സ്നേഹിച്ച പെണ്ണിന്റെ കല്യാണത്തിന് അവൻ പായസം ഉണ്ടാക്കാൻ വന്നേക്കുന്നു… എത്രയോ വട്ടം ഞാൻ നിന്നോട്

 

(രചന: അംബിക ശിവശങ്കരൻ)

കല്യാണ വീട്ടിലെ തിരക്കുകൾക്കിടയിൽ അവൻ വിശ്രമമില്ലാതെ ഓടി നടന്നു. ചില നിമിഷങ്ങളിൽ അവനറിയാതെ അവന്റെ കണ്ണുകൾ ഒരു മുഖം മാത്രം തേടിക്കൊണ്ടിരുന്നു.

” എടാ മഹേഷേ… നീ ഇത്തിരി നേരം വിശ്രമിക്കടാ ഇതൊക്കെ ചെയ്യാൻ ഇവിടെ ആൾക്കാർ ഉണ്ട്. നീ എന്റെ കൂട്ടുകാരനാണ് അല്ലാതെ ഇവിടുത്തെ പണിക്കാരൻ അല്ല. വാ..
അവിടെ വന്നിരിക്ക് അവന്മാരൊക്കെ അവിടെ ഇരിപ്പുണ്ട്. ”

കലവറയിൽ പാചകക്കാരോടൊപ്പം ചേർന്ന് തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുന്ന മഹേഷിന്റെ അടുത്തേക്ക് സുഹൃത്തും കല്യാണ പെണ്ണിന്റെ ആങ്ങളയുമായ ഹരി വന്നു പറഞ്ഞു.

“ഇതിപ്പോ കഴിയും നീ അങ്ങോട്ട് പൊയ്ക്കോ ഹരി….ഇതൊക്കെ ചങ്ങാതിമാരുടെ അവകാശമാണ് നീ അതിൽ കൈകടത്തേണ്ട… നീ അങ്ങോട്ട് ചെല്ല് നിന്നെ അവിടെ ആളുകൾ അന്വേഷിക്കുന്നുണ്ടാകും ഞാനിപ്പോൾ വരാം.”

മഹേഷ് അവനെ സ്നേഹപൂർവ്വം പറഞ്ഞയച്ചു.ചെയ്തുകൊണ്ടിരുന്ന പണിതീർത്ത് അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന പായസം ഇളക്കിക്കൊണ്ടിരിക്കുമ്പോഴാണ് സുഹൃത്തായ അനൂപ് വന്നത്.

അനൂപിനെ കണ്ടതും കയ്യിലിരുന്ന് ചട്ടുകം വെപ്പുകാരനെ ഏൽപ്പിച്ചവൻ പുഞ്ചിരിച്ചു.” ഈ പണി തന്നെ ഏറ്റെടുത്തത് നന്നായി അതാകുമ്പോൾ കണ്ണു നിറയുന്നത് ആരും കാണില്ലല്ലോ… ആരെങ്കിലും ചോദിച്ചാലും പുക തട്ടിയതാണെന്ന് കള്ളവും പറയാലോ…? ”

ദേഷ്യത്തോടെ അവൻ അത് പറയുമ്പോൾ മഹേഷ് ഒന്നും തന്നെ മിണ്ടിയില്ല പകരം തലകുനിച്ചു നിന്നു.

” നിനക്കിതൊക്കെ എങ്ങനെ കഴിയുന്നു മഹി???സ്നേഹിച്ച പെണ്ണിന്റെ കല്യാണത്തിന് അവൻ പായസം ഉണ്ടാക്കാൻ വന്നേക്കുന്നു…

എത്രയോ വട്ടം ഞാൻ നിന്നോട് പറഞ്ഞത എല്ലാം ഹരിയോട് തുറന്നു പറയാം എന്ന് അപ്പോൾ അവന്റെ ഒടുക്കത്തെ ഒരു ഫിലോസഫി….

എന്നിട്ടോ ആരും കാണാതെ എല്ലാം ഉള്ളിൽ ഒതുക്കി ഒറ്റയ്ക്ക് നിന്നും മോങ്ങുന്നു. കരണം നോക്കി ഒന്ന് തരാനാണ് എനിക്ക് തോന്നുന്നത്. ”

അനൂപ് സകല ദേഷ്യവും ആരും കേൾക്കാതെ പറഞ്ഞു തീർത്തു.” തല്ലിക്കോടാ…. നിനക്ക് അതിനുള്ള അർഹതയുണ്ട്. പിന്നെ ഫിലോസഫി

ഒന്നുമല്ലടാ അവന് അളിയനായി വരാൻ പോകുന്ന ആളിനെ പറ്റിയുള്ള അവന്റെ സങ്കല്പങ്ങൾ നീയും കേട്ടതല്ലേ? ”

“അതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഞാൻ എങ്ങനെയാണ് അവന്റെ പെങ്ങളെ എനിക്ക് തരാൻ പറയേണ്ടത്? ഇപ്പോൾ ഞാൻ ഒരു വട്ടപൂജ്യം ആണെന്ന് നിനക്കും അറിയാമല്ലോ?”

“ഒരു രണ്ടു വർഷത്തിനുള്ളിൽ എന്തെങ്കിലുമൊക്കെ ആകുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നിട്ട് ധൈര്യമായി അവനോട് നീതുവിനെ എനിക്ക് തരണമെന്ന് പറയാനിരിക്കുകയായിരുന്നു.

ഈ ആലോചന അവന് ഏറ്റവും ബെസ്റ്റ് എന്ന് തോന്നിയത് കൊണ്ടാണല്ലോ ഇത്രയും പെട്ടെന്ന് ഇത് നടത്താൻ തീരുമാനിച്ചത്. അവനു വാക്ക് കൊടുത്തിട്ട് ഒന്നും ആകാതെ ഇരുന്നാൽ അവളുടെ ജീവിതം അല്ലേഞാൻ തകർക്കുന്നത്?

പിന്നെ ഞാൻ എങ്ങനെയാണ് അവന്റെ മുഖത്ത് നോക്കുക? ഞാൻ കാരണം അവന്റെ പെങ്ങളുടെ ജീവിതം ഇല്ലാതായെന്ന് അവന് തോന്നിയാൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?”

” ഇത്രയും തത്വം വിളമ്പാൻ ആയിരുന്നെങ്കിൽ പിന്നെ ആ പെൺകുട്ടിക്ക് വെറുതെ ആശ കൊടുക്കാൻ നിൽക്കരുതായിരുന്നു. ആ പെണ്ണിന്റെ കണ്ണീർ കൂടി വീഴ്ത്തിയപ്പോൾ നിനക്കിപ്പോൾ സമാധാനമായില്ലേ? ”

” ഡ…., നീ കൂടി എന്നെ കുറ്റപ്പെടുത്തരുത്. ഏത് നിമിഷവും മനസ്സ് കൈവിട്ടു പോകും എന്ന അവസ്ഥയിലാണ് ഞാൻ നിൽക്കുന്നത്. നിനക്കറിയാമല്ലോ എനിക്ക് അവൾ എത്ര പ്രിയപ്പെട്ടതാണെന്ന്…

സ്നേഹിച്ചുപോയി അതെന്റെ തെറ്റാണ് സമ്മതിച്ചു… പക്ഷേ എന്റെ കൂടെ വന്ന് ജീവിതകാലം മുഴുവൻ അവൾ കരയുന്നതിലും എത്രയോ ബേധമാണ് ഇപ്പോഴുള്ള അവളുടെ കണ്ണീർ. ”

” ഒരു നല്ല ജോലിയില്ല നല്ല വീടില്ല അവളെ സന്തോഷിപ്പിക്കും വിധം ഒന്നും തന്നെയില്ല ആകെയുള്ളത് സ്നേഹിക്കാൻ അറിയുന്ന ഒരു അമ്മ മാത്രമാണ്. എല്ലാം നേടിയെടുക്കാൻ എത്ര നാൾ വേണ്ടിവരും എന്നുപോലും എനിക്ക് നിശ്ചയം ഇല്ല. ”

അതും പറഞ്ഞുകൊണ്ട് അവൻ അനൂപിന്റെ ചുമലിലേക്ക് ചാഞ്ഞു. ഷർട്ടിൽ നനവ് പടർന്ന് കയറുമ്പോൾ അനൂപ് അവനെ ചേർത്തുപിടിച്ചു.

” എനിക്കൊന്ന് അവസാനമായി നീതുവിനോട് സംസാരിക്കാൻ പറ്റുമോ അനൂപേ?അവളോട് വിഷമിക്കരുതെന്ന് പറയണം. സന്തോഷമായി ജീവിക്കണം എന്ന് പറയണം….വേറൊന്നും വേണ്ട പ്ലീസ്… ”

അവന്റെ വാക്കുകൾ ഇടറിയതും അനൂപ് അവന്റെ തോളിൽ തട്ടി.”നീ വിഷമിക്കാതിരിക് നമുക്ക് വഴി ഉണ്ടാക്കാം.”

അതും പറഞ്ഞുകൊണ്ട് അവൻ വീടിനകത്തേക്ക് പോയപ്പോൾ മഹേഷ് അവിടെ തന്നെ ഇരുന്നു. കുറച്ചുസമയത്തിനകം തിരികെ വന്ന് അവന്റെ കൈപിടിച്ച് വലിച്ച് അവളുടെ മുറിയുടെ ജനാലയ്ക്കരിയിലേക്ക് കൊണ്ടുപോയി.

അവനെ കണ്ടതും അത്രനേരം അടക്കിവെച്ച അവളുടെ സങ്കടം അണപൊട്ടിയൊഴുകി.

” നീതു കരയരുത്… ഒരു കണക്കിനാണ് ഞാൻ പിടിച്ചു നിൽക്കുന്നത്. എന്നെ ശപിക്കരുത്… വെറുക്കുകയും ചെയ്യരുത്….

നീതുവിന് വേണ്ടി ഞാൻ എപ്പോഴും പ്രാർത്ഥിക്കും. ഇത് ഞാൻ നീതുവിന് വേണ്ടി കരുതിയ ചെറിയൊരു വിവാഹ സമ്മാനം ആണ്. ”

പോക്കറ്റിൽ കിടന്ന ഒരു ജോഡി വെള്ളികൊലുസ് അവൾക്ക് സമ്മാനിച് അവളെ ഒന്ന് നോക്കാൻ പോലും കഴിയാതെ കണ്ണു തുടച്ച് തിരിഞ്ഞു നടക്കുമ്പോഴാണ് ഹരി തന്നെ ഉറ്റു നോക്കി നിൽക്കുന്നത് കണ്ടത്!.

” ദൈവമേ ഇത്രനാൾ എല്ലാം മറച്ചു വച്ചത് വെറുതെയായല്ലോ….ഇനി എന്താണ് ഹരിയോട് പറയേണ്ടത്? “അവന്റെ തൊണ്ട എല്ലാം വരണ്ടു പൊട്ടുന്നത് പോലെ തോന്നി.

കലിയടങ്ങാതെ നിൽക്കുന്ന ഹരിയുടെ ചാരത്ത് ചെന്നതും കരണം നോക്കി ഒന്ന് പൊട്ടിച്ചത് പെട്ടെന്നായിരുന്നു.

കവിളിൽ അമർത്തിപ്പിടിച്ചു നിൽക്കുന്ന മഹേഷിനെ വീണ്ടും വീണ്ടും തല്ലാൻ ഒരുങ്ങുമ്പോഴാണ് അനൂപ് ഓടി വന്നു തടഞ്ഞത്.

“എന്താടാ ഹരി നീ ഈ കാട്ടുന്നത്?”” തടുക്കേണ്ട അനൂപേ… അവന്റെ ദേഷ്യം തീരും വരെ തല്ലിക്കൊട്ടെ…അത്രയ്ക്ക് നന്ദികേട് അല്ലേ ഞാൻ കാട്ടിയത്. ”

” തല്ലുകയല്ല കൊല്ലുകയല്ലേടാ ഞാൻ ഇവനെ ചെയ്യേണ്ടത്? ഒരു വട്ടമെങ്കിലും ഇവന് ഇത് എന്നോട് തുറന്നു പറയാമായിരുന്നില്ലേ? ഇപ്പോൾ നീ പറഞ്ഞിട്ട് വേണമായിരുന്നോ ഞാൻ എല്ലാം അറിയാൻ?

എന്റെ പെങ്ങൾ നിന്നെ അത്ര സ്നേഹിച്ചിട്ടുണ്ടെങ്കിൽ നീ അവളെ പൊന്നുപോലെ നോക്കുമെന്ന് എനിക്കറിയില്ലേ?

എല്ലാം അറിഞ്ഞിരുന്നെങ്കിൽ ഇത്രയും വരെ ഞാൻ കൊണ്ട് ചെന്നെത്തിക്കും ആയിരുന്നോ? എന്റെ നീതുവിന്റെ കണ്ണീർ കൂടി ഞാൻ കാണേണ്ടി വന്നില്ലെടാ?”

“നിന്റെ കൂടെ ജീവിക്കുന്നതിന് ഞാൻ എതിര് പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? അത്രയേ നീ എന്നെ മനസ്സിലാക്കിയുള്ളൂ?”

അവന്റെ കവിളിൽ പിന്നെയും മാറിമാറി അടിക്കുമ്പോൾ അടിയേക്കാൾ വേദന തോന്നിയത് ഹരിയുടെ വാക്കുകൾ കേട്ടാണ്…പക്ഷേ വൈകി പോയിരിക്കുന്നു.

” ഇനി എങ്ങനെയാണ് ഞാൻ നിങ്ങളെ ഒന്നിപ്പിക്കേണ്ടത്?നിങ്ങൾക്ക് വേണ്ടി ഒന്നുമറിയാത്ത ഒരു ചെറുപ്പക്കാരന്റെ ജീവിതം കൂടി എങ്ങനെയാണ് ഞാൻ തകർക്കേണ്ടത്? ”

ആകെ തകർന്ന മട്ടിൽ സംസാരിച്ച ഹരിയെ മഹേഷ് വട്ടം കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു.

“ഈ ഒരു നിമിഷം നീ മറന്നേക്ക് ഹരി… നീ ഒന്നും അറിഞ്ഞിട്ടില്ല.. ഞങ്ങൾ രണ്ടാളും ഇതു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞു… ആ പാവം ചെറുപ്പക്കാരന്റെ ജീവിതം തകർത്താൽ ആ ശാപം ഒരിക്കലും വിട്ടുമാറില്ല നീ ചെല്ല്…”

അവന്റെ തോളിൽ തട്ടിക്കൊണ്ട് അവൻ അവിടെ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ തെറ്റ് തിരുത്താൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് അവൻ അറിയാതെ ആശിച്ചു പോയി.

പിറ്റേന്ന് മുഹൂർത്തത്തിന്റെ സമയം അടുത്തിട്ടും ചെറുക്കന്റെ വീട്ടുകാരെ കാണാഞ്ഞിട്ട് എല്ലാവർക്കും വെപ്രാളം തുടങ്ങി.

പലരും ഫോണുകളിൽ പല നമ്പറുകളിലേക്ക് മാറിമാറി വിളിച്ചു കൊണ്ടിരുന്നു . ഒടുക്കം കണക്ട് ആയ നമ്പറിൽ നിന്നും കേട്ട വാർത്ത എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു.

ചെക്കൻ തന്റെ പഴയ കാമുകിയെ രണ്ടു മണിക്കൂർ മുന്നേ ആരും അറിയാതെ വിവാഹം കഴിച്ചിരിക്കുന്നു എന്ന്!.

വാർത്തയറിഞ്ഞതും പന്തൽ ആകെ അടക്കം പറിച്ചിലുകൾ തുടങ്ങി. അമ്മയും അച്ഛനും ബന്ധുക്കളും എന്ത് ചെയ്യണം

എന്ന് അറിയാതെ നിൽക്കുമ്പോൾ നീതുവിന്റെയും ഹരിയുടെയും മുഖത്ത് മാത്രം പൂത്തിരി കത്തിയ സന്തോഷമായിരുന്നു.

അവൻ നേരെ ഓടിയത് മഹേഷും അനൂപും ഒക്കെ വെൽക്കം ഡ്രിങ്ക് തയ്യാറാക്കി വയ്ക്കുന്നിടത്തേക്കാണ്.

“എടാ മഹി നീ എന്തു വഴിപാടാണ് ദൈവത്തിന് നേർന്നത്… എനിക്ക് കൂടി പറഞ്ഞു താടാ…”ഒന്നും മനസ്സിലാകാതെ നിൽക്കുന്ന അവരെ നോക്കി ഹരി തുടർന്നു.

“പെങ്ങളുടെ കല്യാണം മുടങ്ങിയതിന്റെ പേരിൽ ഇത്രയ്ക്ക് സന്തോഷിക്കുന്ന ലോകത്തിലെ ആദ്യത്തെ ആങ്ങള ഞാനായിരിക്കും. ആ തെണ്ടി അവന്റെ കാമുകിയുടെ കൂടെ ഒളിച്ചോടി എന്ന്!”

അവനത് പറഞ്ഞുകൊണ്ട് തുള്ളി ചാടുമ്പോൾ എന്തു പറയണം എന്നറിയാതെ മഹേഷ് പകച്ചു നിന്നു. ഈ നിമിഷം സന്തോഷം കൊണ്ട് അറ്റാക്ക് വന്ന് ചാകുമെന്ന് വരെ അവന് തോന്നിപ്പോയി.

“ഡാ… നിനക്കിനി രണ്ടു വർഷത്തെ സമയമുണ്ട് അതുവരെ അവളെ ആരും കൊണ്ടുപോകാതെ ഞാൻ നോക്കിക്കോളാം. ഒന്നുമല്ലാതെ എന്റെ

പെങ്ങളെ കെട്ടുന്നു എന്നുള്ള തോന്നൽ വേണ്ട കേട്ടല്ലോ….ഞാൻ പോയി അവിടെ കുറച്ച് സെന്റി സീൻ അടിച്ചിട്ട് വരാം.”

അതും പറഞ്ഞ് ഹരി തിരികെ മണ്ഡപത്തിലേക്ക് ഓടുമ്പോൾ മഹേഷ് അനൂപിനെ മുറുകെ പിടിച്ചു.” താങ്ക്സ് ഡാ നീ കാരണമാണ് ഹരി എല്ലാം അറിഞ്ഞത്.

” അതൊക്കെ അവിടെ നിൽക്കട്ടെ നീ ഏത് അമ്പലത്തിലാ വഴിപാട് കഴിച്ചതെന്ന് എനിക്കുകൂടെ പറഞ്ഞുതാ.…. ഭാവിയിൽ ഇതുപോലെ ഉപകരിച്ചാലോ.. “അത് കേട്ടതും നിറഞ്ഞ കണ്ണുകളുടെ അവൻ പൊട്ടി ചിരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *