ഐഷു
(രചന: ശ്യാം കല്ലുകുഴിയിൽ)
ഫാനിൽ കെട്ടിയ ഷാളിന്റെ അറ്റത്ത് ഇട്ട കുടുക്ക് ശരിയാണ് എന്ന ഒന്ന് കൂടി ഐഷു നോക്കി,
അതേ ഇനി അത് കഴുത്തിലേക്ക് ഇട്ട് താൻ നിൽക്കുന്ന സ്റ്റൂൾ ഒന്ന് തട്ടി താഴെ ഇട്ടാൽ മാത്രം മതി, ഈ നശിച്ച ലോകത്ത് നിന്ന് താൻ തന്റെ ഇക്കയുടെ അടുത്തേക്ക് ചെല്ലും,
പക്ഷെ അതിന് മുൻപ് ഒന്നും അറിയാതെ ഉറങ്ങുന്ന തന്റെ പുന്നാര മോളെ കൂടി ഇക്കയുടെ അടുത്തേക്ക് എത്തിക്കണം, ഒഴുകി വന്ന കണ്ണുനീർ തുടച്ചുകൊണ്ടാണ് ഐഷു സ്റ്റൂളിൽ നിന്ന് താഴേക്ക് ഇറങ്ങിയത്….
കട്ടിലിൽ കിടന്നുറങ്ങുന്ന മോളുടെ അരികിൽ ഇരിക്കുമ്പോൾ ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളികൾ പോലും തുടയ്ക്കാൻ അവൾ മറന്നിരുന്നു. പ്രണയത്തിന് മുന്നിൽ വീട്ടുകാരെ പോലും മറന്ന് ഒന്നിച്ചവർ, ഐഷുവും, മുനീറും..
ലോ ക്ക് ഡൗണിലൂടെ മുനീറിന്റെ ഉണ്ടായിരുന്ന ചെറിയ ജോലി കൂടി നഷ്ടപ്പെട്ടപ്പോൾ ഐഷു ആറു മാസം ഗർഭിണി ആയിരുന്നു, വീട് വാടകയ്ക്കും, മരുന്നിനും ആശുപത്രിയിലേക്കുമായി നാട്ടുകാരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന മുനീറിന്റെ അവസ്‌ഥ,
വീട്ടുടമസ്ഥന്റെ വാക്കുകൾക്ക് മറുപടി പറയാൻ ഇല്ലാതെ തല കുമ്പിട്ട് നിൽക്കുന്ന മുനീറിന്റെ മുഖം പലപ്പോഴും ഐഷുവിനെ കൂടി കരയിപ്പിച്ചിരുന്നു…
കാതിലും കഴുത്തിലും ഉണ്ടായിരുന്ന ചെറിയ പൊന്ന് വിറ്റും കടം വാങ്ങിയും, മരുന്ന് വാങ്ങിയാണ് ഐഷുവിന്റെ പ്രസവം നടന്നത്.
കുഞ്ഞു ജനിച്ചതിൽ പിന്നെ അവളുടെ മുഖം നോക്കി ഇരിക്കുമ്പോൾ ഐഷുവും മുനീറും തന്റെ ദുഃഖങ്ങൾ മറന്ന് തുടങ്ങിയിരുന്നു.
ഒരു ജോലിയും ശരിയകത്തത് കൊണ്ടാണ് മുനീർ കവലയിൽ ഓട്ടോ സ്റ്റാന്റിന്റെ അടുത്ത് ചെറിയ ഒരു ഉന്തു വണ്ടിയിൽ ചായയും എണ്ണ പലഹാരങ്ങളും ഉണ്ടാക്കി വിൽക്കുന്ന ജോലി തുടങ്ങിയത്…
ആദ്യം വല്യ കച്ചവടം ഇല്ലായിരുന്നു എങ്കിലും പൈസ കുറച്ച് കൊടുത്തും, നല്ല രുചിയോടെ ഉണ്ടാക്കി കൊടുത്തും മുനീറിന്റെ ചായ കുടിക്കാൻ ആൾക്കാർ വന്ന് തുടങ്ങി. പതിയെ അവരുടെ ജീവിതത്തിൽ വീണ്ടും സന്തോഷത്തിന്റെ നാളുകൾ തിരിച്ച് വന്നു…..
” എല്ലാം നമ്മുടെ ആമിയുടെ ഭാഗ്യം അല്ലേ ഐഷു… എനിക്കുറപ്പുണ്ട് നമ്മൾ നല്ല നിലയിൽ എത്തും, ഞാൻ ചെറിയ ഒരു കട നോക്കുന്നുണ്ട്,
ഈ റോഡ് സൈഡിൽ ഉള്ള കച്ചവടം ഒന്നും വിശ്വസിക്കാൻ പറ്റില്ല എപ്പോഴാണ് പോ ലീ സ് വന്ന് എല്ലാം നിർത്തി പോകാൻ പറയുന്നത് എന്നറിയില്ല….”
കച്ചവടം കഴിഞ്ഞ് വന്ന് പല രാത്രിയിലും തന്റെ നെഞ്ചിൽ കിടക്കുന്ന ഐഷുവിന്റെ തലമുടിയിൽ തഴുകി മുനീർ അത് പറയുമ്പോൾ ഐഷുവും പട്ടിണി ഇല്ലാത്ത ജീവിതം സ്വപ്നം കണ്ട് തുടങ്ങിയിരുന്നു….
അന്നൊരു രാത്രി ഏറെ വൈകിയും മുനീറിനെ കാണാതെ ഇരുന്നപ്പോൾ ഐഷു പേടിച്ചു തുടങ്ങി… റബ്ബേ ഇക്കാക്ക് ഒരു ആപത്തും വരുത്തല്ലേ അവൾ ആമിയെ ഉറക്കുന്നതിനൊപ്പം അതും മനസ്സിൽ ഉരുവിട്ടു കൊണ്ടിരുന്നു.
