അവനു സർക്കാർ ജോലിയാ…””അറിയാം..” “അപ്പൊൾ അവന്റെ അന്തസ്സിന് ചേരുന്നപ്പോലെ ഒരു കാറും അഞ്ച് ലക്ഷം

കല്യാണരാവ്.
രചന: Navas Amandoor

കല്യാണദിവസത്തെക്കാൾ മൈലാഞ്ചി മൊഞ്ചുള്ള സുന്ദരികളെ കെട്ടാൻ മുട്ടി നിക്കുന്ന ചെക്കന്മാരും അവരുടെ കുടുംബത്തിലുള്ളവരും നോട്ടമിടുന്നത് കല്യാണരാവിലാണ്.

സീരിയൽ ബൾബിൽ മിന്നി തിളങ്ങുന്ന കല്യാണവീട്ടിൽ മണവാട്ടിയുടെ ഒപ്പം നക്ഷത്രക്കൂട്ടം പോലെ കൂടെ കൂടിയ മൊഞ്ചത്തിമാരിൽ ആലിയയും ഉണ്ടായിരുന്നു.

അവൾക്കും വന്നു ആ കല്യാണപെരുമ കഴിയും മുൻപേ ഒരു കല്യാണ ആലോചന.

ഫായിസേന്നുള്ള ബ്രോക്കറിക്കയുടെ വിളി കേട്ട് മൊബൈലിൽ നിന്നും മുഖം ഉയർത്തി അവൻ അയാളെ നോക്കി.

“മോന്റെ കല്യാണം ഇത് വരെ ആയില്ലേ..? “”ദുൽക്കർ പറഞ്ഞത് പോലെ കാണുമ്പോൾ സ്പാർക്ക് ഉള്ള ഒരുത്തിയെ കണ്ടത്തിയില്ല.”

“ആലിയ… അവളെ ഇഷ്ടമായിരുന്നല്ലേ ..?””അതെ.. ഞാൻ കുറച്ചു വൈകിയില്ലേ ഇക്ക.. ഞാൻ അവളുടെ അടുത്ത് എത്തും മുൻപേ അവളുടെ കല്യാണം ഉറപ്പിച്ചു.”

“എന്നാ അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല.. നമുക്ക് ഒന്ന് പോയി കണ്ടാലോ..”

ആലിയയുടെ കല്യാണം കഴിഞ്ഞില്ലന്ന് അറിഞ്ഞപ്പോൾ ഫായിസിന്റെ മുഖം വിടർന്നു.”എന്നാ പിന്നെ ഇന്നന്നെ പോവാല്ലേ ..”

പിറ്റേന്ന് രാവിലെ കൂട്ടുകാരൻ നെജാഹിനെയും ബ്രോക്കറിക്കയെയും കൂട്ടി ആലിയയെ കാണാൻ ഫായിസ് റെഡിയായി.

അവരെ അവിടെ സ്വീകരിച്ചത് ആലിയയുടെ അനിയൻ അഫ്സൽ. അവളുടെ വാപ്പ പ്രവാസിയാണ്. അതുകൊണ്ട് തന്നെ അഫ്സലാണ് എല്ലാത്തിനും മുൻപിൽ.വന്നവരെ പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.

സ്വപ്നം കണ്ടതാണ് ഒരിക്കൽ .. ആ സ്വപ്നങ്ങളെ മനസ്സിൽ നിന്നും മായിച്ചു കളയാനും കഴിഞ്ഞില്ല.ഒരിക്കലും നടക്കില്ലെന്നു കരുതിയത് വീണ്ടും മോഹിപ്പിക്കുന്നു.

ഫായസിന്റെ മനസിലെ സന്തോഷം മുഖത്ത് കാണുന്നുണ്ട്. വെറുതെ ഇടക്കിടെ അഫ്സലിനെ നോക്കി പുഞ്ചിരിച്ചു.

കുറച്ചു കഴിഞ്ഞു ആലിയ ഓറഞ്ച് ജ്യൂസുമായി വന്നു.അവൾ അവനെ കാണുന്നത് ആദ്യമായിട്ടാണ്. അവൻ രണ്ടാമത്തെ തവണയാണ് അവളെ കാണുന്നത് ആദ്യത്തെ കാഴ്ച ഇന്നും മനസ്സിലുണ്ട്.

അവർ പോയി കഴിഞ്ഞപ്പോൾ ഉമ്മ ആലിയയുടെ അഭിപ്രായം ചോദിച്ചു.”എനിക്ക് ഇഷ്ടായി.. ഇതുപോലെയുള്ള ഒരാളെയാ എനിക്കിഷ്ടം… ഇളം കറുപ്പ്.. വിജയ്ടെ ലുക്ക്‌.. ഇത് ഓക്കേയാണ്.. ഉമ്മുക്കുട്ടി.”

അഫ്സൽ ഇത്താത്തയുടെ സംസാരം കേട്ട് സന്തോഷിച്ചു. ഒരിക്കൽ അവന്റെ വാക്ക് കൊണ്ടാണ് കല്യാണം മുടങ്ങി പോയത്.

ആലിയയുടെ കൂട്ടുകാരിയുടെ കല്യാണരാവിലാണ് ആലിയയെ റാഫി കാണുന്നത്. അന്ന് ആലിയയും റാഫിയും ഒരേ നിറത്തിലുള്ള ഡ്രെസ്. കളർ കോഡ് പോലെ. ആ കളർ കോഡിലെ പൊരുത്തം നോക്കി റാഫിയുടെ വീട്ടുകാർ വീട്ടിൽ വന്നു.

റാഫി കുറച്ചു വെളുത്തിട്ടാണ്. സർക്കാർ ജോലിയുണ്ട്. വിജയ്ടെ ലുക്ക്‌ ഇല്ലങ്കിലും എല്ലാവരും കൂടി പറഞ്ഞു ആലിയയെ സമ്മതിപ്പിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. വളയിടലും കഴിഞ്ഞു.

വളയിട്ട് കല്യാണം ഉറപ്പിച്ചിതിന് ശേഷം റാഫിയിടെ വാപ്പയും വേറെ ഒരാളും കൂടി ആലിയയുടെ വീട്ടിൽ വന്നു.

“ഞങ്ങൾ കുറച്ചു സംസാരിക്കാൻ വന്നതാ.. തിരിക്കിന്റെ ഇടയിൽ കൊടുക്കൽ വാങ്ങലുകളെ പറ്റി പറയാൻ പറ്റിയില്ല.”

അഫ്സൽ അടുത്ത ടേബിളിൽ മൈബൈലിൽ നോക്കി ഇരുപ്പുണ്ട്.പറഞ്ഞോളൂ എന്ന ഭാവത്തിൽ ഉമ്മ അവരെ നോക്കി.

വാതിലിന്റെ മറവിൽ ആലിയയും.”അറിയാലോ… അവനു സർക്കാർ ജോലിയാ…””അറിയാം..”

“അപ്പൊൾ അവന്റെ അന്തസ്സിന് ചേരുന്നപ്പോലെ ഒരു കാറും അഞ്ച് ലക്ഷം രൂപയും അവനു കൊടുക്കണം.. സ്വർണം അത് നിങ്ങളെ ഇഷ്ടത്തിനൊത്ത്.”

ഉമ്മയോ ആലിയയോ എന്തങ്കിലും മറുപടി പറയും മുൻപേ അഫ്സൽ എണീറ്റു. മൊബൈൽ ടേബിളിൽ വെച്ചു.

“കാർന്നോരെ.. പെണ്ണിനെ വില പേശി കെട്ടി കൊണ്ടോവുന്ന കാലം പോയി.. ഇത് മീൻ മാർക്കറ്റ് അല്ല.. പിന്നെ ഇനിയിപ്പോ എന്തായാലും നിങ്ങളെ മോന്ക്ക് എന്റെ ഇത്തയെ തരില്ല.. നിങ്ങള്

പറഞ്ഞതൊക്കെ ഞാൻ മൊബൈലിൽ എടുത്തിട്ടുണ്ട്… അത് പുറത്ത് പോയാൽ നേരത്തെ പറഞ്ഞ സർക്കാർ ജോലിയുടെ കാര്യത്തിലും തീരുമാനമാവും.”

അവൻ ഇങ്ങനെ പറയുമെന്ന് ഉമ്മ കരുതിയില്ല. പഴയ കാലമല്ല. എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയുന്ന പുതുതലമുറ.

വാതിലിന്റെ മറവിൽ നിന്നും ആലിയ വന്ന് അവളുടെ കൈയിൽ ഇട്ട് കൊടുത്ത വളയൂരി അവരുടെ നേരെ നീട്ടി.

“ഞാൻ പറയാൻ കരുതിയത് അവൻ പറഞ്ഞു.. നാളെ ഒരുപക്ഷെ ഈ കൊടുത്തതൊന്നും പോരാതെ വരും ..”

അങ്ങനെ ആ കല്യാണം അവിടെ അവസാനിച്ചു.അതിന് ശേഷം മൂന്ന് മാസം കഴിഞ്ഞിട്ടാണ് ഫായിസ് കാണാൻ വരുന്നത്.

കല്യാണം ഏറെക്കുറെ ഉറച്ചതിന് ശേഷം ഫായിസ് ആലിയയെ മൊബൈലിൽ വിളിച്ചു.

“എന്നെ ഇഷ്ടായോ…?””ഇഷ്ടായി… ഇയാൾക്ക് അറിയണോ എന്റെ കല്യാണം മുടങ്ങിയത്.””പറഞ്ഞാൽ കേൾക്കാ.”

ആലിയ ആ സംഭവം അവനോട് പറഞ്ഞു. അത് കേട്ടുകഴിഞ്ഞപ്പോൾ ഫായിസ് അവളോട് ചോദിച്ചു.

“അന്ന് തന്റെ കൂട്ടുകാരിയുടെ കല്യാണത്തിനു നീയും അവനും മെറൂൺ നിറത്തിൽ ഉള്ള ഡ്രെസ്സ് ആയിരുന്നില്ലേ…?””നിറം എനിക്ക് ഓർമ്മയില്ല.”

“എന്നാ.. എനിക്ക് ഓർമ്മയുണ്ട്.. ഓർമ്മ മാത്രമല്ല.. അന്ന് നീയറിയാതെ ഞാൻ നിന്റെ ഒരു ഫോട്ടോ എടുത്തിരുന്നു.. അതിപ്പോഴും എന്റെ മൊബൈലിലും മനസ്സിന്റെ ഉള്ളിലും ഉണ്ട്.”

അവൾക്ക് ആ സമയം എന്ത് മറുപടി കൊടുക്കണമെന്ന് അറിയാതെ നിന്നുപോയി.മറുപടി ഒരു മൂളലിൽ ഒതുക്കി.

“അന്ന് മുതൽ നിന്നെ തേടിയുള്ള അന്വേഷണം തുടങ്ങി ഞാൻ.. ആ ബ്രോക്കറിക്കാനെ നിന്റെ വീട്ടിലേക്ക് പറഞ്ഞു വിട്ട അന്നായിരുന്നു.. നിന്റെയും റാഫിയുടെയും വളയിടൽ.”

പിന്നെയങ്ങോട്ട് പരസ്പരം അവർ വാക്കുകൾ കൊണ്ട് സ്‌നേഹിക്കാൻ തുടങ്ങി. കേട്ടും പറഞ്ഞും മതിയാവാതെ സ്‌നേഹം കൊണ്ട് പ്രണയം പൂത്ത രാവുകൾ.

അവരുടെ കല്യാണരാവിലും ആലിയയുടെ കൈയിൽ മൈലാഞ്ചിയിടുന്ന മൊഞ്ചത്തികളിൽ നോട്ടമിട്ട് വട്ടം കറങ്ങുന്നവരും ഉണ്ട്.കണ്ടത്തട്ടെ യോജിച്ച ഇണയെ.

‘മൈലാഞ്ചി കരങ്ങളിൽ പൊൻവളയണിഞ്ഞ്
നവരത്നം പതിച്ചുള്ള കമ്മലും തിളങ്ങി
മതനപ്പൂമണിമാറും കനകത്താൽ നിറഞ്ഞ്..

പുതുമയിൽ ലെങ്കുന്നെ പെണ്ണെ
പള പള മിന്നുന്നേ..,.പെണ്ണേ..’ആര് ആരൊക്കെയോ നോക്കിയാലും മോഹിച്ചാലും ഓരോത്തോർക്കും വിധിച്ചതെ കിട്ടു…

ആലിയയുടെ കല്യാണരാവിൽ പന്തലിൽ ചൂടോടെ നെയ്‌ച്ചോറും ഇറച്ചികറിയും വിളമ്പി തുടങ്ങി.അതിന്റെ ഇടയിലും ആരൊക്കെയോ കണ്ണുകൾ കൊണ്ട് കഥ പറയുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *