പ്രായത്തിന്റെ ചാപല്യം എന്നുപറഞ്ഞ് തള്ളിക്കളയാൻ പറ്റുന്ന ഒരു ഇഷ്ടമല്ല ഇത്. അതിനുള്ള പ്രായവും അല്ല എന്റേത്..

(രചന: ശ്രേയ)

” ഇതിപ്പോ എവിടെയാ… “പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് കൊണ്ട് അവൻ ചുറ്റും നോക്കി.

പരിചയം ഇല്ലാത്തൊരു ചുറ്റുപാട് കണ്ടപ്പോൾ അവനു ആകെ ഒരു വല്ലായ്മ തോന്നി. ബെഡിൽ നിന്ന് എഴുന്നേറ്റ് വാതിൽ തുറക്കാൻ അവൻ ഒന്ന് ശ്രമിച്ചു നോക്കി..

ഇല്ലാ.. കഴിയുന്നില്ല… അപ്പോൾ തന്നെ ഇവിടെ പൂട്ടി ഇട്ടതാണോ..? ആര്..?അവൻ ഞെട്ടലോടെ ചിന്തിച്ചു.രക്ഷപ്പെടാൻ എന്തെങ്കിലും ഒരു മാർഗം ഉണ്ടോ എന്ന് അവൻ ചുറ്റും നോക്കി..

ആകെ ഒരു ജനാലയും വാതിലും മാത്രമാണ് ഈ മുറിയിൽ ഉള്ളത്. വാതിൽ ആണെങ്കിൽ പുറത്തു നിന്ന് പൂട്ടിയിട്ടുമുണ്ട്. ജനാലയിൽ നിറയെ അഴികൾ ഉള്ളതു കൊണ്ട് അതിലൂടെ രക്ഷപ്പെടുക എന്നുള്ളത് ആലോചിക്കാൻ കൂടി കഴിയില്ല..

എങ്കിലും അവൻ വെറുതെ ജനാലയിലൂടെ പുറത്തേക്ക് നോക്കി.. ഇത് ഏതാണ് സ്ഥലം എന്നെങ്കിലും അറിയണ്ടേ..? ഇല്ല… ഓർമ്മയിൽ എവിടെയും ഇങ്ങനെയൊരു സ്ഥലമില്ല…

പെട്ടെന്ന് അവന്റെ ചിന്തയിലേക്ക് ഒരു മുഖം കടന്നു വന്നു…സ്നേഹ… ഇന്ന് സ്നേഹയുടെ വിവാഹമല്ലേ..? അത് കഴിഞ്ഞു കാണുമോ..? ഞാൻ അവിടേക്ക് പോകാതിരിക്കാൻ വേണ്ടി അച്ഛനും അമ്മയും കൂടി എന്നെ ഇവിടെ കൊണ്ടു വന്ന് പൂട്ടിയിട്ടതാണോ..?

അവന്റെ ചിന്തയിലൂടെ അങ്ങനെ പലതും കടന്നു പോകുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൻ പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു.

അവന്റെ ചിന്തകളിലേക്ക് അവളെ അവസാനമായി കണ്ടുപിരിഞ്ഞ ഓർമ്മകളാണ് കടന്നു വന്നത്.

പെട്ടെന്നാണ് ആരോ വാതിൽ തുറന്ന് മുറിയിലേക്ക് പ്രവേശിച്ചത്. ആ ശബ്ദം കേട്ടപ്പോൾ അവൻ തലയുയർത്തി നോക്കി. മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ അവന് അതാരാണെന്ന് പോലും മനസ്സിലായില്ല.. അവന്റെ അപരിചിതത്വം മനസ്സിലായപ്പോൾ ആ പെൺകുട്ടി ചിരിച്ചു.

” ഞാൻ നിത്യ.. ഈ ഹോസ്പിറ്റലിലെ ഡോക്ടറാണ്.. “അവൾ പരിചയപ്പെടുത്തിയപ്പോൾ അവൻ പകച്ചു പോയി.”ആശുപത്രിയോ…? ഇത് ആശുപത്രി ആണോ..? ഇവിടെ പൂട്ടിയിടാൻ മാത്രം എനിക്ക് എന്താ അസുഖം..? ”

അവൻ ആകാംക്ഷയോടെ ചോദിച്ചപ്പോൾ അവൾക്ക് മറുപടി പറയാൻ ഉണ്ടായിരുന്നില്ല.

എങ്കിലും ദിനംപ്രതി ഇതുപോലെ ഒരുപാട് രോഗികളെ കാണുന്നതു കൊണ്ടു തന്നെ അവന് മറുപടി കൊടുക്കാൻ തന്നെ അവൾ തീരുമാനിച്ചു.അവന്റെ മനസ്സിനെ മുറിവേൽപ്പിക്കാത്ത രീതിയിൽ അവനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ അവൾ ശ്രമിച്ചു..

“വിനു കുറച്ച് നാളുകളായി ഇവിടെയാണ്.. കുറച്ചു നാൾ എന്ന് പറഞ്ഞാൽ ഏകദേശം ഒരു വർഷത്തോളം..”

ആ വാക്കുകൾ ഞെട്ടലോടെയാണ് അവൻ കേട്ടത്..ഒരു വർഷമോ..? അപ്പോൾ.. സ്നേഹയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായോ..? ഒരു വർഷമായി ഞാൻ ഇവിടെയാണെങ്കിൽ എനിക്കെന്താ കഴിഞ്ഞതൊന്നും ഓർമ്മയില്ലാത്തത്..? എനിക്ക് എന്തായിരുന്നു അസുഖം..?

അവന്റെ ചിന്തകൾ മനസ്സിലാക്കിയത് പോലെ നിത്യ പതിയെ അവന്റെ അടുത്തേക്ക് വന്നു.

” എനിക്കറിയാം.. വിനുവിന് കഴിഞ്ഞതൊന്നും ഓർത്തെടുക്കാൻ കഴിയുന്നുണ്ടാവില്ല.. കാരണം കഴിഞ്ഞ ഒരു വർഷക്കാലം തനിക്ക് സംഭവിച്ചതൊന്നും തന്റെ ഓർമ്മയിൽ ഇല്ല.. പെട്ടെന്നൊരു സുപ്രഭാതത്തിൽ തന്റെ ഓർമ്മകൾ തന്നെ വിട്ടു പോയതാണ്.. അതുകൊണ്ടാണ് താൻ ഈ മെന്റൽ ഹോസ്പിറ്റലിലേക്ക് എത്തിപ്പെട്ടത്.. ”

അവൾ പറഞ്ഞു തീർന്നപ്പോൾ അവനെ വല്ലാതെ ഒരു വേദന തോന്നി.. മെന്റൽ ഹോസ്പിറ്റൽ… അതായത് തന്റെ മാനസിക നിലയിൽ എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ട് എന്ന് ഉറപ്പാണ്.. എന്തായിരിക്കും അത്..?

അവൻ ഓർത്തു തുടങ്ങിയപ്പോൾ അത് മനസ്സിലാക്കിയത് പോലെ നിത്യ പുറത്തേക്ക് പോയി.അവസാനമായി സ്നേഹയെ കണ്ടു പിരിഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്..

കോളേജിലേക്കുള്ള യാത്രയ്ക്ക് ഇടയിലാണ് സ്നേഹയെ പരിചയപ്പെടുന്നത്.ഒരു വുമൺസ് കോളേജിലാണ് അവൾ പഠിച്ചത്.ഞാനും അവളും ഒരേ ബസ്സിൽ തന്നെയായിരുന്നു യാത്ര ചെയ്തിരുന്നത്.

അങ്ങനെയാണ് പരസ്പരം പരിചയപ്പെടുന്നത്.. ഒരേ കോഴ്സ് പഠിക്കുന്നത് കൊണ്ട് തന്നെ ഇടയ്ക്ക് പരീക്ഷയുടെ കാര്യങ്ങളും ടെസ്റ്റ് പേപ്പറിന്റെ കാര്യങ്ങളും ഒക്കെ പരസ്പരം സംസാരിക്കാറുണ്ടായിരുന്നു.

ആ സംസാരം പിന്നീട് ഫോൺ നമ്പർ കൈമാറുന്നതിലേക്ക് എത്തിപ്പെട്ടു. പരസ്പരം ഫോൺ നമ്പർ കൈമാറിയതിനു ശേഷം ഇടയ്ക്കൊക്കെ അവൾ മെസ്സേജ് അയക്കാറുണ്ട്.

എന്തെങ്കിലുമൊക്കെ വിശേഷങ്ങൾ ഉണ്ടാകുമ്പോൾ താനും അവൾക്ക് മെസ്സേജ് ചെയ്യാറുണ്ടായിരുന്നു. പിന്നീട് പരസ്പരം എല്ലാം തുറന്നു പറയുന്ന ഒരു സൗഹൃദത്തിലേക്ക് അത് എത്തി.

ദിവസവും പരസ്പരം മെസ്സേജ് അയക്കാറുണ്ട്.. ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പരസ്പരം തുറന്നു പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവുമില്ല എന്നുള്ള നിലയിൽ ആയി കാര്യങ്ങൾ..

പരസ്പരം തുറന്നു പറയാതെ തന്നെ ഞങ്ങൾ സ്നേഹിക്കുന്നുണ്ട് എന്നുള്ളത് രണ്ടാൾക്കും വ്യക്തമായി. ഒരു വാലന്റൈൻസ് ഡേ ആണ് എന്നെ പോലും ഞെട്ടിച്ചു കൊണ്ട് അവൾ തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്.

” വിനു.. എന്റെ മനസ്സിൽ ഉള്ളത് ഞാൻ പറയാതെ തന്നെ താൻ മനസ്സിലാക്കിയിട്ടുണ്ട് എന്നെനിക്കറിയാം. എങ്കിലും തുറന്നു പറയാതിരിക്കുന്നത് ശരിയല്ലല്ലോ. എനിക്ക് തന്നെ ഇഷ്ടമാണ്..

ഇഷ്ടമാണെന്ന് പറഞ്ഞാൽ വെറും ഒരു ഇഷ്ടമല്ല.. പ്രായത്തിന്റെ ചാപല്യം എന്നുപറഞ്ഞ് തള്ളിക്കളയാൻ പറ്റുന്ന ഒരു ഇഷ്ടമല്ല ഇത്. അതിനുള്ള പ്രായവും അല്ല എന്റേത്.. തന്റെ മറുപടി എന്തായിരിക്കും എന്നെനിക്കറിയാം.. എന്നാലും അത് തന്റെ നാവിൽ നിന്ന് കേൾക്കാൻ ഒരു ആഗ്രഹം ഉണ്ട്.. ”

അവൾ അത് പറഞ്ഞപ്പോൾ അതിശയിച്ചു പോയി.അവളോട് സമ്മതം അറിയിക്കാൻ അധികം സമയം വേണ്ടി വന്നില്ല.

പിന്നീട് ഞങ്ങളുടെ പ്രണയത്തിന്റെ നാളുകൾ തന്നെയായിരുന്നു. ഫൈനൽ പരീക്ഷ കഴിഞ്ഞതിനു ശേഷം എത്രയും പെട്ടെന്ന് നല്ലൊരു ജോലി കണ്ടുപിടിക്കണമെന്ന് അവൾ പറഞ്ഞിരുന്നു.

അതനുസരിച്ച് നല്ലൊരു ജോലിക്ക് ശ്രമിക്കുകയും ചെയ്തു. പക്ഷേ ഭാഗ്യം എന്നെ തുണച്ചില്ല.. ജോലി കിട്ടിയില്ല എന്ന് മാത്രമല്ല അതിനുള്ള ശ്രമങ്ങൾ മാത്രം നടന്നു.. അവൾക്കാണെങ്കിൽ പെട്ടെന്ന് തന്നെ നല്ലൊരു ജോലി കിട്ടുകയും ചെയ്തു..

ആദ്യമൊക്കെ അവൾ നല്ല രീതിയിൽ തന്നെ സപ്പോർട്ട് ചെയ്തിരുന്നു.. ഇടയ്ക്ക് റീചാർജ് ചെയ്യാനും മറ്റും അവൾ തന്നെ പൈസ ഇങ്ങോട്ട് തരാറുണ്ടായിരുന്നു. പതിയെ പതിയെ അവൾ എന്നിൽ നിന്ന് അകന്നു പോകുന്നത് പോലെ എനിക്ക് തോന്നി.

അതിനെക്കുറിച്ച് അവളോട് ചോദിച്ചപ്പോൾ ജോലിത്തിരക്കുകൾ ആണ് എന്ന് മാത്രം പറഞ്ഞു.. എന്നോട് എത്രയും വേഗം നല്ലൊരു ജോലി കണ്ടുപിടിക്കണം എന്നു കൂടി പറയാൻ അവൾ മറന്നില്ല..

എത്രയൊക്കെ ശ്രമിച്ചിട്ടും ശ്രമങ്ങൾ മാത്രം ബാക്കിയായപ്പോഴും അവൾക്കും എന്നെ മടുത്തിട്ടുണ്ടാവണം… അതുകൊണ്ടാണ് അന്ന് അവൾ കാണാൻ വന്നപ്പോൾ അങ്ങനെയൊക്കെ സംസാരിച്ചത്..

” ഇനിയും ഇത് ഇങ്ങനെ തുടർന്നു പോകാൻ പറ്റില്ല.. നിനക്ക് ഒരു ജോലി കണ്ടുപിടിക്കുന്നത് വരെ കാത്തിരിക്കാം എന്ന് പറഞ്ഞാൽ ഏത് കാലത്ത് ജോലി കിട്ടാനാണ്..? നീ ജോലിക്ക് വേണ്ടി ശ്രമിക്കുക എങ്കിലും ചെയ്യുന്നുണ്ടോ..? ഇതിപ്പോൾ നിന്റെ ചെലവും കൂടി ഞാൻ നോക്കേണ്ട അവസ്ഥയാണ്..

ഇങ്ങനെയുള്ളപ്പോൾ നിന്റെ കാര്യം വീട്ടിൽ തുറന്നു പറയാൻ എനിക്ക് പറ്റുമോ..? വീട്ടിലാണെങ്കിൽ ഇപ്പോൾ ഒരുപാട് പ്രൊപ്പോസൽ വരുന്നുണ്ട്.. ഞാൻ എത്രയെന്ന് വച്ചാ വീട്ടിൽ പിടിച്ചു നിൽക്കുക..? ”

ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോൾ അത് ശരിയാണെന്ന് തനിക്കും തോന്നുന്നുണ്ടായിരുന്നു. പക്ഷേ എന്ത് ചെയ്യാനാണ്..?

” ഞാൻ ജോലിക്ക് ശ്രമിക്കാത്തത് കൊണ്ടല്ലല്ലോ.. എത്രയൊക്കെ ശ്രമിച്ചിട്ടും നല്ലൊരു ജോലി എനിക്ക് കിട്ടാത്തത് കൊണ്ടല്ലേ..? നീ ഇങ്ങനെ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല.. അധികം വൈകാതെ എനിക്ക് നല്ലൊരു ജോലി കിട്ടും.. അതുകഴിഞ്ഞ് ഞാൻ നിന്റെ വീട്ടിൽ ഒന്നു സംസാരിക്കാം..”

ആത്മവിശ്വാസത്തോടെ പറയുമ്പോൾ അവളുടെ മുഖത്തെ ദേഷ്യം ഒട്ടും കുറഞ്ഞിട്ടുണ്ടായിരുന്നില്ല.

” ഇനിയൊരു ജോലിയൊക്കെ കണ്ടുപിടിച്ച് വേറെ ഒരു പെണ്ണിനെയും കൂടി കണ്ടുപിടിച്ചു കൊള്ളണം..എനിക്ക് വീട്ടിൽ നിന്നുള്ള പ്രഷർ താങ്ങാൻ പറ്റുന്നില്ല.. അതുകൊണ്ട് അവർ പറയുന്നത് അനുസരിക്കാനാണ് ഞാൻ കരുതിയിരിക്കുന്നത്..

ഒരു പ്രൊപ്പോസൽ ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ വിവാഹവും ഉണ്ടാകും.. ഇനി പഴയ ബന്ധങ്ങളുടെ പേരിൽ എന്നെ വിളിക്കുകയോ കാണാൻ ശ്രമിക്കുകയോ ചെയ്യരുത്… അത് പറയാൻ വേണ്ടി മാത്രമാണ് ഇന്ന് ഇങ്ങനെ കാണാൻ ഞാൻ അനുവദിച്ചത്.. ഇനി നമ്മൾ തമ്മിൽ കാണില്ല.. ”

അത് അവളുടെ ഉറച്ച തീരുമാനമായിരുന്നു എന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം ഒന്നും വേണ്ടി വന്നില്ല.

അവളെ എന്നിലേക്ക് മടക്കി കൊണ്ടുവരാൻ ഒരുപാട് ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അവൾ പോയതോടെ ജീവിതത്തിന് ഒരു അർത്ഥവുമില്ല എന്ന് തോന്നിത്തുടങ്ങി.

അധികം വൈകാതെ അവളുടെ വിവാഹമാണ് എന്ന് സുഹൃത്തുക്കൾ പറഞ്ഞ് അറിയുകയും ചെയ്തു. അവളുടെ വിവാഹത്തിന് തലേന്ന് അവളെ കാണാൻ പോയിരുന്നു..

പക്ഷേ ഒരു പരിചയവും ഇല്ലാത്തതു പോലെയുള്ള അവളുടെ അഭിനയം കണ്ടപ്പോൾ ചങ്ക് തകർന്നു പോയി.. അന്ന് വീട്ടിലേക്ക് വന്നത് മാത്രമാണ് അവസാനത്തെ ഓർമ്മ… പിന്നീട് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക..?

അവൻ ആ ചിന്തകളിൽ മുഴുകിയിരിക്കുമ്പോഴാണ് അവന്റെ അച്ഛനും അമ്മയും മുറിയിലേക്ക് കയറി വരുന്നത്. അവരെ കണ്ടപ്പോൾ അവന് വല്ലാത്ത കുറ്റബോധം തോന്നി..

” മോൻ ഇങ്ങനെ ഞങ്ങളുടെ മുന്നിൽ തലതാഴ്ത്തി ഇരിക്കരുത്. ഏതെങ്കിലും പെൺകുട്ടികൾ വേണ്ടെന്നു പറഞ്ഞാൽ അതിന്റെ പേരിൽ മനസ്സ് തകർന്നു പോകാനുള്ള ഒരു മനസ്സു മാത്രമാണ് നിനക്ക് ഉണ്ടായിരുന്നത്.. മനസ്സിന് കട്ടിയില്ലാത്തവർ പ്രേമിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും… ”

അച്ഛൻ പറഞ്ഞപ്പോൾ ആകെ ഒരു വല്ലായ്മ..!പിന്നീട് നടന്നതൊക്കെ അമ്മയുടെ നാവിൽ നിന്നാണ് അറിഞ്ഞത്..

” അവളുടെ വിവാഹമാണ് എന്ന് ഞങ്ങളും അറിഞ്ഞിരുന്നു. പക്ഷേ അതിനുശേഷം നിനക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് ഞങ്ങൾക്ക് തോന്നി.

മുറിയിൽ നിന്ന് പുറത്തിറങ്ങാറില്ല. ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ തന്നെ അത് ആർക്കും ഒന്നും മനസ്സിലാവാത്ത രീതിയിലാണ്.. അവളുടെ വിവാഹ ദിവസം നിന്നെ ഞങ്ങൾ മുറിയിൽ വന്നു നോക്കുമ്പോൾ നീ ഉറങ്ങുകയായിരുന്നു..

ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയപ്പോൾ മുതൽ നീ സ്വബോധത്തിൽ അല്ലാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്ന് മാത്രമല്ല അച്ഛനെയും എന്നെയും ഒക്കെ ഉപദ്രവിക്കുകയും ചെയ്തു.. നിന്റെ സുഹൃത്തുക്കൾ എല്ലാവരും ചേർന്നാണ് നിന്നെ ആശുപത്രിയിൽ കാണിക്കാൻ തീരുമാനിച്ചത്.

ഇവിടെ കൊണ്ടുവന്നപ്പോൾ മുതൽ നീ സ്നേഹയുമായുള്ള ജീവിതത്തിനെ കുറിച്ചാണ് സംസാരിച്ചിരുന്നത്. നിന്നെ ഈ രൂപത്തിലേക്ക് ഞങ്ങൾക്ക് മടക്കി കിട്ടാൻ ഒരു വർഷം വേണ്ടി വന്നു. നിന്നെ ആയുസ്സോടെ തിരികെ തരണമെന്ന് മാത്രമായിരുന്നു ഞങ്ങൾ പ്രാർത്ഥിച്ചിരുന്നത്.. ”

അമ്മ പറഞ്ഞപ്പോൾ എനിക്ക് പുച്ഛം തോന്നി. എന്നെ വേണ്ടെന്നു വച്ചു പോയവൾ ഇപ്പോൾ സുഖമായി ജീവിക്കുന്നുണ്ടാവും.. നഷ്ടം മുഴുവൻ എനിക്ക് മാത്രമായിരുന്നല്ലോ…!!

അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് ഞങ്ങളുടെ വീടിന്റെ പടി കയറുമ്പോൾ സ്നേഹയെ എന്റെ മനസ്സിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പടിയിറക്കി കഴിഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *