(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” ഏട്ടാ ഇനി എന്നാ നാട്ടിലേക്ക്… ഏട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു.. നമുക്ക് ഇച്ചിരി സാമ്പത്തിക ശേഷിയൊക്കെ ഉണ്ടായിരുന്നേൽ ഏട്ടൻ ഇങ്ങനെ എന്നെയും മോളെയും വിട്ട് ഒറ്റയ്ക്ക് വെളിരാജ്യത്ത് പോയി നിൽക്കേണ്ടി വരില്ലായിരുന്നു അല്ലെ..”
എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ വിനോദിന്റെ ഉള്ളിൽ മീര പറഞ്ഞ ആ വാക്കുകളായിരുന്നു.
” അളിയാ നീ വരുന്നത് അവൾക്ക് അറിയോ. അതോ സർപ്രൈസ് ആണോ.. “എയർപോർട്ടിൽ നിന്നും വിളിക്കുവാൻ കാറുമായി വന്ന സുഹൃത്ത് ഹർഷന്റെ ചോദ്യം കേട്ട് പതിയെ അവന് നേരെ മുഖം തിരിച്ചു വിനോദ്.
” മീരയ്ക്ക് അറിയില്ലെടാ.. സർപ്രൈസ് ആണ്. അവള് കുറച്ചു നാളായി എന്നെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു ന്ന് പറയാൻ തുടങ്ങീട്ട്.. അന്നേരം പിന്നെ സർപ്രൈസ് ആയി തന്നെ വന്നേക്കാം എന്ന് കരുതി. ”
“അത് പൊളിച്ചു. നീ വീട്ടിൽ ചെന്ന് കേറുമ്പോ അവളൊന്നു കിടുങ്ങും… പാവം നിന്നെ പിരിഞ്ഞിരിക്കുമ്പോ വിഷമം ഉണ്ടാകും ഒന്നാമത് ആ വീട്ടിൽ അവളും മോളും ഒറ്റയ്ക്ക് അല്ലെ ഉള്ളു.”
ആ മറുപടി കേട്ട് പതിയെ സീറ്റിലേക്ക് ചാരി ഇരുന്നു വിനോദ്.” കുടുംബം ആകുമ്പോ അങ്ങിനൊക്കെ അല്ലെ ടാ.. ഇതിപ്പോ കുടുംബ വീട്ടിൽ ന്ന് ഞാൻ സ്വന്തമായി വീടുവച്ചു മാറിയതല്ലേ.. ഇടക്കൊക്കെ അച്ഛനും അമ്മയും അവിടെ ചെന്നു നിൽക്കുന്നുണ്ട്. ”
” മ്… എന്തായാലും നിന്റെ ഈ വരവ് സർപ്രൈസ് ആയത് കൊണ്ട് മീരയ്ക്ക് ഒരു ഞെട്ടൽ ആകും…
ഞാൻ വീഡിയോ എടുക്കാം നിന്നെ അവൾ കാണുന്ന ആ സീൻ.ഇത്തരം വീഡിയോസ് ഒക്കെ ഫേസ് ബുക്കിലോ ഇൻസ്റ്റയിലോ പോസ്റ്റ് ചെയ്താൽ മുട്ടൻ ലൈക്കും കമന്റുകളും ആണ് കിട്ടുന്നെ ”
ഹർഷന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു വിനോദ്.”അടിപൊളി അപ്പൊ ഞങ്ങടെ സ്വകാര്യ സന്തോഷങ്ങൾ വൈറൽ ആക്കാൻ നിൽക്കുവാണോ നീ ”
” ഏയ് അല്ല അളിയാ.. ഇതൊക്കെ അല്ലെ രസം.. “കൂടെ ചിരിച്ചു കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു ഹർഷൻ.
” നീ എന്തായാലും വൈകിട്ട് വീട്ടിലേക്ക് വാ നമുക്ക് ഒന്ന് കൂടാം അതിനുള്ളതൊക്കെ കൊണ്ട് വന്നിട്ടുണ്ട് ഞാൻ.”
വിനോദ് പറയുന്നത് കേട്ടിട്ട് ഹർഷന് ഹരം കേറി.” പൊളിച്ചു.. അപ്പോ ഇന്ന് അടിച്ചു ഭൂമി ദേവി ആകാം അല്ലെ.. “”പിന്നല്ല.. ”
മറുപടിയുമായി വിനോദ് വീണ്ടും പുറത്തേക്ക് നോക്കി നാടിന്റെ ഭംഗി പതിയെ ആസ്വദിച്ചിരുന്നു.
