തൻ്റേടി
(രചന: Navya Navya)
“ടാ… അരുണേ അവളുടെ ഒരു പോക്ക് നോക്കിയെ.. നമ്മളിവിടെ ഇത്രയും സുമുഖൻമാർ നിരന്നു നിന്നിട്ടും തല കുനിച്ചുള്ള അവളുടെ പോക്ക് നോക്ക്.”
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന പ്രിയയെ നോക്കി അഖിൽ പറഞ്ഞു. പ്രിയ അടുത്തെത്തിയപ്പോൾ അവർ വീണ്ടും തുടർന്നു.
“ജോലിയുള്ള അഹങ്കാരമായിരിക്കും, അല്ലെങ്കിൽ ഇവളൊക്കെ ബാഗും തൂക്കി ദിവസവും പോകുന്നത് ഏത് ജോലിക്കാണെന്നറിയില്ലല്ലോ “?
മുട്ടിനോക്കടാ ചിലപ്പോൾ വീഴും…… അരുൺ സംസാരത്തിന് അല്പം മസാല ചേർത്തിളക്കി …..
അവരെ കടന്നു നടന്നു നീങ്ങിയ പ്രിയ ഇത് കേട്ടപ്പോൾ തിരിച്ച് അവരുടെ മുന്നിലെത്തി.
“എന്താടീ ഒരു കൈ നോക്കുന്നോ ” എന്ന അഖിലിൻ്റെ ചോദ്യവും പ്രിയയുടെ കൈ അഖിലീൻ്റെ മു ഖത്ത് പ തിച്ചതും ഒരുമിച്ചായിരുന്നു.
“നിനക്കൊന്നു അമ്മയും പെങ്ങളും ഇല്ലേ എന്ന് ഞാൻ ചോദിക്കുന്നില്ല,അങ്ങനെ രണ്ട് പേർ നിൻ്റെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ നീ എന്നെപ്പറ്റി ഇത്തരത്തിൽ സംസാരിക്കില്ലായിരുന്നു. ഇനി മേലാൽ എന്നെപ്പറ്റി നീ വാ തുറന്നാൽ നിൻ്റെ നാക്ക് ഞാനരിയും ….”
ഇത്രയും പറഞ്ഞ് നടന്നു നീങ്ങുന്ന പ്രിയയെ കവിളും തടവികൊണ്ട് അഖിൽ നോക്കി നിന്നു……
“വയറു നിറച്ച് കിട്ടിയോ രണ്ടാൾക്കും” എന്ന രാമേട്ടൻ്റെ ശബ്ദം കേട്ടാണ് അഖിൽ തിരിഞ്ഞത്.
“ഇല്ല രാമേട്ടാ… ഇതിനുള്ള പണി ഞാനവൾക്ക് കൊടുക്കും. അവൾ ആരാന്നാ വിചാരം,
ഒരു ഉണ്ണിയാർച്ച വന്നിരിക്കുന്നു. ഈ അഖിൽ ആരാന്ന് അവൾക്ക് ഞാൻ കാണിച്ച് കൊടുക്കാം…… ”
“അഖിലേ… നീ ഇനി അവളെ എന്തെങ്കിലും പറഞ്ഞാൽ നിൻ്റെ മറ്റേ ക വിളിൽ കൂടി ഞാ നൊരു സമ്മാനം തരും.
നിനക്കൊക്കെ അവളുടെ പേരു പറയാൻ വരെ യോഗ്യതയില്ല. ഉന്തി തള്ളി +2 വരെ പഠിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും ഒരു ഉപകാരവുമില്ലാത്ത നിന്നെയൊന്നും പോലെയല്ല അവൾ.
നന്നായി പഠിച്ച് ഈ ചെറിയ പ്രായത്തിൽ തന്നെ നല്ല ജോലിയും സമ്പാദിച്ച് ഒരു കുടുംബത്തെ നോക്കുന്നവളാണ് പ്രിയ.
ചെറുപ്പത്തിലെ അച്ഛൻ മരിച്ചപ്പോൾ തളരാതെ പോരാടി ബന്ധുക്കളാക്കെ കൈയൊഴിഞ്ഞിട്ടും അമ്മയ്ക്ക് വേണ്ടി ജീവിക്കുന്ന പൊന്നു മോളാണെടാ അത്…
അവളെ വാക്കു കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചാൽ ദൈവം പോലും പൊറുക്കില്ല. ഒരു ആൺതുണയില്ലാതെ ജീവിക്കുന്ന ഏതൊരു പെണ്ണും തൻ്റേടിയായിപ്പോകും.
അവരായിട്ടാകുന്നതല്ല. സമൂഹം അവരെ അങ്ങനെയാക്കി മാറ്റും. അതു കൊണ്ട് ആ പാവം പെണ്ണ് ജീവിച്ചോട്ടെടാ ”
ഇത്രയും കേട്ട് തല കുനിച്ച് അഖിൽ വീട്ടിലേക്ക് പോകുമ്പോൾ അവൻ്റെ മനസ് നിറയെ പ്രിയയായിരുന്നു.
പിറ്റേ ദിവസം ജോലി കഴിഞ്ഞു വരുന്ന പ്രിയയെയും കാത്ത് അഖിൽ നിന്നു. ഒന്നു നിൽക്കൂ എന്ന് പറഞ്ഞ് അഖിൽ അവളെ വിളിച്ചു.
“ഇന്നലെ എൻ്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് പറ്റി, ഇനി കുട്ടിക്ക് ഒരു ബുദ്ധിമുട്ടും ഞാൻ കാരണമുണ്ടാകില്ല. മാപ്പ്…”
ഒരു പുഞ്ചിരി സമ്മാനിച്ച് നടന്നു നീങ്ങിയ പ്രിയയെ അവൾ കണ്ണിൽ നിന്നകന്നു പോകുന്നത് വരെ അവൻ നോക്കി നിന്നു.
ഇനി ഇവളെ വേദനിപ്പിക്കാൻ ഞാനാരെയും സമ്മതിക്കില്ല…ഈ തൻ്റേടിയുടെ ഒപ്പം ഇനി ഞാനുണ്ടാകും. അഖിൽ മനസിൽ പറഞ്ഞു.