(രചന: J. K)
“”””അമ്പല ഭ്രാന്തീടെ മോൻ “”” അങ്ങനെയാണ് ഇത്രയും കാലം അറിയപ്പെട്ടിരുന്നത് അത് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു പെരുപ്പാണ് തലക്കെല്ലാം അതുകൊണ്ടാണ് പ്ലസ് ടു കഴിഞ്ഞതും ഡിഗ്രിക്ക് ദൂരെയുള്ള കോളേജിൽ അഡ്മിഷൻ വാങ്ങിയത്….
സമാധാനം കിട്ടാൻ വേണ്ടി മാത്രം…. നല്ല മാർക്ക് ഉണ്ടായിരുന്നതുകൊണ്ട് അത് എളുപ്പവും ആയിരുന്നു….
വിനുവിന്റെ ചിന്തകൾ മെല്ലെ മുന്നോട്ട് പോയി പണ്ടേ വീട്ടിലുള്ളതാണ് ഒരു കുടുംബ ക്ഷേത്രം…
അവിടെ പൂജിക്കുന്നത് എല്ലാം വീട്ടിലുള്ളവർ തന്നെ…
പലരും ദുർമരണപ്പെട്ടു.. ചെറുപ്രായത്തിൽ തന്നെ ജീവൻ പൊലിഞ്ഞു അതെല്ലാം ആ ദേവതയുടെ ശാപത്തിന്റെ ഫലമാണെന്ന് പൂർണമായും എല്ലാവരും വിശ്വസിച്ചു പോന്നു.
വേണ്ടവിധം ആരാധനയോ പൂജയോ കിട്ടാത്തതുകൊണ്ട് ആണ് ഓരോരുത്തരും ഇത്ര ചെറുപ്പത്തിൽ മരിച്ചതെന്ന് ചിലരൊക്കെ പറഞ്ഞു തുടങ്ങി.. അത് തന്റെ അമ്മയെ ബാധിച്ചത് വളരെ ആഴത്തിൽ ആയിരുന്നു….
വളരെ ചെറുപ്പത്തിൽ തന്നെ അമ്മയ്ക്ക് വിധവയാവേണ്ടിവന്നു ആകെ കൂടെ ഉണ്ടായിരുന്നത് ഞാൻ മാത്രമായിരുന്നു…
അമ്മയുടെ ആങ്ങളമാർ അവരുടെ മക്കൾ എല്ലാവരും അകാലത്തിൽ പൊലിഞ്ഞത് കണ്ടുവന്ന അമ്മയ്ക്ക് സ്വയം നഷ്ടപ്പെടുന്നത് ആയി തോന്നിയിരുന്നു..
ആക്ഷേത്രത്തിന്റെ സംരക്ഷണമാണ് പിന്നീട് അവരുടെ മനസ്സിൽ ആകെ കൂടി ഉണ്ടായിരുന്നത്… അവർ അവിടുത്തെ പൂജകൾ ചെയ്തു..
ഏതു നേരവും ആ അമ്പലത്തിൽ തന്നെ ചിലവഴിക്കാൻ തുടങ്ങി. ഇത് പലരും വേറെ രീതിയിലാണ് എടുത്തത് അവർക്ക് ഭ്രാന്താണെന്ന് പരക്കെ ശ്രുതി പടർന്നു….
വിനുവിന് ഭ്രാന്തിയുടെ മകൻ എന്ന പേര് കിട്ടിയതും അതിനുശേഷമാണ്…ഒരുപാട് ദേഷ്യപ്പെട്ടു ഇതിനെ തുടർന്ന് അമ്മയോട് പക്ഷേ എന്തു പറഞ്ഞിട്ടും കാര്യമില്ലായിരുന്നു അമ്മയുടെ മനസ്സിൽ ആ ക്ഷേത്രവും അവിടുത്തെ പൂജയും ആരാധനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ…
അതെല്ലാം അമ്മ നിർത്തുന്നതോടുകൂടി ആകെ ഉണ്ടായിരുന്ന ഞാൻ കൂടി മരണപ്പെടുമെന്ന് അമ്മ ഉറച്ചു വിശ്വസിച്ചു….