ആരോ വാതിലിൽ ശക്തമായി മുട്ടുമ്പോൾ ആണ് ആമിയെയും ചേർത്ത് പിടിച്ച് എപ്പോഴോ ഉറങ്ങി പോയ ഐഷു കണ്ണ് തുറക്കുന്നത്.
മോളെ കട്ടിൽ കിടത്തി ഷാൾ തലയിൽ ഇട്ടുകൊണ്ട് വാതിൽ തുറക്കുമ്പോൾ മുറ്റം നിറയെ ആൾക്കാർ ആണ്…
” അത് മോളെ അവനൊരു അപകടം പറ്റി, ആശുപത്രിയിൽ ആണ്, മോളുടെ ബന്ധുക്കൾ ആരേലും ഉണ്ടേൽ ഒന്ന് അറിയിക്ക്….”
ഓട്ടോ ഓടിക്കുന്ന കുമാരേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ ഐഷുവിന്റെ ശരീരം തളരുന്നത് പോലെ തോന്നി, പിടിച്ചു നിൽക്കാൻ കഴിയാതെ അവൾ ഭിത്തിയിൽ ചാരി താഴേക്ക് ഉതിർന്നിരുന്നു.
പിന്നെ ആരൊക്കെയോ മുഖത്ത് വെള്ളം തളിക്കുമ്പോൾ ആണ് ഐഷു കണ്ണ് തുറക്കുന്നത്, അയൽവക്കത്തുള്ള മൂന്ന് നാല് സ്ത്രീകൾ അവൾക്കരികിൽ ഇരിപ്പുണ്ട്…..
“ഇക്ക… ഇക്കയെവിടെ…..”ചുറ്റും കണ്ണോടിച്ചു കൊണ്ട് ഐഷു അതും ചോദിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു…” ഓനിപ്പോ വരും നി മോൾക്ക് പാൽ കൊടുക്ക്…”
അപ്പോഴാണ് കരയുന്ന ആമിയെപോലും ഐഷു കാണുന്നത്, അവളെ മടിയിൽ കിടത്തി പാൽ കൊടുക്കുമ്പോഴും അവളുടെ കണ്ണുകൾ മുനീറിന്റെ വരവും പ്രതീക്ഷിച്ചിരുന്നു,
അല്പം കഴിഞ്ഞപ്പോഴാണ് ഒരു ആംബുലൻസ് വീടിന്റെ മുന്നിൽ വന്ന് നിന്നത്. ആരൊക്കെയോ ചേർന്നാണ് തുന്നി കെട്ടിയ മുനീറിന്റെ ജീവനറ്റ ശരീരം ഉമ്മറത്തേക്ക് കിടത്തിയത്,…” ഇക്കാ ……. ”
മോളേയും എടുത്ത് കൊണ്ടവൾ മുനീറിന്റെ അടുത്തേക്ക് ഓടുക ആയിരുന്നു, ആ നെഞ്ചിലേക്ക് വീണ് കിടന്ന് ഐഷു അലറി കരയുമ്പോൾ ആരൊക്കെയോ അവളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഇടയ്ക്ക് ബോധം നഷ്ടപ്പെടും, ബോധം വീഴുമ്പോൾ അലറി കരയുകയും ചെയ്യുന്ന ഐഷു കൂടി നിന്നവരുടെ എല്ലാം കണ്ണിൽ ഈറനണിയിച്ചു….
” കുടുംബക്കാരും, പള്ളിക്കാരും ഒന്നും ഇല്ലാതെ എന്താ മോളെ ഇപ്പോൾ ചെയ്യുക…”
മണിക്കൂറുകൾക്ക് ശേഷമാണ് കുമാരേട്ടൻ ഐഷുവിന്റെ അരികിൽ ചെന്ന് അത് ചോദിച്ചത്,
എന്ത് ചെയ്യണം എന്നറിയാതേ അവൾ നിസ്സഹായതയോടെ അയാളെ നോക്കി വാവിട്ടു കരയുക മാത്രമാണ് ചെയ്ത്, അവളെ ആശ്വസിപ്പിക്കാൻ കഴിയാതെ കുമാരേട്ടനും പുറത്തേക്ക് നടന്നു…
” പൊതു ശ്മശാനത്തിലേക്ക് കൊണ്ട് പോകാം….”കുമാരേട്ടൻ അത് പറഞ്ഞപ്പോൾ പലരും അനുകൂലിച്ചു എങ്കിലും ചിലരെങ്കിലും അതിനെ എതിർക്കാതെ ഇരുന്നില്ല….
” ഇതുവരെ തിരിഞ്ഞു നോക്കാത്ത ബന്ധുക്കളെയും എനിക്കും വേണ്ട….”അത് പറഞ്ഞവൾ എതിർപ്പ് പ്രകടിപ്പിച്ചവരുടെ വായ് അടച്ചപ്പോൾ പിന്നെ ആരും ഒന്നും മിണ്ടിയില്ല,
ശ്മശാനത്തിലെ മുനീറിനെ കൊണ്ട് പോകുമ്പോൾ ആമിയെയും ചേർത്ത് പിടിച്ചവൾ വാതിൽപ്പടി ചാരി നിന്നിരുന്നു,
അപ്പോഴും തന്റെ ഇക്കയെ ഇടിച്ചിട്ട് നിർത്താതെ പോയ വണ്ടിക്കാരനെ ആരൊക്കെയോ പ്രാകുന്നതും അവൾ കേട്ടിരുന്നു…
ദിവസങ്ങൾ കടന്ന് പോകുമ്പോൾ വീണ്ടും പട്ടിണി ആയി തിടങ്ങി വീട്ടിൽ, ആദ്യം സഹതാപത്തോടെ സഹായിച്ചു കൊണ്ടിരുന്ന നാട്ടുകാർക്ക് പതിയെ അവൾ ഒരു ബാധ്യത ആയി തുടങ്ങുന്നത് ഐഷു അറിഞ്ഞിരുന്നു.
