മൃഗം
(രചന: Gopi Krishnan)
ആ യാത്രയിലുടനീളം ഹരിശങ്കർ IPS ചിന്തിച്ചത് അയാളെക്കുറിച്ചായിരുന്നു… ഭദ്രൻ…
പതിമൂന്നു വയസുള്ള സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചു കൊന്നതിനു വധശിക്ഷ ഏറ്റുവാങ്ങാൻ കാത്തിരിക്കുന്നയാൾ…
ഒരു സമയത്ത് മാധ്യമങ്ങളും ജനങ്ങളും മൃഗം എന്ന പേരിൽ ഒത്തിരി ക്രൂശിച്ചയാൾ…
വധശിക്ഷ നടപ്പാക്കാൻ ഏതാനും ദിനങ്ങൾ മാത്രം ബാക്കി നിൽക്കുന്നു… ഈ അവസാന നിമിഷത്തിൽ എന്തിനു വേണ്ടിയായിരിക്കും അയാൾ തന്നെ കാണണം എന്ന് പറഞ്ഞത്…
ചിന്തകൾ മനസിനെ മറ്റേതോ ലോകത്തേക്ക് കൊണ്ടെത്തിച്ചു… അതിനിടയിൽ ജയിലിനു മുന്നിൽ എത്തിയത് അയാൾ അറിഞ്ഞില്ല…
സന്ദർശകർ്ക്കുള്ള മുറിയിൽ ഹരിശങ്കർ ഭദ്രന് വേണ്ടി കാത്തിരുന്നു….ക്രൂരമായ ചിരിയോടെ വരുന്ന ഒരു മനുഷ്യമൃഗത്തെ പ്രതീക്ഷിച്ച അയാളെ ഞെട്ടിച്ചുകൊണ്ട് ക്ഷീണിതനായ ഒരാൾ പുഞ്ചിരിയോടെ അടുത്തേക്ക് വന്നു….
മകളെ പീഡിപ്പിച്ചു കൊന്ന അച്ഛനോടുള്ള സഹതടവുകാരുടെയും പോലീസുകാരുടെയും ആദരവ്.. അയാളുടെ ശരീരം മൊത്തം കാണപ്പെട്ടു….. വേദന കലർന്നൊരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു തുടങ്ങി….
” സാറേ…. എന്റെ പേര് ഭദ്രൻ… അറിയുമായിരിക്കും…. കുറച്ചു കാലം മുന്നേ ഈ നാട്ടിലെ സകല മാധ്യമങ്ങളും ആഘോഷിച്ച വാർത്ത ആയിരുന്നല്ലോ.. സ്വന്തം മകളെ പീഡിപ്പിച്ചു കൊന്ന അച്ഛന്റെ കഥ….
എല്ലാം ഏറ്റുവാങ്ങി മരണത്തിലേക്ക് നടക്കാൻ മനസുകൊണ്ട് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു… ഇന്നലെ ഇവിടെയാരോ പറഞ്ഞു കേട്ടു പ്രമാദമായ ഒരു കൊലപാതകം ദിവസങ്ങൾ കൊണ്ടു തെളിയിച്ച പുതിയ IPS കാരനെപ്പറ്റി…
അപ്പോൾ മരിക്കും മുന്നേ എന്റെ സത്യങ്ങൾ ഒരാളെ അറിയിക്കണം എന്ന് ഉണ്ടായിരുന്നു അതിനു നല്ലത് സാറ് ആണെന്ന് കരുതി. . ഞാൻ പറഞ്ഞോട്ടെ “…?പുഞ്ചിരിയോടെ സമ്മതം മൂളിയ ഹരിശങ്കറിനെ നോക്കി അയാൾ വീണ്ടും പറഞ്ഞു തുടങ്ങി…
” അത് ചെയ്തത് ഞാനല്ല സാർ… ഞാനൊരു ചുമട്ടുതൊഴിലാളി ആയിരുന്നു സ്നേഹം മാത്രം നിറഞ്ഞ കൊച്ചു സ്വർഗം ആയിരുന്നു എന്റെ വീട്… ഞാനും എന്റെ നന്ദിനിയും ഞങ്ങടെ അമ്മു മോളും…
പണത്തിനു കുറവുണ്ടെങ്കിലും സ്നേഹം കൊണ്ട് സമ്പന്നമായ ഞങ്ങടെ കുടുംബത്തിലേക്ക് വില്ലനായി ആദ്യം വന്നത് നന്ദിനിക്ക് വന്ന കാൻസർ ആയിരുന്നു അമ്മുവിന് അഞ്ചു വയസ് ആയപ്പഴാണ് എല്ലാ പ്രാർത്ഥനകളും വിഫലമാക്കി അവള് ഞങ്ങളെ വിട്ടു പോയത്…
പിന്നെ ഞാൻ ജീവിച്ചത് എന്റെ മോൾക്ക് വേണ്ടിയാണ്…. എനിക്ക് ജോലിക്ക് പോകേണ്ട സമയത്ത് സ്കൂൾ വിട്ടു വന്നാൽ മോള് അടുത്ത വീട്ടിൽ പോയിരിക്കും….
അവിടെ പ്രായമായ ഒരു റിട്ടയേർഡ് അധ്യാപകൻ ആയിരുന്നു താമസം.. ഭാര്യ മരിച്ചു മക്കൾ വിദേശത്ത ആയ അയാൾക്ക് ഞങ്ങളെ നല്ല ഇഷ്ടമായിരുന്നു
മാധവൻ മാഷ് .. അമ്മു.. അപ്പൂപ്പാ എന്ന് വിളിച്ചു ഏത് നേരവും അയാളുടെ കൂടെ ആയിരുന്നു അത്രക്ക് വിശ്വാസം ആയിരുന്നു ഞങ്ങൾക്കെല്ലാം അയാളെ….
ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ കണ്ടത് വീട്ടിൽ പിച്ചിച്ചീന്തിയ നിലയിൽ ചോരയിൽ കുളിച്ചുകിടന്ന എന്റെ മോളെയാണ്… ഇറങ്ങിയോടുന്ന അയാളെയും….
ഞാനും അവളും മാത്രം താമസിക്കുന്ന വീട്ടിൽ മറ്റാരും വരില്ലല്ലോ എന്ന് പറഞ്ഞ് എന്നെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസിൽ നിന്നും ഞാൻ കുത്റിയോടി
ഒരാഴ്ച കാട്ടിനുള്ളിൽ ഒളിഞ്ഞു കഴിഞ്ഞ ഞാൻ ആരുമില്ലാത്ത അവസരത്തിൽ വന്ന അയാളെ ശ്വാസം മുട്ടിച്ചു കൊന്നു കെട്ടിത്തൂക്കി…..
തെളിവുകൾ നശിപ്പിച്ചു എന്നിട്ട ഈ കുറ്റം ഏറ്റെടുത്തു കീഴടങ്ങി….. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധന്റെ മനോവിഷമം കൊണ്ടുള്ള ആത്മഹത്യയായി അത് മാറി…
ഞാൻ മകളെ പീഡിപ്പിച്ച അച്ഛനുമായി… എല്ലാം ഏറ്റുപറഞ്ഞു വധശിക്ഷ കാത്തു കഴിയുന്ന എനിക്ക ഇങ്ങനൊരു കുമ്പസാരത്തിന്റെ കാര്യമെന്ത് എന്ന് സാർ ചിന്തിച്ചു കാണും…
നാളെ ഏതെങ്കിലും ഒരാൾ എന്നെപ്പറ്റി തെറ്റുപറയുമ്പോൾ അയാൾ തെറ്റുകാരൻ അല്ലെന്ന് ചൂണ്ടിക്കാണിക്കാൻ ഒരാള് വേണമെന്ന് തോന്നി…..
സാറിനു നല്ല മനസാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്…. അവസാനം വരെയും ആർക്കും പ്രയോജനമില്ലാത്ത ഒരു രഹസ്യമായി ഇതെല്ലാം സാറിന്റെ മനസ്സിൽ ഇരിക്കട്ടെ…ഒരുതരത്തിൽ അല്ലെങ്കിലും മറ്റൊരു തരത്തിൽ ഞാൻ തെറ്റുകാരൻ ആണല്ലോ …
ഒരാളെങ്കിലും സത്യമറിഞ്ഞു എന്ന ആശ്വാസത്തിൽ എനിക്ക് എന്റെ നന്ദിനിയുടെയും മോളുടെയും അടുത്തേക്ക് പോകാം… നന്മക്ക് വേണ്ടി നിലകൊള്ളാൻ സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ”
നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് സെല്ലിലേക്ക് തിരിച്ചു നടന്ന അയാളെ ഉള്ളിൽ തട്ടിയ വ്യസനത്തോടെ ഹരിശങ്കർ നോക്കിയിരുന്നു… ഒന്നും ചെയ്യാൻ കഴിയാതെ….
കുറ്റവാളി എന്നും മൃഗമെന്നും വിളിപ്പേരുള്ള ഇവരുടെയെല്ലാം ഇടയിൽ ഇങ്ങനെ വീർപ്പുമുട്ടുന്ന എത്രപേരുണ്ടാകും എന്നോർത്തുകൊണ്ട് ഹരിശങ്കർ കാറിൽ കയറി…….
“മകളെ കൊന്ന മൃഗത്തിന്റെ വധശിക്ഷ അടുത്ത ആഴ്ച ” എന്ന പത്രവാർത്ത അയാളെ നോക്കി പുഞ്ചിരിച്ചു കാറിൽ കിടന്നിരുന്നു
അറിയാത്ത തെറ്റുകൾക്ക് മുന്നിൽ ബലിയാടാകേണ്ടി വന്ന മനസുകൾക്കായി സമർപ്പിക്കുന്നു….