്തായാലും അച്ഛൻ ചേട്ടന്റെ മനസിന് ഇഷ്ടപെടുന്ന പെണ്ണിനെ മാത്രമേ കല്യാണം കഴിക്കാൻ പറയു. അല്ലാതെ കണ്ണിൽ കണ്ട പെണ്ണിനെ ഒന്നും കെട്ടാൻ പറയില്ല.
അപ്പോൾ പിന്നെ ചേട്ടൻ ഫുൾ ഹാപ്പി ആയിരിക്കുമെല്ലോ. ചേട്ടൻ ഹാപ്പി ആണെങ്കിൽ ഞാനും ഹാപ്പി. ഞങ്ങൾ ഹാപ്പി ആണെങ്കിൽ അച്ഛനും അമ്മയും ഹാപ്പി..””
“”മ്മ്.. എനിക്ക് നല്ല തലവേദന… ഞാൻ കുറച്ചു നേരം ഒന്ന് കിടക്കട്ടെ. നീ പോയി ഫുഡ് കഴിച്ചോ…””
“”നിനക്ക് ഒട്ടും പറ്റുന്നില്ലെങ്കിൽ ഞാൻ നിനക്ക് കൂടി ഉള്ള ഫുഡ് എടുത്തു വരാം. നീ കിടന്നോ….””
“”മ്മ്….””ഫുഡ് എടുക്കാൻ മെസ്സിൽ പോയതും ശ്രീവിദ്യ ആദ്യം ചെയ്തത് ശ്രീജിത്തിന് കാൾ ആണ്.
“”എന്താ മോളെ?? അവൾ എന്തെങ്കിലും നിന്നോട് പറഞ്ഞോ,????””””അവളായി എന്നോട് ഒന്നും പറയില്ലാ എന്ന് ഏട്ടന് അറിയില്ലേ… എന്തായാലും അടുത്ത ആഴ്ച വരെ ആകാൻ കാത്തിരിക്കണ്ട… നമ്മളാണ് അവളെ പെണ്ണ് കാണാൻ പോകുന്നതെന്ന് ഏട്ടൻ തന്നെ അവളെ വിളിച്ചു പറ…
പെണ്ണ് അതിന് മുൻപ് എന്തെങ്കിലും അബദ്ധം കാണിച്ചാലോ??? ഒന്നും പറയാൻ പറ്റില്ല.. ഇപ്പോൾ തന്നെ റൂമിൽ വല്ലാത്ത ഒരു ഭാവത്തോടെയാണ് ഇരിക്കുന്നത്. എനിക്ക് കണ്ടിട്ട് തന്നെ പേടിയാകുന്നു…””
“”മോളെ.. അത് ഏട്ടന്റെ സർപ്രൈസ്…””””വേണ്ട ഏട്ടാ… ഈ സർപ്രൈസ് വേണ്ട… കല്യാണം കഴിഞ്ഞ ശേഷം ഏട്ടൻ എന്ത് സർപ്രൈസ് വേണമെങ്കിലും കൊടുത്തോ. പക്ഷെ ഇത് ശെരിയാകില്ല.. അവസാനം നമ്മൾ കരഞ്ഞിട്ട് കാര്യമില്ല…””
“”മ്മ്… ഞാൻ വിളിക്കാം…””ശ്രീജിത്ത് ഫോൺ വിളിക്കുമ്പോൾ മൃദു പലതും ആലോചിച്ചു കിടക്കുവാരുന്നു…
അവന്റെ പേര് ഡിസ്പ്ലേയിൽ കണ്ടതും ആദ്യം എടുക്കണോ എന്ന് സംശയിച്ചെങ്കിലും അവൾ ഫോൺ എടുത്തു…
“”വെറുതെ ആവിശ്യം ഇല്ലാത്ത ഓരോ കാര്യങ്ങൾ ഓർത്തു കിടക്കേണ്ട… ഞാൻ പെണ്ണ് കാണാൻ വരുന്നത് നിന്നെ തന്നെ ആണ്.
നീ അല്ലാതെ വേറെ ഒരു പെണ്ണിനെ എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. ഒരു സർപ്രൈസ് തരാം എന്നാണ് കരുതിയത്.
പക്ഷെ അത്ര ദിവസം നീ വെറുതെ വിഷമിക്കും എന്ന് ഉള്ളത് കൊണ്ടാണ് ഇപ്പോൾ തന്നെ പറഞ്ഞത്. ഞാൻ ഡ്രൈവിങ്ങിൽ ആണ്.. പിന്നെ വിളിക്കാം… ബൈ… ലവ് യു…””
അത്ര മാത്രം പറഞ്ഞു തന്റെ മറുപടി പോലും കേൾക്കാതെ ശ്രീജിത്ത് ഫോൺ വെച്ചതും കേട്ടതെല്ലാം സത്യമാണോ എന്നാ ചിന്തയായിരുന്നു അവൾക്ക്…
“”ഇങ്ങനെ ഒരുപാട് ചിന്തിക്കേണ്ട…. ഏട്ടൻ പറഞ്ഞത് സത്യമാണ്. നിന്നെ മതി എനിക്ക് എന്റെ ഏട്ടന്റെ ഭാര്യയായിട്ട്… ഇനിയും ഇങ്ങനെ സങ്കടപെടാതെ ഫുഡ് കഴിക്ക് മോളെ..””
ശ്രീവിദ്യ പറഞ്ഞതും മൃദു അവളെ കെട്ടിപിടിച്ചിരുന്നു… അത് വരെ മനസ്സിൽ കൊണ്ട് നടന്ന വിഷമങ്ങൾ എല്ലാം കരഞ്ഞു തീർക്കുമ്പോൾ ശ്രീജിത്ത് അവരുടേ ഇനിയുള്ള നാളുകൾ സ്വപ്നം കണ്ട് തുടങ്ങിയിരുന്നു…..