ബാലയുടെ ആത്മഹത്യാക്കുറിപ്പ്
(രചന: Nisha Pillai)
ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വാടക മുറിയുടെ പുറത്തെ ബാൽക്കണിയിൽ , വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ബാലാമണി ഇരുന്നു.
അവളുടെ കയ്യിൽ നാലഞ്ചു വെള്ള പേപ്പറുകൾ ഉണ്ടായിരുന്നു.അതിൽ നിന്നും ഒരു പേപ്പർ എടുത്തു അവൾ റൈറ്റിംഗ് പാഡിൽ ഉറപ്പിച്ചു വച്ചിരുന്നു.
നല്ല കാറ്റുണ്ടായത് കൊണ്ട് അത് പേപ്പറിനെ പറത്താൻ സാധ്യതയുണ്ടെന്ന് അവൾക്കു തോന്നി കാണും.അവളെഴുതാൻ പോകുന്നത് ,നിസാരമായ , വെറുമൊരു കുറിപ്പല്ല ,അവളുടെ ആത്മാവിന്റെ തേങ്ങലുകൾ ആണ് അവൾ എഴുതിപ്പിടിപ്പിക്കുന്നത് .
അത് പറന്നു ചെന്ന് ഏതെങ്കിലും ഒരാളുടെ കയ്യിലെത്താനുള്ളതല്ല.അവളുടെ മാത്രം സ്വന്തമായ ,അല്ലെങ്കിൽ സ്വന്തമെന്നു അവൾ എന്നും വിശ്വസിച്ചിരുന്ന നരേന്ദ്രന്റെ കയ്യിൽ നേരിട്ട് എത്താനുള്ളതാണീ കുറിപ്പ്.
അവൾ എന്തോ ഓർത്തു കൊണ്ട് മെല്ലെ നിശ്വസിച്ചു.അവൾ കസേരയിൽ നിന്നിറങ്ങി നിലത്തു കാലുകൾ നീട്ടിയിരുന്നു.പിന്നെ ചൂണ്ടു വിരലും നടു വിരലും കൂട്ടിപ്പിടിച്ച് കൊണ്ടവൾ പേന ചലിപ്പിച്ചു , അവൾ എഴുതാൻ തുടങ്ങി.
പ്രിയ നരൻ,എങ്ങനെ തുടങ്ങണം എന്നറിയാതെ ഞാൻ പലപ്രാവശ്യമായി മാറ്റി വച്ച കുറിപ്പെഴുതാണ്,ഇന്നലെ നമ്മൾ പിരിഞ്ഞത് മുതൽ ഞാൻ ശ്രമിയ്ക്കുന്നു. ഇന്ന് ഇപ്പോൾ ഞാൻ അത്യന്തം ആഹ്ലാദത്തോടെ ,അല്ല ആഹ്ലാദം നടിച്ചു കൊണ്ട് പേപ്പറും പേനയുമായി ഇരിക്കുകയാണ്.
ഇടയ്ക്കിടെ എന്റെ ഹൃദയത്തെ ആരോ സ്‌കൂ ഡ്രൈവർ കൊണ്ട് തുളയ്ക്കുന്ന മാതിരി ഒരു അനുഭവം ഉണ്ടാകും.ഈ ബീച്ച് ഹോട്ടലിലെ സായാഹ്നത്തിലും ഞാനിപ്പോഴും ചെറുതായി വിയർക്കുന്നുണ്ട്.നിന്നിലെ എന്നെ ഞാൻ വേർപെടുത്തുകയാണ് നരൻ.എന്നന്നേക്കുമായി…..”
നിന്റെ മനസ്സിൻ്റെ ശ്രീകോവിലിൽ എന്നും ഒരു നറുതിരിയായ് തെളിഞ്ഞു കത്തണമെന്ന് ആഗ്രഹിച്ചവളാണ് ഈ ഞാൻ.പക്ഷെ എനിക്കതിനു കഴിയുമോയെന്ന് സംശയം തോന്നിയപ്പോഴാണ് ഞാൻ ഒരു ബ്രേക്ക് അപ്പിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.
ഖലീൽ ജിബ്രാൻ പറഞ്ഞത് പോലെ “നിന്റെ പ്രണയം രഹസ്യമായി സൂക്ഷിക്കുക ,പ്രണയത്തിന് ഏറ്റവും നല്ലതു നിഗൂഢതയും നിശ്ശബ്ദതയുമാണ്. നമ്മുടെ കലഹവും നിശ്ശബ്ദമായിരിക്കട്ടെ.”
അദ്ധ്യാപക ദമ്പതികളുടെ മകളായി ഒരു നാട്ടിൻപുറത്ത് ജനിച്ച എനിക്ക് പ്രകൃതിയും മഴയും കവിതയുമായിരുന്നു എന്നും പ്രിയവിഷയങ്ങൾ.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നോട്ട് പുസ്തകത്തിന് പിറകിലെ താളുകളിൽ ഞാൻ കുത്തി കുറിയ്ക്കുന്ന കവിതകൾ അച്ഛൻ വായിച്ചു നോക്കുകയും സൂക്ഷിച്ചു വയ്ക്കുകയും ചെയ്തിരുന്നു.ബാലാമണിയമ്മയോടുള്ള ഇഷ്ടം കൊണ്ടാണ് എനിക്ക് അച്ഛൻ ബാലാമണിയെന്ന് പേരിട്ടത്.
പ്ലസ് ടു കഴിഞ്ഞു ബി എ മലയാളം ഞാൻ തെരഞ്ഞെടുത്തപ്പോൾ അമ്മയെന്നെ നിരുത്സാഹപ്പെടുത്തി.”വേണ്ട നീ എൻജിനീയറിങ്ങിനു പോയാൽ മതി .”
അല്ലെങ്കിൽ അമ്മയ്ക്ക് നാണക്കേടാണെന്ന് ,സഹോദരങ്ങളുടെ മക്കളൊക്കെ ഡോക്ടറും എൻജിനീയറുമൊക്കെ ആയപ്പോൾ ഏക മകളായ ഞാൻ മാത്രം വെറുമൊരു ബിരുദം.അങ്ങനെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ ആദ്യമായി എന്റെ ഗ്രാമം വിട്ടു.നാട്ടിൽ നിന്നുള്ള വേർപാട് എനിക്ക് മരണ തുല്യമായിരുന്നു.ഗ്
രാമമില്ല,പ്രകൃതിയില്ല,അച്ഛനമ്മമാർ അടുത്തില്ല.ഞാൻ എന്റെ പ്രിയ വിനോദമായ കവിതയെഴുത്ത് മറന്നു തുടങ്ങിയിരുന്നു.ഞാൻ പുതിയ വിഷയങ്ങളായ കമ്പ്യൂട്ടറും ഗ്രാഫിക്‌സും ഒക്കെ പഠിക്കാൻ തുടങ്ങി.
ആദ്യത്തെ ബുദ്ധിമുട്ടൊക്കെ ഒരു മാസത്തോടെ മാറി കിട്ടിയെങ്കിലും,എന്റെ ആത്മാവിൽ ഞാൻ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
വളരെ മുൻകോപിയായ ,സ്വാർത്ഥയായ ബാലാമണിയെന്ന ആ പെൺകുട്ടി ,നഗരത്തിലെ തിരക്കിൽ അലിഞ്ഞു ചേരാൻ തുടങ്ങി,മാറാൻ തുടങ്ങി. പുതിയ വേഷങ്ങളും സ്റ്റൈലും സ്വീകരിച്ചു.
രണ്ടാം വർഷം ലൈബ്രറിയിൽ വച്ച് നികിതയാണ് പറഞ്ഞത് ,നമ്മുടെ ക്ലാസ്സിൽ ഒരു പുതിയ ചെറുക്കൻ ഡൽഹിയിൽ നിന്നും കുറ്റിയും പറിച്ചു വന്നിട്ടുണ്ടെന്ന്.ആദ്യമായി നിന്നെ കോളേജ് വരാന്തയിൽ വച്ച് കാണുമ്പോൾ എന്റെ മനസ്സിലൂടെ ഒരു നനുത്ത കുളിർകാറ്റു കടന്നു പോയി.
നീ മുഖമുയർത്തി എന്നെ ആദ്യമായി നോക്കിയപ്പോൾ, നിന്റെ ദൃഷ്ടികൾ എന്നിലേയ്ക്ക് ഒരു മിന്നൽ പിണരായി കടന്നു വന്നു.ഞാൻ ആരുമറിയാതെ വീണ്ടും കവിതകൾ എഴുതി തുടങ്ങി.എന്റെ ആകാശത്തു മഴവില്ലുകൾ നിറഞ്ഞു നിന്നു.
എന്റെ കൂട്ടുകാരികളെ ശുണ്ഠി പിടിപ്പിക്കാനായി നീ എന്നും എന്റെ ബുക്കുകൾ വാങ്ങി കൊണ്ട് പോയിരുന്നു. ലൈബ്രറിയിൽ പതിവായി എന്നെ കാണാൻ കാത്ത് നിന്നു.ഞാൻ എന്നെക്കുറിച്ച് വല്ലാതെ അഭിമാനം കൊണ്ടിരുന്ന ആ ദിനങ്ങൾ.
ഞാൻ കുറിച്ച കവിതകൾ ഞാൻ മനഃപൂർവം നിനക്ക് തരുന്ന ബുക്കുകളിൽ തിരുകി വയ്ക്കാൻ തുടങ്ങി.ഒരിക്കൽ ലൈബ്രറിയിലെ ഇരുണ്ട മൂലയിൽ വച്ച് നീ എന്നെ പിന്നിൽ നിന്നും കെട്ടി പിടിച്ചു എന്റെ പിൻകഴുത്തിൽ മുത്തം വച്ചതോർമ്മയുണ്ടോ.
അപ്പോൾ ഞാൻ നിന്നെ തള്ളി മാറ്റി,ദേഷ്യത്തോടെ നടന്ന് അകന്നെങ്കിലും ,അന്ന് രാത്രിയിൽ ആ സുഖകരമായ ഓർമയിൽ ഭക്ഷണം പോലും കഴിക്കാതെ ,നിന്റെ ചുണ്ടുകളുടെ സ്പർശനം മായാതിരിക്കാൻ കുളിക്കാതെ ആ ദിവസം കഴിച്ചു കൂട്ടി.
പിറ്റേ ദിവസം ഹോസ്റ്റലിനു മുൻപിൽ മുണ്ടും ഷർട്ടുമണിഞ്ഞു എന്നെ കാത്ത് നിന്ന നീ , എല്ലാവരുടെയും മുന്നിൽ വച്ച് ആധികാരികമായി എന്നോട് ബൈക്കിന്റെ പിന്നിൽ കയറാൻ പറഞ്ഞപ്പോൾ ആദ്യമൊന്ന് മടിച്ചെങ്കിലും, ഒരു രാജാവിന്റെ പട്ടമഹിഷി ആയ സന്തോഷത്തിലാണ് നിന്റെ പിന്നിൽ ഞാൻ ചേർന്നിരുന്നത്.
പിന്നെ അവിടെ നിന്ന് അങ്ങോട്ട് നമ്മൾ രണ്ടു വീട്ടുകാരുടെയും പൂർണ പിന്തുണയോടെ പരസ്പരം സ്നേഹിച്ചിരുന്നു.
ഇപ്പോൾ ആലോചിക്കുമ്പോൾ നമ്മുടെ പ്രണയം ഒരു അഡ്ജസ്റ്റ്മെന്റ് ആയിരുന്നില്ലേ എന്നാണെന്റെ സംശയം.നിനക്ക് വേണ്ടി സ്വയം മാറുകയായിരുന്നു ഞാൻ.
ജീൻസും ഷർട്ടുമൊക്കെ അണിഞ്ഞിരുന്ന ഞാൻ നിന്റെ ദേഷ്യം കാരണം ചുരിദാറിലേയ്ക്കും കുർത്തയിലേയ്ക്കും വേഷം മാറ്റിയിരുന്നു.എന്റെ ലയർ ചെയ്ത ഹെയർ കട്ട് ഞാൻ നിനക്ക് വേണ്ടി മാറ്റി .ഞാൻ മുടി നീളത്തിൽ വളർത്തി.ഒന്നിച്ചു പുറത്തു പോകുമ്പോൾ മറ്റുള്ളവരുടെ മുൻപിൽ വച്ചുള്ള പ്രേമ പ്രകടനങ്ങൾ ഒക്കെ നീ തടഞ്ഞിരുന്നു.
അതൊക്കെ ഞാൻ നിനക്ക് വേണ്ടി മാറ്റി വച്ചു.മറ്റു പുരുഷ സുഹൃത്തുക്കളോട് മിണ്ടാൻ പാടില്ല.പഠനം കഴിഞ്ഞു ഒരേ ഓഫീസിൽ ജോലി ചെയ്യുന്നത് വരെ നമ്മുടെ ഇടയിൽ പ്രശ്നമില്ലായിരുന്നു.
എനിക്ക് പ്രമോഷൻ കിട്ടി ഞാൻ ചെന്നൈയിലേക്ക് പോയപ്പോളാണ് ആദ്യമായി നിന്റെ മറ്റൊരു മുഖം ഞാൻ കണ്ടത്.പക്ഷെ അതൊക്കെ എന്നോടുള്ള സ്നേഹത്തിന്റെ തീവ്രത കൊണ്ടാണെന്നു ഞാൻ കരുതി.
ചെന്നൈയിലെ ചൂടിൽ എന്റെ നീണ്ട മുടി കൊഴിഞ്ഞപ്പോൾ നിന്നോട് ചോദിക്കാതെ ഞാൻ ബോയ് കട്ട് ആക്കിയപ്പോഴാണ് അടുത്ത വഴക്ക്,അവസാനത്തേതും. നേരിട്ട് കാണുമ്പോൾ നിനക്കൊരു സർപ്രൈസ് തരാമെന്നാണ് കരുതിയാണ് ഞാനത് രഹസ്യമായി വച്ചത്.
റയിൽവേ സ്റ്റേഷനിൽ എന്നെ സ്വീകരിക്കാനെത്തിയ നീ എന്നെ കുറെ നാളുകൾക്കു ശേഷം കണ്ട സന്തോഷത്തിന് പകരം , സ്നേഹപ്രകടനത്തിന് പകരം എന്നെ പരസ്യമായി തല്ലുകയായിരുന്നു.ഒരു വ്യക്തിയെന്ന നിലയിൽ എനിക്കൊരിക്കലും നിന്നോട് ക്ഷമിക്കാൻ പറ്റില്ല.
നിന്റെ കൈ തട്ടി മാറ്റി ആദ്യം കണ്ട ടാക്സിയിൽ കയറി ഞാൻ നഗരത്തിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു.ഉറങ്ങാനും ഭക്ഷണം കഴിക്കാനും എനിക്ക് പറ്റുന്നില്ല.ഈ അവസ്ഥ തുടരുകയാണെങ്കിൽ പിന്നെ മരണമാണ് നല്ലതെന്നു തോന്നുന്നു .ഞാൻ മരിയ്ക്കാൻ തീരുമാനിച്ചു.
ഇതെന്റെ അവസാനത്തെ കുറിപ്പാണ്.ജീവിക്കുകയെങ്കിൽ എനിക്ക് നീ കൂടെ വേണം.പക്ഷെ നിന്നോടെനിക്ക് വെറുപ്പാണ് .മറക്കാൻ കഴിയുന്നില്ല.എന്റെ മുന്നിൽ ഒരു വഴി മാത്രമേയുള്ളു.മരണം…..
അവസാനമായി ഒരു ആഗ്രഹം കൂടി ബാക്കിയുണ്ടായിരുന്നു.മരുതൂർ മലയുടെ ഏറ്റവും മുകളിൽ, കുതിച്ച് പായുന്ന കാറ്റിനെ അഭിമുഖീകരിച്ച്,ടൈറ്റാനിക്കിലെ ജാക്കി നേയും റോസിനേയും പോലെ കൈകൾ പരസ്പരം കൂട്ടി പിടിച്ച് ,
“Every night in my dreams I see you….”എന്ന് ഗാനം ഉച്ചത്തിൽ നിന്റെ കൂടെ പാടണമെന്ന്.
ഇനി അതിൽ കാര്യമില്ല.ചേർത്ത് വച്ചാൽ മുഴച്ചിരിയ്ക്കും.നമ്മുടെ ബന്ധം അങ്ങനെയായി തുടങ്ങി.ആ ആഗ്രഹം ആഗ്രഹമായി അവശേഷിക്കട്ടെ.
നിന്നെ മാത്രം സ്നേഹിച്ചു, നിന്റെ ശീലങ്ങളെ മനസ്സിലാക്കിയ, നിന്റെ അടിമയെ പോലെ ജീവിക്കുന്ന ഒരുവളെ നിനക്ക് ലഭിക്കട്ടെ.
ബാലാമണി നരേന്ദ്രനുള്ളതാണെന്ന് എന്നേ തീരുമാനിക്കപ്പെട്ടതാണ്, പക്ഷേ ഇപ്പോൾ ആ തീരുമാനത്തിൽ നിന്നും ഞാൻ പിൻമാറുന്നു.നിറഞ്ഞ കണ്ണുകളോടെ ബാലാമണി വിട പറയുന്നു.തേങ്ങലോടെ വിട.ഈ കത്ത് നിന്റെ കയ്യിൽ കിട്ടുമ്പോഴേയ്ക്കും ഞാൻ ഈ ലോകത്ത് നിന്നും പോയിരിയ്ക്കും.
കത്ത് മടക്കി ബാലാമണി കവറിനുള്ളിലാക്കി സീൽ ചെയ്തു.പുറത്ത് പോകാനായി ഡ്രസ്സ് ചെയ്തു, കത്ത് പോസ്റ്റ് ചെയ്യണം.
വാങ്ങി വച്ച ഉറക്കഗുളികകൾ ജീൻസിന്റെ പോക്കറ്റിൽ വച്ചു.മറ്റേ പോക്കറ്റിൽ കത്തും വച്ചു.താക്കോൽ റിസപ്ഷനിൽ ഏൽപ്പിയ്ക്കണം.ഏതെങ്കിലും ഹോട്ടലിൽ കയറി വയറ് നിറയെ ഭക്ഷണം കഴിയ്ക്കണം.ബീച്ചിലെ തിരക്കിനിടയിൽ എനിക്ക് അലിഞ്ഞ് ചേരണം.
നിനക്കറിയാലോ ഒറ്റയ്ക്കിരിയ്ക്കാൻ എനിക്ക് പേടിയാണെന്ന്.ആൾക്കൂട്ടത്തിലിരുന്ന് ഇരുട്ടാകുമ്പോൾ ഗുളികകൾ ഒന്നിച്ച് കഴിയ്ക്കണം.ഇരുട്ടിൽ ഞാൻ അത്യഗാധ മയക്കത്തിലാകും.മറ്റുള്ളവർ അത് കണ്ട് പിടിയ്ക്കുമ്പോഴേയ്ക്കും ഞാൻ ഒരിക്കലും ഉണരാത്ത മയക്കത്തെ പുൽകിയിരിക്കും.
പെട്ടെന്നാണ് റൂം സർവീസിന്റെ ഫോൺ ബെൽ മുഴങ്ങിയത്.”ഹലോ.””മാഡം,ഒരു സന്ദർശകയുണ്ട്.””ആരാണ്.”
“പറയുന്നില്ല മാഡം.ഒന്ന് താഴേയ്ക്ക് വരാമോ.മുകളിലേയ്ക്ക് കടത്തി വിടാൻ ഞങ്ങളുടെ പോളിസി അനുവദിയ്ക്കുന്നില്ല.”
താഴെ ചെന്നപ്പോൾ മുന്നിൽ ബാലയുടെ അമ്മയും നരൻ്റെ അമ്മയും.”ബാലാ,നിനക്കിത് എന്തിന്റെ കേടാണ്.ഈ മുടിയൊക്കെ മുറിച്ച്,നിന്റെ ഇഷ്ടമൊന്നും ഇവിടെ നടക്കില്ല..”
അവളുടെ അമ്മ ശബ്ദം ഉയർത്തിയപ്പോൾ നരൻ്റെ അമ്മ അവളെ മൃദുവായി ചേർത്ത് പിടിച്ചു.”എന്താ മോളേ പ്രശ്നം.?”അവൾ ഒന്നും മിണ്ടാതെ പകച്ച് നിന്നു.
“എന്നിലെ ഞാൻ മരിച്ചു .എന്റെ ഇഷ്ടങ്ങൾ,എന്റെ സ്വാതന്ത്ര്യം ,അഭിമാനം ഒക്കെ എനിക്ക് നഷ്ടപ്പെട്ടു.”
അവൾ പരിസരം നോക്കാതെ പൊട്ടിക്കരഞ്ഞു.മുഖമുയർത്തിയപ്പോൾ മുന്നിൽ നരൻ.അവൻ ഗൗരവത്തിൽ എന്തോ വായിക്കുന്നു.
അവന്റെ കൈകളിൽ ഇരുന്ന പേപ്പർ താളുകൾ വിറയ്ക്കുന്നു.അവൾ പോക്കറ്റിൽ തപ്പി ,ഇല്ല കത്ത് അവിടെയില്ല.അവൻ പേപ്പർ മടക്കി അവളുടെ അടുത്തേയ്ക്കു വന്നു.അവൻ വിതുമ്പുന്നു.കൈകൾ കൂപ്പി .
“എന്റെ ബാലേ മാപ്പ്….നിന്നോട് മാപ്പു ചോദിക്കാനാണ് ഞാൻ ഓടി വന്നത്.അങ്ങനെ സംഭവിച്ചു പോയി.”അവൻ ഓടി വന്നവളെ ചേർത്ത് പിടിച്ചു,അവൾ കുതറി മാറാൻ ശ്രമിച്ചു.
“നീ എന്റേത് മാത്രമാണ് .ഞാനാർക്കും നിന്നെ വിട്ടു കൊടുക്കില്ല ,മരണത്തിനു പോലും.മരിക്കുന്നെങ്കിലും നമ്മൾ ഒന്നിച്ചു.മുടി മുറിച്ചതിനല്ല എനിക്ക് ദേഷ്യം വന്നത്.എന്നോട് മറച്ചു വച്ചതിനാണ്.
നീ അറിയാത്ത എന്തെങ്കിലും കാര്യം എന്റെ ജീവിതത്തിലുണ്ടോ.?ഞാൻ ചെന്നൈ ഓഫീസിലേയ്ക്ക് ട്രാൻസ്ഫർ വാങ്ങി അത് നിന്നെ അറിയിക്കാൻ സന്തോഷത്തോടെ വന്നതാണ്.നീയില്ലാതെ വയ്യെനിക്ക്.”
ആ സമയത്ത് പിന്നിലൊരു കരച്ചിൽ.അമ്മയാണ് കത്ത് വായിക്കുകയാണ്.
“നീ പോയാൽ ഞങ്ങൾക്ക് ആരുണ്ട് കുഞ്ഞേ,പിന്നെ ഞങ്ങളെന്തിന് ജീവിക്കണം.നരൻ ഞങ്ങളോട് എല്ലാം തുറന്നു പറഞ്ഞിരുന്നു.അച്ഛന്റെ പോലീസ് സുഹൃത്ത് വഴിയാണ് നിന്റെ ടവർ ലൊക്കേഷൻ കണ്ടു പിടിച്ചത്.
ഞങ്ങൾ ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ .നീ ഫോൺ റൂമിൽ വച്ച് പോയേനെ.എന്റെ പൊന്നു മോളെ നീ കാരണം രണ്ടു കുടുംബങ്ങൾ തകർന്നേനെ.നീ ഒന്ന് മനസിലാക്കണം സ്നേഹമുള്ളിടത്തേ പരിഭവവും ദേഷ്യവും ഉണ്ടാകൂ.”
“എന്നാലും ബാലയുടെ അമ്മേ ഇവൻ ചെയ്തത് ഒട്ടും ശരിയായില്ല.ഇത്ര പബ്ലിക് ആയിട്ട് അവളെ അപമാനിച്ചില്ലേ.”അമ്മ ചുറ്റും നോക്കി.
“ഇവിടെയുള്ളവരൊക്കെ നമ്മളെ നോക്കുന്നു.മോൾക്ക് വേണമെങ്കിൽ ഒന്ന് തിരിച്ചടിയ്ക്കാം,പകരത്തിനു പകരം.അല്ലെങ്കിലും പെണ്ണുങ്ങളുടെ നേരെ കയ്യുയർത്തുന്ന ആണുങ്ങളൊക്കെ ഭീരുക്കളാണ്.സ്നേഹത്തെ സ്നേഹം കൊണ്ട് നേരിടുക.”
“ബാല നീ പോയി സാധനങ്ങൾ പാക്ക് ചെയ്യുക.ഇനി താമസിപ്പിക്കണ്ട.എത്രയും പെട്ടെന്ന് ഇവരുടെ വിവാഹം നടത്തുക.പിന്നെ അവരായി അവരുടെ പാടായി.കുടുംബമായി കൊച്ചുങ്ങളായി.നിങ്ങളുടെ പിറകെ നടക്കാൻ ഞങ്ങൾ നാലുപേർക്കും സമയവും സൗകര്യവുമില്ല.”
ബാലയുടെ മുടിയിഴകളിൽ തഴുകി നിന്ന നരേന്ദ്രന്റെ വയറിൽ അവൾ ശക്തമായി ഒരിടി കൊടുത്തു.ചമ്മിയ മുഖത്തോടെ അവൻ അമ്മമാരേ നോക്കി.
അവൾ കത്ത് വലിച്ചു കീറി വേസ്റ്റ് ബിന്നിൽ ഇട്ടു.അവന്റെ ഫോണിൽ സൂക്ഷിച്ചിരുന്ന കത്തിന്റെ പി ഡി എഫ് ഫയൽ കണ്ടു അവളുടെ മുഖം മങ്ങിയപ്പോൾ അവളുടെ കവിളിൽ അവൻ സ്നേഹത്തോടെ ഉമ്മ വച്ചു.അവൾ ഫോൺ വാങ്ങി അത് ഡിലീറ്റ് ചെയ്തു..
അപ്പോഴും നീ എൻ്റേത് മാത്രമാണെന്ന് അവൻ പറഞ്ഞു കൊണ്ടേയിരുന്നു.NB: ചില ന്യൂജനറേഷൻ ഡൈവോഴ്സ് കേസുകളുടെ പശ്ചാത്തലത്തിൽ…