‘ ശെരിയാണ്… ഇനീപ്പോ നാട്ടിൽ നിൽക്കേണ്ട സമയം ആയിരിക്കുന്നു.. ‘അറിയാതെ മനസ്സിൽ ഓർത്തു അവൻ.
ഒരു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ സമയം ഏകദേശം രാവിലെ അഞ്ചര മണിയായപ്പോൾ അവർ വിനോദിന്റെ വീടിനു മുന്നിൽ എത്തി.
” അളിയാ മീര എണീറ്റിട്ടുണ്ടാകില്ല…. ഇന്നത്തെ കണി നീ തന്നെന്നാ തോന്നുന്നേ ”
വണ്ടി നിർത്തി വീട്ടിലേക്ക് നോക്കി ഹർഷൻ പറയുമ്പോൾ പതിയെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി വിനോദ്.. നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു.
” ഹർഷാ… നീ ഇറങ്ങ് എന്നിട്ട് ചെന്ന് ബെല്ലടിക്ക്. ഞാൻ സൈഡിൽ മാറി നിൽക്കാം അവള് എണീറ്റ് വന്നു ആദ്യം നിന്നെ കാണട്ടെ. പതിവില്ലാതെ രാവിലെ തന്നെ നിന്നെ കാണുമ്പോ ശെരിക്കും
അതിശയിക്കും. ഒരു സംശയം ഒക്കെ തോന്നും എന്തിനാ നീ ഇത്ര രാവിലെ വന്നത് എന്നോർത്തിട്ട്. അന്നേരം പെട്ടെന്ന് ഞാൻ മുന്നിലേക്ക് ചെല്ലാം അതല്ലേ പൊളി.. സംശയവും ഞെട്ടലും എല്ലാം കൂടിയാകുമ്പോൾ സംഗതി കളർ ആകും ”
വിനോദിന്റെ വാക്കുകൾ കേട്ട് ചെറിയൊരു നടുക്കത്തിൽ ഒരു നിമിഷം അവനെ ഒന്ന് നോക്കി ഹർഷൻ
” അളിയാ.. അത് വേണോ.. ഇത്ര രാവിലെ തന്നെ എന്നെ കണ്ടാൽ ചിലപ്പോ എന്തേലും വേണ്ടാത്തത് തോന്നി സംശയിച്ചാലോ.. ഒന്നാമത് നീ നാട്ടിൽ ഇല്ലാത്തതല്ലേ.. നീ തന്നെ പോയി ബെല്ലടിക്ക്.. ഡോർ തുറക്കുമ്പോ ആദ്യ കാഴ്ചയിൽ തന്നെ സർപ്രൈസ് ആകട്ടെ മീര ”
ഹർഷൻ പതിയെ ഒഴിഞ്ഞു മാറി. എന്നാൽ വിട്ടില്ല വിനോദ്..” എടാ ഞാൻ അവിടുന്ന് വന്നപ്പോഴേ പ്ലാൻ ചെയ്ത സീൻ ആണ് ഇത്… സർപ്രൈസ് കൊടുക്കുമ്പോ അത് എല്ലാ അർത്ഥത്തിലും വിജയം
ആയിരിക്കണം നീ ഒന്ന് പറയുന്നത് കേൾക്ക്.. നിന്നെ രാവിലെ കാണുമ്പോ അവള് സംശയത്തോടെ നോക്കില്ലേ ആ ഗ്യാപ്പിൽ ഞാൻ എടുത്ത് ചാടാം .. അതാണ് പൊളി… നീ സമയം കളയാതെ പോയി കോളിങ്ങ് ബെല്ലടിക്ക്. ”
അത്രയും പറഞ്ഞു കൊണ്ട് വിനോദ് പതിയെ വീടിന്റെ ഒരു വശത്തേക്ക് മാറി ഒളിച്ചു അതോടെ ബെല്ലമർത്തുക അല്ലാതെ മറ്റൊരു വഴി ഇല്ലാതെ ആയി ഹർഷന്.മടിച്ചു മടിച്ചാണ് അവൻ ബെല്ലിനരികിൽ എത്തിയത്.. കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു
” അളിയാ ഇത് വേണോ.. ബോർ അല്ലേ. നീ നിന്റെ ഭാര്യക്ക് കൊടുക്കുന്ന സർപ്രൈസിൽ ഞാൻ എന്തിനാ വെറുതെ… ”
ഒരിക്കൽ കൂടി വിനോദിനെ ഒന്ന് നോക്കുമ്പോൾ അത് ശ്രദ്ധിക്കാതെ ബെല്ലമർത്ത് എന്ന് കൈകൊണ്ട് അവൻ ആംഗ്യം കാണിച്ചു. വേറെ വഴി ഇല്ലാതെ പതിയെ ബെല്ലിൽ അമർത്തി ഹർഷൻ.
ഒന്നല്ല രണ്ട് വട്ടം.. അല്പസമയം നിശബ്ദത പരന്നു. വാതിൽ തുറക്കാത്തത്തിനാൽ ഒരിക്കൽ കൂടി ബെൽ അമർത്താൻ വിനോദ് നിർദ്ദേശം നൽകി.
അത് കണ്ടിട്ട് മനസ്സില്ലാ മനസ്സോടെ ഹർഷൻ വീണ്ടും ബെല്ലിനരികിലേക്ക് വിരൽ അടുപ്പിച്ചു പെട്ടെന്ന് ഉള്ളിൽ നിന്നും ചെറിയൊരു ഒച്ച കേട്ടു.. അതോടെ അവന്റെ നെഞ്ചിടിപ്പേറി. നിമിഷങ്ങൾക്കകം മുൻ വശത്തെ വാതിൽ തുറക്കപ്പെട്ടു. ഉറക്കച്ചടവിൽ വാതിൽ തുറന്ന മീര കണ്മുന്നിൽ ഹർഷനെ കണ്ട് അമ്പരന്നു.
” ഹർഷാ നീയോ..”ആദ്യത്തെ നടുക്കം വിട്ടകലവേ അവൾ പെട്ടെന്ന് തല പുറത്തേക്കിട്ട് ചുറ്റുപാടും ഒന്ന് നോക്കി
” എടാ നീ ഇതുവരെ പോയില്ലേ…വെളുപ്പിന് മൂന്ന് മണിക്ക് ഇവിടുന്ന് പുറത്തിറങ്ങിയതല്ലേ നീ… ഞാൻ പറഞ്ഞിട്ടില്ലേ നേരം പുലർന്നാൽ ഈ വഴി വന്നേക്കരുത് എന്ന്. ആരേലും കണ്ടിട്ട് നമ്മുടെ ബന്ധത്തെ പറ്റി വിനോദേട്ടനോടെങ്ങാൻ വിളിച്ചു പറഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല. അത് നീ ഓർത്തോ.. വേഗം പോയെ ”
മീര ആവലാതിയോടെ പറഞ്ഞത് കേട്ടിട്ട് ഒരു നിമിഷം നിന്നുരുകി പോയി ഹർഷൻ. സൈഡിൽ മാറി നിന്ന വിനോദിനെ ഒന്ന് ഒളി കണ്ണിട്ട് നോക്കി അവൻ. ഒരു ഭാവ മാറ്റവും ഇല്ലാതെ ഒക്കെയും കേട്ട് വിനോദ് നോക്കി നിൽക്കുന്നത് കാൺകേ അതിശയിച്ചു അവൻ.
” എന്റെ പൊന്ന് ഹർഷാ ഇങ്ങനെ വാ പൊളിച്ചു നോക്കി നിൽക്കാതെ ഒന്ന് പോ വേഗം.. പോയിട്ട് എന്തേലും പറയാൻ ഉണ്ടേൽ ഫോണിൽ വിളിക്ക് അതാ സേഫ്.. അല്ലേൽ ഇന്ന് രാത്രി വരുമ്പോ പറയ്.. ഇപ്പോ പോ വേഗം ”
ആരേലും കാണുന്നുണ്ടോ എന്ന സംശയത്തോടെ വീണ്ടും ചുറ്റുപാടും നോക്കി കൊണ്ടാണ് മീര അത് പറഞ്ഞത്. അപ്പോഴും വിനോദ് അവിടെ ഉണ്ടാകും എന്നത് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല അവൾ.
” ഏ… എന്താ.. മീ… മീര.. നിന്റെ ഉറക്കച്ചടവ് വിട്ടില്ലേ.. എ.. എന്തിനാ പിച്ചു പേയും പറയുന്നേ.. ”
സൈഡിലേക്ക് കണ്ണ് കാണിച്ചു കൊണ്ട് മീരയ്ക്ക് അപകട സിഗ്നൽ നൽകാൻ ഒരു ശ്രമം നടത്തി ഹർഷൻ.” എന്തുവാടേ.. എന്തുവാ നീ ഈ കണ്ണ് കൊണ്ട് കഥകളി നടത്തുന്നെ.. ”
ഒന്നും മനസ്സിലാകാതെ സംശയത്തോടെ അവൾ വീണ്ടും ചോദിക്കവേ പണി പാളി എന്നത് ഉറപ്പിച്ചു അവൻ.
“ദേ.. ദേ.. നോക്ക് നിനക്ക് സർപ്രൈസ് തരാൻ വിനോദ് വന്നിട്ടുണ്ട്.. ദേ നോക്ക് “അവളുടെ വായിൽ നിന്നും കൂടുതൽ ഒന്നും വീഴാതിരിക്കാനായി പെട്ടെന്ന് തന്നെ വിനോദിന്റെ കാര്യമെടുത്തിട്ടു ഹർഷൻ. എന്നാൽ അവൻ പറഞ്ഞത് കേട്ടിട്ട് നടുങ്ങി പോയി മീര..
” വി.. വിനോദേട്ടനോ “അവളുടെ ചുണ്ടുകൾ വിരപൂണ്ട് പോകവേ പതിയെ വീടിന്റെ സൈഡിൽ നിന്നും മുന്നിലേക്ക് ചെന്നു വിനോദ്. അതോടെ നടുക്കം പൂർണ്ണമായി.”എന്താ മീരാ.. ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ എന്നെ .. ”
അവന്റെ ആ മുന്നവച്ചുള്ള ചോദ്യത്തിൽ നിന്നും അല്പം മുൻപ് പറഞ്ഞത് അബദ്ധമായി എന്നും തങ്ങൾ പിടിക്കപ്പെട്ടു എന്നും ഉറപ്പിച്ചു ഹർഷനും മീരയും. അവരുടെ പതർച്ച കണ്ടിട്ട് അറിയാതെ ചിരിച്ചു പോയി വിനോദ്..
” രണ്ടാളും നല്ല ഭാവാഭിനയം ആണല്ലോ. മോളെവിടെ ഉറക്കം ആണോ.. പാവം അവളില്ലായിരുന്നേൽ ഇപ്പോഴും നിങ്ങൾക്കിടയിൽ ഒരു പോഴനായി നിൽക്കേണ്ടി വന്നേനെ എനിക്ക്.. ”
” ഏ.. എന്താ വിനോദേട്ടാ.. എന്തൊക്കെയാ ഈ വിളിച്ചു പറയുന്നേ എന്ത് ഭാവാഭിനയം ഏ.. ഏട്ടന് എന്തോ തെറ്റിദ്ധാരണ വന്നിട്ടുണ്ട്… ഞാ.. ഞാൻ വെറുതെ ഉറക്കച്ചടവിൽ എന്തൊക്കെയോ പറഞ്ഞു .. ”
ഇത്തവണ ധൈര്യം വീണ്ടെടുത്തു പ്രതിരോധിച്ചു മീര.” അതെ മീരാ തെറ്റിധാരണ ആയിരുന്നു പക്ഷെ എന്റെ മോള് അത് മാറ്റി തന്നു. അവള് എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് നീ പോലും അറിയാതെ ”
ഇത്തവണ അവൾ ഒന്ന് നടുങ്ങി. അത് കണ്ടിട്ട് തുടർന്നു വിനോദ്.” അവള് കൊച്ചല്ലേ എന്ന് കരുതി പാതിരാത്രി നിന്റെ അടുത്ത് ന്ന് എടുത്ത് വേറെ റൂമിൽ കിടത്തീട്ട് ഇവനെ വിളിച്ചു ബെഡ്റൂമിൽ കയറ്റുമ്പോ എപ്പോഴേലും നീ ശ്രദ്ധിച്ചുവോ മോള് ഉണർന്നിട്ടുണ്ടാകുമോ എന്നത് ”
ആ ഒരു ചോദ്യം മീരയ്ക്കും ഹർഷനും വലിയ നടുക്കമായി” വി.. വിനോദേ.. എന്താ നീ ഈ പറയുന്നേ എന്നെ വിളിച്ചു മുറിയിൽ കയറ്റിയെന്നോ.. മോള് അങ്ങിനെ പറഞ്ഞോ.. കൊച്ചല്ലേ അവള് അവൾക്ക് എന്തറിയാം ഏതേലും സിനിമ ഒക്കെ കണ്ടിട്ട് അത് പോലെ ഓരോന്ന് ഊഹിച്ചു പറയുന്നതാവും ”
ഹർഷൻ ഇടയ്ക്ക് കയറി ന്യായീകരിക്കവേ മീരയും അവനെ അനുകൂലിച്ചു” അതെ ഏട്ടാ.. മോള് എന്തേലും പറഞ്ഞെന്ന് വച്ച് ഏട്ടൻ അത് വിശ്വസിച്ചോ.. ”
ഒക്കെയും കേട്ട് അല്പസമയം മൗനമായി നിന്നും വിനോദ്. ശേഷം പതിയെ സംസാരിച്ചു തുടങ്ങി
” നിങ്ങൾ കൂടുതൽ ഇനി ഞ്യായീകരിക്കേണ്ട… ഇച്ചിരി മുന്നേ നിന്റെ വായിൽ നിന്ന് തന്നെ നേരിട്ട് കേട്ടതല്ലേ ഞാൻ എല്ലാം.. ഒന്നും അറിയാതെ.. തിരക്കാതെ ഞാൻ ഇവിടെ വന്നു ഇങ്ങനെ ഒരു കാര്യം പറയും എന്ന്
തോന്നുന്നുണ്ടോ.. ചതിക്കാൻ മനസ്സ് കാണിക്കാത്ത വേറെ ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട് ഹർഷാ.. വ്യക്തമായി കാര്യങ്ങൾ നിങ്ങൾ പോലും അറിയാതെ തിരക്കി എന്നെ അറിയിച്ചു അവർ ”
ആ മുന വച്ചുള്ള സംസാരം കൃത്യമായി ഹർഷന് കൊണ്ടു. അത് മനസ്സിലാക്കി മീരയ്ക്ക് നേരെ തിരിഞ്ഞു വിനോദ്.
” ഞാൻ വീഡിയോ കോൾ ചെയ്തപ്പോ മോളുടേൽ ഫോൺ കൊടുത്തിട്ട് ഒരു ദിവസം നീ കുളിക്കാൻ പോയി.. അന്നാണ് അവള് ആദ്യമായി എന്നോട് പറഞ്ഞത് അച്ഛനെ എയർപോർട്ടിൽ കൊണ്ടാക്കാൻ വന്ന അങ്കിൾ രാത്രി ഇവിടെ വരും അന്നേരം അമ്മ എന്നെ എടുത്ത് അപ്പുറത്തെ മുറിയിൽ കിടത്തും ന്ന്..
കേട്ടപ്പോ ഞാൻ വല്ലാതെ ഞെട്ടിപ്പോയി. നാട്ടിൽ വന്നു തിരിച്ചു പോകുമ്പോൾ എന്നെ എയർപോർട്ടിൽ കൊണ്ടാക്കിയിരുന്നത് ഹർഷൻ ആണല്ലോ.. എന്നിട്ടും ഞാൻ അത് വല്യ കാര്യമാക്കിയില്ല പക്ഷെ മറ്റൊരു ദിവസം കൂടി മോള് ഈ കാര്യം പറഞ്ഞപ്പോഴാണ് അന്യോഷിക്കണം എന്ന് തോന്നിയത് ”
അത്രയും പറഞ്ഞു ഒന്ന് നെടുവീർപ്പിട്ടു വിനോദ്. ഒക്കെയും കേട്ട് നിന്ന് ഉരുകി മീര. ഹർഷൻ ആകട്ടെ എങ്ങിനെയും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി
” അളിയാ.. നിനക്ക് എന്തോ തെറ്റിദ്ധാരണ വന്നതാണ് “..അവസാനമായി ഒരിക്കൽ കൂടി ഒന്ന് ന്യായീകരിക്കുവാൻ ശ്രമിച്ചു അവൻ. ദഹിക്കുമാറ് ഒരു നോട്ടമാണ് വിനോദ് മറുപടിയായി നൽകിയത്. അപ്പോഴേക്കും മറ്റൊരു കാർ അവിടെ
വന്നു നിന്നു. വിനോദിന്റെ മറ്റൊരു സുഹൃത്ത് ആനന്ദ് ആയിരുന്നു അത്. അവനെ കണ്ട മാത്രയിൽ വീണ്ടും ഹർഷനും മീരയ്ക്കും നേരെ തിരിഞ്ഞു വിനോദ്.
” മോളെയും കൊണ്ട് ഞാൻ കുടുംബ വീട്ടിലേക്ക് പോകുവാണ്. ഇനി നിങ്ങൾക്ക് എന്തും തീരുമാനിക്കാം ഒരുമിച്ചു ജീവിക്കണേൽ ആകാം അല്ലേൽ എന്ത് വേണേലും ആകാം.. ഞാനും മോളും ശല്യം ആകില്ല.. ഡിവോഴ്സിനായുള്ള കാര്യങ്ങൾ ഇന്ന് തന്നെ തുടങ്ങും ഞാൻ..”
അത്രയും പറഞ്ഞു കൊണ്ട് അവൻ വീടിനുള്ളിലേക്ക് കയറി പോകവേ മറുപടി ഇല്ലാതെ നടുങ്ങി തരിച്ചു അങ്ങിനെ നിന്നു മീര.. അവളുടെ മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു ഹർഷനും അതെ അവസ്ഥയിൽ ആയിരുന്നു. ഇത്തരമൊരു തിരിച്ചടി അവൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.
അകത്ത് പോയ വിനോദ് മോളുമായാണ് തിരികെ വന്നത്..” ഏട്ടാ.. മോളെ കൊണ്ട് പോകല്ലേ.. ഏട്ടൻ എന്നോട് ക്ഷമിക്ക്.. ഒരു തെറ്റ് പറ്റിപ്പോയി.. പ്ലീസ് എന്നെ ഉപേക്ഷിക്കല്ലേ ”
കാര്യങ്ങൾ കൈ വിട്ടു എന്നറിഞ്ഞതോടെ പൊട്ടിക്കരഞ്ഞു കൊണ്ട് വിനോദിന് മുന്നിൽ കൈ കൂപ്പി മീര.” മിണ്ടിപ്പോകരുത്.. ”
ഉള്ളിലെ ദേഷ്യവും സങ്കടവും എല്ലാം കൂടി ചേരവേ വിനോദിന്റെ ആ വാക്കുകൾ ഒരു അലർച്ച പോലെയാണ് മീരയ്ക്ക് തോന്നിയത്. അറിയാതെ ഞെട്ടി നിന്നു പോയി അവൾ.
” അടങ്ങാത്ത കലിയുണ്ട് മനസ്സിൽ എന്നിട്ടും ഞാൻ ശാന്തനാകുന്നത് വെറുതെ ഇപ്പോൾ തന്നെ എല്ലാം നാട്ടുകാരെ കൂടി അറിയിക്കേണ്ട എന്ന് വച്ചിട്ട് ആണ് ആ എന്നെ കൊണ്ട് എല്ലാം വിളിച്ചു കൂവിക്കരുത് ”
അതോടെ മീരയുടെ നടുക്കം പൂർണ്ണമായി ആകെ വിളറി വെളുത്തു ജാള്യതയോടെ ഹർഷൻ തല കുനിക്കവേ.. അവനെ മൈൻഡ് ചെയ്യാതെ മോളുമായി നേരെ ആനന്ദിന്റെ കാറിലേക്ക് കയറി വിനോദ്.
” പോയി ചത്തൂടേടാ മൈ.@%& “ഹർഷനെ നോക്കി പിറുപിറുത്തു കൊണ്ട് ആനന്ദ് കാർ സ്റ്റാർട്ട് ചെയ്തു. മറുപടി ഇല്ലാതെ ഹർഷൻ തല കുമ്പിട്ട് നിൽക്കുമ്പോൾ
മീര വീണ്ടും പിന്നാലെ പൊട്ടിക്കരഞ്ഞു കൊണ്ട് ചെന്നെങ്കിലും അപ്പോഴേക്കും ആ കാർ അവിടെ നിന്നും നീങ്ങി. ആ വണ്ടി കണ്ണിൽ നിന്നും മറയുന്നത് നടുങ്ങി തരിച്ചുകൊണ്ട് നോക്കി നിന്നു അവൾ.
‘ പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും’പണ്ട് പഠിച്ച വാചകമായിരുന്നു അവളുടെ ഉള്ളിൽ അപ്പോൾ അവളുടെ മാത്രം അല്ല ഹർഷന്റെയും ഭാവിയിൽ ഉണ്ടായേക്കാവുന്ന നാണക്കേടുകൾ ഓർക്കവേ രണ്ടാളും നിന്നുരുകി.