അതുകൊണ്ട് മാത്രം അമ്മ പൂജയിലും കർമ്മങ്ങളിലും മുഴുകി എന്നോടുള്ള സ്നേഹമായിരുന്നു അത് പക്ഷേ എന്നോട് നേരിട്ട് പ്രകടിപ്പിക്കുന്നതിന് പകരം അമ്മ ചെയ്തിരുന്നത് ഇങ്ങനെയാണെന്ന് മാത്രം…
ഞാൻ അമ്മയിൽ നിന്ന് ഒരുപാട് അകന്നു…
ഞാൻ കേൾക്കുന്നതിനും എന്നെ പരിഹസിക്കുന്നതിനുള്ള കാരണം അമ്മ മാത്രമാണെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു അമ്മയുടെ അമ്മയുടെ അവസ്ഥയെന്തെന്നൊ എന്തുകൊണ്ട് അമ്മ ഇങ്ങനെയൊക്കെ കാണിക്കുന്നു എന്ന്നൊ ഒരിക്കൽ പോലും ഞാൻ ചിന്തിച്ചില്ല…
അമ്മയുടെ മിണ്ടാനു അടുക്കാനും പോലും കൂട്ടാക്കാതെ ഞാൻ എന്റെ കാര്യങ്ങൾ മാത്രമായി മുന്നോട്ടുപോയി…
ഒരിക്കൽ അമ്മ ആവശ്യപ്പെട്ടിരുന്നു ഈ ജന്മം വിവാഹം കഴിക്കരുത് നിത്യ ബ്രഹ്മചാരിയായി ഈ ക്ഷേത്രത്തിന്റെ പൂജകർമ്മങ്ങൾ നീ ഏറ്റെടുക്കണം എന്ന്…
പക്ഷേ എനിക്ക് അതിന് സമ്മതമല്ലായിരുന്നു ഞാൻ അത് നേരിട്ട് തന്നെ പറഞ്ഞു ഇത് അമ്മയുടെ ഉള്ളിൽ മുഷിച്ചിൽ ഉണ്ടാക്കി….
എന്റെ ഒരു കാര്യം പോലും നേരം വണ്ണം നോക്കാതെ അമ്മ ക്ഷേത്രത്തിന്റെ കാര്യങ്ങൾ മാത്രം ഏറ്റെടുത്തത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നം തന്നെയായിരുന്നു…
ഇതിലൊന്നും യാതൊരു കാര്യവുമില്ല എന്ന്
പറഞ്ഞ് ഞാൻ അമ്മയെ എത്രയോ തവണ അകറ്റുവൻ ശ്രമിച്ചതാണ്….
പൂർണ്ണമായും നിരീശ്വരവാദത്തിലേക്ക് എന്നെ നയിച്ചത് ഇതൊക്കെ തന്നെ… അതുകൊണ്ടു തന്നെ അമ്മ പറഞ്ഞതുമായി ഉൾക്കൊള്ളാൻ എനിക്ക് യാതൊരു വിധത്തിലും കഴിയുമായിരുന്നില്ല..
അമ്മയെ എനിക്ക് തിരിച്ചു കിട്ടില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു പക്ഷേ എല്ലാം മാറിമറിഞ്ഞത് അവളെ പരിചയപ്പെട്ടതിനെ തുടർന്നാണ്…””റിയ ”
കോളേജിൽ എന്റെ കൂടെ പഠിച്ചതായിരുന്നു അവൾ ആദ്യമൊക്കെ ആരോടും മിണ്ടാതെ ഒറ്റക്കിരിക്കുന്ന എന്റെ സ്വഭാവം കണ്ടു അവൾക്ക് അത്ഭുതം തോന്നിയിരുന്നു…..
എന്റെ ഉള്ളിൽ എന്തൊക്കെയോ വിഷമം കൊണ്ട് എന്നറിഞ്ഞു അവൾ ഞാനുമായി എടുക്കാൻ ശ്രമിച്ചു. അങ്ങനെയാണ് എന്റെ പ്രശ്നങ്ങളെല്ലാം അവൾ മനസ്സിലാക്കുന്നത്….
ആ നല്ല സൗഹൃദം എപ്പോഴൊക്കെയോ പ്രണയമായി തീർന്നിരുന്നു അതുകൊണ്ടുതന്നെ അവളുടെ വീട്ടിൽ അറിഞ്ഞു ഭയങ്കര പ്രശ്നമായപ്പോൾ അവൾക്ക് എന്റെ കൂടെ ഇറങ്ങി വരേണ്ടി വന്നു….
ഞാനില്ലാതെ അവൾക്കും അവൾ ഇല്ലാതെ എനിക്ക് മുന്നോട്ടു പോകാൻ കഴിയില്ല എന്ന് പരസ്പരം ഉറപ്പായതിനെ തുടർന്ന് വേറെ വഴിയിലായിരുന്നു…
എന്റെ വീട്ടിലേക്ക് അവളെ എങ്ങനെ കൊണ്ടുപോകും എന്ന് ആശങ്കയിൽ ആയിരുന്നു ഞാൻ.. അമ്മ ഇതെല്ലാം എങ്ങനെ ഉൾക്കൊള്ളും എന്നായിരുന്നു എന്റെ ഭയം കാരണം അമ്മയുടെ മനസ്സിൽ ക്ഷേത്രം മാത്രമേയുള്ളൂ…
എന്നെ അവിടുത്തെ പൂജാരി ആക്കുന്നതാണ് ആ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം അതിനായിട്ടാണ് എന്നും പ്രാർത്ഥന പോലും
പിന്നെ എന്റെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞ് റിയയുടെ കയ് പിടിച്ച് അങ്ങോട്ട് കയറിച്ചെന്നാലുള്ള അവസ്ഥ അറിയാമായിരുന്നു…
എന്നെ നന്നായി മനസ്സിലാക്കിയവളായിരുന്നു അവൾ അതുകൊണ്ടുതന്നെ അവർക്ക് എന്റെ അവസ്ഥ ഊഹിക്കാമായിരുന്നു.
എല്ലാം ശരിയാവും എന്തുതന്നെ വന്നാലും അവൾ അഡ്ജസ്റ്റ് ചെയ്തോളാം എന്ന് എന്നോട് പറഞ്ഞു അങ്ങനെയാണ് നിയമപരമായി വിവാഹം ചെയ്തതിനുശേഷം ഞാൻ അവളെ എന്റെ വീട്ടിലേക്ക് കൂട്ടിയത്.
ആദ്യം കരുതിയ പോലെ തന്നെ ആയിരുന്നു അമ്മ ഞങ്ങളെ കണ്ടപ്പോ വല്ലാതെ ദേഷ്യപ്പെട്ടു അടുത്തേക്ക് പോലും അടുപ്പിച്ചില്ല….
അവൾ പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറുള്ളവൾ ആയിരുന്നില്ല…
അവൾ ആദ്യമായി എന്നോട് ആവശ്യപ്പെട്ടത് അമ്മയെ നല്ലൊരു മനോരോഗ ഡോക്ടറെ കാണിക്കാനാണ് അവളോട് നീയും എന്റെ അമ്മയ്ക്ക് ഭ്രാന്താണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത്,
ഞാൻ മനസ്സിലാക്കിയിടത്തോളം വിനുവിന്റെ അമ്മയ്ക്ക് ഒരുതരം മാനസിക വിഭ്രാന്തിയാണ് ഇനി വിനുവിനെകൂടി നഷ്ടപ്പെടുമോ എന്ന ഭയം…
ആരൊക്കെയോ ആ മനസ്സിലേക്ക് ദൈവങ്ങൾക്ക് തൃപ്തി വരാഞ്ഞിട്ടാണ് ഓരോ മരണവും എന്ന് പറഞ്ഞു അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നു…..
അതെല്ലാം മാറണം….അവർക്ക് അവരുടെ ജീവിതത്തിൽ ഒരുപാട് മരണം കണ്ടതിന്റെ ഷോക്കും എല്ലാം കൂടിയാണ് ഈ ഒരു അവസ്ഥയിലേക്ക് എത്തിയിട്ടുള്ളത്
നല്ലൊരു സൈക്യാട്രിസ്റ്റിന് മാത്രമേ നമ്മളെ ഇപ്പോൾ സഹായിക്കാൻ കഴിയും ദയവുചെയ്ത് ഇത് മറ്റൊരു രീതിയിലും എടുക്കാതെ ഞാൻ പറയുന്നത് കേട്ട് അമ്മയെ ചികിത്സിക്കാൻ തയ്യാറാകണമെന്ന്…
അവൾ എന്നോട് കാലുപിടിച്ചു പറഞ്ഞു പറഞ്ഞ പ്രകാരം ഞങ്ങൾ അമ്മയെ ഡോക്ടറെ കാണിച്ചു… ആദ്യം അമ്മ സമ്മതിചില്ല… ഞങ്ങൾ നിർബന്ധപൂർവ്വം തന്നെ അമ്മയെ ഡോക്ടറെ കാണിച്ചു….
പിന്നീട് സാവകാശം അമ്മക് നല്ല മാറ്റം വന്നു…
ദൈവങ്ങളുടെ ലോകത്തു നിന്നും പഴയതുപോലെ അമ്മ ജീവിതത്തിലേക്ക് മടങ്ങി വന്നു….
അവളോട് നന്ദി പറഞ്ഞു ഞാൻ..””” പലരും ഇങ്ങനെയാണ് വിനു ചില കാര്യങ്ങൾ ചിലരുടെ മനസ്സിൽ കരടായി അങ്ങനെ കിടക്കും അത് അവരിൽ ഒരു വിഭ്രാന്തി തീർക്കും….
അതിന് ശരിയായ രീതിയിൽ ഉൾക്കൊണ്ട് മറ്റുള്ളവർ ചേർത്തു പിടിച്ചിട്ടില്ലെങ്കിൽ അവരെ സ്വയം തന്നെയും മറ്റുള്ളവർക്കും നഷ്ടമാകും.. “””
അവൾ പറഞ്ഞത് 100% ശരിയാണെന്ന് എനിക്ക് മനസ്സിലായിരുന്നു ഇപ്പോൾ അമ്മയെ ചേർത്തുപിടിക്കാൻ ഞങ്ങളുടെ ഈ നാല് കാര്യങ്ങൾ ഉണ്ട്…