(രചന: J. K)
സ്വന്തം നാടിനടുത്ത് തന്നെ വില്ലേജ് ഓഫീസറായി ചാർജ് എടുക്കുന്ന ദിവസമാണ് ഇന്ന് വല്ലാത്തൊരു സന്തോഷം തോന്നുന്നുണ്ടായിരുന്നു അരുണിന്..
കുറെനാൾ പിഎസ്സി എന്നും പറഞ്ഞ് കഷ്ടപ്പെട്ടതിന് കിട്ടിയ ഫലം അതാണ് ഇപ്പോൾ വലിയൊരു നേട്ടമായി തന്റെ ജീവിതത്തിൽ വന്നുചേർന്നിരിക്കുന്നത്…
ഒപ്പിട്ട് ചാർജെടുത്തപ്പോഴാണ് പുറത്ത് എന്തോ ബഹളം കേട്ടത് മെല്ലെ, അസിസ്റ്റന്റ് വില്ലേജ് ഓഫീസറെ വിളിച്ച് കാര്യം അന്വേഷിച്ചു
അയാളാണ് പറഞ്ഞത് മാറ്റം കിട്ടി പോയ ഓഫീസർ ഒരുപാട് ജോലി പെൻഡിങ് വെച്ചിട്ടാണ് പോയത് അവരുടെ സ്ഥലത്ത് പുതിയ വീട് പണിയുന്നതിനായി പെർമിറ്റിന് സൈറ്റ് കാണാൻ, അദ്ദേഹം ചെല്ലാത്തതുകൊണ്ടാണത്രെ അവർക്ക് പെർമിറ്റ് ഇതുവരെ കിട്ടാതിരുന്നത്…
ഇപ്പോൾ പുതിയ ആൾ വന്നപ്പോൾ ഉടനെ തന്നെ അത് ശരിയാക്കി കൊടുക്കണം എന്നും പറഞ്ഞുള്ള ബഹളമാണ് എന്ന് പറഞ്ഞു അതുകൊണ്ടാണ് അയാളെ പോയി കണ്ടത്..
ഇന്ന് തന്നെ വരാം എന്ന് ഉറപ്പു കൊടുത്തപ്പോൾ അയാൾ സമാധാനത്തോടെ തിരിച്ചുപോയി അങ്ങനെയാണ് കുറച്ചു കഴിഞ്ഞപ്പോൾ മറ്റുള്ളവരെയും കൂട്ടി അയാളുടെ സ്ഥലം കാണാൻ വേണ്ടി പോയത്…
അയാളുടെ വീട്ടിലേക്ക് പോകും വഴി ചുറ്റിനും കണ്ണോടിച്ചു താൻ പോയതിൽ പിന്നെ ഒരുപാട് മാറ്റം വന്നിട്ടുണ്ട് ഈ ഗ്രാമത്തിന് ഒരുപാട് പുതിയ കെട്ടിടങ്ങൾ വീടുകൾ… പുതുമ നിറഞ്ഞ കണ്ണോടു കൂടി നോക്കി കണ്ടു അയാൾ എല്ലാം…
അയാളുടെ സ്ഥലത്ത് പോയി നോക്കി പാടമായതുകൊണ്ട് അതിനനുസരിച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു അവിടെ ഒരു ബിൽഡിംഗ് പണിയുന്നതിന് ഒരുപാട് കടമ്പകൾ അയാൾക്ക് കടക്കണമായിരുന്നു ആദ്യത്തേതാണ് ഇത്…
“”” നോക്കണം സാറേ ഇവിടെ വലിയ വലിയ മരങ്ങളാണ് നിൽക്കുന്നത് പിന്നെയും ഇത് കൃഷിഭൂമി എന്നെഴുതി തന്നാൽ ഞാൻ ഇത് എന്ത് ചെയ്യാനാ?? “”
അയാൾ ഉള്ളിലെ സങ്കടം മുഴുവൻ പറഞ്ഞു..”” ഈ സ്ഥലം കൃഷിയോഗ്യമല്ല എന്ന് ഞാൻ റിപ്പോർട്ട് തരാം. പക്ഷേ അതുകൊണ്ടായില്ലല്ലോ ഇനിയും കുറെ കാര്യങ്ങൾ ഉണ്ട് സാരമില്ല മര്യാദയ്ക്ക് എല്ലാം ചെയ്താൽ താങ്കൾക്ക് ഇത് പെട്ടെന്ന് നേടിയെടുക്കാവുന്നതേയുള്ളൂ…
എന്നുപറഞ്ഞ് അയാളെ സമാധാനിപ്പിച്ച് പോകും വഴിയാണ് അടുത്ത വീട്ടിൽ നിന്ന് വല്ലാത്തൊരു ബഹളം കേട്ടത് ഒരു സ്ത്രീ ഇറങ്ങി ഓടുന്നുണ്ട് അതിനു പുറകെ അവരുടെ ഭർത്താവാണ് എന്ന് തോന്നുന്നു അയാളും..