വാടകയ്ക്ക് പകരം ഇടയ്ക്ക് ഇടയ്ക്ക് കൂടെ കിടക്കാൻ കൂടി വീട്ടുടമസ്ഥൻ അവശ്യപ്പെട്ടപ്പോൾ ആണ് മാനം പോകുന്നതിലും നല്ലത് മരണം ആണ് നല്ലത് എന്ന് ഐഷു തീരുമാനിച്ചത്….
” ഐഷു……”” ഇക്കാ…..”പാതി മയക്കത്തിൽ നിന്ന് ഐഷു കണ്ണ് തുറന്ന് ചുറ്റും നോക്കി, ഇല്ല,,ഇക്ക,, ഇല്ല,, ഇടയ്ക്ക് ഇങ്ങനെ ജീവിതം അവസാനിപ്പിക്കാം എന്ന് കരുതുമ്പോൾ തന്നെ സ്നേഹത്തോടെ വിളിക്കുന്ന ഇക്കയുടെ ശബ്ദം അവൾ പലപ്പോഴും കേൾക്കാറുണ്ട്,
ഐഷു വീണ്ടും കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു, ഉറങ്ങിക്കിടക്കുന്ന ആമിയെ ഒന്ന് നോക്കിയ ശേഷമാണ് ഐഷു എഴുന്നേറ്റ് ഒച്ചയുണ്ടാക്കാതെ പഴയ ഇരുമ്പ് അലമാര തുറന്നത്,
അടുക്കി വച്ചിരിക്കുന്ന മുനീറിന്റെ ഷർട്ടുകളിൽ നിന്ന് കഴിഞ്ഞ പിറന്നാളിന് കൂട്ടി വച്ചിരുന്ന പൈസയിൽ നിന്ന് വാങ്ങി കൊടുത്ത ആ വില കുറഞ്ഞ ഷർട്ട് അവൾ പുറത്തേക്ക് എടുത്തു….
ആ ഷർട്ട് അവൾ മുഖത്തെക്ക് ചേർത്ത് പിടിച്ചു, മുനീറിന്റെ മണം, അവൾ കണ്ണടച്ച് കുറെ നേരം അങ്ങനെ നിന്നു, കുറെ കഴിഞ്ഞണ് ആ ഷർട്ട് അവൾ ധരിച്ചത്, ഷർട്ട് ഇട്ടുകൊണ്ട് തന്റെ മുന്നിൽ തൂങ്ങി അടുന്ന ഷാൾ അവൾ ഒന്ന് നോക്കി,
അവൾ വീണ്ടും സ്റ്റൂൾ വലിച്ചിട്ട് കയറി ഫാനിൽ നിന്ന് ഷാളിന്റെ കെട്ടഴിച്ച് നിലത്തേക്ക് ഇറങ്ങി, വീണ്ടും മോളുടെ അടുത്ത് വന്ന് കിടക്കുമ്പോൾ അവൾ പലതും ഉറപ്പിച്ചിരുന്നു…
പിറ്റേന്ന് രാവിലെ ആമിയെ അടുത്ത വീട്ടിൽ ഏൽപ്പിച്ചാണ് ഐഷു കവലയിലേക്ക് നടന്നത്, ഓട്ടോ സ്റ്റാൻഡിൽ കുമാരേട്ടന്റെ ഓട്ടോ കിടപ്പുണ്ട്,
അവൾ അയാളുടെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ടപ്പോൾ കുമാരേട്ടൻ ഓട്ടോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. അവൾ അടുത്ത് വന്നപ്പോൾ കുമാരേട്ടൻ ഒന്ന് ചിരിച്ചു….
” കുമാരേട്ടാ ഒരു സഹായം ചെയ്യണം…”ഐഷു മുഖവുര ഇല്ലാതെ സംസാരിച്ചു തുടങ്ങി, കാര്യം അറിയാൻ കുമാരേട്ടന്റെ അടുത്തേക്ക് ഒന്ന് രണ്ട് ഡ്രൈവർമാർ കൂടി വന്നു…
” ആകെ കഷ്ടപ്പാടിൽ ആണ് കുമാരേട്ടാ, ഇക്കാ ചെയ്ത പണി ഞാനും തുടങ്ങിയാലോ എന്നണ് ആലോചിക്കുന്നത്, വേറെ ഒരു നിവർത്തിയും ഇല്ല, മോൾക്ക് സമയത്ത് ആഹാരം കൊടുക്കാൻ പോലും നിവർത്തി ഇല്ല….”
അത് പറഞ്ഞു കഴിയും മുൻപേ ഐഷു കരഞ്ഞു തുടങ്ങി….” എനിക്ക് ഈ നാട്ടിൽ വേറെ ആരെയും പരിചയമില്ല, അത് തുടങ്ങാൻ എന്നെ എങ്ങനെ എങ്കിലും സഹായിക്കണം….”
കൈ കൂപ്പി അവൾ പറയുമ്പോൾ കുമാരേട്ടന്റെയും കൂടെ നിന്നവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു….
“മോള് സമാധാനമായി ഇരിക്ക്, മോൾക് അത് മുന്നോട്ട് കൊണ്ടുപോകാം എന്നുള്ള ഉറപ്പ് ഉണ്ടേൽ നമ്മൾ എല്ലാവരും കൂടെയുണ്ട്…”
കുമാരേട്ടന്റെ വാക്കുകൾ അവൾക്ക് വല്യയൊരു ആശ്വാസവും, പ്രതീക്ഷയും ആയിരുന്നു. എല്ലാവരും സഹിച്ചു തന്നെ കട തുറക്കാൻ വേണ്ടി സാധങ്ങൾ എല്ലാം വാങ്ങി, അന്ന് വൈകുന്നേരം തന്നെ അവൾ ആ തട്ടുകടയിൽ ചായ ഒഴിപ്പ് തുടങ്ങി,
ചൂടുള്ള എണ്ണ ചട്ടിയിൽ ഓരോ പലഹാരങ്ങൾ അവൾ ഉണ്ടാക്കി വയ്ക്കുന്നത് ചൂടോടെ വിറ്റ് പോകുകയും ചെയ്തു, അന്ന് രാത്രി കട അടയ്ക്കുമ്പോൾ കുമാരേട്ടൻ തന്നെയാണ് ഐഷുവിനെ വീട്ടിൽ ആക്കിയതും….
” അതേ നി ഊരുതെണ്ടാൻ പോകുന്നത് ഒക്കെ കൊള്ളാം ഈ കൊച്ചിനേം കൊണ്ട് പൊയ്ക്കോ എനിക്കൊന്നും പറ്റില്ല ഇതിനെ നോക്കാൻ….”
രാത്രി ഐഷുവിനെയും നോക്കി നിന്ന അയൽവക്കകാരി അതും പറഞ്ഞു ആമിയെ ഐഷുവിനെ ഏൽപ്പിച്ചു തിരിഞ്ഞു നടക്കുമ്പോൾ, മോളുടെ കവിളിൽ ഉമ്മ നൽകി മോളേയും നെഞ്ചിൽ ചേർത്ത് പിടിച്ച് വീട്ടിലേക്ക് കയറി…
പിറ്റേന്ന് ഉച്ച കഴിഞ്ഞ് ഐഷു ആമിയെയും തോളിൽ ഇട്ടുകൊണ്ടാണ് കവലയിലേക്ക് നടന്നത്, ഐഷു ഓരോ ജോലി ചെയ്ത് തുടങ്ങുമ്പോൾ അവളുടെ ചുരിദാർ തുമ്പിൽ പിടിച്ചു കൊണ്ട് ആമി അവൾക്ക് അരികിൽ നിന്നിരുന്നു,
ദിവസങ്ങൾ കടന്ന് പോകുന്നതോടെ ഐഷുവിന്റെ കച്ചവടം വല്യ ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ട് പോകുന്നതോടൊപ്പം നാട്ടുകാരിൽ ചിലർ പല കഥകളും പറഞ്ഞു തുടങ്ങി, അതിൽ കുമാരേട്ടന്റെയും പേര് വന്നപ്പോൾ ആണ് അവൾ വീണ്ടും തളർന്ന് പോയത്….
” നി അതൊന്നും ശ്രദ്ധിക്കാൻ നിൽക്കേണ്ട മോളെ, നമ്മുടെ നാട്ടുകാർ അങ്ങനെയാണ്, അവർക്ക് ദിവസവും ആരെയെങ്കിലും കുറിച്ച് കഥകൾ ഉണ്ടാക്കികൊണ്ടേ ഇരിക്കണം, മോള് അതൊന്നും ശ്രദ്ധിക്കേണ്ട….”
കുമാരേട്ടൻ അവളെ ആശ്വസിപ്പിക്കാൻ അത് പറഞ്ഞെങ്കിലും പിന്നെ ഉള്ള ദിവസങ്ങളിൽ കുമാരേട്ടനിൽ ഒരു അകൽച്ച ഉണ്ടാകുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. പരിഭവം കാണിക്കാതെ അവളും ഒരു ചിരിയിൽ കൂടി മാത്രം ആ ബന്ധം നിലനിർത്തി….
” ഒരു ഗ്ലാസ് പാൽ തണുപ്പിച്ച് തരുമോ…”ആ ശബ്ദം കേട്ടാണ് ഐഷു തിരിഞ്ഞു നോക്കിയത്, കാക്കി ഷർട്ട് ഇട്ട ആളിനെ അവൾ ആദ്യമായി ആണ് കാണുന്നത്,
പാൽ കുപ്പി തന്റെ നേർക്ക് നീട്ടി നിൽക്കുന്ന ആളിൽ നിന്ന് കുപ്പി വാങ്ങുമ്പോൾ ആണ് അയാളെ ചേർന്ന് നിൽക്കുന്ന കുട്ടിയെ അവൾ ശ്രദ്ധിച്ചത്.
നെറ്റിൽ ചന്ദന കുറി ഇട്ട നല്ല ഐശ്വര്യമുള്ള ഒരു പെൺകുട്ടി, അയൾക്ക് കുപ്പിയിൽ പാൽ കൊടുക്കുമ്പോൾ ആ കുഞ്ഞിനെ നോക്കി അവൾ ചിരിച്ചിരുന്നു….
” മഹേഷേ…. ദേ ഓട്ടം വന്നിട്ടുണ്ട്….”ഐഷുവിൽ നിന്ന് ബാക്കി പൈസ വാങ്ങുമ്പോൾ ആണ് ഒരു ഓട്ടോക്കാരൻ അത് വിളിച്ചു പറഞ്ഞത്, ബാക്കി പൈസ വാങ്ങി പോക്കറ്റിൽ ഇട്ട്,
മഹേഷ് കുഞ്ഞിനെയും എടുത്തു കൊണ്ട് വേഗം ഒട്ടോയ്ക്ക് അരികിലേക്ക് നടന്നു, ആ മോളെ മടിയിൽ ഇരുത്തി ഓട്ടോ ഓടിച്ചു പോകുന്ന മഹേഷിനെ ഐഷു നോക്കി നിന്നു…
” വർഷങ്ങളോളം രണ്ടും പ്രണയിച്ചു നടന്ന് കെട്ടിയത് ആണ്, ജീവിതം തുടങ്ങി കഷ്ടപ്പാടും ബുദ്ധിമുട്ടും ആയപ്പോൾ ലവൾ മടുത്തു തുടങ്ങി, പുതിയ പുളിങ്കൊമ്പ് കിട്ടിയപ്പോൾ അവൾ അവിടേക്ക് ചാടി, പാവം ചെക്കൻ…”
സ്റ്റാൻഡിൽ ഡ്രൈവർമാർ പറയുന്നത് ഐഷുവും കേട്ടിരുന്നു, ഒരു കണക്കിന് തന്നെപ്പോലെ തന്നെ രണ്ടു പേരും നാട്ടുകാരുടെ മുന്നിൽ തല ഉയർത്തി ജീവിക്കാൻ ബുദ്ധിമുട്ടുന്നു….
” എന്താ മോളുടെ പേര്….”പിന്നെയൊരു ദിവസം പാൽ വാങ്ങാൻ നിന്നപ്പോൾ ആണ് ഐഷു കുട്ടിയോട് അത് ചോദിച്ചത്…” ഭദ്ര…..”
അവൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ ഐഷു സ്നേഹത്തോടെ ആ കവിളി മെല്ലെ പിടിച്ചു. പിന്നെയുള്ള ദിവസങ്ങളിലും മഹേഷിന് പാൽ കൊടുക്കുമ്പോൾ മോളോട് ഐഷു സംസാരിക്കാൻ ശ്രമിച്ചിരുന്നു,
പക്ഷെ മഹേഷ് അതികം സംസാരിക്കുന്ന ആൾ അല്ലായിരുന്നു, ഓട്ടം ഇല്ലാത്തപ്പോൾ എപ്പോഴും ഓട്ടോയിൽ തന്നെ ഇരിക്കും നേരം ഇരുട്ടുമ്പോൾ തന്നെ സ്റ്റാൻഡ് വിട്ട് പോകുകയും ചെയ്യും…
” എടി… നാളെ മുതൽ നിന്റെ ചായ ഒഴിപ്പ് വീട്ടിൽ മതി റോഡിൽ ഇങ്ങനെ വന്ന് കച്ചവടം ചെയ്യാൻ പറ്റില്ല, കേട്ടല്ലോ ….”
ഒരു ദിവസം വൈകുന്നേരം കവലയിൽ വന്ന പോ ലീ സ് ജീപ്പിൽ നിന്ന് ഇറങ്ങി എസ്.ഐ, നാട്ടുകാർ കേൾക്കെ പറയുമ്പോൾ അവൾ ഒന്നും മിണ്ടാതെ തല കുമ്പിട്ട് നിന്നു….
” പിന്നെ, നാളെ ഇങ്ങു വരട്ടെ, നിങ്ങൾ ധൈര്യമായി ഇരിക്ക്….”പോലീസ് പോയി കഴിഞ്ഞപ്പോൾ ഓരോരുത്തരും അതും പറഞ്ഞ് നെഞ്ചും വിരിച്ച് നിന്നു.
പിറ്റേന്ന് കവലയിൽ പോകുമ്പോൾ അവൾക്ക് എന്തെന്ന് ഇല്ലാത്ത പേടി ഉണ്ടായിരുന്നു, ഒരു ധൈര്യത്തിനയി അവൾ മുനീറിന്റെ ഒരു ഷർട്ട് കൂടി ചുരിദാറിന്റെ മുകളിൽ കൂടി ഇട്ടുകൊണ്ടാണ് അന്ന് പോയത്…
പതിവുപോലെ വൈകുന്നേരം കടയിൽ നല്ല തിരക്ക് വന്ന് തുടങ്ങിയപ്പോൾ ആണ് പോ ലീസ് ജീപ്പ് അവളുടെ കടയുടെ മുന്നിൽ വന്ന് നിന്നത്, പോലീസിനെ കണ്ടതോടെ കഴിഞ്ഞ ദിവസം നെഞ്ചും
വിരിച്ചു നിന്നവർ ഒക്കെ മൊബൈലിൽ വീഡിയോ ഓൺ ആക്കി പിടിച്ച് മാറി നിന്നു….” നിന്നോട് പറഞ്ഞതല്ലേടി നാളെ മുതൽ ഇവിടെ കാണരുത് എന്ന്….”
അത് പറഞ്ഞ് ചാടി ഇറങ്ങിയ എ സ്.ഐ യുടെ പുറകെ ഒന്ന് രണ്ട് വനിതാ പോ ലീസും ഇറങ്ങി, ഇറങ്ങി വന്ന പോ ലീസ് ഡ്രൈവർ ഐഷു ഉണ്ടാക്കി അടുക്കി വച്ചിരുന്ന പലഹാരങ്ങൾ കൈ കൊണ്ട് തട്ടി തെറിപ്പിച്ചു, പോലീസിനെ തടയാൻ ചെന്ന ഐഷുവിനെ വനിതാ പൊലീസ് തടഞ്ഞു നിർത്തി,
ഇതോകെ കണ്ട് പേടിച്ച് കരഞ്ഞു നിലവിളിച്ച ആമിയെ ഒരു വനിതാ പൊലീസ് നിലത്തേക്ക് തള്ളിയിട്ടു, അത് കണ്ട് ഐഷു സർവ്വ ശക്തിയും എടുത്ത് ആ വനിതാ പോലീസിന്റെ വയറിൽ ആഞ്ഞു ചവിട്ടിയതും അവർ നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു,
ഇത് കണ്ട ബാക്കി പോലീസ് എല്ലാം കൂടി ഐഷുവിനെ വലിച്ചിഴച്ച് പോലീസ് ജീപ്പിലേക്ക് കയറ്റി, ആമിയെ നോക്കി ഐഷു വിളിക്കുമ്പോൾ ഒരു വനിതാ പൊലീസ് അവളുടെ മുടിക്ക് ചുറ്റി പിടിച്ച് തല കുമ്പിട്ട് ഇരുത്തിപ്പിച്ചു….
അവളെ കൊണ്ട് പോയതോടെ കൂടി നിന്ന നാട്ടുകാരുടെ ചോര തിളയ്ക്കുകയും, അത് സോഷ്യൽ മീഡിയയിലൂടെ കരഞ്ഞു തീർക്കാനും തുടങ്ങി, ജാമ്യമില്ല കേസ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തത് കൊണ്ട് പതിനാല് ദിവസത്തേക്ക് അവളെ റിമാൻഡ് ചെയ്തു…
റിമാൻഡ് കഴിഞ്ഞ് ജാമ്യത്തിൽ ജില്ലാ ജയിലിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അൽപ്പം മാറി മഹേഷിന്റെ ഓട്ടോ കിടക്കുന്നത് ഐഷു കണ്ടു, അതിന്റെ അരികിലേക്ക് നടക്കുമ്പോൾ മഹേഷ് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അയാളുടെ ഇടവും വലവും ആമിയും ഭദ്രയും ഉണ്ടായിരുന്നു,
മോളെ കണ്ടപ്പോൾ ഐഷു ഓടി അവൾക്കരികിൽ എത്തി ആമിയെ വാരി എടുത്ത് കവിളിലും മുഖത്തും തുരുതുരെ ഉമ്മകൾ നൽകി…
” കയറ് പോകാം….”മഹേഷ് അത് പറഞ്ഞപ്പോൾ ഐഷു ആമിയെയും ഭദ്രയെയും കൂട്ടി ഓട്ടോയിൽ കയറി. വണ്ടി നേരെ ചെന്ന് നിന്നത് മുറ്റം നിറയെ ചെടികൾ ഉള്ള, ഓട് മേഞ്ഞ പഴയ ഒരു വീട്ടിൽ ആയിരുന്നു…
” ഞങ്ങളെ വീട്ടിൽ ആക്കിയാൽ മതി…”മഹേഷ് ഓട്ടോയിൽ നിന്ന് ഇറങ്ങുമ്പോൾ ഐഷു മടിച്ച് മടിച്ചാണ് അത് പറഞ്ഞത്…” ഇപ്പോൾ ഇറങ്ങി വാ അവിടേക്ക് പിന്നെ പോകാം…”
ഓട്ടോയുടെ ഉള്ളിലേക്ക് നോക്കി മഹേഷ് പറയുമ്പോൾ ആമിയും ഭദ്രയും വണ്ടിയിൽ നിന്ന് ഇറങ്ങിയിരുന്നു, മടിച്ച് ആണേലും ഐഷുവും ഇറങ്ങി…
” തന്നെ പോലീസ് കൊണ്ട് പോയതോടെ വീട്ടിൽ ഉള്ള സാധങ്ങൾ എല്ലാം പുറത്തിട്ട് വീട്ടുടമസ്ഥൻ വീടും പൂട്ടി പോയി… സാധങ്ങളൊക്കെ ഞാൻ ഇവിടെ എത്തിച്ചിട്ടുണ്ട്….”
മഹേഷ് അത് പറയുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഐഷു കരച്ചിൽ കടിച്ചമർത്താൻ ശ്രമിച്ചു…
“വെള്ളം ചൂടാക്കി കുളിമുറിയിൽ വച്ചിട്ടുണ്ട്, പോലീസിനെ ചവിട്ടിയത് അല്ലെ അവർ നല്ലപോലെ പെരുമാറിക്കാണും, ആദ്യം ഒന്ന് ചൂടുവെള്ളത്തിൽ കുളിക്ക്….”
മഹേഷ് അത് പറയുമ്പോൾ ഐഷു മുഖത്ത് ഒരു ചിരി വരുത്തി…” സാധങ്ങൾ എല്ലാം ആ മുറിയിൽ ഇരുപ്പുണ്ട്…”
മറ്റൊരു മുറി ചൂണ്ടി കാണിച്ച് മഹേഷ് പറയുമ്പോൾ ഐഷു അവിടേക്ക് എഴുന്നേറ്റ് നടന്നു, മഹേഷ് അപ്പോഴേക്കും കുട്ടികളുടെ അടുത്തേക്ക് പോയിരുന്നു…
ഐഷു കുളി കഴിഞ്ഞ് വരുമ്പോഴേക്കും മഹേഷ് രണ്ട് കുട്ടികൾക്കും ചോർ വാരി കൊടുക്കുക ആയിരുന്നു…” ഉമ്മി……”
ഐഷുവിനെ കണ്ടപ്പോൾ ആമി ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു നിന്നു, ഭദ്ര മുഖം വാടി മഹേഷിന്റെ അരികിലേക്ക് ചേർന്ന് നിന്നപ്പോൾ ഐഷു അവളെ കൈയാട്ടി അവൾക്കരികിലേക്ക് വിളിച്ചു. ആമിയ്ക്ക് ഒപ്പം ഭദ്രയും ഐഷുവിനെ ചുറ്റി നിന്നു….
” മതി മതി രണ്ടാളും പോയി നല്ലപോലെ വായ് കഴുകിയെ….”മഹേഷ് പറയുമ്പോൾ അനുസരണയോടെ അവർ വായ് കഴുകാൻ ഓടി…
” താൻ ഇരിക്ക് ഞാൻ ചോറെടുക്കാം….”മഹേഷ് അത് പറഞ്ഞ് അടുക്കളയിലേക്ക് നടക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഐഷു അവിടെ തന്നെ ഇരുന്നു…..
” ജീവിതം അങ്ങനെ ആണടോ…. നമ്മൾ ആഗ്രഹിക്കുന്നത് പോലെ ഒന്നും ആകില്ല സംഭവിക്കുന്നത്, എങ്കിലും നമുക്ക് ജീവിച്ചല്ലേ പറ്റുള്ളൂ….”
ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് മഹേഷ് അത് പറഞ്ഞത്…
” എനിക്ക് എവിടേലും എന്തേലും ഒരു ജോലി ഒപ്പിക്കാൻ പറ്റുമോ…”കാരണമില്ലാതെ ഒഴുകി വരുന്ന കണ്ണുനീർ തുടച്ചുകൊണ്ടാണ് ഐഷു ചോദിച്ചത്…
” അതൊകെ നമുക്ക് ഒപ്പിക്കാം, എന്തായാലും കുറച്ച് ദിവസം റസ്റ്റ് എടുക്ക്….”
അത് പറഞ്ഞ് കഴിച്ച് കഴിഞ്ഞ പാത്രവും ആയി മഹേഷ് അടുക്കളയിലേക്ക് പോയി. അത് കഴിഞ്ഞ് വന്ന് മക്കളുമൊത്ത് കളിക്കുന്ന മഹേഷിനെയും കുട്ടികളെയും നോക്കി അൽപ്പനേരം ഐഷു ഇരുന്നു.
എന്റെ മോൾ ഏറെ സന്തോഷവതിയാണ് ഇപ്പോൾ, അവരുടെ ചിരിയും കളിയും കണ്ടപ്പോൾ ഐഷു തന്റെ വേദനകൾ മറന്നു…
അന്ന് രാത്രി ഐഷുവിനും, ആമിയ്ക്കുമൊപ്പം കിടക്കാൻ ഭദ്ര നിർബന്ധം കാണിച്ചപ്പോൾ ഐഷു തന്നെയാണ് അവളെയും കൂട്ടി മുറിയിലേക്ക് പോയത്. തന്റെ മാറിൽ ഒട്ടി കിടക്കുന്ന മക്കളെ അവൾ മെല്ലെ തരാട്ടുപാടി ഉറക്കുന്നത് മഹേഷും കേട്ടിരുന്നു.
രാത്രി ഏറെ വൈകിയും ഐഷുവിന് ഉറങ്ങാൻ കഴിഞ്ഞില്ല, മക്കൾ ഉറങ്ങി കഴിഞ്ഞാണ് ഐഷു എഴുന്നേറ്റ് മെല്ലെ പുറത്തേക്ക് ഇറങ്ങിയത്. ഉമ്മറവതിൽ തുറന്ന് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവിടെ നിറയെ നിലാവെട്ടം ഉണ്ടായിരുന്നു…..
” എന്താടോ ഉറക്കമില്ലേ…”മഹേഷിന്റെ ശബ്ദം കേട്ടാണ് ഐഷു തിരിഞ്ഞു നോക്കിയത്. അവൾ മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു…
” ഞാൻ കാരണം നിങ്ങൾക്കും ഒരു ബുദ്ധിമുട്ട് ആയി അല്ലേ….”” എന്ത് ബുദ്ധിമുട്ട് നമ്മുടെ കണ്മുന്നിൽ ഒരാൾ കഷ്ടപ്പെടുമ്പോൾ അവരെ സഹായിച്ചില്ലേൽ പിന്നെ നമ്മളൊക്കെ മനുഷ്യർ ആണോ…”
മഹേഷ് അത് പറയുമ്പോൾ ഐഷുവിൽ മൗനം മാത്രം ആയിരുന്നു….” ഏറെ നേരം പുറത്ത് നിന്ന് മഞ്ഞ് കൊണ്ട് പനി ഒന്നും പിടിപ്പിക്കേണ്ട…”
അത് പറഞ്ഞ് മഹേഷ് തിരിഞ്ഞ് മുറിയിലേക്ക് നടക്കുമ്പോൾ ഐഷുവും മുറിയിലേക്ക് പോയി…
പിന്നെയുള്ള ദിവസങ്ങളിൽ ഭദ്രയെ വീട്ടിൽ ആക്കിയാണ് മഹേഷ് ഓട്ടോയും കൊണ്ട് പോയിരുന്നത്, ഉച്ചയ്ക്ക് വീട്ടിൽ വന്നാണ് ആഹാരം കഴിക്കുന്നത്, മഹേഷ് വരുമ്പോൾ രണ്ട് കുട്ടികൾക്കും ചോറ് വാരി കൊടുക്കും അവരുടെ സന്തോഷം നോക്കി ഐഷുവും ഇരിക്കും…
” എനിക്ക് ഒരിടത്ത് ജോലി റെഡിയായി, ശമ്പളം കുറവാണ്, അടുത്ത് തന്നെ ഒരു വാടക വീടും നോക്കി വച്ചിട്ടുണ്ട്, അടുത്ത ആഴ്ച്ച ജോലിക്ക് കയറണം എന്നാണ് പറഞ്ഞത്…”
ഒരു ദിവസം രാത്രി അത്താഴം കഴിക്കുമ്പോൾ ആണ് ഐഷു അത് പറഞ്ഞത്, മറുപടിയായി മഹേഷ് ഒന്ന് മൂളിയതെ ഉള്ളൂ. പിന്നെ രണ്ട് പിടി ചോറുകൂടി കഴിച്ച് അയാൾ എഴുന്നേറ്റ് കൈ കഴുകി.
അടുക്കള ഒതുക്കി ഐഷു മുറിയിലേക്ക് കടക്കുമ്പോൾ പതിവില്ലാതെ മുറ്റത്ത് നിൽക്കുന്ന മഹേഷിനെ അവൾ ശ്രദ്ധിച്ചു. മക്കളെ ഉറക്കി ഐഷു പുറത്തേക്ക് ഇറങ്ങുമ്പോഴും മഹേഷ് മുറ്റത്ത് തന്നെയുണ്ട്…
” എന്തുപറ്റി, വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു, എന്തേലും പ്രശ്നം ഉണ്ടോ…”ഉമ്മറത്തേക്ക് ചെന്നാണ് ഐഷു ചോദിച്ചത്…
” തനിക്ക് എപ്പോഴെങ്കിലും ജീവിതത്തിൽ ഇനിയൊരു കൂട്ട് വേണം എന്ന് തോന്നിയിട്ടുണ്ടോ….”
ഏറെ നേരത്തെ മൗനത്തിന് ശേഷമാണ് മഹേഷ് ചോദിച്ചത്…” ഇതുവരെ ഇല്ല….”അവൾ അപ്പോൾ തന്നെ മറുപടി പറഞ്ഞു….
” ഒരു കണക്കിന് നമ്മൾ ഒരേ വള്ളത്തിലെ യാത്രക്കാർ തന്നെയാണ്, ഒരാളുടെ കൂട്ട് മരണം കൊണ്ടുപോയി എങ്കിൽ ഒരാളുടേത് സുഖങ്ങൾ തേടി പോയി….”മഹേഷ് അത് പറയുമ്പോൾ ഐഷു ഒന്നും മിണ്ടിയിരുന്നില്ല….
” ഇത്രയും ദിവസം ജോലിക്ക് പോകാനും, വീട്ടിൽ വരാനും ഒരു ഉത്സാഹം ഉണ്ടായിരുന്നു, ആരൊക്കെയോ കാത്തിരിക്കുന്നത് പോലെ, താൻ പെട്ടെന്ന് പോകുന്നു എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം, പ്രീയപ്പെട്ടത് എന്തോ നഷ്ടപ്പെടുന്നത് പോലെ….
താൻ പോയി കഴിഞ്ഞാൽ ഭദ്രമോൾ കുറെ കരയുമായിരിക്കും, പക്ഷെ എനിക്ക് പുറത്തേയ്ക്ക് കണ്ണുനീർ ഒഴുക്കൻ പറ്റില്ലല്ലോ….”
അത് പറഞ്ഞ് മഹേഷ് കണ്ണുകൾ തുടയ്ക്കുന്നത് ഐഷു കണ്ടിരുന്നു. ഇതുവരെ മഹേഷിൽ നിന്ന് ഇങ്ങനെ ഒരു പെരുമാറ്റം ഉണ്ടായിട്ടില്ല, മറ്റൊരു രീതിയിൽ ഒരു നോട്ടം പോലും അയാളിൽ നിന്ന് ഉണ്ടായിട്ടില്ല, എന്നിട്ടും ഇപ്പോൾ എന്താ ഇങ്ങനെ എന്നവൾ ചിന്തിച്ചു….
” ജീവിതത്തിൽ തനിച്ച് ആകുമ്പോൾ, ഇനി എന്നെങ്കിലും ഒരു കൂട്ട് വേണമെന്ന് തോന്നുക ആണെങ്കിൽ, അവിടെ ജാതിയും, മതവും ഒന്നും ഒരു പ്രശ്നം അല്ലെങ്കിൽ,
ഇവിടേക്ക് തന്നെ വന്നേക്കണം, ഞാനും ഭദ്ര മോളും ഇവിടെ തന്നെ കാണും, ആമിക്ക് എന്നും ഞാൻ നല്ലൊരു അച്ഛനും ആയിരിക്കും ആ ഉറപ്പ് നൽകാം….”
അത് പറഞ്ഞ് മഹേഷ് മുറിയിലേക്ക് നടക്കുമ്പോൾ ഐഷു മഹേഷിന്റെ കയ്യിൽ പിടിച്ചു, മഹേഷ് സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് മഹേഷ് കണ്ടു….
” ഭദ്ര മോളേയും അവളുടെ അച്ഛനെയും തനിച്ചാക്കി ഞാൻ എങ്ങും പോകുന്നില്ല……”
അന്ന് ആദ്യമായി അവളുടെ ശബ്ദത്തിൽ നാണം കലർന്നിരുന്നു. നിലാവിന്റെ മങ്ങിയ വെളിച്ചത്തിൽ ഐഷുവിന്റെ മുഖം പ്രണയത്താൽ ചുവക്കുന്നത് മഹേഷ് കണ്ടിരുന്നു. അവന്റെ ചുണ്ടുകൾ ചുംബനം നൽകാനായി അവളുടെ നെറ്റിയിലേക്ക് അടുത്തു…
” ഞങ്ങളെ ഉറക്കി കിടത്തി ഉമ്മിയും, അച്ഛനും കൂടി ഉമ്മ വയ്ക്കുക ആണല്ലേ….”ഉമ്മറത്ത് ലൈറ്റ് തെളിയുന്നതിനൊപ്പം കുട്ടികളുടെ ഒരുമിച്ചുള്ള ശബ്ദവും
കൂടി ഉയർന്നതോടെ ഐഷുവും മഹേഷും പരസ്പ്പരം വിട്ട് മാറി നിന്നു.കട്ടികളുടെ വായും പൊത്തി പിടിച്ചാണ് ഐഷു അവരെയും കൊണ്ട് മുറിയിലേക്ക് നടന്നു,
മുറിയിൽ കയറും മുന്നേ ഐഷു തിരിഞ്ഞ് മഹേഷിനെ നോക്കി ഒരു ചിരിയോട് കൂടി അവരെയും നോക്കി മഹേഷ് അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു….