അവള്‍ക്ക് അവള്‍ടെ അപ്പന്റെ ഇഷ്ടമാണ് പോലും വലുത് . താന്‍ എം കോം കഴിഞ്ഞിറങ്ങിയപ്പോള്‍ അവള്‍ ബോണ്ട്‌ ചെയ്യുവാരുന്നു

രചന: Sebin Boss J

”ശ്രീകാന്തേ ..എനിക്കൊന്നു കാണണം ”പ്രീതിയുടെ മെസേജ് കണ്ടതും ശ്രീകാന്ത് ദേഷ്യം കൊണ്ട് ചുവന്നു .

മുന്നിലിരുന്ന കഞ്ഞി കോപ്പ ദേഷ്യത്തില്‍ നീക്കിവെച്ചവന്‍ മുറിയിലേക്ക് കയറി പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ടു . ഉണ്ട് … കുപ്പി പോക്കറ്റില്‍ ഭദ്രമായുണ്ട് . ഇന്ന് നടക്കാത്തത് നാളെ നടത്തണം .അതിനായി അവള്‍ തന്നെ സന്ദര്‍ഭമൊരുക്കിയിരിക്കുന്നു.

രണ്ട് ദിവസം മുൻപാണ് പ്രീതിയുടെ ഫ്രണ്ട് രശ്മി പ്രീതിയുടെ വിവാഹമുറപ്പിച്ച കാര്യം പറഞ്ഞത് .

അന്ന് മുതൽ ആകെ ഭ്രാന്ത് പിടിച്ചയവസ്ഥയിലായിരുന്നു . പ്രീതിയെ ഒന്ന് കോൺടാക്ട് ചെയ്യാൻ നോക്കിയിട്ട് അവൾ ഫോണെടുക്കുന്നില്ല . വീട്ടിൽ പോയി വിളിച്ചിറക്കി തല്ലു കൊടുത്താലോ എന്നാലോചിച്ചു . അവൾ സ്പോക്കന്‍

ഇംഗ്ലീഷ് പഠിക്കാന്‍ പോകുന്നത് നന്നായി .. വഴിയില്‍ വെച്ചവളെ പിടിക്കണം …. ഒന്നുകിൽ ഒരു കത്തി …അത് വേണ്ട … കാഞ്ഞുപോയാല്‍ ജയിലില്‍ പോകേണ്ടിവരും . എവിടെയെങ്കിലും

മറഞ്ഞിരുന്നു കുറച്ചാസിഡ് . അതാകും നല്ലത് …അതെ അതുമതി . അവളുടെ സുന്ദരമായ മുഖവും ശരീരവും കണ്ട് ആരുമിനി ഭ്രമിക്കരുത് .

”’ അരി തീർന്നു .. നീ പോകുന്ന വഴി റേഷൻ കടയിൽ ഒന്ന് കേറി അരിയും ഗോതമ്പുമൊക്കെ വാങ്ങണെ ”

ഇന്ന് വൈകുന്നേരം പ്രദീപിന്റെ കയ്യില്‍ നിന്ന് വായ്പ വാങ്ങിയ പൈസ കൊണ്ട് ആസിഡ് വാങ്ങാനിറങ്ങിയപ്പോൾ അമ്മ പറഞ്ഞതാണ് .

നാശം !! ആ ഫ്ലോ അങ്ങുപോയി . ഒരു നല്ല കാര്യത്തിനിറങ്ങുമ്പോ തള്ള പുറകീന്ന് വിളിക്കും .

ആസിഡ് ഒഴിച്ചിട്ട് റേഷൻ വാങ്ങി വരാം .അല്ലേൽ അത് വേണ്ട .. ആദ്യം റേഷൻ വാങ്ങി കൊടുത്തിട്ട് പിന്നെ പോകാം.

സംഭവം കഴിഞ്ഞാൽ കുറച്ചുദിവസം എവിടെയേലും ഒളിക്കേണ്ടി വരും , ഇനി ഒരാഴ്ച കൂടുതൽ മുങ്ങേണ്ടിവന്നാൽ അമ്മ പട്ടിണി കിടക്കരുതല്ലോ . .ഹൈറേഞ്ചിലുള്ള ചിറ്റയുടെ അടുത്തുപോകാം . ഇതറിയുമ്പോഴുള്ള ഒച്ചപ്പാടും ബഹളവുമൊക്കെ കുറയുന്ന വരെ അവിടെ നിൽക്കാം .

അത് വരെ അമ്മ തനിയെ … ആ സാരമില്ല ..അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ തനിച്ചല്ലായിരുന്നോ, തന്റെ അഞ്ചാം വയസിൽ അച്ഛൻ മരിച്ചതാ . അന്ന് അമ്മ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയതാ.

കോൺവെന്റിൽ സഹായത്തിന് നിന്നതാണ് ആദ്യതുടക്കം .പിന്നെ അവിടുത്തെ തുന്നൽ യുണിറ്റിലായി . അത്യാവശ്യം തയ്യൽ പഠിച്ചപ്പോൾ വീട്ടിലിരുന്നു തയ്‌ക്കാൻ തുടങ്ങി .

ഇപ്പൊ ആസ്ത്മയുടെ ഇച്ചിരി പ്രശനം ഉണ്ടേലും അത്യാവശ്യം തയ്ച്ചൊക്കെ കൊടുക്കുന്നുണ്ട് .പിന്നെ പറ്റുമ്പോ തൊഴിലുറപ്പിനും പോകും . പിന്നെ തന്നെയിതുവരെ പഠിപ്പിച്ചതും അമ്മയുടെ കഴിവ് കൊണ്ടല്ലേ .

എം കോം ഫസ്റ്റ് ക്‌ളാസ് . !!ഹും എന്ത് കാര്യം ?പഠിച്ചിറങ്ങി മൂന്ന് വർഷം കഴിഞ്ഞു .പ്ലസ് ടൂ കഴിഞ്ഞപ്പോഴേ എമ്പ്ലോയ്മെന്റില്‍ രെജിസ്ടര്‍ ചെയ്തതാ . ബി കോം കഴിഞ്ഞപ്പോള്‍ മുതല്‍ പറ്റുന്ന എല്ലാ പി എസ് സി അപ്ലിക്കേഷനും അയച്ചു . ഹെവിട്‌ന്നു!! ഇപ്പൊ എം കോമും കഴിഞ്ഞു മൂന്നുവര്‍ഷം

ഹൈസ്കൂള്‍ മുതല്‍ കൂടെയുണ്ടയിരുന്നതാ പ്രീതി .അന്ന് മുതലുള്ള ഇഷ്ടം . പ്ലസ് ടൂ കഴിഞ്ഞപ്പോ അവള്‍ നഴ്സിംഗ് പഠിക്കാന്‍ പോയി . അപ്പോഴും വിളികളും ലീവിന് വരുമ്പോഴുള്ള കണ്ടുമുട്ടലുകളും തുടര്‍ന്നിരുന്നു . ആ ബന്ധമാണ് ഇന്നവള്‍ കണ്ണില്‍ ചോരയില്ലാതെ ഒരു ലണ്ടന്‍ കാരനെ കണ്ടപ്പോള്‍ ….

നശിപ്പിക്കണം ..എല്ലാം നശിപ്പിക്കണം . ഇനിയവള്‍ ആരെയും തേക്കരുത്.
എന്റെ ജീവിതം നശിപ്പിച്ച അവള്‍ കെട്ടാന്‍ പോകുന്നവനേം ചതിക്കില്ലന്നാര് കണ്ടു !!

ശ്രീകാന്ത് മണ്ണെണ്ണ വാങ്ങാനുള്ള ജാറും അരിച്ചാക്കുമായി ചാടിയിറങ്ങി .എത്രയും പെട്ടന്ന് അരിയും മണ്ണെണ്ണയും വാങ്ങി വീട്ടില്‍ കൊടുത്തിട്ട് , ആസിഡും വാങ്ങി അവളുടെ അടുത്തേക്ക് പോകണം . ഇന്നുകൊണ്ട് തീരണം അവള്‍ടെ സൌന്ദര്യത്തിന്റെ അഹങ്കാരം

ആ നശീകരണം പിടിച്ച ആങ്ങള ചെറുക്കന്‍ അവള്‍ടെ കൂടെ കാണാതിരുന്നാല്‍ മതിയാരുന്നു . ആ …അവന്‍ അല്ലേല്‍ അവള്‍ടെ അനിയത്തി കാണും വാലിന്മേല്‍ തൂങ്ങി . ആദ്യമൊക്കെ അവളും ഉണ്ടായിരുന്നു തങ്ങളുടെ പ്രണയത്തിന്സാക്ഷിയായി .

പിന്നെ തനിക്കതൊരു കല്ലുകടിയായി തോന്നിയപ്പോള്‍ അതങ്ങ് നിര്‍ത്തിച്ചു . ആങ്ങള ചെറുക്കന്‍ ഉണ്ടേലും തങ്ങള്‍ മിണ്ടുവൊക്കെ ചെയ്യും . ലവന്‍ കാതും കൂര്‍പ്പിച്ചിരിക്കും . കാര്‍ന്നോരുടെ അടുത്ത് പറയാനാകും . അവള്‍ടെ അമ്മ മരിച്ചിട്ട് രണ്ട് വര്‍ഷം ആയതേയുള്ളൂ .

കൊറോണ ആയിരുന്നു . അതുകൊണ്ട് പോകേണ്ടി വന്നില്ല .അത് നന്നായി ..അല്ലേല്‍ ഒരു റീത്തെങ്കിലും വെക്കേണ്ടി വന്നേനെ . അതിനും അമ്മേടെ മുന്നില്‍ കൈനീട്ടാന്‍ തന്റെ അഭിമാനം അനുവദിച്ചില്ല .

പന്ന കിളവന്‍ !!
മകളെ നേഴ്സ് ആക്കാന്‍ വിട്ടേക്കുന്നു. എന്നിട്ട് അന്യരാജ്യത്ത് വിട്ടു കഷ്ടപ്പെടുത്തി കിട്ടുന്ന ശമ്പളം വാങ്ങി പുട്ടടിക്കാന്‍ … നാണം കെട്ട തന്ത ! ബ്ഭൂ.

നേഴ്സിംഗ് പഠിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോഴേ താന്‍ പറഞ്ഞതാ വേണ്ടാന്ന് . കണ്ടവന്റെ മലവും മൂത്രവുമൊക്കെ കോരി …അയ്യേ എഹ് !!

അപ്പോള്‍ അവള്‍ക്ക് അവള്‍ടെ അപ്പന്റെ ഇഷ്ടമാണ് പോലും വലുത് . താന്‍ എം കോം കഴിഞ്ഞിറങ്ങിയപ്പോള്‍ അവള്‍ ബോണ്ട്‌ ചെയ്യുവാരുന്നു . എത്രയോ പൈസ കെട്ടിവെച്ചിട്ടാണ് അവിടെ നിന്നിറങ്ങി വീട് പണയം വെച്ച് ലോണെടുത്ത് ക്യാനഡക്ക് പോയത് .

നാട്ടിലെങ്ങാനും ജോലി ചെയ്യാന്‍ താന്‍ പറഞ്ഞതാണ് . എന്നും കാണുവെങ്കിലും ചെയ്യാരുന്നു . അപ്പോളവള്‍ക്ക് അനിയത്തിടേം അനിയന്റെം പഠിപ്പും കാര്യങ്ങളുമൊക്കെ നോക്കണമത്രേ !. ഇത്രയും നാള്‍ താന്‍ കൊടുത്ത സ്നേഹത്തിനും പിന്തുണയ്ക്കും

പുച്കവില . ക്യാനഡക്ക് പോയി മൂന്നാല് മാസം കഴിഞ്ഞപ്പോഴാണ് പിന്നെ കോള്‍ വന്നത് . കാണാന്‍ കൊതിയാകുന്നുണ്ടായിരുന്നു. അത്രമേല്‍ ജീവനായിരുന്നു അവള്‍ തനിക്ക് . പക്ഷെ കയ്യിലുള്ള പഴയ നോക്കിയയുടെ ഫോണില്‍ വാട്സപ്പോ ഒന്നുമുണ്ടായിരുന്നില്ല .

അത് പറഞ്ഞപ്പോള്‍ അവള്‍ വാങ്ങിച്ചു അനിയത്തീടെ കയ്യില്‍ കൊടുത്തയച്ചതാണ് ഇപ്പോള്‍ കയ്യിലുള്ള ഫോണ്‍ .ശ്രീകാന്ത് ദേഷ്യത്തോടെ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്തു വലിച്ചെറിയാന്‍ തുടങ്ങി .

വേണ്ട …കുറെ ജോലിക്കുള്ള അപ്ലിക്കേഷനും മറ്റുമയച്ചിട്ടുള്ളതാണ് .
ആ തേപ്പുകാരിയെകൊണ്ട് ഇങ്ങനൊരുപകാരംഎങ്കിലുമാവട്ടെ . അവന്‍ ഫോണ്‍ പോക്കറ്റിലേക്കിട്ടു.

” ഡാ ശ്രീ … ഇന്ന് കവലയില്‍ പ്രതിക്ഷേധ പ്രകടനമുണ്ട്. ആ പുതിയ ഫാക്ടറിക്കെതിരെ . നീ പെട്ടന്ന് റേഷന്‍ വാങ്ങി കൊടുത്തിട്ട് വാ ” മുന്നില്‍ വന്നു നിര്‍ത്തിയ കാറില്‍ നിന്നൊരു തല പുറത്തേക്ക് നീണ്ടു പറഞ്ഞപ്പോള്‍ ആസിഡും പ്രീതിയുമൊക്കെ മറന്നിട്ട് ശ്രീകാന്ത് റേഷന്‍ കടയിലെക്കോടി .

കുറച്ചായുള്ളൂ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ട് . പണ്ട് കൂടെ പഠിച്ചിരുന്നവരൊക്കെ ഇപ്പോള്‍ ഓരോ ബാങ്കിലും സഹകരണ സ്ഥാപനങ്ങളിലുമൊക്കെ ജോലിയിലാ . എസ് എസ് എല്‍ സിക്ക് മൂന്നുതവണ എഴുതി പരാജയപ്പെട്ട സോമനെ ഈയിടെ സഹകരണ ബാങ്കില്‍ ചെന്നപ്പോള്‍ കണ്ടു

. അറ്റന്‍ഡറാണ് പോലും . താന്‍ ഡിഗ്രിക്ക് പഠിക്കാന്‍ പോകുമ്പോ ഏത് നേരോം കവലയില്‍ കാണാമായിരുന്നു അവനെ. ജാഥക്കും പ്രകടനതിനുമൊക്കെ മുന്‍പന്തിയില്‍ കൊടിയും പിടിച്ചുണ്ടാകും, പാര്‍ട്ടിക്ക് വേണ്ടി തല്ലും ബഹളോമുണ്ടാക്കി പോലീസ്

സ്റേഷനിലും ജയിലിലുമൊക്കെ കിടന്നിട്ടുണ്ട് അവന്‍ . ബാങ്കില്‍ ചെന്നപ്പോ അവനാ പറഞ്ഞെ ഇത്രേം നാള്‍ പാര്‍ട്ടിക്കുവേണ്ടി ജീവന്‍ പണയം വെച്ചും കൂടെ നടന്നതുകൊണ്ട്‌ പാര്‍ട്ടി ശുപാര്‍ശയിലാണ് ജോലി കിട്ടിയതെന്ന് . ഓരോ പാര്‍ട്ടിക്കും വേണ്ടി മാറ്റിവെച്ചിരിക്കുന്നതാണ് ഇത്തരം പോസ്റ്റുകളെന്ന് . അന്ന് തന്നെ പാര്‍ട്ടിയോഫീസില്‍ ചെന്ന് മെമ്പര്‍ഷിപ്പ് എടുത്തു .

രണ്ടോ മൂന്നോ മാസം കൂടി നോക്കും . ഏത് വിധേനയും ശുപാര്‍ശയില്‍ ഒരു ജോലി ഒപ്പിക്കണം .ഇനി പീയൂണ്‍ ജോലി വല്ലതുമാകുമോ കിട്ടുക !! ഹേയ് എം കോം ഫസ്റ്റ് ക്ലാസ് കിട്ടിയ തനിക്ക് പീയൂണ്‍ ജോലിയോ ? സഹകരണ ബാങ്കായതുകൊണ്ട് സെക്രട്ടറി പോസ്റ്റ്

ആകും . ഹേയ് ..ആദ്യമേ സെക്രട്ടറി പോസ്റ്റ് കിട്ടില്ല . അസിസ്ടന്റ്റ് സെക്രട്ടറിയോ മട്ടോ ആകും ..എന്നാലും കുഴപ്പമില്ല . ഇപ്പൊ ഉള്ള സെക്രട്ടറി വിരമിക്കാറായി . അപ്പൊ സ്ഥാനക്കയറ്റം കിട്ടും . എന്നിട്ടുവേണം ആ പ്രീതീടെ വീട്ടില്‍ പോയി ജപ്തി ചെയ്യാന്‍ . അവളെ പഠിപ്പിക്കാന്‍ അവിടുന്നാ ലോണെടുത്തേക്കുന്നെ .

ശ്രീകാന്ത് ഓരോന്ന് ചിന്തിച്ചുകൊണ്ട്‌ റേഷനരിയും മണ്ണെണ്ണയും ചുമന്നുകൊണ്ടു അതിവേഗം നടന്നു .” അമ്മ ഈ ഷര്‍ട്ട്‌ തേച്ചില്ലേ?”’

അയയില്‍ മടക്കി ഇട്ടിരിക്കുന്ന വെള്ള ഷര്‍ട്ടും മുണ്ടും എടുത്ത് ശ്രീകാന്ത് രോക്ഷത്തോടെ അമ്മയെ നോക്കി .” ഇപ്പൊ ഇതെന്തിനാ ? നീ കുറച്ചു മുന്‍പല്ലേ ഇതെടുതിട്ടത് ”

”ഒരു പാര്‍ട്ടി പരിപാടിയുണ്ട് . കളര്‍ ഷര്‍ട്ടിട്ടോണ്ടെങ്ങനാ പാര്‍ട്ടിപരിപാടിക്ക് പോകുന്നെ ?”’

”എന്നെക്കൊണ്ട് വയ്യ അലക്കിയും തേച്ചുമടക്കിയുമൊക്കെ തരാതരത്തിന് തരാന്‍ … നിനക്കിതൊക്കെ സ്വന്തമായി ചെയ്തൂടെ ?”

” ഞാനോരാണല്ലേ … ആണുങ്ങളാണോ തുണി കഴുകുന്നെ ? ””ആണ് ..എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ..ആണുങ്ങളാണേല്‍ വീട് നോക്കണമെടാ സ്വന്തം കാലില്‍ നില്‍ക്കാറായാല്‍”

” തള്ള തേച്ചു…..ഹ്മ്മം ..ഇതിലും വല്യ തേപ്പ് കിട്ടിയിട്ടാ ഈ ഞാന്‍ നിക്കുന്നെ ” ഷര്‍ട്ടും മുണ്ടുമോന്നു കുടഞ്ഞു ഉടുത്തിട്ടു ആരോടെന്നില്ലാതെ പരിഭവങ്ങള്‍ പറയുന്ന അമ്മയെ അവഗണിച്ച് ശ്രീകാന്ത് കവലയിലേക്കതിവേഗം നടന്നു .

” നേതാവേ .. ഞാനിന്നാള് പറഞ്ഞ കാര്യം ”ജാഥ കഴിഞ്ഞു ശ്രീകാന്ത് പാര്‍ട്ടിയോഫീസില്‍ ചെന്ന് നിന്ന് തല ചൊറിഞ്ഞപ്പോള്‍ നേതാവ് അവനെ നേരെ നോക്കി നെറ്റി ചുളിച്ചു .

”നീയേതാ?’ ‘പന്നത്തെണ്ടി !!അരമണിക്കൂര്‍ പോലുമായില്ല കവലയില്‍ ജാഥ തുടങ്ങുന്നേനു മുന്നേ തോളില്‍ കയ്യിട്ടു വെളുക്കെ ചിരിച്ചോണ്ട് സംസരിച്ചിട്ട്‌. അന്നേരത്തെ പെരുമാറ്റം കണ്ടാല്‍ പെങ്ങളെ കെട്ടിച്ചു തരാന്‍ പറഞ്ഞാലും കേള്‍ക്കുമെന്ന് തോന്നും .

”നേതാവേ .. ഇതാണ് സഹകരണ ബാങ്കിലെ സോമന്‍ പറഞ്ഞ പയ്യന്‍ ”” ഒഹ് ..അത് നീയാണോ ? നീയിടക്ക് വന്നതല്ലേ ഉള്ളൂ ..ഡാ കൊച്ചനെ … ആദ്യം മേല്‍ കമ്മറ്റിക്ക് , പിന്നെ കീഴ്ക്കമ്മറ്റിക്ക് അത് കഴിഞ്ഞേ ലോക്കല്‍ കമ്മറ്റിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊക്കെ ജോലിയുള്ളൂ

..അന്നേരമാ സാദാ ഒരു പാര്‍ട്ടി അനുഭാവിയായ നിനക്ക് ജോലി …. ഹ്മ്മം .. ഒരു പാര്‍ട്ട്‌ ടൈം സ്വീപ്പര് വേക്കന്‍സി വരുന്നുണ്ട് ..താല്കാലികമാ ….അല്ലാ ..അത് നിനക്ക് തന്നാല്‍ നീ പാര്‍ട്ടി പരിപാടിക്കൊക്കെ വരുന്നെന്നാ ഇത്ര ഉറപ്പ് .. ..നിന്റെ പ്രവര്‍ത്തനം ഒക്കെയൊന്ന്

നോക്കട്ടെ ..എന്നിട്ട് തീരുമാനിക്കാം ..ഡാ ശശീ .. ഇവനാ കണിയംകുളം കോളേജ് രക്തസാക്ഷിയില്ലേ എന്തുവാ അവന്റെ പേര് ? ആ എന്തെലുമാകട്ടെ അവന്റെ സ്മരണക്കുള്ള മണ്ഡപം പണിയുന്നേനുള്ള രെശീതുകുറ്റി എടുത്തു കൊടുക്ക്‌ ..ഇവന്റെ കഴിവൊന്നു നോക്കട്ടെ

പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ !! എന്റെ പറ്റി പോകും അതിന് ..ഞാനേ എം കോം ഫസ്റ്റ് ക്ലാസാ!!ശ്രീകാന്ത് പിറുപിറുത്തോണ്ട് പാര്‍ട്ടിയോഫീസിന് വെളിയിലേക്ക് നടന്നു .

പുല്ല് ..ആ ഫ്ലോയങ്ങു പോയി ..പ്രീതി ..അവള്‍ കോഴ്സ് കഴിഞ്ഞു പോയി കാണും . ആസിഡ് വാങ്ങിവെക്കാം , നാളെ വൈകുന്നേരം പണി കൊടുക്കണം

”ഡാ ..ശ്രീ ..വാടാ കപ്പബിരിയാണി കഴിക്കാം ” പുറകില്‍ നിന്ന് ഓഫീസില്‍ കണ്ട ചോട്ടാ നേതാവ് ഇറങ്ങിവന്നു തോളില്‍ കയ്യിട്ടു .

”എനിക്കെങ്ങും വേണ്ട ””ഹേയ് .. ഇത് ജാഥക്ക് വരുന്നോര്‍ക്കുള്ള പടിയാ … ചെറുതൊന്നു വീശീട്ട് ഒരു കപ്പബിരിയാണീം കഴിച്ചു പിരിയാം ”” എനിക്കെങ്ങും വേണ്ടാന്ന് … ”

”ഒഹ് .. നിനക്കാ ജോലി കിട്ടാത്തതിന്റെയാകും അല്ലെ ..ഡാ ശ്രീകാന്തേ .. എം കോമും എം എഡും ഉള്ളൊരു വരെ ഒരു സര്‍ക്കാര്‍ ജോലിക്കുവേണ്ടി പാര്‍ട്ടി ഓഫീസ് കേറി നിരങ്ങുവാ അപ്പോഴാ ഇന്നലെവന്ന നീ .

പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ വരെ കിട്ടാന്‍ പി ജി കഴിഞ്ഞവര്‍ ക്യൂവാ ..ആ നിനക്ക് വേണ്ടേല്‍ വേണ്ട .. ഇത് പിടി ..” ചോട്ടാ നേതാവ് ഒരു നൂറുരൂപ അവന്റെ പോക്കറ്റില്‍ ഇട്ടിട്ടു തിരിഞ്ഞുനടന്നു .

ആ നൂറെങ്കില്‍ നൂറ് ..ആസിഡ് വാങ്ങാന്‍ ഒരു നൂറ് രൂപ വായ്പ ചോദിച്ചവകയില്‍ ആ പ്രദീപിന്റെ വായിലിരിക്കുന്നതെല്ലാം കേട്ടു .അതങ്ങ് തിരിച്ചു കൊടുത്തേക്കാം .

പിറ്റേന്ന് രാവിലെ ശ്രീകാന്ത് എഴുന്നേറ്റു കുളിച്ചു റെഡിയായി വന്നപ്പോഴേക്കും അമ്മ കാപ്പിയുണ്ടാക്കി വിളമ്പി വെച്ചിട്ട് തൊഴിലുറപ്പിനു പോയിരുന്നു .

”ഇന്നും ഈ നശിച്ച ഗോതമ്പ് പുട്ടേ ഉള്ളോ ” അവന്‍ പിറുപിറുത്തു കൊണ്ട് പുട്ട് പഴവും കൂട്ടിയടിച്ചിട്ട് പുറത്തേക്ക് നടന്നു .

ഓഹ് ! തേപ്പുകാരി നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട് .മുക്കുവക്കുടിലുകൾക്ക് മുന്നിലെ ഒഴിഞ്ഞ സ്ഥലത്തു ബീച്ചിലേക്ക് കണ്ണും നാട്ടു കടല കൊറിച്ചിരിക്കുന്ന പ്രീതിയെകണ്ടവൻ മുറുമുറുത്തു .

തിന്നടി തിന്ന് …നിന്റെ അവസാനത്തെ തീറ്റയാ .അവൻ പോക്കറ്റിൽ ആസിഡ് കുപ്പി പരതി എഹ് ? ആസിഡ് കുപ്പിയെവിടെ ? !!നാശം പിടിക്കാൻ .ആ നശിച്ച തള്ള അലക്കാൻ എടുത്തപ്പോ താഴെ പോയോ .

അലക്കാനുള്ള ബക്കറ്റിലേക്ക് എടുത്തിട്ടപ്പോ അലക്കണ്ടാന്നു പറഞ്ഞെടുത്തു തിരിച്ചിട്ടതാ അയയിൽ . ഇറങ്ങീപ്പോ പോക്കറ്റില്‍ കുപ്പിയുണ്ടോന്നു നോക്കാനും മറന്നു . ഇനിയിവളെ കണ്ടിട്ടെന്തുകാര്യം? തൊലിഞ്ഞ തേപ്പ് ന്യായീകരണം കേള്‍ക്കാന്‍ ഞാനോന്നുമില്ല .

ശ്രീകാന്ത് തിരിഞ്ഞു നടക്കാൻ തുടങ്ങീതും പ്രീതിയവനെ കണ്ടിരുന്നു …”ഡാ ശ്രീ … ””കഴിക്ക് ..”’ തന്റടുത്തേക്ക് വന്ന ശ്രീകാന്തിന്റെ നേരെ നോക്കി ചിരിച്ചുകൊണ്ട് കയ്യിലിരുന്ന കടലപ്പൊതി നീട്ടിയതും ശ്രീകാന്ത് വെറുപ്പോടെ മുഖം തിരിച്ചു .

എന്റെ പട്ടി കഴിക്കും നിന്റെ കാശിന് വാങ്ങിയ കടല !!” ഹമ് …നിനക്കറിയാല്ലോ ശ്രീ എന്റെ വീട്ടിലെ അവസ്ഥ . അച്ഛന് വയ്യാണ്ടായി വരുവാ . ഉള്ള സമ്പാദ്യമൊക്ക പണയം വെച്ചും വിറ്റുമാണ് എന്നെയിത്രേം പഠിപ്പിച്ചത് . ഇനി ഞാൻ വേണം കുടുംബം

നോക്കാൻ . മഹേഷിന് കനേഡിയന്‍ സിറ്റിസന്‍ ശിപ്പുണ്ട് . ഞാനൊന്നു സെറ്റിലായാല്‍ അനിയനേം അനിയത്തിയേയുമൊക്കെ കൊണ്ട് പോകാന്‍ പറ്റും ”

തൊലിഞ്ഞ ന്യായീകരണം തുടങ്ങി . യാതൊരു ഉളുപ്പുമില്ലാതെ പറയുന്നത് കേട്ടില്ലേ … അവള് വേണം പോലും കുടുംബം നോക്കാൻ . ഇപ്പൊ ഏത് പെണ്ണാണ് സ്വന്തം കുടുംബം നോക്കുന്നത് . പഠിപ്പിക്കുന്നതൊക്കെ മാതാപിതാക്കളുടെ കടമയല്ലേ ? പിന്നെ കെട്ടിച്ചുവിട്ടാൽ കെട്യോന്റെ വീടാണ് നോക്കേണ്ടത് . അതല്ലേ നാട്ടു നടപ്പ് … പിന്നെയിവക്കെന്താ കൊമ്പുണ്ടോ ?

തേക്കാൻ ഓരോരോ കാരണങ്ങൾ . അവന്റെ പൂത്ത കാശും സൌന്ദര്യോം കണ്ടു മയങ്ങിക്കാണും ..എന്നിട്ടൊരോരോ കോപ്പിലെ ന്യായീകരണങ്ങൾ.. തനിക്കൊരു വിസ ഒപ്പിച്ചു ക്യാനഡക്ക് കൊണ്ട് പോയാല്‍ താന്‍ നോക്കില്ലേ അവനെക്കാള്‍ നന്നായി . അതൊന്നും കഴിയില്ല .

” നിനക്കൊന്നും പറയാനില്ലേ ..എന്നാൽ ഞാൻ പോകുന്നു ” പ്രീതി അവന്റെ നിശബ്ദത കണ്ടിട്ട് കുറച്ചുസമയത്തിന് ശേഷം എണീറ്റു

”നിനക്കെന്നെ മറക്കാൻ പറ്റുമെന്ന് കരുതുന്നുണ്ടോ പ്രീതി .അങ്ങനെയാണോ നമ്മൾ സ്നേഹിച്ചേ ?” ശ്രീകാന്തിന്റെ കണ്ഠം ഇടറി .

” നിനക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ ?”
പ്രീതി തിരിഞ്ഞു നിന്നിട്ട് ചോദിച്ചപ്പോൾ അവന്റെ കണ്ണ് മിഴിഞ്ഞു .

” അപ്പൊ ആ കല്യാണമോ ? ഇത്ര പെട്ടന്ന് …ചോദിച്ചാല്‍ ..ഞാന്‍ ” ശ്രീകാന്ത് വിക്കി” ഇത്ര പെട്ടന്നോ ? സ്നേഹിച്ചാൽ എന്നെങ്കിലും കല്യാണം കഴിക്കണമെന്ന് നിനക്കറിയില്ലായിരുന്നോ ശ്രീ ?”

”അതുവ്വ് .. പക്ഷെ ഞാൻ ..എനിക്കൊരു ജോലി … ””ഇന്നാട്ടിൽ എന്തുമാത്രം ജോലിയുണ്ടെടാ ? പത്രം വിതരണം മുതൽ ചുമടെടുപ്പ് വരെ ..വേണ്ട .. നിനക്കിത്രേം വിദ്യാഭ്യാസം ഉള്ളതല്ലേ ഏതേലും സ്ഥാപനത്തിൽ ഒരു പീയൂൺ ജോലി

എങ്കിലും കിട്ടുമായിരുന്നല്ലോ നോക്കിയിരുന്നേല്‍? ” പ്രീതി രോക്ഷത്തോടെ അവന്റെ നേരെ കൈചൂണ്ടി

” ഞാന്‍ ..എം കോം ഫസ്റ്റ് ക്ലാസ് ””ഹും ..എം കോം ഫസ്റ്റ് ക്ലാസ് ..അതും കെട്ടിപ്പിടിച്ചിരുന്നോ. പത്തു കടയിലെ കണക്ക് നോക്കിയാല്‍ തന്നെ മാസം പത്തുപതിനായിരം ഒപ്പിക്കമാല്ലോടാ . പത്താം ക്ലാസ് തോറ്റ ആള്‍ക്കാര് വരെ പല

രീതിയില്‍ പണമുണ്ടാക്കുന്നു . നൂറ് രൂപ സ്വന്തമായിട്ടുണ്ടാക്കീട്ടു നീ കല്യാണാലോചനയുമായി വന്നിരുന്നേല്‍ ഞാന്‍ സന്തോഷത്തോടെ തല കുനിച്ചേനെ നിന്റെ മുന്നില്‍ ‘

”ഒരു സര്‍ക്കാര്‍ ജോലിയില്ലാതെ കല്യാണാലോചനയുമായി ഞാനെങ്ങനെ … ””സർക്കാര് ജോലി ..എന്നെക്കൊണ്ടൊന്നും പറയിക്കണ്ട . ഇക്കാണുന്ന എല്ലാരും സർക്കാര് ജോലി കിട്ടീട്ടാണോടാ കല്യാണം കഴിക്കുന്നേ ? മാന്യമായ ഏതൊരു ജോലിക്കും അതിന്റെതായ അന്തസ്സുണ്ട് ..”

”എടി ..എന്നാൽ ഞാൻ നിന്റെ വീട്ടിൽ വന്നു സംസാരിക്കട്ടെ ?””എന്ത് കാര്യത്തിന് ? ഞാൻ പറഞ്ഞല്ലോ ഒരു ജോലിയും ഇല്ലാത്ത നിന്നെ എന്ത് വിശ്വസിച്ചു കെട്ടുമെന്ന് ?”

”അല്ല ..നീ വിചാരിച്ചാല്‍ ക്യാനഡയില്‍ എനിക്കും കൂടെ എന്തേലും പണി . ”” മോനെ ശ്രീ .. സ്വന്തം തുണി പോലും അലക്കാത്ത നീ നീ ഈ ലോകത്തെവിടെ ചെന്നാലും ജോലിയെടുക്കുമെന്ന് എനിക്കൊരുറപ്പുമില്ല . അപ്പച്ചനെന്നോട് ചോദിച്ചതാ നിന്റെ കാര്യം ..ഞാൻ തന്നെയാ വേണ്ടന്ന് പറഞ്ഞത് ”

‘ഓഹോ .. പത്തുപുത്തൻ കിട്ടിയപ്പോ ഞാൻ വെറും … ””അതേടാ ..പുത്തന് അതിന്റെതായ വിലയുണ്ട് ..ദാ ഇത് നീ വെച്ചോ ..വാങ്ങിച്ചു തന്ന മൊബൈലിന്റേം ഡ്രെസ്സിന്റെയുമൊന്നും കണക്ക് പറയുന്നില്ല .. ഇത് നിനക്കും അമ്മയ്ക്കും

ഉള്ള ഡ്രെസ് വാങ്ങാനാ … അമ്മേ കാണാൻ വരണോന്നുണ്ടായിരുന്നു .. അവിടെ കാണുമോന്നറിയാൻ ഇന്നലെ വിളിച്ചപ്പോഴാ മകൻ ആസിഡും വാങ്ങി കാത്തിരിക്കുവാണെന്ന് അമ്മ പറഞ്ഞത് .. അമ്മ തന്നെയാ അതെടുത്തുമാറ്റിയതും . ആസിഡ് വാങ്ങാന്‍ മേടിച്ചപൈസ ആദ്യം

തിരിച്ചുകൊടുക്ക് . ..കണ്ടോന്റെ പൈസ കൊണ്ട് വാങ്ങിച്ച ആസിഡ് ഒഴിച്ചാൽ പൊള്ളത്തില്ല മോനെ ..സ്വന്തമായി സമ്പാദിച്ച കാശുകൊണ്ട് ആസിഡും വാങ്ങി വാ ..ഞാൻ നിന്ന് തരാം ”

കയ്യിലേക്ക് ഒരുപിടി നോട്ടും വെച്ചുനീട്ടി പറഞ്ഞിട്ട് പ്രീതി നടന്നകന്നപ്പോൾ, വീണ്ടുമൊരു തേപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായതിൽ ഖേദം പൂണ്ട് ശ്രീകാന്തിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *