ഭാര്യയുടെയും അമ്മയുടെയും സ്വഭാവം നന്നായി അറിയാവുന്നതിനാൽ അയാൾക്ക് ആരെയും കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല .

തട്ടീം മുട്ടീം
(രചന: Bindu NP)

ഉച്ചയുറക്കം കഴിഞ്ഞ് എണീറ്റു വന്ന സുമതി അകത്ത് മുഴുവൻ തിരഞ്ഞെങ്കിലും നാണിയേച്ചിയെ അവിടെ ഒന്നും കണ്ടില്ല … അകത്തും പുറത്തുമൊന്നും കാണാതായപ്പോൾ അവൾക്ക് പേടിയാവാൻ തുടങ്ങി..

നേരത്തെ വഴക്കിനിടയിൽ “നിനക്ക് ഞാൻ കാണിച്ചു തരാമെടീ… നിന്നെ ഞാൻ പോലീസ് സ്റ്റേഷനിൽ കയറ്റും എന്നൊക്കെ വിളിച്ചു പറഞ്ഞതുമാണ്.. അതോർത്തപ്പോൾ സുമതി വലിയ വായിലേ നിലവിളിച്ചു.. “അയ്യോ .. അമ്മയെ കാണാനില്ലേ….”

തൊടിയിൽ പശുവിനെ കെട്ടാൻ പോയ ശാന്ത കയറും ചാടി കരച്ചിൽ കേട്ടിടത്തേക്ക് ഓടി..
ശാന്തയെ കണ്ടപ്പോൾ സുമതിയുടെ കരച്ചിൽ ഒന്നൂടെ ഉച്ചത്തിലായി..

“അയ്യോ ശാന്തേച്ചീ അമ്മയെ കാണാനില്ലേ .. ഇനി കെട്ട്യോൻ വരുമ്പോ ഞാനെന്തു സമാധാനം പറയും…”

കുറച്ച് മുമ്പ് രണ്ടുപേരും തമ്മിലുള്ള വഴക്ക് കേട്ടതാണ്.. അത് പതിവുള്ളതായതിനാൽ ശ്രദ്ധിക്കാൻ പോയില്ല..

അവരുടെ ബഹളം കേട്ട് അയല്പക്കത്തുള്ളവർ ഓടിക്കൂടി .. എല്ലാവരും തോട്ടിലും കിണറ്റിലും തിരച്ചിലായി..

സുമതിയുടെ അമ്മായിയമ്മയാണ് നാരായണി. എല്ലാവരും അവരെ നാണിയേച്ചി എന്ന് വിളിച്ചു.. നാണിയേച്ചിയെ കാണാതായപ്പോൾ അതുവരെ അവരെ കുറ്റം പറഞ്ഞ നാട്ടുകാരെല്ലാം മരുമകളെ കുറ്റം പറയാൻ തുടങ്ങി..

അതിനിടയിൽ സുമതിയുടെ കെട്ട്യോൻ വന്നു . ഭാര്യയുടെയും അമ്മയുടെയും സ്വഭാവം നന്നായി അറിയാവുന്നതിനാൽ അയാൾക്ക് ആരെയും കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല .

നാട്ടുകാർ നാട് നീളെ തിരഞ്ഞെങ്കിലും രാത്രിയായിട്ടും ഒരു വിവരവും കിട്ടിയില്ല. അന്ന് ഇതുപോലെവാട്സാപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാത്ത കാലമായതിനാൽ നാണിയേച്ചിയെ കാണാതായ വിവരം അധികം ആരുമറിഞ്ഞില്ല..

അതേസമയം മരിക്കാൻ വേണ്ടി വീട് വീട്ടിറങ്ങിയ നാണിയേച്ചി പട്ടണത്തിൽ എത്തിയിരുന്നു. മരുമകള് ഉറങ്ങുന്ന തക്കത്തിന് നിനക്ക് ഞാൻ കാണിച്ചു തരാടീ എന്നും പറഞ്ഞ് കിട്ടിയ തക്കത്തിന് രണ്ടരയുടെ ബസ്സിന്‌ കയറിയതാണ് ..

നേരം ഇരുട്ടി തുടങ്ങിയപ്പോ നാണിയേച്ചിക്ക് പേടിയായിത്തുടങ്ങി .. ഒരു ആവേശത്തിന് ബസ്സ് കയറി വന്നതാണ് .. കയ്യിലും കാതിലും ഒക്കെ
ആഭരണങ്ങളുണ്ട്.. കള്ളന്മാർ ആരെങ്കിലും കൊണ്ടുപോയാലോ..

അപ്പോഴാണ് നാട്ടിലേക്കുള്ള അവസാന ബസ്സ് പുറപ്പെടാൻ തുടങ്ങുന്നത് കണ്ടത്. അതിൽ വീടിനടുത്തുള്ള ഒരാളെ കണ്ടപ്പോ വേഗം കാതിലേയും കഴുത്തിലെയും ആഭരണങ്ങൾ അഴിച്ച് വേഷ്ട്ടിയിൽ പൊതിഞ്ഞ് ആ നാട്ടുകാരന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു “മോനേ .. ഞാൻ ഇവിടെ ഗവണ്മെന്റ് ആശുപത്രിയിൽ അഡ്മിറ്റ് ആണ് ..

ഇന്ന് വീട്ടിൽ നിന്നാരും വന്നിട്ടില്ല. അതുകൊണ്ട് മോൻ ഈ തുണിയൊന്ന് വീട്ടിൽ കൊടുക്കണം.ബസ്റ്റാന്റ് ആശുപത്രിയുടെ തൊട്ടടുത്തായതുകൊണ്ട് തന്നെ ആ നാട്ടുകാരൻ സംശയിക്കാതെ ആ തുണിക്കെട്ട് വാങ്ങുകയും ചെയ്തു .

പിറ്റേന്ന് രാവിലെ തുണിക്കെട്ട് കൊടുക്കാൻ ചെന്നപ്പോഴാണ് നാണിയേച്ചിയെ കാണാതായ വിവരം അയാളും അറിയുന്നത്.ചുരുട്ടിക്കൂട്ടിയ തുണിക്കെട്ട് അഴിച്ച് നോക്കിയപ്പോഴാണ് അതിൽ നാണിയേച്ചിയുടെ ആഭരണങ്ങൾ കണ്ടത്. അതോടെ എല്ലാവരും ഉറപ്പിച്ചു നാണിയേച്ചിക്ക് എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ട് .

പിന്നെ നാട്ടുകാരെല്ലാം കൂടി നാണിയേച്ചിയെ കണ്ടെന്ന് പറയുന്ന ആശുപത്രി പരിസരത്തും മറ്റും അന്വേഷിച്ച് നെട്ടോട്ടമായി ..
അവിടെ എവിടെയും കാണാതായതോടെ അവർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ തീരുമാനിച്ചു.

അവിടെ എത്തിയപ്പോഴുണ്ട് നമ്മുടെ നാണിയേച്ചി പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നു ..
മോനേ കണ്ടതും നാണിയേച്ചി “ഉയ്യെന്റെ മോനേ “എന്നും പറഞ്ഞു കരയാൻ തുടങ്ങി .
കണ്ടു നിന്ന പോലീസ് കാരനാണ് സംഭവം പറഞ്ഞത്.

മരുമോളോടുള്ള ദേഷ്യത്തിന് ഒരാവേശത്തിന് വീട് വീട്ടിറങ്ങിയെങ്കിലും മരിക്കാനൊന്നും ഉദ്ദേശമുണ്ടായിരുന്നില്ല. ഒന്ന് പേടിപ്പിക്കണം എന്നേയുണ്ടായിരുന്നുള്ളൂ.നേരം ഇരുട്ടിയപ്പോ പേടിയാവാൻ തുടങ്ങി…

ആരൊക്കെയോ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ഇറങ്ങി നടന്നു.. എത്തിയത് കടൽക്കരയിൽ .അത് . നൈറ്റ്‌ പെട്രോളിംഗിനിറങ്ങിയ പോലീസുകാരുടെ ശ്രദ്ധയിൽ പെട്ടു.. അങ്ങനെയാണ് സ്റ്റേഷനിൽ എത്തിയത് .

നാട്ടുകാരുടെ അകമ്പടിയോടെ മകനോടൊപ്പം നാണിയേച്ചി വീട്ടിലെത്തിയതും സുമതി ഓടി വന്ന് “എങ്കിലും എന്റെ അമ്മേ ഞങ്ങളെ ഇട്ടേച്ചു പോകാൻ തോന്നിയല്ലോ അമ്മയ്ക്ക്” എന്ന് വലിയ വായിൽ പതം പറഞ്ഞു കരഞ്ഞുകൊണ്ട് നാണിയേച്ചിയെ കെട്ടിപ്പിടിച്ചു.

സുമതിയുടെ കരച്ചിൽ കണ്ട നാണിയേച്ചിക്കും കരച്ചിലടക്കാനായില്ല.. നാണിയേച്ചി മരുമോളെ ചേർത്തു പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു .കണ്ടു നിന്ന നാട്ടുകാരും ഒപ്പം കരഞ്ഞു…

അതുവരെ മരുമോളെ കുറ്റം പറഞ്ഞ നാട്ടുകാർ ആരെയും കുറ്റപ്പെടുത്താനാവാതെ നിന്നു.. ചിലർ പരസ്പരം പറയുന്നുണ്ടായിരുന്നു.. സാരോല്ല.. ചട്ടീം കലോം ആവുമ്പോ ഇങ്ങനെ തട്ടീന്നും മുട്ടീന്നും ഒക്കെയിരിക്കും.. ഇനി അവരായി അവരുടെ പാടായി…അതും പറഞ്ഞവർ പിരിഞ്ഞുപോയി..

ഇടയ്ക്കിടെ മരുമോളുടെ ഭാഗത്തും അമ്മായിയാമ്മയുടെ ഭാഗത്തേക്കും കൂറുമാറിക്കൊണ്ടിരുന്ന ശാന്ത മാത്രം ആരുടെ ഭാഗം നിൽക്കും എന്നറിയാതെ പകച്ചു നിന്നു.. എന്നിട്ട് ആത്മഗതകമെന്നോണം .

“ഇങ്ങനെപറഞ്ഞു .. “ഇങ്ങനെ അടേം ചക്കരേം പോലുള്ള നിങ്ങള് രണ്ടാളും തമ്മില് എന്തിനാ ഇത്രയും പുകില് ഉണ്ടാക്കിയതെന്റെ നാണിയേച്ചിയെ…?”

ഇതൊക്കെ എന്ത്.. വെറുമൊരു സാമ്പിൾ വെടിക്കെട്ടല്ലേ എന്ന മട്ടിൽ നാണിയേച്ചി ശാന്തയെ നോക്കി ഒന്ന് ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *