(രചന: J. K)
“”അതെ നിങ്ങളുടെ മോളെ ഇനി ഇവിടെ തന്നെ നിർത്തിക്കോ.. എന്റെ മോന് വേണ്ട!!!. മുക്കു പണ്ടം തന്ന് പറ്റിച്ചവരല്ലേ പെണ്ണിനും കാണും അതേപോലെ എന്തെങ്കിലും ദോഷം…””
യശോദ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി അവളുടെ അമ്മയോട് ദേഷ്യത്തിൽ പറഞ്ഞു..
സതി മോളെ നോക്കി അവൾ കരയുകയാണ്.. അത് കണ്ടപ്പോൾ എന്തോ നെഞ്ച് വിങ്ങുന്നത് പോലെ തോന്നി…
എല്ലാം നമുക്ക് പറഞ്ഞു തീർക്കാം യശോധമ്മേ സതി കാലു പിടിക്കും പോലെ പറഞ്ഞു നോക്കി പക്ഷേ യശോദ എന്തുപറഞ്ഞാലും അടങ്ങില്ല എന്ന് അവർക്ക് തന്നെ അറിയാമായിരുന്നു..
“”മേലാൽ ഞങ്ങളുടെ വീടിന്റെ പടി കടക്കരുത്.. വിഷ്ണു വരട്ടെ ഇനി എന്താ വേണ്ടത് എന്ന് എനിക്ക് നന്നായി അറിയാം..
പാവം അല്ലെ ദാരിദ്ര്യം പിടിച്ച കൂട്ടരല്ലേ എന്ന് കരുതി അവിടുന്ന് പെണ്ണെടുത്തപ്പോൾ ഞങ്ങളുടെ കണ്ണിൽ പൊടിയിട്ട് അവിടെ റാണിയായി വാഴാം
എന്ന് കരുതിയോ.. അതെങ്ങനാ കാണാൻ കൊള്ളാവുന്ന ചെക്കന്മാരെ പിടിക്കാൻ നല്ല മിടുക്കാണല്ലോ എന്റെ മോൻ, ഒരു പൊട്ടൻ അവൻ വീണു പോയതാ….
അവനാണെങ്കിൽ വേറെ ഒരുത്തിയെയും പറ്റില്ല എന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിന്നു അവസാനം എന്തേലും ആവട്ടെ എന്ന് കരുതിയ സമ്മതിച്ച് ആകെക്കൂടെ പത്തു
പവന്റെ സ്വർണം ഉണ്ടാവും അതും മുക്കു പണ്ടം.. നിങ്ങളുടെ കുടുംബമഹിമ ഇതിൽ നിന്ന് തന്നെ മനസ്സിലായല്ലോ….
യശോദ നിന്ന് കത്തി കയറുകയാണ് അപ്പോഴേക്കും അപ്പുറത്തെയും ഇപ്പുറത്തെയും വീട്ടുകാരൊക്കെ വന്ന് എത്തിനോക്കുന്നുണ്ട് സതിക്ക് ആകെക്കൂടി വല്ലായ്മ തോന്നി…
“”” അകത്തേക്ക് കയറിയിരിക്കാം “”സതി ഏകദേശം കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു.. അമൃതയ്ക്ക് അമ്മയുടെ അവസ്ഥകണ്ട് വാല്ലായ്മ തോന്നി..
“” അയ്യോ നിങ്ങളുടെ സൽക്കാരം സ്വീകരിച്ച് ഇവിടെ ഉണ്ട് അന്തിയുറങ്ങാൻ വന്നതല്ല നിങ്ങളുടെ പെണ്ണിനെ ഇവിടെ ഏൽപ്പിക്കാൻ വന്നതാ. ഒപ്പം നിങ്ങൾ തന്ന മുക്ക് പണ്ടവും…. “”‘
അതു പറഞ്ഞ് യശോദ തിരികെ നടന്നു അപ്പോഴേക്കും അമൃത വന്ന് സതിയെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു…
“””എന്താ മോളെ ഉണ്ടായത്?? മുക്കുപണ്ടമോ അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല…”””
“” അമ്മേ വിഷ്ണുവേട്ടന്റെ ഒരു കൂട്ടുകാരന്റെ അമ്മയ്ക്ക് ഒട്ടും വയ്യ അപ്പൊ അദ്ദേഹത്തിന്റെ കയ്യിൽ പൈസയായിട്ട് ഒന്നും കൊടുക്കാൻ
ഇല്ലായിരുന്നു എന്റെ രണ്ടു വള തരുമോ എന്ന് എന്നോട് ചോദിച്ചു നല്ലൊരു കാര്യത്തിനല്ലേ എന്ന് കരുതി ഞാൻ ഊരി കൊടുത്തു….
അമ്മ കണ്ട പ്രശ്നമാകും ആർക്കും ഒരു സാധനം കൊടുക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞ് വിഷ്ണുവേട്ടൻ തന്നെയാണ് രണ്ട് മുക്കിന്റെ വള വാങ്ങി എനിക്കിട്ടു തന്നത്…
പക്ഷേ അപ്പോഴേക്കും വിഷ്ണുവേട്ടന്റെ അനിയത്തി വീണ വന്നിരുന്നു അവളുടെ വീട് പണി നടക്കുകയല്ലേ അപ്പോൾ പൈസയ്ക്ക് അത്യാവശ്യമുണ്ട് എന്ന് പറഞ്ഞു.
അമ്മ എന്നോട് ചോദിക്കുക പോലും ചെയ്യാതെ എന്റെ അലമാരയിൽ നിന്ന് എന്റെ വളയെടുത്ത് അവൾക്ക് കൊടുത്തു.. പണയം വെച്ചോളാൻ
പറഞ്ഞു അവരത് കൊണ്ടുപോയി പണയം വയ്ക്കാൻ നോക്കുമ്പോഴാണ് അറിഞ്ഞത് അത് മുക്കാണെന്ന് പിന്നെ വീട്ടിലുണ്ടായ പുകില് ഒന്നും പറയേണ്ട…””
“”എന്നിട്ട് വിഷ്ണു ഒന്നും പറഞ്ഞില്ലേ?”””സതി പരിഭ്രമത്തോടെ ചോദിച്ചു…
“”” വിഷ്ണുവേട്ടൻ ലോഡും കൊണ്ട് എങ്ങോട്ടോ പോയതാണ് അമ്മെ… ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല ഞാൻ ഇന്നലെ മുതൽ ശ്രമിക്കുന്നതാ വിഷ്ണുവേട്ടനെ വിളിച്ച് എല്ലാം പറയാൻ..
പക്ഷേ ഫോൺ കേടായിരുന്നു പോകുമ്പോൾ തന്നെ… ഇപ്പോൾ തീരെ വിളിച്ചിട്ട് കിട്ടുന്നില്ല… വിഷ്ണുവേട്ടൻ വന്നാൽ എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കും പക്ഷേ അതിന് വിളിച്ചാൽ കിട്ടണ്ടേ… “””
“”” ഈശ്വരാ ഇതു വലിയ പ്രശ്നമാകുമല്ലോ അവൻ എന്നാ വരുക എന്നെങ്കിലും പറഞ്ഞോ മോളെ “”‘
“”ഒന്നുമറിയില്ല അമ്മേ ലോഡ് കൊണ്ടുപോയാൽ പറഞ്ഞ ദിവസം ഒന്നും വീട്ടിലെത്തില്ല..””ആകെക്കൂടി പേടി തോന്നി സതിക്ക്…
അനന്തേട്ടൻ മരിച്ചതിനു ശേഷം മോളെ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത് അവളെ നല്ലൊരു കയ്യിൽ ഏൽപ്പിക്കണം എന്നായിരുന്നു മോഹം..
വിഷ്ണു വന്ന് അവന് അവളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവൻ നല്ലൊരു ആളാണെന്ന് അറിഞ്ഞത് കൊണ്ട് തന്നെയാണ് വിവാഹം കഴിച്ചു കൊടുത്തത് കുടുംബസ്നേഹം ഉള്ളവനാണെന്ന് അന്വേഷിച്ചപ്പോഴും അറിഞ്ഞു…
അവിടെ ഉള്ള ഒരു കമ്പനിയിലെ ഡ്രൈവർ ആണ് അവൻ.. കമ്പനിയുടെ പ്രോഡക്റ്റ് ഓരോ സ്ഥലത്തേക്ക് കൊണ്ടുപോയി ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതാണ് അവന്റെ ജോലി അത്യാവശ്യം നല്ല സാലറി..
