പ്രവാസി ജീവിതം
(രചന: ആമി)
കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ശ്രീകല പെട്ടെന്ന് തന്നെ ഉമ്മറത്തേക്ക് നടന്നു. വാതിൽ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്ന മകനെ കണ്ടപ്പോൾ അവർക്ക് സന്തോഷം തോന്നി.
“നീ എത്തിയോ..? അകത്തേക്ക് കയറു മോനെ..” സന്തോഷത്തോടെ അവർ മകനെ അകത്തേക്ക് സ്വീകരിച്ചു.
” സുഖല്ലേ അമ്മേ.. ” അവൻ ചോദിച്ചപ്പോൾ അവർ പുഞ്ചിരിച്ചു.”അമ്മയ്ക്ക് എന്താടാ ഇവിടെ ഒരു കുറവ്..? പക്ഷേ എന്റെ മോൻ നന്നായി ക്ഷീണിച്ചു. നീ അവിടെ ആഹാരം ഒന്നും ശരിക്കും ശ്രദ്ധിക്കുന്നില്ലേ..?”
അവരുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു.” അല്ലെങ്കിലും ഞാൻ എപ്പോഴൊക്കെ ലീവിന് വന്നാലും അമ്മയുടെ ചോദ്യം ഇതൊക്കെ തന്നെയാണല്ലോ. എന്റെ അമ്മേ..അവിടെ ഞാൻ ആവശ്യത്തിന് ആഹാരം ഒക്കെ കഴിക്കുന്നുണ്ട്. പിന്നെ ഞാൻ അങ്ങനെ ക്ഷീണിച്ചിട്ടൊന്നും ഇല്ല എന്ന് എനിക്കറിയാം. ”
ഹാളിൽ കിടന്ന കസേരയിലേക്ക് ഇരുന്നുകൊണ്ട് അവൻ പറഞ്ഞപ്പോൾ അമ്മയ്ക്കും ചിരി വന്നു. എങ്കിലും കണ്ണെടുക്കാതെ അവർ അവനെ തന്നെ നോക്കി.
” അമ്മ എന്താ ഇങ്ങനെ നോക്കുന്നെ..? ” അവൻ ചോദിച്ചപ്പോൾ അവർ വെറുതെയെങ്കിലും ഒന്ന് ചിരിച്ചു.
“രണ്ടുവർഷം ആയില്ലേടാ നിന്നെ ഞാൻ കണ്ടിട്ട്.. അപ്പോൾ നിന്നെ ഞാൻ ശരിക്കും നോക്കിയതാണ്..” കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് അമ്മ പറയുന്നത് കേട്ടപ്പോൾ അവനും സങ്കടം തോന്നി.
” അമ്മ സെന്റിയടിക്കാൻ നിൽക്കാതെ എനിക്ക് ഒരു ഗ്ലാസ് വെള്ളം തന്നെ..” അവൻ പറഞ്ഞപ്പോൾ അവർ പെട്ടെന്ന് ഞെട്ടി.
” ഞാൻ അത് മറന്നു പോയി മോനെ.. ഇപ്പൊ എടുക്കാം കേട്ടോ.”പറഞ്ഞു കൊണ്ട് അവർ തിടുക്കപ്പെട്ടു അകത്തേക്ക് നടന്നു.
അവൻ അതിയായ സന്തോഷത്തോടെ ചുറ്റും വീക്ഷിച്ചു.വീടിന്റെ മുക്കും മൂലയും അരിച്ചു പറക്കുകയായിരുന്നു എന്നുവേണമെങ്കിലും പറയാം.
അല്ലെങ്കിലും കുറച്ചുകാലം വീട്ടിൽ നിന്നും മാറി നിന്നിട്ട് തിരികെ വരുമ്പോൾ വീടും മുഴുവൻ കണ്ണോടിക്കുന്നത് എല്ലാവരുടെയും ശീലം ആണല്ലോ. ഓരോ സാധനത്തിന് മാറ്റങ്ങൾ വന്നു എന്ന് നമ്മളറിയാതെ തന്നെ നമ്മൾ വിശകലനം ചെയ്യും.
അപ്പോൾ പിന്നെ രണ്ടു വർഷം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ഒരു പ്രവാസിയുടെ അവസ്ഥ പറയാനുണ്ടോ..!
അവൻ ഓരോന്ന് ചിന്തിച്ചിരിക്കുന്നത് ഇടയിൽ അമ്മ അവനുള്ള വെള്ളവുമായി വന്നിരുന്നു.
“കുടിക്കു മോനെ..”പുഞ്ചിരിയോടെ അമ്മ പറഞ്ഞപ്പോൾ അവൻ ആ ഗ്ലാസ് കയ്യിലേക്ക് വാങ്ങി.” ചേച്ചി എപ്പോഴാ അമ്മേ വരിക..?”വെള്ളം കുടിക്കുന്നതിനിടയിൽ അവൻ അന്വേഷിച്ചു.
“അവൾ വൈകുന്നേരം ആകുമ്പോഴേക്കും എത്തും. രാവിലെ തന്നെ വരാൻ നിന്നതാണ്. പക്ഷേ അതിനിടയ്ക്ക് മോന് ഓൺലൈൻ ക്ലാസൊക്കെ ആയപ്പോൾ അവൾക്ക് വരാൻ പറ്റിയില്ല. അതുകൊണ്ടാണ്.”
“അളിയൻ പറഞ്ഞു.. ഞാൻ എയർപോർട്ടിൽ നിന്ന് വരാൻ നിൽക്കുമ്പോൾ അച്ഛന്റെ ഫോണിലേക്ക് അളിയൻ വിളിച്ചിട്ടുണ്ടായിരുന്നു. അപ്പോൾ പറഞ്ഞിരുന്നു. അവൾ സങ്കടത്തിലാണെന്നും പറഞ്ഞു. അവൾ വന്നിട്ടേ പെട്ടി പൊട്ടിക്കാവൂ എന്നൊക്കെ പറഞ്ഞിട്ടുണ്ട്.”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അമ്മയും ചിരിച്ചു. വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ അമ്മ ഗ്ലാസുമായി അകത്തേക്ക് പോയി.
പിന്നീട് അവൻ ആകെ തിരക്കിലായിരുന്നു. കൊണ്ടുവന്ന പെട്ടികൾ ഒക്കെ മുറിയിൽ കൊണ്ടുപോയി അടുക്കി വെച്ചു.
ഒന്നു കുളിച്ച് റെഡിയായി വന്നപ്പോഴേക്കും ഫോണിൽ സിം ആക്ടിവേറ്റ് ആയി. അതോടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒക്കെ വിളിക്കാൻ ആരംഭിച്ചു.
” നീ രാവിലെ വന്നിട്ട് എന്നെ വിളിക്കാൻ ഇപ്പോഴാണ് നേരം കിട്ടിയത്..? ” ഒരു സുഹൃത്ത് പരിഭവം പോലെ പറഞ്ഞപ്പോൾ അവൻ ചിരിച്ചു.
“ഞാൻ നാട്ടിലേക്ക് രാവിലെ വന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല…എന്റെ സിം ആക്ടിവേറ്റ് ആയി കിട്ടണ്ടേ..?”
” എപ്പോഴാണ് ഒന്ന് കൂടാൻ പറ്റുക..? “സുഹൃത്തിന്റെ ചോദ്യം അതായിരുന്നു.”അത്.. വൈകുന്നേരം ഞാൻ അങ്ങോട്ട് വരാം. അവന്മാരോടും കൂടി പറഞ്ഞേക്ക്. ബോട്ടിൽ ഒക്കെ ഞാൻ കൊണ്ടു വന്നിട്ടുണ്ട്..”
അവൻ അത് പറഞ്ഞപ്പോൾ സുഹൃത്തിന് സന്തോഷമായി.വേഗം തന്നെ സംസാരം അവസാനിപ്പിച്ച് കോൾ കട്ട് ആക്കുകയും ചെയ്തു.
” എടാ മോനെ.. നീ വല്യമ്മയെ എവിടെയെങ്കിലും കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്നോ..? “ഫോൺ ചെയ്തു കഴിഞ്ഞ് അകത്തേക്ക് കയറിയപ്പോൾ അമ്മ ചോദിച്ചു.
” ആഹ് അമ്മേ.കഴിഞ്ഞ തവണ വന്നപ്പോൾ നമ്മളൊക്കെ കൂടി ടൂർ പോയില്ലേ..? അന്ന് വല്യമ്മയ്ക്ക് വരാൻ കഴിഞ്ഞില്ലല്ലോ.. അന്ന് മുതൽ തുടങ്ങിയ പരാതിയാണ്.
ഇടക്ക് ഞാൻ വിളിക്കുമ്പോൾ ഒക്കെ പറയാൻ ഇത് മാത്രേ ഉണ്ടായിരുന്നുള്ളൂ. അവസാനം ഇത്തവണ ഞാൻ വരുമ്പോ കൊണ്ട് പോകാം എന്ന് പറഞ്ഞാണ് അതൊന്ന് സോൾവ് ചെയ്തത്.. ”
അവൻ പറഞ്ഞപ്പോൾ അമ്മയ്ക്ക് ദേഷ്യമോ വിഷമമോ ഒക്കെ തോന്നുന്നുണ്ടായിരുന്നു.
” ഇപ്പോ വല്യമ്മ വിളിച്ചിരുന്നു. ഇതിപ്പോ വല്യമ്മയും വല്യച്ഛനും കെട്ടിച്ചു വിട്ട അവരുടെ രണ്ട് പെണ്മക്കളും കുടുംബവും ഉൾപ്പെടെ 15 പേരോളം ഉണ്ട് യാത്ര പോവാൻ..
ഇതിന്റെ മുഴുവൻ ചെലവും നീ നോക്കാം എന്ന് പറഞ്ഞാൽ എത്ര രൂപ ആകുമെന്നാണ്..? പണം ഒക്കെ ഇങ്ങനെ ധാരാളിത്തം കാണിച്ചു ചെലവാക്കാൻ ഇവിടെ ഉണ്ടോ..? നീ കഷ്ടപ്പെടുന്ന പൈസയല്ലേ മോനെ..”അവൻ ചിരിച്ചു കൊണ്ട് അമ്മയെ ചേർത്ത് പിടിച്ചു.
” അമ്മേ.. പൈസ ഒക്കെ ഇന്ന് വരും നാളെ പോകും.. നമ്മൾ അതല്ല നോക്കേണ്ടത്.. ബന്ധങ്ങൾക്കാണ് മൂല്യം. നമ്മൾ ഒരിക്കൽ തകർന്ന് പോയാൽ നമ്മുടെ കൈ പിടിക്കാൻ നമ്മൾ സ്നേഹം കൊണ്ട് നേടിയെടുക്കുന്ന ഈ ബന്ധങ്ങൾക്ക് മാത്രമേ കഴിയൂ. ”
അവന്റെ വാക്കുകളെ അമ്മ എതിർത്തില്ല.രണ്ട് മാസത്തെ വെക്കേഷൻ കഴിഞ്ഞു അവൻ തിരികെ പോയി. അത് വരെ ഓരോരുത്തർക്കും അവർ ആവശ്യപ്പെടുന്നതൊക്കെ അവൻ സ്നേഹത്തോടെ ചെയ്തു കൊടുത്തു. ആ വകയിൽ അവനു വലിയൊരു സംഖ്യ ബാധ്യത ആവുകയും ചെയ്തു.
തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു പിന്നീട് അവനെ കാത്തിരുന്നത്.ആറു മാസത്തിനു ശേഷം അവന്റെ ജോലി നഷ്ടമായി. കമ്പനി നഷ്ടത്തിലായതിനെ തുടർന്ന് അവർ അത് മറിച്ചു വിറ്റു. പക്ഷെ പുതിയതായി അത് ഏറ്റെടുത്ത ഉടമസ്ഥർ പഴയ സ്റ്റാഫുകളെ ഒന്നൂടെ പിരിച്ചു വിട്ടു.
വളരെയേറെ വിഷമിച്ചാണ് അവൻ വീട്ടിലേക്ക് മടങ്ങിയത്. കാളിങ് ബെൽ അടിച്ചു കാത്ത് നിൽക്കുമ്പോൾ അവനു സങ്കടം കൊണ്ട് വീർപ്പു മുട്ടുന്നുണ്ടായിരുന്നു.
” ആഹാ.. നീ എത്തിയോ.. കേറി വാ മോനെ.. “സ്നേഹത്തോടെ അമ്മ അകത്തേക്ക് ക്ഷണിച്ചപ്പോൾ അവനു വിഷമം തോന്നി.
” നീ എന്താടാ എയർപോർട്ടിലേക്ക് ആരും വരണ്ടെന്ന് പറഞ്ഞത്..? അച്ഛൻ വന്നേനെ. സാധാരണ എല്ലാ തവണയും അതല്ലേ പതിവ്..?”
“എല്ലാ തവണത്തെയും പോലെ അല്ലല്ലോ അമ്മേ ഇപ്പോ..ജോലിയും പോയി വന്നതല്ലേ..”അവൻ സങ്കടത്തോടെ പറഞ്ഞപ്പോൾ അവർ അവനെ തഴുകി.
” നീ എന്തിനാടാ വിഷമിക്കുന്നത്..? നാട്ടിൽ ആകെ ആ ഒരു കമ്പനിയെ ഉള്ളൂ.. വേറെ എത്രയോ സ്ഥാപനങ്ങൾ ഉണ്ട്.. നിനക്ക് ശ്രമിച്ചാൽ ജോലി കിട്ടാവുന്നതല്ലേ ഉള്ളൂ.. നീ അതിന് ഇങ്ങനെ നിരാശപ്പെടേണ്ട കാര്യമൊന്നും ഇല്ല.”
അമ്മ പറഞ്ഞ വാക്കുകൾ അവനൊരു പുത്തൻ ഉണർവായിരുന്നു. ഹ്മ്മ്.. നമ്മുടെ ബന്ധുക്കൾ ആരേലും വിളിച്ചിരുന്നോ അമ്മേ.. ” അവൻ ചോദിച്ചപ്പോൾ അവർ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.
” ആരും വിളിച്ചില്ല. നീ ജോലി പോയി വരുന്നതാണെന്ന് എല്ലാവരും അറിഞ്ഞിട്ടുണ്ട്. അതാകും വിളിക്കാത്തത്.
നിനക്ക് വരുമാനം ഉണ്ടായിരുന്ന കാലത്ത് അതിൽ നിന്ന് നല്ല രീതിയിൽ നമ്മുടെ ബന്ധുക്കൾ കൊണ്ട് പോയിട്ടുണ്ട്. ഇപ്പോൾ നീ എന്തെങ്കിലും തിരിച്ചു ചോദിച്ചാലോ എന്ന് കരുതി ആയിരിക്കും. ”
അമ്മ പറഞ്ഞത് അവനു വിഷമം ആയി.” ഇനി എങ്കിലും നീ ഒരു കാര്യം മനസ്സിലാക്കിക്കോ.. അവരൊക്കെ സ്നേഹിച്ചത് നിന്നെ അല്ല.. നിന്റെ പണത്തെ ആണ്.. ഇനി എങ്കിലും അതൊക്കെ നോക്കിയും കണ്ടും വേണം ഓരോന്ന് ചെയ്യാൻ.. ”
അമ്മ പറഞ്ഞ വാക്കുകൾ ആണ് ശരി എന്ന് ആ നിമിഷം അവനു തോന്നി തുടങ്ങിയിരുന്നു..