പുലിവാൽ കല്യാണം
രചന: Navas Amandoor
“ന്റെ റബ്ബേ മാല കാണുന്നില്ലല്ലോ…? “കല്യാണം കഴിഞ്ഞ് വീട്ടിൽ വന്ന് ഒന്നൂടെ മൊഞ്ചു നോക്കാൻ കണ്ണാടിയിൽ നോക്കിയ കുൽസു ഞെട്ടി തകർന്നു തരിപ്പണമായി താഴെ വീണു.
“മാല എവിടാ പോയത്. ഏഴു പവന്റെ മാല… ഞാൻ എവിടുന്ന് ഉണ്ടാക്കി കൊടുക്കും ബദ്രീങ്ങളെ”
കല്യാണ വിളി വന്ന അന്നാണ് ഈ മാലയുടെ കഥ തുടങ്ങുന്നത്. ബാവക്കയുടെ മകൾ സറീനയുടെ കല്യാണം . ഒറ്റ മോൾ. കൈ നിറയെ ക്യാഷ്. അപ്പൊ പിന്നെ കല്യാണം
എജ്ജാതി പവറിൽ ആയിരിക്കുമെന്ന് ഊഹിക്കാലോ. കാതിൽ ഒരു ഇത്തിരി പൊന്നിന്റെ കമ്മൽ മാത്രം സ്വന്തമായിട്ടുള്ള കുൽസു കല്യാണത്തിന് പോകാൻ ഒരു മാല ആഗ്രഹിച്ചു. അതൊരിക്കലും തെറ്റല്ല. പക്ഷെ കൂലി
പണിക്ക് പോയി കുടുംബം നോക്കുന്ന കുൽസുവിന്റെ കെട്ടിയോൻ അലിക്ക് ഇപ്പൊ തത്കാലം ഒരു മാല വാങ്ങി കൊടുക്കാനും കഴിയില്ല.
“കുൽസു നിന്റെ കെട്ടിയോൻ പണക്കാരനല്ല പണിക്കാരനാണ്. ഒരു വള്ളിയുടെ വിത്യാസം ഉണ്ട്. ആ വള്ളി കിട്ടിയാൽ മാല കിട്ടും. ”
കല്യാണം ഇങ്ങു അടുത്തു. കല്യാണത്തിന് പോകുന്നവരുടെയും പോകാത്തവരുടെയും ലിസ്റ്റ് എടുത്ത കുൽസുവിന്റെ വല്ല്യയൊരു കണ്ടുപ്പിടുത്തമായിരുന്നു റജീന.
റജീന കല്യാണത്തിന് പോകില്ല. അവൾക്കു റസ്റ്റ്ല്ലെ..അനങ്ങാൻ പാടില്ലെന്ന് ഡോക്ടർ.
കുൽസു മാല ചോദിക്കാൻ റജീനയുടെ അടുത്ത് ചെന്നു.”റജി നിന്റെ മാല എനിക്ക് തരോ…? “”അയിന് എന്താ ഇത്താത്ത ഇങ്ങള് കൊണ്ടൊക്കോ. ”
അയൽവാസി റജീന മാലാഖയെ പോലെ കുൽസുവിന്റെ മുൻപിൽ നിന്നും പുഞ്ചിരിച്ചു.
“നാളെയല്ലേ കല്യാണം ഇത്ത… ഇപ്പൊ തന്നെ കഴുത്തിൽ ഇട്ടോളൂ. “അങ്ങനെ ആനയുടെ കഴുത്തിൽ പേര് എഴുതി തൂക്കിയ പോലെ കെട്ടിയോന്റെ പേര് ലോക്കറ്റാക്കിയ ഏഴു പവന്റെ മാല റജീന കുൽസുവിന് കൈ മാറി.
പിറ്റേന്ന് ഉടുത്ത് ഒരുങ്ങി മോളെയും കൂട്ടി കല്യാണത്തിന് പോകാൻ കുൽസു ഉത്സാഹത്തോടെ റെഡിയായി.സാരിയുടെ മുകളിലൂടെ മാലയിട്ട് കണ്ണാടിയിൽ നോക്കി..
“കൊള്ളാം… പക്ഷെ ആ ലോക്കറ്റ്… “കുൽസു ലോക്കറ്റ് സാരിയുടെ ഉള്ളിലേക്ക് കയറ്റി വെച്ച് മഫ്ത കുത്തി പുറത്ത് ഇറങ്ങി.
ഏസിയൊക്കെയുള്ള വല്ല്യയൊരു ഹാളിലാണ് കല്യാണം. വാതുക്കിൽ പല തരത്തിലുള്ള ജ്യൂസ്. ഏത് വേണോന്നു പറഞ്ഞാ മതി.
ഒരു സൈഡിൽ പോപ്കോൺ, പിന്നെ ഐസ്ക്രീം. നിന്ന് തിന്നാനുള്ള സൗകര്യം, ഇരുന്ന് തിന്നാൻ ഉള്ളത് വേറെ. ആട്, കോഴി, പോത്ത്, സദ്യ, മൂന്ന് തരം പായസം
കുൽസു താലികെട്ടും സ്റ്റേജിലെ അഭിനയവും അഭിനന്ദനങ്ങളും കണ്ട് കസേരയിൽ ഇരുന്നു.
ഗാനമേളയുടെ അകമ്പടിയോടെ മണവാട്ടിയും മണവാളനും തകർത്തു.”എന്തോരം സ്വർണ്ണമാണ് ആ കുട്ടിയുടെ ദേഹത്ത്. എല്ലാത്തിനും വേണം യോഗം. ”
മനസ്സിൽ പറഞ്ഞത് വേറെയാരെങ്കിലും കേട്ടോന്ന് സംശയം തോന്നിയ കുൽസു ചുറ്റും നോക്കി.
അങ്ങനെ ആ കല്യാണമാമങ്കത്തിൽ പങ്കെടുത്ത് കുൽസു വീട്ടിൽ പോകാൻ നടന്നു .
“കഴുത്തിൽ മാല ഇല്ലായിരുന്നങ്കിൽ നാണക്കേട് ആയാനെ. “”എന്താ ഉമ്മിച്ചി. “”ഒന്നുല്ല മോളെ. ”
“എന്ത് രസായിരുന്നു.. കല്യാണം. ഞാൻ കുറേ ഐസ്ക്രീം തിന്നു.. പിന്നെ ചോളപൊരി. ഇനിയും ഉണ്ടാകോ ഉമ്മച്ചി കല്യാണം. ”
വീട്ടിൽ വന്ന് കയറി കണ്ണാടിനോക്കിയ നേരത്താണ് മാല ഇല്ലെന്ന് കുൽസു കണ്ടതും ഇപ്പോ ഇതാ ബോധമില്ലാതെ കിടക്കുന്നതും.
ഫ്രഷായിട്ട് വാർത്ത റജീനാക്ക് ആരോ എത്തിച്ചു കൊടുത്തു. റെസ്റ്റ് പറഞ്ഞതൊക്കെ മറന്നുപോയ റജീന സൂപ്പർമാൻ പറന്ന് ഇറങ്ങിയ പോലെ കുൽസുവിന്റെ വീട്ടിൽ പറന്നിറങ്ങി.
“ഇത്ത എന്റെ മാല എവിടെ….? “മുഖത്തു വെള്ളം തെളിച്ചു ഇരുട്ട് കയറിയ കണ്ണുമായി തിണ്ണയിൽ ഇരുന്ന കുൽസുവിന്റെ ചെവിയിൽ ഇടിമുഴക്കം പോലെ മുഴങ്ങി റജീനയുടെ ചോദ്യം.
“മോളെ എവിടെ പോയെന്ന് അറിയില്ല. ഞാൻ… ഞാൻ വാങ്ങി തരാം… മോളെ… “കുൽസു കരഞ്ഞു തുടങ്ങി.
