ജീവിതത്തിന്റെ പാകം
(രചന: Bindu NP)
അയാൾ എണീറ്റു വരുമ്പോൾ അവൾ നിലം തുടക്കുകയായിരുന്നു . അതുകണ്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു .
“നീ ഇന്നലെയല്ലേ ഇവിടെയൊക്കെ തുടയ്ക്കുന്നത് കണ്ടത്. ഇന്ന് വീണ്ടും തുടയ്ക്കണോ..?”
അയാൾ അവളോട് ദേഷ്യപ്പെട്ടു .
“ദിവസവും വൃത്തിയാക്കിക്കഴിഞ്ഞാൽ
അഴുക്കുണ്ടാവില്ലല്ലോ.. അതുമല്ല കഴിയുമ്പോ അല്ലേ ചെയ്യാൻ പറ്റൂ.. വയ്യാതായാ വന്നു നോക്കി കുറ്റം പറയാൻ ഒരുപാട് ആളുകൾ ഉണ്ടാവും.
എന്നാലോ ഒന്ന് സഹായിക്കാൻ ആരും ഉണ്ടാവുകയുമില്ല..”
അതും പറഞ്ഞവൾ ജോലി തുടർന്നു.
“ചായ കുടിച്ചോ “… എന്ന ചോദ്യം കേട്ടാണയാൾ ചിന്തയിൽ നിന്നും ഉണർന്നത്. അടുത്ത വീട്ടിലെ ചേച്ചിയാണ്.”ഇല്ല “എന്ന് പറഞ്ഞയാൾ അകത്തേക്ക് നടന്നു.
ആകെ അലങ്കോലമായി കിടക്കുന്ന മുറികളും അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന അടുക്കളയും അയാളെ ആസ്വസ്ഥാനാക്കി. അയാൾ ബെഡ്റൂമി
ലേക്ക് പാളി നോക്കി .
അവൾ കിടക്കയിൽ സ്വയം എഴുന്നേൽക്കാനാവാതെ കിടക്കുന്നു . മീൻ വാങ്ങാനായി പോയതായിരുന്നു അവൾ. എങ്ങനെയോ കാലൊന്നു സ്ലിപ്പ് ആയതേ ഓർമ്മയുള്ളൂ . പിന്നെ എഴുന്നേറ്റ് നടക്കാൻ വയ്യാതായി . എങ്ങനെയോ വീട്ടിൽ എത്തി. അപ്പോഴേക്കും കാല് നീര് വെച്ച് അനക്കാൻ പറ്റാതെയായി.
ഹോസ്പിറ്റലിൽ എത്തി എക്സ് റേ എടുത്തപ്പോഴാണ് പറഞ്ഞത് കാലിനു ചെറിയ ഫ്രാക്ച്ചറുണ്ട്. മുട്ട് മുതൽ താഴോട്ട് പ്ലാസ്റ്റർ ഇട്ടിട്ട് ഒരുമാസം അനങ്ങാതെ കിടക്കണം എന്ന്. കാല് നിലത്ത് കുത്തരുത്. ഈശ്വരാ.. അത് കേട്ടപ്പോ ഭൂമി പിളർന്ന് താഴേക്ക് പോകുന്നതുപോലെ തോന്നി . എന്ത് ചെയ്യും.. സഹായത്തിനൊന്നും ആരുമില്ല .
രാവിലെ ആറരയ്ക്ക് കോളേജിൽ പോയാൽ രാത്രി ഏഴരയ്ക്ക് തിരിച്ചെത്തുന്ന മോള്.. ഒരു സ്റ്റവ് കത്തിക്കാൻ പോലും അറിയാത്ത കെട്ടിയോൻ. എല്ലാം ഓർത്തപ്പോ തല പെരുക്കുന്നതുപോലെ തോന്നി. പരസഹായമില്ലാതെ ടോയ്ലറ്റിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ..
മോള് രാവിലെ ബ്രെഡും ജാമും കഴിച്ചു കോളേജിൽ പോയി. ഇനി അവൾക്കും തനിക്കും കഴിക്കണമല്ലോ.. അയാൾ ഓൺലൈനിൽ ഭക്ഷണത്തിന് ഓർഡർ ചെയ്തു . ഡെലിവറി ബോയ് കൊണ്ടുവന്ന ചപ്പാത്തിയും കിഴങ്ങു കറിയും അയാൾ ഭാര്യക്ക് കൊടുത്തു.
ഒപ്പം അയാളും കഴിച്ചു . അപ്പോൾ അയാൾ ഓർത്തു. സാധാരണ ഡൈനിങ് ടേബിളിൽ ഒന്നിലധികം വിഭവങ്ങൾ ഉണ്ടാവും ചില ദിവസങ്ങളിൽ. ചിലപ്പോൾ ദോശയും ചപ്പാത്തിയും ഉണ്ടാവും . ഒപ്പം ബാജി കറിയും മുട്ട റോസ്റ്റും കാണും . ചോദിച്ചാൽ അവൾ പറയും..
“ദോശ നിങ്ങൾക്കിഷ്ടമല്ലേ .. അതാ ദോശ ഉണ്ടാക്കിയത് . മോൾക്ക് ദോശ ഇഷ്ടമല്ലല്ലോ… അതാ ചപ്പാത്തി ഉണ്ടാക്കിയത് …”
അതൊക്കെ ഓർത്തിരിക്കുമ്പോഴാണ് ഭാര്യ അയാളെ വിളിച്ചത്. കൈ കഴുകാൻ സഹായിക്കാനാണ് …
“ശ്രദ്ധയില്ലായ്മ കൊണ്ട് ഓരോന്നും വരുത്തി വെച്ചിട്ടല്ലേ “… എന്നയാൾ ദേഷ്യപ്പെട്ടു.
“ആരെങ്കിലും കരുതുമോ ഇതുപോലെ സംഭവിക്കണമെന്ന്.. അറിയാതെ പറ്റിപ്പോയതല്ലേ …”എന്ന് അവളും സങ്കടപ്പെട്ടു ..
ഭാര്യയെ സന്ദർശിക്കാനായി പലരും വരുന്നുണ്ട്. അപ്പോഴൊക്കെ അലങ്കോലമായി കിടക്കുന്ന വീട് അയാളെ ആസ്വസ്ഥാനാക്കി ..
വൈകുന്നേരം ആയാൽ അയാൾ പുറത്തേക്ക് പോകും. തിരിച്ചു വരുമ്പോൾ രാത്രിയത്തേക്കുള്ള ഫുഡും വാങ്ങിയിട്ടാവും വരിക. അങ്ങനെ യന്ത്രീകമായി ദിവസങ്ങൾ കൊഴിയവേ ആ ഭക്ഷണമെല്ലാം മടുത്തു തുടങ്ങിയിരുന്നു. ആദ്യമാദ്യം ആസ്വദിച്ചു കഴിച്ചിരുന്ന ഹോട്ടൽ ഫുഡ് മോൾക്കും മടുത്തുവെന്ന് മനസ്സിലായി.
അന്ന് രാത്രി ഉറങ്ങാൻ നേരം അയാൾ ഓർത്തു കാര്യങ്ങൾ ഇങ്ങനെ പോയാൽ ശരിയാവില്ലല്ലോ..എന്തുകൊണ്ട് വീട്ടുജോലികൾ തനിക്ക് കൂടി ചെയ്തുകൂടാ . ഭക്ഷണം കഴിച്ച പാത്രം പോലും ഇതുവരെ കഴുകി യിട്ടില്ലാത്ത ആളാണ് ഈ പറയുന്നത് എന്ന് അയാളുടെ മനസ്സ് അയാളെ കളിയാക്കി ..എങ്കിലും ഒടുവിൽ അയാൾ ഒരു തീരുമാനത്തിൽ എത്തി..
പിറ്റേന്ന് രാവിലെ തന്നെ അയാൾ ഉണർന്നു . അടുക്കളയെല്ലാം വൃത്തിയാക്കി.. മോള് സ്റ്റവ് കത്തിക്കുന്നതൊക്കെ നോക്കി പഠിച്ചു. അവള് പോകുമ്പോഴേക്കും രണ്ടു പേരും ചേർന്ന് ഉപ്പുമാവും ചായയും ഉണ്ടാക്കി. മോള് പോയ ശേഷം അയാൾ മുറികളൊക്കെ വൃത്തിയാക്കി.
അലക്കാനുള്ള തുണികളൊക്കെ വാഷിംഗ് മെഷീനിൽ ഇടാനായി എടുത്തു വെച്ചു. അതിന് ശേഷം ഭാര്യയെ വിളിച്ചുണർത്തി. ബ്രഷ് ചെയ്യാൻ അവളെ സഹായിച്ചു . ചായയും ഉപ്പുമാവും മുന്നിൽ വെച്ചപ്പോൾ അവൾ അത്ഭുതപ്പെട്ടു.
“ഇതെവിടുന്നാ ..?”
അവൾ ചോദിച്ചു ..”നീ കഴിച്ചു നോക്ക് …”അയാൾ പറഞ്ഞു
…”നിങ്ങള് കഴിക്ക്.. എന്നിട്ട് ഞാൻ കഴിച്ചോളാം…”സാധാരണ അതാണ് അവളുടെ ശീലം . എത്ര പറഞ്ഞാലും അയാള് കഴിക്കാതെ അവൾ കഴിക്കില്ല…
“ഇന്ന് നമുക്ക് ഒപ്പം കഴിക്കാം ..”അയാൾ പറഞ്ഞു .
അവൾ അത്ഭുതത്തോടെ .. അതിലേറെ സന്തോഷത്തോടെ അയാളെ നോക്കി…
അവൾക്കൊപ്പം അയാളും ഇരുന്നു. ഉപ്പുമാവ് വായിൽ വെച്ചപ്പോഴാണ് ഈ അടുക്കളപ്പണി അത്ര എളുപ്പമല്ല എന്ന് അയാൾക്ക് മനസ്സിലായത്.. ഉപ്പ് കൂടി അത് വായിൽ വെക്കാൻ പറ്റാതെയായിരുന്നു.. എന്നിട്ടും ഒരു കുറ്റവും പറയാത്തെ അവൾ സന്തോഷത്തോടെ അത് കഴിച്ചു..
എത്ര രുചികരമായിട്ടാണ് അവൾ ഭക്ഷണം ഉണ്ടാക്കുയിരുന്നത്. എന്നിട്ടും എന്തെങ്കിലും കുറ്റങ്ങൾ പറഞ്ഞു ഞാൻ എഴുന്നേറ്റു പോകുമ്പോൾ എത്ര തവണ സങ്കടത്തോടെ അവൾ നിൽക്കുന്നത് താൻ കണ്ടിട്ടുണ്ട് …
എന്നിട്ടിപ്പോ ഞാൻ ഉണ്ടാക്കിയ ഭക്ഷണത്തിന് ഒരു പരാതി പോലും അവൾ പറഞ്ഞില്ലല്ലോ…
“ഉപ്പ് കൂടിപ്പോയല്ലേ ..”അയാൾ അവളോട് ചോദിച്ചു..”സാരോല്ല ഏട്ടാ… അതൊക്കെ പതിയെ പതിയെ ശരിയായിക്കോളും.. എല്ലാറ്റിനും ഒരു പാകമുണ്ട് … അത് മനസ്സിലായി കഴിഞ്ഞാൽ പിന്നെ എല്ലാം വളരെ എളുപ്പമാണ് …”
അയാൾ അവളുടെ വായും കൈയും കഴുകിപ്പിച്ച് അവളെ കിടക്കയിൽ കിടക്കാൻ സഹായിച്ച ശേഷം അവർ കഴിച്ച പാത്രവുമായ് അടുക്കളയിലേക്ക് നടന്നു… അപ്പൊ അവൾ പറഞ്ഞ വാക്കുകൾ അയാൾ ഓർത്തു .. അതേ… ”
എല്ലാറ്റിനും ഒരു പാകമുണ്ട്… അത് മനസ്സിലായി കഴിഞ്ഞാൽ പിന്നെ എല്ലാം എളുപ്പമാണ്.. ”
അപ്പോൾ ആയാളും മനസ്സിലാക്കി തുടങ്ങുകയായിരുന്നു … ജീവിതത്തിന്റെ പാകം…