പിന്നെ വേറെയൊന്നും നോക്കിയില്ല അവന്റെ വീട്ടുകാർക്ക് ഇഷ്ടമല്ല എന്ന് പിന്നീടാണ് അറിഞ്ഞത് അമൃതയ്ക്ക് അവിടെ അത്യാവശ്യം ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായിരുന്നു പക്ഷേ അവൾ ഒരു പാവമാണ് ഒന്നും എന്നെ അറിയിക്കാതെ അവിടെ അഡ്ജസ്റ്റ് ചെയ്ത് നിന്നു…
വിഷ്ണു എന്തിനും അവളുടെ കൂടെയുണ്ടായിരുന്നു.. പക്ഷേ ഇതിപ്പോ എല്ലാവരെയും വെറുപ്പിച്ച ഒരു സംഗതി ആയിട്ടുണ്ട് ഇനി അവിടെ പോയാൽ എങ്ങനെയാണ് അവൾ അവിടെ നിൽക്കുക ആകെക്കൂടെ സതിക്ക് പരിഭ്രാന്തിയായി…
അന്ന് രാത്രി വിഷ്ണു എത്തിയിരുന്നു എല്ലാം അവനോട് പറഞ്ഞ് കരഞ്ഞു അമൃത…
അപ്പോഴേക്കും സതിയും അങ്ങോട്ട് എത്തിയിരുന്നു അവർ എന്തോ പറയാൻ പോകുമ്പോഴേക്കും വിഷ്ണു അവരോട് പറഞ്ഞു,
“”” എനിക്കറിയാം എന്റെ അമ്മ കാരണം നിങ്ങൾക്കുണ്ടായ നാണക്കേട് ഞാൻ അതിനു മാപ്പ് ചോദിക്കുന്നു കൂട്ടുകാരന്റെ അമ്മയ്ക്ക് വയ്യാതായപ്പോൾ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല,
എന്റെ അമ്മ ഒരുപാട് ഇല്ലായ്മ കണ്ട് വളർന്നതാണ് അതുകൊണ്ട് എപ്പോഴും എന്തെങ്കിലും കരുതണം എന്ന് അമ്മ പറയാറുണ്ട് അമ്മയ്ക്ക് ഇഷ്ടമാവില്ല,
അവരെ സഹായിക്കുന്നതൊക്കെ അതുകൊണ്ട് അമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് അമ്മയോട് പറയാതെ ഞാൻ ഇങ്ങനെ ഒരു കാര്യം ചെയ്തത് പക്ഷേ അത് ഇങ്ങനെയെല്ലാം ആകും എന്ന് ഞാനും കരുതിയില്ല എന്റെ തെറ്റാണ്…
ഇതിന്റെ പേരിൽ അവൾക്ക് ഒരു പ്രശ്നവും അവിടെ ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം. അത് എന്റെ ഉറപ്പ്…””
അതും പറഞ്ഞ് അമൃതയെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി വിഷ്ണു…സാധിക്കുന്ന അത് കേട്ടപ്പോൾ വല്ലാത്ത സമാധാനം തോന്നി ആണൊരുത്തന്റെ കയ്യിൽ ഏൽപ്പിച്ചതിന്റെ സമാധാനം…..
പക്ഷേ അമൃത അവൾക്ക് ഭയം ഉണ്ടായിരുന്നു അങ്ങോട്ടേക്ക് പോകാൻ…അവിടെ എത്തിയത് ദേഷ്യപ്പെട്ടു…”” എന്ത് കണ്ടിട്ടാ ഇവളെയും കൂട്ടി നീ ഇങ്ങോട്ട് വന്നത് എന്ന് ചോദിച്ച്….
“”” അറിഞ്ഞില്ലേ സ്വന്തം ഭാര്യയുടെ വീട്ടിൽ നിന്ന് തന്നത് മുഴുവൻ മുക്കുവണ്ടമാണ് ഇവൾക്കും കാണും അതുപോലെ എന്തെങ്കിലും ഏനക്കേട്…””
എന്ന് പറഞ്ഞപ്പോൾ വിഷ്ണുവിന് സ്വയം നിയന്ത്രണം കൈ വിട്ടു പോയിരുന്നു..””” ഇവളുടെ അലമാരിയിൽ ഇരുന്ന ഒരു സാധനം എങ്ങനാ മുക്ക് പണ്ടം ആണെന്ന് അമ്മയ്ക്ക് മനസ്സിലായത്?? “”
യശോധ ഒന്ന് പരുങ്ങി എന്നിട്ട് പറഞ്ഞു…””” നിനക്ക് കിട്ടിയതല്ലേടാ അത് നിന്റെ അനിയത്തിയാ വീണ അവൾക്കൊരു ആവശ്യം വന്ന നിന്റെ മുതൽ എടുത്തല്ലേ സഹായിക്കുക.. “”
“” അത് എന്റെ മുതലാണ് എന്ന് അമ്മോട് ആരാ പറഞ്ഞത് അത് അമൃതയ്ക്ക് അവളുടെ വീട്ടുകാർ കൊടുത്തതാണ് ഞാൻ പോലും അതിൽ നിന്ന് എടുക്കാൻ അവളുടെ സമ്മതം ചോദിച്ചിട്ടാണ് എടുത്തത്… എന്തിനും അങ്ങനെ ഒരു മര്യാദ ഇല്ലേ???
“”” അത് ശരി അപ്പോ നിന്റെ ഭാര്യയുടെ എന്തെങ്കിലും എടുക്കാൻ അവളുടെ സമ്മതം വേണം ഞാൻ കാലു പിടിക്കണം എന്നാണല്ലേ നീ പറഞ്ഞു വരുന്നത്”””
“”” ഒരാളുടെ സാധനം എടുക്കാൻ അയാളുടെ സമ്മതം മേടിക്കുന്നത് ഈ ലോകത്ത് പുതിയ കാര്യമൊന്നുമല്ല അമ്മേ…
പിന്നെ അവളുടെ വീട്ടുകാർ അവർക്ക് കൊടുത്തത് ശുദ്ധമായ സ്വർണം തന്നെയാണ് എന്റെ ഒരു കാര്യത്തിന് ഞാൻ അവളുടെ വള പണയം വെച്ചതാ, പകരം രണ്ട് വള അതുപോലെ മുക്കിന്റെ കൊണ്ട് കൊടുത്തത്,
നിങ്ങൾ ഇതുപോലെ പ്രശ്നമുണ്ടാക്കണ്ട എന്ന് കരുതിയ.. പക്ഷേ ഇതുപോലെ വൃത്തികെട്ട രീതിയിൽ നിങ്ങൾ അത് എടുത്തുകൊണ്ടുപോകുമെന്ന് ഞാനും കരുതിയില്ല…””””
“” നീ ആരോട് എന്താ പറയുന്നത് എന്ന് വല്ല നിശ്ചയവും ഉണ്ടോ?? “” ഉണ്ട് പണ്ടത്തെ നൂറ്റാണ്ടിൽ ജീവിക്കുന്ന മരുമകളോട് പോരെടുക്കുന്ന അമ്മായിയമ്മയോട്.. കുറെയായി ഞാൻ ഓരോന്ന് കാണുന്നു.
എല്ലാം ശരിയാകും എന്ന് കരുതിയാണ് ഇതുവരെ മിണ്ടാതെ നിന്നത് ഇതിപ്പോ മിണ്ടാതെ നിൽക്കുന്നതോറും വലിയ വലിയ പ്രശ്നങ്ങളാണ് ഇവിടെ ഉണ്ടാവുന്നത്..
അതുകൊണ്ട് രണ്ടുകയ്യും കൂട്ടിയാൽ അല്ലേ ശബ്ദം ഉണ്ടാകും അങ്ങനെ ഇപ്പോൾ വേണ്ട ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങുകയാണ്….””
“”” വിഷ്ണു ഏട്ടാ… “”എന്ന് വിളിച് തടസം പറയാൻ പോയ അമൃതയെ അവൻ പിടിച്ച് മുന്നിൽ നിർത്തി..
“” അതെ ഒരുമാതിരി കണ്ണീർ സീരിയലിലെ നായികയാവല്ലേ മോളെ പിന്നെ ജീവിതത്തിൽ ഇതിനൊക്കെ തന്നെയെ നേരം കാണു…. അത്യാവശ്യം ബോൾഡ്
ആയിട്ടില്ലെങ്കിൽ ഇതുപോലെ ഓരോന്ന് അനുഭവിക്കേണ്ടിവരും…. “”അതും പറഞ്ഞ് അവളെയും കൊണ്ട് അവിടെ നിന്നും ഇറങ്ങി വിഷ്ണു…
അവൻ അറിയാമായിരുന്നു അമ്മ വരും എന്ന് തിരിച്ചു വിളിക്കും എന്ന് താൻ കൂടെ ഇല്ലെങ്കിൽ അമ്മയ്ക്ക് അവിടെ കഴിയാൻ പറ്റില്ല എന്ന് എല്ലാം ഒത്തുതീർപ്പാക്കി അമൃതയോട് അത്യാവശ്യം നന്നായി തന്നെ ഇനി അമ്മ പെരുമാറിക്കോളും എന്ന്…
അതിനുവേണ്ടി ഇപ്പോൾ ചെറുതായി അമ്മയുടെ മനസ്സൊന്നു വേദനിപ്പിക്കുന്നതിൽ തെറ്റില്ല എന്ന് അവനും അറിയാമായിരുന്നു…