അവിടുത്തെ ശബ്ദ കോലാഹലം കേട്ട് അങ്ങോട്ട് നോക്കി ഓടുന്ന ആ പെണ്ണിനെ കണ്ട് ഞെട്ടിപ്പോയി!!””വീണ!!””ഒരുകാലത്ത് തന്റെ എല്ലാമായിരുന്നവൾ..
“”” സാറേ സാറിങ് പോര് അതവിടെ പതിവാ അയാൾ പണ്ട് മിലിട്ടറിയിൽ ആയിരുന്നു ഇപ്പോൾ അവിടുന്ന് കഴിഞ്ഞവന്ന് ആ പെണ്ണുമ്പിള്ളയുടെ മെക്കിട്ട് കേറലാ മെയിൻ പണി… ആ പെണ്ണാണെങ്കിൽ തിരിച്ചൊന്നും പ്രതികരിക്കാതെ എല്ലാം നിന്നു കൊള്ളും ഒരു കൊച്ചും ഉണ്ട്…!!!
ഞങ്ങൾ വന്നു നോക്കിയ സ്ഥലത്തിന്റെ ഉടമസ്ഥൻ അങ്ങനെ പറഞ്ഞതും അവിടെ തറഞ്ഞു നിന്നുപോയി കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ വേഗം വണ്ടിയിൽ കയറി ഓഫീസിലേക്ക് തിരിച്ചു.
അയാളുടെ ഓർമ്മകൾ അപ്പോഴും വീണയിൽ ഉടക്കി കിടക്കുകയായിരുന്നു..
എന്നാണ് അവളെ ശ്രദ്ധിച്ചു തുടങ്ങിയത് എന്നറിയില്ല പക്ഷേ അവൾക്ക് മാത്രം എന്തോ പ്രത്യേകത തോന്നിയിരുന്നു…””‘ ഭ്രാന്തിയുടെ മകൻ!!””
അതായിരുന്നു സ്കൂളിൽ തനിക്കുള്ള പേര് അമ്മയ്ക്ക് അച്ഛൻ മരിച്ചതിനുശേഷം മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ പലപ്പോഴും അമ്മ നോർമൽ ആയിരുന്നില്ല…
കുടുംബക്കാർ ആരും അതുകൊണ്ടുതന്നെ ഞങ്ങളെ ഏറ്റെടുക്കാനും തയ്യാറായില്ല പട്ടിണിയും പരിവട്ടവുമായി ഒരു ബാല്യം..
സ്കൂളിൽ പോയിരുന്നത് തന്നെ ഉച്ചക്കഞ്ഞി കിട്ടും എന്നതു കൊണ്ട് മാത്രമായിരുന്നു… അമ്മയും ഉച്ചയാവുമ്പോൾ സ്കൂളിലേക്ക് വരും ഒരു വക്കു പൊട്ടിയ കിണ്ണവുമായി..
അവിടെ കഞ്ഞി വയ്ക്കുന്ന ചേച്ചിക്ക് പാവം തോന്നി എനിക്കും അമ്മയ്ക്കും ഭക്ഷണം തരും സാധാരണ ഏഴാം ക്ലാസ് വരെ തരേണ്ട കാര്യമുള്ളൂ പക്ഷേ പത്താം ക്ലാസ് വരെയും ഞങ്ങളെ വിശപ്പിൽ നിന്ന് രക്ഷിച്ചത് ആ ചേച്ചിയുടെ സന്മനസ്സ് ആയിരുന്നു..
ബാക്കിയുള്ള കുട്ടികളിലും അവജ് കാണിക്കുമ്പോഴും തന്നോട് എപ്പോഴെങ്കിലും ഒന്ന് പുഞ്ചിരിച്ചിട്ടുള്ളത് അവൾ ആയിരുന്നു വീണ അതുകൊണ്ടുതന്നെയാണ് അവളോട് ഒരു പ്രത്യേകത തോന്നിയത്…
“””അരുണിന് ഒന്നിരുന്ന് നന്നായി പഠിച്ചു കൂടെ നല്ല മാർക്ക് കിട്ടിയ എന്തെങ്കിലും ജോലി കിട്ടും അപ്പോൾ അമ്മയെ ചികിത്സിക്കാലോ?? പിന്നെ നല്ല രീതിയിൽ ജീവിക്കാനും കഴിയുമല്ലോ??”””
പഠിക്കണം ജയിക്കണം എന്ന കനൽ ആദ്യം ഉള്ളിലേക്ക് ഇട്ടു തന്നത് അവൾ ആയിരുന്നു… വീണ!!!
സ്കൂളിൽനിന്ന് പറഞ്ഞുതന്നത് വച്ച് നന്നായി പഠിക്കാൻ നോക്കി… എന്നെക്കാൾ ഒരു ക്ലാസിന് ഇളയതായിരുന്നു വീണ… അവളുടെ ചേട്ടന്റേതാണ് എന്ന് പറഞ്ഞ് ലേബർ ഇന്ത്യയും മറ്റും കൊണ്ട് തന്നത് അവൾ ആയിരുന്നു..
വലിയ മാർക്ക് ഒന്നുമില്ലെങ്കിലും പത്താം ക്ലാസ് അത്യാവശ്യം നന്നായി തന്നെ പാസായി പ്ലസ് ടുവും..
ഇനിയങ്ങോട്ട് പഠിക്കണമെങ്കിൽ അത് എനിക്ക് ഒരു ബാലികയറാ മല തന്നെയായിരുന്നു…
ഗവൺമെന്റ് കോളേജിൽ കിട്ടിയെങ്കിൽ പോലും ഫീസ് കൊടുക്കണം ചെറുതായെങ്കിലും.. നേരത്തിന് ഭക്ഷണം കഴിക്കാൻ പോലും ഇല്ലാത്തവർ എന്തേടുത്ത് കൊടുക്കാനാണ്..
പേപ്പറിടാനും മറ്റുമായി ഞാൻ പാർട്ട് ടൈം ജോലി ചെയ്തിരുന്നു അത് വീട്ടിൽ തന്നെ തികയില്ല…
അവിടെയും എനിക്ക് ദൈവദൂതനെ പോലെ അവതരിച്ചത് ഹൈസ്കൂളിൽ ഞങ്ങളെ പഠിപ്പിച്ച മാഷാണ് സാർ എന്റെ ഫീസിന്റെ കാര്യം ഏറ്റെടുത്തു…
ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോഴാണ് അമ്മ എന്നെ വിട്ടു പോയത്…
ഞാൻ ഉറക്കത്തിൽ പെട്ടുപോയി രാത്രി എഴുന്നേറ്റ് പുറത്തേക്കു പോവുകയായിരുന്നു അമ്മ പിറ്റേദിവസം കാണുന്നത് അടുത്തുള്ള പുഴവക്കിൽ മരിച്ചു കിടക്കുന്നതാണ് അത് എന്നെ
മാനസികമായി തളർത്തി അവിടെയും എനിക്ക് താങ്ങായി നിന്നത് മാഷും വീണയും മാത്രമായിരുന്നു…
പഠിത്തം തുടരാൻ നിർബന്ധിച്ചതും അവരായിരുന്നു..
ഇതിനിടയിൽ വീണ എന്റെ മനസ്സിൽ കയറി പറ്റിയിരുന്നു അവളോട് പറയാൻ പേടിയായിരുന്നു എനിക്ക് അത്രയ്ക്ക് അർഹതയുണ്ടോ എന്ന എന്റെ ചിന്ത തന്നെ കാരണം…
ചിലപ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ പറ്റില്ലല്ലോ അങ്ങനെയൊരു അവസ്ഥയിൽ ഞാൻ അവളോട് എന്റെ മനസ്സ് തുറന്നു അവൾക്ക് നൂറുവട്ടം സമ്മതം ആയിരുന്നു…
ബികോം കഴിഞ്ഞ പിന്നെ നോക്കിയത് ഒരു ജോലിയായിരുന്നു,
എങ്ങനെയെങ്കിലും ഒരു ജോലി നേടിയിട്ട് വേണം അവളുടെ വീട്ടിൽ ചെന്ന് ഞങ്ങളുടെ ഇഷ്ടത്തെപ്പറ്റി പറയാൻ ഒന്ന് ഉറപ്പിച്ച് ഇടാൻ എന്ന് കരുതി..
അത്യാവശ്യം ശമ്പളമുള്ള ഒരു ജോലി കിട്ടി ഭാഗ്യമായി കരുതി ഞാൻ അവളുടെ അച്ഛനോട് അവളെ എനിക്ക് കല്യാണം കഴിച്ചു തരുമോ എന്ന് ചോദിച്ചു അന്ന് ഒരുപാട് അപമാനിച്ചാണ് ഇറക്കിവിട്ടത് ഭ്രാന്തിയുടെ മകന് കൊടുക്കാൻ ഇവിടെ പെണ്ണില്ല എന്ന് പറഞ്ഞു..
എന്നിട്ടും എന്റെ കൂടെ വരാൻ തയ്യാറായിരുന്നു അവൾ പക്ഷേ അവൾ ഇറങ്ങിയാൽ അയാൾ അവളുടെ അമ്മയെയും അനിയത്തിയേയും മണ്ണെണ്ണ ഒഴിച്ച് തീ ക്കൊളുത്തും അയാളും സ്വയം മരിക്കും എന്ന് പറഞ്ഞു പാവം പെണ്ണ് അവിടെ തറഞ്ഞു നിന്ന് പോയി…
അന്ന് അവിടെ നിന്നും ഇറങ്ങി.. പിന്നെ അവളെ കാണുന്നത് എന്നാണ് ഇതിനിടയ്ക്ക് അവളുടെ വിവാഹം കഴിഞ്ഞു എന്നെല്ലാം കേട്ടിരുന്നു…
ഇത്രയും ദുരിത പൂർണമായ ജീവിതമാണ് അവൾക്ക് എന്ന് ഒരിക്കലും കരുതിയില്ല കണ്ണിനു മുന്നിൽ ഇല്ലെങ്കിലും എവിടെയെങ്കിലും നന്നായി ജീവിക്കട്ടെ എന്ന് ഇത്രയും നാളും കരുതിയുള്ളൂ. പക്ഷേ ഇന്ന് അങ്ങനെയെല്ലാം കണ്ടതും മനസ്സ് വല്ലാതെ നോവുന്നു..
ഒരു സമാധാനവും കിട്ടാഞ്ഞു അവളെ കാണണം എന്ന് തന്നെ വെച്ചു പോയതാണ് അവരുടെ വീട്ടിലേക്ക്..
അവിടെ ചെന്നപ്പോൾ കണ്ടത് ആളും കൂട്ടവും ആണ്… തലേദിവസം രാത്രി എവിടെ നിന്നോ വരുമ്പോൾ കുടിച്ച് ബോധമില്ലാതെ ഒരു ലോറിയുടെ മുന്നിൽ ചെന്ന് ചാടിയതാണത്രെ…
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. ആ മുഖത്ത് ഒരു നിസ്സംഗ ഭാവം ആയിരുന്നു..
15 കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ വന്ന അവളെ കൂട്ടിക്കൊണ്ടുപോയി എന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു വീണ്ടും ഞാൻ ഒരുവട്ടം കൂടി ചെന്നു അവളുടെ വീട്ടിലേക്ക്…
ഇത്തവണ പണ്ടത്തെപ്പോലെ ബലം പിടിക്കൽ ഇല്ലായിരുന്നു അവളുടെ അച്ഛന് ആകെ തകർന്നത് പോലെ…
വീണയെ കാണണം എന്ന് പറഞ്ഞപ്പോൾ അവളെ വിളിച്ചു കാണിച്ചു തന്നു..
പിന്നെ കുറെ മാപ്പും പറഞ്ഞു കാരണം മകളുടെ അവസ്ഥയിൽ അയാൾ അത്രമേൽ തകർന്നു പോയിരുന്നു…
“”” എനിക്ക് തന്നൂടെ ഇവളെ!!””ഇനി ഞാൻ വീണ്ടും അയാളോട് ചോദിച്ചു വിശ്വാസം വരാതെ എന്നെ തന്നെ നോക്കി അവളും വേണ്ട എന്ന് പറഞ്ഞു..
“”‘ നിന്നോടുള്ള ഇഷ്ടം ഇപ്പോഴും എന്റെ മനസ്സിൽ മായാതെ തന്നെ നിൽക്കുന്നുണ്ട് പിന്നെ നിന്റെ കുഞ്ഞ്, നിന്റെതല്ലേടീ.. അപ്പോ അത് എന്റേം കുഞ്ഞല്ലേ???””
എന്നുപറഞ്ഞപ്പോൾ അവളെന്റെ നെഞ്ചോരം ചേർന്നിരുന്നു എനിക്കറിയാമായിരുന്നു ഇപ്പോഴും ആ മനസ്സിൽ ഞാനുണ്ട് എന്ന് ഈ ജന്മം അവർക്ക് മറ്റൊരാളെ സ്നേഹിക്കാൻ ആവില്ല എന്ന്…
എത്രയും പെട്ടെന്ന് അവളെ എന്റേതാക്കണം എന്ന് എനിക്കുണ്ടായിരുന്നു പക്ഷേ ഞങ്ങൾ കാത്തിരുന്നു കുറച്ചു കാലം കൂടി അവൾ ഒന്ന് ശരിയാവാൻ..ഇനി ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടാകൂ എനിക്കും അവൾക്കും…