“എന്റെ മാല കൊണ്ടുപോയി വിറ്റു കാണും… എന്നിട്ട് എന്റെ മുൻപിൽ നിന്ന് അഭിനയിക്കുന്നു. ”
“റജീന….. “”ഇന്ന് കിട്ടണം എനിക്ക് മാല… അല്ലങ്കിൽ എനിക്ക് അറിയാം എന്താ വേണ്ടതെന്ന്. “കാഴ്ച്ച കണ്ട് രസിച്ചവരുടെ അരികിലൂടെ റജീന പോയി.
ഈ ഗുലുമാലിന്റെ നടുവിലെക്കാണ് ഒന്നുമറിയാതെ കുൽസുവിന്റെ കെട്ടിയോൻ മന്ദം മന്ദം കടന്ന് വന്നത്. മൊത്തത്തിൽ എന്തോ പന്തികേട് തോന്നി.
“എന്താ ഇവിടെ… എന്താന്ന്….? “വളരെ പെട്ടെന്ന് മോൾ എല്ലാം വാപ്പയോട് പറഞ്ഞു. സംഗതി കേട്ടിട്ടും പുള്ളിക്കാരൻ ഒന്ന് ചിരിച്ചു.
വെള്ളത്തിൽ വീണ കോഴിയെ പോലെ ഇരിക്കുന്ന കുൽസു പ്രതീക്ഷിച്ചത് ഇടി വെട്ടും മഴയും പോലെ രണ്ടുമൂന്ന് തല്ലും ഭരണിപ്പാട്ടുമായിരുന്നു.
“അലിക്ക ഇത്രയും വലിയൊരു പ്രശ്നം ചിരിച്ചു തള്ളിയത് എന്തുകൊണ്ടായിരിക്കും….?”
നാട്ടുകാരുടെയും കുൽസുവിന്റെയും മനസ്സിൽ തോന്നിയ സംശയം അധിക നേരം സസ്പെൻസ് ആക്കി വെക്കാൻ അലിക്ക നിന്നില്ല.
“ഇതല്ലേ കുൽസു ആ മാല… “പോക്കറ്റിൽ നിന്നും മാലയെടുത്ത് നീട്ടി.”അതെ… ഈ മാല തന്നെയാ….അതെ ഇക്കാ ”
ആ സമയം അലിക്ക കുൽസുവിന്റെ കണ്ണിൽ കുതിരപ്പുറത്ത് വന്ന സുൽത്താനെ പോലെ തോന്നിച്ചു.
ഒരു പിടിയും കിട്ടാതെ അയൽവാസികൾ മാല കണ്ട് നിർവൃതി അടഞ്ഞു സ്ഥലം കാലിയാക്കിയപ്പോൾ,ഇക്ക കുൽസുവിനെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു.
“ഇങ്ങോട്ടു വരുന്ന വഴിയിൽ മണ്ണിൽ കിടക്കുകയായിരുന്നു മാല. ആളെ കണ്ടത്തി കൊടുക്കാൻ വേണ്ടി എടുത്തതാണ്…. വേറെ ആരെങ്കിലും ആ മാല കണ്ടിരുന്നങ്കിൽ….നീ പെട്ട് പോയാനെ.. ല്ലെ. !”
അതുവരെ മൂടികെട്ടി ഇരുട്ടിൽ നിന്ന കുൽസുവിന്റെ മുഖത്ത് പതിനാലാം നിലാവ് ഉദിച്ചു.
“ഇക്കാക്ക് നല്ല ചൂടോടെ ഒരു ചായ എടുക്കട്ടെ…??””മ്മ്.. നീയും കുടിച്ചോ…. നല്ല ക്ഷീണം ഉണ്ട്..”
സംഭവം ഇക്കാ ആക്കിയതാണങ്കിലും ഇന്ന് ഇക്ക സുൽത്താനാണ്… അതുകൊണ്ട് മാത്രം കുൽസു മിണ്ടാതെ അടുക്കളയിലേക്ക് പോയി.