(രചന: J. K)
“ഒട്ടും വയ്യാണ്ടിരിക്കുവല്ലേ ഇത് കുടിച്ചോ “എന്ന് പറഞ്ഞ് ഒരു ഗ്ലാസ് പാലുമായി അമ്മായിയമ്മ മുന്നിൽ വന്നു നിൽക്കുന്നത് കണ്ടു അവൾ ആകെ മിഴിച്ചു നിന്നു എത്ര വയ്യ എന്ന് പറഞ്ഞാലും…
ചാവാൻ കിടക്കുകയാണ് എങ്കിൽ പോലും ഒരു ഗ്ലാസ് വെള്ളം പോലും കൈകൊണ്ട് എടുത്തു തരാത്ത ആളാണ് ഇപ്പോൾ തനിക്ക് ഒരു ഗ്ലാസ് പാലുമായി വന്ന് ഇതുപോലെ മുന്നിൽ നിൽക്കുന്നത് അവൾ ആകെ അന്തം വിട്ടു പോയി….
” നീ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും എനിക്ക് എന്തുപറ്റിയെന്ന് പ്രത്യേകിച്ചൊന്നും പറ്റിയിട്ടില്ല എന്റെ മോന്റെ കുഞ്ഞാണല്ലോ നിന്റെ വയറ്റിൽ കിടക്കുന്നത് എന്ന് കരുതിയിട്ടാ. “”
അമ്മയങ്ങനെ പറഞ്ഞപ്പോൾ ഒരു ചെറിയ സന്തോഷം ഒക്കെ തോന്നി അശ്വതിക്ക്..
ഒപ്പം മിഴികൾ നിറയുകയും ചെയ്തു.. ഇന്നേവരെ തന്നെ ഒന്ന് അംഗീകരിച്ചിട്ട് പോലുമില്ല ഇപ്പോൾ താൻ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ എങ്കിലും ഒരു മാറ്റം ഉണ്ടല്ലോ അവൾക്ക് തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു…
നിറഞ്ഞ കണ്ണുകൾ അമ്മയറിയാതെ അവൾ തുടച്ചു പാലു വാങ്ങി അടുക്കളയുടെ ഓരത്ത് കൊണ്ടുപോയി വെച്ചു…
“” അത് മുഴുവൻ കുടിക്കണം എന്ന് പറഞ്ഞ് അമ്മായിയമ്മ അവിടെ നിന്നും പോയി…
പെട്ടെന്നാണ് ഫോൺ ശബ്ദിച്ചത് ഫോൺ അറ്റൻഡ് ചെയ്ത് പുറത്തേക്ക് പോയി ജിത്തു ആയിരുന്നു…
ഇന്ന് ഇവിടെ ഉണ്ടായതെല്ലാം അവൾക്ക് ജിത്തൂനോട് പറയണം എന്ന് അതിയായ മോഹമുണ്ടായിരുന്നു അപ്പോൾ തന്നെയാണ് ആള് വിളിച്ചത് സാധാരണ ജോലിക്ക് കേറും മുൻപ് ഇങ്ങനെ വിളിക്കാറില്ല വെള്ളിയാഴ്ച യാണെങ്കിൽ മാത്രമേ രാവിലെ വിളിക്കാറുള്ളൂ ഇന്ന് ഇത് എന്ത് പറ്റിയോ ആവോ അവൾക്ക് സന്തോഷം ഇങ്ങനെ ഉള്ളിൽ മുട്ടിനിന്നു….
“” ഏട്ടാ അമ്മ ഇന്നെനിക്ക് പാലൊക്കെ കൊണ്ടുവന്നു തന്നു… ഞാൻ ഗർഭിണിയായതുകൊണ്ട് ഇനി നമുക്ക് വിഷമിക്കാൻ ഒന്നും ഉണ്ടാവില്ലെന്ന് മനസ്സ് പറയുന്നു എല്ലാം ശരിയാവും എന്ന്… “”
“” നാടോടി കണ്ടോ എന്റെ കുഞ്ഞിന്റെ ഭാഗ്യം.. നീ നോക്കിക്കോ അവള് പുറത്തേക്ക് വരുന്ന അന്നുമുതൽ നമുക്ക് രണ്ടുപേർക്കും രാജയോഗാ.. “”
“” അതെ അവളോ അവളാണ് എന്ന് അങ്ങ് സ്വയം തീരുമാനിച്ചോ??? എനിക്കേ അവൻ മതി… “”കുറുമ്പോടെ പറഞ്ഞു അശ്വതി…
“” അവൻ ആയാലും അവൾ ആയാലും നമ്മുടെതല്ലേ എന്ന് പറഞ്ഞ് ജിത്തു ഫോൺ കട്ട് ചെയ്തു പക്ഷേ അവന്റെ ശബ്ദത്തിലെ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞിരുന്നു അശ്വതിക്ക്…
എന്നും വിളിച്ചാൽ പറയാനുള്ളത് നല്ലതൊന്നും ആയിരിക്കില്ല.. അത്രയ്ക്ക് അമ്മ ഇവിടെ ഇട്ട് തന്നെ കഷ്ടപ്പെടുത്തിയിട്ടുണ്ട്…
എന്തായാലും ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് തോന്നുന്നു…
അത്യാവശ്യം പേരുകേട്ട ഫാമിലിയാണ് ജിത്തു ഏട്ടന്റെ തന്റേതാണെങ്കിൽ അവരെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ വളരെ താഴെ തട്ടിൽ ഉള്ളതും അമ്മയ്ക്ക് തൊഴിലുറപ്പാണ് ജോലി…
അച്ഛൻ കൂലിപ്പണി ചെയ്യുന്ന ആളാണ് താനും അനിയത്തിയും പിന്നെ ഒരു ചേച്ചിയും അങ്ങനെ അഞ്ചു പേർ അടങ്ങുന്ന ഒരു കുടുംബം അതും പ്രാരാബ്ധവും മറ്റുമായി മുന്നോട്ടുപോകുന്നു…
അങ്ങനെയുള്ളപ്പോൾ കോളേജിൽ പഠനം ഞങ്ങൾക്ക് ബാലികേറാ മലയായിരുന്നു. എന്നിട്ടും അമ്മ അമ്മയുടെ മോഹത്തിനാണ് എന്നെ കോളേജിൽ പഠിപ്പിച്ചത്….
നന്നായി പഠിച്ചിരുന്ന അമ്മയെ പണ്ട് പൈസയില്ല എന്ന് പേരും പറഞ്ഞ് അച്ഛച്ചൻ പഠിക്കാൻ വിട്ടില്ലായിരുന്നു… ആ ഗതി ഞങ്ങൾക്കും വരരുത് എന്ന് അമ്മ വിചാരിച്ചു…
ചേച്ചി അത്ര പഠിക്കാൻ മിടുക്കി ആയിരുന്നില്ല അതുകൊണ്ട് തന്നെ അത്യാവശ്യം തെറ്റില്ലാതെ പഠിക്കുന്ന എന്നെയും അനിയത്തിയെയും അമ്മ നന്നായി പഠിപ്പിച്ചു…
ഇതിനിടയിലാണ് ഗൾഫിൽ നിന്ന് വന്ന ജിത്തു ഏട്ടൻ കൂട്ടുകാരന്റെ ബസ്സിൽ വെറുതെ നേരംപോക്കിനായി കണ്ടക്ടർ ജോലി ചെയ്തിരുന്നത് …
ആ ബസ്സിലാണ് ഞാൻ കോളേജിൽ പോയിക്കൊണ്ടിരുന്നത് അങ്ങനെയാണ് ആദ്യമായി ജിത്തു ചേട്ടൻ എന്നെ കാണുന്നത് കണ്ടപ്പോൾ തന്നെ ഇഷ്ടമായി വീട്ടിൽ പറഞ്ഞു
പക്ഷേ അവിടെ ആർക്കും അതിന് സമ്മതമായിരുന്നില്ല സാമ്പത്തികം തന്നെ പ്രശ്നം പ്രത്യേകിച്ചും ഏട്ടന്റെ അമ്മയ്ക്ക് അമ്മയ്ക്ക് ഏട്ടന്റെ കല്യാണത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകൾ ഒക്കെ ഉണ്ടായിരുന്നു…
എല്ലാം തകർത്തുകൊണ്ടുള്ള എന്റെ വരവ് അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല പക്ഷേ ജിത്തു ചേട്ടൻ അമ്മയെ ധിക്കരിച്ച് എന്നെ ഇറക്കി കൊണ്ടുവരും എന്നൊരു സ്ഥിതി ആയപ്പോൾ അമ്മ വേറെ മാർഗം ഒന്നുമില്ലാതെ ഈ വിവാഹത്തിന് സമ്മതിച്ചു പക്ഷേ ഓരോന്ന് മനസ്സിൽ കണക്കു കൂട്ടിയിട്ട് ആയിരുന്നു എന്ന് മാത്രം…
വന്ന അന്നുമുതൽ ഒരു സ്വസ്ഥതയും സമാധാനവും തന്നിട്ടില്ല അമ്മ എന്ത് ചെയ്താലും കുറ്റം..
ജിത്തു ഏട്ടൻ അതുകൊണ്ടുതന്നെയാണ് ലീവ് എക്സ്റ്റൻഡ് ചെയ്ത് നാട്ടിൽ കുറെ നാൾ നിന്നത്…
എന്നെ ഇവിടെ തനിച്ചു വിട്ടുപോയാൽ അമ്മ ബാക്കി വയ്ക്കില്ല എന്ന് തോന്നിക്കാണും…
ഇപ്പോൾ പോയിട്ട് കഷ്ടി ഒരുമാസം ആകുന്നതേ ഉള്ളൂ..
അപ്പോഴാണ് രണ്ടുദിവസം മുൻപ് എന്തോ ഒരു തലകറക്കം പോലെ തോന്നിയത് പിന്നെ ചോറ് തിളക്കുന്ന മണം വന്നപ്പോൾ ഓക്കാനവും വന്നു…
സംശയം തോന്നിയിട്ടാണ് പ്രഗ്നൻസി കിറ്റ് വാങ്ങി നോക്കിയത് സംശയം ശരിയായിരുന്നു എന്ന് അതിൽ തെളിഞ്ഞ രണ്ടു ചുവപ്പ് വരകൾ കണ്ടപ്പോൾ മനസ്സിലായി പിന്നീടങ്ങോട്ട് വളരെ സന്തോഷമായിരുന്നു ഏട്ടനെ വിളിച്ചു പറഞ്ഞപ്പോൾ ആള് നിലത്തൊന്നുമല്ലായിരുന്നു…
ഇന്നലെയും കൂടി വിളിച്ചിട്ട് പറഞ്ഞതാണ് നിന്റെ വീട്ടിലേക്ക് പോയിക്കോ അവിടെ നിന്നാൽ അമ്മ നിന്നെ കൊണ്ടുള്ള പണി മുഴുവൻ ചെയ്യിപ്പിക്കും എന്ന്…
പക്ഷേ ഇന്നിപ്പോൾ ദേ രാവിലെ മുറ്റം തൂത്തു കഴിഞ്ഞ് അടുക്കളയിൽ കയറിയതാണ് അപ്പോഴാണ് അമ്മ ഒരു ഗ്ലാസ് പാലുമായി വന്നത്…
എന്തോ എല്ലാം കലങ്ങി തെളിയും പോലെ മനസ്സ് പറഞ്ഞു..പെട്ടെന്നാണ് അടുക്കളയിൽ നിന്ന് ഒരു ശബ്ദം കേട്ടത് പോയി നോക്കുമ്പോൾ അമ്മ തന്ന പാല് പൂച്ച തട്ടിമറിച്ചിട്ടിട്ട് കുടിക്കുന്നുണ്ട്..
ഉള്ളിൽ ഒരു ഭയം കടന്നു കൂടി അമ്മ കണ്ടാൽ വഴക്കു പറയുമോ എന്ന്.
പെട്ടെന്നാണ് പൂച്ച അപ്പുറത്തേക്ക് പോയതും അവിടെ വീണ് പിടയുന്നത് കണ്ടത്…
അതോടെ എന്തൊക്കെയോ സംശയം ഉള്ളിൽ കയറി കൂടി ആ ക്ലാസ്സിൽ ഉണ്ടായിരുന്ന അല്പം പാല് ഞാൻ എടുത്തു വച്ചു..പൂച്ചയുടെ മരണവെപ്രാളം ഫോണിൽ ഷൂട്ട് ചെയ്തു…
അമ്മയുടെ അരികിൽ പോയി ചോദിച്ചു കൊല്ലാൻ വേണ്ടിയാണോ നിങ്ങൾ ഇതിൽ വിഷം കലർത്തിയത് എന്ന് എനിക്ക് ഏകദേശം എല്ലാത്തിനും ഒരു രൂപം കിട്ടിയിരുന്നു….
ജിത്തു ചേട്ടൻ ഗൾഫിലേക്ക് പോയപ്പോൾ മെല്ലെ എന്നെ ഒഴിവാക്കാനായിരുന്നു പരിപാടി ഇപ്പോൾ ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞതും അമ്മയ്ക്ക് മനസ്സിലായി
അത് അത്ര എളുപ്പമല്ല എന്ന് ഞാൻ വീട്ടിലേക്ക് കൂടി പോയാൽ പിന്നെ അമ്മയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അറിഞ്ഞതുകൊണ്ട് അമ്മ ചെയ്ത പണിയാണ് ഇത്. മുൻപു പിൻബും ഒന്നും ആലോചിക്കാതെ…
ഞാൻ അപ്പോൾ തന്നെ വാട്സാപ്പിൽ ജിത്തു ഏട്ടനെ വിളിച്ചു പുള്ളി ജോലിക്ക് കയറിയിരുന്നില്ല അതുകൊണ്ട് ഫോൺ എടുത്തു എല്ലാം പറഞ്ഞു..
ഇനി ഒരു നിമിഷം അവിടെ നിൽക്കേണ്ട എടുക്കാനുള്ള എല്ലാം എടുത്ത് അവിടെ നിന്നും പൊയ്ക്കോളാൻ പറഞ്ഞു..
എല്ലാം കയ്യിൽ നിന്ന് പോയി എന്ന് അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഞാൻ ഇത് പോലീസിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അമ്മ ഇനിയുള്ള കാലം ജയിലിൽ പോയി കിടക്കേണ്ടി വരും എന്ന് പൂർണ ബോധ്യം ഉള്ളതുകൊണ്ട് എന്റെ കാലുപിടിച്ച് മാപ്പുപറഞ്ഞു..
ഒന്നും കേൾക്കാൻ ഞാൻ തയ്യാറായിരുന്നില്ല.. അപ്പോഴത്തെ മാനസികാവസ്ഥയിൽ എനിക്ക് എന്നെ തന്നെ സ്വയം നഷ്ടപ്പെട്ടിരുന്നു ഞാൻ വേഗം വീട്ടിലേക്ക് പോയി…
വീട്ടുകാർ അറിഞ്ഞപ്പോൾ പോലീസിൽ പരാതിപ്പെടാം എന്നാണ് പറഞ്ഞത് പക്ഷേ ഞാൻ അനുവദിച്ചില്ല… ഇതിനൊക്കെയുള്ള ശിക്ഷ അവർക്ക് കിട്ടിക്കോളും എന്നെനിക്ക് അറിയാം..
കാരണം അത്രമേൽ സ്നേഹിച്ചു വളർത്തിയ മകന് അവരെ ഇപ്പോൾ കാണുന്നത് പോലും ദേഷ്യമാണ്…
ആർക്കുവേണ്ടിയാണ് അവർ ഇതെല്ലാം ചെയ്തുകൂട്ടിയത് ആ ആൾക്ക് ഇപ്പോൾ വെറുപ്പാണ് അവരോട്…
ഏട്ടന്റെ ആഗ്രഹപ്രകാരം അതൊരു പെൺകുഞ്ഞ് ആയിരുന്നു…
അതിന്റെ മുഖം കണ്ടപ്പോഴേ എനിക്ക് സങ്കടം വന്നു. ഒരുകാലത്ത് അവർ കൊല്ലാൻ നോക്കിയതല്ലേ എന്നെയും എന്റ പൊന്നുമോളെയും…
പ്രസവം കഴിഞ്ഞതും ലീവ് എടുത്ത് ഏട്ടൻ നാട്ടിൽ വന്നിരുന്നു അമ്മയെ ഒന്ന് കാണാൻ പോലും പോയില്ല എന്റെ മോളെ കാണാൻ വന്ന അമ്മയെ കാണാനും ഏട്ടൻ അനുവദിച്ചില്ല..
ഞങ്ങൾക്ക് കൂടി വിസ ശരിയാക്കി ഏട്ടൻ ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോയി…എല്ലാം അറിഞ്ഞതും അമ്മയോട് എല്ലാവർക്കും വെറുപ്പായിരുന്നു എല്ലാവരും അവരെ ഒറ്റപ്പെടുത്തി ഈ വയസ്സാംകാലത്ത് ഒറ്റപ്പെട്ട ജീവിതം
നയിക്കേണ്ടി വന്നു അവർക്ക് ഇതിലും വലിയ ശിക്ഷ അവർക്ക് കിട്ടാനില്ല എന്ന് എനിക്ക് അപ്പോൾ തോന്നിയിരുന്നു ഇവിടെ ഞങ്ങൾ ഞങ്ങളുടെ സ്വർഗത്തിലാണ്…
ഇപ്പോൾ ഞങ്ങളുടെ പൊന്നുമോൾക്ക് കൂട്ടായി ഒരാൾ കൂടി വരാൻ തയ്യാറെടുക്കുന്നു…