ആനന്ദം
രചന: Kannan Saju
” കണ്ണേട്ടാ.. എനിക്ക് ഫോർ പ്ലെ കുറച്ചെങ്കിലും വേണം… എന്താ ഇങ്ങനെ? ” മനസ്സില്ല മനസ്സോടെ എന്തും വരട്ടെ എന്ന് കരുതി അവൾ കിതച്ചു കൊണ്ടു മാറി കിടന്ന കണ്ണനോട് പറഞ്ഞു.
ഒരു നിമിഷം അയ്യാൾ മൗനം പാലിച്ചു” എന്താ ഒന്നും മിണ്ടാത്തെ…? നേരത്തെ ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ ? ”
വിഷമത്തോടെ അവനോടു പറ്റി ചേർന്ന് കിടന്നുകൊണ്ട് അവൾ പറഞ്ഞു” ആമി… എനിക്ക് നിന്റെ മുഖത്ത് നോക്കുമ്പോ എന്തോ പോലെ… പിന്നെ എനിക്ക്… ”
ആ വാക്കുകൾ അവളുടെ നെഞ്ചിൽ കൊണ്ടു.. അതുവരെ കണ്ണന്റെ നെഞ്ചിലെ രോമങ്ങൾ തഴുകിയിരുന്ന കൈകൾ മെല്ലെ പിൻവാങ്ങി..
കണ്ണാടിയിൽ തന്റെ മുഖത്ത് വളർന്നു നിക്കുന്ന മീശ രോമങ്ങളെ അവൾ സൂക്ഷമതയോടെ നോക്കി… മീശ മാത്രമല്ല, തന്റെ കൈകളിലും മാറിടങ്ങളിലും രോമം അധികമായി വളർന്നിരിക്കുന്നു.. എന്തിനു തന്റെ ശബ്ദം പോലും ആണുങ്ങളുടേത് പോലെ തോന്നിപ്പിക്കുന്നു..
” നിനക്ക് ഞാൻ പറഞ്ഞത് വിഷമായോ? ” കട്ടിലിൽ കിടന്നു കൊണ്ടു അപ്പോഴും അവളുടെ മുഖത്തേക്ക് നോക്കാതെ അയ്യാൾ പറഞ്ഞു..
” ഞാനെന്തു മറുപടി പറയണം കണ്ണേട്ടാ ? Pcod വന്നത് എന്റെ അനുവാദം മേടിച്ചിട്ടാണോ? ”
” ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല മോളേ… എന്തോ നിന്റെ മുഖത്തെയും മറ്റും രോമങ്ങൾ കാണുന്ന നിമിഷം എന്റെ വികാരങ്ങൾ എല്ലാം തളർന്നു പോവുന്നു ”
അറിയാതെ ആമിയുടെ കണ്ണുകൾ നിറഞ്ഞു ” എന്റെ തൊലിവെളുപ്പും സൗന്ദര്യവും മാത്രം കണ്ടിട്ടാണോ കണ്ണേട്ടാ നിങ്ങളെന്നെ സ്നേഹിച്ചത് ? ” അങ്ങനെ ചോദിയ്ക്കാൻ തോന്നിയെങ്കിലും അവളുടെ നാവു മനസ്സിന് വഴങ്ങി കൊടുത്തില്ല.
” നമുക്ക് നാളെ ഗൈനക്കോളജിസ്റ്റ്യനെ ഒന്നൂടെ കാണാം മോളേ… വിഷമിക്കണ്ട “” ഏട്ടൻ എന്നെ ആശ്വസിപ്പിക്കുന്നതാണോ അതോ സ്വയം ആശ്വസിക്കുന്നതാണോ? ” ആ ചോദ്യം നാവിലേക്കും എത്താതെ തൊണ്ടയിൽ കുരുങ്ങി അങ്ങനെ നിന്നു.
ഓഫീസിൽ പോവാനായി രാവിലെ ഡ്രസ്സ് മാറുമ്പോളാണ് മനസ്സിലാസ്വുന്നത് അടിവസ്ത്രങ്ങളുടെ എല്ലാം അളവ് മാറിയിരിക്കുന്നു… ഒന്നും കയറുന്നില്ല… ആമി ഒരിക്കൽ കൂടി കണ്ണാടിയിലേക്കു നോക്കി…
വടിവൊത്ത ശരീരം യാത്ര പറഞ്ഞിരിക്കുന്നു.. നിതംബങ്ങളും തുടകളും മാറിടങ്ങളും എല്ലാം വലിപ്പം വച്ചിരിക്കുന്നു. അമിതമായ സൗന്ദര്യത്തിൽ മതി മറന്നിരുന്ന നിമിഷങ്ങൾ ഇനി ഇണ്ടാവില്ല.
അന്ന് പൊക്കി പറഞ്ഞവർ ഓക്കെ ഇന്ന് കളിയാക്കി തുടങ്ങിയിരിക്കുന്നു.
എന്തും സഹിക്കാം.. പക്ഷെ ഭക്ഷണം കൊടുക്കുമ്പോൾ മുതൽ കിടക്കയിൽ വരെ കണ്ണേട്ടൻ മുഖം തിരിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല… ഭാരം കുറക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നില്ല. രാത്രി കാലങ്ങളിൽ ഭക്ഷണം കഴിച്ച കാലം മറന്നു.രാവിലെ വർക്ക് ഔട്ട്, ഓട്ടം.. ഇനിയും എന്തൊക്കെ ചെയ്യണം അറിയില്ല.
ആദ്യ കാലങ്ങളിലെ മാസമുറ തെറ്റിയപ്പോൾ അമ്മയോട് പറയണം എന്നുണ്ടായിരുന്നു… പക്ഷെ പേടി അനുവദിച്ചില്ല.. മാസമുറ വൈകി എന്നറിഞ്ഞാൽ ഉടനെ അടുത്ത ചോദ്യം എന്താവും എന്ന് ഊഹിക്കാം… സംശയത്തിന്റെ ചങ്ങലകളിൽ ആണല്ലോ
അല്ലെങ്കിലും പെണ്ണിന്റെ ജീവിതം. ഒടുവിൽ pcos ആണെന്നറിഞ്ഞപ്പോൾ അതിനു അമ്മ കണ്ടു പിടിച്ച മാർഗം കല്ല്യാണം. മൂന്നും നാലും ദിവസം വൈകി വന്ന ബ്ലീഡിങ് കല്ല്യാണം കഴിഞ്ഞു വൈകാതെ
ഒന്നും രണ്ടും മാസം വൈകി തുടങ്ങി… വന്നു വന്നു ഇപ്പൊ ചില സമയങ്ങളിൽ നിർത്താതെ ഉള്ള ബ്ലീഡിങ്ങും. ഒന്നും ചെയ്യാൻ പറ്റാത്തൊരു അവസ്ഥ.
ആദ്യത്തെ ആറു മാസം കണ്ണേട്ടൻ നൽകിയ സ്നേഹവും സുഖങ്ങളും ഇന്ന് അന്യമാവുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.
നീണ്ടു നിന്നിരുന്ന ചുംബനങ്ങൾ ഇന്നില്ല. എന്തിനു മുഖത്തേക്ക് പോലും നോക്കുന്നില്ല. അതിലും വലിയൊരു അവഗണന ജീവിതത്തിൽ ഉണ്ടാവാനുണ്ടോ? അറിയില്ല.
ഇപ്പോഴാണ് ഞാൻ ഏട്ടന്റെ മടിയിൽ ഇരിക്കാൻ ആഗ്രഹിക്കുന്നത്.. ഇപ്പോഴാണ് കണ്ണേട്ടൻ എന്റെ നെറ്റിയിൽ ചുംബിക്കാൻ ആഗ്രഹിക്കുന്നത്. ഇപ്പോഴാണ് ഏട്ടന്റെ കൈകളിൽ മുറുകി ഇരിക്കാൻ ആഗ്രഹിക്കുന്നത്.പക്ഷെ കണ്ണേട്ടന് ഇന്ന് ഞാൻ വെറുമൊരു ലൈംഗീക യന്ത്രം മാത്രമായിരിക്കുന്നു.
” നീ അവളോട് സംസാരിച്ചോ? ” ഹാളിൽ നിന്നും അമ്മയുടെ ശബ്ദം. കണ്ണേട്ടനോട് തന്നെ പറ്റി എന്തോ ചോദിക്കുവാണെന്ന് അവൾക്കു മനസ്സിലായി.
” ഇന്ന് പോവണ്ടമ്മേ ഡോക്ടറെ കാണാൻ.. കുറച്ചു സമാധാനം താ “” നിനക്കതു പറയാം.. ഈ അസുഖം വന്ന പിന്നെ മച്ചി ആയി പോവൂന്നു ആ ലീല പറഞ്ഞെ ”
കണ്ണൻ അമ്മയെ ഒന്ന് നോക്കി” അവക്ക് മാറാ രോഗം ഒന്നും ഇല്ല… എന്റെ ഉള്ള സമാധാനം കൂടി അമ്മ കളയരുത് ”
” നിനക്കെന്താടാ പറഞ്ഞ മനസ്സിലാവാത്തെ? നിന്റെ കുഞ്ഞിനെ കളിപ്പിക്കാൻ ഞങ്ങക്കും ആഗ്രഹം ഉണ്ടാവില്ലേ? ഇനി അവളെങ്ങാനും പ്രസവിക്കാത വന്ന എന്നാ ചെയ്യും? ഇപ്പോഴേ നിന്നേം അവളേം കണ്ടാ അമ്മേം മോളും ആണെന്നെ പറയു ”
” അമ്മാ പ്ലീസ്.. ഞാനിതൊന്നു കഴിച്ചോട്ടെ? “അവൻ പറഞ്ഞത് ഇഷ്ടപ്പെടാതെ അമ്മ ഇരുന്നു.
കണ്ണീർ മറച്ചു ആമി ഹാളിലേക്ക് വന്നു ” അമ്മേ, ഹോസ്പിറ്റലിൽ പോയിട്ടു വരാം “” അല്ല മോളേ, നീ കുറച്ചു ദിവസമായിലെ വീട്ടിലൊക്കെ പോയി നിന്നിട്ടു.. വേണേൽ പോയി ഒരു മാസൊക്കെ നിന്നിട്ടു വന്നാ മതി കേട്ടോ ”
ആമി ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു.. പാതി കഴിച്ച പ്ളേറ്റ്റ് ഇട്ടു കണ്ണനും എണീറ്റു..
” ഒ.. ഭാര്യെനെ പറഞ്ഞത് അവനു പിടിച്ചില്ല ” താടക്കും കൈ കൊടുത്തു പറഞ്ഞുകൊണ്ട് അമ്മ ഇരുന്നു.
ഹോസ്പിറ്റലിൽ.
ഉച്ച കഴിഞ്ഞു.ആമി പുറത്തിരിക്കുന്നു.” എനിക്ക് അവളോട് ഇഷ്ടക്കുറവൊന്നും ഇല്ല ഡോക്ടർ… പക്ഷെ ”
” എന്താണ് കണ്ണൻ ഒരു പക്ഷെ? ” ഡോക്ടർ രശ്മി കസേരയിലേക്ക് ചാരിക്കൊണ്ടു ചോദിച്ചു.
” എനിക്കറിയില്ല.. പഴയ അവളെ മിസ്സ് ചെയ്യുന്നത് കൊണ്ടായിരിക്കും “” മാറ്റം എല്ലാവര്ക്കും ഉണ്ടാവുന്നതല്ലേ കണ്ണൻ? ചിലർക്കത് അസുഖങ്ങളുടെ രൂപത്തിൽ വരും ”
” എന്തോ… എന്റെ മനസ്സിലെ സ്ത്രീ സങ്കൽപം ആ മീശയുമായി പൊരുത്തപ്പെടാൻ പറ്റുന്നില്ല ഡോക്ടർ.. പിന്നെ ഫ്രണ്ട്സിന്റെയും വീട്ടുകാരുടെയും കളിയാക്കലുകളും ”
” കണ്ണൻ, കണ്ടു നിക്കുന്ന തനിക്കെ ഇത്രയും വിഷമം ഉണ്ടങ്കിൽ അനുഭവിക്കുന്ന ആമിക്ക് എത്ര ഇണ്ടാവും? പിന്നെ സ്ത്രീ സങ്കൽപം… അതൊരു സങ്കല്പം മാത്രമാണെന്ന് കണ്ണൻ തന്നെ പറഞ്ഞല്ലോ… അതൊന്നു പൊളിച്ചെഴുതി കൂടെ ? ”
” അറിയില്ല… മനസ്സിൽ വിചാരിക്കും.. പക്ഷെ അവളെ കാണുമ്പോൾ… “” അപ്പോ ഒരപകടം പറ്റി മുഖം വികൃതമായിരുന്നെങ്കിൽ കണ്ണൻ ആമിയെ ഉപേക്ഷിക്കുമായിരുന്നോ? ”
” ഒരിക്കലും ഇല്ല ഡോക്ടർ “” ആമി കണ്ണനെ അങ്ങനൊരു സാഹചര്യത്തിൽ ഉപേക്ഷിച്ചാലോ? “” ഞാൻ തകർന്നു പോവും ”
” ഈ അവസ്ഥയും വിളിക്കാതെ വന്നൊരു അപകടമാണ് കണ്ണൻ.. ഹോർമോൺ ചേഞ്ച്, ഭക്ഷണ രീതി, വേണ്ടത്ര വ്യായാമം ഇല്ലത്തുരുന്നത് തുടങ്ങി എന്തും ആവാം.. സാധാരണ മാസമുറയിൽ തന്നെ സ്ത്രീകളുടെ മനസ്സ് എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടന്നു കണ്ണന് മനസ്സിലാവും എന്ന് ഞാൻ കരുതുന്നു ”
” തീർച്ചയായും “” അപ്പോ ഇങ്ങനൊരു സാഹചര്യം വരുമ്പോഴോ? ഇപ്പോഴാണ് അവർക്കു യഥാർത്ഥ സ്നേഹം കൊടുക്കണ്ടത്.. കൃത്യമായ ട്രീറ്റ്മെന്റ്, വ്യായാമം, ഭക്ഷണ രീതി ഓക്കെ പിന്തുടർന്നാൽ വേഗത്തിൽ നിയന്ത്രിക്കാവുന്നതേ ഉള്ളൂ കണ്ണൻ
ഇതൊക്കെ. പക്ഷെ അതിനു ആദ്യം വേണ്ടത് പങ്കാളിയുടെ പിന്തുണയാണ്.തന്റെ ശരീരത്തെക്കാൾ മനസ്സിനെ സ്നേഹിക്കുന്നു എന്ന തിരിച്ചറിവാണ്. നിങ്ങൾ അവളെ സപ്പോർട്ട് ചെയ്താൽ പിന്നെ അവൾക്കു മറ്റൊന്നും ഒരു പരിധി വരെ പ്രശ്നമായി
തോന്നില്ല.. ഈ അസുഖത്തിന് ഒരുപാട് കുഴപ്പങ്ങൾ ഉണ്ട്.. ചിലപ്പോ മുടി വരെ പോയി കഷണ്ടി ആയെന്നും വരാം.. ഭാവിയിൽ ഗർഭദ്ധാരണം ഉണ്ടായില്ലെന്നു വരാം. എന്ത് തന്നെ ആയാലും ഉള്ളിൽ
അവളോട് സ്നേഹം ഉണ്ടങ്കിൽ ചേർത്തു പിടിക്കുക.. മനുഷ്യന് സാധിക്കാത്ത അത്ഭുദങ്ങൾ മനസ്സിന് സാധിക്കും എന്ന് കേട്ടിട്ടില്ലേ? “കണ്ണൻ ചിന്തയിൽ ആണ്ടു….റോഡ്.സന്ധ്യ മയങ്ങി.
കാറിൽ ഇരുവരും മൗനമായി ഇരുന്നു. കണ്ണൻ അതി വേഗത്തിൽ കാർ ഓടിച്ചു കൊണ്ടിരുന്നു. ആമി ഒന്നും മനസ്സിലാവാതെ ചുറ്റും നോക്കി. വണ്ടി മല കയറി തുടങ്ങുയിരുന്നു.
” നമ്മളിതെങ്ങോട്ടാ പോവുന്നെ കണ്ണേട്ടാ? “കണ്ണൻ ഒന്നും മിണ്ടിയില്ല” എന്തെങ്കിലും ഒന്ന് പറയുവോ? ”
” ആം സോറി ആമി… നിന്നെ കുറച്ചു നാളത്തേക്ക് ഒരു ആയുർവേദ ഹോസ്പിറ്റലിൽ നിർത്താൻ പോവാ… ഇങ്ങനെ നിന്നെ കണ്ടോണ്ടിരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് ”
ആമിക്ക് ഒന്നും പറയാൻ പറ്റാതായി.” എനിക്ക് നിങ്ങളെ വിട്ടു നിക്കാൻ പറ്റില്ല കണ്ണേട്ടാ ” എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും തന്റെ സാമീപ്യം ആഗ്രഹിക്കാത്തെ ഒരാളെ എങ്ങനെ നിർബന്ധിക്കും എന്ന് കരുതി അവൾ ഉള്ളിൽ ഒതുക്കി.
” എന്നോടൊരു വാക്ക് ചോദിക്കായിരുന്നില്ലേ? “” പറഞ്ഞാൽ നീ സമ്മതിക്കില്ലെന്നറിയാം… “” കണ്ണേട്ടനു എന്നെ വേണ്ടേൽ എന്റെ വീട്ടിൽ കൊണ്ടു വിട്ടേക്ക്… എന്തിനാ വെറുതെ… ”
” വീട്ടിൽ കൊണ്ടു വിട്ടാലും നിന്റെ ശല്യം ഉണ്ടാവും.. ഇവിടാകുംപോ അടുത്ത ആറു മാസത്തേക്ക് ഫോണോ നെറ്റൊ ഒന്നും ഉപയോഗിക്കാൻ പറ്റില്ല. വിസിറ്റെഴ്സും അലോവ്ഡ് അല്ല… നിന്റെ അസുഖക്കെ തനിയെ മാറിക്കോളും! “.
” തനിക്കു ഞാനൊരു ശല്യമായി തുടങ്ങിയല്ലേ? ” അവൾ പൊട്ടിത്തെറിച്ചു” ഏറെക്കുറെ ” കണ്ണൻ ഗൗനിക്കാതെ മറുപടി പറഞ്ഞു
” താനൊക്കെ ഒരു മനുഷ്യനാണോടോ? തന്നെ ജീവന് തുല്യം സ്നേഹിച്ചതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു “” എനിക്കും ”
” അസുഖം മാറിയാലും ഇനി തന്റെ ജീവിതത്തിലേക്ക് ഒരു ഭാരമായി ഞാൻ വരില്ല ”
കണ്ണൻ വണ്ടി വളച്ചു സൈഡിൽ നിർത്തി… തല കുനിച്ചു കരഞ്ഞു കൊണ്ടിരുന്ന ആമി കണ്ണനെ നോക്കി..” ഇറങ്ങു… ”
ആമി ഇരു വശങ്ങളിലേക്കും നോക്കി.. വിജനമായി കിടക്കുന്നു. ഒന്നും മനസ്സിലാവാതെ വീണ്ടും കണ്ണനെ നോക്കി..
” ഇവിടെന്താ? ” പതിഞ്ഞ സ്വരത്തിൽ ഭയത്തോടെ ചോദിച്ചു.” നിന്നെ തള്ളി ഇട്ടു കൊല്ലാൻ… ഇറങ്ങടി “കണ്ണൻ ഡോർ തുറന്നു ഇറങ്ങി… ആമിയും സംശയത്തോടെ പുറത്തേക്കിറങ്ങി…
കണ്ണൻ കാറിന്റെ പിന്നിൽ തിരിഞ്ഞു നോക്കി നിക്കുന്നത് കണ്ടു അവളും അവിടേക്കു തിരിഞ്ഞു… കുന്നിൻ മുകളിലെ തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ പാരിപ്പറന്നു.. ഒപ്പം മീശ രോമങ്ങളും പറക്കാൻ ശ്രമം നടത്തി.
കണ്ണന്റെ പിന്നിലേക്ക് വന്നു നിന്നുകൊണ്ടു അവൾ ആകാശത്തെ നിറഞ്ഞു നിക്കുന്ന നക്ഷത്രങ്ങളിലേക്ക് നോക്കി… മുൻപൊരിക്കൽ അവന്റെ നെഞ്ചിൽ കിടന്നു പറഞ്ഞ ആ വാക്കുകൾ അവൾ ഓർത്തു ” കണ്ണേട്ടാ,
ഏട്ടന് എന്നോട് ഏറ്റവും സ്നേഹം തോന്നുന്ന ദിവസം.. നമുക്കൊരിടം വരെ പോണം… നക്ഷത്രങ്ങളെ അടുത്തു നിന്നു കാണണം… തണുത്ത കാറ്റിൽ എന്റെ മുടിയിഴകൾ പാറി പറക്കണം… അവിടെ വെച്ചു ആ നക്ഷത്രങ്ങളെയും അമ്പിളി അമ്മാവനെയും സാക്ഷിയാക്കി….. ( ചിരിയുടെ ശബ്ദം ) ”
കണ്ണൻ അവൾക്കു നേരെ തിരിഞ്ഞു ” അപ്പൊ എങ്ങനാ ടെന്റ് എടുക്കട്ടെ? “ആമി മൗനമായി നിന്നു.. കണ്ണുകൾ നിറഞ്ഞിരുന്നു…
” ഉം? ‘ ഒന്ന് താഴ്ന്നു നിലത്തേക്ക് നോക്കി നിക്കുന്ന അവളുടെ കണ്ണുകളിലേക്കു നോക്കി ചിരിച്ചു കൊണ്ടു അവൻ ഇരുത്തി മൂളി” വേണ്ട “കണ്ണന്റെ മുഖം മാറി…
” നമുക്കു ഓപ്പൺ എയർ മതി.. ” കണ്ണു നീർ പുറത്തേക്കു ഒഴുകിയതിനൊപ്പം അവളുടെ മുഖത്തു ചിരിയും വിടർന്നു.. ആവേശത്തിൽ കണ്ണൻ അവളെ അരക്കെട്ടിനു പിടിച്ചു മുകളിലേക്ക് പൊക്കി… ഇരു കൈകളും ആകാശത്തിലേക്കു വിരിച്ചു അവൾ ആനന്ദം കൊണ്ടു….